മണാളര്‍/Manalar painting
സവര്‍ണ്ണ ഹിന്ദു മതം മറ്റേത് ചൂഷിത ജനതയെക്കാളും സവര്‍ണ്ണരിലെ സ്ത്രീകളെയാണ് അടിച്ചമര്‍ത്തലിന് വിധേയമാക്കിയിരുന്നത് എന്നതിനു ചരിത്രം സാക്ഷിയാണ്. പക്ഷെ, ആ പീഡനം ഭക്തിയുമായി ബന്ധപ്പെടുത്തി മഹാത്വവല്‍ക്കരിച്ച്തിനാല്‍ അടിമത്വം ആഭരണമായി അനുഭവപ്പെടുന്ന മാനസികാവസ്ഥക്ക് വിധേയമായിരിക്കുന്നു.
ജാതീയതയുടെ നേതൃത്വം വഹിച്ചിരുന്ന ബ്രാഹ്മണര്‍ തങ്ങളുടെ സ്ത്രീ ജനങ്ങളോളം മറ്റാരെയും ദ്രോഹിച്ചിരുന്നില്ല. അതായത്, നമ്മുടെ സ്ത്രീ വിരുദ്ധബോധം എന്നത് ബ്രാഹ്മണ പൌരോഹിത്യ ആധിപത്യവുമായി ബന്ധപ്പെട്ട ആചാര വിശ്വാസങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു.
അന്തര്‍ജ്ജനങ്ങള്‍
ബ്രിട്ടീഷ് ഭരണം നിലവില്‍ വരുന്നതുവരെ അന്തര്‍ജ്ജനങ്ങള്‍ എന്ന് മഹത്വവല്‍ക്കരിച്ച് വിളിക്കപ്പെട്ടിരുന്ന തങ്ങളുടെ വീട്ടിലെ സ്ത്രീകള്‍ക്ക് ഒരു മനുഷ്യ ജീവി എന്ന പരിഗണന പോലും ബ്രാഹ്മണര്‍ നല്‍കിയിരുന്നില്ല. വെറും പ്രസവ യന്ത്രങ്ങള്‍ മാത്രമായിരുന്നു അന്തര്‍ജ്ജനങ്ങള്‍.
ഓരോ അന്തര്‍ജ്ജനത്തിനും ദാസിമാര്‍ എന്ന പേരില്‍ രണ്ടു നായര്‍ സ്ത്രീകളെ പണ്ട് നിയോഗിച്ചിരുന്നു. അന്തര്‍ജ്ജനങ്ങള്‍ സദാചാര വേലി ചാടുന്നുണ്ടോ എന്ന് നിരീക്ഷിക്കേണ്ട ചുമതല വേശ്യാവൃത്തി കുലത്തൊഴിലായി ആചരിച്ചിരുന്ന നായര്‍ സ്ത്രീകള്‍ക്കായിരുന്നു എന്നത് വലിയൊരു വിരോധാഭാസം തന്നെയാണ്. ദാസിമാരായ നായര്‍ സ്ത്രീകള്‍ക്കുള്ള സ്വാതന്ത്ര്യം പോലും ഇല്ലാത്തതും, ബ്രാഹ്മണ വംശീയ ജാതി പാരമ്പര്യം കളങ്കപ്പെടാതെ സൂക്ഷിക്കാനുള്ള സംരക്ഷിത ഗര്‍ഭപാത്ര വാഹകര്‍ മാത്രമായിരുന്നു അന്തര്‍ജ്ജനങ്ങള്‍ !! അടുക്കളയിലും ശയന മുറിയിലും മാത്രമായി തളക്കപ്പെട്ട അടിമത്വത്തിന്റെ ഏറ്റവും ദയനീയമായ സ്ത്രീജീവിതം !
രണ്ടു നായര്‍ ദാസികളും അവരുടെ യജമാനരായ ബ്രാഹ്മണ ചാരിത്ര്യ സൂക്ഷിപ്പുകാരും അടുക്കളയില്‍ കയറില്ലാതെ കെട്ടിയിട്ടിരുന്ന ഈ അന്തര്ജ്ജനങ്ങളെ ആണ് നിസാരമായ ചാരിത്ര്യ സംശയങ്ങളുടെയും പുരുഷാധിപത്യ ഭയങ്ങളുടെയും പേരില്‍ അടുക്കളദോഷം എന്ന ഗുരുതര കുറ്റം ആരോപിച്ച് "സാധനം" എന്ന അധിക്ഷേപ ലേബലടിച്ച് സ്മാര്‍ത്തവിചാരം എന്ന ക്രൂരമായ വിചാരണകള്‍ക്ക് ബ്രാഹ്മണര്‍ പണ്ടുകാലത്ത് വിധേയരാക്കിയിരുന്നത്.
ജീവിച്ചിരിക്കെ, മരിച്ചതായി കണക്കാക്കി, പ്രതീകാത്മകമായി ശവസംസ്ക്കാരം നടത്തി (പടിയടച്ചു പിണ്ഡം വച്ച്) തെരുവിലേക്ക് വലിച്ചെറിഞ്ഞിരുന്ന അന്തര്‍ജ്ജനങ്ങളുടെ എണ്ണം വളരെ ഏറെയായിരുന്നു. ഇത്രയും പീഡിതരായിരുന്ന ചരിത്രമുള്ള ഇന്നത്തെ തലമുറയാണ് തങ്ങളുടെ ചരിത്രം അറിയാതെ ഫേസ്ബുക്കില്‍ വന്നു മഹനീയമായ അന്തര്‍ജ്ജന പാരമ്പര്യം ഉദ്ഘോഷിക്കുന്നത്. നമ്മുടെ സ്കൂള്‍ പാഠപുസ്തകങ്ങളില്‍ സാമൂഹ്യ ചരിത്രം സത്യസന്ധമായി ചേര്‍ക്കാന്‍ വിട്ടുപോകുന്ന ജനാധിപത്യ സര്‍ക്കാരിന്റെ സവര്‍ണ്ണ അടിമത്വ ബോധം തന്നെയാണ് നമ്മുടെ സമൂഹത്തെ ഫാസിസത്തിന് വളക്കൂറുള്ള മണ്ണാക്കുന്നത്.
സംബന്ധം എന്ന വേശ്യ കുലത്തൊഴില്‍
നായര്‍ സ്ത്രീകളെ സംബന്ധം എന്ന പേരിലുള്ള അടിമ വേശ്യാവൃത്തി കുലത്തൊഴിലായി സ്വീകരിക്കാന്‍ ആചാരപരമായി ബാധ്യതപ്പെടുത്തിയിരുന്ന ബ്രാഹ്മണര്‍ തന്നെയാണ് നായര്‍ സ്തീകളെ വേശ്യാവൃത്തി അഭ്യസിപ്പിക്കാനുള്ള അദ്ധ്യാപകനായോ പരിശീലകന് ആയോ "മണാളര്‍'' എന്ന ആദ്യ സംഭോഗക്കാരനെയും വ്യവസ്ഥപ്പെടുത്തിയിരുന്നത്.
പത്തോ പന്ത്രണ്ടോ വയസ്സില്‍ ഋതുമതി ആകുന്ന നായര്‍ കന്യകമാരെ വേശ്യാവൃത്തിക്ക് പാകപ്പെടുത്തുന്നതിനായി കുട്ടിയുടെ അമ്മമാര്‍ നായരേക്കാള്‍ ജാതി മഹത്വം കൂടിയ "മണാളരേ" അയാളുടെ വീട്ടില്‍ ചെന്ന് താണ് കേണു അപേക്ഷിച്ചു കൂട്ടിക്കൊണ്ടു വരികയാണ് ചെയ്യുക.
മണാളരുമായുള്ള സംഭോഗത്തിനു ശേഷം കുറഞ്ഞത് മൂന്നു പേരെങ്കിലും ശാരീരിക ബന്ധം നടത്തിയതിനു ശേഷമേ ബ്രാഹ്മണര്‍ സംബന്ധത്തിനു താല്‍പ്പര്യപ്പെടുകയുള്ളൂ എന്നതിനാല്‍ പെണ്‍കുട്ടിയുടെ അമ്മമാര്‍ തന്നെ ഒരേ സമയം രണ്ടോ മൂന്നോ നായര്‍ പുരുഷന്മാരെക്കൊണ്ട് പെണ്‍കുട്ടിയെ വിവാഹം ചെയ്യിപ്പിക്കാനായി ഓടി നടക്കും.
ഇങ്ങനെ ഏതു പുരുഷ ശാരീരത്തെയും എതിര്‍പ്പില്ലാതെ യഥേഷ്ടം സ്വീകരിക്കാന്‍ പ്രാപ്തയായല്‍ മാത്രമേ നായര്‍ സമൂഹത്തെ തങ്ങളുടെ ആജ്ഞാനുവര്‍ത്തികളായ അടിമ സമൂഹമായി നിലനിര്‍ത്തിയിരുന്ന ബ്രാഹ്മണര്‍ പുതിയൊരു നായര്‍ സ്ത്രീയെ പ്രതിഫലം പോലും നല്‍കാതെ പ്രാപിക്കാനായി എഴുന്നള്ളുകയുള്ളു. ഇങ്ങനെ സംബന്ധത്തിനായി ബ്രാഹ്മണര്‍ എഴുന്നള്ളത്ത് നടത്താത്ത വീടുകള്‍ ശപിക്കപ്പെട്ടതും അന്തസില്ലാത്തതും ആണെന്ന വിശ്വാസമാണ് പണ്ട് നിലനിന്നിരുന്നത്.
ബ്രാഹ്മണ പൌരോഹിത്യം സമൂഹത്തില്‍ തങ്ങളുടെ വംശീയ-ജാതീയ മേധാവിത്വം നിലനിര്‍ത്തുന്നതിനായി സമര്‍ത്ഥമായി ഉപയോഗിച്ചിരുന്ന ജാതീയ അടിമത്വ വ്യവസ്ഥിതിയായ ചാതുര്‍വര്‍ണ്യം നടപ്പാക്കുന്നതില്‍ ഉപയോഗിച്ച തന്ത്രപരമായ ടൂളുകള്‍ (ഉപകരണങ്ങള്‍) മാത്രംമായിരുന്നു സ്ത്രീകള്‍. സ്ത്രീകളെ ഇഞ്ചപ്പുല്ലുപോലെ ചതച്ച് പതം വരുത്തണമെന്ന് നമ്മുടെ പഴം ചൊല്ലുകളില്‍ പറയുന്നതും പൌരോഹിത്യ താല്‍പ്പര്യം തന്നെയാണ്.
ഈ ചരിത്രമൊന്നും അറിയാതെയും പഠിക്കാതെയും
സ്കൂളുകളില്‍ പഠിപ്പിക്കാതെയും നമ്മുടെ ജാതി ദുരഭിമാനങ്ങളും വംശീയ ഹുങ്കും സവര്‍ണ്ണര്‍ അല്ലാത്ത മറ്റു ജനവിഭാഗങ്ങള്‍ അനുഭവിക്കേണ്ടി വരുന്ന ജാതീയ - വംശീയ അധിക്ഷേപങ്ങളും എങ്ങനെയാണ് ഇല്ലാതാക്കാനാകുക ?
സാമ്പത്തിക അഭിവൃദ്ധിയും ചരിത്ര വിദ്യാഭ്യാസ വിമുഖതയും കൊണ്ട് ജാതീയതയെ ഇല്ലാതാക്കാനാകും എന്നോക്കെയുള്ള ചിന്തകള്‍ എത്ര കാല്പ്പനികമാണ് !!
ചിത്രങ്ങള്‍
1) മണാളര്‍ 2) സ്മാര്‍ത്തവിചാരം 3) താത്രിക്കുട്ടി
ഇതോടോന്നിച്ച് ചേര്‍ത്തിരിക്കുന്നത് നമ്മുടെ സാമൂഹ്യ ചരിത്രത്തെ ആസ്പദമാക്കി ഞാന്‍ രചിച്ചിട്ടുള്ള മൂന്നു പെയിന്ടിങ്ങുകളാണ്. 2016 ല്‍ ഞാന്‍ പ്രസിദ്ധീകരിച്ച "അമണ" -ചരിത്രത്തില്‍ ഇല്ലാത്ത ചിത്രങ്ങള്‍ എന്ന പുസ്തകത്തില്‍ വിശദീകരണ സഹിതം പ്രസിദ്ധീകരിച്ചതും ആണ് ഈ ചിത്രങ്ങള്‍.
Ref: നായന്മാരുടെ പൂര്‍വ്വ ചരിത്രം. പാര്‍ട്ട് 1&2
പഞ്ചാംഗം ബുക്സ്, കുന്നംകുളം.