Friday, January 17, 2014

തലപ്പൊലി തന്നെ താലപ്പൊലി !


നമ്മുടെ ക്ഷേത്രങ്ങളില്‍ ‘താലപ്പൊലി’ എന്ന പേരില്‍ ഇപ്പോള്‍ നിലവിലുള്ള ആചാരത്തിന്റെ തുടക്കം കുറിച്ചത് ‘തലപ്പൊലി’ എന്ന പേരിലുള്ള നരഹത്യകളിലൂടെയായിരുന്നു. ഏതാണ്ട്, 1200 വര്‍ഷം മുന്‍പ് നടന്ന സവര്‍ണ്ണ ഹിന്ദുമതത്തിന്റെ കേരളത്തിലെ തുടക്കം കൊടും ഹിംസയിലൂടെയായിരുന്നു എന്ന് ചരിത്രം. ജാതി-മത വേര്‍ത്തിരിവുകളില്ലാതിരുന്ന ബുദ്ധ-ജൈന വിശ്വാസികളായിരുന്ന  ‘അവര്‍ണ്ണ’ ജനതയുടെ കാവുകളും, അമ്പലങ്ങളും കൈവശപ്പെടുത്താനും,  ജാതീയമായ സവര്‍ണ്ണ മതം അടിച്ചേല്‍പ്പിക്കാനുമായി കേരളത്തിലെത്തിയ ബ്രാഹ്മണ മന്ത്രവാദികളുടെ സംഘങ്ങള്‍ നാടുവാഴികളെ സ്വാധീനിച്ചും, ഭയപ്പെടുത്തിയും ബൌദ്ധ-ജൈന പണ്ഡിതരെ നമ്പ്(വിശ്വാസം)തിരിച്ച് നമ്പൂതിരിമാരാക്കിയും, വഴങ്ങാത്തവരെ കൊന്നൊടുക്കിയും നടത്തിയ നരാധമ ഹിംസയിലൂടെയുമാണ് സാമൂഹ്യ മേധാവിത്വം നേടുന്നത് .

 “നമ്പൂ തിരി”യാന്‍ വിസമ്മതിച്ച ബൌദ്ധ-ജൈന/(ഈഴവ/തിയ്യ/ആശാരി/മൂശാരി/കൊല്ലന്‍/തട്ടാന്‍/കമ്മാള/വാണിയ/പണിക്കര്‍/ഗുരുക്കള്‍/ശാലിയ)കാര്‍മ്മികരെ/വാത്തിമാരെ/പണ്ഡാരികളെ/പണ്ഡിതരെ/ഭട്ടന്മാരെ/പാലി ആര്യന്മാരെ തലയറുത്ത് ദ്വിഗ് വിജയികളായ ബ്രാഹ്മണ മന്ത്രവാദികളുടെ എഴുന്നള്ളത്തിനു മുന്നില്‍ ദേവദാസികളായ (പൊലിയാടിയ/ തേവ്ടിച്ചികള്‍) സ്ത്രീകളെക്കൊണ്ട് ‘പൊലിപ്പിച്ച്’‘ നിര്‍ത്തുന്ന ഭീകര ദൃശ്യമാണ് “തലപ്പൊലി”. ബ്രാഹ്മണ സവര്‍ണ്ണ മതത്തെ അംഗീകരിക്കാത്തവര്‍ക്കുണ്ടാകുന്ന ദുര്‍വിധിയെക്കുറിച്ച് സമൂഹത്തിനു നല്‍കുന്ന മുന്നറിയിപ്പുകൂടിയായിരുന്നു തലപ്പൊലി. ആ ആചാരത്തിന്റെ തുടര്‍ച്ചയാണ് ബൌദ്ധ/ജൈന/അവര്‍ണ്ണരുടെ തലക്കു പകരം മുറിച്ചുവച്ച തേങ്ങയും, ചോരക്കു പകരം ചുവന്ന തെച്ചിപ്പൂവും പ്രതീകാത്മകമായി വച്ചുകൊണ്ട് ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്ന തലപ്പൊലി.

പണ്ടു കാലത്തെ കേരളത്തിന്റെ തല സ്ഥാനമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ജൈനരുടെ വാണിജ്യകേന്ദ്രമായിരുന്നതും കടലില്‍ നിന്നും അഴിമുഖത്തേക്കു  നോക്കുമ്പോള്‍ മനുഷ്യമുഖത്ത് അപൂര്‍വ്വമായി സംഭവിക്കുന്ന ‘മുച്ചിറി’ എന്ന വൈകല്യം പോലെ തോന്നിപ്പിച്ചിരുന്ന ഭൂമിശാസ്ത്രം കാരണം അറിയപ്പെട്ടിരുന്ന  മുച്ചിറി പട്ടണം(വിദേശികള്‍ക്ക് ‘മുസരിസ്’) , ബ്രാഹ്മണ ജാതി-മന്ത്രവാദികളുടെ കാര്‍മ്മികത്വത്തില്‍ നടന്ന കൂട്ടക്കൊലകളുടെ ഞെട്ടിപ്പിക്കുന്ന ഓര്‍മ്മകളാല്‍ ‘കൊടും കൊല ഊരായി’ മാറി, തുടര്‍ന്ന് കൊടും കൊല്ലൂരായും,  ഇന്നത്തെ കൊടുങ്ങല്ലൂരുമായി.

അതുകൂടാതെ,പഴയകാല സവര്‍ണ്ണ പൌരോഹിത്യ ഹിംസയുടെ രക്തം പുരണ്ട  കേരളത്തിന്റേതായി ഒരു പഴം ചൊല്ലുകൂടിയുണ്ട് : “കഴുവേറ്റ് കഴിഞ്ഞാണ് കൊടിയേറ്റ് ”. ക്ഷേത്രങ്ങളില്‍ പണ്ടുണ്ടായിരുന്ന പതിവ് എന്നാണ് ‘പഴഞ്ചൊല്ലുകളെ പരിചയപ്പെടുത്തുന്ന ഗ്രന്ഥം ഈ പഴം ചൊല്ലിനെ വിശേഷിപ്പിക്കുന്നത്. ഉത്സവത്തിന്റെ കൊടിയേറ്റിനു മുന്‍പായി നടത്തുന്ന നരഹത്യയുടെ ആചാരം ഓര്‍മ്മിപ്പിക്കുന്ന പഴം ചൊല്ല്.

3 comments:

Muralee Mukundan , ബിലാത്തിപട്ടണം said...

“കഴുവേറ്റ് കഴിഞ്ഞാണ് കൊടിയേറ്റ് ”.

കുഞ്ഞുവര്‍ക്കി said...

ഈ പറഞ്ഞതിനൊക്കെ എന്തെങ്കിലും ചരിത്ര പിന്ബലം ഉണ്ടോ?... അതോ? വായിൽ തോന്നിയ കോത പാട്ടാണോ?...

Unknown said...

Do u have any reference to substantiate