Thursday, January 27, 2011

തുഞ്ചന്‍പറമ്പ് അറവുശാലയോ ?


മലയാളം സംസാരിക്കുന്ന ഏവര്‍ക്കും സ്വാഭാവികമായും ബഹുമാനം തോന്നുന്ന വാക്കുകളാണ് തുഞ്ചത്തെഴുത്തച്ഛന്‍, തുഞ്ചന്‍ പറമ്പ് എന്നിവ. മലയാള ഭാഷയെ അതിമനോഹരമായി മലയാളിയുടെ ജീവിത മധുരമാക്കിമാറ്റിയ എഴുത്തച്ഛനെ നന്ദിയോടെ മാത്രമേ സ്മരിക്കാനാകു. അഭിമാനപൂരിതമായ  സ്നേഹാദര ബോധത്തോടെ തന്റെ പൈതൃകമായ ഭാഷ തറവാട്ടിലേക്ക് വിരുന്നുവരുന്നതുപോലെ തുഞ്ചന്‍ പറംബിലേക്ക് കാലെടുത്തുകുത്തുന്ന മലയാളിയുടെ അഭിമാനത്തെ പുലഭ്യം വിളിച്ച് അപമാനിക്കുന്ന തരത്തില്‍ സ്വാഗതം ചെയ്യുന്ന തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ ഫ്ലെക്സ് ബോര്‍ഡുകള്‍ അസഹനീയമായ കാഴ്ച്ചയാണ്. മനുഷ്യനെ പിടിച്ചു പറിച്ച് കഴുത്തുവെട്ടിയാണെങ്കിലും പണം കൈക്കലാക്കാന്‍ നില്‍ക്കുന്ന തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ ദാര്‍ഷ്ട്ര്യം നിറഞ്ഞ മനസ്സാണ് ഓരോ ഫ്ലെക്സ് മുന്നറിയിപ്പ് ബോര്‍ഡും വിളിച്ചു കൂവുന്നത്.

തിരുവനന്തപുരം പത്മനാഭപുരം കൊട്ടാരത്തില്‍(തക്കല) സിനിമ ചിത്രീകരണത്തിന് ചുമത്തുന്ന ഫീസിന്റെ ചുവടുവച്ചാണ് ക്യാമറയുള്ളവരെ തുഞ്ചന്‍പറമ്പ് ട്രസ്റ്റ് പിഴിഞ്ഞെടുക്കുക. ഈ സാധനത്തില്‍ എന്തെങ്കിലും കാണാന്‍ ഉണ്ടെങ്കില്‍ കുഴപ്പമില്ലായിരുന്നു. പത്തായം പോലുള്ള ഒരു സിമന്റ് ഒലക്കെട്ടും, അതിന്റെ മോളിലൊരു മന്തുപിടിച്ച ബാലമാസികയിലെ സിമന്റ് തത്തയുമാണ് എഴുത്തച്ഛന്റെ പൈങ്കിളി സാന്നിദ്ധ്യമായി അവിടെ ആകെ നിര്‍മ്മിച്ചു വച്ചിരിക്കുന്നത്. പിന്നെ ചെറിയ ഒന്നു രണ്ട് മണ്ഡപങ്ങളുമുണ്ട്- തലയില്‍ പൊളിഞ്ഞുവിഴാതിരിക്കാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ട് അല്‍പ്പനേരം ചാരി നില്‍ക്കാം. മൊത്തമൊരു മരുപ്പറമ്പ് പോലെ കിടക്കുന്ന തുഞ്ചന്‍ പറമ്പില്‍  മലയാള ഭാഷ തറവാട്ടിലേക്ക് ആദരപൂര്‍വ്വം കാലുകുത്തുന്നവര്‍ക്ക് നേരെയൊന്ന് ഇരിക്കാനോ നില്‍ക്കാനോ പോലുമുള്ള സൌകര്യങ്ങളൊന്നുമില്ല. ട്രസ്റ്റിന്റെ മൊത്തത്തിലുള്ള ഭീഷണികളും നിയമനിബന്ധനകളും എല്ലാ ബോര്‍ഡുകളില്‍ നിന്നും വായിച്ചറിയുന്നതോടെ ഒരു വിമ്മിഷ്ടം സന്ദര്‍ശകന് അനുഭവപ്പെടും. സ്ഥിരമായി തുഞ്ചന്‍ പറമ്പ് കാണുന്നവര്‍ക്ക് ഫ്ലെക്സ് ഭീഷണികള്‍ ശീലമാകുന്നതിനാല്‍ വിഷമം തോന്നാനിടയില്ല.

ആറ്റുനോറ്റ് തുഞ്ചന്‍ പറമ്പ് കണ്ടുകളയാം എന്ന മോഹത്തോടെ വരുന്ന മലയാളിയുടെ മൊബൈല്‍ ഫോണില്‍ ഈ മരുഭൂമി ചിത്രമെടുക്കുന്നതിനുവരെ 25 ഉലുവ കൊടുത്ത് മൊബൈല്‍ ഫോണ്‍ ഫോട്ടോ എടുക്കാനുള്ള സമ്മതപത്രം തുഞ്ചന്‍ പറമ്പ് സ്മാരക ട്രസ്റ്റില്‍ നിന്നും വാങ്ങേണ്ടതാണ്. കയ്യില്‍ ഏതെങ്കിലും വിധമുള്ള ഒരു സ്റ്റില്‍ ക്യാമറയുണ്ടെങ്കില്‍ ഫോട്ടോ ഏടുത്തില്ലെങ്കില്‍ പോലും അപമാനിക്കപ്പെടാതിരിക്കാന്‍ ട്രസ്റ്റ് തംബ്രാന്മാര്‍ക്ക് 50 ഉലുവ കാണിക്കയായി നല്‍കി റസീറ്റ് കൈവശം വക്കേണ്ടതാണ്. വീഡിയോ ക്യാമറക്ക് 200 രൂപ... അതും ഒരു മണിക്കൂറിന് ഹഹഹഹ...!!! ക്യാമറ കാണാത്ത പഹയന്മാര്‍ ! ഇങ്ങനെയും പണ പ്രാന്തുണ്ടാകുമോ എന്ന് തുഞ്ചന്‍ പറമ്പ് സന്ദര്‍ശിക്കുമ്പോള്‍ ചോദിച്ചുപോകും.

നാലുവര്‍ഷം മുന്‍പ് ജീവിതത്തിലാദ്യമായി തുഞ്ചന്‍പറമ്പ് സന്ദര്‍ശിക്കാന്‍ ഒരു ഉള്‍വിളിയുണ്ടായി ... കണ്ണൂരില്‍ നിന്നും തിരൂര്‍ തുഞ്ചന്‍ പറംമ്പിലെത്തി, പ്രവേശന കവാടത്തിലെ ക്യാമറ ഫീസ് കണ്ട് , റോഡില്‍ നിന്നും ഒരു പടവുമെടുത്ത് , തുഞ്ചന്‍ പറമ്പ് സ്മാരക ട്രസ്റ്റിന്റെ മരുഭൂമി മനസ്സ് ഒരു ഓട്ടപ്രതിക്ഷണം നടത്തി, മറ്റു പടങ്ങളെടുക്കാതെ തിരിച്ചു പോയവനാണ് ചിത്രകാരന്‍ :)

സ്മാരക പരിപാലനത്തിനായി ഒരാളില്‍ നിന്നും അഞ്ചോ പത്തോ പ്രവേശന ഫീ ആയോ, കഴിയുന്നവിധമുള്ള സംഭാവനകളായോ വാങ്ങി മലയാളിസ്നേഹത്തോടെ നടത്തേണ്ട ഒരു സ്മാരകം എന്നാണാവോ ദാര്‍ഷ്ട്ര്യത്തിന്റെ
പിടിയില്‍ നിന്നു  പുറത്തു വരിക. തുഞ്ചന്‍ പറമ്പ് ട്രസ്റ്റ് അംഗങ്ങള്‍ ആരെല്ലാമാണെന്നറിയാനും താല്‍പ്പര്യമുണ്ടായിരുന്നു. ഈ സ്നേഹ ശൂന്യതയുടെ കാരണക്കാരെ അറിഞ്ഞിരിക്കാമല്ലോ :)

9 comments:

chithrakaran:ചിത്രകാരന്‍ said...

തുഞ്ചന്‍ പറമ്പിലെ പടിപ്പുര(പ്രവേശന കവാടം)കേമമാണ്. മലയാളിയുടെ പൊങ്ങച്ചം പോലെ അതങ്ങനെ തറവാടിത്വത്തിന്റെ മസ്സിലു പിടിച്ചു നില്‍ക്കുന്നുണ്ടെങ്കിലും , അകത്തു കടന്നാല്‍ സാംസ്ക്കാരിക വരള്‍ച്ചയുടെ പറമ്പു മാത്രമേയുള്ളു എന്നു കാണാം.

ഹരീഷ് തൊടുപുഴ said...

അപ്പോൾ 50 രൂപ വേറെ കരുതിയിട്ടേ ഞാനങ്ങോട്ട് വരവൂ എന്നർത്ഥം..!!
അല്ലേ..

പ്രതികരണൻ said...

‘വിധിയെത്തടുക്കാന്‍ വില്ലേജാപ്പീസര്‍ക്ക് കഴിയില്ല’ എന്നല്ലെ പറയുന്നത്? പാവം തുഞ്ചന്‍ പറമ്പ്. ‘കളഗാനത്തോടൊരു തത്തപ്പെണ്മണി തത്തിക്കളിച്ച തളിര്‍ച്ചെടിപ്പടര്‍പ്പ്’ നിലനിന്നിടത്ത് ഏതോ സര്‍ക്കാരാപ്പീസറുടെ ഭാവനയില്‍ വിരിഞ്ഞ കോണ്‍ക്രീറ്റ് വൈകൃതം പ്രതിമയായി നില്ക്കുന്നു. (പ്രതിമ കോലംകെട്ടാലും, ഭീമാകാരമായാലേ എസ്റ്റിമേറ്റ് തുക വലുതാകുകയുള്ളൂ; എന്നാലേ ‘ഇങ്ങോട്ടു വല്ലതും’ വരൂ!)

‘ചേണൊക്കും പുതുമലയാണ്മതന്‍ മഹേശ്വരന്‍ വാണരുളിയ’ സ്ഥലത്ത്, ഇണ്ടാസിറക്കി മാത്രം ശീലിച്ച ഗുമസ്തന്മാര്‍ വാറോലകളെഴുതി വച്ച് എന്തൊക്കെയോ കരഞ്ഞു തീര്‍ക്കുന്നു.

ഒരു പായല്‍ക്കുളത്തിനു ചുറ്റും സിമന്റു കെട്ടുണ്ടാക്കി വച്ചിട്ട്, അതിന്റെ കരയില്‍ മാര്‍ബിള്‍ക്കല്ലില്‍ എഴുതിവച്ചിട്ടുണ്ട് : ‘ആചാര്യന്‍ കുളിച്ച കുളമാണിതെന്നു കരുതപ്പെടുന്നു’.! ഉറപ്പൊന്നുമില്ല; ‘കരുതപ്പെടുന്നു!‘ പക്ഷേ, രസമതല്ല. ഊഹം മാത്രമായ ആ വാറോലയുടെ താഴെ ഒപ്പിട്ടിരിക്കുന്നതാരൊക്കെയെന്നോ? ചീഫ് സെക്രട്ടറി, സാംസ്ക്കാരികവകുപ്പ് സെക്രട്ടറി ! ശാന്തം പാപം!
‘കാട്ടിലെത്തടി തേവരുടെ ആന....!’

hafeez said...

അറവുശാല തന്നെ..

ആളവന്‍താന്‍ said...

ഹി ഹി ഹരീഷേട്ടന്റെ പിസ്റ്റി ക്രുപ്പീസ് പോയിക്കിട്ടി.!

mukthaRionism said...

ഹ ഹാ..
ഈ അമിത ചാര്‍ജു കാരണമാവും വീഡിയോ പിറ്റിക്കാന്‍ തുഞ്ചന്‍ പറമ്പിന്റെ തൊട്ടടുത്തുള്ള ഒരു പാര്‍ക്കില്‍ വലിയ തിരക്ക്.
നവദമ്പതികളുടെ ആല്‍ബമിറക്കാന്‍ അവിടെയാണ് ഇപ്പോ നല്ല ലൊക്കേഷന്‍.

Unknown said...

അവിടെ എപ്പോഴും പോകാറുണ്ടെങ്കിലും ഈ കാര്യങ്ങളെക്കുറിച്ച്
ഗൗരവമായി ചിന്തിച്ചില്ല, എന്തായാലും ഇക്കാര്യം ഭരണമേലാളന്മാരുടെ
ശ്രദ്ധയിൽ പെടുത്തേണ്ടിയിരിക്കുന്നു...

Unknown said...

എഴുത്തച്ഛന്‍ ജീവിച്ചിരുന്നങ്കില്‍ ഇവരെ തല്ലിയോടിച്ചേനെ.അപ്പോള്‍ മീറ്റിനു വരുമ്പോള്‍ വീഡിയോ ക്യാമറ എടുക്കുന്നില്ല.

Manoraj said...

രഞ്ജിത് ചെമ്മാട് പറഞ്ഞപോലെ ഇക്കാര്യം ഭരണ മേലാളന്മാരുടെ ശ്രദ്ധയില്‍ പെടുത്തേണ്ടതുണ്ട്.. അതിന് ചിത്രകാരനെ തന്നെ ചുമതലപ്പെടുത്തുന്നു. ഞാന്‍ ഓടി :)