Wednesday, January 20, 2016

രോഹിത് വെമുലയുടെ ആത്മഹത്യ നമ്മളോട് ആവശ്യപ്പെടുന്നു...


അറിവ് സമ്പാദിക്കുന്ന അവര്‍ണ്ണരെ മോക്ഷം നല്‍കി പരബ്രഹ്മത്തില്‍ ലയിപ്പിക്കുക എന്നത് സവര്‍ണ്ണ ഹിന്ദു മതത്തിന്‍റെ മുഖ്യ അജണ്ടയായി മാറിയിട്ട് ഏതാണ്ട് രണ്ടായിരം വര്‍ഷങ്ങളെങ്കിലും ആയിരിക്കുന്നു.

അതില്‍ ഏറ്റവും ആദ്യത്തെ ഇരയായി രാമായണത്തിലെ ശൂദ്ര രാജാവായിരുന്ന ശബൂകനെയും  അവസാനത്തെ ഇരയായി രോഹിത് വേമുല എന്ന ശാസ്ത്ര ഗവേഷകനെയും കാണാം.

അറിവിന്‍റെ ഉന്മൂലനത്തിലൂടെ ഇന്ത്യയെ 1500 വര്‍ഷത്തിലേറെ ബ്രാഹ്മണരുടെ ജാതീയ ആധിപത്യത്തിനു കീഴിലുള്ള ഒരു ഭ്രാന്താലയമായി നിലനിര്‍ത്തിയ ഇരുണ്ട കാലത്തെക്കുറിച്ച് നമ്മുടെ പാഠപുസ്തകങ്ങള്‍ ഇപ്പോഴും മൌനികളായി തുടരുന്നതിനാലായിരിക്കണം നമ്മുടെ സമൂഹം ഈ ജനാധിപത്യ കാലത്തും ഉണരാതിരിക്കുന്നത്.

ബ്രാഹ്മണ്യം അവരുടെ വംശീയാധിപത്യത്തിനായി നിര്‍മ്മിച്ച സാംസ്കാരികതയെയും ആചാരങ്ങളെയും, ചരിത്രത്തെയും, വസ്തുനിഷ്ടമായി, രേഖപ്പെടുത്തി, മ്യൂസിയങ്ങളിലേക്കു കുടിപാര്‍പ്പിക്കേണ്ടതും,  നമ്മുടെ സമൂഹത്തെ സാംസ്കാരികമായി, മാനവികമായി പുതുക്കിപണിയേണ്ടതും, ഇവിടത്തെ അധസ്ഥിത ജനതയുടെ ഏറ്റവും പ്രധാനമായ ഉത്തരവാദിത്വമായിരുന്നു.

എന്നാല്‍, ബ്രാഹ്മണാധിപത്യം എന്ന സവര്‍ണ്ണത  / ജാതീയതയുടെ മയക്കുമരുന്നുപോലുള്ള സാംസ്കാരികതയില്‍ നിന്നും മോചനം നേടാന്‍ നമ്മുടെ സമൂഹത്തിനാകുന്നില്ല. ബ്രാഹ്മണ വംശീയവിഷം നമ്മുടെ സാംസ്കാരികതയിലാണ് വിദഗ്ദമായി കലർത്തപ്പെട്ടിരിക്കുന്നത് എന്നതിനാല്‍ ചെറിയ രീതിയിലുള്ള പ്രതിരോധം കൊണ്ടൊന്നും സവര്‍ണ്ണ ജാത്യാഭിമാനത്തെ ഇല്ലാതാക്കാനാകില്ല. ചെറിയ പരിഹാരങ്ങള്‍ വെറും വഴിപാടുകള്‍ മാത്രമായി സവര്‍ണ്ണതയുടെ സംരക്ഷണ തന്ത്രമായാണ് രൂപം മാറുക.

അതുകൊണ്ടുതന്നെ സവര്‍ണ്ണ ജാത്യാഭിമാനത്തിന്റെ മനുഷ്യത്വ രാഹിത്യത്തെ തുറന്നു കാണിക്കുന്നതിനും, സവര്‍ണ്ണതയില്‍ അഭിമാനിക്കുന്നവരില്‍ വസ്തുനിഷ്ട ചരിത്ര ജ്ഞാനം പ്രചരിപ്പിച്ച് അവരെ സാംസ്കാരികവും മാനവികവുമായി നവീകരിക്കുന്നതിനുമായി വലിയ ജാതിവിരുദ്ധ സമരങ്ങള്‍ ആവശ്യമാണെന്ന് രോഹിത് വെമുലയുടെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഉത്തരേന്ത്യയില്‍ ദളിത്  മൂവ്മെന്റുകള്‍ക്ക് മാനവികമായ ആ സാമൂഹ്യ പരിവര്‍ത്തനം നല്‍കാനുള്ള കരുത്ത് നമ്മുടെ ഭരണ ഘടനാശില്‍പ്പിയും, സാമൂഹ്യ പരിഷ്ക്കര്‍ത്താവുമായ അംബേദ്‌ക്കറില്‍ നിന്നും  പകര്‍ന്നു കിട്ടിയിട്ടുണ്ടെന്നതില്‍ സന്തോഷിക്കാം. എന്നാല്‍, നായർ മുതല്‍ നായാടി വരെയുള്ള എല്ലാവര്‍ക്കും ദളിത്‌ പൈതൃകമുള്ള കേരളത്തില്‍ വ്യാജവംശാഭിമാനങ്ങള്‍ കൊടികുത്തിവാഴുകയാണ്. 


ഉത്തരേന്ത്യയില്‍ കൊല്ലപ്പെടുന്നത് ദളിതരല്ലേ, നായരല്ലല്ലോ !!

തപസ്സനുഷ്ഠിച്ചതിന്‍റെ പേരില്‍ രാമായണത്തിലെ  ശ്രീ രാമേട്ടനാല്‍ കൊല്ലപ്പെട്ട ശൂദ്രനായ സംബൂകന്‍റെ അതെ വംശക്കാരനായ നായര്‍ വിശ്വസിക്കുന്നത് താന്‍ ക്ഷത്രിയനാണെന്ന കള്ള,ക്കഥയാണ്.

അതായത് നമ്മളെല്ലാം സവര്‍ണ്ണരാണെന്ന ഒരു മിഥ്യാബോധം !

പിന്നെന്താ, ഉത്തരേന്ത്യയില്‍ ദളിതരെക്കൊന്നാലും, ആത്മഹത്യ ചെയ്യിച്ചാലും നമ്മുക്ക് വേദനിക്കാന്‍ കാര്യം  ??  അങ്ങനെ ചിന്തിക്കാനുള്ള ആകെയുള്ള  ന്യായം  തങ്ങള്‍ക്ക് ദളിതര്‍ക്കുള്ള പോലെ സംവരണക്വാട്ട ഇല്ലെന്നതായിരിക്കാം. സാമൂഹ്യ കാരണങ്ങളാല്‍ അല്ലാതെത്തന്നെ ജനസംഖ്യാനുപാതികമായി ലഭിക്കേണ്ടതിനേക്കാള്‍  അവസരങ്ങള്‍ അനര്‍ഹമായി  സ്വന്തമാക്കിയിരിക്കുന്നവര്‍ക്ക് ഉണ്ടാകുന്ന മാനസിക വികാസ കുറവാണ് അത്. ജാത്യാഭിമാനത്തെ തള്ളിക്കളഞ്ഞാല്‍ മാറാവുന്ന ഒരു വിവരക്കേട് !


കേരളത്തില്‍ വര്‍മ്മയെന്ന ജാതിപ്പേര് പേരിന്‍റെ വാലായി കൊണ്ട് നടന്നിരുന്ന 'ഠ' വട്ടം മഹാരാജാക്കന്മാരെപ്പോലും ശൂദ്രന്മാരുടെ രാജാവായിട്ടാണ് ബ്രാഹ്മണര്‍ വിശേഷിപ്പിച്ചിരുന്നത്.

രാജാവ് പോയിട്ട് വാച്ചുമാന്‍ ജോലിപോലും ഇല്ലാതിരുന്ന വെറും ചട്ടമ്പി/ ഗുണ്ട/ സേവക/അനുഷ്ടാനപരമായ കൊലയാളികള്‍ മാത്രമായിരുന്ന ശൂദ്രര്‍ക്ക് ബ്രാഹ്മണര്‍ നല്‍കിയ നായര്‍ ജാതി വാല്‍ പോലും, ബ്രാഹ്മണരോട് കൂറ് കാണിക്കുന്ന ഒരു മനുഷ്യ മൃഗം എന്ന അര്‍ത്ഥത്തില്‍ നല്‍കപ്പെട്ട ഒരു വിശേഷണം ആണ്.


രാജ്യ ഖജനാവില്‍ നിന്നും സ്വര്‍ണ്ണ കട്ടകള്‍ ദാനമായി ലഭിക്കുന്ന ഹിരണ്യഗര്‍ഭം എന്ന ചടങ്ങിലൂടെ ഖജനാവ് കൊള്ളയടിക്കാന്‍ ബ്രാഹ്മണര്‍ക്ക് ലഭിച്ചിരുന്ന സുവര്‍ണ്ണാവസരത്തിന്‍റെ പേരിലാണ് നമ്മുടെ ശൂദ്ര മഹാരാജാക്കന്മാരെ ബ്രാഹ്മണര്‍ക്ക് മുന്നില്‍ ഓച്ചനിച്ചു നില്‍ക്കുന്ന വിഡ്ഢികള്‍ എന്ന അര്‍ത്ഥത്തില്‍ വര്‍മ്മയെന്ന പണം കൊടുത്ത് വാങ്ങുന്ന സ്ഥാനപ്പേര്‍ പേരിന്‍റെ വാലില്‍ ചേര്‍ത്തിരുന്നത്. അതായത് , വര്‍മ്മ എന്ന ജാതിപ്പേര്‍ ജനനം കൊണ്ട് സിദ്ധിച്ചതല്ല. വര്‍മ്മയായ രാജാവിന്റെ മകന്‍ ഒരിക്കലും വര്‍മ്മയാകില്ല. ശൂദ്രനെ ആകു. ശൂദ്ര രാജാവിന്‍റെ മൂത്ത സഹോദരിമാര്‍ക്ക് രാത്രി കൂട്ടിനിരിക്കാന്‍/സംബന്ധത്തിനു വരുന്ന ഏതെങ്കിലും ബ്രാഹ്മണരില്‍ ജനിക്കുന്ന മകനു മാത്രമേ പണം കൊടുത്ത് വാങ്ങാവുന്ന വര്‍മ്മ പദവിപോലും ആഗ്രഹിക്കാവുന്ന ജന്മ ഗുണമുള്ളു  .


രാജകീയ സവര്‍ണ്ണ വംശം ആണെന്ന് സ്വയം വിശ്വസിക്കുന്ന ശൂദ്രനായ നായരുടെ സവര്‍ണ്ണ ജാത്യാഭിമാനം (അക്ഷരാഭ്യാസം പോലും നിഷിദ്ധമായ...) ഇത്രക്ക് സഹതാപകരമായിരുന്നെങ്കില്‍ അതിലും താഴെ അടിമയായി നായരുടെ ജാതീയ പീഡനങ്ങള്‍ക്ക് വിധേയരായി ചത്തതിനൊക്കുമേ ജീവിച്ചിരുന്ന ഈഴവ/തിയ്യ/നാടാര്‍/ചാന്നാര്‍/ വിശ്വകര്‍മ്മ/കമ്മാള/അരയ/മുക്കുവ/വാണിയ/ശാലിയ/അവര്‍ണ്ണ ജനങ്ങളുടെ സവര്‍ണ്ണ ഹിന്ദു മതത്തിലെ സ്ഥാനം എന്തായിരുന്നിരിക്കും എന്നൂഹിക്കാവുന്നതെയുള്ളു.


എട്ടാം നൂറ്റാണ്ടില്‍ ബ്രാഹ്മണരുമായുള്ള പാണ്ഡിത്യമത്സരത്തില്‍ പരാചയപ്പെട്ടു അധികാരം അടിയറവച്ച ബൌദ്ധ രാജാവിന്‍റെ വംശമായതിനാല്‍ 1200 വര്‍ഷം കന്നുകാലികളെപ്പോലെ ഭൂരഹിത കൃഷിപ്പണിക്കാരായി പീഡിപ്പിക്കപ്പെട്ട പുലയരെയൊക്കെ മനുഷ്യരായിപ്പോലും കാണാന്‍ നമ്മുടെ സംസ്ക്കാരം ഇനിയും വികസിച്ചിട്ടില്ല.


നമ്മുടെ സംസ്ക്കാരം മാനവികമായി വികസിപ്പിക്കപ്പെടെണ്ടാതുണ്ടെന്നു നമുക്ക് തോന്നുന്നു പോലുമില്ല!!

ഈ മാനസികാവസ്ഥ ബ്രാഹ്മണാധിപത്യം ശീലമായി മാറിയ നമ്മുടെ സാംസ്കാരികതയുടെ വൈരൂപ്യമാണ്. ഈ വൈരൂപ്യത്തെയാണ് ചിത്രകാരന്‍ സവര്‍ണ്ണത അഥവാ ജാതീയത എന്ന് വിളിക്കുന്നത്.


സവര്‍ണ്ണത നശിപ്പിക്കാതെ ഇനി മുന്നോട്ടു പോകാനാകില്ല. സാംസ്കാരികമായി വളരാനാകില്ല. സാംസ്ക്കാരിക നായന്മാരായി നില്‍ക്കുന്ന വലിയ വലിയ പ്രമാണികള്‍ ഇപ്പോഴും ബ്രാഹ്മണാധിപത്യവും ക്ഷേത്ര അനാചാരങ്ങളും സമൂഹത്തില്‍ നില നിര്‍ത്താനുള്ള സാമൂഹ്യ ജാഗ്രതക്കുവേണ്ടി പത്ര മാധ്യമങ്ങളിലൂടെ കുരക്കുന്നതും ഓരിയിടുന്നതും കവിതാലാപനം നടത്തുന്നതും  കേരളത്തില്‍ സാധാരണയാണല്ലോ. ഈ ചൂലുകളെല്ലാം ഒന്ന് മനുഷ്യരായി കാണാന്‍ നാം ആഗ്രഹിക്കുന്നത് അസാധ്യമാണെങ്കിലും, അവറ്റകളുടെ മക്കളോ കൊച്ചു മക്കളെങ്കിലുമോ മാനവിക സാംസ്കാരികതയിലേക്ക് ഉയരണമെങ്കില്‍ സവര്‍ണ്ണ ജാത്യാഭിമാനത്തിന്റെ ഫാസിസ്റ്റു മുഖത്തെ പകല്‍ വെളിച്ചത്തില്‍ വസ്തുനിഷ്ടമായി പ്രകടമായി കാണാന്‍ അവസരമുണ്ടാക്കേണ്ടതുണ്ട്. അതിനായി സാംസ്കാരികമായ വലിയ പ്രക്ഷോഭങ്ങള്‍ ആരംഭിക്കാന്‍ നമ്മുടെ സാംസ്കാരികത നവീകരിക്കാനായി രക്തസാക്ഷിത്വം വരിച്ച രോഹിത് വെമുലമാരുടെ ആത്മമന്ത്രണങ്ങള്‍ നമ്മളോട് ആവശ്യപ്പെടുന്നുണ്ട്.

Sunday, January 17, 2016

സംസ്കൃതം എട്ടുകാലി മമ്മൂഞ്ഞോ ??

സംസ്കൃതവും തമിഴും തമ്മിലുള്ള സംസര്‍ഗ്ഗത്താല്‍ ഉരുത്തിരിഞ്ഞുവന്ന ഭാഷയാണ് മലയാളം എന്നാണ് നാം മലയാളികള്‍ ഇതുവരെ പാഠപുസ്തകങ്ങളില്‍ പഠിച്ചിരുന്നത്. എന്നാല്‍ ബ്രാഹ്മണരും അവരുടെ ഔദ്ധ്യോഗിക ഭാഷയായ സംസ്കൃതവും കേരളത്തില്‍ കാലുകുത്തുന്നതിനു ഏതാണ്ട് 1000 വര്‍ഷം മുന്‍പുതന്നെ പാലിഭാഷയുടെ സഹായത്തോടെ മലയാളം രൂപംകൊണ്ടുതുടങ്ങിയിരുന്നു എന്നു പറയാം.

 മലയാള ഭാഷയില്‍ കലര്‍ന്നിരിക്കുന്ന പാലി വാക്കുകള്‍ നോക്കുക :

 “അമ്മ, അച്ഛന്‍, അയ്യന്‍, അത്താണി, അളി, അം‌മ്പലം, അരമന, അങ്ങാടി, അച്ചാരം, അണിയം, അമരം, അം‌മ്പഴം, അയമോദകം, ആയിരം, ആടലോടകം, ആഴക്ക്, അകത്തി, ആണ, ഏണി, ഓണം, ഒട്ടകം, ഊഞ്ഞാല്‍, കൊത്തമ്പാല, കൊട്ട, കഷണ്ടി, കച്ചം, കഴുത, കോണി, കാവ്, കൊക്കരണി, കന്നം, കുപ്പായം, കഴഞ്ച്, കള്ള്, കച്ചി, ചപ്പ്, ചരട്, ചക്കര, ചക്കി, ചിരുതേയി, ചരുവം, കൂടാരം, ചമ്മട്ടി, ചുരിക, ചങ്ങല, ചന്ത, കുത്തക, ചാട്, അച്ച്, ചൂത്, ചാണകം, ചരക്ക്, ചൌക്ക, ചന്തി, ചുക്ക്, ചവണ, ചുങ്കം, ജോനകന്‍, തിമിരം, തൊപ്പി, തരക്, തടാകം, തുലുക്കന്‍, തോണി, തൂണ്‍, നെയ്, നാരായം, നാഴി, നന്ത്യാര്‍വട്ടം, പിണ്ണാക്ക്, പുരികം, പല്ലക്ക്, പീടിക, പുളിങ്ങ, പുളകം, പിച്ച, പുടവ, പണ്ടം, പതാക, പന്നകം, പട്ടിക, പെട്ടി, പേയ്, പുന്ന, മറുത, മുന്തിരി, മോഴ, വക്കാണം, വട്ടം...“ തുടങ്ങി എത്രയോ വാക്കുകള്‍ ബുദ്ധധര്‍മ്മത്തിന്‍റെ ഭാഷയായിരുന്ന പാലിയില്‍ നിന്നും മലയാളത്തിലേക്ക് കടംകൊണ്ടവയാണ്.

 ( കടപ്പാട്: 1 ബുദ്ധമതവും ജാതി വ്യവസ്ഥയും - ഡോ.കെ.സുഗതന്‍.പേജ് 56-പ്രോഗ്രസ്സ് പബ്ലിക്കേഷന്‍, കോഴിക്കോട്-4, 2011 ; 2 മലയാളത്തിലെ പരകീയ പദങ്ങള്‍- ഡോ. പി.എം. ജോസഫ്- കേരള ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട്, രണ്ടാം പതിപ്പ്, 1995)

Thursday, January 7, 2016

കാലടി യൂണിവേഴ്സിറ്റിയിലെ പാലി ശില്‍പ്പശാല ചിത്രങ്ങള്‍

2015 ഡിസംബര്‍ 16 മുതല്‍ 30 വരെ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത യൂണിവേഴ്സിറ്റിയില്‍ സംഘടിപ്പിച്ച - 15 Day Workshop on Pali Language and Buddhist Cultures, Jointly Organized by Departments of Philosophy, Sanskrit, Sree Sankaracharya University of Sanskrit, Kalady, Kerala, 16 - 30 December 2015 -  പാലി ഭാഷ & ബുദ്ധിസ്റ്റ് സാംസ്ക്കാരികതയെ ക്കുറിച്ചുള്ള ശില്‍പ്പശാലയില്‍ ഒരു പഠിതാവായി ചിത്രകാരനും പങ്കെടുത്തിരുന്നു.

മുബൈ യൂണിവേഴ്സിറ്റിയിലെ പാലി വിഭാഗത്തില്‍ നിന്നുള്ള ഡോ. യോജന ഭഗത്തിന്‍റെ ( Dr. Yojana Bhagat, Department of Pali, University of Mumbai ) നേതൃത്വത്തില്‍നടന്ന പാലി ശില്‍പ്പശാല ജീവിതത്തിലെ വളരെ നല്ലൊരു അനുഭവമായിരുന്നു. ഭാഷാ പഠനത്തിലാണ് കൂടുതല്‍ ഊന്നല്‍ നല്‍കിയിരുന്നതെങ്കിലും ചിത്രകാരനെ സംബന്ധിച്ച് പാലി ഭാഷയുടെ ചരിത്രവും, സംസ്ക്കാരവുമായിരുന്നു മുഖ്യം. ഏതാനും ദിവസത്തെ ശില്‍പ്പശാല അനുഭവത്തില്‍ നിന്നും പാലി ഭാഷയുടെ സംബന്നതയെക്കുരിച്ച്ചു മാത്രമല്ല, അത് ഉപയോഗിക്കുന്നവരുടെയും, പഠിപ്പിക്കുന്നവരുടെയും  അര്‍പ്പണ ബുദ്ധിയും ആത്മാര്‍ത്ഥതയും നേരിട്ട് കണ്ടു ബോധ്യപ്പെടാന്‍ ശില്‍പ്പശാല വഴിയൊരുക്കി എന്ന് പറയാം.

ക്യാമ്പിലെ കുറച്ചു ചിത്രങ്ങള്‍ താഴെ പോസ്റ്റു ചെയ്യുന്നു. 
ചിത്രങ്ങളുടെ അടിക്കുറിപ്പ് സാവകാശം നല്‍കുന്നതായിരിക്കും.

പാലി ഭാഷയിലുള്ള മനോഹരമായ രതന സുത്ത Ratana Sutta കേള്‍ക്കണമെന്നുള്ളവര്‍ ഇവിടെ ക്ലിക്ക് ചെയ്യുക.

അല്ലെങ്കില്‍, ചിത്രകാരന്‍റെ ഗൂഗിള്‍ പ്ലസ് പോസ്റ്റില്‍ (Google  Plus post) നിന്നും രതന സുത്ത (Ratana Sutta) കേള്‍ക്കാന്‍ ഈ ലിങ്കില്‍ ക്ലിക്കിയാലും മതി (പോസ്റ്റിലെ ഫോട്ടോയില്‍ ക്ലിക്കിയാല്‍ സൌണ്ട് ക്ലൌഡ് ഫയല്‍ തുറന്നു വരികയാണ് ചെയ്യുക )