Saturday, January 9, 2016

അമ്പാടി മുക്കില്‍ നിന്നുള്ള നവ കേരള മാര്‍ച്ച്

2016 ജനുവരി 15 മുതല്‍ ഫിബ്രവരി 14 വരെയായി സഖാവ് പിണറായി വിജയന്‍ നടത്തുന്ന നവ കേരള മാര്‍ച്ച് ജനുവരി 8 നു തന്നെ ഹിറ്റായി കഴിഞ്ഞിരിക്കയാണ്. ജനുവരി 8 നു ഫേസ്ബുക്കില്‍ വൈറലായിമാറിയ കണ്ണൂര്‍ അമ്പാടി മുക്കിലെ ഹോര്‍ഡിങ്ങില്‍  ഭഗവദ് ഗീതയിലെ തേരിലേറി യുദ്ധം ചെയ്യുന്ന  അര്‍ജ്ജുന- കൃഷ്ണന്മാരുടെ കഥാസന്ദര്ഭാത്തിലേക്ക് പിണറായി വിജയനെയും പി ജയരാജനെയും ഡിജിറ്റലായി സന്നിവേശിപ്പിക്കുയാണ് ചെയ്തിട്ടുള്ളത്.

കണ്ണൂര്‍ അമ്പാടി മുക്കിലെ ഹോര്‍ഡിംഗ് (ഫോട്ടോ)

കണ്ണൂര്‍ എ.കെ.ജി. ഹോസ്പ്പിറ്റലിന് 
മുന്നിലെ ഹോര്‍ഡിംഗ് (ഫോട്ടോ)

ഒരു രാഷ്ട്രീയ പ്രചാരണായുധമായി നിര്‍മ്മിക്കപ്പെട്ട പ്രസ്തുത ഡിജിറ്റല്‍ കലാ സൃഷ്ടിയെ അനുകൂലിച്ചും പ്രതികൂലിച്ചും ഫേസ്ബുക്കിലും മറ്റ് മാധ്യമങ്ങളിലും രാഷ്ട്രീയ ചര്‍ച്ചകള്‍ നടക്കുന്നു.
ഈ സാഹചര്യത്തില്‍ നവ കേരള മാര്‍ച്ചിന്‍റെതായി കണ്ണൂരിലെ അമ്പാടി മുക്കിലും എ.കെ.ജി. ആശുപത്രിക്ക് മുന്നിലും പ്രദര്‍ശിപ്പിച്ചിരിക്കുന്ന ഡിജിറ്റല്‍ കലാ സൃഷ്ടിയിലെ  സൌന്ദര്യത്തിന്‍റെ ഒഴുക്കിനെക്കുറിച്ചും/ അവിഹിത സൌന്ദര്യത്തെക്കുറിച്ചും അതിന്‍റെ രാഷ്ട്രീയ ഗതി വിഗതിയെക്കുറിച്ചും  ചിത്രകാരന്‍ ചില കാര്യങ്ങള്‍ രേഖപ്പെടുത്തുകയാണ്.

നമ്മുടെ സമൂഹത്തിന് പെട്ടെന്ന്  മനസ്സിലാകുന്ന വിഷയങ്ങളാണ് അധികാര രാഷ്ട്രീയവും, സദാചാരവും. ചരിത്രപരമായ കാരണങ്ങള്‍ കൊണ്ടാകാം തലപോകുന്നതായാല്‍ പോലും  മറ്റു വിഷയങ്ങളിലൊന്നും മലയാളി സമൂഹത്തിനു വലിയ താല്‍പ്പര്യമില്ല.
ഇവിടെ വിവാദങ്ങളിലൂടെ മാത്രമേ ജനശ്രദ്ധ നേടാനാകു എന്ന മനശാസ്ത്രം പോലും ദുരുപയോഗം ചെയ്തുള്ള ഒരു ബിസിനസ്സ് മാര്‍ക്കറ്റിംഗ് തന്ത്രത്തിലൂടെയാണ് അമ്പാടി മുക്കിലെ പരസ്യപ്പലക ഫേസ്ബുക്കിലെത്തുന്നത്. ഏതാണ്ട് എല്ലാ രാഷ്ട്രീയ കക്ഷികളും ബിസിനസ്സ് സ്ഥാപനങ്ങളായി മാറിയിരിക്കുന്നതിനാല്‍ അതെല്ലാം സ്വാഭാവികം. അതിലുപരി, പുരാണേതിഹാസങ്ങളിലേക്ക് ചേക്കേറുന്ന കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ നയവ്യതിയാനത്തിന്‍റെ ഗുണദോഷങ്ങളാണ് സമൂഹത്തെ സംബന്ധിച്ചു കൂടുതല്‍  പ്രസക്തമായിട്ടുള്ളത്.

ഭൌതീകവാദികളുടെ രാഷ്ട്രീയ കക്ഷിയായതിനാല്‍, ഇത്രയും കാലം പുരാണേതിഹാസങ്ങളില്‍ നിന്നും ആയിത്തപ്പാടകലെ നിന്ന് ശീലിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടി, ഹൈന്ദവ ദൈവ സംങ്കല്‍പ്പങ്ങളുമയി പൊക്കിള്‍ക്കൊടി ബന്ധമുള്ള കൃഷ്ണനിലേക്കും അര്‍ജ്ജുനനിലേക്കും താദാത്മ്യപ്പെടാനുള്ള പാര്‍ട്ടി നേതാക്കളുടെ മാര്‍ക്കറ്റിംഗ് തന്ത്രങ്ങളില്‍ മുഴുകുമ്പോള്‍ അതിനെ ചെറിയൊരു നയവ്യതിയാനമായി കാണാനാകില്ല. അടിത്തറയിളക്കുന്ന കീഴ്മേല്‍ മാറിയലാണത്.ഫേസ് ബുക്കില്‍ പ്രചരിപ്പിക്കപ്പെട്ട  അമ്പാടി മുക്ക് 
ബാനര്‍ ഗ്രാഫിക്സ് ഫയല്‍ 

ബീജെപിയില്‍ നിന്നും കമ്മ്യൂണിസ്റ്റു പാര്‍ട്ടിയിലെത്തിയ അമ്പാടി മുക്കിലെ പാര്‍ട്ടി പ്രവര്‍ത്തകരുടെ പ്രാദേശികമായ എടുത്തുചാട്ടമായിമാത്രം  ഈ നയവ്യതിയാനത്തെ കാണാനാകില്ല. ദേശീയ പാതയോരത്തുള്ള എ.കെ.ജി. ആശുപത്രിയുടെ ഗേറ്റിനോട് ചേര്‍ന്നും രഥത്തിലേറിയ പിണറായിയുടെ പരസ്യപലക കാണാവുന്നതാണ്. അഴീക്കോട് അസംബ്ലി മണ്ഡലം നല്‍കുന്ന സ്വീകരണത്തിന്‍റെ അറിയിപ്പുകൂടി ഉള്‍ക്കൊള്ളുന്ന ആ ഫ്ലെക്സ് എന്തായാലും അമ്പാടിമുക്കിലെ നവ-സംഘി കമ്മ്യൂണിസ്റ്റു സഖാക്കള്‍ സ്ഥാപിച്ചതാണെന്നു പറഞ്ഞു കയ്യൊഴിയാനാകില്ല.

വ്യതിയാനത്തിന്‍റെ ഗതിവിഗതികള്‍ 

കൃഷ്ണന്‍റെയും അര്‍ജ്ജുനന്‍റെയും പ്രതിരൂപമാകാനുള്ള സി.പി.ഐ.(എം) നേതാക്കളുടെ താല്‍പ്പര്യം അടുത്തകാലത്ത് കൈക്കൊണ്ട അടവ് നയങ്ങളുടെ ഭാഗമായിരിക്കണം. പാര്‍ട്ടി പ്രചാരണ ബോര്‍ഡുകളില്‍ വിവേകാനന്ദനും നാരായണഗുരുവുമെല്ലാം പ്രത്യക്ഷപ്പെട്ടതും അടുത്തകാലത്താണല്ലോ. അതിന്റെ ഗുണദോഷങ്ങള്‍ എന്തെല്ലാമെന്ന് നോക്കാം.

 കൃഷ്ണനും അര്‍ജ്ജുനനും, ശിവനും, ഭദ്രകാളിയും, അയ്യപ്പനുമെല്ലാം കമ്മ്യൂണിസ്റ്റുകള്‍ക്ക് തൊട്ടുകൂടാത്തവര്‍ ആണെന്ന വിശ്വാസം തന്നെ വിവരക്കേടാണ്. അതുപോലെത്തന്നെ, കൃസ്തുവിനോടോ, മുഹമ്മദ്‌ നബിയോടോ, ഗുരു നാനാക്കിനോടോ, അകല്ച്ച്ചയുണ്ടാകേണ്ട കാര്യവുമില്ല. പക്ഷെ, ഭൌതീകവാദികളായ കമ്മ്യൂണിസ്റ്റുകള്‍ ദൈവങ്ങളെയും, ഗുരുക്കന്മാരേയും, മറ്റു മിത്തുകളെയും കാണേണ്ടത് ആഴത്തിലുള്ള ചരിത്രബോധത്തോടെയായിരിക്കണം. വൈജ്ഞാനികവും  ചരിത്രപരവുമായ ആ  ആഴം സത്യസന്ധമാണെന്നു ജനത്തെ ബോധ്യപ്പെടുത്തണമെന്നു മാത്രം.
 
ദൈവമായ കൃഷ്ണനെയോ കാളിയെയോ കാണാന്‍ ഭക്ത ജനങ്ങള്‍ക്ക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഔദ്ധാര്യമോ അംഗീകാരമോ ആവശ്യമില്ല. സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ളതും അല്ലാത്തതുമായ ആരാധനാലയങ്ങളോട് അനുബന്ധിച്ച് ബ്രാഹ്മണ മന്ത്രവാദികള്‍, ജ്യോത്സ്യര്‍, നാടന്‍ മന്ത്രവാദികള്‍ തുടങ്ങിയ പരമ്പരാഗത സ്ഥാനികര്‍ തന്നെ ജനങ്ങളെ ഭക്തി സാഗരത്തില്‍ ആറാടിച്ച്,  കുളിപ്പിച്ചു കിടത്താന്‍ സംവിധാനങ്ങളുണ്ട്. ഈ സംവിധാനത്തില്‍ നിന്നും ഒരു മോചനം ലഭിക്കാനുള്ള വസ്തുനിഷ്ഠ ചരിത്രബോധ മാണ് കമ്മ്യൂണിസ്റ്റ് ആശയക്കാരില്‍ നിന്നും സമൂഹം പ്രതീക്ഷിക്കുന്നത്.

കൃഷ്ണന്‍ ജാതി വിരുദ്ധരായ (അവര്‍ണ്ണര്‍) യാദവ കുലത്തിലെ ഒരു ജനകീയ ഗോത്രനേതാവിന്‍റെ മിത്തായ ദൈവ സംങ്കല്‍പ്പമാണെന്നും, കൃഷ്ണന് ബ്രാഹ്മണ ജാതീയ ഹിന്ദുമതത്തെക്കാള്‍ അടുപ്പം ജാതി വിരുദ്ധവും, നിരീശരവുമായ ബുദ്ധധര്‍മ്മത്തോടായിരുന്നെന്നും, അതിന്റെ പേരില്‍ അഹങ്കാരികളായ ക്ഷത്രിയ വംശമെന്നു വിശേഷിപ്പിച്ച് കൃഷ്ണന്‍റെ യാദവകുലത്തെ ഒന്നടങ്കം തമ്മിലടിപ്പിച്ച്  വംശഹത്യ ചെയ്യാന്‍ ബ്രാഹ്മണ ശാപം നിലവിലുണ്ടായിരുന്നെന്നും, ശ്രീ കൃഷ്ണനും ആ ശാപത്തിനിരയായി വാടകകൊലയാളിയായ ഒരു വേടനാല്‍ കൊല്ലപ്പെടുന്നതായി പുരാണേതിഹാസങ്ങളില്‍ കാണാമെന്നും പറയാനുള്ള സത്യസന്ധതയാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നും സമൂഹം പ്രതീക്ഷിക്കുന്നത്.  

അതിനു വിരുദ്ധമായി, പുരാണേതിഹാസങ്ങളില്‍ പ്രക്ഷിപ്തങ്ങള്‍ തിരുകികേറ്റിയും, കൃഷ്ണനെക്കുറിച്ച്  കീര്‍ത്തനങ്ങളും, ഗാഥകളും രചിച്ചുകൂട്ടിയും കൃഷ്ണനെ മഹാവിഷ്ണുവിന്റെ അവതാരമാക്കി ഉയര്‍ത്തുകയും, കൃഷ്ണന്‍റെ വിഗ്രഹത്തെ ഉപയോഗിച്ച് യാദവ കുലത്തിനു മുകളിലും ഇന്ത്യന്‍ ജനതയ്ക്ക് മുകളിലും ബ്രാഹ്മണ ആധിപത്യം അടിച്ചേല്‍പ്പിക്കാനും, ഇന്ത്യയെ ജാതീയതയുടെ ഭ്രാന്താലയമാക്കാനും കഴിഞ്ഞ ബ്രാഹ്മണ പൌരോഹിത്യത്തെപ്പോലെ സമൂഹത്തെ അടിമത്വത്തിലാഴ്ത്തുന്ന ഒരു ഭക്തി പ്രസ്ഥാനത്തിന്‍റെ ആവര്‍ത്തനം കമ്മ്യൂണിസ്റ്റുകളില്‍ നിന്നും ഉണ്ടാകരുതല്ലോ.

കൃഷ്ണനെയും കൃസ്തുവിനെയും  ആട്ടിടയരായ രണ്ടു ബാലന്മാരായും, മുഹമ്മദിനെ അറേബ്യയിലെ സാമൂഹ്യ പരിഷ്ക്കര്‍ത്താവായ  ഒരു ഗോത്ര നേതാവായും കാണാനും (യുക്തിവാദികളെപ്പോലെ പറയണമെന്നില്ല)  കരുത്തുണ്ടെങ്കില്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിക്ക് ഇതിഹാസങ്ങളിലെക്കൊക്കെ ദൈര്യമായി  പരകായ പ്രവേശം നടത്താം.

1500 വര്‍ഷക്കാലത്തിലേറെ പഴക്കമുള്ള ഇന്ത്യന്‍ പൌരോഹിത്യ മേധാവിത്ത്വവും അതിന്റെ ഫലമായുണ്ടായ ബ്രാഹ്മണ സവര്‍ണ്ണ ഹൈന്ദവ ഫാസിസവും മലീമസമാക്കിയ ഇന്ത്യന്‍ സാംസ്ക്കാരികതയെ ബ്രാഹ്മണികമായ ആചാര വിശ്വാസങ്ങളില്‍ നിന്നും സ്വതന്ത്രമാക്കി, മാനവികമായി നവീകരിക്കുക എന്നതാണ് പുരോഗമന ഇടതുപക്ഷ രാഷ്ട്രീയം ഉള്‍ക്കൊള്ളുന്ന എല്ലാ പാര്‍ട്ടികളുടെയും ചരിത്രപരമായ ദൌത്യം.  ജനങ്ങള്‍ക്ക്‌ മുന്നില്‍ ഇത് തുറന്നു പറഞ്ഞില്ലെങ്കിലും, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വത്തിലും, പ്രവത്തകര്‍ക്കിടയിലും ഈ ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ ധാരണ അനിവാര്യമാണ്.

ആത്മഹത്യാപരമായ വ്യതിയാനം
   
മുകളില്‍ പറഞ്ഞ ഒന്നും തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അജണ്ടയിലോ ചിന്തയിലോ ഇല്ലെങ്കിലും സമൂഹത്തിനു പ്രതീക്ഷ നല്‍കുന്നതാണ് നവ കേരള മാര്‍ച്ചിന്‍റെ അമ്പാടി മുക്കിലെ സഖാക്കളുടെ  പരസ്യപലകയിലെ ബ്രാഹ്മണ പുരാണേതിഹാസങ്ങളിലെ അര്‍ജ്ജുന കൃഷ്ണ രൂപങ്ങളില്‍ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ മുഖം വെട്ടി ഒട്ടിച്ച്കൊണ്ടുള്ള  ഡിജിറ്റല്‍ ആര്‍ട്ട് പരീക്ഷണം. സത്യസന്ധതയില്ലാത്ത ഒരു നിലപാടിന്‍റെ  പ്രചാരണ തന്ത്രത്തിന്റെ ഭാഗമായി നടത്തിയ വെറും തലമാറ്റലാണെങ്കില്‍ ആ പോസ്റര്‍ രചന തിരിഞ്ഞുകുത്തി പാര്‍ട്ടിയെ പരിക്കേല്‍പ്പിക്കുന്നതാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട. കാരണം ഇത് ചിത്രകല കൊണ്ടുള്ള കളിയാണ്. നാവു വഴുതിപ്പോയതാണെന്നു സാഹിത്യത്തില്‍ കളവു പറഞ്ഞു പിടിച്ചു നില്‍ക്കാം. എന്നാല്‍ സത്യാഭിമുഖ്യം കൂടുതലുള്ള ചിത്രകലയില്‍ അത് സാധ്യമല്ല.

അതുകൊണ്ടുതന്നെ, അമ്പാടിമുക്കിലെ സഖാക്കളുടെ  പോസ്റ്റര്‍ ആത്മഹത്യാപരമാകാനും ഇടയുണ്ട്. ബ്രാഹ്മണ സവര്‍ണ്ണ ഹൈന്ദവ ഫാസിസത്തിന്‍റെ ഈറ്റില്ലമായ ബീ.ജെ.പി.യിലേക്കുള്ള പ്രവേശന കവാടമായി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ രൂപാന്തരപ്പെടുത്തുന്ന ആത്മഹത്യാപരമായ കൂടുതല്‍ മുന്നോട്ടു നീങ്ങാന്‍ അത് ഇടവരുത്തും. കേരള രാഷ്ട്രീയ രംഗത്തെ അത് വളരെക്കാലത്തെക്ക് പ്രശന സംങ്കീര്‍ണമാക്കുമെങ്കിലും പുതിയ ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളുടെ ആവിര്‍ഭാവത്തിനു അത് ഇടം നല്‍കും എന്നതിനാല്‍ രാഷ്ട്രീയമായും സാമൂഹികമായും കേരളത്തെ സംബന്ധിച്ചു നല്ലതുതന്നെ ആണെന്നു പറയാം.

കേരള സമൂഹത്തില്‍ ഏറ്റവും ആത്മാര്‍ത്ഥതയും സത്യസന്ധതയുമുള്ള രാഷ്ട്രീയ അനുഭാവികളുള്ളത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലാണ് എന്നതിനാലും, കേരളത്തിന്റെ രാഷ്ട്രീയ ബോധം തന്നെ ഇടതുപക്ഷ അനുഭാവത്തില്‍ അധിഷ്ഠിതമായതിനാലും, സി.പി.ഐ. (എം.) പൌരോഹിത്യ താല്‍പ്പര്യങ്ങളുടെ ഭാണ്ടങ്ങളായ മിത്തുകളുടെ കള്ള ചരിത്രം തള്ളിക്കളഞ്ഞു വസ്തുനിഷ്ഠമായ ചരിത്രത്തെ കണ്ടെത്തി സ്വയം നവീകരിക്കാനും സമൂഹത്തെ നവീകരിക്കാനും ആ കരുത്തില്‍ ഇന്ത്യ മുഴുവന്‍ വളരാനും ഇടവരട്ടെ എന്ന് ചിത്രകാരന്‍ ആശിക്കുന്നു.


1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

1500 വര്‍ഷക്കാലത്തിലേറെ പഴക്കമുള്ള
ഇന്ത്യന്‍ പൌരോഹിത്യ മേധാവിത്ത്വവും അതിന്റെ
ഫലമായുണ്ടായ ബ്രാഹ്മണ സവര്‍ണ്ണ ഹൈന്ദവ ഫാസിസവും
മലീമസമാക്കിയ ഇന്ത്യന്‍ സാംസ്ക്കാരികതയെ ബ്രാഹ്മണികമായ
ആചാര വിശ്വാസങ്ങളില്‍ നിന്നും സ്വതന്ത്രമാക്കി, മാനവികമായി നവീകരിക്കുക
എന്നതാണ് പുരോഗമന ഇടതുപക്ഷ രാഷ്ട്രീയം ഉള്‍ക്കൊള്ളുന്ന എല്ലാ പാര്‍ട്ടികളുടെയും
ചരിത്രപരമായ ദൌത്യം. ജനങ്ങള്‍ക്ക്‌ മുന്നില്‍ ഇത് തുറന്നു പറഞ്ഞില്ലെങ്കിലും, കമ്മ്യൂണിസ്റ്റ്
പാര്‍ട്ടി നേതൃത്വത്തിലും, പ്രവത്തകര്‍ക്കിടയിലും ഈ ലക്ഷ്യത്തെക്കുറിച്ച് വ്യക്തമായ ധാരണ അനിവാര്യമാണ്.

Translate

Followers