Friday, December 24, 2010

സാധ്യത നല്‍കുന്ന മൃതദേഹങ്ങള്‍ !

പാവപ്പെട്ടവന്റെ മൃതദേഹം ഒരു ബാധ്യതയാണ്. ഒരു കുടുംബത്തേയും,ബന്ധു ജനങ്ങളേയും, അടുത്ത സുഹൃത്തുക്കളേയും മാത്രം ബാധിക്കുന്നത്. മരണം അവിടെ ഒരു നഷ്ടമാണ്. സ്വന്തം വീടിന്റെ അടുക്കള പൊളിച്ചുമാറ്റി, അവിടെ മൃതദേഹം അടക്കം ചെയ്യാന്‍ നിര്‍ബന്ധിതരകുന്ന മനുഷ്യരുള്ള നാടാണ് കേരളം. മറ്റു സംസ്ഥാനങ്ങളില്‍ അതിലും ഗതികേട് ചില മനുഷ്യജന്മങ്ങള്‍ അനുഭവിക്കുന്നുണ്ടാകാം.

എന്നാല്‍, പ്രശസ്തരും  പ്രമുഖരും അധികാരത്തിനും മീഡിയക്കും പ്രിയങ്കരരുമായ ചിലരുടെ  മൃതദേഹങ്ങള്‍ നമുക്ക് ദേശവ്യാപകമായി ഉത്സവങ്ങളും ആഘോഷങ്ങളും സംഘടിപ്പിക്കാന്‍ യോഗ്യമായവിധം  സാധ്യതകള്‍ നല്‍കുന്ന വിപണന മൂല്യമുള്ള അമൂല്യവസ്തുക്കളാകുന്നത് എന്തുകൊണ്ടാണെന്ന് ചിത്രകാരന്‍ ആലോചിക്കുകയാണ്.
ചത്ത മനുഷ്യരോട് എന്തിനിത്ര സ്നേഹമെന്നും, ആദരവെന്നും ചോദിക്കരുത്. ജനങ്ങള്‍ എല്ലാ പരിപാടികളും നിര്‍ത്തിവച്ച് മീഡിയക്കു മുന്‍പില്‍ വാപൊളിച്ചിരിക്കുന്ന ശുഭമുഹൂര്‍ത്തങ്ങളാണ് പ്രമുഖരുടെ മരണ വാര്‍ത്തകളും, ശവഘോഷയാത്രകളും, ശവസംസ്ക്കാര വെടിയും. അതുകൊണ്ടുതന്നെ കച്ചവട സ്ഥാപനങ്ങളുടെ പരസ്യ പ്രക്ഷേപണത്തിനുള്ള അക്ഷയ തൃതീയകളാണ്  മീഡിയകള്‍ക്ക്  ഓരോ ശവഘോഷയാത്രയും സമ്മാനിക്കുന്നത്. ചുരുക്കത്തില്‍ കലണ്ടറില്‍ രേഖപ്പെടുത്താന്‍ കഴിയാത്ത ദേശീയ ഉത്സവങ്ങളാണ് രാഷ്ട്രീയ സാംസ്ക്കാരിക രാജാക്കന്മാരുടെ നാടുനീങ്ങല്‍.

ഒരു മനുഷ്യനെ അയാളുടെ മുഴുവന്‍ ജീവിതത്തിന്റെ സമഗ്രതയെയും മൃതരൂപത്തില്‍ ഏറ്റവും ആകര്‍ഷകമായി കാണാനും കാണിക്കാനും  സാധ്യതകള്‍ ഉണ്ടാകുന്നത് നമ്മുടെ അറിവില്ലായ്മയുടെ വ്യാപ്തി കാരണമാകുന്നില്ലേ ?
ചത്ത ഒരു സിംഹത്തെ നേരിട്ട് കാണുന്നത് ഏതൊരു ഭീരുവിനും ധീരത തോന്നുന്ന മുഹൂര്‍ത്തമാണ്.  അത്തരം ഭീരുത്വത്തിന്റെ ഒരു സമുദ്രത്തിലല്ലേ നാം ജീവിക്കുന്നത് ? അല്ലെങ്കില്‍, ശവത്തെ മറവു ചെയ്യേണ്ടത് മൃഗശാല ജീവനക്കാരുടെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണത്തിന്റെ ഭാഗമേ ആകുന്നുള്ളു. ജീവനുള്ളപ്പോള്‍ സിംഹം ഗര്‍ജ്ജിച്ചിരുന്നു, ഇരകളെ വേട്ടയാടി കൊന്നു തിന്നിരുന്നു. ആ പ്രവര്‍ത്തനം ഒരു ചരിത്രമാണ്. ആ പ്രവര്‍ത്തനം ഇല്ലാതാകുംബോള്‍ ചരിത്രം അറിവായി ഓര്‍മ്മകളില്‍ ജീവനോടെ സൂക്ഷിക്കാം എന്നിരിക്കെ, ആ ജീവ ചൈതന്യത്തേക്കാള്‍ നാം നിര്‍ജ്ജീവതയെ കൂടുതല്‍ കണ്ണിമവെട്ടാതെ കാണാനും, കാണിക്കാനും, ആദരിക്കാനും ശ്രമിക്കുന്നത് നമ്മുടെ സ്വാര്‍ത്ഥതയല്ലെങ്കില്‍ പിന്നെന്താണ് ?

തനിക്കു പ്രയോജനപ്പെടാത്ത ജീവനുള്ള ഒരു മനുഷ്യനെ  ആര്‍ക്കും വേണ്ട. എന്നാല്‍, നമ്മേ ദ്രോഹിക്കുകയും പീഢിപ്പിക്കുകയും ചെയ്യുന്നതിലൂടെയായാലും നമ്മേ സ്വാധീനിച്ച ഒരു വ്യക്തി മരണശേഷം ആദരണീയനാകും.
സത്യത്തില്‍ നമ്മള്‍ അയാളുടെ മരണമുഹൂര്‍ത്തത്തെയാണ് ആദരിക്കുന്നത്, ജീവിതത്തെയല്ല , ആശയങ്ങളേയുമല്ല !  ജീവനുള്ള മഹാത്മാഗാന്ധിയേയും, കൃസ്തുവിനേയും, ശബരിമല ശാസ്താവെന്ന നിരീശ്വരബുദ്ധനേയും നമുക്ക് സഹിക്കാനാകുമോ ? നാം കണ്ണടച്ച് ആരാധിക്കുന്നത് അവരുടെ ശവമുഹൂര്‍ത്തങ്ങളെയാണ്. ശവ മുഹൂത്തങ്ങളെ ആരാധിക്കുന്നവര്‍ അടിമകളാണ്... ഭീരുക്കളാണ്. ശവങ്ങളെ ആരാധ്യമായ വിഗ്രഹങ്ങാളാക്കുന്നവര്‍ രാജാധികാരമായാലും, മീഡിയയായാലും, അത് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ പൌരോഹിത്യ രൂപങ്ങളാണ്. ജനാധിപത്യ സമൂഹമല്ല, പുരോഗമനത്തിന്റേയോ ജനാധിപത്യത്തിന്റേയോ സ്വാതന്ത്ര്യത്തിന്റേയോ സമത്വബോധത്തിന്റേയോ വികാസ പ്രത്യയശാസ്ത്രമല്ല. അടിമത്വത്തിന്റെയും, മാടംബിത്വത്തിന്റേയും പൈതൃകത്തെ മഹത്വപ്പെടുത്തുന്ന പ്രതിലോമ പ്രയാണമാണ് അത്. അതുകൊണ്ടുതന്നെ, ഈ ശവഘോഷയാത്രകളുടെ അന്തമില്ലാത്ത ആവര്‍ത്തനങ്ങള്‍ക്കുമുന്നില്‍ ... ജനങ്ങളുടെ ഷണ്ഡമനസ്സിനെയോര്‍ത്ത് ചിത്രകാരന്റെ സഹതാപം രേഖപ്പെടുത്തുന്നു.

ജീവനുള്ള സ്വന്തം തന്ത തള്ളമാരെ തിരിഞ്ഞു നോക്കാത്തവരാ ആരാന്റെ ഏതോ പ്രമാണിയായ തന്ത ചത്തതു കാണാന്‍ ഈ തണുപ്പില്‍ ഉറക്കമൊഴിച്ച് മഞ്ഞുകൊള്ളുന്നത് !!!

11 comments:

chithrakaran:ചിത്രകാരന്‍ said...

സത്യത്തില്‍ നമ്മള്‍ അയാളുടെ മരണമുഹൂര്‍ത്തത്തെയാണ് ആദരിക്കുന്നത്, ജീവിതത്തെയല്ല , ആശയങ്ങളേയുമല്ല ! ജീവനുള്ള മഹാത്മാഗാന്ധിയേയും, കൃസ്തുവിനേയും, ശബരിമല ശാസ്താവെന്ന നിരീശ്വരബുദ്ധനേയും നമുക്ക് സഹിക്കാനാകുമോ ? നാം കണ്ണടച്ച് ആരാധിക്കുന്നത് അവരുടെ ശവമുഹൂര്‍ത്തങ്ങളെയാണ്. ശവ മുഹൂത്തങ്ങളെ ആരാധിക്കുന്നവര്‍ അടിമകളാണ്. ശവങ്ങളെ ആരാധ്യമായ വിഗ്രഹങ്ങാളാക്കുന്നവര്‍ രാജാധികാരമായാലും, മീഡിയയായാലും, അത് സ്വാര്‍ത്ഥ താല്‍പ്പര്യങ്ങളുടെ പൌരോഹിത്യ രൂപങ്ങളാണ്. പുരോഗമനത്തിന്റേയോ ജനാധിപത്യത്തിന്റേയോ സ്വാതന്ത്ര്യത്തിന്റേയോ സമത്വബോധത്തിന്റേയോ വികാസ പ്രത്യയശാസ്ത്രമല്ല. അടിമത്വത്തിന്റെ പൈതൃകത്തെ മഹത്വപ്പെടുത്തുന്ന പ്രതിലോമ പ്രയാണമാണ്. അതുകൊണ്ടുതന്നെ, ഈ ശവഘോഷയാത്രകളുടെ അന്തമില്ലാത്ത ആവര്‍ത്തനങ്ങള്‍ക്കുമുന്നില്‍ ... ജനങ്ങളുടെ ഷണ്ഡമനസ്സിനെയോര്‍ത്ത് ചിത്രകാരന്റെ സഹതാപം രേഖപ്പെടുത്തുന്നു.

shaji.k said...

:)-

കുഞ്ഞുവര്‍ക്കി said...

അങ്ങേരെ ദെഹിപ്പിച്ചിട്ടു പോരായിരുന്നോ ചിത്രകാരാ?

hafeez said...

എന്നാല്‍, നമ്മേ ദ്രോഹിക്കുകയും പീഢിപ്പിക്കുകയും ചെയ്യുന്നതിലൂടെയായാലും നമ്മേ സ്വാധീനിച്ച ഒരു വ്യക്തി മരണശേഷം ആദരണീയനാകും.

really correct

vasanthalathika said...

മരിച്ചുകഴിഞ്ഞ ഒരാള്‍ ,അയാള്‍ എത്ര വലിയവനായാലും ചെറിയവനായാലും ബഹുമാനിതനാണ്.നമ്മള്‍ നിരുപാധികപരിഗണന അപ്പോള്‍ കൊടുക്കും. ഒരുപക്ഷെ ജീവി്ച്ചിരിക്കുമ്പോള്‍ ഇല്ലാത്തവണ്ണം അയാളുടെ ഗുണഗണങ്ങള്‍ വാഴ്ത്തും.അത് ഒരു സംസ്കാരത്തിന്റെ ഭാഗമല്ലേ?[അവശേഷിക്കുന്ന ഒരു സംസ്കാരം എന്ന് പറയാം ]അയാളുടെ ഭൌതിക സംഭാവനകള്‍ അല്ല അപ്പോള്‍ കണക്കില്‍ എടുക്കുന്നത്.മരിച്ച ആള്‍ ദൈവത്തോടൊപ്പം ചേരുകയാണ് എന്ന പൊതു വിശ്വാസം ആണ് അതിനു പിന്നില്‍.ഇനി പറഞ്ഞിട്ട് കാര്യമെന്ത് എന്നും ആകാം.
ഇത് നമ്മുടെ നാട്ടിലും കണ്ടുവരുന്ന കാര്യമാണ്.എന്നെ സംബന്ധിച്ചു ചരി ത്രത്തിന്ടെ ഭാഗമായിക്കഴിഞ്ഞ ആള്‍ ശ്രദ്ധാപൂര്‍വമുള്ള അനന്തരനടപടികള്‍ അര്‍ഹിക്കുന്നു.അതില്‍ വലിയ നീതികേടു ഞാന്‍ കാണുന്നില്ല.
വലിയവരാകുംപോള്‍ മാദ്ധ്യമസാദ്ധ്യതകള്‍ കൂടുന്നു എന്നത് ശരിതന്നെ.
പക്ഷെ അവരെല്ലാം തന്നെ ഒരു ചരിത്രതിരുശേഷിപ്പിനെയാണ് ആദരിക്കുന്നത്.
[കെ.സി.നാരായണന്‍ ഒരിക്കല്‍ ശവസംസ്കാരങ്ങലുടെ സംസ്കാരത്തെ കുറിച്ചു ഭാഷാപോഷിണിയില്‍ എഴുതി.പുഷ്പാലംകൃ തവും സുഗന്ധപൂരിതവുമായ ഉപചാരഭംഗികലോടെ അന്ത്യയാത്രക്കൊരുക്കുന്ന കൃസ്ത്യന്‍ രീതിയെ അദ്ദേഹം ശ്ലാഘിച്ചു.അതില്ലാത്ത രീതിയെ കുറ്റപ്പെടുത്തുകയും ചെയ്തു.]
സാധ്യതകള്‍ ആണ് എവിടെയും ശൈലീഭേദങ്ങള്‍ ഉണ്ടാക്കുന്നത്.

Baiju Elikkattoor said...

"ജീവനുള്ള സ്വന്തം തന്ത തള്ളമാരെ തിരിഞ്ഞു നോക്കാത്തവരാ ആരാന്റെ ഏതോ പ്രമാണിയായ തന്ത ചത്തതു കാണാന്‍ ഈ തണുപ്പില്‍ ഉറക്കമൊഴിച്ച് മഞ്ഞുകൊള്ളുന്നത് !!!"

ഒരാള്‍ മരിച്ചാല്‍ അവശിഷ്ടം (ശവം), ആഘോഷങ്ങള്‍ ഒന്നും ഇല്ലാതെ എത്രയും വേഗം മറവു ചെയ്യുന്നതായിരിക്കും മരിച്ച വ്യക്തിയോട് കാട്ടാവുന്ന ആദരവ്. ഒരു ശവവും പേറി സംസ്ഥാനം മുഴുവന്‍ ഘോഷയാത്ര നടത്തുന്നത് ഒരു സംസ്കൃത സമൂഹത്തിനു ചേര്‍ന്നത്‌ അല്ല.

Ajith said...

വെറുതെ അസൂയപെട്ടിട്ടു കാര്യമില്ല
ഇതിനൊക്കെ യോഗം
വേണം

പാര്‍ത്ഥന്‍ said...

ശവത്തിന്റെ മാരത്തോൺ ഇത് കേരളത്തിൽ രണ്ടാം തവണയാണ്. ആദ്യം ഇതുണ്ടായപ്പോൾ ചിത്രകാരന്റെ സംസ്കാരം ത്രികോണത്തിൽ ഒളിച്ചിരിക്കുകയായിരുന്നോ ?

കാഡ് ഉപയോക്താവ് said...

"ജീവനുള്ള സ്വന്തം തന്ത തള്ളമാരെ തിരിഞ്ഞു നോക്കാത്തവരാ"
You Said it !

Unknown said...

good...

ശാന്ത കാവുമ്പായി said...

എന്റെ അമ്മമ്മ മരിച്ചത് രാത്രിയാണ്.ഞങ്ങൾ എത്തിയത് രാത്രി 9മണിക്ക് ശേഷമാണ്.അടുത്തുള്ള ബന്ധുക്കളും സമീപസ്ഥരായ നാട്ടുകാരും കഴിയുന്നത്ര വേഗത്തിൽ ശവം ദഹിപ്പിക്കാൻ പ്രേരിപ്പിച്ചു.അതുകൊണ്ട് പുലരുന്നതിനു മുമ്പു തന്നെ ദഹിപ്പിക്കേണ്ടി വന്നു.ദൂരെയുള്ള ബന്ധുക്കൾക്കും ചുറ്റുവട്ടത്തെ സ്ത്രീകൾക്കും അവസാനമായി അവരെ കാണാൻ പറ്റിയില്ല എന്ന സങ്കടം ബാക്കിയായി.അമ്മയുടെ അച്ഛൻ മരിച്ചപ്പോഴും ഇതേ അവസ്ഥ തന്നെയായിരുന്നു.അപ്പോഴൊക്കെ മരിച്ചവർക്കു വേണ്ടി ഒരു ദിവസം പോലും മാറ്റി വെക്കാൻ പറ്റാത്ത തിരക്ക് കണ്ട് അമ്പരന്നിട്ടുണ്ട്.പബ്ലിസിറ്റിക്ക് വേണ്ടിയുള്ള ദുഃഖാചരണമല്ല,ആത്മാർഥമായ ആദരം മരിച്ചവരോട് ആവശ്യമാണെന്നാണ് എന്റെ അഭിപ്രായം.അത് നമ്മുടെ സംസ്ക്കാരത്തിന്റെ ഭാഗമാകണം.