Tuesday, July 5, 2011

തുമ്പിയുടെ വിശ്വാസം

രാത്രിയില്‍ വഴിതെറ്റിവന്ന ഒരു തുമ്പി
പകലിലേക്കുള്ള വാതിലന്വേഷിച്ച്
ട്യൂബ് ലൈറ്റിന്റെ ചില്ലുപാളിയില്‍
മുട്ടി ബഹളമുണ്ടാക്കുന്നു.

വെളിച്ചത്തോടുള്ള അന്ധമായ അഭിനിവേശം
ജീവകോശങ്ങളില്‍ എഴുതിവച്ച
പ്രകൃതിയുടെ വിഢിത്തങ്ങളില്‍ വിശ്വസിച്ച്
എരിഞ്ഞൊടുങ്ങുന്ന പ്രാണികളെത്ര !!!

Saturday, July 2, 2011

പൈതൃക നിധികളും ജനാധിപത്യ പ്രസ്ഥാനങ്ങളും

നമ്മുടെ ജാനാധിപത്യ പ്രസ്ഥാനങ്ങാളായാലും, സാംസ്ക്കാരിക സംഘടനകളായാലും, ജാതി സംഘടനകളായാലും,വിവിധ മതസംഘടനകളായാലും,സര്‍ക്കാരായാലും, കോടതികളായാലും അവയുടെ കാഴ്ച്ചപ്പാട് ഇന്ത്യയിലെ സവര്‍ണ്ണ സാംസ്ക്കാരിക വ്യവസ്ഥിതിയുടെതാണ്. ഇത്രയും കാലമായും ജനാധിപത്യപരമായ ഒരു കാഴ്ച്ചപ്പാട് വികസിപ്പിക്കുന്നതില്‍ നമ്മുടെ പുരോഗമന പ്രസ്ഥാനങ്ങള്‍ക്കുപോലും വ്യക്തമായ ദിശാബോധം ഇല്ലെന്നുപറായാം.

ജനാധിപത്യപരമായ കാഴ്ച്ചപ്പാട് കൂലിയുടെയും വേലയുടെയും കാര്യത്തിനപ്പുറം ജനങ്ങളുടെ രാഷ്ട്രീയമായി, പൌരബോധമായി വളരാന്‍ നമ്മളാരും ഇതുവരെ ചിന്തിക്കാന്‍ മെനക്കെട്ടിട്ടില്ല. സയിപ്പന്മാരുടെ ചിന്തകളെ വ്യാഖ്യാനിച്ച് ഉപജീവിച്ചുപൊകുന്ന കേവലം പരിഭാഷകരായ വ്യാജ ചിന്തകരും, ബുദ്ധിജീവികളും നമുക്ക് രാഷ്ട്രീയമായി പാന്റും കോട്ടും അണിയിച്ചു തന്നു എന്നതിനപ്പുറം നമ്മുടെ ജനാധിപത്യപരമായ പൊതുശരീരത്തെ കാണാനുള്ള കണ്ണുകളുള്ളവരായിരുന്നില്ല അവരുടെ ഇറക്കുമതി ചെയ്ത ചിന്തകള്‍. അതുകൊണ്ടുതന്നെ നമ്മുടെ നാട്ടിലെ ഹൈന്ദവമല്ലാത്ത (സവര്‍ണ്ണമല്ലാത്ത)മുസ്ലീം, കൃസ്ത്യന്‍ മത സംഘടാനകള്‍ അവരുടെ മത സമൂഹത്തെ നോക്കിക്കാണുന്നത് പോലും ഹൈന്ദവ സമൂഹത്തിലെ അന്യ മതങ്ങള്‍ എന്ന സവര്‍ണ്ണ സാംസ്ക്കാരിക കാഴ്ച്ചപ്പാടിലൂടെയാണ്. ഇതിനൊരറുതിവരുത്താന്‍ എല്ലാവരേയും തുല്യ മനുഷ്യരായി കാണുന്ന മതേതര ജനാധിപത്യത്തിന്റെ കണ്ണുകള്‍ വികസിപ്പിക്കേണ്ടതായിരുന്നു. എന്നാല്‍ അതിനു പകരം എല്ല മത വിശ്വാസങ്ങളേയും തുല്യതയോടെ കണ്ടാല്‍ പ്രശ്നം തല പുകച്ചു ചിന്തിക്കാതെ എളുപ്പത്തില്‍ പരിഹരിക്കാമെന്ന മുട്ടു ന്യായമാണ് നമ്മുടെ പുരോഗമന പ്രസ്ഥാനങ്ങള്‍ കണ്ടെത്തിയത്. അതിന്റെ ഫലമായി, സമൂഹത്തിലെ എന്തു സംഭവ വികാസത്തേയും മതത്തിന്റേയും ജാതിയുടെയും ആഭ്യന്തര പ്രശ്നമായി കണ്ട് ഒഴിഞ്ഞുമാറി നിന്ന് മറ്റേതെങ്കിലും അന്താരാഷ്റ്റ്ര പ്രശ്നത്തെക്കുറിച്ച് ചര്‍ച്ചചെയ്ത് സ്വന്തം വീട്ടിലെ പശ്ചത്തല സംഗീതമായ ചീവീടുകളായി മാറാന്‍ പുരോഗമന ജനാധിപത്യ വിശ്വാസികള്‍ക്ക് യോഗമുണ്ടായിരിക്കുന്നു !

ഭരണത്തിലെ അഴിമതിയുടെ വീതവും, കൈക്കൂലിയും, തൊഴിലാളി പ്രശ്നങ്ങളും,വ്യക്തി സ്വാതന്ത്ര്യത്തിനിടമില്ലാത്ത സദാചാരവും മാത്രമായിരിക്കുന്നു പുരോഗമന വാദികളുടെ സ്ഥിരം ചര്‍ച്ചാവിഷയങ്ങള്‍ !!! മറ്റു സാമൂഹ്യ സാംസ്ക്കാരിക വിഷയങ്ങളിലൊന്നും അവര്‍ക്ക് താല്‍പ്പര്യമില്ല. അല്ലെങ്കില്‍ എന്തു ചെയ്യണമെന്ന നിലപാടുകളില്ല. തിരുവനന്തപുരത്തെ പുരാതനമായ പത്മനാഭക്ഷേത്രത്തിലെ രഹസ്യ അറകളില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണവും,രത്നങ്ങളും,വജ്രങ്ങളും,നാണയങ്ങളും,വിഗ്രഹങ്ങളും,പുരാവസ്തു പ്രാധന്യമുള്ള മറ്റു വസ്തുവഹകളും പത്ര വാര്‍ത്തകണ്ടു പന്തം കണ്ട പെരുച്ചാഴിയെപ്പോലെ നോക്കി നില്‍ക്കുക എന്നല്ലാതെ ആ നിധിശേഖരത്തെക്കുറിച്ച് തങ്ങളുടെ നിലപാടെന്താണെന്നറിയിക്കാന്‍ നമ്മുടെ പുരോഗമന പ്രസ്ഥാനക്കാര്‍ക്കൊ, ജനാധിപത്യവാദികള്‍ക്കൊ,ഇതര മത സംഘടനകള്‍ക്കോ ഒന്നും സാധിക്കുന്നില്ലെന്നു മാത്രമല്ല, കോലോത്ത് എണ്ണ കടം വാങ്ങാന്‍ ചെന്ന ദരിദ്രവാസിയായ വേലക്കാരന്റെ/അടിമയുടെ നാട്യത്തില്‍ നില്‍ക്കാനേ പുരോഗമന ജനാധിപത്യ പ്രസ്ഥാനങ്ങള്‍ക്കകുന്നുള്ളു. തങ്ങള്‍ ഹിന്ദുമതക്കാരാണെന്ന് വിശ്വസിക്കുന്ന ഭൂരിപക്ഷ ജനതയായ അവര്‍ണ്ണരുടെ സംഘടന നേതാക്കള്‍ക്കോ അവരുടെ സാംസ്ക്കാരിക നായകര്‍ക്കോ ആര്‍ക്കും തന്നെ നാവനക്കാന്‍ നിലപാട് അറിയിക്കുന്ന സിഗ്നലുകളൊന്നും മസ്തിഷ്ക്കത്തില്‍ നിന്നും പുറപ്പെടുന്നില്ല !!! ദയനീയമാണ് ഇവരുടെ പിന്നോക്കാവസ്ഥയുടെ കാര്യം ; ബുദ്ധി മാന്ദ്യമോ അടിമത്വത്തിന്റെ തഴമ്പോ ഇത് !!!

യുക്തിവാദി-നിരീശ്വര സംഘങ്ങള്‍ ഗരുടന്‍ തൂക്കം, സായിബാബ മാജിക്ക് , കണ്‍കെട്ട്,നാടന്‍ ആള്‍ദൈവം(പ്രഫഷണല്‍ ആള്‍ദൈവങ്ങളെ വിമര്‍ശിക്കാനുള്ള കോപ്പില്ല) തുടങ്ങിയ ലൊട്ടുലൊടുക്ക് വിശ്വാസ തട്ടിപ്പുകള്‍ക്കപ്പുറത്തേക്ക് തങ്ങളുടെ സാംസ്ക്കാരിക സാമൂഹിക പ്രവര്‍ത്തനം വ്യാപിപ്പിക്കാറില്ല. പ്രത്യേകിച്ച് പണം, അധികാരം എന്നീ വിഷയങ്ങളില്‍ കൈകള്‍ ശുദ്ധിയോടെ ഇരിക്കണമെങ്കില്‍ ഭരണവര്‍ഗ്ഗത്തിന്റെ പ്രശ്ണങ്ങളില്‍ ഇടപെട്ടുകൂടല്ലോ !!!

പത്മനാഭ ക്ഷേത്രത്തില്‍ ഒളിപ്പിച്ചു സൂക്ഷിച്ചിരിക്കുന്ന സമ്പത്ത് ഈശ്വരവിശ്വാസവുമായി ബന്ധപ്പെട്ട അവിഭാജ്യ ഘടകമൊന്നുമല്ലെന്ന് എല്ലാവര്‍ക്കും മനസ്സിലാക്കാവുന്നതേയുള്ളു. ഇത്രയും കനത്ത സ്വത്ത് ഉണ്ടായതുകൊണ്ടൊന്നുമല്ല പത്മനാഭേട്ടനെ കാണാന്‍ അവിടെ ഭക്ത ജനങ്ങള്‍ വന്നുകൊണ്ടിരുന്നത്. കിരാതമായ രാജഭരണത്തിലൂടെ സംഭരിച്ച ജനങ്ങളുടെ സ്വത്തുതന്നെയാണ് പത്മനാഭക്ഷേത്രത്തില്‍ ഇപ്പോള്‍ വെളിപ്പെട്ടിരിക്കുന്ന നിധി ശേഖരം. അലക്കു കല്ലിനും,തെങ്ങില്‍ കയറുന്ന തളപ്പിനും, ചെറിയൊരു മത്സ്യബന്ധന വലക്കുപോലും ഗുണ്ടാപിരിവുപോലുള്ള നികുതികള്‍ ചുമത്തി ജനങ്ങളില്‍ നിന്നും പിടിച്ചു പറിച്ചെടുത്ത സ്വത്താണ് ആ നിധി. ശൂദ്രന്മാരും(നായര്‍) ബ്രാഹ്മണരുമല്ലാത്ത എല്ലാ ജനങ്ങളില്‍ നിന്നും മുലക്കരം പൊലും പിരിച്ചെടുത്തുണ്ടാക്കിയ മുതല്‍ !! സ്വന്തം പണം കൊണ്ട് ഒരു മുക്കുത്തിപോലും പണിയിച്ച് അവര്‍ണ്ണര്‍ക്ക് ധരിക്കാന്‍ പാടില്ലെന്ന് വ്യവസ്ഥയുണ്ടാക്കി ആനക്കും, വിഗ്രഹത്തിനും, അണിയാന്‍ സ്വര്‍ണ്ണ അരഞ്ഞാണങ്ങള്‍ തീര്‍ത്ത രാജാക്കന്മാര്‍ പിര്‍ണ്ണിയിട്ട് ഉണ്ടാക്കിയതൊന്നുമല്ല ആ ധനം. ജനം അദ്ധ്വാനിച്ചതു കാടന്‍ ഭരണ സമ്പ്രദായങ്ങളിലൂടെ മനുഷ്യത്വ രഹിതമായി പിടിച്ചു പറിച്ചെടുത്തതാണ്. അഥവ അല്ലെങ്കില്‍ പോലും രാജ ഭരണം അവസാനിച്ച നിലക്ക് നിധിശേഖരങ്ങള്‍ കണ്ടെടുക്കപ്പെടുമ്പോള്‍ അതിന്റെ പുരാവസ്തു പ്രാധാന്യവും ചരിത്ര മൂല്യവും കണാക്കാക്കി അവ സര്‍ക്കാര്‍ ഏറ്റെടുത്ത് ഡിജിറ്റല്‍ ഫോറ്മാറ്റില്‍ എല്ലാം രേഖപ്പെടുത്തി വക്കുകയും(ഫോട്ടോ,വീഡിയോ), മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കാനുള്ള സാമ്പിളുകള്‍ നീക്കിവച്ചതിനു ശേഷം നിധി ഏറ്റവും ഉയര്‍ന്ന ലേലം ചെയ്ത് (പുരാവസ്തുക്കളെന്ന നിലയില്‍ ലേലം ചെയ്ത്)രാഷ്ട്ര പുരോഗതിക്കാവശ്യമായ ധനം കണ്ടെത്തുകയാണു വേണ്ടത്. സ്കൂളുകളും, കോളേജുകളും, റിസര്‍ച്ച് സെന്ററുകളും, നല്ല അഴുക്കു ചാലുകളും, ടൊയ്ലറ്റുകളും, ആധുനിക രീതിയില്‍ ഡിസൈന്‍ ചെയ്ത നഗരങ്ങളും നിര്‍മ്മിക്കാന്‍ ആ ധനം ഉപയോഗിക്കാവുന്നതാണ്. കാരണം, അതു എല്ല ജനങ്ങളുടേയും സ്വത്താണ്. ജാതി മത ഭേദമെന്യേ എല്ലാവര്‍ക്കും അവകാശപ്പെട്ടത്. ബ്രാഹ്മണരുടെ സവര്‍ണ്ണ വ്യവസ്ഥിതിയോടുള്ള എതിര്‍പ്പിനെത്തുടര്‍ന്ന് കൃസ്തുമതമോ, ഇസ്ലാം മതമോ സ്വീകരിച്ചവരായവര്‍ക്കും തീര്‍ച്ചയായും തിരുവനന്തപുരം പത്മനാഭക്ഷേത്രത്തിലെ നിധി നിക്ഷേപത്തില്‍ മറ്റേതൊരു ഹൈന്ദവ വിശ്വാസിയേയും പോലെ അവകാശമുണ്ട്. തിരുവിതാം കൂറില്‍ റോഡുകളും,പാലങ്ങളും,ക്ഷേത്രങ്ങളും,കൊട്ടാരങ്ങളും പണിയാന്‍ ഈഴവരേയും, സുറിയാനി കൃസ്ത്യാനികലേയും അടക്കം എല്ലാ അവര്‍ണ്ണ ജനവിഭാഗങ്ങളേയും ഊഴിയമായി നിര്‍ബന്ധിത അടിമപ്പണി ചെയ്യിപ്പിച്ചിരുന്നു എന്നോര്‍ക്കണം. അതെല്ലാം മറന്ന് ഈ സ്വത്ത് വിശ്വസികള്‍ക്ക് വിടുന്നു എന്നു പറഞ്ഞ് മിണ്ടാതിരുന്നാല്‍ സവര്‍ണ്ണ വര്‍ഗ്ഗീയതയുടെ മൂലധനമായാണ് ഈ സ്വത്ത് മാറുക. നിധി ചിലവഴിക്കണമെന്നില്ല, നിധി സൂക്ഷിപ്പുകാരായി പെരുന്നയിലെ നീര്‍ക്കോലി കാവലിരുന്നാലും മതി. നീര്‍ക്കോലി രാജ വെംബാലയും കാളിയനും തക്ഷകനുമെല്ലാമായി വളര്‍ന്നു വരുന്നത് ചരിത്രം സാക്ഷ്യം വഹിക്കേണ്ടിവരും. ജനാധിപത്യത്തിന്റെ പേരിലുള്ള വ്യഭിചാര രാജ്യഭരണം വളരാനെ അതു സഹായിക്കു.

ഇതോടൊപ്പം ഇന്നത്തെ മാതൃഭൂമിയില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത ചേര്‍ക്കുന്നു.
ഒരു സെന്റന്‍സു പോലും എഴുതാനാകാത്തവിധം തിരക്കിലാണു ചിത്രകാരന്‍. എങ്കിലും അവ്യക്തമായെങ്കിലും ഇതു കുത്തിക്കുറിച്ചില്ലെങ്കില്‍ അപകടമാകുമല്ലോ എന്നോര്‍ത്ത് എഴുതിയതാണ്. ഭംഗിയാക്കാന്‍ സമയമില്ല. നിര്‍ത്തട്ടെ. ബാക്കി പിന്നീട്.