Monday, October 20, 2014

ഏകലവ്യനെ സ്പോണ്‍സര്‍ ചെയ്യാം !!

ഏകലവ്യനെ നമുക്ക് പരിചയമുണ്ട്. ദ്രോണാചാര്യരുടെ തന്ത്രബുദ്ധിക്കു മുന്‍പില്‍ സ്വന്തം തള്ളവിരല്‍ ഗുരുദക്ഷിണയായി സമര്‍പ്പിച്ച് യവനികക്കുള്ളില്‍ മറഞ്ഞ മഹാഭാരതത്തിലെ ഒരു കഥാപാത്രം! അറിവിന്റെ ആത്യന്തികമായ കുത്തക പുരോഹിത വര്‍ഗ്ഗത്തിനാണെന്നു നമ്മുടെ സാംസ്ക്കാരിക ബോധത്തില്‍ ആഴത്തില്‍ എഴുതിച്ചേര്‍ക്കാന്‍ നിര്‍മ്മിക്കപ്പെട്ട അധകൃത ബാലന്‍ !! അറിവിന്റെ കുത്തകവല്‍ക്കരണത്തിനായി നിര്‍മ്മിക്കപ്പെട്ട ആ ധാരണയുടെ ആഴം ഈ ജനാധിപ‌ത്യകാലത്തുപോലും നികത്താനാകാത്തവിധം ആഴമേറിയതായി തുടരുന്നു എന്നു പറയാം.  നമ്മുടെ മനസാക്ഷിയെ നിരന്തരം നൊമ്പരപ്പെടുത്തി ഒരു ഉജ്ജ്വല രക്തസാക്ഷിയായി ഇന്നും ഏകലവ്യന്‍  തന്റെ നഷ്ടപ്പെട്ട പെരുവിരലിന്റെ മുറിപ്പാടുമായി  വിദ്യാലയങ്ങളുടെ പ്രവേശന കവാടത്തില്‍ വിദ്യയില്‍ നിന്നും മുറിച്ചു മാറ്റപ്പെട്ടവനായി ഒരു പ്രതിമ പോലെ നില്‍ക്കുന്നുണ്ട്. ഗുരുവിന്‍റെ നേരിട്ടുള്ള സഹായമോ അറിവോ ഇല്ലാതെ, സ്വന്തമായി അറിവ് ഉല്‍പ്പാദിപ്പിച്ച ആ അതുല്യ പ്രതിഭയെ നമ്മളാരും ശ്രദ്ധിക്കാറില്ലെന്നു മാത്രം !! സത്യത്തില്‍ ഒരു സമൂഹത്തെ സംബന്ധിച്ച് ഏകലവ്യന്മാര്‍ വലിയൊരു സാധ്യതയാണ്. വിജ്ഞാനത്തിന്റെ നൈസര്‍ഗ്ഗീക വളര്‍ച്ചക്കുള്ള  സാധ്യത ഇല്ലാതാക്കിയ പൌരോഹിത്യത്തിന്റെ വംശീയമായ അജണ്ടയുടെ വിഷ പ്രക്ഷിപ്തമായി മഹാഭാരതത്തിലെ ഏകലവ്യന്റെ ദുരന്തത്തെ വേറ്ത്തിരിച്ചെടുക്കേണ്ടതിന്റെ ആവശ്യകത നമുക്ക് ബോധ്യപ്പെടേണ്ടിയിരിക്കുന്നു.

അധികാരത്തിന്‍റെയും അസമത്വത്തിന്റെയും അനീതിയുടെയും ജീര്‍ണ്ണ വ്യവസ്ഥിതിയുടെ മഹത്വവല്‍ക്കരണം മാനവിക സംസ്ക്കാരമാണേന്ന്‍ തെറ്റിദ്ധരിച്ചിരിക്കുന്ന നമ്മുടെ പൊതു സമൂഹം ഏകലവ്യനെ കാണാറില്ല. പക്ഷെ, കലാകാരന്മാരും കവികളും ചിന്തകരും വല്ലപ്പോഴെങ്കിലും ഏകലവ്യന്‍റെ മുറിച്ചുമാറ്റിയ വിരലിന്‍റെ മുറിപ്പാട് തടവി വേദനകൊണ്ട് പുളയുന്നത് കാണുമ്പോള്‍ പൊതു സമൂഹം ചേദിക്കപ്പെട്ട വിരല് ശ്രദ്ധിക്കാന്‍ ഇടയാകുന്നു. സമൂഹ മനസാക്ഷിയില്‍ ആ കാഴ്ച്ച സ്നേഹസ്പന്ദനങ്ങളുണ്ടാക്കുന്നു, മാനവികത ഉണരുന്നു. ഏകലവ്യന്‍റെ വേദനയും ത്യാഗവും സാംസ്ക്കാരികതയുടെ നവീകരണത്തിനുള്ള മാര്ഗ്ഗമാകുന്നത് അപ്രകാരമാണ്. കലയുടെയും കലാകാരന്‍റെയും ഏറ്റവും മഹനീയമായ സാമൂഹ്യ പ്രസക്തി ആ കാഴ്ച്ചപ്പാടിലാണ് കുടികൊള്ള്ന്നതെന്ന്‍ ചിത്രകാരന്‍ വിശ്വസിക്കുന്നു. കലയെക്കുറിച്ചുള്ള ഈ കാഴ്ച്ചപ്പാടിന്റെ  ഭാഗമായി കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ചിത്രകാരന്‍ ഇരുപതോളം ചിത്രങ്ങള്‍ വരക്കുകയും കേരളത്തിലെ വിവിധ ജില്ലകളിലായി എട്ടു നവോത്ഥാന ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തുകയും ചെയ്യുകയുണ്ടായി.

സ്വന്തം സമൂഹത്തെ നവീകരിക്കാനും പ്രബുദ്ധമാക്കാനും വേണ്ടിയുള്ള ചിത്രകാരന്‍റെ ശ്രമം ഇത്രയും കാലം സ്വ പ്രയത്നത്താല്‍ ഉണ്ടാക്കിയ സമ്പാദ്യം ഉപയോഗിച്ചായിരുന്നു. അതില്‍ അശേഷം നഷ്ടബോധമില്ലെന്നു മാത്രമല്ല, അഭിമാനമുണ്ട് താനും. എന്നാല്‍, ചിത്രകാരന്‍റെ ഈ രീതിയിലുള്ള ക്രിയാത്മക പ്രവര്‍ത്തനം തുടരുന്നതിന് പ്രായോഗിക പരിമിതികളുണ്ട്. ആ പരിമിതി തരണം ചെയ്യുന്നതിനായി ഒരു ആശയം രൂപപ്പെട്ടിരിക്കുന്നു എന്ന്‍ അറിയിക്കുന്നതിനായാണ് ഈ കുറിപ്പ്.

 ചിത്രകാരന്‍റെ കലാപ്രവര്‍ത്തനത്തെയും ചിത്രങ്ങളേയും സ്നേഹിക്കുന്നവരുടെ ക്രിയാത്മക പങ്കാളിത്തം ഇനിയുള്ള ചിത്രങ്ങള്‍ക്ക് സ്വീകരിക്കുക എന്ന ആശയമാണ് മുന്നിലുള്ളത്. ഇപ്പോള്‍ ചിത്രകാരന്‍ വരച്ചുകൊണ്ടിരിക്കുന്ന ഏകലവ്യനെ ആധാരമാക്കിയുള്ള പുതിയ ചിത്രത്തിന്‍റെയും അടുത്ത മാസങ്ങളില്‍ വരക്കാന്‍ പോകുന്ന ചിത്രങ്ങളുടെയും "സഹൃദയ സ്പോണ്‍സര്‍ഷിപ്പിലൂടെ" കലാപ്രവര്‍ത്തനം ഗതി മാറാതെ തുടരാനാകുമെന്ന്‍ പ്രതീക്ഷിക്കുന്നു.

 “സഹൃദയ സ്പോണ്‍സര്‍ഷിപ്പ് “ എങ്ങനെ ? 

"സഹൃദയ സ്പോണ്‍സര്‍ഷിപ്പ് “ പദ്ധതിയെക്കുറിച്ച് അറിയാന്‍ താല്‍പ്പര്യമുള്ള സുമനസ്സുകളായ സുഹൃത്തുക്കള്‍ കൂടുതല്‍ വിവരങ്ങള്‍ക്കായി chithrakaran@gmail.com, muralitkerala@gmail.com എന്നീ വിലാസങ്ങളില്‍ ബന്ധപ്പെടുക.

സസ്നേഹം,
ചിത്രകാരന്‍ ടി. മുരളി

20.10.2014

ചിത്രകാരന്റെ ചിത്രങ്ങളെക്കുറിച്ചറിയാന്‍ ഈ ലിങ്കില്‍ ക്ലിക്കുക.