Friday, May 3, 2013

മെയ് 4, ചന്ദ്രശേഖരന്‍ വധത്തിന് ഒരു വര്‍ഷം

ചന്ദ്രശേഖരന്‍ 51 വെട്ടുകളേറ്റ് ക്രൂരമായി കൊല്ലപ്പെട്ടതിന്റെ ഒന്നാം വാര്‍ഷികമാണ് മെയ് നാല്. ദാരുണമായ ആ കൊലപാതകം കേരള രാഷ്ട്രീയത്തിലും സാംസ്ക്കാരികതയിലും ഏല്‍പ്പിച്ച മുറിവ് വളരെ ആഴത്തിലുള്ളതായിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങളുടെ സ്കോര്‍ ബോര്‍ഡിലെ അക്കങ്ങളായി മാത്രം ജനങ്ങള്‍ ഉദാസീനമായി നോക്കിക്കണ്ടിരുന്ന രാഷ്ട്രീയ കൊലപാതക പരമ്പരകള്‍ക്ക് വ്യത്യസ്തമായി, ഒരു നല്ല മനുഷ്യനെ രാഷ്ട്രീയ ഗുണ്ടകള്‍ നീചമായി പച്ചക്ക് വെട്ടി കൊലപ്പെടുത്തിയതിന്റെ ഞെട്ടുന്ന യാഥാര്‍ത്ഥ്യബോധത്തിലേക്ക് ജനങ്ങള്‍ സടകുടഞ്ഞെണീക്കുന്ന അസാധാരണമായ ഒരു മാറ്റം ഈ കൊലപാതകത്തിന്റെ ഫലമായുണ്ടായി. കൊലപാതക രാഷ്ട്രീയത്തിന്റെ ന്യായവാദങ്ങളോട് സമൂഹമനസാക്ഷി പുലര്‍ത്തിയിരുന്ന മൌനാനുവാദം അഥവ നിസംഗത അവസാനിപ്പിക്കുന്ന ധീര രക്തസാക്ഷിത്വമായി  ചന്ദ്രസേഖരന്റെ കൊലപാതകംപരിണമിച്ചു. നവ- വിഷ്വല്‍ മീഡിയയുടെ ശക്തമായ വളര്‍ച്ചയുടേയും സ്വാധീനത്തിന്റേയും ഫലമായുണ്ടായ ഈ സാംസ്ക്കാരിക ഉണര്‍വ്വിനെ നമ്മുടെ രാഷ്ട്രീയ ബോധത്തെ നവീകരിക്കാനുള്ള നിമിത്തമായെടുക്കാന്‍ നമുക്ക് കഴിയേണ്ടതാണ്. ചന്ദ്രശേഖരന്‍ ചിന്തിയ രക്തത്തിന്റെയും അനുഷ്ഠിച്ച ത്യാഗത്തിന്റേയും ഫലമായെങ്കിലും ഇനിയൊരു രഷ്ട്രീയ കൊലപാതകത്തിനുള്ള സാംസ്ക്കാരിക ഇടം ഇല്ലാത്തവിധം സാമൂഹ്യ മനസാക്ഷി ശക്തമാകട്ടെ. അക്രമ-രാഷ്ട്രീയ കൊലപാതക വിരുദ്ധ ദിനമായി മെയ് 4 ആചരിക്കപ്പെടാന്‍ ഇടവരട്ടെ.

“ശംബൂക വധം 2012” എന്ന ചിത്രകാരന്റെ ചിത്രം
ചിത്രകാരന്‍ 2012 ആഗസ്റ്റ് മാസത്തില്‍ വരച്ച “ശംബൂക വധം 2012” എന്ന പെയിന്റിങ്ങ് ടി.പി.ചന്ദ്രശേഖരന്‍ വധത്തിന്റെ പശ്ചാത്തലത്തില്‍ നമ്മുടെ സമൂഹത്തിലെ അക്രമവാസനയുടെ സാംസ്ക്കാരിക കാരണങ്ങളെക്കുറിച്ചുള്ള അന്വേഷണമാണ്. ആരും തന്നെ കുറ്റവാളികളായി ജനിക്കുന്നില്ലെന്നും, സമൂഹത്തിലെ അംഗീകൃത സാംസ്ക്കാരികതയുടെ പ്രേരണയാലാണ് രാഷ്ട്രീയ കക്ഷികളിലായാലും, സമൂഹത്തിലെ മറ്റു വിഭാഗങ്ങളിലായാലും ഹിംസാത്മക ചിന്ത വളര്‍ന്നു വികസിക്കുന്നതെന്നും നിരീക്ഷിക്കുകയാണ് ഈ ചിത്രം. “അംഗീകൃത സംസ്ക്കാരികത” എന്നുള്ള പ്രയോകം ബോധപൂര്‍വ്വമാണ്. കാരണം, കുറ്റകൃത്യങ്ങളെ സാംസ്ക്കാരികമായി അംഗ്ഗീകരിക്കുന്നതിന്റെ ഫലമായാണ് കുറ്റകൃത്യങ്ങള്‍ ഒരു യാദൃശ്ചികതയാകാതെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുന്ന ശീലങ്ങളായി മാറുന്നത്. കൊല്ലാനുള്ള ഗ്രൂപ്പുകള്‍ തന്നെ രാഷ്ട്രീയ പാര്‍ട്ടികളുടെയും, ബിസിനസ്സ് ഗ്രൂപ്പുകളുടേയും അവിഭാജ്യ ഘടകമായി മാറുന്നതും “അംഗീകൃത സംസ്ക്കാരികത” യുടെ പിന്‍ ബലത്തിലാണ്. 

“അംഗീകൃത സംസ്ക്കാരികത” 
 ഇന്ത്യയില്‍ ജാതി-മത വിശ്വാസങ്ങളുടെ വേര്‍ത്തിരിവില്ലാതെത്തന്നെ, അനൌപചാരികമായി നാമെല്ലാവരും ഹൈന്ദവ സാംസ്ക്കാരികതയുടെ രാമരാജ്യ സംങ്കല്‍പ്പത്തെ ഉന്നത മൂല്യബോധമായി കരുതിപ്പോരുന്നുണ്ട്. എല്ലാ വര്‍ഷത്തിലും ‘രാമായണ മാസാചരണമായി’ കേരളത്തിലെ മീഡിയകളുടെ നേതൃത്വത്തില്‍ ആ സാംസ്ക്കാരികതയെ നിര്‍ലജ്ജം മഹത്വവല്‍ക്കരിക്കുന്നതുപോലും നമുക്ക് കാണാനാകും. ന്യൂനപക്ഷ മതങ്ങളായ മുസ്ലീം, കൃസ്ത്യന്‍ ജന വിഭാഗങ്ങള്‍ പോലും സാമൂഹ്യ സഹകരണത്തിന്റേയും സഹിഷ്ണുതയുടേയും വിശാലതയായി ഭരണവര്‍ഗ്ഗ അനുഗ്രഹാശിസുകളുടെ തണലുള്ള ഹൈന്ദവ സാംസ്ക്കാരികതയെ പൊതു വിനിമയത്തിന്റെ ഏറ്റവും പ്രധാന ഇടമായി കാണുന്നുണ്ട്. പുരോഗമന മേക്കപ്പിട്ടു നില്‍ക്കുന്ന സംഘടനകളും “അംഗീകൃത സംസ്ക്കാരികത” എന്ന ഹൈന്ദവ സാംസ്ക്കാരികതയെ വിശുദ്ധ പശുവായി ആധരിക്കാന്‍ സാമൂഹ്യ ശീലങ്ങളാല്‍ നിര്‍ബന്ധിതരാണ്. 
ഈ സാഹചര്യത്തിലാണ് ഹൈന്ദവ സാംസ്ക്കാരികതയുടെ ഭാഗമായുള്ള ശ്രീരാമന്‍, പരശു രാമന്‍ തുടങ്ങിയ നന്മയുടേയും ധാര്‍മ്മികതയുടേയും മാതൃകാപുരുഷ പരിവേഷമുള്ള ദൈവ തുല്യരോ ദൈവങ്ങള്‍ തന്നെയോ ആയ ഇതിഹാസ പുരുഷന്മാരിലൂടെ മഹത്വവല്‍ക്കരിക്കപ്പെട്ടിരിക്കുന്ന അനീതിയുടേയും, അധര്‍മ്മത്തിന്റേയും, ചതിയുടേയും ഹിംസാത്മക പാരമ്പര്യം മാടമ്പിത്വത്തിന്റെ തുരുമ്പെടുത്ത ആയുധങ്ങളുമായി വര്‍ത്തമാന കാലത്തെ അധികാരകേന്ദ്രങ്ങളുടെ കോട്ടകൊത്തളങ്ങള്‍ക്ക് ബലം നല്‍കാനായി ഗുണ്ടാ സംഘങ്ങളായും കൊട്ടേഷന്‍ സംഘങ്ങളായും പ്രത്യക്ഷപ്പെടുന്നത്.  ജയ് ഹനുമാന്‍ വിളിച്ചും, കാളി, ശിവന്‍, ശ്രീരാമന്‍ , പരശുരാമന്‍ , നരസിംഹം , വിഷ്ണു തുടങ്ങിയ ഇതിഹാസ ശക്തികളെ ആവാഹിച്ചും ഹിംസയുടെ ശാക്തീകരണം നടത്തുന്നവര്‍ തങ്ങള്‍ ചെയ്യാനുദ്ധേശിക്കുന്ന ക്രൂരമായ കൊലപാതകത്തെപ്പോലും നന്മയുടെ സംസ്ഥാപനത്തിനായുള്ള ഒരു “മോക്ഷ” പ്രവര്‍ത്തിയിലേര്‍പ്പെടുന്ന മാനസികാവസ്ഥയാണ് ആര്‍ജ്ജിക്കുന്നത്. 

ശംബൂക വധം അഥവ “ശംബൂക മോക്ഷം” 
 ശ്രീരാമന്റെ രാജ്യത്തിലെ ഒരു ബ്രാഹ്മണന്റെ പുത്രന്‍ അകാലത്തില്‍ വെറുതെ മരിക്കാന്‍ കാരണമായ സംഭവമാണ് രാജാവിന്റെ ധര്‍മ്മഭ്രംശമായി വ്യാഖ്യാനിച്ച് ശംബൂക വധത്തിലൂടെ പരിഹരിക്കുന്നത്.  ശൂദ്രര്‍ക്ക് വിദ്യ നിഷിദ്ധമായിരുന്നിട്ടും ആ സാമൂഹ്യ നിയമം ധിക്കരിച്ച് തപസ്സ് അനുഷ്ടിച്ചു എന്നതാണ് ശൂദ്രനായ ശംബൂകന്റെ പേരിലുള്ള ഘോരാപരാധം ! പുത്രശോകത്താല്‍ വിലപിക്കുന്ന ബ്രാഹ്മണന്റെ ആരോപണത്തിനു വക്കാലത്തുമായി ദേവര്‍ഷി നാരദമുനി സ്വര്‍ഗ്ഗത്തില്‍ നിന്നും ഇറങ്ങിവന്ന് ശൂദ്രന്‍ തപസനുഷ്ടിക്കുന്നതു കാരണമായുണ്ടായ ധാര്‍മ്മിക തകര്‍ച്ച കാരണമാണ് ബ്രാഹ്മണകുമാരന്‍ മരിക്കാനിടവന്നതെന്ന് അഭിപ്രായപ്പെട്ടയുടന്‍ ശൂദ്ര നിഗ്രഹത്തിനുള്ള കൊട്ടെഷനെടുത്ത് പുഷ്പ്പക വിമാനത്തിലേറി നാടു മുഴുവന്‍ അരിച്ചുപെറുക്കി, തപസനുഷ്ടിക്കുന്ന ശൂദ്രനെ കണ്ടെത്തി, കണ്ണില്‍ ചോരയില്ലാതെ ശംബൂകന്‍ എന്ന ശൂദ്രന്റെ കഴുത്തറക്കുന്ന അത്യന്തം നീചമായ പ്രവര്‍ത്തിയെ ദൈവീകവല്‍ക്കിരിച്ചിരിക്കുന്ന ഹൈന്ദവ സാംസ്കാരികതയുടെ മൂല്യബോധം മാതൃകാപുരുഷോത്തമന്റെ ക്രൂരത നമ്മെ വര്‍ത്തമാനത്തിലും പിന്‍ തുടരുന്നുണ്ട്. ശ്രീരാമന്‍ നടത്തിയ നരഹത്യയായതിനാല്‍ ശംബൂക വധം എന്നതിനു പകരം “ശംബൂക മോക്ഷം” എന്ന അനുഗ്രഹ പ്രവര്‍ത്തിയായി കൊലപാതകത്തെ വേഷം മാറ്റി വ്യാഖ്യാനിച്ച് മഹത്വവല്‍ക്കരിക്കാനും സാമര്‍ത്ഥ്യമുള്ളതിനാല്‍ ഏത് കുടിലതക്കും ഹൈന്ദവ സാംസ്ക്കാരികതക്ക് ന്യായീകരണമുണ്ടാക്കാനാകുമെന്നും തെളിയിച്ചിരിക്കുന്നു !!  

ദൈവങ്ങളിലൊന്നും വിശ്വാസമില്ലാത്ത “പുരോഗമന” പ്രസ്ഥാനങ്ങളില്‍ രക്തസാക്ഷികളുടെ പേരോ, പ്രതികാരത്തിന്റെ കണക്കു പുസ്തകമോ, മാര്‍ഗ്ഗത്തെ സാധൂകരിക്കുന്ന “മഹത്തായ ലക്ഷ്യങ്ങളോ”  രാമനും, കൃഷ്ണനും, പരശുരാമനും പകരമായുപയോഗിക്കുന്ന വേഷപ്പകര്‍ച്ചയായി കൊലക്കത്തീയെ ന്യായീകരിക്കുന്നുണ്ട്. ഹൈന്ദവ സാംസ്ക്കാരികതയുമായുള്ള സാംസ്ക്കാരിക പങ്കുവക്കല്‍ ശീലത്തിന്റെ ഭാഗമായുള്ളതുതന്നെയാണ് ഈ പ്രസ്ഥാനങ്ങളുടേയും ധാര്‍മ്മികത.  ഹിംസയിലൂടെ നേടുന്ന ഒരു ലക്ഷ്യവും ദൈവീകമോ ധാര്‍മ്മികമോ നീതീകരിക്കത്തക്കതോ അല്ലെന്ന സാംസ്ക്കാരിക പ്രബുദ്ധത ബോധത്തിന്റെ നവീകരണത്തിലൂടെ സ്വായത്തമാക്കാന്‍ നമുക്ക് കഴിയട്ടെ. നമ്മുടെ സാംസ്ക്കാരികതയെ പരമാവധി ധാര്‍മ്മികമായും, മാനവികമായും, നീതിപൂര്‍വ്വകമായും പുതുക്കിപണിയാന്‍ അധാര്‍മ്മികമായ ബിംബങ്ങളെ നിരന്തരം വിമര്‍ശിക്കുകയല്ലാതെ മറ്റു വഴിയില്ല. ചിത്രകാരന്റെ “ശംബൂക വധം 2012” അതിലേക്കുള്ള ഒരു എളിയ ചിന്തയാണ്.  
ഈ വിഷയത്തിലുള്ള ചില പോസ്റ്റുകളുടെ ലിങ്കുകള്‍ :
രാമായണമാസത്തിലെ ചിത്രം ! 
പരശുരാമന്‍-ക്രൂരതയുടെ അവതാരം ! 

3 comments:

jaya said...

നല്ല നിരീക്ഷണം

Cv Thankappan said...

നന്നായിരിക്കുന്നു വിവരണം
ആശംസകള്‍

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ നിരീക്ഷണങ്ങൾ
അസ്സലായിട്ടുണ്ട് കേട്ടൊ ഭായ്