Tuesday, July 16, 2013

നമ്മുടെ ക്ഷേത്രങ്ങളിലെ അയിത്താചരണവും മനുഷ്യാവകാശ കമ്മീഷനും

ഇന്നത്തെ (16.07.2013) മാതൃഭൂമി കണ്ണൂര്‍ എഡിഷന്‍ ഒന്നാം പേജ് വാര്‍ത്ത.
ക്ഷേത്രങ്ങള്‍ ഇന്നും അയിത്താചരണത്തിന്റേയും ജാതീയ വിവേചനത്തിന്റേയും പരിപാവന വേദികളായി തുടരുകയാണ് എന്ന സത്യം തുറന്നുകാട്ടിയ മനുഷ്യാവകാശ കമ്മീഷനും, മനുഷ്യാവകാശ കമ്മീഷനു മുന്നില്‍ ഈ വിഷയം പരാതിയായി സമര്‍പ്പിച്ച മാങ്ങാട് സ്വദേശി, പുത്തലത്ത് വീട്ടില്‍ ചന്ദ്രന്‍ അവര്‍കളോടും, ഈ വാര്‍ത്ത ഒന്നാം പേജില്‍ അര്‍ഹമായ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ച മാതൃഭൂമിയോടും ആദ്യമായി നന്ദി പറയേണ്ടതുണ്ട്. സത്യത്തില്‍ നമ്മുടെ ക്ഷേത്രങ്ങളില്‍ നിറഞ്ഞാടുന്ന അയിത്താചരണത്തിന്റെ ദുര്‍ഭൂതങ്ങളെക്കുറിച്ച് നാം അറിയാതിരിക്കുകയാണ്. ക്ഷേത്ര ദര്‍ശനത്തിനായി ദീര്‍ഘനേരം ക്യൂവില്‍ നിന്ന് ഒരു കൃത്യമായ രേഖയിലൂടെ മാത്രം സഞ്ചരിക്കുന്ന സാധാരണ ഭക്തന്മാര്‍ക്ക് അയിത്തത്തിന്റെ ആത്മാഭിമാനക്ഷതം അനുഭവപ്പെടാനിടയില്ല. എന്നാല്‍ കുറച്ചൊരു നിരീക്ഷണ ബുദ്ധിയും, പ്രബുദ്ധതയും മാനവിക ബോധവും ആര്‍ജ്ജിച്ചിട്ടുള്ള ആര്‍ക്കും ക്ഷേത്രങ്ങള്‍ക്കകത്തേക്ക് കാലുകുത്താനാകാത്തവിധം സവര്‍ണ്ണ വിവേചനം ഭീഭത്സമായി നിലനില്‍ക്കുന്നുണ്ട്.  ജീവിതത്തിലൊരിക്കലും മറക്കാനാവാത്തവിധമുള്ള ആത്മാഭിമാനത്തിനേറ്റ മുറിപ്പാടുകളായി മാത്രമേ ക്ഷേത്രങ്ങളില്‍ നിന്നും പുറത്തിറങ്ങാനാകു. ക്ഷേത്ര ദര്‍ശനത്തിനായി അനുവദിക്കപ്പെട്ട വഴികളിലൂടെയല്ലാതെ, കലാ-ചരിത്ര താല്‍പ്പര്യങ്ങളുടെ അന്വേഷണ ബുദ്ധിയോടെ ചെറുതായൊന്നു വഴിമാറി  നിന്നാല്‍ പോലും ബ്രാഹ്മണ മന്ത്രവാദികള്‍ നമുക്ക് മുന്നില്‍ വന്ന് പൊട്ടന്‍ കളി നടത്തുന്നത് കാണാനാകും. മന്ത്ര-തന്ത്രവാദികളായ ഈ കുറ്റിച്ചൂലുകള്‍ക്ക് അയിത്ത ബോധമുണ്ടാകാന്‍ നാം ശ്രീ കോവിലിനകത്ത് കയറുകയൊന്നും വേണ്ട. ചിത്രകാരന്‍ ഏതാണ്ട് ഒരു 20 വര്‍ഷം മുന്‍പ് പെരിന്തല്‍മണ്ണയിലെ പ്രശസ്തമായ തിരുമാന്താംകുന്ന് കാവ് ക്ഷേത്ര സന്ദര്‍ശനം നടത്തിയപ്പോള്‍ ചെറിയൊരു മാര്‍ഗ്ഗ ഭ്രംശത്തിന്റെ പേരില്‍ മനോവേദന അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ക്ഷേത്ര ദര്‍ശനത്തിനായി പൊതുവെ ഉപയോഗിക്കുന്ന കിഴക്ക്, വടക്ക് നടകള്‍ക്ക് പകരം തെക്ക് ഭാഗത്തുകണ്ട വാതിലിലൂടെയാണെന്നു തോന്നുന്നു ചിത്രകാരന്‍ ക്ഷേത്രത്തിനകത്തേക്ക് പ്രവേശിക്കാന്‍ തുനിഞ്ഞത്. കുട്ടിക്കാലത്ത് അമ്മയോടൊപ്പം ക്ഷേത്ര ദര്‍ശനം നടത്തിയപ്പോള്‍ കണ്ട ചുവര്‍ ചിത്രങ്ങള്‍ ഒന്നു കൂടി കണ്ട് ഓര്‍മ്മ പുതുക്കുക എന്ന ഉദ്ദേശമേ ക്ഷേത്ര ദര്‍ശനത്തിനുണ്ടായിരുന്നുള്ളു. ക്ഷേത്രത്തിനകത്തേക്ക് കയറിയതും, വളരെ ദൂരെ നില്‍ക്കുന്ന പൂണൂലിട്ട മന്ത്രവാദിയായ ഒരു ചെറുപ്പക്കാരന്‍ ഒച്ചയും ബഹളവുമായി ആംഗ്യവിക്ഷേപത്തോടെ നില്‍ക്കാനാവശ്യപ്പെടുന്നു !!! ക്ഷേത്ര ദര്‍ശനത്തിനായി മേല്‍ വസ്ത്രം ഉരിയണമെന്ന ആചാരമടക്കം മനസില്ലാ മനസ്സോടെ അനുസരിച്ച് ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ചിത്രകാരന്‍ തെറ്റൊന്നും ചെയ്യുന്നില്ലെന്ന ഉത്തമ വിശ്വാസമുള്ളതിനാല്‍ നമ്പൂരിചെക്കന്റെ കഥകളിയുടെ ഉദ്ദേശം പെട്ടെന്നു മനസ്സിലായില്ല. പിന്നേയും മുന്നോട്ടു നീങ്ങിയപ്പോള്‍ ഇയ്യാളുണ്ട് കൈകൊണ്ട് നില്‍ക്കാനാവശ്യപ്പെട്ട് പിന്നോട്ട് നീങ്ങുന്നു. നിശ്ചിത അകലത്തിലുള്ള അയിത്തബോധത്തിന്റെ പേരിലാണ് മന്ത്രവാദി പിന്നോട്ടു നീങ്ങുന്നതെന്ന് ബോധ്യമായപ്പോള്‍ നിന്നു. എന്താ കാര്യമെന്നന്വേഷിച്ചപ്പോള്‍ അത് ബ്രാഹ്മണര്‍ക്കുള്ള വഴിയാണെന്നു മനസ്സിലായി. വഴി ‘അശുദ്ധ’മായാല്‍ 21 നൂറ്റാണ്ടിലും അയിത്തത്തിന്റെ പേരില്‍ അവന്‍ കുളിക്കേണ്ടി വരും !!   (ഫലത്തില്‍ ചിത്രകാരന്‍ ചുവര്‍ ചിത്രം കാണേണ്ടെന്ന് തീരുമാനിച്ച് മടങ്ങി.)  ഇത്തരം വിഢി ആശയങ്ങളും ആചാരങ്ങളും ഇന്നും ക്ഷേത്രങ്ങളില്‍ നില നില്‍ക്കുന്നത് തന്ത്ര-മന്ത്രവാദികളുടെ ഹിഡണ്‍ അജണ്ടയുടെ ഭാഗമായാണെന്നു വേണം മനസ്സിലാക്കാന്‍. ആ ഹിഡണ്‍ അജണ്ടകള്‍ മനസ്സിലാക്കാനും, ക്ഷേത്രങ്ങള്‍ക്കകത്ത് ഇപ്പോഴും നിലനില്‍ക്കുന്ന വിവേചനങ്ങളുടേയും, അപമാനങ്ങളുടേയും അനീതിക്കെതിരെ ശബ്ദിക്കാനും പുരോഗമന പ്രസ്ഥാനങ്ങള്‍ വ്യക്തമായ മാനവിക ചരിത്ര കാഴ്ച്ചപ്പാടോടെ മുന്നോട്ടു വരേണ്ടതുണ്ട്. മനുഷ്യത്വ വിരുദ്ധമായ ബ്രാഹ്മണ മന്ത്രവാദികളുടെ ആചാരങ്ങള്‍ ജനങ്ങള്‍ മുന്നിട്ടിറങ്ങി നിരോധിക്കേണ്ടത് ജനാധിപത്യത്തിന്റെ വളര്‍ച്ചക്ക് അനിവാര്യമാണ്. 2008 ല്‍ കാവാലം നാരായണ പണിക്കര്‍ തളിപ്പറമ്പിലെ രാജരാജേശ്വര ക്ഷേത്രത്തിലെ ഒരു ബ്രാഹ്മണ മന്ത്രവാദിയില്‍ നിന്നും വീരശൃഖലയും നാട്യാചാര പുരസ്ക്കാരവും പിച്ച വാങ്ങുന്നതുപോലെ സ്വീകരിക്കുന്നതിലെ ലജ്ജാകരമായ അധമത്വത്തെക്കുറിച്ച് ചിത്രകാരന്‍ ഒരു പോസ്റ്റെഴുതിയിരുന്നു. അത് താഴെ ക്ലിക്കി വായിക്കാം.

കാവാലം നാരായണ പണിക്കര്‍ എന്ന പ്രസിദ്ധ നാടകാചാര്യന്  “നാട്യാചാര്യ” ബഹുമതി നല്‍കുന്നതിന്റെ 10.5.2008 ലെ മാതൃഭൂമിയിലെ വാര്‍ത്തയും ചിത്രവും !!