Thursday, November 29, 2007

ദൈവവും പിശാചും... ഒരു ചര്‍ച്ച

ഈ കാര്‍ട്ടൂണ്‍ ബൂലോകത്തെ തീവ്ര മതവിശ്വസികളായ പൊന്നമ്പലം, രാഹുല്‍ ഈശ്വര്‍ , മത വിശ്വാസികളല്ലാത്ത കെ.പി.സുകുമാരന്‍, ഇ.എ.ജബ്ബാര്‍ എന്നിവര്‍ക്കെല്ലാംവേണ്ടി ചിത്രകാരന്‍ സമര്‍പ്പിക്കുന്നു.
17 വര്‍ഷം മുന്‍പത്തെ ചിത്രകാരന്റെ ചിന്ത.

Monday, November 26, 2007

കുഞ്ചിയമ്മയും അഞ്ചുമക്കളും


കുഞ്ചിയമ്മക്കഞ്ചുമക്കളാണേ...

അതിലഞ്ചാമനോമന കുഞ്ചുവാണേ...
17 വര്‍ഷം മുന്‍പു വരച്ച കാര്‍ട്ടൂണ്‍. ആദ്യമായി ബ്ലോഗില്‍ വെളിച്ചം കാണുന്നു.

Thursday, November 22, 2007

ചാനല്‍ സുന്ദരിയുടെ ബെല്ലി ഡാന്‍സ്

അവള്‍
രഹസ്യമായും,പരസ്യമായും...
എന്നെ പ്രാപിക്കാന്‍
അനുവാദം ചോദിച്ചുകൊണ്ടിരുന്നു.

ഭാര്യയുണ്ട്,കുട്ടിയുണ്ട്, പാരമ്പര്യമുണ്ട്,
കടത്തിന്റെ മാറാപ്പുകെട്ടുണ്ടെന്നുപറഞ്ഞ്..
ഞാന്‍ ഉത്തരവാദിത്വം നടിച്ചു.

പക്ഷെ, രക്ഷയില്ല.
അവളുടെ സമുദ്രം പോലുള്ള കണ്ണുകള്‍,
തിരമാലതീര്‍ക്കുന്ന ഇമയിണകള്‍...
രക്തം തുളുമ്പുന്ന ഹലുവപോലുള്ള ചുണ്ടുകള്‍...
ബൌണ്‍സ് ചെയ്യുന്ന സാനിയാ-സ്തനങ്ങള്‍...
പിന്നില്‍ തുളുമ്പുന്ന ചന്തികള്‍ !!!

അറിയാത്ത ഏതോ അറബി ഈരടിയുടെ
ശീല്‍ക്കാരത്തിന്റെ തണുത്ത തറയില്‍
അവളുടെ ബെല്ലീ ഡാന്‍സ് ...
മനസ്സിന്റെ നടുത്തളത്തില്‍
സര്‍പ്പസൌന്ദര്യത്തിന്റെ ഇണചേരല്‍...

എന്റെ കൈ കാലുകളിലെ ചങ്ങല
മുറുകിയൊലിച്ച ചോരകൊണ്ടൊരു
വരണമാല്യം തീര്‍ത്ത് പ്രേമത്തെ
അനശ്വരമെന്ന് പ്രഖ്യാപിച്ചപ്പോള്‍...
അവള്‍ പ്രസന്നയായി.

ഞാന്‍ അവളുടെ ദാസനായി.
അവള്‍ ഇക്കിളിപ്പെടുത്തി ,ഉമ്മവച്ചു,
ശബ്ദത്തിന്റെ മുത്തുമണികള്‍ കൊണ്ട്
എനിക്കു നെല്ലിക്കാതടം തീര്‍ത്തു.
ധാര... മസാജ്... യ്യോ...
അടിമയാകാന്‍ കാത്തിരുന്നവന്‍ ഞാന്‍ !

അവള്‍ എന്നെ അമ്മാനമാടി.
കൈക്കുഞ്ഞാക്കി ഓമനിച്ചു.
ബെല്ലി ഡാന്‍സിന്റെ വിയര്‍പ്പില്‍കുതിര്‍ന്ന
ഇടവേളയിലെപ്പഴോ...
അവള്‍ ഷക്കീലാ-മുലകള്‍ക്കിടയില്‍
ചുരുട്ടിയ നോട്ടുപോലെ എന്നെ
തിരുകിവച്ചു... ജന്മം ധന്യമായി!

തുടര്‍ന്ന് എന്റെ പ്രണയേശ്വരിയുടെ
അഴകുറ്റ കണ്ണുകളും, ചുണ്ടുകളും,
മാറിടവും,നിതം‌മ്പവും നിര്‍മ്മിച്ച...
ലോകപ്രശസ്ത ചിത്രകാരന്മാരുടെ പേരുകള്‍
സ്ക്രീനില്‍ എഴുതിക്കാണിച്ചിരിക്കും.

ഞാന്‍ അതെന്തിനു കാണണം?
പ്രായോചകരുടെ ഡിസൈന്‍ ചെയ്ത
ജീവിത കൂടുകളിലൊന്നില്‍
അവളെ ധ്യാനിച്ച്, സ്വപ്നം കണ്ട് ,..
ഉറങ്ങാന്‍ ഭാഗ്യം ലഭിച്ച... മഹാഭാഗ്യവാന്‍ ഞാന്‍ !

സാംസ്കാരിക ടാക്സ്


വളരെ ലളിതമായൊരു കാര്‍ട്ടൂണ്‍. വല്ല ഓണപ്പതിപ്പിനും കൊടുക്കാന്‍ 17 കൊല്ലം മുന്‍പ് വരച്ചതാണ്. ആര്‍ക്കും കൊടുത്തില്ല. ബ്ലോഗേഴ്സിനിരിക്കട്ടെ !

Wednesday, November 21, 2007

അമാവാസി..കാര്‍ട്ടൂണ്‍ -5


ഒരു മുഖസ്തുതിയെപ്പോലും അതിജീവിക്കാനാകാത്ത... കേവലം മിന്നാമിനുങ്ങുകളായ മഹാകലാ-സാഹിത്യകാരന്മാരെ കാണുമ്പോള്‍ സഹതപിക്കുക.

അവര്‍ ജന മനസ്സാക്ഷിയെ ഒറ്റുകൊടുക്കുന്നവര്‍ !!! അമാവാസിയിലെ അഞ്ചാമത്തെ കാര്‍ട്ടൂണ്‍.

Tuesday, November 20, 2007

നഷ്ടപ്പെട്ടെന്നു കരുതിയ ഡ്രോയിങ്ങ്സ്

17 വര്‍ഷം മുന്‍പ് തിരുവനന്തപുരം പാളയം ക്രിസ്ത്യന്‍ പള്ളിയും,അവിടെ അന്നുണ്ടായിരുന്ന ട്രാഫിക് കുടയും മെര്‍ക്കുറിലാമ്പിന്റെ വെളിച്ചത്തില്‍ മുങ്ങിക്കുളിച്ചു നില്‍ക്കുന്നത് ഒരു അനുഭൂതിയായി നിറഞ്ഞിരുന്ന കാലത്താണ് ക്രിസ്തു കുരിശില്‍ നിന്നും ഇറങ്ങിപ്പോയാലുള്ള വിഷമതകളെക്കുറിച്ച് ചിത്രകാരന്‍ ചിന്തിച്ചിരുന്നത്.
ചിന്ത ശക്തിപ്രാപിച്ചപ്പോള്‍ ...രാത്രിയില്‍ മാത്രുഭൂമിയില്‍ ഉറക്കമൊഴിച്ച് പുലര്‍ച്ച 3മണിയുടെ ഷിഫ്റ്റ് തീരാന്‍ കാത്തിരിക്കുന്നതിനിടയിലെപ്പൊഴോ വരച്ച ഡ്രോയിങ്ങുകളാണിത്. സ്വന്തം കഥാതന്തുവിന് വരകളിലൂടേയും,വാക്കുകളിലൂടേയും ജീവന്‍ നല്‍കാന്‍ ശ്രമിക്കുന്നതിന്റെ സുഖത്തോളം രസകരമായ ഒരു ഗര്‍ഭിണിസുഖം മറ്റൊന്നിനുമുണ്ടെന്നു തോന്നുന്നില്ല.
നഷ്ടപ്പെട്ടെന്നു കരുതിയ ഈ ഡ്രോയിങ്ങുകള്‍ തിരിച്ചുകിട്ടിയപ്പോള്‍ വളരെ സന്തോഷിച്ചു.
ചാണ്ടി ചേട്ടന്റെ ദുസ്വപ്നം എന്ന നര്‍മ്മ ഭാവനയില്‍ ഇതിലെ ഒരു ഡ്രോയിങ്ങ് ഓയില്‍ പെയിന്റിങ്ങ് ആയി ചേര്‍ത്തിട്ടുണ്ട്. ഈ ചിത്രങ്ങള്‍ കൂടി നര്‍മ്മ കഥയില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തുന്നു.

അമാവാസി..കാര്‍ട്ടൂണ്‍ - 4


നാലമത്തെ കാര്‍ട്ടൂണ്‍.സമൂഹത്തിന്റെ പൊതുധാര ധാര്‍മ്മികമായി മലീമസമാണെങ്കിലും, അതിന്റെ വേലിക്കു പുറത്ത് ചവറ്റുകൂനക്കകത്ത് നന്മ അണയാതെ കിടക്കുന്നുണ്ടെന്നൊരു ദര്‍ശനം.17 വര്‍ഷം പഴക്കമുള്ള വരകള്‍. പ്രസിദ്ധീകരിക്കാത്തത്.
ഈ കാര്‍ട്ടൂണ്‍ കൈമോശം വരുമെന്ന ഭീതിയില്‍ ആര്‍ക്കും അയച്ചു കൊടുത്തില്ല.17 വര്‍ഷം മുന്‍പ് അന്നത്തെ കലാകൌമുദി ചീഫ് എഡിറ്റര്‍ ശ്രീ.ജയചന്ദ്രന്‍ നായരെ നേരിട്ടുപോയി കാര്‍ട്ടൂണ്‍ കാണിച്ചെങ്കിലും,അദ്ദേഹം ചിരിയുള്ളതുമാത്രമേ ഇനി പരിഗണിക്കാനാകു എന്നു പറഞ്ഞു. ചിത്രകാരന് സാമൂഹ്യപ്രശ്നങ്ങള്‍ സ്വന്തം അമ്മയുടെ ഭ്രാന്തുപോലെ ചിരിവരാത്ത, രക്തബന്ധമുള്ള പ്രശ്നങ്ങളായതിനാല്‍ ആരേയും ചിരിപ്പിച്ച് പണമുണ്ടാക്കാന്‍ കഴിയില്ല.സാമൂഹ്യ പ്രശ്നങ്ങള്‍ കണ്ട് ആരന്റെ അമ്മയുടെ ഭ്രാന്തുകണ്ട് ചിരിക്കുന്ന എന്ന പ്രയോഗം പോലെ നിന്നു ചിരിക്കുന്നവനെ ചിത്രകാരന്‍ സഹതാപത്തോടെ മാത്രം കാണുന്നു. ചിത്രകാരന്‍ ബ്ലോഗിന്റെ ചുമരുകളില്ലാത്ത ആകാശത്തിന്റെ തണലിലിരുന്ന് കുറച്ചു ചിന്തിക്കട്ടെ !!! ചിരിയില്ലെന്നല്ല.ചിരി മറ്റു ചില വിഷയങ്ങളില്‍. ഇത് മനസ്സിനകത്തേക്കുള്ള ശബ്ദമില്ലാത്ത ചിരിയാണ്.സ്വയം നന്നാവാനുള്ള ചിരി...ചിന്ത.

ചിറകുകളുടെ സൌന്ദര്യം

കുട്ടി പറഞ്ഞു:
പൂമ്പാറ്റേ...
നിന്റെ ചിറകുകള്‍ക്കെന്തു ഭംഗി!
എനിക്കു നിന്റെ ചിറകു തരുമോ?

ഉയര്‍ന്നു പോങ്ങിയ ശലഭം
തന്റെ വര്‍ണ്ണ ചിറകുകള്‍
കുട്ടിക്കു സമ്മാനിച്ചു.

കുട്ടി പൂമ്പാറ്റയുടെ
ജീവനില്ലാത്ത വര്‍ണ്ണ ചിറകുകള്‍
പുസ്തകത്തിലൊട്ടിച്ചു.
കണ്ടവരെല്ലാം പറഞ്ഞു:
പുസ്തകം മനോഹരം!!!
കുട്ടിക്ക് അവര്‍ ഉമ്മ കൊടുത്തു.

ചിറകറ്റ പൂമ്പാറ്റയെ
ഭക്ഷിച്ചുകൊണ്ടിരുന്ന ഉറുമ്പുകള്‍ പറഞ്ഞു:
ചിത്രത്തില്‍ കുറച്ച് ഉപ്പു കുറവുണ്ട്.
കാശ്മീരി മുളകു ചേര്‍ത്തിരുന്നെങ്കില്‍...
നിറങ്ങള്‍ക്ക് നല്ല എരിവുണ്ടായേനേ.

ചിത്രശലഭം പതിവുപോലെ
മനസ്സിനകത്തേക്കുനോക്കി ചിരിച്ചു.
അവസാനത്തെ പിടയലിന്റെ ഓളങ്ങളായി..
ആ ചിരി നിശ്ചലതയെ പ്രാപിച്ചു.

Sunday, November 18, 2007

അമാവാസി.. കാര്‍ട്ടൂണ്‍- 3


അമാവാസി 3 ല്‍ വര്‍ഗ്ഗീയതയുടെ വിശുദ്ധ സന്ദര്‍ശനമാണ് വിഷയം. 17 വര്‍ഷം മുന്‍പത്തെ ഗുരുവായൂരപ്പന്റെ ദാസനായ അന്നത്തെ രാജാവിനെ മൂക്കില്ലാതെ വരച്ചിരിക്കുന്നു.

ബിസിനസ്സ് ചിന്തകള്‍ ...

ചിത്രകാരനെ ബിസിനസ്സ് ചിന്തകള്‍ പിടികൂടുന്നത് 1992 ല്‍ തിരുവനന്തപുരത്തുവച്ചാണ്. അന്ന് മാതൃഭൂമിയിലാണ് ജോലി.ജോലി രാതിയായതിനാല്‍ പകല്‍ മുഴുവന്‍ വെറുതെയിരിപ്പും,ഉറക്കവും,പെയിന്റിങ്ങുമാണ് തൊഴില്‍.
ഒറിജിനലായ ഫോട്ടോകള്‍ ഉപയോഗിച്ച് ഇരുപതോളം ഗ്രീറ്റിങ്ങ് കാര്‍ഡുകള്‍ ഡിസൈന്‍ ചെയ്തു. സഹപ്രവര്‍ത്തകര്‍ക്ക് വിറ്റു. കേരള സ്റ്റേറ്റ് ഹൌസിങ്ങ് ബോര്‍ഡിന് 5000 ഗ്രീറ്റിങ്ങ് കാര്‍ഡ് പ്രിന്റു ചെയ്ത് കൊടുക്കാനുള്ള ഓര്‍ഡറും കിട്ടി. ഹൌസിങ്ങ് ബോര്‍ഡില്‍ നിന്നും പണം കിട്ടാന്‍ ഒരു സ്ഥാപനത്തിന്റെ ബില്ലു വേണമായിരുന്നു. അങ്ങിനെ ആദ്യമായി ഒരു കടലാസ് സ്ഥാപനം തുടങ്ങി കടലാസ് സ്ഥാപനത്തിന്റെ ഉടമയായി.
ഈ ബിസിനസ്സ് ഹരം കാരണം മാത്രുഭൂമിയുടെ വ്യാപാരരംഗം പേജില്‍ രണ്ടു കുറിപ്പുകളും അതിന്റെ ഇലസ്ടേഷനും കാച്ചി. വ്യാപാരംഗം പേജിന്റെ ചാര്‍ജ്ജുള്ള അന്നത്തെ ചീഫ് സബ് എഡിറ്റര്‍ ശ്രീ. ടി.സുരേഷ് ജി( ലോക സിനിമകളുടെ നിരൂപണമെഴുതുന്ന ബ്ലോഗര്‍ ടി.സുരേഷ് ബാബു )യോടും, ന്യൂസ് എഡിറ്റര്‍ രവിയേട്ടനോടും നന്ദി.സഹപ്രവര്‍ത്തകനും,ആര്‍ട്ടിസ്റ്റും,നല്ല കാലിഗ്രാഫിസ്റ്റുമായ സതീഷ് കരകുളമാണ് തലക്കെട്ടുകള്‍ എഴുതിയിരിക്കുന്നത്. ഗ്രീറ്റിങ്ങ്സ് കാര്‍ഡുകളെക്കുറിച്ചും,വ്യാപാരത്തിലെ സൌഹൃദത്തെക്കുറിച്ചു മുള്ള കുറിപ്പുകള്‍. പിന്നീട് ഗ്രീറ്റിങ്ങ്സ് കാര്‍ഡ് തിരിഞ്ഞു നോക്കിയിട്ടില്ല. (കണ്ണൂരിലേക്കുള്ള ട്രാന്‍സ്ഫറിലും, 93 ലെ എക്സിബിഷനിലുമായിരുന്നു പിന്നീടുള്ള ശ്രദ്ധ.)

Saturday, November 17, 2007

അമാവാസി ...കാര്‍ട്ടൂണ്‍-2

17 വര്‍ഷം മുന്‍പ് വരച്ച കാര്‍ട്ടൂണ്‍. പ്രസിദ്ധീകരിക്കാത്തത്.

Friday, November 16, 2007

B പോസിറ്റീവ്

ഒരുപിടി മനുഷ്യരുടെ കൈകളില്‍
ലോകം ചുരുങ്ങുംബോള്‍...
സന്തോഷിക്കുക !

സവിനയം
ചുരുങ്ങിക്കൊടുക്കുക.
നീരസം നന്ദികേടാണ്,
പാപമാണ്,നെഗറ്റിവിറ്റിയാണ്.

മഹാമനസ്കര്‍...
അവര്‍ നമുക്ക് ഭക്ഷണം നല്‍കും.
ഇണയും,പായയും നല്‍കും.
നമുക്കുവേണ്ടി പ്രത്യേകം
ഡിസൈന്‍ ചെയ്ത ജീവിതം നല്‍കും.
ബീ+വ് !!!

സ്വാമി
തേങ്ങാപ്പൂളുപോലുള്ള പല്ലുകാട്ടി
വെളുക്കെ ചിരിച്ചു.
വെളുത്ത തുവാലകൊണ്ടു വാതുടച്ച്
ഏംബക്കംവിട്ടു.

അമാവാസി-1 - ചിത്രകാരന്റെകാര്‍ട്ടൂണ്‍

അമാവാസി എന്നപേരില്‍ ഒരു കാര്‍ട്ടൂണ്‍ പംക്തി ഏതെങ്കിലും വാരികയില്‍ തുടങ്ങുന്നതിനുവേണ്ടി നാലഞ്ചു കാര്‍ട്ടൂണുകള്‍ 17 കൊല്ലം മുന്‍പ് വരച്ചതാണ്. പിന്നീട് താല്‍പ്പര്യം നഷ്ടപ്പെട്ടു. തുടര്‍ച്ചയായി എല്ലാ ആഴ്ച്ചയും അച്ചടക്കത്തോടെ വരക്കുന്നത് ഒരു ബാധ്യതയാണെന്നു തോന്നിയതിനാല്‍ ഈ കാര്‍ട്ടൂണ്‍ വിസ്മൃതമായി ഫയലുകളില്‍ പൊടിയടിച്ച് ജീര്‍ണ്ണിച്ച് കിടക്കുകയായിരുന്നു. ഏതായാലും ബ്ലൊഗില്‍ വരുന്നവര്‍ക്ക് കാണാനായി ഈ കാര്‍ട്ടൂണ്‍ ഇവിടെ സൂക്ഷിക്കുന്നു.

Wednesday, November 7, 2007

നംബൂതിരി ഫലിതത്തിലെ വിഷംചിത്രകാരന്‍ മലയാളം ബ്ലൊഗുകളില്‍ (അവിദഗ്ദമായതും,അക്ഷമയോടെയുള്ളതുമായ) പൊസ്റ്റുകളിലൂടെയും, കമന്റുകളിലൂടെയും പറയാന്‍ ശ്രമിച്ച വളരെ പ്രധാനപ്പെട്ട ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യം വളരെ മനോഹരമായും,വ്യക്തമായും , ധൈര്യപൂര്‍വ്വം... ശാസ്ത്രീയമായി .... എസ് . ശാരദക്കുട്ടി എഴുതിയിരിക്കുന്നു. “ചിരിയുടെ തീണ്ടല്‍“ എന്ന പേരില്‍ നമ്മുടെ സമൂഹത്തില്‍ ആചാരവല്‍ക്കരിക്കപ്പെട്ട നിന്ദ്യമായ നംബൂതിരിപരിഹാസത്തിന്റെ വ്യക്തമായ ചിത്രം അവര്‍ മാത്രുഭൂമി ആഴ്ച്ചപ്പതിപ്പില്‍ (2007 നവംബെര്‍4) വരച്ചുവച്ചിരിക്കുന്നു.


ശുദ്ധവും,നിഷ്ക്കളങ്കവുമെന്നപേരില്‍ നമ്മുടെ ബോധതലങ്ങളിലേക്ക് പടയോട്ടം നടത്തുന്ന നംബൂതിരി ഫലിതങ്ങള്‍ നിര്‍മ്മിക്കുന്ന മേല്‍ക്കോയ്മയുടെ അശുദ്ധവും, നികൃഷ്ടവും, മനുഷ്യത്വരഹിതവുമായ ചരിത്രം അനാവരണം ചെയ്യുന്ന ശാരദക്കുട്ടി വലിയൊരു സാമൂഹ്യ വിപ്ലവത്തിനുള്ള വിത്തുകളാണ് പാകിയിരിക്കുന്നത്.

ബ്രഹ്മാണ്യത്തിന്റെ ശുദ്ധ നര്‍മ്മത്തിന്റെ തുടര്‍ച്ചയായി ... ഇ.കെ.നായനാരുടെ വിഢി ഫലിതങ്ങളിലൂടെയുള്ള ഭരണവും, കെ. കരുണാകരന്റെ കണ്ണിറുക്കലിലൂടെ നല്‍കുന്ന ചവിട്ടിത്താഴ്ത്തലും നാം അസ്വാഭാവികതയൊന്നും കാണാതെ വിഴുങ്ങുന്നതിലെ അപകടത്തെപ്പോലും ശാരദക്കുട്ടി മനസ്സിലാക്കിയിരിക്കുന്നു.


നംബൂതിരി ഫലിതങ്ങളിലൂടെ ആചാരവല്‍ക്കരിക്കപ്പെട്ട് മാന്യതയുടെ പ്രൌഢിയോടെ ജാതീയ മേല്‍ക്കോയ്മ സാഹിത്യത്തിലും, ഇന്നത്തെ സിനിമയിലും വിദഗ്ദമായി അലിയിച്ചു ചേര്‍ത്ത് പഴയ ബ്രാഹ്മണ്യം വര്‍ഗ്ഗ വിഭജനത്തിന്റെ വിഷബീജങ്ങള്‍കൊണ്ട് വര്‍ത്തമാന കാലത്തിന്റെ മനസ്സില്‍ വിപുലമായി കൃഷിയിറക്കുന്നുണ്ടെന്ന വിവരം സോദോഹാരണം ശാരദക്കുട്ടി നമുക്കു കാണിച്ചു തരുന്നുണ്ട്.

ലേഖനം തുടങ്ങുന്നതുതന്നെ ഒരു നംബൂതിരി ഫലിതം പറഞ്ഞുകൊണ്ടാണ്.


“ഒരു നായര്‍ ഒരിക്കല്‍ തന്റെ മകളെ ദൂരെയുള്ള ഒരു നൃത്ത വിദ്യാലയത്തില്‍ പഠിക്കാന്‍ ചേര്‍ത്തു. അവിടെ പെണ്‍കുട്ടികള്‍ക്കു താമസിക്കുവാനുള്ള സൌകര്യമില്ലാത്തതിനാല്‍ അടുത്തുള്ള ഒരു മനയ്ക്കല്‍ ചെന്നപേക്ഷിച്ചപ്പോള്‍ അവിടുത്തെ നംബൂതിരി: ഇവിടെ താമസിപ്പിച്ചാ വെഷമാവില്ലേന്നൊരു ശങ്ക. എന്താച്ചാല് ,ഇവള് മാസം മാസം തീണ്ടാരിയാകും. അപ്പൊക്കെ മാറി താമസിക്കണം. അത് ഇവള്‍ക്ക് വെഷമാവില്ലേ? ഇനി അഥവാ ഇവിടെ താമസിച്ചിട്ട് തീണ്ടാരിയാവാണ്ടായീന്ന്‌ച്ചാല് അത് അതിലേറെ വെഷമാവില്ലേ വള്‌ക്ക്.”


ഇതിലെ ഫലിതത്തിന്റെ നികൃഷ്ടവും മനുഷ്യത്വ രഹിതവുമായ തലത്തിലേക്ക് ചിന്തിക്കാനുള്ള കഴിവൊന്നും ബൂലോകത്തെ 90% ബ്ലോഗേഴ്സിനും ഉണ്ടെന്ന് ചിത്രകാരനു തോന്നുന്നില്ല. പകരം വാക്കുകള്‍കൊണ്ട് ആ പെണ്‍കുട്ടിയെ അവളുടെ അച്ഛന്റെ മുന്നിലിട്ട് അവകാശാധികാരങ്ങളോടെ ബലാല്‍കാരം ചെയ്ത് ഗര്‍ഭിണിയാക്കുന്ന നംബൂതിരിയുടെ സാമര്‍ത്ഥ്യത്തെ ഒരു സ്ത്രീപീഢനം കാണാന്‍ അവസരം നല്‍കിയതിന് വാലുചുരുട്ടി നിന്ന് സവര്‍ണ ചേഷ്ടകളിലൂടെ ശ്ലാഘിക്കുന്ന എച്ചിലുണ്ടു നടക്കുന്ന പട്ടികളുടെ വിധേയത്വമാണ് മലയാളികളായ നമുക്കുള്ളത്.


നംബൂതിരി സംബന്ധത്തിനു പോകുന്ന ശൂദ്രഗൃഹത്തിലെ കാവല്‍ക്കാരനായ നായ എന്ന അര്‍ത്ഥത്തില്‍ എടാ നായരേ ... എന്ന് പരിഹസിച്ച് വിളിച്ച ക്രൂരമായ വിളിപ്പേരുപോലും നമുക്ക് അഭിമാനം നല്‍കുന്ന ആഢ്യചിഹ്നമായി കൊണ്ടാടാന്‍ തോന്നുന്നത് എത്രമാത്രം അധമമായ അടിമത്വത്തിന്റെ ലക്ഷണമാണെന്ന് നമുക്ക് തിരിച്ചറിവു ലഭിക്കുന്നില്ല. (തിരുവിതാംകൂറിലുള്ള നായന്മാര്‍ ശൌര്യം കുറഞ്ഞവരാണെങ്കിലും, അവരുടെ ഭാര്യമാരുടെ ശൌര്യം കാരണമായിരിക്കാം നായ എന്ന വാക്ക് അവിടെ നിരോധിക്കപ്പെട്ടതുപോലെയാണ്. പകരം ആണ്‍ പട്ടിയും പെണ്‍ പട്ടിയുമേ തിരുവനന്തപുരത്തുള്ളു.)


ദക്ഷിണേന്ത്യക്കാരായ മനുഷ്യ സ്ത്രീ പ്രസവിക്കുന്നതിനെ “കുരങ്ങിടുക” എന്നു വിശേഷിപ്പിക്കുന്ന നംബൂതിരിയുടെ ഭാഷപ്രയോഗത്തിലെ മുഖത്തു ചവിട്ടി ഉരതുന്ന നീചത്വം തന്നെയാണ് ഇവിടത്തെ നാടുവാഴികളെയ്യും രാജാക്കന്മാരേയും വാനരന്മാരായും, സേവകന്മാരെ നായ്ക്കളായും വിശേഷിപ്പിക്കാന്‍ ബ്രഹ്മണനെ പ്രേരിപ്പിച്ചിരിക്കുക.


മുകളില്‍ പറഞ്ഞ ചിത്രകാരന്റെ ജല്‍പ്പനങ്ങള്‍ പോലെയല്ല... ശാരദക്കുട്ടിയുടെ ലേഖനം. കേരളത്തിന്റെ സാമൂഹ്യമായ ഇരുട്ടിനെ കീറിമുറിച്ച് മുന്നേറാന്‍ ശക്തിനല്‍കുന്ന മഹനീയമായ സംഭാവന തന്നെയാണ് അവരുടെ ലേഖനം . എല്ലാവരും വായിച്ചിരിക്കേണ്ടതായ ആ ലേഖനത്തിന്റെ സ്കാന്‍ ചെയ്ത പേജുകളു ടെ ലിങ്കുകള്‍ പ്രവാസികളുടെ സൌകര്യാര്‍ത്ഥം താഴെ കൊടുക്കുന്നു.


ചിരിയുടെ തീണ്ടല്‍ ഒന്നാം പേജ്
ചിരിയുടെ തീണ്ടല്‍ രണ്ടാം പേജ്
ചിരിയുടെ തീണ്ടല്‍ മൂന്നാം പേജ്
ചിരിയുടെ തീണ്ടല്‍ നാലാം പേജ്
ചിരിയുടെ തീണ്ടല്‍ അഞ്ചാം പേജ്
ചിരിയുടെ തീണ്ടല്‍ ആറാം പേജ്(അവസാന ഭാഗം)

Friday, November 2, 2007

മാധ്യമം പേപ്പര്‍ കട്ടിങ്ങ് 1993

നാളെയുടെ ചിത്രകാരനെന്ന് മാധ്യമം വിശേഷിപ്പിച്ചതുകൊണ്ടായിരിക്കുമോ പിന്നെ വര്‍ഷങ്ങളോളം ചിത്രകാരന്‍ വര ഉപേക്ഷിച്ച് ബിസിനസ്സ് ലോകത്തേക്ക് ഉള്‍വലിഞ്ഞത്? എന്തായാലും ഒരു അവാര്‍ഡുകിട്ടിയതുപോലുള്ള വിശേഷണമായിരുന്നു “നാളെയുടെ ചിത്രകാരന്‍“. ഒരു ചമ്മല്‍!!!

ഒരു മനോരമ പേപ്പര്‍ കട്ടിങ്ങ്

ചിത്രകാരന്റെ പൊങ്ങച്ചശേഖരത്തിലെ ഒരു പത്രത്താള്‍ .
1993ലേതായതിനാല്‍ കേടുവരാതെ ആ ഓര്‍മ്മകള്‍ ഇവിടെ സൂക്ഷിക്കുന്നു.

Thursday, November 1, 2007

നിരോധിട്ട ചിന്തകള്‍ !!

(കുട്ടികളും,സ്ത്രീകളും ചിത്രകാരന്റെ ഈ പോസ്റ്റ് രക്ഷിതാവിന്റെ ഉപദേശ/പരിഭാഷകളില്ലാതെ വായിക്കാന്‍ മുതിരരുതെന്ന് വാത്സല്യപൂര്‍വ്വം അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.മനസ്സില്‍ ഭയം കൂടുകൂട്ടിയാല്‍ ക്രിയാത്മകത കരിഞ്ഞുപോകുമെന്നതിനാലാണ് ഈ അഭ്യര്‍ത്ഥന:)

മലയാളത്തില്‍ നിരോധിടാതെ ചിന്തിക്കുന്നവര്‍ ഇല്ലെന്നുതന്നെ പറയാം. ലൈംഗീകത പാപമാണെന്ന തോന്നലുകൊണ്ടോ,തങ്ങളുടെ മഹത്വപൂര്‍ണ്ണമായ ബീജം നഷ്ടപ്പെട്ടാലുണ്ടാകുന്ന വ്യസനമോര്‍ത്തോ... എന്തുകൊണ്ടാണെന്നറിയില്ല മലയാളി നിരോധിട്ടേ ചിന്തിക്കാറുള്ളു.

വളരെ ഉന്നതമായി ചിന്തിക്കാന്‍ ശേഷിയുള്ളവരും,ചിന്തിക്കുന്നവരും,ഉദാത്തമായ കണ്ടെത്തലുകളിലിരുന്ന് സ്വയംഭോഗം ചെയ്ത് രസിക്കുന്നവരും നമുക്കിടയില്‍ ധാരാളമാണ്. എന്നിട്ടും നമ്മുടെ നാട് നന്നാകുന്നില്ല. പുതിയ ഒന്നും ഉണ്ടാകുന്നില്ല. ഈ ചിന്ത ഏറെക്കാലമായി ചിത്രകാരനെ അലട്ടിയതിനെ തുടര്‍ന്ന് നിരീക്ഷണങ്ങളില്‍ നിന്നും ചിത്രകാരന്‍ മനസ്സിലാക്കിയ കാര്യമാണ് : മലയാളി ചിന്തിക്കുംബോള്‍ നിരോധ് ഉപയോഗിക്കുന്നുണ്ടെന്ന സത്യം...!!!
ഒരു ദുശ്ശീലമായതിനാല്‍ മലയാളി മനപ്പൂര്‍വ്വം ശ്രമിച്ചിട്ടുപോലും ലാറ്റക്സിന്റെ ചെറിയൊരു പാട എപ്പോഴും ആശയവിനിമയത്തിനു തടസ്സമായി നിലനില്‍ക്കുന്ന അവസ്ഥ ഇല്ലാതാക്കാനാകുന്നില്ല.

നമ്മുടെ പത്ര-മാധ്യമങ്ങളിലായാലും,സാധാരണ സംഭാഷണത്തിലായാലും പറയുന്ന കാര്യത്തിന്റെ മുക്കാല്‍ഭാഗവും ഒളിപ്പിച്ച് വച്ച് ,വായനക്കാരനേയും,കേള്‍വിക്കാരനേയും വിഢികളാക്കി നമ്മുടെ മഹനീയ വ്യക്തിത്വത്തിന്റെ കുലിനമായ ഗരിമ ബോധ്യപ്പെടുത്താനേ നാം ശ്രമിക്കാറുള്ളു. ആശയവിനിമയത്തിന്റെ സം‌പ്രേക്ഷണ നഷ്ടം എത്ര കൂട്ടാന്‍ കഴിയുന്നുവോ നമ്മുടെ മഹത്വം അത്രയും കൂടും എന്ന നിലപാടാണ് മലയാളിക്കുള്ളതെന്നു തോന്നുന്നു.

മാത്രുഭൂമി,മനോരമ എന്നീ മാധ്യമങ്ങളില്‍ ലേഖനമെഴുതുന്നവര്‍ക്ക് അതിന്റെ പത്രാധിപരുടെ/മുതലാളിയുടെ മുന്നില്‍ തന്റെ ബീജത്തിന്റെ കൌണ്ടും,ചലനശേഷിയും പ്രകടിപ്പിക്കാനെ താല്‍പ്പര്യമുള്ളു. അതിലപ്പുറം വായനക്കാരന്റെ മനസ്സിലേക്ക് ഒരിറ്റു ബീജം ദാനം ചെയ്യാനുള്ള പ്രതിബദ്ധതയില്ല.
ഫലമോ, മലയാളിയുടെ സാംസ്കാരികത വന്ധ്യായായി കാലം കഴിച്ചുകൂട്ടുന്നു.

ഇന്ന് കാലം ചിന്തിക്കുന്നവരോട് ആവശ്യപ്പെടുന്നത് നിരോധിട്ട ഭോഗങ്ങളല്ല. ക്രിയാത്മകതയുടെ വന്യമായ ഉറയില്ലാതെ ഉഴുതുമറിച്ച ബീജ സ്‌ഖലനമാണ്.

ആ സ്ഥാനത്ത് നമുക്കു ലഭിക്കുന്നതോ?... മനോരമയില്‍ എഴുതുന്നവന്‍ സവര്‍ണ്ണ എക്സിക്യൂട്ടീവ് ഭാഷയില്‍... പാന്റിന്റെ സിബ്ബുപോലും അഴിക്കാതെ ടെയ്യും ഫുള്‍കാപ്പ്‌ ഷര്‍ട്ടും അഴിക്കാതെ വായനക്കാരെ ഭോഗിക്കുന്നു. ചെവികളില്‍ ഒഴുക്കുന്ന തുപ്പലാണ് അവരുടെ സ്‌ഖലനം!!! കോപ്പി കൂടണമെങ്കിലും കൂടുതല്‍ ആളുകളുമായി ലൈംഗീകബന്ധത്തില്‍ ഏര്‍പ്പെട്ടെന്നു വരുത്തിത്തീര്‍ക്കാനും,കൂടുതല്പേരെ തൃപ്തിപ്പെടുത്താനും അത്തരം സംഭോഗ രീതികള്‍ നല്ലതാണെന്ന് ഐ.ഐ.എം.കുട്ടികള്‍ അവരെ ഉപദേശിച്ചിട്ടൂണ്ടാകും.

മാതാ അമൃതാനന്ദമയിയും മനോരമയുടെ ഭോഗരീതികള്‍ തന്നെയാണ് അവലഭിക്കുന്നത്. അവര്‍ ഓരോ തവണയും എത്ര കൂടുതല്‍ ഭക്തരെ തന്റെ അടിമകളാക്കാം എന്നാണ് ഉന്നം വക്കുന്നത്. ഓരോ ആശ്ലേഷത്തിലും തന്റെ ആത്മീയതയുടെ ബിസിനസ്സ് ബീജങ്ങളെ ഭക്തരുടെ അടഞ്ഞ കണ്ണുകളിലൂടെ ഹൃദയത്തിലെ ഗര്‍ഭപാത്രത്തിലെത്തിക്കാന്‍ അവര്‍ക്ക് സാരി അഴിക്കേണ്ടിവരുന്നില്ല.

മാതൃഭൂമിക്ക് മനോരമയോളമോ,അമൃതാനന്ദമയിയോളമോ ബിസിനസ്സ് അറിഞ്ഞുകൂടാത്തതിനാല്‍ അവര്‍ ആഴ്ച്ചപ്പതിപ്പിലൂടെ ജനങ്ങളെ നിരോധിട്ടു ഭോഗിക്കുന്നു. ബീജങ്ങള്‍ നിരോധിനുള്ളില്‍ കിടന്ന് പുളയുന്നത് രണ്ടോ മൂന്നോ പ്രാവശ്യം വായിച്ചാല്‍ കാണാമെങ്കിലും, അത് സാംസ്കാരികതയുടെ ഗര്‍ഭപാത്രത്തിലേക്ക് സ്‌ഖലിപ്പിക്കപ്പെടുന്നില്ല.

സവര്‍ണ്ണ ഭാഷയുടെ ലാറ്റക്സ് പാട നമ്മുടെ സാമൂഹ്യ രംഗത്ത് പുരോഗതിയെ ഇപ്പോഴും വഴിമുടക്കി നില്‍ക്കുന്നു.ഒളിപ്പിച്ചു വച്ച് ധ്വനിപ്പിക്കുന്നതാണ് മാന്യന്മാരുടെ കുലീനമായ മര്യാദ എന്ന പൊതു ധാരണയെ കീറിമുറിച്ച് ... നഗ്നമായ ...ഉറയിടാത്ത ലിംഗവുമായി ഭൂമി ഉഴുതുമറിക്കാന്‍ ശേഷിയുള്ള ക്രിയാത്മകശക്തികളെ കേരളം ആവശ്യപ്പെടുന്നു. നിരോധിടാത്ത ഭോഗത്തിന്റെ സുഖമറിയാന്‍ ... ബീജത്തിന്റെ മഴകൊള്ളാന്‍ വിണ്ടുകീറിയ മസ്തിഷ്ക്കങ്ങളിലെ ഗര്‍ഭപാത്രങ്ങള്‍ കാത്തിരിക്കുന്നു.

(ഹഹഹ... ചിത്രകാരന്റെ നഗ്നമായ ചിന്തകള്‍...!!!എത്ര നഗ്നമായാലും ഒരു ലാറ്റക്സിന്റെ പാട ...അതോ, ചിത്രകാരന്റെ അമൂര്‍ത്ത ചിന്തകളുടെ ശീഘ്രസ്‌ഖലനമോ?... എന്തായാലും കുഴപ്പമില്ല. മലയാളികളുടെ ജീര്‍ണ സംസ്കാരത്തിന്റെ നിരോധുറ പൊട്ടിച്ച് ബീജവിതരണം സാധ്യമാക്കുന്നതിനുവേണ്ടിയുള്ള ഉദ്യമത്തിന് ചിത്രകാരന്റെ ഭാഗത്തുനിന്നുള്ള അകമഴിഞ്ഞ സംഭാവനയാണ് ഈ പൊസ്റ്റ്. ഈ പൊസ്റ്റ് മസ്തിഷ്ക്കങ്ങളിലെ ഗര്‍ഭപാത്രങ്ങളിലിട്ട് സംസ്കാരം വിരിയിച്ചെടുക്കുക!!!)

ഹര്‍ത്താല്‍ ആശംസകള്‍ !!!!

കേരളത്തിലെ പ്രബുദ്ധജനം ഇന്ന് ആവേശപൂര്‍വ്വം ഹര്‍ത്താല്‍ ആഘോഷിക്കുന്നു.
ഓണം, വിഷു , പെരുന്നാള്‍,ക്രിസ്തുമസ് എന്നീ ഉത്സവങ്ങള്‍ വര്‍ഷത്തിലൊരിക്കല്‍ മാത്രം ആഘോഷിക്കപ്പെടുന്നതിനാലുണ്ടാകുന്ന വിരസത അകറ്റാനായി മലയാളി കണ്ടെത്തിയ നൂതനമായ മാര്‍ഗ്ഗമാണ് ഹര്‍ത്താല്‍ ഉത്സവം.തമിഴ്‌നാടന്‍ കോഴിയും,വിദേശ മദ്യവുമാണ് ഈ ഉത്സവത്തിന്റെ മുഖ്യ വിഭവങ്ങള്‍.

കേരളത്തിലെ രാഷ്ട്രീയ കക്ഷികള്‍ ജീവിച്ചിരിക്കുന്നുണ്ടെന്നു തെളിയിക്കാനുള്ള അവസരമായി എല്ലാ ആഴ്ച്ചകളിലും ഒന്നോരണ്ടോ ഹര്‍ത്താല്‍ നടത്താവുന്നതാണെന്ന സന്ദേശം ഇവിടത്തെ പ്രമുഖ പത്രങ്ങളാണ് മുന്നോട്ടുവച്ചത്.
രാഷ്ട്രീയ പ്രവര്‍ത്തനം എന്നു പറയുന്നതുതന്നെ ഹര്‍ത്താല്‍ നടത്തലാണെന്ന് മാത്രുഭൂമി,മനോരമ എന്നീ പത്രങ്ങള്‍ രാഷ്ട്രീയ കക്ഷികളെയും,ജാതി മത സംഘടനകളേയും ഏറെക്കാലത്തെ ബോധവല്‍ക്കരണത്തിലൂടെ ബോധ്യപ്പെടുത്തിയതിന്റെ ഫലമായാണ് മലയാളിക്ക് മഹാഭാഗ്യമായി ഹര്‍ത്താലാഘോഷങ്ങള്‍ ലഭിച്ചത്.

ആഘോഷത്തിന്റെ പ്രധാന ചടങ്ങെന്ന നിലയില്‍ ഓരോ പ്രാവശ്യം ഹര്‍ത്താല്‍ ആചരിക്കുംബോഴും കെ.എം.മാത്യു സ്വാഹാ...,വീരേന്ദ്രകുമാര്‍ സ്വാഹാ... എന്നീമന്ത്രങ്ങള്‍ ചൊല്ലി മദ്യവും,കോഴിയും ,മറ്റു തൊട്ടുകൂട്ടാനുള്ള ദ്രവ്യങ്ങളും വായിലേക്ക് അര്‍ച്ചിക്കേണ്ടതാണ്. വിസ്തരിച്ച് പൂജ നടത്തണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് മറ്റു പത്രങ്ങളുടെയും,ടി.വി.ചാനലുകളുടേയും ഉടമസ്ഥരുടെ പേര് സ്വാഹ ചേര്‍ത്ത് ഉപയോഗിക്കാവുന്നതാണ്.

ഹര്‍ത്താലു നടത്തുന്നതിനെതിരെ അസുരഗണത്തില്പെട്ട ചിത്രകാരന്മാര്‍ ആരെങ്കിലും രാഷ്ട്രീയക്കാരെ കുറ്റം പറയുന്നുണ്ടെങ്കില്‍ അതു വിവരക്കേടുകൊണ്ടാണെന്നുകരുതി മാപ്പുകൊടുത്ത് അവന്മാരുടെ ടൂവീലറിന്റെ കാറ്റഴിച്ചുവിടുക മാത്രം ചെയ്താല്‍ മതിയാകും.കാറുള്ള അസുരന്മാരാണെങ്കില്‍ ഫ്രണ്ട് ഗ്ലാസ് ഒരു വിറകുകൊള്ളി ഉപയോഗിച്ച് ഉപ്പേരിയാക്കിയാല്‍ വളരെ മനോഹരമായിരിക്കും. ആരേയും ഉപദ്രവിക്കരുത്.

പത്ര ബ്രാഹ്മണരുടെ മൂടു താങ്ങിയും,അവന്റെ കച്ചവടത്തിനായുള്ള സംസ്കാരം സൃഷ്ടിക്കുന്നതിനു കൂട്ടുനിന്നും ,അവര്‍ കല്‍പ്പിച്ചുനല്‍കുന്ന വാലുള്ള ബ്രാന്‍ഡ് ഇമേജു വാലാക്കി ധരിച്ചും വിനീതരായി നടക്കുന്ന രാഷ്ട്രീയക്കാര്‍ രാഷ്റ്റ്രീയ പ്രവര്‍ത്തനമെന്ന നിലയില്‍ ഹര്‍ത്താല്‍ നടത്തി ഓരോ ആഴ്ച്ചയും നമ്മെ ആഘോഷങ്ങള്‍കൊണ്ട് ആനന്ദ തുന്തിലരാക്കുംബോള്‍... നാം നന്ദി പറയേണ്ടിയിരിക്കുന്നു. രാഷ്ട്രീയക്കാരോടും,പത്രങ്ങളോടും,റ്റിവി.ചാനലുകളോടും.

ചിത്രകാരന് ഒരുത്തരോടു മാത്രമേ സഹതാപം തോന്നുന്നുള്ളു...
കേരളത്തിന്റെ ഹര്‍ത്താല്‍-ധൂര്‍ത്തു ജീവിതത്തിന് കണ്ടറിഞ്ഞ് പണം വാരിക്കോരി നല്‍കുന്ന ഗള്‍ഫ് മലയാളികളോട് മാത്രം.
ഏവര്‍ക്കും ചിത്രകാരന്റെ ഹൃദയം നിറഞ്ഞ ഹര്‍ത്താല്‍ ദിനാശംസകള്‍...!!!