Friday, August 15, 2014

ചിത്രകാരന്റെ സ്വാതന്ത്ര്യ ദീനാശംസകള്‍

തീര്‍ച്ചയായും ഇന്ത്യക്കാരായ നാം ഭാഗ്യവാന്മാരാണ്. നമുക്ക് ആകാശം പോലെ വിസ്തൃതമായ സ്വാതന്ത്ര്യം ഈ ജനാധിപത്യ ഭരണകാലത്ത് ഉണ്ടെന്നു പറയാം. സ്വാതന്ത്ര്യദിനം നാം എല്ലാ വര്‍ഷവും ആര്‍ഭാടത്തോടെ ആഘോഷിക്കാറുമുണ്ട്. പക്ഷേ, നാം നമ്മുടെ സ്വാതന്ത്ര്യം അനുഭവിക്കാറില്ല. അനുഭവിക്കാറില്ല എന്നു പറഞ്ഞാല്‍ സത്യവിരുദ്ധമാകും.കടുത്ത സദാചാരികളായ നാം നമ്മുടെ പൌരന്മാരെ ആരേയും സ്വാതന്ത്ര്യം അനുഭവിക്കാന്‍ അനുവദിക്കാറില്ലെന്നതാണു ശരി. എല്ലാം അതിലംഘിച്ച് ആരെങ്കിലും സ്വാതന്ത്ര്യം അനുഭവിക്കാന്‍ തയ്യാറായാല്‍ തന്നെ അയാള്‍ അതിനു നല്‍കേണ്ട ആടംബര ചിലവു താങ്ങാന്‍ ശെഷിയുള്ളവരായിരിക്കണം.

സ്വാതന്ത്ര്യത്തെ ഭയക്കുന്ന സമൂഹം

സത്യത്തില്‍ സ്വാതന്ത്ര്യത്തെ നമ്മളില്‍ വലിയ ഭൂരിപക്ഷത്തിനും ഭയമാണ്. സ്വാതന്ത്ര്യം കുറച്ചു കുറഞ്ഞിരിക്കുന്നതാണ് നല്ലത് എന്നു ചിന്തിക്കുന്നതാണ് നമ്മുടെ ശീലം. നമ്മുടെ പരമ്പരാഗതമായ സാമൂഹ്യ വൃത്തങ്ങള്‍ക്കു പുറത്തേക്ക് നീളുന്ന സ്വാതന്ത്ര്യത്തെ നാം ഭയത്തോടുകൂടി മാത്രമേ നോക്കാന്‍ ശീലിച്ചിട്ടുള്ളു. നിയമ ലംഘനങ്ങള്‍ക്കു കാരണമാകുമെന്നതിനാല്‍ സ്വാതന്ത്ര്യം കുറഞ്ഞിരിക്കുന്നതാണ് സുരക്ഷിതം. ഈ മാനസികാവസ്ഥയെ ഒരു അടിമ സമൂഹത്തിന്റെ രാഷ്ട്രീയ കാഴ്ച്ചപ്പാടായും കാണാം. അതിന്റെ മൂലകാരണം നമ്മുടെ അവികസിതമായ സംസ്ക്കാരം തന്നെയാകണം.

നമുക്കിപ്പോഴും ശുഭകരമായിട്ടുള്ളത്, അഭിമാനകരം... മാടമ്പി സംസ്ക്കാരത്തിന്റെ കാല്‍പ്പനികമായ മാഹാത്മ്യവും, ഗരിമയും, വ്യാജ സദാചാര യുക്തികളുമാണ്. അതുകൊണ്ടുതന്നെ, സ്വാതന്ത്ര്യം ഒരു അനാവശ്യ ആടംബരമായി മാത്രമേ നമുക്ക് ഉള്‍ക്കൊള്ളാനാകുന്നുള്ളു.
സ്വാതന്ത്ര്യം നമുക്ക് ആഘോഷിക്കാം, പക്ഷേ സ്വാതന്ത്ര്യം അനുഭവിക്കാന്‍ നാം ഒരുക്കമല്ല. കാരണം നാം കാഴ്ച്ചക്കാരാണ് , കളിക്കാരല്ല. പഴയ കാലം മുതല്‍... അങ്കവും കാണാം താളിയും ഒടിക്കാം എന്നു കരുതുന്ന വെറും കാഴ്ച്ചക്കാര്‍ മാത്രമായ അരാഷ്ട്രീയ സമൂഹത്തിനു സ്വാതന്ത്ര്യമെന്തെന്നോ രാഷ്ട്രീയമെന്തെന്നോ തിരിച്ചറിവുണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതേ അബദ്ധമാണ്.

നമ്മുടെ സമൂഹത്തില്‍ രാഷ്ട്രീയം ജന്മംകൊള്ളുന്നത് രാഷ്ട്രീയ പാര്‍ട്ടി നേതാക്കളിലാണല്ലോ. അതിനും മുന്‍പേ അതു ജനിച്ചിരുന്നത് മാടമ്പി ഭരണാധികാരികളിലൊ, നാടുവാഴികളിലോ, ലങ്കോട്ടി രാജാക്കന്മാരിലോ, സര്‍വ്വാധിപതികളായിരുന്ന മന്ത്രവാദികളായ ബ്രാഹ്മണരിലൊ, വെള്ളക്കാരിലോ ആയിരുന്നല്ലോ. മാടമ്പിത്വ പടയോട്ടക്കാര്‍ക്ക് ജനാധിപത്യ പൊയ്മുഖമണിയാനുള്ള ഒരു ബ്യൂട്ടി ക്ലിനിക്കാണു നമ്മുടെ രാഷ്ട്രീയ പാര്‍ട്ടികള്‍. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടില്‍ ആര്‍ക്കും സ്വന്തമായി സ്വാതന്ത്ര്യമോ രാഷ്ട്രീയമൊ അനുഭവിച്ചുള്ള ശീലവുമുണ്ടായിരുന്നില്ല എന്നതാണു സത്യം.

ജനാധിപത്യത്തിന്റെ ഷഷ്ഠിപൂര്‍ത്തി കഴിഞ്ഞിട്ടും നമുക്ക് സ്വാതന്ത്ര്യത്തിന്റെ മൂല്യമോ ഉപയോഗമോ ആവശ്യകതയോ അനുഭവിച്ചറിയാനാകത്തത് നമ്മളിലെ വ്യക്തിവികാസം വ്യക്തി സ്വാതന്ത്ര്യമായി വികസിക്കാന്‍ നമ്മുടെ സാമൂഹ്യ വ്യവസ്ഥിതി വിലങ്ങുനില്‍ക്കുന്നു എന്നതിനാലാണ്. നമ്മുടെ രോഗം സാംസ്ക്കാരിക മാണ്, സാമൂഹ്യമാണ്, മതപരമാണ്. സമൂഹത്തിലെ വ്യക്തികളെ നാം അരുതായ്മകള്‍ കൊണ്ടു നിയന്ത്രിച്ചു വരിയുടച്ച് ഷണ്ഢമാക്കുന്നുണ്ട്. സ്വതന്ത്രനായ ഒരു മനുഷ്യന്റെ ചിന്തയേയും പ്രവര്‍ത്തിയേയും ഉള്‍ക്കൊള്ളാന്‍ ആകാത്തവിധം അസഹിഷ്ണുത നിറഞ്ഞ നമ്മുടെ സാമൂഹ്യ ബോധം, ജീര്‍ണ്ണ സാംസ്ക്കാരികത, മത സംങ്കുചിതത്വം എന്നിവയുടെ സ്വാധീനത്താല്‍ വളരെ വളരെ ചെറുതാണ്.

 നമ്മുടെ രാഷ്ട്രീയ സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകര്‍ക്കൊന്നും നമ്മുടെ ഈ ദുരവസ്ഥയില്‍ നിന്നും മോചനം നല്‍കാനുള്ള ചിന്ത ഉല്‍പ്പാദിപ്പിക്കാനാകുമെന്നു കരുതാനാകുന്നില്ല. ആകെയുള്ള പ്രതീക്ഷ, നമ്മുടെ സ്ത്രീകളിലാണ്. പുതിയ മാധ്യമങ്ങളിലൂടെ കണ്ടുശീലിച്ച അന്യ സമൂഹങ്ങളിലെ മാനവിക കാഴ്ച്ചപ്പാടുകളുമായി സ്ത്രീകള്‍ സാരിയും പര്‍ദ്ദയും മറ്റു ജീര്‍ണ്ണ/പാരമ്പര്യ യൂണിഫോമുകളും വലിച്ചെറിഞ്ഞ് ... ഒരര്‍ത്ഥത്തില്‍ തുണിയുരിഞ്ഞ്, സദൈര്യം പൊതു ഇടങ്ങളിലേക്കിറങ്ങുമ്പോള്‍ സംഭവിക്കുന്ന പ്രകോപനങ്ങളും പ്രതിരോധങ്ങളും വികസിച്ചു വലുതായി സമൂഹം വ്യക്തി സ്വാതന്ത്ര്യം എന്ന വിലക്കപ്പെട്ട കനി മനുഷ്യന്റെ ഏറ്റവും മൌലീകമായ അവകാശങ്ങളിലൊന്നാണെന്ന് അംഗീകരിക്കാന്‍ തയ്യാറാകേണ്ടിവരുന്ന ഒരു കാലം വിദൂരമല്ലെന്നു തോന്നുന്നു. അന്നു നമുക്ക് സ്വാതന്ത്ര്യം അനുഭവിക്കാനാകും. സ്വാതന്ത്ര്യം ഇന്നത്തെ പോലെ ഒരു വഴിപാടായി ആഘോഷിക്കുന്നതില്‍ നിന്നും നമ്മുടെ സമൂഹം രക്ഷ നേടും... നിശ്ചയം !!!

 ഏവര്‍ക്കും ചിത്രകാരന്റെ സ്വാതന്ത്ര്യ ദീനാശംസകള്‍ :))

3 comments:

വിജയരാഘവൻ said...

കാളമൂത്രത്തിന്‍റെ ഉപയോഗം എന്താണെന്നറിയില്ല .പശുവിന്റെത് ആയുര്‍വേദ ഔഷധമാണ് .

chithrakaran:ചിത്രകാരന്‍ said...

പശു തൊഴുത്തിനപ്പുറത്തേക്കു പ്രപഞ്ച സംങ്കല്‍പ്പം വളരാത്തവരാണെങ്കിലും തൊഴുത്തിലിരുന്നും കമ്പൂട്ടറും നെറ്റും ബ്ലോഗുമെല്ലാം ഉപയോഗിക്കാന്‍ അഭിനവ അടിമകള്‍ പ്രാപ്തരാണെന്നതിനാല്‍ തീര്‍ച്ചയായും അഭിമാനിക്കാം.

Unknown said...

സ്വാതന്ത്ര്യ ദീനാശംസകള്‍ !