Wednesday, January 23, 2008

മോഷണം പാപമല്ല !!!

മോഷണം,പിടിച്ചുപറി എന്നിങ്ങനെയുള്ള പ്രവര്‍ത്തികള്‍ കുറ്റകൃത്യങ്ങളാണെന്നും,അത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടുന്നവരെ ശിക്ഷിക്കണമെന്നും സാമൂഹ്യ നിയമങ്ങള്‍ നിഷ്കര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഒരു തൊഴിലോ,ഉപജീവന മാര്‍ഗ്ഗമോ അല്ലാത്ത, നിവര്‍ത്തികേടുകൊണ്ടുള്ള മോഷണത്തേയും,പിടിച്ചുപറിയേയും ഒരു കുറ്റകൃത്യമായി വിശേഷിക്കാമോ എന്നാണ് ചിത്രകാരന്റെ മാനുഷികത നിറഞ്ഞ ദാര്‍ശനിക ചോദ്യം !

ഉള്ളവന്റെ കയ്യില്‍നിന്നെ മോഷ്ടിക്കാനാകു എന്നതിനാല്‍ മോഷണം ഉള്ളവനും,ഇല്ലാത്തവനും തമ്മിലുള്ള ഒരു സാധാരണ ജീവിതമത്സരം മാത്രമാണ്.

ഉള്ളവന്‍ ഇല്ലാത്തവന്റെതുകൂടിയായ സ്വത്തിനെ തന്റെ ബുദ്ധിയുപയോഗിച്ച് സ്വന്തമാക്കുന്നതിലൂടെയാണല്ലോ ഉള്ളവനാകുന്നത്. അതുകൊണ്ടുതന്നെ സ്വത്ത് എന്നു പറയുന്നത് വായുപോലെ,വെള്ളം പോലെ പ്രകൃതിജന്യമായ പ്രതിഭാസമാണ്. ഉള്ളവന്‍ ബുദ്ധിയുപയോഗിച്ച് പരമാവധി സ്വത്തിനെ തന്റെ വരുതിയില്‍ അതീവ സാന്ദ്രതയോടെയും,അതി മര്‍ദ്ദത്തിലും സൂക്ഷിക്കുംബോള്‍ ഇല്ലാത്തവന്‍ സൃഷ്ടിക്കപ്പെടുന്നതിന്റെ ഉത്തരവാദിത്വവും ഉള്ളവനുതന്നെയാകുന്നു.

സംബത്തിന്റെ സാന്ദ്രതവ്യത്യാസം ഉപയോഗപ്പെടുത്തിയാണ് (ഒരു ഡാമിലെ വെള്ളം വൈദ്യുതി നിര്‍മ്മാണത്തിനായി ഉപയോഗിക്കുന്നതുപോലെ) ഉള്ളവന്‍ ഇല്ലാത്തവനെക്കൊണ്ട് ജോലി ചെയ്യുന്നതിനുള്ള കൂലിയായി സംബത്ത് ഇറ്റിച്ചുകൊടുത്ത് അവനെ അടിമയാക്കി കൂടുതല്‍ സംബത്ത് നേടുന്നത്. ഉള്ളവന്‍ ഇപ്രകാരം ഇല്ലാത്തവനെ ചൂഷണം ചെയ്യുന്നത് ലോകം നിയമവിധേയമായ നീതിയായി കണക്കാക്കുന്നു.
എന്നാല്‍ ഉള്ളവന്റെ പണവും സ്വത്തും ഇല്ലാത്തവന്റെ മുന്നില്‍ മലര്‍ന്നു കിടന്നാല്‍പ്പോലും ബുദ്ധിയുപയോഗിച്ചല്ലാതെ അതു സ്വന്തമാക്കുന്നത് സമൂഹം കുറ്റകരമായി കരുതുന്നു. ബുദ്ധിയുപയോഗിച്ച് അന്യനെ വിഢിയാക്കി സംബത്ത് കൈക്കലാക്കുന്നതും, ശരീരബലമുപയോഗിച്ച് സംബത്ത് കൈക്കലാക്കുന്നതുപോലെ ഫലത്തില്‍ മോഷണം തന്നെയാണ്.
അതായത് സംബത്ത് സംരക്ഷിക്കാനും കൂടുതല്‍ ആര്‍ജ്ജിക്കാനും ശേഷിയുള്ള ശരീരബലവും ബുദ്ധിയുമുള്ളവരുടെ തികച്ചും വ്യക്തിപരമായ പ്രതിരോധത്തിന്റെ മാത്രം കാര്യമാണ് മോഷണത്തെ ചെറുക്കുക എന്നത്. മോഷണത്തെ ചെറുക്കാന്‍ കഴിവില്ലാത്തവര്‍ പോലീസ്,കോടതി തുടങ്ങിയ പൊതു സ്ഥാപനങ്ങളുടെ സഹായം വിലക്കെടുത്ത് സ്വത്തുസംരക്ഷിക്കുന്നതിലൂടെയാണ് സമൂഹം രോഗഗ്രസ്തമാകുന്നതും, സാംബത്തിക അസമത്വത്തിന്റെയും സാമൂഹ്യ അസമത്വത്തിന്റേയും,രാഷ്ട്രീയവിവേചനങ്ങളുടേയും വന്‍ ഗര്‍ത്തങ്ങള്‍ സമൂഹത്തില്‍ രൂപം കൊള്ളുന്നതിനും കാരണമാകുന്നത്.

അതുകൊണ്ടുതന്നെ മോഷണം പാപമല്ലെന്നുമാത്രമല്ല,പലപ്പോഴും നിര്‍മ്മാണാത്മകമായ സാമൂഹ്യ സേവനംകൂടിയായിമാറുന്നുണ്ട്. നമ്മുടെ കായകുളം കൊച്ചുണ്ണിയെ ഓര്‍ക്കുക. മോഷ്ടാവിനെ സൃഷ്റ്റിക്കുന്നത് ഉള്ളവന്റെ സാമൂഹ്യ ചൂഷണത്വരയും, ഭരണവ്യവസ്ഥ ഉള്ളവനു നല്‍കുന്ന പരിരക്ഷയുമായതിനാല്‍ ധാര്‍മ്മികമായി മോഷ്ടാവ് കുറ്റക്കാരനാകുന്നില്ല. കാരണം സംബത്ത് സമൂഹത്തിലൂടെ സ്വച്ഛമായി ഒഴുകാനുള്ളതാണ്. ബുദ്ധിയും,അദ്ധ്വാനശേഷിയുമുള്ളവര്‍ക്ക് അതിനെ തന്റെ കഴിവു ക്ഷയിക്കുന്നതുവരെ പിടിച്ചുവച്ച് അനുഭവിക്കാം എന്നല്ലാതെ തന്റെ ഭാവിതലമുറക്ക് സമൂഹത്തിന്റെ അവകാശ നിയമങ്ങള്‍ കൊണ്ടു കെട്ടിവരിഞ്ഞ് സ്വത്ത് കൈമാറാനുള്ള ധാര്‍മ്മിക അവകാശമില്ലെന്നു മാത്രമല്ല , അത് സത്യത്തില്‍ കുറ്റകരമായ പ്രവര്‍ത്തികൂടിയാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.

മാനവികമായി ഒരൊറ്റ വംശമായി,കുടുംബമായി മനുഷ്യ സമൂഹത്തെ കാണുമ്പോള്‍ സംബത്തിനെ വരും തലമുറയിലെ തന്റെ കുടുംബാഗങ്ങള്‍ക്കുമാത്രമായി നിയമത്തിന്റേയും,ഭരണത്തിന്റെയും സ്വാധീനത്തിലൂടെ നിചപ്പെടുത്താന്‍ ഉള്ളവന്‍ (ധനികന്‍) സാമൂഹ്യക്രമം വാര്‍ത്തെടുക്കുന്നതിലൂടെയാണ് സമൂഹം ജീര്‍ണ്ണിക്കുന്നത്. എല്ലാ സാമൂഹ്യ അസമത്വങ്ങളുടേയും കാരണം ഇന്നു നിലവിലുള്ള ആ സാമൂഹ്യ ക്രമത്തിന്റെ സൃഷ്ടിയാണ്.
ഈ സാമൂഹ്യക്രമം നശിക്കുന്നതിനായി മോഷണം പാപമല്ലെന്ന് പ്രചരിപ്പിക്കേണ്ടിയിരിക്കുന്നു.
എല്ല ബൌദ്ധിക സ്വത്തവകാശങ്ങളും മോഷണംകൊണ്ട് നിര്‍വ്വീര്യമാക്കേണ്ടത് മൂന്നാം ലോകരാജ്യങ്ങളുടെ അടിമത്വവും,പിന്നോക്കാവസ്ഥയും നിര്‍മ്മാര്‍ജ്ജനം ചെയ്യാന്‍ ഒഴിച്ചുകൂടാനാകാത്ത കാര്യമാണ്.
ഗള്‍ഫ് മലയാളിയുടെ വിയര്‍പ്പിന്റെ ചിലവില്‍ പൊങ്ങച്ചംകാണിച്ചു നടക്കുന്ന നമുക്ക് നമ്മുടെ യഥാര്‍ത്ഥ മൂല്യം എന്താണെന്നറിയില്ല. ഒരു മോഷ്ടാവിനേക്കാള്‍ എത്രയോ താഴെ ... അറബിയുടേയും, സായിപ്പിന്റേയും വേലക്കാരനും , അടിമയും, ഉത്തരേന്ത്യക്കാരന്റെ മല്ലുവും, നികൃഷ്ട മദ്രാസിയും,വിധേയനുമായിരിക്കുന്ന നമ്മുടെ ശരിയായ സ്വത്വബോധം ഉള്‍ക്കൊണ്ടാല്‍ ... ഒരു മോഷ്ടാവാകുന്നതില്‍ അഭിമാനം തോന്നും !!!
അതെ, നമ്മുടെ ഇല്ലാത്ത ആഢ്യത്വത്തിന്റെ പൊങ്ങച്ചഭാരം നമ്മുടെ ചിന്താശക്തിയെ മറച്ചിരിക്കുന്നു.

ടാറ്റ ഇന്ത്യക്കുവേണ്ടി ഇന്‍ഡിക്കയും, നാനോ കാറുമുണ്ടാക്കുന്നതിനുവേണ്ടി എത്ര വിദേശ കാറുകള്‍ വാങ്ങി വെട്ടിപ്പൊളിച്ച് അതിന്റെ സാങ്കേതികവിദ്യ പഠിച്ചിരിക്കും ? !! അതു മോഷണം തന്നെയാണ്. അന്തസ്സുള്ള മോഷണം. മോഷണത്തിലൂടെ മാത്രമേ മുന്നേ പോകുന്നവന്റെ കൂടെ എത്താന്‍ മാര്‍ഗ്ഗമുള്ളു. ഇല്ലാത്തവന്റെ മോചനമാര്‍ഗ്ഗമാണ് മോഷണം. വെള്ളക്കാരനും നമ്മുടെ നാട്ടില്‍ വന്ന് പലതും മോഷ്ടിച്ചിട്ടുണ്ട് . ഭാരതത്തിന്റെ പ്രാചീനമായ പല അറിവുകളും അവര്‍ യഥേഷ്ടം കടത്തിക്കൊണ്ടുപോയിട്ടുണ്ട്. അതിനാല്‍ മോഷണത്തില്‍ അന്തസ്സുകേടു കാണുന്നത് അടിമകളുടെ മാത്രം മാനസ്സിക വളര്‍ച്ചക്കുറവാണെന്ന് മനസ്സിലാക്കുക.

ആയതിനാല്‍ ... അഭിമാനിയായ ഒരു മോഷ്ടാവാകാന്‍ മാനസ്സികമായി തയ്യാറായിക്കൊള്ളുക. ചിത്രകാരന്റെ സ്വത്തുക്കളിലൊഴിച്ച് മറ്റെതു സ്വത്തുക്കളില്‍ മോഷണം നടത്തുന്നതിലും സ്വന്തം ഉത്തരവാദിത്വത്തില്‍ തീരുമാനങ്ങളെടുക്കാന്‍ സന്നദ്ധരാകുക. അഭിവാദ്യങ്ങളോടെ.... സ്വന്തം ചിത്രകാരന്‍.
ഈ ചിത്രകാരന്റെ ഓരോ ചിന്തകള്‍ !!!

11 comments:

Anonymous said...

ഗള്‍ഫ് മലയാളിയുടെ വിയര്‍പ്പിന്റെ ചിലവില്‍ പൊങ്ങച്ചംകാണിച്ചു നടക്കുന്ന നമുക്ക് നമ്മുടെ യഥാര്‍ത്ഥ മൂല്യം എന്താണെന്നറിയില്ല. ഒരു മോഷ്ടാവിനേക്കാള്‍ എത്രയോ താഴെ ... അറബിയുടേയും, സായിപ്പിന്റേയും വേലക്കാരനും , അടിമയും, ഉത്തരേന്ത്യക്കാരന്റെ മല്ലുവും, നികൃഷ്ട മദ്രാസിയും,വിധേയനുമായിരിക്കുന്ന നമ്മുടെ ശരിയായ സ്വത്വബോധം ഉള്‍ക്കൊണ്ടാല്‍ ... ഒരു മോഷ്ടാവാകുന്നതില്‍ അഭിമാനം തോന്നും !!!
അതെ, നമ്മുടെ ഇല്ലാത്ത ആഢ്യത്വത്തിന്റെ പൊങ്ങച്ചഭാരം നമ്മുടെ ചിന്താശക്തിയെ മറച്ചിരിക്കുന്നു.

Anonymous said...

yes thats true

Anonymous said...

ഇതൊരൊന്നൊന്നര ചിന്ത തന്നെ ചിത്രകാരാ... പറഞ്ഞതിലൊക്കെയും കാര്യവുമുണ്ട് :D

Anonymous said...

ഇപ്പോള്‍ നമ്മുടെ നാട്ടില്‍ കോര്‍പറേറ്റ് കള്ളന്മാര്‍ അരങ്ങുതകര്‍ക്കുന്നു.

എന്താണ് മോഷണമെന്ന് നിര്‍വചിക്കേണ്ടത് അനിവാര്യമായിരിക്കുന്നു..

Anonymous said...

ചിത്രകാരന്റെ ഈ പോസ്റ്റ് എഴുതുന്നതിനു മുന്നേ ആരോ മൊഷ്ടിച്ചോ എന്നൊരു സംശയം. സഖാക്കള്‍ സോഷ്യലിസം അടുത്തൊന്നും വരുന്നില്ലെന്ന് വാര്ത്ത വായിച്ചല്ലോ.

Anonymous said...

അപ്പോ, മോഷണം പാപല്ല! നന്നായി!

റിയലി വണ്ടര്‍ഫുള്‍!

പക്ഷേ, ചിത്രകാരാ, ഇപ്പൊ, ഇയാള്‍ടെ വീട്ടില്‍ ഒരു കള്ളന്‍ കേറ്യാലോ?

പോലീസ്‌ സ്റ്റേഷനില്‍ പൂവ്വോ, അതോ, പാവങ്ങല്ലേ, എടുത്തോട്ടേന്നുവെക്ക്വോ?

അവനോന്റ്യായാല്‍ വയ്യാ, ന്നാല്‍ അന്യന്റ്യാവാംന്നാണൊ?

(അതാണല്ലോ, അവസാനം കൊടുത്തിരിക്കണതല്ലേ?)

ഉത്തരം മുട്ടിപ്പോയോ?

Anonymous said...

ആരാന്റച്ചിക്ക് പ്രാന്ത് പിടിച്ചാ കാണാന്‍ നല്ല ചേല്!

Anonymous said...

ചിത്രകാരന്റെ അഡ്രസ്സ് ഒന്ന് പറഞ്ഞേ.. :-)

Anonymous said...

കറിവേപ്പില എന്ന ബ്ലോഗിലേ ഏതാനും പേജുകള്‍ യാഹൂ കട്ടതിനു ഇവിടെ നടന്ന കോലാഹലം നമ്മള്‍ കണ്ടതാണേ. ആ ഒരു പോസ്റ്റ് ഇടാന്‍ സൂ ചേച്ചിക്ക് മിനിറ്റിന് 1000 രൂപാ വച്ചാണെങ്കില്‍, ഒരു 2 ലക്ഷം രൂപ ആണെന്നു വയ്ക്കുക (മോഷണം പോയ റെസിപി മാത്രം). മൈക്രൊസോഫ്റ്റിന്റെ ഒരു മോഡ്യൂളിന്റെ വില 20 മില്യണ്‍ വരും... അപ്പൊ അവന്റെ 20 മില്യണിനു വിലയില്ല, അല്ലേ?

Anonymous said...

എങ്കില്‍ ഇതു നേരത്തെ പറയാമായിരുന്നില്ലെ വെറുതെ ഇ മരുഭൂമിയില്‍ വന്നു

Unknown said...

മോഷണം ഒരു കലയാണന്നു ചിത്രകാരൻ കേട്ടിട്ടുണ്ടോ..?അപ്പോൾ ആ കലയെ പ്രോത്സാഹിപ്പിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുകയാണ് ആദ്യം വേണ്ടത്.അതിനെന്തെങ്കിലും ചെയ്യാൻ കഴിയുമോ എന്നു നോക്ക്.