Saturday, September 15, 2007

മാതൃഭൂമിയിലെ ചിത്രംആര്‍ട്ടിസ്റ്റ് മദനന്‍ ചിത്രകാരന്റെ സുഹൃത്താണ്. ഇരുപതു വര്‍ഷം മുന്‍പ് ചിത്രഭൂമിയില്‍ “പറയാനും വയ്യാ...“ എന്ന ഒരു ബാലിശ കാര്‍ട്ടൂണ്‍ പംക്തി വരച്ചിരുന്ന ചിത്രകാരന്‍ ചിത്രഭൂമിയുടെ സബ്എഡിറ്ററെ (അന്തരിച്ച എ.ജനാര്‍ദ്ദനന്‍) ഒന്നു നേരില്‍ കണ്ടുകളയാം എന്ന ഉദ്ദേശത്തില്‍ കോഴിക്കോട്ടെ മാതൃഭൂമി ഓഫീസ് സന്ദര്‍ശിച്ചപ്പോള്‍ ഗൃഹലക്ഷ്മി എഡിറ്റര്‍ ഡോ. പി ബി ലല്‍ക്കാറാണ് ചിത്രകാരന് മാത്രുഭൂമിയുടെ പ്രശസ്തരായ ചിത്രകാരന്മാരെ പരിചയപ്പെടുത്തിത്തന്നത്.


സ്വന്തം അനുഭവത്തിന്റെ കടലിനുമുന്നില്‍ തുളച്ചുകയറുന്നകണ്ണുകളുമായി കാവലിരിക്കുന്ന ഋഷിതുല്യനായ അന്തരിച്ച എ എസ് നായര്‍ ആയിരുന്നു അന്ന് ചീഫ് ആര്‍ട്ടിസ്റ്റ്. തൊട്ടടുത്ത് ഇപ്പഴത്തെ ചീഫ് ആര്‍ട്ടിസ്റ്റുമാരായ പ്രസാദേട്ടനും,മദനനും. ഹൃദ്യമായ ആ പരിചയപ്പെടലിന്റെ ദൃശ്യങ്ങള്‍ ഇന്നും ചിത്രകാരന്റെ മനസ്സില്‍ സൂക്ഷിച്ചിട്ടുണ്ട്. പിന്നീട് സ്വന്തം അമ്മയുടെ നിര്‍ബന്ധം സഹിക്കവയ്യാതെ ഫൈന്‍ ആര്‍ട്സ് കോളേജിലെ പഠനം ഉപേക്ഷിച്ച് മാതൃഭൂമിയില്‍ ട്രൈനിയായി കോഴിക്കോട് ജോലിചെയ്തപ്പോഴും ,അതിനുശേഷവും പലവുരു ആര്‍ട്ടിസ്റ്റ് മദനനെ ഒഫീസിലും,വീട്ടിലുമായി കണ്ടിരിക്കുന്നു. അദ്ദേഹത്തിന്റെ വിവാഹത്തിനും,തിരുവനതപുരത്തുവച്ചുനടന്ന ചിത്രകാരന്റെ വിവാഹത്തിനും കണ്ടിരിക്കുന്നു.


ഇത്രയും അടുത്ത സൌഹൃദം പുലര്‍ത്തുന്ന, അദ്ദേഹത്തിന്റെ കഴിവുകളെ വിസ്മയത്തോടെ നോക്കിനില്‍ക്കുന്ന ചിത്രകാരന്‍ അദ്ദേഹത്തെ വിമര്‍ശിക്കുന്നത് തെറ്റിദ്ധരിക്കപ്പെടരുത് എന്ന് ആത്മാര്‍ത്ഥമായ ആഗ്രഹത്താലാണ് മുകളില്‍ ഇത്രയധികം പഴമ്പുരാണം ആമുഖമായി എഴുതിയത്.


ഇന്നത്തെ മാതൃഭൂമി പത്രത്തില്‍ ഒന്നാം പേജില്‍ വിനായകചതുര്‍ത്തി പ്രമാണിച്ച് പ്രസിദ്ധീകരിച്ച ചിത്രമാണ് ചിത്രകാരനെ പ്രകോപിപ്പിച്ചത്. ചിത്രകാരന്റെ കാഴ്ച്ചക്കുറവുകൊണ്ടാണോ എന്നറിയില്ല.,

ആദ്യം ഫോട്ടോയാണെന്നാണ് വിചാരിച്ചത്. പിന്നെ താഴെ മദനന്റെ ഒപ്പും, പെയിന്റിങ്ങ് :മദനന്‍ എന്ന അടിക്കുറിപ്പും.

രാവിലെത്തന്നെ വിഢിയാക്കപ്പെട്ടതുപോലെ !

എത്ര വിദഗ്ദമായാണ് ... അന്യൂനമായാണ് ശ്രീ മദനന്‍ ഈ ചിത്രം വരച്ചിരിക്കുന്നത് ! സത്യമായും ചിത്രകാരനു പ്രണമിക്കാന്‍ തോന്നും വിധം കലാകാരന്റെ ആത്മാത്ഥതയും, സര്‍ഗ്ഗസിദ്ധിയും,അദ്ധ്വാനവും സമ്മേളിച്ചിരിക്കുന്നു.


എന്നാല്‍,

പ്രിയ മദനന്‍ ... താങ്കള്‍ എന്തിന് ഈ ചിത്രം വരച്ചു ?

താങ്കള്‍ നോക്കി വരക്കാന്‍ ഉപയോഗിച്ചത് വിനായകന്റെ ഒരു ചന്ദന ശില്‍പ്പമോ, ശില്‍പ്പത്തിന്റെ ഒരു ഫോട്ടോ പ്രിന്റോ ആയിരിക്കാം. ഒരു ഡിജിറ്റല്‍ ക്യാമറകൊണ്ട് അഞ്ചുപൈസ ചിലവില്ലാതെ അഞ്ചുമിനിറ്റുകൊണ്ട് നടത്താമായിരുന്ന ഈ സംഗതിക്ക് താങ്കള്‍ വിനിയോഗിച്ച അഥവ പാഴാക്കിയ സിദ്ധി കണക്കാക്കുംബോള്‍ ചിത്രകാരനു തലകറക്കം അനുഭവപ്പെടുന്നു.

ശ്രീ മദനന്റെ അദ്ധ്വാനത്തെ എങ്ങിനെയാണ് ന്യായീകരിക്കുക ?

ഇതിനു പുറമേയാണ് ഈ ചിത്രം പ്രസിദ്ധീകരിക്കുന്നതിലൂടെ ജനത്തിനു നല്‍കുന്ന തെറ്റായ സന്ദേശം:


ചിത്രകാരനു പറയാനുള്ളത്:

പല്ലുപറിക്കാന്‍ ജെ സി ബി ഉപയോഗിക്കരുത് എന്നാണ്.

ചിത്രം എന്നാല്‍ കോപ്പി ചെയ്യലാണെന്നും, ചിത്രകാരന്‍ എന്നാല്‍ കോപ്പിചെയ്യുന്നതിലുള്ള വൈദഗ്ദ്യമാണെന്നും ജനം തെറ്റിദ്ധരിക്കുന്നത് ജനത്തിന്റെ പുരോഗതിയുടെ വഴിയില്‍ തെറ്റായ വഴികാട്ടികള്‍ സ്ഥാപിക്കുന്നതിനു തുല്യമാണെന്ന് ചിത്രകാരന്‍ കരുതുന്നു.


മദനന്‍ എന്ന ചിത്രകാരന്‍ അദ്ദേഹത്തിന് ഇഷ്ടമുള്ളതു വരക്കട്ടെ... ചിത്രകാരന് അതിലെന്തുകാര്യം എന്ന ന്യായവുമായി പലരും വരും എന്നുള്ളതുകോണ്ട് പറയട്ടെ.

ഒരു കലാകാരന് എന്തും വരക്കാം. പക്ഷേ അതു പൊതുജന മധ്യേ പ്രദര്‍ശിപ്പിക്കുന്നതോടെ അതു ജനങ്ങളുടെ കൂടി ആത്മാവിഷ്ക്കാരമായി മാറുന്നുണ്ട്. ജനങ്ങളുടെകൂടി ആത്മാവിഷ്ക്കാരമായി മാറാനും, ജനത്തെ നവീകരിക്കാനും കല ശ്രമിച്ചില്ലെങ്കില്‍ അതില്‍ ഇടപെടേണ്ട ബാധ്യത ജനത്തിനുണ്ട് . പ്രത്യേകിച്ച് കലയെക്കുറിച്ച് അറിയുന്നവര്‍ക്ക്.
ജനത്തെ നവീകരിക്കാത്ത കല സമൂഹത്തില്‍നിന്നും നിഷ്ക്കാസനം ചെയ്യപ്പെടേണ്ടത് സമൂഹത്തിന്റെ രാഷ്ട്രീയപരമായ ആവശ്യംകൂടിയാണ്.

മുകളില്‍ കൊടുത്ത ചിത്രത്തിന്റെ പേരില്‍ ചിത്രകാരന് അതു വരച്ച കലാകാരനേക്കാളും, അതു പ്രസിദ്ധീകരിച്ച പത്രധിപരോടാണ് പ്രതിഷേധമുള്ളത്.
കാരണം കേരളത്തിന്റെ ബോധമണ്ഡലത്തെ സ്വാധീനിക്കുകയും,നിയന്ത്രിക്കുകയും ചെയ്യുന്ന മാത്രുഭൂമി, മനോരമ തുടങ്ങിയ പത്രങ്ങളുടെ പത്രാധിപര്‍ക്ക് കേരളത്തിലെ ഭരണ പ്രതിപക്ഷ നേതാക്കളെക്കാള്‍ ഉയര്‍ന്ന സ്ഥാനം ജനമനസാക്ഷി കല്‍പ്പിച്ചു നല്‍കുന്നതിനാല്‍ അവരുടെ ഉത്തരവാദിത്വം വളരെ വളരെ പ്രധാനപ്പെട്ടതാണ്.
ഒരു ചിത്രം ചിത്രകാരനു വരുത്തിവക്കുന്ന മനക്ലേശം നോക്കണേ!!!!
സ്വന്തം ജോലിത്തിരക്കുകാരണം ഈ വിഷയം കുറെക്കൂടി ഗ്രാഹ്യമായ രീതിയില്‍ എഴുതാന്‍ കഴിയാത്തതില്‍ ഖേദിക്കുന്നു. തണുത്തുപോകാതിരിക്കാന്‍ അക്ഷമയോടെ എഴുതിയ ഈ പൊസ്റ്റ് ചൂടോടെ പൊസ്റ്റുന്നു.


No comments: