Saturday, May 21, 2011

യേശുദാസന്‍ പാണനാണ് !


യേശുദാസ് പാണനാണ്, ചെംബൈ വൈദ്യനാഥ ഭാഗവതര്‍ പാണനാണ്, ആ റേഞ്ചില്‍ വരുന്നതല്ലെങ്കിലും, പാട്ടു പാടുന്നതിനാല്‍ ഞാനും പാണനാണ് എന്ന് വിനയത്തോടെ മനസ്സില്‍ തട്ടി പറയാന്‍ കഴിയുന്ന സത്യസന്ധത അപൂര്‍വ്വങ്ങളില്‍ അപൂര്‍വമായിമാത്രം സിദ്ധിക്കുന്ന മഹനീയ ബോധമാണ്. കലാ-സാംസ്ക്കാരിക വിഷയങ്ങളില്‍ ഹരിഗോവിന്ദന് മഹത്വപൂര്‍ണ്ണമായ കാഴ്ച്ചശക്തിയുണ്ടെന്ന് മുകളില്‍ കൊടുത്ത വീഡിയൊ സാക്ഷ്യപ്പെടുത്തുന്നു.

ജീവിതത്തിന്റെ അതിസമ്മര്‍ദ്ദത്തില്‍ മാത്രം രൂപപ്പെടുന്ന വജ്രതുല്യമായ മാനവികവീക്ഷണമാണത്. കഠിനമായ കഷ്ടപ്പാടിലും സ്വന്തം മനസ്സിനെ ധനാത്മകമായി പിടിച്ചുനിര്‍ത്താന്‍ കഴിയുന്ന വ്യക്തികള്‍ക്കു മാത്രം അവകാശപ്പെട്ടതാണ് സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെ സത്യസന്ധമായി തിരിച്ചറിയാനുള്ള ഉള്‍ക്കാഴ്ച്ച. ആ ഉള്‍ക്കാഴ്ച്ചയെ ഒരു മൂന്നാം കണ്ണായിത്തന്നെ കാണണം. ചിത്രകാരന്‍ കുട്ടിക്കഥകള്‍ പോലുള്ള ഹൈന്ദവ കല്‍പ്പനകളെ ന്യായീകരിക്കുകയല്ല, സമൂഹത്തിന്റെ ഉപരിതലങ്ങളേയും ജാതി-മതപരമായ പുറം തോടുകളേയും സംബത്തികമായ കോട്ടകൊത്തളങ്ങളേയും ഭേദിച്ച് സമൂഹത്തിന്റെ ആകത്തുകയായ സമഗ്രജീവിതത്തെ അറിയാനും പറയാനും കഴിയുന്ന അസാധാരണ കാഴ്ച്ചശക്തിയെ സാധാരണ ജനങ്ങള്‍ക്കു മനസ്സിലാകുന്ന ഭാഷയില്‍ പരിഭാഷപ്പെടുത്തിയെങ്കിലും മനസ്സിലക്കിക്കാന്‍ കഴിയുമോ എന്ന ശ്രമത്തിന്റെ ഭാഗമായി മാത്രമാണ് ഈ പ്രയോഗം നടത്തുന്നത് :)

ഹരിഗോവിന്ദന്റെ ഭാഷനോക്കു !!! ഹരിഗോവിന്ദന്റെ ഓരോ വാക്കും, പ്രയോഗങ്ങളും സ്ഫടികം പോലെ സുതാര്യവും,ശാസ്ത്രീയവും,ചരിത്രബോധമുള്ളതും, നിഷ്ക്കളങ്കവും, ലക്ഷ്യങ്ങളില്‍ ആഞ്ഞു തറക്കുന്നതുമാണ്. കോല്‍ക്കളിയും നാടന്‍ കലകളും കേരള കലാമണ്ഢലത്തില്‍ കഥകളി പഠിപ്പിക്കുന്ന തൊട്ടടുത്ത ക്ലാസ്സില്‍ തന്നെ പഠിപ്പിക്കേണ്ടതാണെന്നു പറയ്യുന്ന ലാളിത്യത്തോടെയുള്ള ആര്‍ജ്ജവം ഹരിഗോവിന്ദനെ ഒരു പാട്ടുകാരന്‍, ഇടക്കാവാദകന്‍,കുചേലനായിരുന്ന ഞരളത്തു രാമ പൊതുവാളിന്റെ മഹാനായ സന്തതി എന്നതിലെല്ലാം ഉപരി ഒരു ദാര്‍ശനിക പ്രതിഭയാക്കുന്നുണ്ട്.

കഥകളിയും കോല്‍ക്കളിയും അടുത്തടുത്ത കളരികളില്‍ സംഭവിക്കാതത് എന്താണെന്ന് .....ചാത്തന്റെം പോത്തന്റെ കല എന്ന നിലയില്‍ നാടന്‍ കലകള്‍ ....വേര്‍പ്പെടുത്തി മണ്ണാന്റെ കലയായി കണ്ണൂരില്‍ ഫോക്ക്‍ലോര്‍ അക്കാദമിയായി കൊണ്ടിടുകയും... മാപ്ലാരുടെ കലയാക്കി കോല്‍ക്കളിയേയും  മാര്‍ഗ്ഗംകളിയേയും  കൊണ്ടോട്ടി കൊണ്ടിട്ടു... മാപ്ലാര്‍ക്കും കിട്ട്യേലോ ഒരക്കാഡമിന്ന് അവരും സന്തോഷിച്ചു... !!!
സത്യത്തില്‍ പഠിക്കപ്പെടേണ്ടതാണ് ഹരിഗോവിന്ദന്റെ മനസ്സില്‍ നിന്നും പുറത്തുവരുന്ന സത്യത്തിന്റെ കനല്‍ക്കട്ടകള്‍ !

മാനവികമായ സാംസ്ക്കാരിക തലത്തിലേക്ക് ഉയരണമെന്ന് ആഗ്രഹിക്കുന്നവര്‍ വിസ്തരിച്ച് പഠിക്കേണ്ടതാണ് മുകളില്‍ കൊടുത്ത വീഡിയോയിലെ ഹരിഗോവിന്ദന്റെ വാക്കുകളും,നിര്‍മ്മലതയും. ലാല്‍ ജോസ് അഭിമുഖം ചെയ്യുന്നതായുള്ള ഈ വീഡിയോക്ക് നന്ദി പറയേണ്ടിയിരിക്കുന്നു. ഏഷ്യാനെറ്റ് പ്ലസില്‍ 2008 ല്‍ പ്രക്ഷേപണം ചെയ്ത പരിപാടിയുടെ മൂന്നാം ഭാഗമാണ് മുകളില്‍ കൊടുത്ത വീഡിയോ. ഇതിന്റെ ഒന്നും രണ്ടും ഭാഗങ്ങളുടെ വീഡിയോ ലിങ്ക് കൈവശമുള്ളവര്‍ അത് ചിത്രകാരനും ബൂലോകത്തിനുമായി നല്‍കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കാരണം ഇയാള്‍ സാധാരണക്കാരനല്ല.ഇയാളെ നമ്മുടെ സമൂഹത്തിനു മൊത്തത്തില്‍ അവകാശപ്പെട്ടതാണ്.

ഈ വീഡിയോ ചിത്രകാരനു ലഭിച്ചത് ദേവദാസ് വി.എം.എന്ന ബ്ലൊഗറുടെ ബസ്സ് പോസ്റ്റില്‍ നിന്നുമാണ്. ജാതി-മത നിരപേക്ഷമായ മാനവിക തലത്തില്‍ ചിന്തിക്കാന്‍ ശേഷിയുള്ള അപൂര്‍വ്വം ബ്ലോഗര്‍മാരിലൊരാളായ ദേവദാസിനോട് ചിത്രകാരന്‍ നന്ദി പറയുന്നു - ചിത്രകാരന്‍ സമയക്കുറവുകൊണ്ട് അവഗണിച്ചു കളഞ്ഞിരുന്ന സ്വന്തം നാട്ടുകാരന്‍ കൂടിയായ (പെരിന്തല്‍മണ്ണ വിട്ടിട്ട് 25 കൊല്ലമായി ! ) ഞരളത്ത് ഹരിഗോവിന്ദന്റെ ഈ വീഡിയോ ലിങ്ക് ശ്രദ്ധയില്‍പ്പെടുത്തിയതിന്.
ദേവദാസിന്റെ ബസ്സ് പോസ്റ്റിലേക്കുള്ള ലിങ്ക്.
....................................................
ചിത്രകാരന്റെ അഭ്യര്‍ത്ഥന മാനിച്ച് ബ്ലോഗര്‍ ആവനാഴി(സൌത്താഫ്രിക്ക) ഹരിഗോവിന്ദനുമായുള്ള ലാല്‍ ജോസിന്റെ അഭിമുഖങ്ങളുടെ ലിങ്കുകള്‍ നല്‍കിയിരിക്കുന്നു :
....................................................
....................................................
....................................................

15 comments:

charvakan said...

പൊതുവാളിന്,ശൂദ്രയോനിയിൽ പിറന്ന മകനായതിനാൽ,ജാതിയുടെ വിഷയം തിരിച്ചറിയുന്നു.എന്നാൽ യേശുദാസും ചെമ്പേയുമൊക്കെ പാണന്മാരണന്ന വിലയിരുത്തൽ അപകടം തന്നെയാണ്.കൂടുതൽ വിപുലമാവേണ്ടവിഷയം.

മുകിൽ said...

നന്ദി ചിത്രകാരൻ.

ഷമീര്‍ തളിക്കുളം said...

വായിച്ചു.

സുശീല്‍ കുമാര്‍ പി പി said...

ഹരിഗോവിന്ദന്റെ ഈ അഭിമുഖം പങ്കുവെച്ച ചിത്രകാരന്‌ ഒരായിരം നന്ദി. തനിക്കുള്ളിലെ മാനവിക ബോധവും ഉള്‍ക്കാഴ്ചയുമാണ്‌ ഹരിഗൊവിന്ദന്റെ ഒരോ വാക്കിലും നിറഞ്ഞു നില്‍ക്കുന്നത്.

അദ്ദേഹത്തിന്റെ കൂടുതല്‍ പരിപാടികളൊന്നും നേരിട്ട് കേള്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ ഒരു മൂന്ന്-നാലു വര്‍ഷം മുമ്പ് കേട്ട ഒരു പരിപാടി ഇന്നും മനസ്സില്‍ നിന്ന് മായാതെ നില്‍ക്കുന്നു. 'മണ്ണുമാന്തുന്ന യന്ത്രത്തോട്' എന്ന അന്ന് അദ്ദേഹം പാടിയ ഗൃഹാതുരമായ ആ പാട്ട് ഒരിക്കലും മറക്കില്ല.

വായനക്കാരന്‍ said...

മഹനീയം ഈ പോസ്്റ്റ്...
എല്ലാവിധ ഭാവുകങ്ങളുമര്‍പ്പിക്കുന്നു....!!!

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

കലയില്‍ എന്തിനാ ജാതിയും മതവും?

പാര്‍ത്ഥന്‍ said...

‘തന്തക്ക് പെറന്ന’ ഒരുത്തന്റെ അഭിമുഖം കാണാൻ കഴിഞ്ഞതിൽ സന്തോഷം. മറ്റു പലരുടെയും കൂട്ടത്തിൽ ഹരിഗോവിന്ദനെയും ഷാർജയിലെ ‘കൂട്ടം’ ആദരിച്ചപ്പോൾ, അവിടെയെത്തുമ്പോഴേക്കും അദ്ദേഹത്തിന്റെ ഭാഗം അവസാനിച്ചിരുന്നു. എങ്കിലും അതിനുശേഷം അദ്ദേഹവുമായി കുറച്ചുനേരം സൌഹൃദസംഭാഷണത്തിലേർപ്പെടാനുള്ള അവസരം ഉണ്ടായതിൽ വളരെയധികം സന്തോഷം തോന്നുന്നുണ്ട്. വിഷുവിന്റന്ന് ചർച്ചിൽ കൊണ്ടുപോയി സോപാനം പാടിച്ചു എന്ന് അത് കഴിഞ്ഞതിനുശേഷമാണ് വിത്സൻ പറഞ്ഞത്. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ അതിനു സാക്ഷിയാകാമായിരുന്നു.
അച്ചൻ മരിച്ചപ്പോൾ ആരുടെയും ‘റീത്ത്’ വെയ്ക്കുന്ന ചടങ്ങ് വേണ്ടെന്നു പറഞ്ഞതായിരിക്കാം, സാംസ്കാരിക-സാമൂഹിക-രാഷ്ട്രീയ നേതാക്കളുടെ സഹകരണം അദ്ദേഹത്തിന് ഇപ്പോൾ ഇല്ലാതിരിക്കാനുള്ള കാരണം എന്നു തോന്നുന്നു.

പാര്‍ത്ഥന്‍ said...

ചാർവാകന്റെ സംശയത്തിന് എന്റെ ഒരു അഭിപ്രായം:

ഞങ്ങളുടെ നാട്ടിൽ കർക്കടത്തിൽ ‘പൊട്ടിയെ’ കളയാ‍നും, ഓണത്തിന് തുയിലുണർത്താനും ‘പാണൻ’ വരാറുണ്ട്. ആ പാണന്റെ ‘ഉടുക്ക്’ അടുത്ത തലമുറ ഏറ്റെടുക്കാനില്ലാതെ ഭഗവാനു തന്നെ തിരിച്ചേല്പിച്ചു.

പാണനാരുടെ കഥ ഇങ്ങനെയാണ്. പ്രപഞ്ചത്തിൽ എന്തോ അത്യാഹിതം വന്നപ്പോൾ, വിഷ്ണുഭഗവാൻ നല്ല ഉറക്കമായിരുന്നു. വിഷ്ണുവിനെ പാട്ടുപാടിയുണർത്താനായി ബ്രഹ്മാവുതന്നെ പാണനെ വിളിക്കുകയായിരുന്നു. അന്ന് ചെമ്പൈയും യേശുദാസും ഇല്ലാത്തതിനാലാണോ ബ്രഹ്മാവ് പാണനെത്തന്നെ വിളിച്ചത്? എന്തായാലും പ്രപഞ്ചത്തിന്റെ പാട്ടുകാരനായി പാണനെത്തന്നെയാണ് നിശ്ചയിച്ചിട്ടുള്ളത്. അത് ജാതിയിൽ ഒതുക്കിയത് ബ്രഹ്മാവായിരിക്കില്ല.

യരലവ~yaraLava said...

ചിത്രകാരാ: പോസ്റ്റ് ഇപ്പോഴാ കാണുന്നത്; ഹരിഗോവിന്ദിനെയും ഇടയ്ക്കയേയും പെരുത്തിഷ്ടാണ്.ഹരിഗോവിന്ദിന്റെ സംഭാഷണ ശൈലിയില്‍ വരെ താളലയം അനുഭവിക്കുന്നു. കൂടുതല്‍ അറിയാന്‍ കാരണമായതില്‍ നന്ദി.

ഒരു യാത്രികന്‍ said...

പറഞ്ഞറിയിക്ക വയ്യാത്തത്ര സന്തോഷം ഹരിഗോവിന്ദനെ കേട്ടപ്പോള്‍............സസ്നേഹം

മുരളീമുകുന്ദൻ , ബിലാത്തിപട്ടണം BILATTHIPATTANAM. said...

വായിച്ചു...
ഇഷ്ട്ടായി

Chethukaran Vasu said...

യേശുദാസ് പാണന്‍ ആണോന്നു അത്ര നിശ്ചയം ഇല്ല ..പക്ഷെ മലയാള സിനിമ സംഗീതലോകത്ത്‌ മുടി ചൂടാ മന്നന്മാരായി കഴിചു തെളിയിച്ച ചില പാണന്മാര്‍ ഉണ്ടെന്നു കേട്ടിട്ടുണ്ട് ...

DPS Bose said...

തുറന്നെഴുതാന്‍ നിങ്ങള്‍ക്ക്‌ കഴിയുന്നു നല്ലത്‌,ബ്ലോഗിലെ വയലറ്റു അക്ഷരം മാറ്റി കറുപ്പാക്കുക, കോംപ്ലിമെന്ററി നോക്കിയതാണല്ലേ,പറ്റിയില്ല,മഞ്ഞ ലൈറ്റാക്കകയുമാകാം -ബോസ്‌

THELIMA said...

കഴിഞ്ഞ വിഷു നാളില്‍ ശ്രീ ഹരിഗോവിന്ദന്‍ ദുബായില്‍ ഒരു സാംസ്കാരിക ചടങ്ങില്‍ പങ്കെടുത്തിരുന്നു. അന്ന് അദ്ദേഹത്തിന്റെ വേറിട്ട വ്യക്തിത്വം അടുത്തറിയുവാന്‍ അദ്ദേഹത്തിന്റെ വേറിട്ട വാക്കുകള്‍ കേള്‍ക്കുവാന്‍ അവസരം ലഭിച്ചു. സാധാരണയായി കലകാരന്മാരിലും സാഹിത്യകാരന്മാരിലും കാണപ്പെടാറുള്ള മാനസിക കോംപ്ലെക്സ് ഒന്നും ഇല്ലാത്ത, കാല്‍ മണ്ണില്‍ഉറപ്പിച്ചു തലനിവര്‍ത്തി നടക്കുന്ന വ്യക്തിത്വം. സുതാര്യമായ സാമൂഹിക നിരീക്ഷണവും അഭിപ്രായങ്ങളും. ജാതിമതങ്ങളുടെ വേലിക്കെട്ടുകള്‍ തകര്‍ത്ത് കൊണ്ടുള്ള മാനവിക ചിന്ത. എനിക്കിഷ്ടപ്പെട്ടു.

പുന്നക്കാടൻ said...

http://punnakaadan.blogspot.com/2011/06/blog-post.html

Translate

Followers