Monday, February 19, 2018

വ്യാജ വാര്‍ത്തക്ക് എതിരെ പത്രാധിപര്‍ക്ക് ഒരു കത്ത്

പ്രിയപ്പെട്ട നാരദ പത്രാധിപരെ,

വളരെ വേദനയോടെ  പറയട്ടെ, 2018 ഫെബ്രുവരി ഒന്നിന് നാരദ ന്യൂസ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചതും  തോലില്‍ സുരേഷ് എഴുതിയതുമായ
"ഒരു സവര്‍ണ്ണ മൃത ദേഹത്തോടാണെങ്കില്‍ 
അവര്‍ അത് കാണിക്കില്ലായിരുന്നു" 
(കേരളത്തില്‍ ജാതിയുണ്ട്, എന്നെ അവര്‍ കൊല്ലാന്‍ വരെ നോക്കിയിട്ടുണ്ട് എന്ന ഉപ ശീര്‍ഷകമുള്ളത്)
എന്ന  വാര്‍ത്ത/ലേഖനം  വസ്തുതാപരമായി ഗുരുതരമായ  തെറ്റുകള്‍ ഉള്ളതും, സത്യത്തിനു നിരക്കാത്തതും, എനിക്ക് വ്യക്തിപരമായി അപകീര്‍ത്തികരവുമാണ്.

വലിയൊരുവിഭാഗത്തിന്‍റെ മനസ്സില്‍  എന്‍റെ ചിത്ര സമാഹാരമായ "അമണ" യുടെ കര്‍തൃത്വത്തെക്കുറിച്ച്  സംശയം ജനിപ്പിക്കുന്നതും, ഫലത്തില്‍, ഒരു 'തീവെട്ടി കൊള്ള' പോലെ നിന്ദ്യമായ കര്‍തൃത്വ അപഹരണ ശ്രമം നടത്തുന്നതുമാണ് നാരദയില്‍ ശ്രീ തോലില്‍ സുരേഷ് എഴുതിയിരിക്കുന്ന ലേഖനം എന്ന്‍ വ്യസനത്തോടെ അറിയിക്കട്ടെ !

നാരദയുടെ ഫെബ്രുവരി ഒന്നിലെ ലേഖനത്തില്‍ പറയുന്നത്,  ചിത്രകലയുമായി ബന്ധപ്പെട്ടു താന്‍  എഴുതിയ " ................ " എന്ന പുസ്തകം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് തനിക്കെതിരെ 2016 ല്‍  കൊലപാതക ശ്രമം നടന്നു എന്നാണ്.
കുറുക്കുവഴിയിലൂടെ പ്രശസ്തി ആഗ്രഹിക്കുന്ന ഒരുവന്‍റെ  എട്ടുകാലി മാമ്മൂഞ്ഞാകാനുള്ള നാണംകെട്ട ശ്രമമായി മാത്രമേ  ആ അവകാശവാദത്തെ കാണാനാകു.
 
                                                     
1 ) ഒന്നാമതായി ...

ടി. മുരളി എന്ന ഞാന്‍ എഴുതിയതും, എന്‍റെ 1990 മുതല്‍ 2015 ഡിസംബര്‍ വരെയുള്ള   35 ചിത്രങ്ങളുടെയും ചിത്ര വിവരണങ്ങളുടെയും  സമാഹാരവുമായ "അമണ" -ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ - എന്ന പുസ്തകത്തിന്‍റെ രചയിതാവ് താനാണെന്നുള്ള ശ്രീ തോലില്‍ സുരേഷിന്‍റെ അവകാശവാദം 100 %  പച്ചക്കള്ളവും ദുരുദ്ദേശപരവുമാണ്.

ഒരു  എട്ടുകാലി മമ്മൂഞ്ഞിനോളം തരംതാണ നിലവാരത്തിലുള്ളതാണ് തോലില്‍ സുരേഷിന്‍റെ  അവകാശവാദമെങ്കിലും  നാരദ ന്യൂസ് വായനക്കാരിലും ഫേസ് ബുക്ക് വായനക്കാര്‍ക്കിടയിലും പ്രസ്തുത വാര്‍ത്തയിലൂടെ എനിക്കെതിരെയും 'അമണ' എന്ന എന്‍റെ പുസ്തകത്തിനെതിരെയും  തെറ്റിദ്ധാരണ ജനിപ്പിക്കാന്‍ നാരദയിലെ  തെറ്റായ വാര്‍ത്തക്ക് കഴിയുമെന്നു ഞാന്‍  മനസ്സിലാക്കുന്നു.

ഡോ. എ.ടി.മോഹന്‍രാജ് , ഡോ. അജയ് എസ്. ശേഖര്‍ , പ്രശസ്ത മനുഷ്യാവകാശ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനുമായ ബി.ആര്‍. പി. ഭാസ്ക്കര്‍  എന്നീ മൂന്നു പ്രഗത്ഭ വ്യക്തികളുടെ  ചിത്ര പഠന ലേഖനങ്ങള്‍ മാത്രമേ 'അമണ'യില്‍ എന്‍റെതല്ലാത്ത  ഉള്ളടക്കമായി ഉള്ളു.

മാത്രമല്ല, അമണ പുസ്തകത്തിന്‍റെയോ ചിത്രങ്ങളുടെയോ  കോപ്പി റൈറ്റ് ഞാന്‍ ആര്‍ക്കും കൈമാറിയിട്ടില്ല. ഗ്രന്ഥ രചയിതാവായ എന്‍റെ പേരില്‍ തന്നെയാണ് പകര്‍പ്പാവകാശം പ്രിന്‍റു ചെയ്തിരിക്കുന്നതും. അങ്ങനെയിരിക്കെ, തോലില്‍ സുരേഷ് 'അമണ' എന്ന എന്‍റെ പുസ്തകത്തിന്‍റെ ഗ്രന്ഥ കര്‍ത്താവായി സ്വയം അവകാശപ്രഖ്യാപനം നടത്തുന്നത് എനിക്ക് മാത്രമല്ല, താങ്കളുടെ നാരദ ന്യൂസിന്‍റെ  വിശ്വസ്യതയെയും കളങ്കപ്പെടുത്തുന്ന കുറ്റകൃത്യമാണ്.നാരദ ന്യൂസ് പോര്‍ട്ടലില്‍ സുരേഷ്  എഴുതിയ
ലേഖനത്തിലെ വ്യാജ അവകാശ വാദങ്ങള്‍ 
ഇമേജില്‍ ക്ലിക്ക് ചെയ്ത് വലുതാക്കി വായിക്കാം 2) രണ്ടാമതായി...

എന്‍റെ  'അമണ' ചിത്ര സമാഹാര പുസ്തകം പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് ശ്രീമാന്‍ തോലില്‍ സുരേഷിന് എതിരെ 2016 ല്‍ കൊലപാതക ശ്രമമുണ്ടായി എന്ന നാരദ  വാര്‍ത്ത എന്‍റെ അറിവിനും മനസാക്ഷിക്കും അനുസരിച്ച് വിശ്വാസയോഗ്യമല്ല. കാരണം, ആ 'നാടകം' അയാള്‍  അനര്‍ഹമായ പ്രശസ്തി നേടിയെടുക്കാന്‍  വേണ്ടി നടത്തിയ  നിന്ദ്യമായ പ്രചാരണ കൌശലമായെ എനിക്ക് ബോധ്യപ്പെട്ടിട്ടുള്ളു.

ഏതാണ്ട് രണ്ടു വര്ഷം മുന്‍പ്, അതായത്,  2016 മാര്‍ച്ച് അവസാന വാരത്തിലെ  ഒരു പാതിരാത്രി ഗുണ്ടാ ആക്രമണ സംഭവം /വധ ശ്രമം  (?) നടന്നതിന്‍റെ തൊട്ടടുത്ത ദിവസം വൈകുന്നേരം ആക്രമണത്തില്‍ പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്ന ശ്രീ തോലില്‍ സുരേഷിനെ ഞാന്‍ നേരില്‍ പോയി കണ്ടിട്ടുണ്ട്.
നാരദ ലേഖനത്തില്‍ സുരേഷ് എഴുതി പൊലിപ്പിച്ച മാരകായുധങ്ങളായ ഇരുമ്പ് വടി, കൊടുവാള് തുടങ്ങിയവ കൊണ്ടുള്ള 'തലോടലിന്‍റെ' അവശതയൊന്നും  എനിക്ക് അന്ന്  കാണാനായിട്ടില്ല.

നാരദയില്‍ സുരേഷ്  പറഞ്ഞിരിക്കുന്ന വാചകം ഇതാണ് : " എന്‍റെ മകളുടെ മുന്നില്‍ വച്ചു ഇരുമ്പ് വടികള്‍ കൊണ്ട് അടിക്കുകയും, വാളുകൊണ്ട് വെട്ടുകയും ചെയ്തു."

മൂന്നു ഗുണ്ടകളുടെ നേതൃത്വത്തില്‍ ഇത്രയും മനുഷ്യപ്പറ്റില്ലാത്ത ഇരുമ്പ് വടി ദണ്ടനവും വാളുകൊണ്ടുള്ള വെട്ടുകളും ശരീരത്തില്‍ ഏറ്റുവാങ്ങിയ സുരേഷ്  തുണികൊണ്ടുള്ള ഒരു ബാന്‍ടെജുപോലുമില്ലാതെ ആശുപത്രി കട്ടിലില്‍  ശരീരം തടവി  ഇരിക്കുന്നതാണ് ഞാന്‍ കണ്ടത്. പരിക്ക്, ഷര്‍ട്ടിനകത്തുള്ള ഏതോ അജ്ഞാത സ്ഥലത്ത് ഉണ്ടെന്നു മാത്രം ഗ്രഹിച്ചു. അന്യന്‍റെ സ്വകാര്യത ബഹുമാനിക്കണമല്ലോ !! രഹസ്യ സ്വഭാവമുള്ള ഇരുമ്പുവടി -വാള്‍ പ്രയോഗ  പരിക്ക് നിര്‍ബന്ധിച്ച്  നേരില്‍ കാണാന്‍ ഞാനും കൂടുതല്‍ ഉത്സാഹിച്ചില്ല. എന്‍റെ അമണ പുസ്തകം വില്ക്കാമെന്നേറ്റ ഒരു ബുക്ക് സ്റ്റാള്‍ ഉടമയായതിനാല്‍  സഹതാപം പ്രകടിപ്പിച്ചു. "അമണ" പുസ്തകത്തിലെ ഉള്ളടക്കം  കാരണമുണ്ടായ സംഘി  ആക്രമണമാണ് എന്ന്‍ സുരേഷ് ആവര്‍ത്തിച്ചു കൊണ്ടിരുന്നതിനാല്‍ ,   ദയവായി അമണ പുസ്തകവുമായി ഈ മര്‍ദ്ദന ആരോപണത്തെ ബന്ധപ്പെടുത്തരുതെന്ന്‍ അന്ന് അയാളോട് അഭ്യര്‍ത്ഥിച്ചു.

അക്രമം നടന്നതായി പറയുന്ന ദിവസത്തിന്‍റെ മൂന്നാല് ദിവസം മുന്‍പ്
അമണ പുസ്തകത്തിന്‍റെ കുറച്ചു കോപ്പികള്‍ (മൂന്നു ബണ്ടിലുകളിലായി 180 എണ്ണം.)  ഞാന്‍ വില്‍ക്കാനായി സുരേഷിന്‍റെ കാലിക്കറ്റ് യൂണിവേഴ്സിറ്റിക്കടുത്ത പുസ്തക കടയില്‍ എത്തിച്ചു  കൊടുത്തിട്ടുണ്ട്. (അതില്‍ ഒരു കോപ്പി പോലും അക്രമ സംഭവം നടന്നെന്നു പറയുന്ന ദിവസത്തിനിടക്ക്  വിറ്റ്‌ പോയിട്ടുമില്ല.) ആ  ഒരൊറ്റ വസ്തുതയെ മാത്രം  ബന്ധപ്പെടുത്തി സുരേഷിന്‍റെ വാടക വീട്ടില്‍ നടന്ന (ബുക്ക് സ്റ്റാളിലല്ല എന്ന് പ്രത്യേകം ശ്രദ്ധിക്കുക.) ഏതോ ഒരു വ്യക്തിഗത  തര്‍ക്കത്തിന്‍റെയോ വഴക്കിന്‍റെയോ വിഴുപ്പ് എന്‍റെ 'അമണ' പുസ്തകത്തിനു മുകളില്‍ കയറ്റി വെക്കുന്നതും അതിന്‍റെ പേരില്‍ ജീവിക്കുന്ന  രക്തസാക്ഷിയായി സ്വയം അവരോധിതന്‍ ആകുന്നതുമായ   അയാളുടെ  ശ്രമം ലജ്ജാകരമാണ് എന്നെ പറയാനാകു.

പുതിയൊരു പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ ഒരു വിവാദം ഉണ്ടാകുന്നത് പുസ്തക വില്‍പ്പനയെ സംബന്ധിച്ച് നല്ലതാണെന്നറിയാം. പക്ഷെ, ആ വിവാദം വ്യാജമായി നിര്‍മ്മിച്ചെടുക്കുന്നതാകരുത് എന്ന് എനിക്ക്  നിര്‍ബന്ധം ഉണ്ട്. പുസ്തകം വില്‍ക്കുന്ന ബുക്ക് സ്റ്റാള്‍ ഉടമകളാരെങ്കിലും തങ്ങളുടെ   വ്യക്തിഗതമായ പ്രശ്നത്തിന്‍റെ  പേരിലുള്ള ഒരു അക്രമത്തെ വഴിതിരിച്ച് എന്‍റെ പുസ്തകവുമായി ബന്ധപ്പെട്ട  വിവാദമാക്കുന്നത് കൊടിയ അക്രമവുമാണ്.

ഒരു വിവാദവും ഇല്ലാതെ തന്നെ 2016 മാര്‍ച്ചില്‍ പ്രിന്‍റു ചെയ്ത  അമണ പുസ്തകത്തിന്‍റെ ആയിരം കോപ്പിയില്‍ ഇപ്പോള്‍  കഷ്ടി നൂറോളം കോപ്പിയെ എന്‍റെ കൈവശം ശേഷിപ്പുള്ളു.

ഇനി അമണ പുസ്തകത്തിന്‍റെ പേരില്‍ വെട്ടോ കുത്തോ വധമോ നടന്നാലേ എന്‍റെ പുസ്തകം വില്‍ക്കപ്പെടൂ എന്ന് പുസ്തകത്തിന്‍റെയും അതിലെ ഉള്ളടക്കത്തിന്‍റെയും ഒറിജിനല്‍ അച്ഛനായ എനിക്ക് തോന്നുന്ന പക്ഷം  ഞാന്‍ തന്നെ അതിനായി വല്ല കഥകളി സംഘത്തിനും കൊട്ടേഷന്‍ കൊടുത്തോളാം. സുരേഷും, സുരേഷിന്‍റെ പുസ്തക കടയും ഇങ്ങനെ വ്യാജമായ  വധശ്രമ  ത്യാഗ വാര്‍ത്തകള്‍  രചിച്ച് ഓണ്‍ ലൈന്‍ പത്രങ്ങളെയും പ്രാദേശിക പത്രങ്ങളെയും കഷ്ടപ്പെടുത്തെണ്ടതില്ല.
 
അമണ പ്രസിദ്ധീകരണം

കേരളത്തിലുടനീളമായി പതിനെട്ടോളം ചിത്ര പ്രദര്‍ശനങ്ങളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട എന്‍റെ  35 ചിത്രങ്ങളും ഞാന്‍ എഴുതിയ  വിവരണങ്ങളുമാണ് "അമണ"യിലെ ഉള്ളടക്കം. 2014ന്‍റെ  തുടക്കം  മുതല്‍ തന്നെ  ചിത്ര പ്രദര്‍ശനത്തോടൊപ്പം പ്രിന്‍റു ചെയ്ത  ചിത്ര വിവരണവും ആര്‍ട്ട് ഗ്യാലറികളില്‍ ചിത്രത്തോടൊപ്പം   പ്രദര്‍ശിപ്പിക്കാന്‍ ഞാന്‍  തുടങ്ങിയിരുന്നു. അതിനാല്‍  എന്‍റെ ചിത്ര സമാഹാരമായ "അമണ" പുസ്തകത്തിന്‍റെ പ്രസിദ്ധീകരണ ജോലി എന്നത് ടെക്സ്റ്റ് ഫയലുകള്‍ പേജ് മേക്കര്‍  പുസ്തക ലെ-ഔട്ടിലെക്ക് മാറ്റുക എന്ന വെറും സാങ്കേതിക ജോലി മാത്രമായിരുന്നു.

സാമൂഹ്യ ചരിത്രം പഠിക്കുകയും വരക്കുകയും ചെയ്യുന്നതിന്‍റെ ഭാഗമായുണ്ടായ ദളിത സ്നേഹമാണ് കാലിക്കറ്റ് യൂനിവേഴ്സിറ്റിക്ക് സമീപം മുദ്ര ബുക്സ് എന്ന പേരില്‍ പുസ്തക കട നടത്തുന്ന  ശ്രീ. സുരേഷുമായി ബന്ധപ്പെടുത്തുന്നത്. (ഒരു ദളിത്‌ കവിയാണ്‌ ഇയാളെ പരിചയപ്പെടുത്തുന്നത്).  ആദ്യമായി പുസ്തകം പ്രസിദ്ധീകരിക്കുമ്പോള്‍ പുസ്തകത്തില്‍  ഒരു പബ്ലിഷറുടെ പേര് വേണമല്ലോ എന്നതുകൊണ്ട്‌ മാത്രം സുരേഷിന്‍റെ അനുവാദത്തോടെ  മുദ്ര ബുക്സ് എന്ന് പേര് വച്ചതാണ്. ആ ഉപകാരത്തിനു ബദലായി കവര്‍ ഡിസൈന്‍ ക്രെഡിറ്റും അയാള്‍ക്ക്‌  നല്‍കി. "അമണ"പുസ്തകം പബ്ലിഷു ചെയ്യാനുള്ള സാമ്പത്തിക  ചിലവുകള്‍ക്ക് ആരോടും എനിക്ക്  കടപ്പാടില്ല.


ആര്‍ട്ടിസ്റ്റ് അശാന്തന്‍റെ മൃദദേഹ വിവാദത്തിന്‍റെ 
ചിലവില്‍ ഒരു രക്തസാക്ഷി വേഷം കെട്ടല്‍ !! 

ഇയ്യിടെ അന്തരിച്ച തനതായ കഴിവുകളുള്ള നന്മനിറഞ്ഞ ഒരു   ചിത്രകാരനായിരുന്ന അശാന്തന്‍ (മഹേഷ്‌) മാഷിന്‍റെ മൃതദേഹം  കൊച്ചി ദര്‍ബാര്‍ ഹാളിന്‍റെ  മുറ്റത്ത് പൊതു  പ്രദര്‍ശനത്തിനു വെക്കാന്‍  ശ്രമിച്ചപ്പോള്‍ തൊട്ടടുത്ത അമ്പല കമ്മിറ്റിക്കാര്‍ ഗുണ്ടകളെപ്പോലെ ഗ്യാലറി മുറ്റത്ത് അഴിഞ്ഞാടിയതിനെ തുടര്‍ന്നു ഉയര്‍ന്നു വന്ന  വിവാദത്തിന്‍റെ കാറ്റില്‍ ബുദ്ധിപൂര്‍വ്വം തന്‍റെ  ദളിത്‌ രക്തസാക്ഷിത്വ കഥ  വീണ്ടും തൂറ്റാനിറങ്ങിയ ശ്രീ. തോലില്‍ സുരേഷ് ദളിത്‌ രാഷ്ട്രീയത്തെതന്നെ അസ്ലീലമാക്കുന്നു എന്ന് പറയേണ്ടി വന്നിരിക്കുന്നു.

സുഹൃത്തിന് നന്ദി

നാരദയില്‍ ഈ വാര്‍ത്ത വായിച്ചു കണ്ഫ്യൂഷനായ കേരളത്തിനു പുറത്തുള്ള  ഒരു സുഹൃത്ത്  നാലഞ്ചു ദിവസം മുന്‍പ് എന്നെ നേരില്‍ വിളിച്ച്  സുരേഷ് എന്‍റെ അമണ പുസ്തകത്തിന്‍റെ കര്‍തൃത്വം അവകാശപ്പെട്ടത് ശ്രദ്ധയില്‍പ്പെടുത്തിയിരുന്നില്ലെങ്കില്‍ ഞാന്‍ ഈ തട്ടിപ്പ്  അറിയില്ലായിരുന്നു. ഈ കത്ത് നാരദ എഡിറ്റര്‍ക്ക് എഴുതാനും ഇടവരില്ലായിരുന്നു. ആ സുഹൃത്തിന് നന്ദി.
എന്‍റെ 35 ചിത്രങ്ങളുടെയും ചിത്ര വിവരണങ്ങളുടെയും
സമാഹാരമായ "അമണ" പുസ്തകം.

ചിത്രകാരന്‍ ടി.മുരളി എന്ന ഞാന്‍ അന്വേഷിച്ചും, ചിന്തിച്ചും, വരച്ചും, യാത്രചെയ്തും, എഴുതിയും, പ്രദര്‍ശിപ്പിച്ച്ചും രചിച്ചെടുത്ത എന്‍റെ  കലാ സമാഹാരമായ "അമണ" -ചരിത്രത്തിലില്ലാത്ത ചിത്രങ്ങള്‍ എന്ന പുസ്തകം ആര്‍ക്കും അത്ര വേഗത്തില്‍ മോഷ്ടിക്കാനാകുന്ന സംഭവമല്ല.

എന്നാല്‍, വിവാദ പുകമറയുടെ മാത്രം സഹായത്തോടെ  രക്തസാക്ഷികളും, ചിത്രകാരന്മാരും, എഴുത്തുകാരും, സെലിബ്രിട്ടികളും ആകാന്‍ കച്ചകെട്ടി ഇറങ്ങുന്ന അതി വെളവന്മാരെ ഇതൊന്നും അലട്ടുന്നില്ല.  നാരദയെപ്പോലുള്ള ന്യൂസ് പോര്‍ട്ടലുകളും, പ്രസിദ്ധീകരനങ്ങളും ജാഗ്രത കാണിച്ചാല്‍ നന്നായിരുന്നു.
ഈ വിഷയത്തില്‍ നാരദ പത്രാധിപ സമിതി  അവരുടെ മാധ്യമ  സത്യസന്ധതക്കനുസരിച്ച പരിഹാര നടപടികള്‍ സ്വീകരിക്കും എന്നു പ്രതീക്ഷിക്കുന്നു.

എന്ന്,
സ്നേഹാദരങ്ങളോടെ,

മുരളി ടി.
(ചിത്രകാരന്‍)
കക്കാട് (Post)
കണ്ണൂര്‍-670005

19-02-2018.

ലിങ്കുകള്‍

1)  തെറ്റായ വാര്‍ത്ത പ്രസിദ്ധീകരിച്ച നാരദ ന്യൂസ് തങ്ങളുടെ 20 ദിവസം പഴക്കമുള്ള വാര്‍ത്തയില്‍ നിന്നും തെറ്റായ ഭാഗം 20.02.2018നു തെളിവ് നശിപ്പിച്ച് കൊണ്ട് നീക്കം ചെയ്തതിനാല്‍ മുകളില്‍ കൊടുത്ത  സ്ക്രീന്‍ ഷോട്ട് ന്യൂസില്‍ മാത്രമേ തെളിവ് നിലനില്‍ക്കുന്നുള്ളു. നാരദ ന്യൂസ് ക്ഷമാപണം നടത്തിക്കൊണ്ടു പ്രസിദ്ധീകരിച്ച തിരുത്ത് പോസ്റ്റില്‍ എല്ലാം വിവരിച്ചിട്ടുണ്ട്.     നാരദ ന്യൂസ് തിരുത്ത്/ക്ഷമാപണ ലിങ്ക്.

2) ചിത്രകാരന്‍റെ ഫേസ് ബുക്ക് പോസ്റ്റ്‌ ലിങ്ക് (20.02.2018) 

3) ചിത്രകാരന്‍റെ ഫേസ് ബുക്ക് പോസ്റ്റ്‌ ലിങ്ക് (21.02.2018) 

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

എല്ലാം വായിച്ചു ...
ഭായിക്ക് അനുകൂലമായി എല്ലാം ശരിയായല്ലോ അല്ലെ