Wednesday, September 24, 2008

അക്ഷയ മലയാളം കം‌മ്പ്യൂട്ടിങ്ങ് പ്രൊജക്റ്റ്

ഇന്ന് രാവിലെ കണ്ണൂരില്‍ കലക്റ്ററുടെ അദ്ധ്യക്ഷയില്‍ വച്ചു നടന്ന അക്ഷയ പ്രൊജക്റ്റ് കണ്ണൂരിന്റെ മലയാളം കം‌മ്പ്യൂട്ടിങ്ങ് - ജില്ലാ തല പബ്ലിസിറ്റി കമ്മിറ്റിയില്‍ കേരള ബ്ലോഗ് അക്കാദമി എന്ന ആശയത്തിന്റെ പ്രചാരകനെന്ന നിലയില്‍ മലയാളം കം‌പ്യൂട്ടിങ്ങിന്റെ ജനകീയവല്‍ക്കരണത്തിനായി ഞാന്‍ ചില നിര്‍ദ്ദേശങ്ങള്‍ നല്‍കുകയുണ്ടായി.

1) വിശാലമായ കാഴ്ച്ചപ്പാട്
മലയാളം കം‌മ്പ്യൂട്ടിങ്ങ് എന്നത് ഇന്റെര്‍നെറ്റിലൂടെ മലയാളത്തിലുള്ള കത്തെഴുത്തും വെബ് വായനയും മാത്രമായി ഒതുങ്ങാതെ, ജനകീയമായ ആശയപ്രകാശനത്തിന്റെയും സംവേദനത്തിന്റേയും വേദിയിലേക്ക് ഉയര്‍ത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.മലയാളം ബ്ലോഗുകള്‍ , മലയാളം വിക്കിപ്പീഡിയ പോലുള്ള സ്വതന്ത്ര വിജ്ഞാനകോശങ്ങള്‍,പാദമുദ്ര പോലുള്ള മലയാളം ഓണ്‍ലൈന്‍ ഡിക്‍ഷണറി രചന,പഴംചൊല്ലുകളുടെ ശേഖരണം,നാടന്‍ പാട്ടുകളുടേയും അനുഷ്ടാനങ്ങളുടേയും ശബ്ദരേഖകളുടെ പോഡ്‌കാസ്റ്റിങ്ങ്,വീഡിയോ അപ്‌ലോഡിങ്ങ്, തുടങ്ങിയ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്തുന്ന തരത്തില്‍ അക്‍ഷയയുടെ മലയാളം കം‌മ്പ്യൂട്ടിങ്ങ് എന്ന പ്രവര്‍ത്തന ശാഖ വികസിക്കേണ്ടിയിരിക്കുന്നു.

2) അഗ്രഗേറ്ററുകള്‍
മുകളില്‍ പറഞ്ഞ തരത്തിലുള്ള വികസനം യാഥാര്‍ത്ഥ്യമാക്കുന്നതിന് മലയാളം യൂണിക്കോഡ് ഫോണ്ടുകളും,അതുമായി ബന്ധപ്പെട്ട അക്ഷയയുടേയും ജില്ല ഭരണകൂടത്തിന്റേയും,വിവിധ വകുപ്പുകളുടേയും വെബ് സൈറ്റുകളുടെ വിലാസങ്ങള്‍ വിതരണം ചെയ്യുന്നതോടൊപ്പം അന്തര്‍ദ്ദേശീയമായ തലത്തില്‍ വികസിച്ചു പ്രവര്‍ത്തിക്കുന്ന മലയാളികളുടെ പൊതുവേദിയായ “ബൂലോക“ത്തിന്റെ പ്രവേശന വഴിയായ ബ്ലോഗ് അഗ്രഗേറ്ററുകളുടേയും,ബ്ലോഗ് കമന്റ് അഗ്രഗേറ്ററുകളുടേയും,മലയാളം വിക്കിപ്പീഡിയ പോലുള്ള പൊതുജനോപകാരപ്രദമായ ഓണ്‍ലൈന്‍ വിശ്വവിജ്ഞാനകോശങ്ങളുടേയും വിലാസവും, ഉപയോഗവും ജനങ്ങളെ അറിയിക്കേണ്ടിയിരിക്കുന്നു.
3) ബ്ലോഗ് വായനശാലകള്‍
സംസ്ഥാനത്തെ എല്ലാ അക്‍ഷയ കേന്ദ്രങ്ങളിലും ബ്ലോഗ് വായനശാലകള്‍ എന്ന പേരില്‍ ഇന്റെര്‍നെറ്റ് കണക്‍ഷനുകളുള്ള രണ്ടു കം‌മ്പ്യൂട്ടറുകളെങ്കിലും ഉള്‍പ്പെടുത്തി പൊതുജനത്തിന് അനായാസമായി ഈ പുതിയ മാധ്യമലോകത്ത് പിച്ചവക്കാനുള്ള സന്ദര്‍ഭം സംജാതമാക്കേണ്ടിയിരിക്കുന്നു.ബ്ലോഗുകളെക്കുറിച്ച് പരിജ്ഞാനമുള്ള ഉദ്ദ്യോഗസ്ഥരുടെ സേവനവും ബ്ലോഗ് വായന ശാലകളില്‍ ഉണ്ടാകേണ്ടിയിരിക്കുന്നു.

4) കഫേകളില്‍ യൂണിക്കോഡ് നിര്‍ബന്ധമാക്കുക
സര്‍ക്കാര്‍ തലത്തില്‍എടുക്കുന്ന ഒരു തീരുമാനത്തിലൂടെയോ ജില്ലാ ഭരണാധികാരികളുടെ അധികാരമുപയോഗിച്ചോ കേരളത്തിലെ എല്ലാ ഇന്റെര്‍നെറ്റ് കഫേകളിലും അവര്‍ വാടകക്കു നല്‍കുന്ന എല്ലാ കം‌മ്പ്യൂട്ടറുകളിലും അജ്ഞലി ഓള്‍ഡ് ലിപി പോലെ സര്‍വ്വത്രികമായി ഉപയോഗിക്കപ്പെടുന്ന മലയാളം യൂണിക്കോഡ് ഫോണ്ടുകളും,മലയാളം എഴുത്തുപകരണങ്ങളും നിര്‍ബന്ധമാക്കേണ്ടിയിരിക്കുന്നു. (ഇതിന്‍ കഫെ ഉടമക്ക് പ്രത്യേക ചിലവുകളൊന്നുമുണ്ടാകുന്നില്ല. (സോഫ്റ്റ് വെയറുകളെല്ലാം സൌജന്യമായി ലഭ്യമാണ്.)ഇപ്പോള്‍ ഏറിയഭാഗവും അനാവശ്യ സൈറ്റുകള്‍ സന്ദര്‍ശിക്കാന്‍ ഉപയോഗപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഇന്റെര്‍നെറ്റ് കഫെകളെ കേരളത്തിന്റെ വായനശാലകളായും,എഴുത്തുപുരകളായും,സാംസ്കാരിക കേന്ദ്രങ്ങളായും പരിവര്‍ത്തനം ചെയ്തെടുക്കാന്‍ ഇത്തരമൊരു ശ്രമം വഴിവക്കും. എന്നുമാത്രമല്ല, മലയാളം കം‌മ്പ്യൂട്ടിങ്ങിന്റെ പ്രചാരണത്തിന് ഈ പ്രവൃത്തി ഒഴിച്ചുകൂടാനാകാത്തതുമാണ്.
6-9-08

No comments: