Thursday, August 7, 2008

ശബരിമലയിലെ അനീതി

ഇന്നത്തെ (7-8-08) മനോരമ പത്രത്തില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന വാര്‍ത്താ ചിത്രമാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. (പടത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം)
ഇരുപതോളം പൂണൂല്‍ ധാരികളായ ബ്രാഹ്മണര്‍ തലയില്‍ നെല്‍ക്കതിരുകളുമായി ശബരിമലക്ഷേത്രത്തിന്റെ പതിനെട്ടാം പടി കയറാനാരംഭിക്കുന്ന ചിത്രം !
വളരെ നിരുപദ്രവമായ ഒരു ചിത്രം അല്ലേ ?!
ഏതോ ഭക്തന്മാര്‍ ചുമന്നുകൊണ്ടുവന്ന നെല്‍ക്കതിരുകള്‍ ഏറ്റുവാങ്ങി, ഇന്നേവരെ ഒരു നെല്‍മണിപോലും ഉത്പ്പാദിപ്പിച്ചിട്ടില്ലാത്ത ബ്രാഹ്മണര്‍ തങ്ങളുടെ അവകാശ ചടങ്ങായി നെല്‍ക്കതിരുകള്‍ തലയിലേറ്റി പതിനെട്ടാം പടി ചവിട്ടാനൊരുങ്ങുന്നത് മികച്ച അഭിനയ ചാതുര്യത്തോടെയാണ്.
ചരിത്രത്തിലെ ഇത്തിക്കണ്ണികളായ ബ്രാഹ്മണരെ ഇപ്പോഴും ക്ഷേത്ര ചുമതലകള്‍ ഏല്‍പ്പിച്ച് മാറി നില്‍ക്കുന്ന ജനങ്ങളേയും,സര്‍ക്കാരിനേയും ഷണ്ഡന്മാര്‍ എന്നാണ് ചിത്രകാരന്‍ വിളിക്കുക.
ഒരിക്കല്‍ ബുദ്ധ വിഹാരമായിരുന്ന ശബരിമല ഒരു ഈഴവ കുടുംബത്തിന്റെ പാരംബര്യ സ്വത്തായിരുന്നെന്നും, പിന്നീട് ബ്രാഹ്മണര്‍ മണികണ്ഠ കഥയുണ്ടാക്കി ഐതിഹ്യമായി പ്രചരിപ്പിച്ച് രണ്ടു ഹിന്ദുആണ്‍ ദൈവങ്ങളായ ശിവനും, മഹാവിഷ്ണുവും സ്വവര്‍ഗ്ഗ സംഭോഗം ചെയ്തതില്‍ നിന്നുണ്ടായ പ്രകൃതിവിരുദ്ധ സന്തതിയായി അപമാനിച്ചുകൊണ്ട് ഹിന്ദു മതത്തോട് ചേര്‍ത്ത പ്രതിഷ്ടയാണ് ശബരിമലയിലെ ശാസ്തന്‍ എന്ന ബുദ്ധ പ്രതിമ (അയ്യന്‍,അയ്യപ്പന്‍,ശാസ്തന്‍ എന്നിവയെല്ലാം ബുദ്ധന്റെ പര്യായങ്ങളാണ്).
ബ്രാഹ്മണര്‍ ആദ്യം ശാസ്താവിനെ പന്തളം രാജാവിന്റേ വളര്‍ത്തുമകനാക്കി ശബരിമല ക്ഷേത്രം കൈവശക്കാരനായിരുന്ന ഈഴവകുടുമ്പ്ത്തില്‍ നിന്നും വേര്‍പ്പെടുത്തുന്ന കെട്ടുകഥയാണുണ്ടാക്കിയത്. ആ പുലിപ്പാലു കഥക്ക് രാജഭരണം നാടുനീങ്ങിയ ഇക്കാലത്ത് പ്രസക്തി നഷ്ടപ്പെട്ടതിന്റെ മറപിടിച്ച് ശാസ്താവിന്റെ അച്ഛന്‍ സ്ഥാനം തന്ത്രികുടുംബം സ്വന്തമാക്കിയിരിക്കുകയാണ്.

കേരളത്തിലെ ഏറെക്കുറെ എല്ലാ കാവുകളും,ബുദ്ധ വിഹാരങ്ങളും നശിപ്പിക്കപ്പെട്ട് ബുദ്ധന്റെ പ്രതിമക്കു പകരം ബ്രാഹ്മണന്റെ ശിവലിംഗ പ്രതിഷ്ടകളായി, ... തളി ക്ഷേത്രങ്ങളായപ്പോള്‍ (ശുദ്ധീകരിക്കപ്പെട്ടത്,ബ്രാഹ്മണവല്‍ക്കരിക്കപ്പെട്ടത്) ശബരിമല ശാസ്താവുമാത്രം ജാതി-മത ഭേദമില്ലാതെ എല്ലാ മനുഷ്യരേയും “തത്വമസി“ (ഭക്തനും ശാസ്താവും ഒന്നാണെന്ന്) എന്നഭിവാദ്യം ചെയ്തുകൊണ്ട് ഇത്രയും കാലം ഈ ബ്രാഹ്മണ ഭ്രാന്താലയത്തില്‍ വേറിട്ടു നിന്നത് കൊടും കാടിനു നടുവിലായിരുന്നതുകൊണ്ടു മാത്രമാണ്.

ക്ഷേത്രത്തിലെ പുരോഹിതന്റെ ജോലി ഒരു ജോലി മാത്രമല്ലേ... എന്നു ചിന്തിക്കാനുള്ള കഴിവേ സാധാരണക്കാര്‍ക്കുള്ളു. എന്നാല്‍ , അത് കേവലമൊരു ജോലിയല്ലെന്ന് സാമൂഹ്യ മനശ്ശാസ്ത്രം അറിയുന്നവര്‍ക്ക് അറിവുള്ളതാണ്. പൊതുജനത്തിന്റെ ആരാധനാപാത്രമാകുന്ന ദൈവീക ഇടങ്ങളില്‍ ശരീര ശുദ്ധിക്കും, മന്ത്ര ശുദ്ധിക്കുമുപരി മനശുദ്ധിയും, വര്‍ഗ്ഗരഹിതമായശുദ്ധിയും അനുപേക്ഷീണീയമായ ഘടകങ്ങളാണ്.

ഇപ്പോഴും അയിത്താചാരങ്ങളെ മനസ്സില്‍ താലോലിച്ചു നടക്കുന്ന, പൂണൂലിട്ട് അന്യ മനുഷ്യരില്‍ നിന്നും വിഭിന്നരെന്ന് ദുരഭിമാനം കൊള്ളുന്ന മനുഷ്യരെന്ന് വിളിക്കപ്പെടാന്‍ യോഗ്യതയില്ലാത്തവരേയും, പൂണൂലിട്ടവരെ ശബരിമല പോലുള്ള ക്ഷേത്രങ്ങളില്‍ നിന്നും കുടിയിറക്കേണ്ടത് സമൂഹത്തിന്റെ സംസ്കാരത്തിനും, സമത്വബോധത്തിനും, വളര്‍ച്ചക്കും ഒഴിച്ചുകൂടാനാകാത്തതാണ്.

ശബരിമലയിലെ പൂജാ കര്‍മ്മങ്ങളുടെ ചുമതല ഒരു ജനാധിപത്യ വ്യവസ്ഥിതിയില്‍ പാണന്‍, പറയന്‍, മുക്കുവന്‍, വിളക്കിത്തല നായര്‍,കരുവാന്‍, മൂശാരി, ചക്ലിയന്‍, ചെറുമന്‍ തുടങ്ങിയ ... അധസ്ഥിതര്‍ക്കു മാത്രമായി സംവരണം ചെയ്താല്‍ ജോലി സംവരണത്തിനു വേണ്ടിയും അധസ്ഥിത-ആദിവാസി-പിന്നോക്ക സമൂഹത്തിനു വേണ്ടിയും ചിലവഴിക്കുന്ന കോടികള്‍ കൊണ്ടുണ്ടാകുന്നതിലും വലിയ സാമൂഹ്യ പുരോഗതിയും, ഒരു വിപ്ലവം തന്നെയും അതിലൂടെ സംഭവിക്കുമായിരുന്നു.
കാരണം ജോലിയേക്കാള്‍ വലുതാണ് സമൂഹത്തിലെ സ്ഥാനം. ബ്രാഹ്മണര്‍ ആ സ്ഥാനങ്ങള്‍ വിട്ടുകൊടുക്കാതിരിക്കാന്‍ തൊഴിലാളി പ്രസ്ഥാനങ്ങളിലേക്കടക്കം ഇഴഞ്ഞുകയറുന്നതിന്റെ രഹസ്യവും അതുതന്നെ.
നിലവിലുള്ള ശബരിമല തന്ത്രിക്ക് ഒരു ലക്ഷം രൂപ മാസം ഖജനാവില്‍ നിന്നും ശമ്പളം കൊടുത്താലും കുഴപ്പമില്ല. അയാള്‍ മല കയറി ശാസ്താവിന്റെ അച്ഛനാകാന്‍ വരാതിരുന്നാല്‍ കേരള സമൂഹത്തിന് അപമാനകരമായ ഒരു ബ്രാഹ്മണ പൈതൃകത്തില്‍ നിന്നും രക്ഷപ്പെടാനാകും. ആ രക്ഷപ്പെടല്‍ സമൂഹത്തിന്റെ ആത്മാഭിമാനം വളര്‍ത്തുന്ന നല്ലൊരു തുടക്കമായേനേ.
ഗുരുവായൂരിലേയും, മറ്റു ക്ഷേത്രങ്ങളിലേയും തന്ത്രിമാരേയും ക്ഷേത്രത്തില്‍ നിന്നും പുറത്താക്കാനായാല്‍ മാത്രമേ കേരളം ജാതി ഭ്രാന്തില്‍ നിന്നും, ബ്രാഹ്മണന്റെ ഭ്രാന്താലയത്തില്‍ നിന്നും പുറത്തുകടക്കു എന്ന് ചിത്രകാരന്‍ മനസ്സിലാക്കുന്നു.

1 comment:

R.Sajan said...

അയ്യപ്പന്‍ വെള്ളാളനെന്ന് തമിഴക വെള്ളാള സംഘം പറയുന്നുണ്ടല്ലോ?

കാമ്പിള്ളില്‍ പണിക്കരുടെ കഥയെപ്പറ്റി?

മലയമലകളിലെ ആവലോകിതേശ്വര ബോധിസത്വന്‍റെ വിഹാരത്തെപ്പറ്റി ഹുയാന്‍ സാങ് പറഞ്ഞത്?