ഇനി മുഴുവന്‍ സമയവും ചിത്രകല !

1995ലാണ് മാതൃഭൂമിയിലെ ജോലിക്കൊപ്പം ഒരു ബിസിനസ്സ് സംരംഭം ചിത്രകാരന്‍ കണ്ണൂരില്‍ ആരംഭിക്കുന്നത്. സാങ്കേതികമായി ഭാര്യയുടെ പേരിലായിരുന്നു സ്ഥാപനം. പ്രമുഖ വ്യാപാര സ്ഥാപനങ്ങള്‍ക്കു വേണ്ടി പത്രങ്ങളില്‍ പരസ്യം ചെയ്യുന്ന ഒരു പരസ്യ ഏജന്‍സി. രേഖ ക്രിയേറ്റീവ് ഡിസൈനേഴ്സ് എന്നു സ്ഥാപനത്തിന്റെ പേര്‍. രേഖ ക്രിയേഷന്‍സ് എന്നപേരില്‍ ഡിസൈന്‍ ആര്‍ട്ടുവര്‍ക്കുകളും, പ്രിന്റിങ്ങ്, സ്ക്രീന്‍ പ്രിന്റിങ്ങ് വര്‍ക്കുകളും ചെയ്യുന്ന ഒരു ഉപ സ്ഥാപനവുമുണ്ട്. രാവിലെ 9 മണി മുതല്‍ വൈകീട്ട് 5.30 വരെ പുതുതായി തുടങ്ങിയ സ്വന്തം സ്ഥാപനത്തിലും,വൈകീട്ട് 6 മണി മുതല്‍ പുലര്‍ച്ചെ 1.30 വരെ മാതൃഭൂമി കണ്ണൂര്‍ യൂണിറ്റില്‍ പത്രപേജുകളുടെ ലേ-ഔട്ട് ജോലിയുമായി മൂന്നു വര്‍ഷം കഠിനദ്ധ്വാനം ചെയ്തതിന്റെ ഫലമായി 1998ല്‍ സ്വന്തം സ്ഥാപനം സ്വയം പര്യാപ്തമായി. അങ്ങനെ, 1998ല്‍ മാതൃഭൂമിയിലെ ജോലി ഉപേക്ഷിച്ച്, മുഴുവന്‍ സമയ ബിസിനസ്സുകാരനായി.

അന്ന് പത്രങ്ങളിലെ പരസ്യനിരക്ക് വളരെ കുറവായിരുന്നതിനാല്‍ പത്ര പരസ്യ രംഗത്ത് മലയാളത്തിലുള്ള കോപ്പി എഴുത്തും, കാര്‍ട്ടൂണ്‍ , ചിത്രകല എന്നിവ ഉള്‍പ്പെടുത്തിയുള്ള പരീക്ഷണങ്ങളും നടത്തി, ചില സാഹസികരായ ക്ലൈന്റ്സിന്റെ സഹകരണത്തോട പത്രപരസ്യരംഗത്ത് ഒരു ഉടച്ചുവാര്‍ക്കല്‍ തന്നെ കാഴ്ച്ചവെക്കാനായതിനാല്‍ ബിസിനസ്സില്‍ അസൂയാവഹമായ വളര്‍ച്ച നേടാനായെന്നത് ഭാഗ്യമായി.ഒന്നുമില്ലായ്മയില്‍നിന്നും തുടങ്ങിയതാണെന്നു പറയാനാകില്ല.എങ്കിലും, മാതൃഭൂമി ജീവനക്കാരുടെ സഹകരണ സംഘത്തില്‍നിന്നും 20000 രൂപ ലോണെടുത്തു തുടങ്ങിയ ബിസിനസ്സിലൂടെ സ്വന്തമായ വീടും, സ്ഥലവും,വാഹനങ്ങളും, മികച്ച ഓഫീസും സമ്പാദിക്കാനായി.

20 വര്‍ഷത്തിനു ശേഷം, അതായത് 2015 ഫെബ്രുവരി 28 ന് ബിസിനസ്സുകാരന്റെ കുപ്പായം പൂര്‍ണ്ണമായും അഴിച്ചുവക്കാനുള്ള തീരുമാനം നടപ്പാക്കിയതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ഈ പോസ്റ്റ് എഴുതുന്നത്. ഏതാണ്ടു നാലു വര്‍ഷം മുന്‍പ് എടുത്ത തീരുമാനപ്രകാരമാണ് ബിസിനസ്സില്‍ നിന്നുള്ള ഈ പിന്മാറ്റം. 2012 ല്‍ ഇടക്കുവച്ച് ഉപേക്ഷിച്ച ചിത്രകലാരംഗത്തേക്ക് ചുവടുമാറ്റം ആരംഭിച്ചിരുന്നു. അതിന്റെ ഫലമായി കേരളത്തിന്റെ വിവിധ ജില്ലകളിലായി 9 ചിത്രപ്രദര്‍ശനങ്ങള്‍ നടത്തി. ഇനി കേരളത്തിനു പുറത്തേക്കും ചിത്രപ്രദര്‍ശനങ്ങളുമായി പോകണമെന്ന് ആഗ്രഹമുണ്ട്.

പണമുണ്ടാക്കാന്‍ ബിസിനസ്സു തന്നെയാണു നല്ലത്. പക്ഷേ ടെന്‍ഷന്‍ പിടിച്ച ജീവിതമാണ് ബിസിനസ്സ് സമ്മാനിക്കുന്നത്. അതിനിടക്ക് സ്നേഹത്തിന്റെ ഭാഷയില്‍ ചിന്തിക്കുന്ന ക്രിയേറ്റീവായ സ്വതന്ത്രജീവിതം ഒരു ബാത്ത്ടബ്ബിലപ്പുറം വിസ്തൃതമല്ല ! സാംബത്തികമായി വളരെ നഷ്ടമുണ്ടാക്കുമെങ്കിലും കൂടുതല്‍ സ്വാതന്ത്ര്യത്തിനായി ബിസിനസ്സ് ഉപേക്ഷിക്കാന്‍ തീരുമാനിച്ചത് അതുകൊണ്ടാണ്. വിഢിത്തമായിരിക്കാം ! പക്ഷേ ഒരു മാറ്റം അനിവാര്യമാണ്. ത്യാഗ‌മില്ലാതെ,റിസ്ക്കെടുക്കാതെ മാറ്റം സാധ്യമല്ല.  വളരെ കുറഞ്ഞ കാലയളവിലുള്ള ഈ ജീവിതത്തില്‍ കൂടുതല്‍ ഇഷ്ടപ്പെടുന്ന ചിത്രകലയുടെ ലോകത്തേക്ക് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള ആഗ്രഹം നിറവേറ്റാന്‍ ഇപ്പോള്‍ തീരുമാനമെടുത്തില്ലെങ്കില്‍ പിന്നെ ഒരിക്കലും സാധിക്കില്ല.

ഈ തീരുമാനമെടുക്കാന്‍  സഹായിച്ചത്  നവമാധ്യമങ്ങളുടെ സാങ്കേതികവും സാമൂഹികവുമായ വളര്‍ച്ചയും ജീവിതത്തിലേക്കുള്ള അതിന്റെ വ്യാപനവുമാണെന്നു പറയാം. ആ ഒഴുക്കില്‍ സ്വാതന്ത്ര്യത്തിന്റെ പുതിയ ആകാശങ്ങളന്വേഷിച്ച് ഈ ചിത്രകാരനും ഒഴുകുന്നു...

ഇനി മുഴുവന്‍ സമയവും ചിത്രകല !

Comments

Arun Mathew said…
This comment has been removed by the author.
Arun Mathew said…
ആശംസകൾ.........
Manoj P S said…
സ്വാതന്ത്രത്തിന്റെ ആകാശത്തേക്ക് കുതിക്കാനുള്ള തയാറെടുപ്പിന് ആശംസകൾ
സര്‍വ്വ നന്മകളും ആശംസിക്കുന്നു.
. said…
ആശംസകൾ..
പണമുണ്ടാക്കാന്‍ ബിസിനസ്സു തന്നെയാണു നല്ലത്....
പക്ഷേ ടെന്‍ഷന്‍ പിടിച്ച ജീവിതമാണ് ബിസിനസ്സ് സമ്മാനിക്കുന്നത്.
ഈ പറയുന്നതൊക്കെ ഭായിയുടെ കാലശേഷം ഇല്ലാതാകും..!

പക്ഷേ സ്നേഹത്തിന്റെ ഭാഷയില്‍ ചിന്തിക്കുന്ന ക്രിയേറ്റീവായ സ്വതന്ത്രജീവിതം ഒരു ബാത്ത്ടബ്ബിലപ്പുറം വിസ്തൃതമല്ല !
അതിൽ നിന്നും ഉടലെടുക്കുഅന്നതൊക്കെ കാലന്തരങ്ങളോളം നിലനിൽക്കും...!

സര്‍വ്വ വിധ നന്മകളും ആശംസിക്കുന്നു കേട്ടൊ ഭായ്
സ്വാതന്ത്ര്യം അതാണ് നല്ലത്,,, ടെൻഷൻ വേണ്ട,,, ആശംസകൾ...
സ്വസ്ഥവും സമാധാനസമ്പന്നവുമായ ഒരു ജീവിതം ലഭ്യമാവട്ടെ.
antichitrakaran said…
I understand that this fraud was kicked out of Mathrubhumi.