Sunday, July 22, 2007

പോര്‍ട്രൈറ്റ്‌


1989ല്‍ ഫൈന്‍ ആര്‍ട്സ്‌ കോളേജ്‌ പഠനത്തിന്റെ ഭാഗമായി വരച്ച ഒരു സാധാരണ പോര്‍ട്രൈറ്റ്‌ പെയിന്റിംഗ്‌. രാവിലെ 9 മണി മുതല്‍ വൈകീട്ട്‌ 3വരെ മോഡലായി ഇരുന്നാല്‍ ഇവര്‍ക്ക്‌ അന്ന് കിട്ടിയിരുന്നത്‌ 56/- രൂപയായിരുന്നെന്ന് തോന്നുന്നു.(സര്‍ക്കാര്‍ നല്‍കുന്ന കൂലിയാണ്‌. നമുക്ക്‌ കുറച്ചു പണം നല്‍കി സഹായിക്കാമെന്ന് അന്നു തോന്നിയിരുന്നില്ല. ചിത്രകാരന്‍ പത്തുരൂപകൊണാണ്‌ ഒരു ദിവസം അന്ന്‌ കഴിച്ചുകൂട്ടിയിരുന്നത്‌. അതുതന്നെ കലാകൌമുദി എഡിറ്റര്‍ എസ്‌ ജയചന്ദ്രന്നായരും, മറ്റുചില പത്രാധിപന്മാരും നല്‍കുന്ന കാര്‍ട്ടൂണ്‍ വരക്കുന്നതിനുള്ള പ്രതിഫലത്തെ ആശ്രയിച്ചിരിക്കും. അന്ന് ജഗന്നാഥപ്പണിക്കരുടെ ഉടമസ്ഥതയിലുണ്ടായിരുന്ന 'ഈനാട്‌' പത്രത്തില്‍ ഒരു മാസക്കാലം എഡിറ്റര്‍ പിസി സുകുമാരന്‍നായരുടെ ആവശ്യപ്രകാരം ഒന്നാം പേജില്‍ 13 രാഷ്ട്രീയ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചതിന്‌ ചിത്രകാരനുലഭിച്ച പ്രതിഫലം സ്വീകരിച്ചപ്പോള്‍ സത്യമായും കരഞ്ഞുപോയിട്ടുണ്ട്‌. 130/-രൂപ!! പിന്നെ,വില പറയാതെ ചിത്രകാരന്‍ വരച്ചിട്ടില്ല. ദാരിദ്ര്യം നമ്മുടെ മാനസ്സികാവസ്ഥയുടെ സൃഷ്ടിയാണെന്ന് പഠിക്കുന്നത്‌ അങ്ങിനെയാണ്‌. ദരിദ്രന്‌ ആത്മാഭിമാനത്തിന്‌ ഇടം കൊടുക്കണമെന്ന ചിത്രകാരന്റെ വാദത്തിലെ സത്യദര്‍ശനം ഇവിടെനിന്നുമാണ്‌)ഈ പോര്‍ട്രൈറ്റ്‌ മോഡലിന്റെ ദാരിദ്ര്യത്തോടൊപ്പം ചിത്രകാരന്റെയും ദാരിദ്ര്യത്തിന്റെ നിറങ്ങള്‍ കന്‍വാസില്‍ തേച്ചുപിടിപ്പിച്ചിട്ടുണ്ട്‌.

Thursday, July 19, 2007

"മാതൃഭൂമിയില്‍"ഷവര്‍മയും, ചില്ലി ചിക്കനും !!


പ്രിയ സഹജരേ,
വായനയും,കലാസ്വാദനവും മനുഷ്യസ്നേഹത്തിന്റെ വികാസത്തിനായുള്ള ഉപാധിയാണെന്ന വിശേഷബോധമുള്ളവരോട്‌ ചിത്രകാരന്‍ സ്നേഹപൂര്‍വ്വം ആവശ്യപ്പെടുന്നു: .....
മാത്രുഭൂമി ആഴ്ച്ചപ്പതിപ്പ്‌ തീര്‍ച്ചയായും വായിക്കണം.

ചിത്രകാരന്‍ വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ മാത്രുഭൂമി ആഴ്ച്ചപ്പതിപ്പ്‌ വായന നിര്‍ത്തിയ വ്യക്തിയായിരുന്നു. അന്നൊക്കെ മാത്രുഭൂമിയുടെ മുഖച്ചിത്രം മുതല്‍ ഉള്ളടക്കം വരെയുള്ള എല്ലാം ഇഡിലിയും സാംബാറും സ്റ്റെയിലിലായിരുന്നു. വായനകൊണ്ട്‌ പ്രത്യേക നേട്ടമോ, വായിക്കാതിരുന്നാല്‍ എന്തെങ്കിലും നഷ്ടമോ ഉണ്ടാകില്ലെന്ന് ഉറപ്പായി തോന്നിയതിനാലാണ്‌ മത്രുഭൂമി വായന നിര്‍ത്തിയത്‌.

എന്നാല്‍ കുറച്ചു ലക്കങ്ങളിലായി മാത്രുഭൂമി ആഴ്ച്ചപ്പതിപ്പിന്റെ കെട്ടിലും മട്ടിലും, ഉള്ളടക്കത്തിലും ചിത്രകാരന്റെ ശ്രദ്ധയാകര്‍ഷിക്കുംവിധമുള്ള ചില മാറ്റങ്ങള്‍ പ്രകടമാകുകയും ചെയ്തിരിക്കുന്നു.
ഈ പ്രസിദ്ധീകരണത്തിന്റെ കാഴ്ച്ചപ്പാടും, നിലവാരവും ചിത്രകാരനെ ഇപ്പോള്‍ സന്തോഷിപ്പിക്കുന്നു.

സ്ഥിരം വിഭവങ്ങളായിരുന്ന കഥകളി ആശാന്മാരുടെ ജീവചരിത്ര പൊങ്ങച്ചങ്ങളും, സര്‍വ്വീസ്‌ സ്റ്റോറികളും,മാത്രമായി...കഥയും കവിതയും മന്ത്രിച്ച്‌ ... തൊഴുത്‌ അംബലത്തില്‍ പോയിരുന്ന ഒരു സവര്‍ണ്ണ പ്രസിദ്ധീകരണം ഇപ്പോള്‍ ഒരു പുനര്‍ജന്മം ലഭിച്ചതുപോലെ മാനവികമായ കാഴ്ച്ചപ്പാടോടും,പ്രതിബദ്ധതയോടും, സൌന്ദര്യ ശാസ്ത്രപരമായ ഉദാത്ത നിലപാടുകളോടും സമൂഹത്തോട്‌ കലഹിക്കാന്‍ തുടങ്ങിയിരിക്കുന്നു.

ഇയ്യിടെയായി മാത്രുഭൂമിയില്‍ പ്രത്യക്ഷപ്പെടുന്ന ലേഖനങ്ങള്‍ ചാട്ടുളിപോലെ സമൂഹത്തിന്റെ ആത്മാവിലേക്ക്‌ തൊടുത്തുവിടുന്ന ആശയങ്ങള്‍ ഏത്‌ ഇരുട്ടിനേയും കീറിമുറിച്ച്‌ വെളിച്ചത്തിന്റെ പാത നിര്‍മ്മിക്കാന്തക്കവിധം ശക്തമാണെന്നത്‌ ഈ വിക്കിലിയെക്കുറിച്ച്‌ രണ്ടു വാക്കെഴുതാന്‍ ചിത്രകാരനെ പ്രചോദിപ്പിച്ചിരിക്കുന്നു.

ഈ ആഴ്ച്ചയിലെ "നവോത്ഥാന മൂല്യങ്ങള്‍ നാടുനീങ്ങുംബോള്‍ " എന്ന ശ്രീ ഇ.എ. ജബ്ബാറിന്റെ ലേഖനം കേരളീയന്റെ സമഗ്രവും സംബൂര്‍ണ്ണവുമായ സൌദര്യത്തിനേയും വൈരൂപ്യത്തെയും വിദഗ്ദമായി അവതരിപ്പിച്ചിരിക്കുന്നു.

കേരളീയന്റെ സാമൂഹ്യ ചരിത്രപരമായ മാനസ്സിക വൈകല്യത്തെ എങ്ങിനെ ഇല്ലാതാക്കാം എന്നു ചിന്തിക്കുന്നവര്‍ക്ക്‌ ഈ ലേഖനം സുവ്യക്തമായി വഴികണ്ടുപിടിക്കാന്‍ സഹായിക്കും.

ശ്രീ ജബ്ബാറിന്റെ വാക്കുകള്‍ വളരെ സരളവും, മാനവികവും, മതനിരപേക്ഷവുമാണ്‌ എന്നത്‌ സത്യത്തിന്റെ സൌന്ദര്യം പോലെ... ലേഖനത്തെ മനോഹരമാക്കുന്നു.

ഈ ലേഖനം വായിക്കാതിരുന്നാല്‍ കേരളത്തിന്റെ കെട്ടുപിണഞ്ഞ്‌ ഉണ്ടനൂലുപോലിരിക്കുന്ന സാമൂഹ്യ യാഥാര്‍ത്ഥ്യങ്ങള്‍ കൂടുതല്‍ സംങ്കീര്‍ണമാക്കുന്ന സമയം കൊല്ലി ചര്‍ച്ചകളുമായി കഴിച്ചുകൂട്ടുന്ന ദുര്യോഗത്തില്‍നിന്നും ബ്ലൊഗേഴ്സിന്‌ അടുത്തകാലത്തൊന്നും മോചനം ലഭിക്കില്ലെന്ന് ചിത്രകാരന്‍ ഉറപ്പിച്ചുപറയുന്നു.

മത്രുഭൂമി ആഴ്ച്ചപ്പതിപ്പില്‍ ഇപ്പോള്‍ പ്രസിദ്ധീകരിക്കുന്ന ഇലസ്റ്റേഷനുകളില്‍ ചിലത്‌ ചിത്രകലയുടെ സമകാലികമായ സ്പന്ദനങ്ങള്‍ വായനക്കാര്‍ക്ക്‌ നല്‍കുന്നു എന്നതു എടുത്തുപറയട്ടെ.
ഈ ചിത്രങ്ങള്‍ ഓരോന്നും വികാര സാന്ദ്രമായ കാഴ്ച്ചകളായി,നമ്മുടെ സംസ്കാരത്തിന്റേയും,മനുഷ്യരുടെയും,ജീവിതത്തിന്റേയും പരിഛേദമായി നില്‍ക്കുംബോള്‍ ചിത്രകാരന്റെ മനസ്സില്‍ ആഹ്ലാദം അലയടിക്കുന്നു.

മാത്രുഭൂമി ആഴ്ച്ചപ്പതിപ്പിന്റെ ഈ വിപ്ലവകരമായ മാറ്റത്തിന്റെ മൂലഹേതു മാധ്യമം ആഴ്ച്ചപ്പതിപ്പില്‍നിന്നും കുടിയേറിയ ഒരു ഉശിരന്‍ സാംസ്കാരിക പത്രപ്രവര്‍ത്തകനാണെന്നു പറഞ്ഞുകേള്‍ക്കുന്നു. എന്തായാലും മാത്രുഭൂമി പത്രാധിപസമിതിയുടെ അനുവാദമില്ലാതെ ഒരു പത്രപ്രവര്‍ത്തകനും സ്വാതന്ത്ര്യം കാണിക്കാനാകില്ല.അതുകൊണ്ടുതന്നെ മാത്രുഭൂമിയുടെ ക്രിയാത്മകവും, ചലനാത്മകവുമായ ഈ മാറ്റത്തില്‍ ചിത്രകാരന്‍ മാത്രുഭൂമി കുടുബത്തെ മൊത്തം അഭിനന്ദിക്കുന്നു.

ഒരു പക്ഷേ... ഈ പ്രസിദ്ധീകരണം ഇങ്ങനെ തുടര്‍ന്നാല്‍ കേരളത്തിന്റെ വന്ധ്യങ്കരിക്കപ്പെട്ട സാമൂഹ്യവിപ്ലവത്തിന്‌ പുനര്‍ജന്മം നല്‍കാന്‍ കാരണമായേക്കാം.(ഇത്‌ ചിത്രകാരന്റെ പ്രതീക്ഷയാണ്‌.എപ്പോഴാണ്‌ ഈ പ്രസിദ്ധീകരണം നിലപാടുമാറ്റുക എന്ന് പ്രവചിക്കാനാകില്ല. സുവര്‍ണ്ണകാലം നീണ്ടുനില്‍ക്കട്ടെ എന്നു പ്രാര്‍ത്ഥിക്കാം- ആമേന്‍)

മാത്രുഭൂമിക്ക്‌ ചിത്രകാരന്റെ പ്രണാമം !!!!!!

പൊസ്റ്റിന്റെ തലക്കെട്ടിലെ "ഷവര്‍മ" മാത്രം കണ്ട്‌ ഇവിടെ എത്തിയവര്‍ അടുത്ത തട്ടുകടയില്‍ നിന്നും പരിപ്പുവടയും ചായയും കഴിച്ച്‌ പിരിഞ്ഞുപോകേണ്ടതാണ്‌.

Tuesday, July 17, 2007

"ശൂദ്ര സ്ത്രീ" ഓയില്‍പെയിന്റിംഗ്‌


1993ല്‍ കണ്ണൂരില്‍ വച്ചുനടന്ന മൂന്നു ദിവസത്തെ ചിത്രകാരന്റെ ചിത്രപ്രദര്‍ശനത്തില്‍ ഉള്‍പ്പെട്ടതാണ്‌ ഈ ചിത്രം.
പ്രദര്‍ശനത്തിന്റെ ഒരാഴ്ച്ച മാത്രം മുന്‍പ്‌ പെട്ടെന്നു വരച്ചതായതിനാല്‍ ഒരു ഇലസ്റ്റ്രെഷന്റെയോ, കാര്‍ട്ടൂണിന്റെയോ നിലവാരത്തില്‍നിന്നും ഒരു ചിത്രത്തിന്റെ സൌന്ദര്യത്തിലേക്ക്‌ ഉയരുന്നില്ല എന്നു തോന്നിയതിനാല്‍ കുത്തിക്കീറി നശിപ്പിച്ച പെയിന്റിങ്ങുകളിലൊന്ന്.
ഇപ്പോള്‍ മുത്തപ്പന്‍, മവേലി എന്നീ ബ്ലൊഗെഴ്സ്‌ ഈ വിഷയത്തില്‍ കൈവച്ചതിനാല്‍ ചിത്രകാരന്റെ പതിനാലുവര്‍ഷം മുന്‍പത്തെ സാമൂഹ്യപാഠത്തെക്കുറിച്ചുള്ള ചിന്തയുടെ ഒരു ബ്ലാക്ക്‌ ന്‍ വൈറ്റ്‌ ഫോട്ടോ ആയെങ്കിലും ഈ പെയിന്റിംഗ്‌ ഇവിടെ പങ്കുവക്കുന്നു.
ഏകദേശം ഒരു മീറ്റര്‍ സമചതുരത്തിലുള്ളതായിരുന്നു ഈ ചിത്രം.

Saturday, July 14, 2007

"നിസംഗത"


നിസംഗരായി നടന്നുപോകുന്ന നമ്മള്‍ കുറ്റം ചെയ്യുന്നവര്‍ക്ക്‌ മൌനമായി ധാര്‍മ്മിക പിന്തുണ നല്‍കുന്നില്ലെ എന്ന ചോദ്യത്തില്‍നിന്നും ഒരു ചിത്രം.കാന്‍വാസില്‍ ഓയില്‍ പെയ്ന്റിംഗ്‌.1993ലെ വണ്‍മാന്‍ ഷോയില്‍ പ്രദര്‍ശിപ്പിക്കാനായി പെട്ടെന്നു വരച്ചുതീര്‍ത്തതായതിനാല്‍ ചിത്രകാരന്‌ അത്ര ബോധിച്ചിട്ടില്ല.

Sunday, July 8, 2007

"നഗ്ന പ്രതിച്ഛായ"സമൂഹത്തില്‍ ആരാധ്യനായി കരുതപ്പെട്ടിരുന്ന വ്യക്തി ഒരു നാള്‍ നഗ്നനായി പിടിക്കപ്പെടുംബോള്‍....


ചിത്രകാരന്‍ 1990ല്‍ പൊന്മുടി നാഷണല്‍ ആര്‍ട്ടിസ്റ്റ്‌ ക്യാംബില്‍ വച്ചു വരച്ച രണ്ടാമത്തെ പെയിന്റിംഗ്‌.


അക്കാലത്ത്‌ ചിത്രകാരന്‍ അനുഭവിച്ചിരുന്ന വ്യക്തിപരമായ ലൈംഗീക ദാരിദ്ര്യം ഈ പ്രമേയത്തിനു അമിത പ്രാധാന്യം നല്‍കാന്‍ കാരണമായിട്ടുണ്ടാകും.

കൂടാതെ, ഒന്നാം വര്‍ഷ ബി എഫ്‌ എക്ക്‌ പഠിക്കുംബോള്‍ സീനിയര്‍ വിദ്യാര്‍ത്ഥികളുടെ നൂഡ്‌ സ്റ്റഡി ക്ലസ്സിലേക്ക്‌ പെട്ടെന്നു കയറിച്ചെന്നപ്പോള്‍ കണ്ട ദൃശ്യം ഒരു ഞെട്ടലായി മനസ്സില്‍ കിടപ്പുള്ളതുകൊണ്ടുമാകാം.

ജീവിതത്തിലെ രസകരമായ ഒരു ഓര്‍മ്മയായി ഈ ചിത്രം ചിത്രകാരന്റെ ബ്ലൊഗിലിരിക്കട്ടെ !!!

Monday, July 2, 2007

"പ്രതിസന്ധി"ചിത്രകാരന്‍ പൊന്മുടിയില്‍ വച്ച്‌ വ്യക്തിപരമായി അനുഭവിച്ച ഒരു പ്രതിസന്ധിയെത്തന്നെ വിഷയമാക്കി,
പ്രതിസന്ധി മറികടന്ന ചിത്രമാണിത്‌.
പൊന്മുടിയില്‍1990 നവംബര്‍ 18 മുതല്‍ 27വരെ നടന്ന നാഷണല്‍ ആര്‍ട്ടിസ്റ്റ്‌ ക്യംബില്‍ കേരള ലളിതകല അക്കാദമിയുടെ ക്ഷണപ്രകാരം ചിത്രകാരനും പങ്കെടുത്തിരുന്നു.
ഇന്ത്യയിലെ പ്രശസ്ത ചിത്രകാരന്മാരായ പത്മശ്രീ ഭുപന്‍ ഖക്കര്‍,മനു പരേഖ്‌, സുധീര്‍ പട്‌വര്‍ധന്‍, ആര്‍. ബി. ഭാസ്ക്കര്‍,എസ്‌. ജി. വാസുദേവ്‌ എന്നീ കുലപതികളോടൊപ്പം കെരളത്തിലെ പത്തോളം യുവ ചിത്രകാരന്മാരും പങ്കെടുത്ത ക്യാംബായിരുന്നു അത്‌.
അതുകൊണ്ടുതന്നെ പലര്‍ക്കും ശൂന്യമായ ക്യാന്‍വാസ്‌റ്റെന്‍ഷനുണ്ടാക്കുന്ന ഒരു വെല്ലുവിളിയായി അനുഭവപ്പെട്ടു. സ്വന്തം തലയിലെ ആള്‍ത്താമസം നാലാള്‍ അറിയുകയും വിലയിരുത്തുകയും ചെയ്യുമല്ലൊ...
ഒന്നുരണ്ടു ദിവസം പ്രകൃതി ദൃശ്യങ്ങള്‍ ആസ്വദിച്ചും, സര്‍ക്കാരിന്റെ ഭക്ഷണത്തിന്റെ ഗുണദോഷങ്ങള്‍ വിശകലനം ചെയ്തും കഴിച്ചുകൂട്ടി.
ലളിതകലാ അക്കാദമി സെക്രട്ടരി എന്റെ സൌന്ദര്യശാസ്ത്ര അദ്ധ്യാപകന്‍കൂടിയായ എ. അജയകുമാര്‍ സാറാണ്‌( ഇപ്പോഴത്തെ ഫൈന്‍ ആര്‍ട്സ്‌ കോളെജ്‌ പ്രിന്‍സിപ്പാള്‍). കക്ഷിയും, ചെയര്‍മാന്‍ നംബൂതിരിയും വരതുടങ്ങിയപ്പോള്‍ പിന്നെ രക്ഷയില്ലാതായി.
ഞാന്‍ എന്റെ പ്രതിസന്ധിയെത്തന്നെ ക്യാന്‍വാസ്‌ലാക്കി.
ചൂടിപ്പായവിരിച്ച സര്‍ക്കാര്‍ അതിഥിമന്ദിരത്തിന്റെ കോണ്‍ഫറന്‍സ്‌ ഹളിന്റെ തറയും, പൊന്മുടിയുടെ സൌന്ദര്യത്തിനു മറയിടാതെ സുതാര്യമായി നില്‍ക്കുന്ന ഗ്ലാസ്സ്‌ ചുവരുകളും, പിങ്കു നിറമുള്ള സീലിങ്ങും നല്ലൊരു കാഴ്ച്ചസുഖം നല്‍കിയപ്പോള്‍ ഞാന്‍ എന്റെ നിസ്സഹായാവസ്ഥയെ സത്യസന്ധമായി സ്വയം പരിഹസിച്ചുകൊണ്ട്‌ വരച്ച ചിത്രമാണിത്‌.
ഈ ക്യാംബില്‍ രണ്ടു ചിത്രങ്ങള്‍ വരച്ചു.
ഒരു ചിത്രകാരനെന്ന നിലയില്‍ എന്തും വരക്കാന്‍ ദൈര്യമുണ്ടാക്കിത്തന്ന പൊന്മുടി നാഷണല്‍ ആര്‍ട്ടിസ്റ്റ്‌ ക്യാംബിനെ ഞാന്‍ നന്ദിയോടെ സ്മരിക്കുന്നു.
എന്നെ കേരളത്തിന്റെ യുവചിത്രകാരനായി ഉയര്‍ത്തിയ ശ്രീ എ. അജയകുമാര്‍ സാറിനോടും ഞാന്‍ കടപ്പെട്ടിരിക്കുന്നു.