Thursday, July 30, 2015

പര്‍ദ്ദയും സാരിയും, സ്ത്രീകളുടെ ഒളിവു ജീവിതവും !!


സ്ത്രീ സുരക്ഷക്കാണെന്ന വ്യാജേന പുരുഷന്‍ അടിച്ചേല്‍പ്പിക്കുന്ന വസ്ത്രം മാത്രമല്ല, സ്ത്രീക്ക് ചുറ്റും പുരുഷന്‍ വരയ്ക്കുന്ന ഒരു വൃത്തം കൊണ്ടുപോലും സ്ത്രീയെ ചലന സ്വാതന്ത്ര്യം നിയന്ത്രിച്ച്  തളച്ചിടാമെന്നപാരമ്പര്യ യുക്തിയുടെ സ്ത്രീ വിരുദ്ധത ഇന്നും മഹത്വല്‍ക്കരിക്കപ്പെടുന്നുണ്ട്.  2013 ല്‍ ചിത്രകാരന്‍ പര്‍ദ്ദയെക്കുറിച്ചു  വരച്ച ലക്ഷ്മണരേഖ എന്ന ചിത്രമാണ് ഇത്.

 
കേരളത്തിലെ സ്ത്രീകളെ സംബന്ധിച്ച് പര്‍ദയും സാരിയും സ്വന്തം ഇഷ്ടപ്രകാരം തിരഞ്ഞെടുത്ത വസ്ത്രങ്ങളാണെന്ന് പറയാനാകില്ല. ഏതാണ്ട് വിവസ്ത്രകളായിരുന്ന നമ്മുടെ ഹൈന്ദവ ദേവതമാരെ സാരിയും ബ്ലൌസും ധരിപ്പിച്ച് 'നാണോം മാനവും' ഉള്ളവരാക്കിയത് നൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ചിത്രകാരനായിരുന്ന രാജാ രവി വര്‍മ്മയായിരുന്നല്ലോ. രവിവര്‍മ്മയുടെ ചിത്രങ്ങളുടെ പ്രചാരത്തിലൂടെയാണ് ഉത്തരേന്ത്യന്‍ വസ്ത്രമായിരുന്ന സാരി ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ 'കുലീന' വസ്ത്രമായി മാറുന്നത്. എങ്കിലും, സാരി ഏതെങ്കിലും ഒരു മതത്തിന്റെ യൂണിഫോമായി മാറിയിട്ടില്ല. ചൂരീദാര്‍ എന്നാ സൌകര്യപ്രദമായ വസ്ത്രം കടന്നു വന്നപ്പോള്‍ സ്ത്രീകള്‍ സാരിയെ മാറ്റിവച്ച് ചൂരീദാറിനെ സ്നേഹിക്കാന്‍ മടി കാണിച്ചില്ല. സാരിക്ക് സ്ത്രീകളെ 'തടവിലിടുന്ന' ഘടനാപരമായ ഒരു പോരായ്മ ഉണ്ടെങ്കിലും സാരി അവളുടെ മനസ്സിനെ തടവിലാക്കുന്നില്ല.

എന്നാല്‍, ഏതാണ്ട് 30 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കേരളത്തിലെ മുക്കിലും മൂലയിലും പൊടുന്നന്നെ പ്രത്യക്ഷപ്പെട്ട 'പര്‍ദ്ദ പാലസ്', പര്‍ദ്ദ മഹല്‍', 'പര്‍ദ്ദ ഹൌസ്' , ... തുടങ്ങിയ പൊതു പേരുകളിലുള്ള പര്‍ദ്ദ എക്സ്ക്ലൂസീവ് ഷോപ്പുകളിലൂടെയാണ് പര്‍ദ്ദയുടെ വരവ്. നമ്മുടെ വസ്ത്രധാരണ സംകല്‍പ്പങ്ങളിലെക്ക് മത രാഷ്ട്രീയത്തെ സന്നിവേശിപ്പിച്ച് കൊണ്ടുള്ള ഒരു സാംസ്ക്കാരിക അധിനിവേശമായാണ് പര്‍ദ്ദവല്‍ക്കരണം കേരളത്തില്‍ വേരൂന്നിയത്.

മുഖം മൂടുന്ന പര്‍ദ്ദ (ഹിജാബ്) സ്ത്രീകള്‍ക്ക് ഒരു ഒളിയിടം നല്‍കുന്നു എന്നത് തര്‍ക്കമറ്റ വസ്തുതയാണ്. സ്ത്രീകള്‍ സമൂഹത്തില്‍ അങ്ങനെ ഒളി ജീവിതം നയിക്കാന്‍ മാത്രം മോശക്കാരോ, കുറ്റവാളികളോ ആണോ ? വെയിലേല്‍ക്കില്ല, തണുക്കില്ല, സ്ത്രീ ധ്വംസകര്‍ക്കിടയില്‍ സ്വതന്ത്രരായി സഞ്ചരിക്കാനാകുന്നു, അഥവാ അപമാനിക്കപ്പെട്ടാല്‍ പോലും ആരാണ് അപമാനിക്കപ്പെട്ടതെന്ന്‍ പൊതുജനങ്ങളില്‍ നിന്നും മറച്ച്ചുപിടിക്കാനാകുന്നു എന്നതൊക്കെ പര്‍ദ്ദ അനുകൂലികളുടെ ന്യായീകരണങ്ങളാണ്. ഈ ബാലിശ യുക്തികളെല്ലാം പര്‍ദ്ദയെ ന്യായീകരിക്കാനും ഒളിച്ചു കടത്താനുമുള്ള വാദങ്ങളായി നമ്മുടെ സ്ത്രീകള്‍ തന്നെ ഉരുവിട്ടുകൊണ്ടിരിക്കുന്നത് അവര്‍ അനുഭവിക്കുന്ന അടിമത്വത്തിന്റെ ദയനീയ പ്രകാശനമായി കാണേണ്ടതുണ്ട്.

സ്ത്രീകള്‍ വിവസ്ത്രകളായി പൊതു ഇടങ്ങളില്‍ പ്രത്യക്ഷപ്പെട്ടാല്‍ പോലും അപമാനിക്കപ്പെടുകയോ, വിവേചനങ്ങള്‍ക്ക് പാത്രീഭാവിക്കുകയോ, ആക്രമിക്കപ്പെടുകയോ ചെയ്യാന്‍ പാടില്ലാത്ത വ്യക്തി ബഹുമാനത്തിന്റെയും, സ്വകാര്യത ബോധത്തിന്റെയും ഒരു ജനാധിപത്യ സമൂഹം വാര്‍ത്തെടുക്കേണ്ടതിനു പകരം , സ്ത്രീകളെ പുരുഷ  ഉടമസ്ഥതക്കു കീഴിലെ വിലപിടിച്ച ഉപഭോഗ വസ്തുക്കളായും, വെളിച്ചം കാണിക്കാനാകാത്ത ചരക്കുകളായും, രണ്ടാം തരാം പൌരത്വമുള്ളവരായും കണക്കാക്കി,  ചാക്കുപോലുള്ള പര്‍ദ്ദയിലും ഹിജാബിലും കെട്ടിപ്പൊതിഞ്ഞു നടക്കുന്നത് ലജ്ജാകരമായി തോന്നേണ്ടതാണ്.

അന്യ പുരുഷന്‍റെ കണ്ണേറു കൊള്ളാതിരിക്കാനും, അപമാനവും അതിക്രമവും എല്ക്കാതിരിക്കാനും, സാമൂഹ്യ പൊതു ഇടങ്ങളില്‍ മറക്കുടയും പര്‍ദ്ദയും ഉപയോഗിച്ചു സ്ത്രീ അദൃശ്യരായി നിലകൊള്ളണമെന്ന ന്യായം ആചാരവല്‍ക്കരിക്കപ്പെട്ട പുരുഷ നീതി ശാസനങ്ങളുടെ ഭാഗമാണ്. സ്ത്രീ വ്യക്തിജീവിതത്തിലെ ഒരു അതിജീവന സൌകര്യമാണെങ്കിലും അത് പാരതന്ത്ര്യത്തിന്റെ ഒളിജീവിതത്തിലെക്കുള്ള വഴിയാണ് എന്ന് തിരിച്ചറിയെണ്ടതുണ്ട്.

മാത്രമല്ല, ഒരു സമൂഹത്തിന്‍റെയും നാടിന്‍റെയും സംസ്ക്കാര ശൂന്യതയെ അടയാളപ്പെടുത്തുന്നതാണ് സ്ത്രീ സുരക്ഷക്കായി എന്നാ പേരില്‍ ധരിക്കപ്പെടുന്ന പര്‍ദ്ദ. പര്‍ദ്ദക്കകത്ത് നിന്നില്ലെങ്കില്‍ ഒരു സ്ത്രീക്ക് സുരക്ഷ ലഭിക്കില്ലെന്നും, പുരുഷനു ഏതു വസ്ത്രം ധരിച്ചാലും സുരക്ഷ ലഭിക്കുമെന്നതും സമൂഹത്തില്‍ നിലനില്‍ക്കുന്ന സ്ത്രീ വിവേചനത്തിന്റെ സാന്നിദ്ധ്യമാണ് കാണിക്കുന്നത്. സ്ത്രീ സമൂഹത്തോടുള്ള ഹിംസാത്മകമായ പുരുഷ പൊതുബോധത്തെ മഹത്വപ്പെടുത്തുന്നത് സമൂഹത്തിലെ  അസമത്വങ്ങളെയും അനീതിയും  ന്യായികരിക്കുന്നു.  

സ്തീ പീഡനങ്ങളെയും, ഒളിച്ചു നോട്ടങ്ങളെയും അതിജീവിക്കാനായി സ്തീ സമൂഹം വസ്ത്രം കൊണ്ട് തീര്‍ത്ത തടവറയില്‍ കഴിയണമെന്ന് ഇച്ചിക്കുന്ന ഭീരുത്വത്തിന്‍റെ പൊതുബോധത്തെ അധിജീവിക്കാനുള്ള സാംസ്ക്കാരിക വിപ്ലവമാണ് നമുക്ക് വേണ്ടത്. സ്ത്രീ സമൂഹത്തിനു നഷ്ടപ്പെട്ട പൊതു ഇടങ്ങളും വ്യക്തി സ്വാതന്ത്ര്യവും, തുല്യതാ ബോധവും തിരിച്ചു പിടിക്കേണ്ടതുണ്ട്.

പകരം, പുരുഷ കേന്ദ്രീകൃതമായ സാമൂഹ്യ ഭരണ സംവിധാനത്തില്‍ തങ്ങള്‍ക്ക് പുല്ലും വൈക്കോലും ആവോളം കിട്ടുന്നുണ്ടെന്നും, സ്ത്രീ സമൂഹം അതില്‍ സംതൃപ്തരാണെന്നും പൊതു വേദികളില്‍ സാക്ഷ്യപ്പെടുത്തുന്ന സ്ത്രീ 'പ്രതിനിധി'കളെ നമുക്ക് കാണേണ്ടി വരുന്നു. പുരുഷ-പൌരോഹിത്യ മേധാവിത്വ കീര്‍ത്തനങ്ങള്‍ ചൊല്ലിപ്പടിച്ച് വേദികളിലേക്ക് പാടാനായി നിയോഗിക്കപ്പെടുന്ന അത്തരം  'സ്ത്രീ പ്രതിനിധി'കളെ പുരുഷമേധാവിത്വത്തിന്റെ കുഴലൂത്തുകാരായ അടിമകളായോ ഇരകളായോ തിരിച്ചറിയുകയാണ് വേണ്ടത്.

പര്‍ദ്ദയോ സാരിയോ മറ്റേതു വസ്ത്രങ്ങളോ ധരിക്കുന്നത് വ്യക്തികളുടെ സ്വകാര്യ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അനുസരിച്ചായതിനാല്‍ ആര്‍ക്കും തന്നെ അതിനെ മുഖദാവില്‍ വിമര്‍ശിക്കാനോ പരിഹസിക്കാനോ അവകാശമില്ല. എന്നാല്‍ സാംസ്ക്കാരിക തലത്തില്‍ വിഭാഗീയതയുടെയും, വര്‍ഗ്ഗീയതയുടെയും, വംശീയതയുടെയും വേര്‍ത്തിരിവിന്‍റെ  അടയാളമായും യൂണിഫോമായും പര്‍ദ്ദയെ തിരിച്ചറിയേണ്ടതും വിമര്‍ശന വിധേയമാക്കെണ്ടതും സാമൂഹ്യ നവീകരണത്തിന്‍റെ ആവശ്യകതയാണ്.

സര്‍വ്വോപരി സ്ത്രീ സമത്വത്തിന്റെയും സ്ത്രീ സ്വാതന്ത്ര്യത്തിന്റെയും ആദ്യ പടികള്‍ കയറണമെങ്കില്‍പോലും പര്‍ദ്ദക്ക് പിന്നിലെ പുരുഷ കേന്ദ്രീകൃതമായ പൌരോഹിത്യ അജണ്ടകളുടെ മുഖം മൂടി വലിച്ചു കീറാതെ കഴിയുകയില്ല. അതുകൊണ്ടുതന്നെ, വരും ദിനങ്ങളിലെ സ്ത്രീ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങള്‍ പൊതു സ്ഥലങ്ങളില്‍ സ്വയം തുണിയുരിഞ്ഞു കൊണ്ടായിരിക്കുമെന്നതില്‍ സംശയമില്ല.

 - ടി. മുരളി
14.05.2015.

4 comments:

ബഷീർ said...

<<വരും ദിനങ്ങളിലെ സ്ത്രീ സ്വാതന്ത്ര്യ പ്രഖ്യാപനങ്ങള്‍ പൊതു സ്ഥലങ്ങളില്‍ സ്വയം തുണിയുരിഞ്ഞു കൊണ്ടായിരിക്കുമെന്നതില്‍ സംശയമില്ല. << ഓരോരോ മോഹങ്ങൾ !!

Midlaj kp said...

ഇവിടെ ആരും ആരെയും nirbadikkunila ..... മത ആചാര പ്രകാരം നടക്കുന്ന സ്ത്രികള്‍ അവരുടെ ശരിരം aniyapurushanmaril നിന്ന് മറക്കുന്നതിനു എന്തിനാ വാഴിട്ടു ഇളക്കുനത്‌...

Muralee Mukundan , ബിലാത്തിപട്ടണം said...

സ്തീ പീഡനങ്ങളെയും, ഒളിച്ചു നോട്ടങ്ങളെയും അതിജീവിക്കാനായി സ്തീ സമൂഹം വസ്ത്രം കൊണ്ട് തീര്‍ത്ത തടവറയില്‍ കഴിയണമെന്ന് ഇച്ചിക്കുന്ന ഭീരുത്വത്തിന്‍റെ പൊതുബോധത്തെ അധിജീവിക്കാനുള്ള സാംസ്ക്കാരിക വിപ്ലവമാണ് നമുക്ക് വേണ്ടത്. സ്ത്രീ സമൂഹത്തിനു നഷ്ടപ്പെട്ട പൊതു ഇടങ്ങളും വ്യക്തി സ്വാതന്ത്ര്യവും, തുല്യതാ ബോധവും തിരിച്ചു പിടിക്കേണ്ടതുണ്ട്.

കല്ലോലിനി said...

ഈ അഭിപ്രായത്തോട് വളരെയധികം യോജിക്കുന്നു.
പൊതു സമൂഹത്തിൽ മുഖംമൂടി നടക്കുന്നവരോട് വളരെ എതിര്‍പ്പാണ്. കണ്ണുമാത്രം കാണിച്ചുനടക്കുന്നവരെ ഒരു സംശയദൃഷ്ടിയോടെ മാത്രമേ നോക്കാന്‍ കഴിഞ്ഞിട്ടുള്ളൂ... അടുത്തിടപഴകുവാന്‍ ഭയവുമാണ്. സ്ത്രീ തന്നെയല്ലേ എന്നുറപ്പില്ലല്ലോ...