Saturday, August 10, 2013

സ്ത്രീ വിരുദ്ധതയുടെ സത്യമറിയാന്‍...

പൂമുഖം
സ്ത്രീ വിരുദ്ധതയും സ്ത്രീകള്‍ക്കെതിരായ വിവേചനവും തീര്‍ച്ചയായും അപമാനകരമായ ഒരു അവസ്ഥയാണ്. അത് സാമൂഹ്യവിരുദ്ധവും, മനുഷ്യ കുലത്തിന്റെ തന്മാത്രതലത്തില്‍ ബാധിക്കുന്ന അനാരോഗ്യ ചിന്തയുമാണ് എന്ന കാര്യത്തില്‍ സംശയമില്ല. അതുകൊണ്ടുതന്നെ, സ്ത്രീവിരുദ്ധത സാംസ്ക്കാരിക-വിദ്യാഭ്യാസ ഇടപെടലുകളിലൂടെ ഇല്ലാതാക്കേണ്ടത് ഏതൊരു സമൂഹത്തിന്റേയും വളര്‍ച്ചക്ക് അനിവാര്യമാണ്. ഇങ്ങനെ സംസ്ക്കരിക്കപ്പെട്ടതെന്നോ നവീകരിക്കപ്പെട്ടതെന്നോ കരുതാവുന്ന സമൂഹത്തില്‍ വീണ്ടും, സ്ത്രീവിരുദ്ധത ഒരു അരാഷ്ട്രീയ ഫാഷനെപ്പോലെയോ തിന്മയുടെയും ജീര്‍ണ്ണതയുടേയും കടന്നുകയറ്റമായോ തിരിച്ചുവരാതിരിക്കാനുള്ള ഭരണകൂട നിയമപരിപാലന വ്യവസ്ഥയും സാംസ്ക്കാരിക പൊതുബോധവും ജാഗ്രതയോടെ നിലനിര്‍ത്തേണ്ടതുമുണ്ട്. പുരുഷന്മാര്‍ക്ക് ലഭ്യമാകുന്ന എല്ലാ അവസരങ്ങളും വിവേചനമോ , മാനസിക വിഷമമോ ഇല്ലാതെ, തുല്യതയോടും അന്തസു കുറയാതെയും സ്ത്രീകള്‍ക്ക് സ്വായത്തമാക്കാന്‍ കഴിയുന്നവിധമുള്ള നീതിബോധം നടപ്പിലാക്കാന്‍ ഏതു പരിഷ്കൃത സമൂഹവും അതിന്റെ ഗവണ്മെന്റും പ്രതിജ്ഞാബദ്ധരുമായിരിക്കണം. ഇത്രയുമാണ് ചിത്രകാരന്റെ സ്ത്രീവിരുദ്ധതക്കെതിരായ ആദര്‍ശപരമായ നിലപാട്. ഈ നിലപാട് സ്ത്രീ പക്ഷ ചിന്തകരും, മാനവിക ചിന്തകരും ഒരുപോലെ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മറുപുറം
 എന്നാല്‍, അത്തരമൊരു വിശാല സാമൂഹ്യബോധമോ ജനാധിപത്യ മര്യാദയോ പോലുമില്ലാത്തതും, സ്വന്തം പൌരന്മാരിലെ 70% ത്തിലേറെവരുന്നവരെ മനുഷ്യരായിപ്പോലും പരിഗണിക്കാന്‍ ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ വിശ്വാസങ്ങളാല്‍ വിമുഖവുമായ, തികച്ചും  മനുഷ്യത്വ വിരുദ്ധമായ ഒരു സമൂഹം തങ്ങളുടെ രാജ്യത്തെ, വിദ്യാസമ്പന്നരായ സ്ത്രീകള്‍ക്കു മാത്രമായി മുകളില്‍ പറഞ്ഞതുപോലുള്ള ഒരു “അണുവിമുക്ത സ്ത്രീസൌഹൃദ ഫസ്റ്റ് ക്ലാസ് എ.സി. കമ്പാര്‍ട്ടുമെന്റ് ” സ്ത്രീവര്‍ഗ്ഗ സുരക്ഷക്കായി എകെ.47 ഏന്തിയ കമാന്റോ സംഘത്തിന്റെ അകമ്പടിയോടെ, സാമൂഹ്യ ക്ഷേമവകുപ്പിന്റെ “കാളവണ്ടി”യുടെ “മുന്നില്‍” കെട്ടാന്‍ നിര്‍മ്മിച്ചു നല്‍കണമെന്ന് സ്ത്രീവിരുദ്ധതയെ തുടച്ചുനീക്കുന്നതിനായി ഓണ്‍ലൈനിലായാലും പരമ്പരാഗത മാധ്യമങ്ങളിലായാലും ആവശ്യപ്പെടുന്നത്   ചെറിയ രീതിയിലുള്ള അന്ധതയോ, അജ്ഞതയോ, സാമൂഹ്യവിരുദ്ധതയോ അല്ല. അതിനായി മുറവിളി കൂട്ടുന്നവര്‍ സ്ത്രീവര്‍ഗ്ഗ ചിന്തകരായാലും, സ്ത്രീപക്ഷപുരുഷന്മാരായാലും, “ഫെമിനിസ്റ്റു”കളായാലും, ഭരണകൂടമായാലും, മറ്റാരായാലും അത് പ്രത്യക്ഷത്തില്‍ നീതിയെന്ന് ഉപരിവര്‍ഗ്ഗത്തിനും, നമുക്കിടയില്‍ സുലഭമായുള്ള ഉപരിപ്ലവ ബുദ്ധികള്‍ക്കും തോന്നുമെങ്കിലും,  നീതിബോധത്തെ വ്യഭിചരിക്കുന്ന അശ്ലീലതയായി മാത്രമേ മനുഷ്യസമൂഹത്തിലെ വര്‍ഗ്ഗ പക്ഷങ്ങളില്ലാത്ത ചിന്തകര്‍ക്ക് നോക്കിക്കാണാനാകു.

അവരിലും സ്ത്രീകളില്ലേ ?
വലിയ വിവേചനങ്ങളൊന്നും നിലവിലില്ലാത്ത സമൂഹങ്ങളില്‍ മനുഷ്യന്‍ ആണോ പെണ്ണോ എന്ന് തിരിച്ചറിവു നേടി വളര്‍ന്നു വലുതായി, സമൂഹ മധ്യത്തിലേക്ക് ജീവിതസമരത്തിനായി ഇറങ്ങുമ്പോഴാണ് , മനോവിഷമമുണ്ടാക്കുന്നതും അപമാനകരവുമായ സ്ത്രീ-പുരുഷവിവേചനം അന്യരില്‍ നിന്നും ഒരു വ്യക്തി എന്ന നിലയില്‍ നമുക്ക് അനുഭവിക്കാന്‍ സാധ്യതയുള്ളത്. (ഗര്‍ഭസ്ഥശിശുവിന്റെ ലിംഗനിര്‍ണ്ണയം നടത്തുന്നതിലൂടെയുള്ള സ്ത്രീ വിവേചനം അതിനെ വൈകാരികമായി കാണുന്നവര്‍ സ്ത്രീവിരുദ്ധമായി കാണുമെങ്കിലും മറ്റൊരു സാമൂഹ്യ വിഷയമാണ്, അതിവിടെ ചര്‍ച്ചചെയ്യുന്നില്ല.) എന്നാല്‍, ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ വിവേചനം കൊടുമ്പിരികൊള്ളുന്ന ഒരു സമൂഹത്തില്‍ കുട്ടി ആണായാലും പെണ്ണായാലും തന്റെ അച്ഛനമ്മമരാകാന്‍ കൊതിക്കുന്ന സ്ത്രീ പുരുഷന്മാര്‍ക്ക് പരസ്പരം പ്രേമം തോന്നുന്നതുമുതല്‍, തുടര്‍ന്ന് വിവാഹിതരാകുമ്പൊഴും, എങ്ങനെയെങ്കിലും വിവാഹിതരായി  ഗര്‍ഭപാത്രത്തില്‍ ബീജ നിക്ഷേപം നടത്തുമ്പോഴും, പിറന്നു വീഴുമ്പോഴും, മണ്ണിലിറങ്ങിയതുമുതല്‍ ആജീവനാന്തവും വിവേചനത്തിനും അനീതിക്കും പാത്രീഭവിക്കാനുള്ള സാമൂഹ്യ സാഹചര്യം അവിടെ നിലവിലുണ്ട്. ചെറിയൊരു അശ്ലീല ചുവയോടുള്ള തമാശയോ, തുറിച്ചുനോട്ടമോ,(അവയെയൊന്നും ന്യായീകരിക്കുകയല്ല) സ്ത്രീയാണെന്ന പേരിലുള്ള അവഗണനയോ ഒന്നുമല്ല, നിനക്കിവിടെ ജീവിക്കാന്‍ എന്തവകാശമെന്ന വംശഹത്യയോളം നീചമായ വംശീയ ആക്രമണമാണ് അവര്‍ നേരിടേണ്ടിവരിക.  ഇതൊരു പരമമായ സത്യമാണ്. ഏതാണ്ട് 70% വരുന്ന ഈ ജനവിഭാഗത്തിലെ പകുതിയോളം വരുന്ന, കന്നുകാലികളോളം പോലും പ്രാധാന്യമില്ലാത്ത  സ്ത്രീകളെ, നമ്മുടെ കുലിന സ്ത്രീകള്‍ക്കായി നിര്‍മ്മിക്കണമെന്ന് ഫെമിനിസ്റ്റുകളും, മറ്റു വരേണ്യ “മനുഷ്യാവകാശ” ചിന്തകരും ആവശ്യപ്പെടുന്ന “അണുവിമുക്ത സ്ത്രീസൌഹൃദ ഫസ്റ്റ് ക്ലാസ് എ.സി. കമ്പാര്‍ട്ടുമെന്റ് ” ല്‍ കയറാന്‍ നാം അനുവദിക്കുമോ ? അഥവ അനുവദിച്ചാല്‍ തന്നെ അവരെ അറപ്പോടെ നോക്കുമോ ??  ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ ചിന്തയുടെ സവര്‍ണ്ണ വംശീയത വിരാടരൂപം പൂണ്ടു നില്‍ക്കുന്ന ഒരു രാജ്യത്ത് മനുഷ്യത്വത്തിനു നേരെയുള്ള വിവേചനമില്ലാതിരിക്കുക എന്നത് അസംഭവ്യമാണ് എന്ന് ചിത്രകാരന്‍ സാക്ഷ്യപ്പെടുത്താതെതന്നെ ആര്‍ക്കും ബോധ്യമാകുന്ന വസ്തുതയാണ്. പക്ഷേ, നമ്മുടെ സ്വാര്‍ത്ഥത കാരണം നാം സവര്‍ണ്ണ വംശീയതയുടെ വിരാടരൂപത്തെ നോക്കാറില്ലെന്നു മാത്രം !   ജാതീയതയുടെ മഹത്വവല്‍ക്കരണമായ “സവര്‍ണ്ണത”യെ അഭിമുഖീകരിക്കാതെ നമുക്ക് ഈ അശ്ലീല ജനാധിപത്യത്തെ സമഗ്രമാനവിക ജനാധിപത്യമായി നവീകരിക്കാനാകില്ല എന്ന് ചുരുക്കം.

ചിത്രകാരന്‍ ദളിത പക്ഷക്കാരനാണോ ?
ചിത്രകാരന്‍ ദളിതര്‍ക്കു വേണ്ടി മാത്രം വാദിക്കുന്നു, സ്ത്രീ വിവേചനങ്ങള്‍ക്കെതിരെ ശരിയായ നിലപാടെടുക്കുന്നില്ല എന്നിങ്ങനെയുള്ള പരാമര്‍ശങ്ങള്‍ ധാരാളമായി കേട്ടതുകൊണ്ടു പറയുകയാണ്. ചിത്രകാരന്‍ ഒരു പക്ഷത്തിലും നില്‍ക്കാറില്ല. ഒരു വര്‍ഗ്ഗത്തിലും, പാര്‍ട്ടിയിലും, സംഘടനയിലും തളക്കാനാകില്ല.

 ചിത്രകാരന്‍ ദളിത പക്ഷവാദിയാണെന്ന് ആക്ഷേപിക്കുന്ന സ്ത്രീ പക്ഷപാതിയുടെ പോലും മനസിലിരുപ്പ് ദളിത പക്ഷത്തിലേക്ക് ചേര്‍ത്തു നിര്‍ത്തുന്നതിലൂടെ ചിത്രകാരനെ പാര്‍ശ്വവല്‍ക്കരിക്കാനാകുമെന്ന സവര്‍ണ്ണ സിദ്ധാന്തമാണ്. ആദ്യം ശൂദ്രനെന്ന് മുദ്രയടിച്ചാല്‍ ചെവിയില്‍ ഉരുക്കിയ ഇയ്യമൊഴിക്കുകയോ, കൊല്ലുകപോലുമോ ചെയ്യാമായിരുന്നു. ആരും ചോദിക്കില്ല. ശൂദ്രന്‍ സവര്‍ണ്ണതയുടെ ഗുണ്ടാ പട്ടാളമായതോടെ അവര്‍ണ്ണരെ നശിപ്പിക്കുന്നത് ഒരു പുണ്യ പ്രവര്‍ത്തിയായി, അതിനായി അവരെ അസുരനായോ, രാക്ഷസനായോ, അഹങ്കാരിയെന്നോ മുദ്രകുത്തിയാല്‍ മതിയെന്നായി. ഏതാനും ദശാബ്ദങ്ങള്‍ക്കു മുന്‍പ് നക്സല്‍ മുദ്രക്കായിരുന്നു ഡിമാന്റ്. നക്സല്‍ മുദ്രവീണാല്‍ മീഡിയ തന്നെ ആദ്യം ചിത്രവധം ചെയ്തോളും. പിന്നെ ഏതെങ്കിലും രാമചന്ദ്രന്‍ നായരോട് വെടി പൊട്ടിച്ച് നക്സല്‍ വധത്തിന്റെ വീര പരിവേഷം വീതംവച്ചാല്‍ മതി. വര്‍ത്തമാന കാലത്ത്, സവര്‍ണ്ണതയുടെ ഹിറ്റ് ലിസ്റ്റിലെ നമ്പര്‍ വണ്‍ കൊല്ലപ്പെടേണ്ടവരായതും, ക്ഷത്രിയാന്തകരായ പരശുരാമന്മാരുടെ വെണ്മഴുവില്‍ രക്ത്ധാര നടത്തിയിരുന്നവരുമായ “മനുഷ്യജാതി”യെന്നൂറ്റം കൊണ്ടിരുന്ന “അവര്‍ണ്ണര്‍” സവര്‍ണ്ണതയുടെ കാക്കി പോലീസായി മാറിയതിനാലും, മാറ്റിയെടുക്കേണ്ടതിനാലും മുസ്ലീങ്ങളും ദളിതരുമാണ് ഇപ്പോള്‍ പ്രശ്നകാരികള്‍. മുസ്ലീമിനെ ഭീകരനോ രാജ്യദ്രോഹിയോ ആയി എളുപ്പം മുദ്രകുത്താം. മുദ്രകുത്തിക്കഴിഞ്ഞാല്‍ ജനം വിളിച്ചു പറയും “കൊല്ലവനെ” പിന്നെ ഒരു ഏറ്റു മുട്ടല്‍ അറേഞ്ച് ചെയ്തോ ഒരു കൂട്ടക്കൊലയിലൂടെയോ കൊല്ലുകയോ വിചാരണ തടവുകാരനായി ആജീവനാന്തം തടവിലിടുകയോ ചെയ്യാം. ഇതു തന്നെയാണ് ദളിതരുടേയും അവസ്ഥ. അവരുടെ കൃഷിസ്ഥലം കാറ്റാടി പാടമാക്കി, ജീവിതം വഴി മുട്ടിച്ച്, പട്ടിണിക്കിട്ട് കൊന്നൊടുക്കാം, അല്ലെങ്കില്‍, മാവോയിസ്റ്റ്  ബന്ധം ആരോപിക്കേണ്ട ആവശ്യമേയുള്ളു. പിന്നെ, അവനെ തിരിഞ്ഞു നോക്കുന്ന സവര്‍ണ്ണന്‍ പോലും മാവോയിസ്റ്റ് അനുഭാവിയായി വേട്ടയാടപ്പെടും.

സ്വന്തം സഹോദരങ്ങളായ പൌരന്മാരെയാണ് കൊടും കുറ്റവാളികളായി കൃഷി ചെയ്ത് വളര്‍ത്തുമ്പോലേ വളര്‍ത്തി, കൊന്നും, കൊല്ലാക്കൊല ചെയ്തും സവര്‍ണ്ണ സാംസ്ക്കാരികത ആനന്ദിക്കുന്നതെന്ന സത്യം കാണാന്‍ കാഴ്ച്ച ശക്തിയില്ലാത്തവരാണ്, അതെല്ലാം അവിടെ നില്‍ക്കട്ടെ, ഫെമിനിസ്റ്റ് ആപ്പീസില്‍ നിന്നും “സ്ത്രീ വിരുദ്ധനല്ല” എന്ന സര്‍ട്ടിഫിക്കറ്റ് നേടിയതിനു ശേഷമേ ചിത്രകാരന്‍ സാമൂഹ്യ അസമത്വത്തെക്കുറിച്ച് ഉരിയാടാവു എന്ന് കല്‍പ്പിക്കുന്നത് !!!

സ്ത്രീപക്ഷ അച്ചികളുടെ പിന്നില്‍ ആരാണ് ?
ചിത്രകാരന്റെ എഴുത്തുപുരകളില്‍ വന്ന് മുന്നറിയിപ്പു ബോര്‍ഡുകള്‍ അവഗണിച്ച് പോസ്റ്റുകള്‍ വായിക്കുന്ന സവര്‍ണ്ണ വംശീയ വാദികളുടെ ആസനത്തിലെ ജാതിവൃണങ്ങള്‍ പൊട്ടിയൊലിക്കാനിടയുണ്ടെന്ന്  അവിടെത്തന്നെ എഴുതി വച്ചിട്ടുള്ളതാണല്ലോ. പൊട്ടിയൊലിക്കുന്ന ജാതി വാലിലെ വൃണങ്ങളുമായി തങ്ങളുടെ മഹനീയമായ സവര്‍ണ്ണ തറവാട്ടിലേക്ക് ഓടിച്ചെന്നാല്‍ കുലിന അച്ചികള്‍ ചൂലുകെട്ടുമായി ഒരു കൈ നോക്കാനായി “ചിത്രകാര വധ” വാരാചാരണം ആചരിക്കുന്നത് അസ്വാഭാവികമല്ല എന്നാണു മനസ്സിലാക്കേണ്ടത്. അതല്ലാതെ, വഴിയില്‍ ഏതെങ്കിലും ഒരുത്തന്‍ വരുന്നോ എന്ന് ചോദിച്ചതിനും, കൂടെ ജോലി ചെയ്യുന്ന പുരുഷ പ്രജകള്‍ പുരുഷ തമാശകള്‍ പറഞ്ഞ് ഒറ്റപ്പെടുത്തുന്നതിനും... അതുപോലുള്ള ഒത്തിരി വ്യക്തിഗത ദുരനുഭവങ്ങള്‍ക്കെല്ലാം കാരണം പുരുഷന്റെ “മെയില്‍ ഷോവനിസ്റ്റ് ” (?? എന്തരോ എന്തോ??) മനോഭാവമാണെന്നും, മലയാളം സോഷ്യല്‍ നെറ്റ് വര്‍ക്കില്‍ ഒരു മാതൃകാ “മെയില്‍ ഷോവനിസ്റ്റ് പിഗ്ഗായി” അച്ചികളുടെ സംബന്ധക്കാരാരോ ചൂണ്ടിക്കാട്ടിയ ചിത്രകാരനെ അപമാനിച്ചും, മാനസികമായി വിഷമിപ്പിച്ചും പോസ്റ്റുകളുടേയും കമന്റുകളുടേയും ഒരു പ്രക്ഷോപം സംഘടിപ്പിച്ചാല്‍ സ്ത്രീപക്ഷ രാഷ്ട്രീയം വിജയിക്കുമെന്ന് ഇവര്‍ വിശ്വസിക്കുന്നുണ്ടായിരിക്കും. ഏവിടെയൊ കിടക്കുന്ന നിരപരാധിയായ ചിത്രകാരനോട് അരിശം തീര്‍ത്ത സ്ത്രീ പക്ഷക്കാരോടെന്തു പറയാന്‍ !! പെങ്ങന്മാരെ ഈ ക്രൂരത മറ്റാരോടും ചെയ്യരുത്. :)
..........................................
ഗൂഗിള്‍ പ്ലസ്സില്‍ സ്ത്രീപക്ഷക്കാരുടേയും സവര്‍ണ്ണ വംശീയവാദികളുടെയും നേതൃത്വത്തില്‍ നടന്ന ചിത്രകാരവധം ആട്ടക്കഥകളുടെ പോസ്റ്റ് ലിങ്കുകള്‍ സമാഹരിച്ചിരിക്കുന്ന ചിത്രകാരന്റെ പോസ്റ്റിലേക്കുള്ള ലിങ്ക് : ഇവിടെ ക്ലിക്കുക

ഒരു അഭ്യര്‍ത്ഥന
സത്യമായും പറയുകയാണ്, ചിത്രകാരന് “ഫെമിനിസ”ത്തെക്കുറിച്ച് ഒരു അറിവുമില്ല. ചിത്രകാരന്‍ അവരുടെ മാനിഫെസ്റ്റോയോ ലക്ഷണ ശാസ്ത്രങ്ങളോ പഠിച്ചിട്ടില്ല, പഠിക്കാനുള്ള ഇംഗ്ലീഷ് പരിജ്ഞാനവും ചിത്രകാരനില്ല. കമ്മ്യൂണിസ്റ്റുകളെ അറിഞ്ഞത് ദസ് ക്യാപ്പിറ്റലോ അവരുടെ മറ്റു പുരാണ ഗ്രന്ഥങ്ങളോ വായിച്ചിട്ടല്ല, മുസ്ലീമിനെ അറിഞ്ഞത് കൊറാന്‍ മൂലവും മലയാള പരിഭാഷയും വായിച്ചിട്ടല്ല, എത്ര മോശക്കാരനാണെന്ന് ആക്ഷേപിച്ചാലും മലയാളമല്ലാത്ത ഒരു ഭാഷയിലല്ലാതുള്ള വിജ്ഞാനം വായിച്ചു മനസ്സിലാക്കാനുള്ള ശേഷിയില്ല എന്നതാണു കാര്യം. മലയാളം തന്നെ കടുപ്പമേറിയാല്‍ വായിക്കില്ല. അടുത്തകാലത്ത് അപവാദമായി ആകെ വായിച്ചത് , ആടു ജീവിതവും, നളിനി ജമീലയുടെ ആത്മകഥയും, നമ്മുടെ കുമാര സംഭവവുമാണ് :)  ആരെങ്കിലും വായിച്ച് രത്നച്ചുരുക്കം പറഞ്ഞു തന്നാല്‍ കേള്‍ക്കും. ഇതൊന്നുമൊരു യോഗ്യതയല്ലെന്നറിയാം. അതുകൊണ്ടു പറയുകയാണ് താഴെ കൊടുത്ത വാക്കുകള്‍ ലളിതമായി മലയാളത്തില്‍ പറഞ്ഞു തരുന്ന വല്ല ലേഖനങ്ങളുമുണ്ടെങ്കില്‍ ലിങ്ക് തന്ന് സഹായിക്കണം.

1) മെയില്‍ ഷോവനിസ്റ്റ് പിഗ്ഗ് (ഇതിന്റെ ലക്ഷണ ശാസ്ത്രമാണ് അറിയേണ്ടതായിട്ടുള്ളത്. ചിത്രകാരന്‍ എത്രത്തോളം ഈ വിശേഷണത്തിന് അനുരൂപനായിരിക്കുന്നു എന്ന് കണ്ടു പിടിക്കാനാകണം. മോശമാണെങ്കില്‍ തിരുത്തണമെന്നുണ്ട്. ഒരിക്കലും ഒരു മനുഷ്യവിരോധിയാകരുതല്ലോ. )
2) ഫെമിനിസം
3) ബൂര്‍ഷ്വ, പെറ്റി ബൂര്‍ഷ്വ
4) ക്വാണ്ടം തിയറി (കോണ്ടം തിയറിയല്ല, പ്രപപഞ്ച സംങ്കല്‍പ്പത്തെയൊക്കെ ശാസ്ത്രീയമായി സിദ്ധാന്തിക്കുന്ന ഐന്‍സ്റ്റീന്റേയോ മറ്റോ ഒരു തിയറിയുണ്ടല്ലോ, അത്. )