Saturday, January 18, 2014

ശ്രീ ശങ്കരന്റെ ദ്വിഗ് വിജയം !

ആദി ശങ്കരന്‍, ശ്രീ ശങ്കരന്‍ എന്നീ പേരുകളിലൊക്കെ അറിയപ്പെടുന്ന നമ്മുടെ ‘കാലടി’ക്കാരന്‍ ശങ്കരാചാര്യര്‍ ഏതാണ്ട് 1200 വര്‍ഷങ്ങള്‍ക്കു മുന്‍പ് (ക്രിസ്തു വര്‍ഷം 788–820) ഇന്ത്യയൊട്ടുക്കും ബ്രാഹ്മണ ദുര്‍മന്ത്രവാദികളുടെ ജാതി അധിഷ്ഠിതമായ ‘സവര്‍ണ്ണ’ ചാതുര്‍വര്‍ണ്ണ്യ മതം പ്രചരിപ്പിച്ച വിദ്വാന്മാരില്‍ പ്രധാനിയാണ്. ഇന്ത്യയിലെ അനേകം ക്ഷേത്രങ്ങളില്‍ പ്രതിഷ്ഠ നടത്തിയിരിക്കുന്നത് ഇദ്ദേഹമാണെന്നാണു പറയപ്പെടുന്നത്. മാത്രമല്ല, ദിഗ് വിജയങ്ങളിലൂടെയും സര്‍വ്വജ്ഞ പീഠാരോഹണത്തിലൂടെയും,  ഇന്ത്യയിലെ ജനകീയ ബുദ്ധ-ജൈന മതങ്ങളെ വേരോടെ പിഴുതെടുത്ത ദ്വിഗ് വിജയിയുമാണ് ശങ്കരാചാര്യര്‍.

ഒരു സ്ഥാപകന്‍ പോലുമില്ലാത്തതിനാല്‍ ഗിതികിട്ടാതെയിരുന്ന പൌരോഹിത്യ വംശീയതയുടെ ജാതി അധിഷ്ഠിതമായ ചാതുര്‍വര്‍ണ്ണ്യ മതത്തെ (ഇന്നത്തെ സവര്‍ണ്ണ ഹിന്ദു മതം) നാലു മഠങ്ങള്‍ സ്ഥാപിച്ച്  അടിത്തറ ഉറപ്പിച്ചത് ഈ പണ്ഡിതനാണ്. പ്രകടന പത്രികയോ, നയപരിപാടികളോ,  കേന്ദ്രീകൃത ഭരണ വ്യവസ്ഥിതിയോ ഇല്ലാതെ പകച്ചുനിന്ന ചാതുര്‍വര്‍ണ്ണ്യ മതത്തിന് വേദാന്തവും മീമാംസയും വച്ചുപിടിപ്പിച്ച് ഏതാണ്ടൊരു രൂപം നല്‍കുന്ന കാര്യത്തിലും, അദ്വൈത ദര്‍ശനം ഉപയോഗിച്ച് കണ്ണെഴുതി പൊട്ടു തൊടീച്ചു വിട്ടതിനും ശങ്കരാചാര്യര്‍ ഇന്നത്തെ സവര്‍ണ്ണ ഹിന്ദുമതത്തിന്റെ പിതൃസ്ഥാനീയനാണെന്നു പറയാം. വിമാനമോ, മൊബൈല്‍ ഫോണോ, കേവലം ഒരു സൈക്കിള്‍ പോലുമോ ഇല്ലതിരുന്ന 1200 വര്‍ഷങ്ങള്‍ക്കു മുന്‍പ് 8 ആം വയസ്സില്‍ ബ്രഹ്മചര്യം സ്വീകരിച്ച് 32 ആം വയസ്സില്‍ ഇഹലോക വാസം വെടിഞ്ഞെന്ന് പറയപ്പെടുന്ന ശങ്കരാചാര്യര്‍ക്ക് ഇതിനെല്ലാം കൂടി എങ്ങനെ സാധിച്ചു എന്നറിയില്ല.

ദ്വിഗ് വിജയവും സര്‍വ്വജ്ഞപീഠാരോഹണവും

ബുദ്ധ-ജൈന മതങ്ങള്‍ ഇന്ത്യ മുഴുവന്‍ വ്യാപിച്ചത് കൃഷി, ആയുര്‍വ്വേദം, ജ്യോതിശാസ്ത്രം, വാണിജ്യം, വാസ്തുവിദ്യ, കല, ആതുര ശുശ്രൂഷ, കളരി പോലുള്ള ആയോധന പരിശീലനം, വിദ്യാഭ്യാസം, ധര്‍മ്മ ബോധം, നാഗരികത എന്നിങ്ങനെയുള്ള മാനവിക മൂല്യങ്ങളിലധിഷ്ഠിതമായ അറിവുകള്‍ തങ്ങളുടെ പണ്ഡിത/ഭട്ടന്മാര്‍ നയിക്കുന്ന മിഷണറിമാരിലൂടെ  പ്രചരിപ്പിച്ചുകൊണ്ടായിരുന്നു. ഈ ബൌദ്ധ-ജൈന പാലി ആര്യന്മാര്‍ക്ക് ജനങ്ങളിലും നാട്ടു രാജാക്കന്മാരിലും നല്ല സ്വാധീനമുണ്ടായിരുന്നു.  ജനങ്ങളുടേയും നാട്ടു രാജാക്കന്മാരുടേയും ഗുരു സ്ഥാനീയരായിരുന്ന ഇവര്‍ക്ക് ശിക്ഷ്യഗണങ്ങളും ഉണ്ടാകാതെ തരമില്ല. ഇങ്ങനെ സമൂഹ്യ നേതൃത്വം കയ്യാളുന്ന ഗുരുക്കന്മാരായ ഭട്ടന്മാരെ പരസ്യമായി വെല്ലുവിളിച്ച് നാട്ടു രാജാവിന്റെ അദ്ധ്യക്ഷതയില്‍ പാണ്ഡിത്യ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുന്ന പതിവ് അന്ന് ഉണ്ടായിരുന്നിരിക്കണം. ഈ സാധ്യതയാണ് ശങ്കരാചാര്യരെപ്പോലുള്ള വംശീയവാദികളായ ചാതുര്‍വര്‍ണ്ണ്യ പണ്ഡിതന്മാര്‍ ദ്വിഗ് വിജയം നടത്താനായി ഉപയോഗിച്ചിരിക്കുക.

നാട്ടു രാജാവിന്റെ സാന്നിദ്ധ്യത്തില്‍ നടത്തുന്ന രാജ ഗുരുവിന്റെയും എതിരാളിയായ പണ്ഡിതന്റേയും ദിവസങ്ങള്‍ നീളുന്ന തര്‍ക്കത്തിനൊടുവില്‍ രാജ ഗുരു തോല്‍‌വി സമ്മതിക്കേണ്ടി വരുമ്പോള്‍, ജയിച്ച പണ്ഡിതന്‍ രാജഗുരുവായി സ്ഥാനമേല്‍ക്കുകയും, തോറ്റ ഗുരു തര്‍ക്കത്തിനു മുന്‍പോ ശേഷമോ എടുക്കുന്ന വാക്കോ ആജ്ഞയോ നിറവേറ്റാന്‍ ബാധ്യസ്ഥനാകുന്നുണ്ട്. തോല്‍പ്പിക്കപ്പെട്ട രാജഗുരു വര്‍ദ്ധിത വീര്യനായി മടങ്ങിയെത്തി അടുത്ത പണ്ഡിത്യ തര്‍ക്കത്തിനായി വെല്ലുവിളിക്കാതിരിക്കാനായി ഗുരുവിന്റേയും, അയാളുടെ നൂറോ ആയിരങ്ങളോ വരുന്ന ശിക്ഷ്യന്മാരുടെയും നാവോ ശിരസോ അറുത്തുവാങ്ങാന്‍ വംശീയ അജണ്ടകളും കുടില സംസ്ക്കാരവുമുള്ള സവര്‍ണ്ണ /ബ്രാഹ്മണ പണ്ഡിതര്‍ മറക്കില്ല. ശിക്ഷ നടപ്പാക്കേണ്ടത് തര്‍ക്കത്തിനു അദ്ധ്യക്ഷം വഹിച്ച നാട്ടു രാജാവിന്റെ ധാര്‍മ്മിക ബാധ്യതയാണ്. (ഈ ശിക്ഷ കൂടി നടപ്പാക്കിയതിനു ശേഷമാണത്രേ കേരളത്തിലെ പല നാട്ടു രാജാക്കന്മാരും മനസ്ഥാപം സഹിക്കവയ്യാതെ ഇസ്ലാമില്‍ അഭയം പ്രാപിക്കാനായി മക്കത്തേക്ക് കപ്പലേറിയിരുന്നത്).

 തോല്‍‌പ്പിക്കപ്പെട്ട അഹിംസാവാദികളും ധര്‍മ്മിഷ്ഠരുമായ ബൌദ്ധ-ജൈന പണ്ഡിതരെ അപേക്ഷിച്ച് ഹിംസാത്മക വംശീയ അജണ്ടകളുള്ള ബ്രാഹ്മണ പഢിതര്‍ രാജഗുരുസ്ഥാനം തന്റെ ശിക്ഷ്യനെ ഏല്‍പ്പിച്ച് തൊട്ടടുത്ത മറ്റു രാജ്യങ്ങളിലെ ബൌദ്ധ-ജൈന ഗുരുക്കന്മാരെ ജയിക്കാനായി ജൈത്രയാത്ര നടത്തുന്നതായിരിക്കണം ദ്വിഗ് വിജയത്തിലും, സര്‍വ്വജ്ഞപീഠാരോഹണത്തിലും, സ്വയം പ്രഖ്യാപിത ജഗദ് ഗുരു പദവികളിലുമൊക്കെ എത്തിക്കുന്നത്. ഫലത്തില്‍, അക്കാലത്തെ അറിവുള്ള ഭൂരിപക്ഷം ജനങ്ങളെ ഉന്മൂലനം ചെയ്തുകൊണ്ട് സമൂഹത്തെ സഹസ്രാബ്ദങ്ങള്‍ പിറകോട്ടു നയിക്കാന്‍ ബ്രാഹ്മണ പണ്ഡിതരുടെ സവര്‍ണ്ണ/ജാതീയ മത പ്രചരണത്തിനും സാമൂഹ്യ ആധിപത്യത്തിനുമായുള്ള സര്‍വജ്ഞപീഠാരോഹണങ്ങളും, ദ്വിഗ് വിജയങ്ങളും സഹായിച്ചെന്നതില്‍ സംശയമില്ല.

സര്‍വ്വജ്ഞപീഠാരോഹണം അറിവിന്റെ ആഘോഷമായിരുന്നില്ല , അറിവില്ലായ്മയുടെയും, അധര്‍മ്മത്തിന്റേയും, ഹിംസയുടേയും പ്രചനനവും വ്യാപനവുമായിരുന്നു . ജഗദ് ഗുരു ബ്രാഹ്മണരെ വംശീയമായി ശക്തരാകാന്‍ പഠിപ്പിച്ചതിലൂടെ സ്വത്തെല്ലാം അവര്‍ കവര്‍ന്നെടുത്തു, ബ്രഹ്മസ്വവും ദേവസ്വവുമാക്കി.  സാധാരണ അവര്‍ണ്ണ/ജാതിചിന്തയില്ലാത്ത ജനങ്ങളെ 1200 വര്‍ഷം ജാതീയ അടിമത്തത്തില്‍ ചവിട്ടി താഴ്ത്തിയ മനുഷ്യത്വമില്ലാത്ത ശങ്കരന്‍ അദ്വൈദ ദര്‍ശനം മുറുക്കി തുപ്പുന്നതില്‍ എന്താണു കൌതുകംകൂറാനുള്ളത് ? ഇന്നത്തെ പാക്ക് അധീന കാശ്മീരിലെ ജൈനരുടെ സരസ്വതി ക്ഷേത്രത്തില്‍ വച്ചുള്ള ജഗദ് ഗുരു ശങ്കരാചാര്യരുടെ  സര്‍വ്വജ്ഞപീഠാരോഹണത്തിനു ശേഷം ഇന്ത്യ വളര്‍ച്ച മുരടിച്ച് ജാതിയതയുടെ ഇരുട്ടറയില്‍ അടക്കപ്പെടുകയും, ജഗദ് ഗുരുവിനു ജന്മം നല്‍കിയതിന്റെ ശാപമായി കേരളം തൊട്ടുകൂടായ്മയുടേയും, തീണ്ടിക്കൂടായ്മയുടേയും, ദൃഷ്ടിയില്‍ പെട്ടാല്‍ പോലും അയിത്തമാകുമെന്ന് വിശ്വസിക്കുന്നവരുടേയും തുറന്ന ഭ്രാന്താലയമായിത്തീര്‍ന്നു എന്ന് ചരിത്രം !
അറിവാണു പോലും !! മനുഷ്യനെ സ്നേഹിക്കാനാകാത്ത റേസിസ്റ്റ് അറിവ് !!!

2 comments:

വിജയരാഘവൻ said...

ചില അഭിപ്രായങ്ങള്‍ക്ക് മറുകുറിക്കുള്ള മോഹമുണ്ട്. ചിത്രകാരന്‍ തന്നെ മറുപടി പറയുമോ അതോ അവഗണിക്കുകയോ നീക്കം ചെയ്യുകയോ ആണ് ഉണ്ടാവുക എന്ന് അറിഞ്ഞിട്ടു മതിയല്ലോ.ഈ അഭിപ്രായത്തിനു മറുപടി തരുന്നതനുസരിച്ചാകാം കമന്റുന്നത് .

Muralee Mukundan , ബിലാത്തിപട്ടണം said...

തോല്‍‌പ്പിക്കപ്പെട്ട അഹിംസാവാദികളും ധര്‍മ്മിഷ്ഠരുമായ ബൌദ്ധ-ജൈന പണ്ഡിതരെ അപേക്ഷിച്ച് ഹിംസാത്മക വംശീയ അജണ്ടകളുള്ള ബ്രാഹ്മണ പഢിതര്‍ രാജഗുരുസ്ഥാനം തന്റെ ശിക്ഷ്യനെ ഏല്‍പ്പിച്ച് തൊട്ടടുത്ത മറ്റു രാജ്യങ്ങളിലെ ബൌദ്ധ-ജൈന ഗുരുക്കന്മാരെ ജയിക്കാനായി ജൈത്രയാത്ര നടത്തുന്നതായിരിക്കണം ദ്വിഗ് വിജയത്തിലും, സര്‍വ്വജ്ഞപീഠാരോഹണത്തിലും, സ്വയം പ്രഖ്യാപിത ജഗദ് ഗുരു പദവികളിലുമൊക്കെ എത്തിക്കുന്നത്. ഫലത്തില്‍, അക്കാലത്തെ അറിവുള്ള ഭൂരിപക്ഷം ജനങ്ങളെ ഉന്മൂലനം ചെയ്തുകൊണ്ട് സമൂഹത്തെ സഹസ്രാബ്ദങ്ങള്‍ പിറകോട്ടു നയിക്കാന്‍ ബ്രാഹ്മണ പണ്ഡിതരുടെ സവര്‍ണ്ണ/ജാതീയ മത പ്രചരണത്തിനും സാമൂഹ്യ ആധിപത്യത്തിനുമായുള്ള സര്‍വജ്ഞപീഠാരോഹണങ്ങളും, ദ്വിഗ് വിജയങ്ങളും സഹായിച്ചെന്നതില്‍ സംശയമില്ല.