Sunday, April 17, 2011

അഭിമാനകരമായ ആശാന്‍ സ്മാരകം !

രണ്ടു ദിവസം മുന്‍പ്, അതായത്... ഈ ഏപ്രില്‍ 15 ന്, വിഷു ദിവസം രാവിലെ ഒന്‍പതുമണിക്ക് ചിത്രകാരന്‍ തിരുവനന്തപുരത്ത് ആറ്റിങ്ങലിനടുത്തുള്ള കുമാരനാശാന്റെ ജന്മഗൃഹവും ആശാന്‍ സ്മാരക നടത്തിപ്പും നേരില്‍ കാണുന്നതിനായി എഴുന്നള്ളിയ വിവരം ഇവിടെ രേഖപ്പെടുത്തികൊള്ളട്ടെ ! കുറേ വര്‍ഷമായി,വീണ്ടും കാണാന്‍ ആഗ്രഹിച്ചും, എന്നാല്‍ പല അസൌകര്യങ്ങളാല്‍ മാറ്റിവച്ചുകൊണ്ടുമിരുന്ന സന്ദര്‍ശനമായിരുന്നു സാക്ഷാത്ക്കരിക്കപ്പെട്ടത്. ചിത്രകാരനെ അതിശയിപ്പിക്കുന്ന രീതിയില്‍ തോന്നക്കല്‍ ആശാന്‍ സ്മാരകം മാറിയിരിക്കുന്നു. യൂണിഫോം ധാരിയായ വാച്ചുമാന്‍ കയ്യില്‍ ക്യാമറ കണ്ടതും 30 രൂപ ഫീസ് അടക്കേണ്ടി വരുമെന്ന് ഉപചാരപൂര്‍വ്വം സ്വകാര്യമായി വന്നു പറഞ്ഞു. സത്യത്തില്‍ സന്തോഷം തോന്നി ! ആശാന്‍ സ്മാരകത്തിനു നാഥനുണ്ട് !!! 18 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു എന്‍.ആര്‍.ഐ. ആയ ഗംഗാധരന്‍ എന്ന കുടുംബസുഹൃത്തിന്റെ സ്നേഹപൂര്‍ണ്ണമായ നിര്‍ബന്ധം സഹിക്കവയ്യാതെ, ചിത്രകാരന്‍ ആദ്യമായി ആശാന്‍ സ്മാരകത്തെക്കുറിച്ച് ഒരു ലേഖനമെഴുതുന്നതിനായി ഇവിടെ വന്നപ്പോള്‍ കണ്ടത് ഒരു മരുപ്പറമ്പായിരുന്നു.(1993 ഏപ്രില്‍ 11ന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ ചിത്രകാരന്‍ എഴുതിയ “കവിപൂജ ഇങ്ങനെയോ”എന്ന ലേഖനത്തിലേക്കുള്ള ലിങ്ക് ഇവിടെ: ആശാന് സ്മാരകം
) അതില്‍ നിന്നും വളരെ വളരെ ആശാന്‍സ്മാരകം മാറിയിരിക്കുന്നു. ഒരു മുക്കുറ്റിപൂ പോലും ഇല്ലാതിരുന്ന സ്ഥലത്ത് ആകര്‍ഷകമായ പച്ചപ്പാര്‍ന്ന ഉദ്ദ്യാനവും ഉദ്ദ്യാനത്തില്‍ വെയിലുകായുന്ന ശില്‍പ്പങ്ങളുമെല്ലാമായി മനസ്സിനു തണുപ്പുപകരുന്നു.
18 വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ആശാന്‍ സ്മാരകത്തെക്കുറിച്ചുള്ള ചിത്രകാരന്റെ തന്നെ വര്‍ണ്ണന താഴെക്കൊടുത്തിരിക്കുന്ന ചിത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇപ്പോഴത്തെ സ്മാരകത്തിന്റെ മാനേജുമെന്റിന്റെ മഹനീയത കൂടുതല്‍ വ്യക്തമായി മനസ്സിലാകും എന്നതിനാല്‍ അന്നത്തെ ലേഖനത്തില്‍ നിന്നുള്ള കുറച്ചു ഭാഗം താഴെ പകര്‍ത്തിവക്കാം.

“തോന്നക്കല്‍ ആശാന്‍ സ്മാരകത്തിനു മുന്നില്‍ ഒരു നിമിഷം നിന്നു.സ്മാരകം തുറന്നിട്ടില്ല.അടഞ്ഞ ഇരുമ്പുഗേറ്റ് അതിന്റെ പല്ലുപോയ മോണകാട്ടി ചിരിച്ചു. ഗേറ്റിന്റെ കമ്പിയിളകിപ്പോയ ദ്വാരത്തിലൂടെ അകത്തു കടന്നു. തരിശായി കിടക്കുന്ന ഭൂമിയില്‍ ആകര്‍ഷിക്കത്തക്കതായി ഒന്നുമില്ല. നടവഴിയോരത്ത് രണ്ടു മുക്കുറ്റി ചെടികളെങ്കിലും പുഷ്പ്പിച്ചു നിന്നിരുന്നെങ്കില്‍.... വരണ്ടുണാങ്ങിക്കിടക്കുന്ന പരിസരത്ത് കുറച്ച് തെങ്ങിന്‍ തൈകള്‍ മാത്രം ദാഹത്തോടെ ആകാശത്തേക്കു കൈ നീട്ടി നില്‍ക്കുന്നു. സ്മാരക വളപ്പില്‍ നെടുകേയുംകുറുകേയും കുറുക്കു വഴികള്‍.വിദ്യാരംഭദിനത്തില്‍ മാത്രം സജീവമാകാറുള്ള സ്മാരകമണ്ഡപത്തിന് ഒത്തനടുക്ക് ഒരു വൈദ്യുത ദീപം സൂര്യനെ നോക്കി ജ്വലിക്കുന്നു...”(1993ഏപ്രില്‍ 11ന് മഹാകവി കുമരനാശാന്റെ 120 ആം ജന്മവാര്‍ഷിക ആഘോഷം പ്രമാണിച്ച് ചിത്രകാരന്‍ മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തില്‍ നിന്നും ഉദ്ദരിച്ചത്)

എന്നാല്‍, ഇന്ന് ആശാന്‍ സ്മാരകം പ്രവേശന കവാടം മുതല്‍ അതീവ ശ്രദ്ധയോടെ ഡിസൈന്‍ ചെയ്യപ്പെട്ട അന്തസ്സാര്‍ന്ന ശില്‍പ്പഭംഗിയാര്‍ന്ന സ്മാരകമാണ്. പ്രാദേശിക ജനത്തിന്റെയും സര്‍ക്കാരിന്റെയും സജീവ സാന്നിദ്ധ്യം ബോധ്യപ്പെടുത്തുന്നതാണ് സ്മാരകം ജീവനക്കാരുടെ ശുഷ്ക്കാന്തി. ഉദ്ദ്യാനം ധാരാളം ശില്‍പ്പങ്ങളും, മരത്തണലും, ഇരിപ്പിടങ്ങളും, ഇഷ്ടിക പാകിയ നടപ്പാതകളുമെല്ലാമായി മനോഹരമാക്കിയിരിക്കുന്നു. കെട്ടിടങ്ങളെല്ലാം പുതുമോടിയില്‍ അണീഞ്ഞൊരുങ്ങി നമ്മേ സ്വാഗതം ചെയ്യുന്നു. ആശാന്റെ കയ്യെഴുത്തു പ്രതികളും, ചരിത്ര സ്മാരകങ്ങളുമെല്ലാം ഉള്‍ക്കൊള്ളിച്ചു കൊണ്ടുള്ള മ്യൂസിയം അതീവ ചാരുതയോടെ സജ്ജീകരിച്ചിരിക്കുന്നു.കുമാരനാശാന്റെ കവിതകളിലെ നാടകീയ സന്ദര്‍ഭങ്ങള്‍ വിവിധ മ്യൂറല്‍ ചിത്രകാരന്മാര്‍ കേരള തനിമയോടെ വരച്ചു ചേര്‍ത്തിരിക്കുന്ന ഒരു ഹാള്‍ തന്നെ പുതുതായി പണിതിരിക്കുന്നു. കൂടാതെ പ്രദേശവാസികളായ കൊച്ചുകുട്ടികള്‍ക്ക് വ്യക്തിത്വവികസന ക്ലാസ്സുകള്‍(നൃത്തം,പാട്ട്,പ്രസംഗം...) നടത്താനായി ഒരു ക്ലാസ് റൂം സജ്ജീകരിച്ചിരിക്കുന്നു. വരാന്തകളില്‍ കുട്ടികള്‍ ഓടിക്കളിക്കുന്നു. ആശാന്‍ ജനിച്ചു ജീവിതകാലം മുഴുവന്‍ ജീവിച്ച വീട് തരിമ്പും കേടുകൂടാതെ സൂക്ഷിച്ചിരിക്കുന്നു. അടുത്തുതന്നെ ആശാന്റെ എഴുത്തു പുരയില്‍ ആശാന്റെ ബഹുവര്‍ണ്ണ ചിത്രവും,വിഷുക്കണിയും ഒരുക്കി വച്ചിരിക്കുന്നു. മൊത്തം ഒരു ജീവ ചൈതന്യം ആശാന്‍ സ്മാരകത്തിനു കൈവന്നിരിക്കുന്നു.

സ്മാരകത്തിന്റെ ഇപ്പോഴത്തെ അഭിമാനകരമായ അവസ്ഥക്കു കാരണക്കാരായ മാനേജുമെന്റിനെക്കുറിച്ചോ, നടത്തിപ്പുകാരെക്കുറിച്ചോ,സര്‍ക്കാര്‍/തദ്ദേശ ഭരണാധികാരികള്‍,നാട്ടുകാര്‍ എന്നിവയെക്കുറിച്ചോ അന്വേഷിച്ചറിയാന്‍ കഴിഞ്ഞില്ല. എന്തായാലും ഈ നവ ചൈതന്യത്തിനു കാരണക്കാരായ ഏവരേയും ചിത്രകാരന്‍ അഭിനന്ദിക്കട്ടെ. 2011 ഏപ്രില്‍ 15ന്‍ എടുത്ത കുറച്ചു ചിത്രങ്ങള്‍ താഴെക്കൊടുക്കുന്നു. 1993ല്‍ ചിത്രകാരന്‍ എഴുതിയ മാതൃഭൂമി ലേഖനവും ഏറ്റവും താഴെ സ്കാന്‍ ചെയ്തു ചേര്‍ത്തിട്ടുണ്ട്.
തോന്നക്കല്‍ ആശാന്‍ സ്മാരകത്തിന്റെ പ്രവേശന കവാടം കൊല്ലം-തിരുവനന്തപുരം ഹൈവേയില്‍ നിന്നും ഇങ്ങനെ നോക്കുമ്പോള്‍ വാഹനം ഇടിച്ചു വീഴ്ത്താതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്
സ്മാരകത്തിനകത്തു പ്രവേശിക്കുമ്പോഴേ കാനായിയുടെ മാദക സ്ത്രീശില്‍പ്പം വെയിലുകാണ്‍ജുകിടക്കുന്നത് കാണാം.
അതു മാംസമല്ല, കോണ്‍ക്രീറ്റാണെന്ന് മറക്കാതിരിക്കാന്‍ ശ്രദ്ധിക്കണം.
നിഷേധിക്കപ്പെട്ട ആത്മാഭിമാനത്തിന്റെ അഭിവഞ്ചകളെ ചരിത്രത്തിന്റെ മതിലില്‍ നിന്നും വായിച്ചെടുക്കാന്‍ ഈ ശില്‍പ്പം നിങ്ങാളോട് ആവശ്യപ്പെടുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്കെന്തോ മനസ്സിലാകുന്നുണ്ട് !! ശില്‍പ്പി കാനായി കുഞ്ഞിരാമന്‍ തന്നെ ആയിരിക്കുന്മെന്ന് ഊഹിക്കട്ടെ :)
കാനായിയോട് ചോദിച്ചതിനു ശേഷം ഉറപ്പിച്ചു പറയാം.
ഇതു കാനായിയുടേതുതന്നെ !! വേളിയിലെ ശില്‍പ്പങ്ങളുടെ ഒരു തുടര്‍ച്ച സ്പഷ്ടമായി കാണാനാകുന്നുണ്ട്. കാലമായാലും, സംസ്ക്കാരമായാലും, ജീവിതമായാലും അത് പ്രതിനിധീകരിക്കാന്‍ സ്ത്രീരൂപം തന്നെയാണ് ഉചിതം !
ശില്‍പ്പം ചുറ്റി നടന്നു കാണേണ്ടതായ ആനന്ദാനുഭൂതിയാണ്. അദ്ദ്വാനവും,മറക്കുടയും, ചരിഞ്ഞ കിണ്ടിയുമെല്ലാം വ്യവസ്ഥതിയുടെ പരിണാമ ഘട്ടത്തില്‍ സ്വയം സ്ഥാനപ്പെടുത്താന്‍ മുന്നോട്ടു വന്നിരിക്കുന്നു.
ശില്‍പ്പത്തിന്റെ പിന്നില്‍ നിന്നൊരു ദൃശ്യം
ഇത്രയും മനോഹരമായ സ്ഥലത്ത് തുറന്ന നീരാട്ടു നടത്താന്‍ ഏതൊരു തുറന്ന മനസ്സും കൊതിച്ചുപോകും. ആ‍ഗ്രഹങ്ങളെ കോണ്‍ക്രീറ്റില്‍ വിരിയിച്ചെടുക്കുന്ന ശില്‍പ്പിയുടെ മനസ്സിന്റെ അകത്തളത്തിലായാണ് നമ്മളീ ശില്‍പ്പം കാണേണ്ടത്.
സാംസ്ക്കാരികതയുടെ അതിലോലമായ മര്‍മ്മരങ്ങള്‍ക്ക് കാതോര്‍ത്തുകൊണ്ടും, ഹൃദയം തുറന്നുവച്ചുകൊണ്ടും ആശാന്‍ സ്മാരകത്തിലെത്തുന്ന മനുഷ്യരെ വിശ്രമിച്ചു ധ്യാനം തുടരാന്‍ സ്വാഗതം ചെയ്യുന്ന പ്ലാവിന്‍ ചോട്ടിലെ ഇരിപ്പിടങ്ങള്‍.
18 വര്‍ഷം മുന്‍പ് പൊളിഞ്ഞുവീഴാന്‍ പാകത്തിലായിരുന്ന ആശാന്‍ സ്മാരക മണ്ഡപം ഇപ്പോള്‍ പുതുമോടിയോടെ സൌന്ദര്യാരാധകരെ സ്വാഗതംചെയ്യുന്നു !
സ്മാരക മണ്ഡപത്തില്‍ കുമാരനാശാന്റെ പുസ്തകങ്ങളെല്ലാം ലഭിക്കുന്ന പുസ്തക വില്‍പ്പനശാല.
അഭിമാനിക്കാനും, പഠിക്കാനും, ചരിത്രപുരുഷനെ ഓര്‍മ്മിക്കാനും മാത്രമല്ല, കല്ല്യാണ ആല്‍ബങ്ങള്‍
ഷൂട്ട് ചെയ്യാനും ഉതകുന്ന നല്ലൊരു ലൊക്കേഷനായി ഉപയോഗിക്കാം :)
തണലിന്റെ കുടചൂടി നില്‍ക്കുന്ന മനോഹരമായ പുല്‍പ്പരപ്പ്
ആശന്‍ സ്മാരകത്തിലെ കയ്യെഴുത്തു പ്രതികള്‍ സൂക്ഷിച്ചിരിക്കുന്ന മ്യൂസിയം.
തറ തിളങ്ങുന്നു... വിട്രിഫൈഡ് റ്റെയിത്സാണ്.
മഹാകവിയെ ആധരിക്കാന്‍ ലുബ്ധുകാണിച്ചെന്ന് ആരും പറയില്ല. 
മനോഹരമായ മ്യൂസിയം !
മ്യൂസിയത്തില്‍ കണ്ണൂരില്‍ നിന്നുമുള്ള അശോകേട്ടന്‍.
ചിത്രകാരനു കൂട്ടുവന്നതാണ്.
മ്യൂസിയത്തിനകത്ത് മഹാകവി കുമാരനാശാന്റെ ഫോട്ടോ ഉണ്ടായിരിക്കണമല്ലോ.
ആശാന്റെ കൃതികളുടെ കയ്യെഴുത്തു പ്രതികള്‍ നിരനിരയായി ചില്ലുകൂട്ടില്‍ ഭംഗിയോടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു.
ആശാന്റെ സ്വര്‍ണ്ണ വള, മെഡല്‍...
ആശാന്റെ എഴുത്തുപുരയും, വീടും, കിണറും. ചരിത്ര പ്രാധാന്യം കണക്കിലെടുത്ത് , രൂപമാറ്റം വരാതെ സത്യസന്ധതയോടെ നിലനിര്‍ത്തിപ്പോരുന്നു. വലിയ കച്ചവടക്കാരനും, വ്യവസായിയുമൊക്കെയായിട്ടും കുമാരനാശാന്‍ എന്തുകൊണ്ട് ഈ ചെറിയ കുടില്‍ അതേപടി നിലനിര്‍ത്തി എന്നത് ചിന്തനീയമാണ്.(ഇടിച്ചു പൊളിച്ച് ഒരു നാലുകെട്ടു പണിയുന്നതാണ് പൊങ്ങച്ച സംസ്ക്കാരത്തിന്റെ നാട്ടുനടപ്പ് :)
വിഷുവായതിനാല്‍ ആശാന്റെ എഴുത്തുപുരയില്‍ വിഷുക്കണി ഒരുക്കിയിരിക്കുന്നു.
ആശാന്‍ സ്മാരകത്തിലെ ചെറിയ കുട്ടികള്‍ക്ക് വേണ്ടിയുള്ള ക്ലാസ് റൂം
കഥാസന്ദര്‍ഭങ്ങളെ ചുവര്‍ചിത്രമായി ആലേഖനം ചെയ്ത് സ്മാരകം ആകര്‍ഷകമാക്കിയിരിക്കുന്നു. സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്ക് വിഭവസ‌മൃദ്ധമായ സദ്യയൊരുക്കുന്ന ചുവര്‍ ചിത്രങ്ങള്‍
ചിത്രങ്ങളില്‍ തൊടാതിരിക്കാന്‍ സ്റ്റീലുകൊണ്ട് റയിലിങ്ങുകളുണ്ട്
കവിത വായിച്ചവര്‍ക്കറിയുമായിരിക്കും ! എല്ലാവരും ചിത്രകാരനെപ്പോലെ അരസികനാകണമെന്നില്ലല്ലോ :)
സമാധാനം... ബുദ്ധനുണ്ട്
ചണ്ഡാല ഭിക്ഷുകി !!!


18 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആശാന്‍ സ്മാരകം ജീര്‍ണ്ണിച്ചു കിടക്കുന്നതിനെക്കുറിച്ച് ചിത്രകാരന്‍ മാതൃഭൂമി സണ്ഡേ സപ്ലിമെന്റില്‍ എഴുതിയ ലേഖനത്തിന്റെ സ്കാന്‍ ചെയ്ത കോപ്പി. ഇമേജില്‍ ക്ലിക്ക് ചെയ്താല്‍ വായിക്കാവുന്ന വലിപ്പത്തില്‍ തുറന്നുവരും.

12 comments:

chithrakaran:ചിത്രകാരന്‍ said...

മരുഭൂമി പോലെ കിടന്നിരുന്ന തോന്നക്കല്‍ ആശാന്‍ സ്മാരകത്തിനു ഇത്രയും മനോഹര രൂപം പ്രാപിക്കാനാകുമെങ്കില്‍ .... ഇന്ന് ഒണങ്ങി തൊലിഞ്ഞ് സാംസ്ക്കാരിക കേരളത്തിന്റെ മുഖവൈകൃതമായി നിലകൊള്ളുന്ന തിരൂര്‍ തുഞ്ചന്‍ പറമ്പിനും രക്ഷപ്പെടാനായേക്കും. മന്തുപിടിച്ച അവിടത്തെ കോണ്‍ക്രീറ്റ് തത്തയേയും പത്തായം പോലുള്ള ഓലക്കെട്ടിനേയുമെല്ലാം തല്ലിപ്പൊളിച്ച് സത്യസന്ധതയാന്ന ചരിത്രബോധത്തോടെ സ്മാരകം പുനര്‍നിര്‍മ്മിക്കാന്‍ സര്‍ക്കാരും ജനങ്ങളും മുന്നോട്ടു വരട്ടെ എന്നാശംസിക്കുന്നു.

Dious said...

Thanks for the Leading Light.how can I deny myself a visit.

shaji.k said...

താങ്ക്സ് , ചിത്രങ്ങള്‍ക്കും കുറിപ്പിനും.

Vinayaraj V R said...

Kindly upload this pictures to Wikimedia commons. Let the world see them.

http://goo.gl/P108c

Muralee Mukundan , ബിലാത്തിപട്ടണം said...

ഇപ്പോഴത്തെ ആശാന്റെ സ്മാരകം പോലെ തന്നെ സുന്ദമായ ഒരു ലേഖനം കേട്ടൊ ചിത്രകാര

സുജനിക said...

ചിത്രങ്ങളും കുറിപ്പും നന്നായി. ഉടന്തന്നെ അവിടംവരെയൊന്നു പോകാൻ തീരുമാനിച്ചു. നന്ദി.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഒറ്റങ്ങങ്ങ് പൊയ്ക്കോണം. മ്മളെയൊന്നും വിളിക്കരുത് :(

നല്ല സചിത്രവിവരണം മാഷേ

nandakumar said...

വെരിഗുഡ്.
പഴയതും പുതിയതുമായ ലേഖനങ്ങള്‍ വായിച്ചു. വിവരണവും ഫോട്ടോസും രസകരം. കൌതുകകരം.

(പ്രവി പറഞ്ഞതുപോലെ, ഇമ്മളെയൊക്കെ വിളിച്ചലെന്താ!?) ;)

jaikishan said...

ചിത്രകാരനോട് പിണക്കം ..ആ ലേഖനം മാതൃഭൂമിക്ക് അയച്ചു കൊടുത്തതിനു .കേരളകൌമുദിക്കല്ലേ അയക്കെണ്ടിയിരുന്നത്

The Editors Catalogue said...

വളരെ നന്നായി ചിത്രകാരന്‍..
നമ്മുടെ നാട്ടില്‍ ഇത് പോലെയുള്ള സാംസ്കാരിക കേന്ദ്രങ്ങള്‍ വരും തലമുറകള്‍ക്ക് ഒരു മുതല്‍ക്കൂട്ടാവട്ടെ ...

ഒരു യാത്രികന്‍ said...

അതീവ സുന്ദരം. ഒരു പാട് കാലം അവഗനിക്കപ്പെട്ടെങ്കിലും ഇപ്പോഴത്തെ നില അഭിനന്ദനീയം. ആ മഹനീയ സ്മാരകത്തില്‍ ശില്പകലയ്കും ചിത്രകലയ്കും കൊടുത്ത പ്രാധാന്യം കാണുമ്പോള്‍ കൂടുതല്‍ സന്തോഷം തോന്നുന്നു.......സസ്നേഹം

mirshad said...

http://commons.wikimedia.org/wiki/File:Mahakavi_kumaran_ashan_memorial_thonnakkal_front_entrance.jpg

http://commons.wikimedia.org/wiki/File:Mahakavi_kumaran_ashan_memorial_thonnakkal-sculpture_by_kanayi_kunjiraman.jpg

http://commons.wikimedia.org/wiki/File:Mahakavi_kumaran_ashan_memorial_thonnakkal_ashan%27s_house.jpg

http://commons.wikimedia.org/wiki/File:Mahakavi_kumaran_ashan_memorial_thonnakkal.jpg

http://commons.wikimedia.org/wiki/File:Mahakavi_kumaran_ashan_memorial_thonnakkal_inside.jpg

some pics i uploaded september