Friday, December 14, 2007

ടിന്നിലാക്കിയ മത്തി, അരവണ, സൌന്ദര്യം...

തേക്കിലയില്‍ പൊതിഞ്ഞ
മത്തിക്കു പോലും
ചെറിയൊരു കുലീനത്വമുണ്ട്.
കടലാസില്‍ പൊതിഞ്ഞാല്‍ തറവാടിത്വമായി.
പാക്കറ്റിലാക്കിയാല്‍ ആഢ്യത്വമായി.
വെറും കയ്യില്‍ മലര്‍ത്തിപ്പിടിച്ചു
നടന്നാല്‍...നാണക്കേടായി.
കാക്ക കൊണ്ടോവും മാനം.

അരവണ ടിന്നിലാക്കുംബോള്‍
കോടികളൊഴുകും.
പരിപാവന പ്രസാദമാകും-
പാതിവെന്ത അരി,
ഈച്ച,പാറ്റ,എലിവാല്‍... !!!
കയ്യിലൊഴിച്ചുകൊടുത്താല്‍...
നക്കിയ മിച്ചം തൂണില്‍ തേക്കും,
കല്ലിലും,ദ്വാരപാലകന്റെ തുടയിലും.
വേണ്ടായിരുന്നു..ഈ പണ്ടാര പായസം ..
കയ്യിലൊട്ടുന്നു.
പവിത്രതക്ക് ടിന്നും,
പണവും,കരിഞ്ചന്തയും അകംബടി.

പാക്കറ്റില്ലെങ്കില്‍ സൌന്ദര്യമില്ല...
മൂല്യമില്ല.
പാക്കറ്റാണു മൂല്യം;
മൂല്യമാണു പാക്കറ്റ്.
സ്നേഹത്തിനു: കാപട്യം മൂല്യം;
സൌഹൃദത്തിനു: വഞ്ചന;
കലക്കും,സാഹിത്യത്തിനും: ധ്വനി,മൌനം,നിരൂപകന്‍;
ആത്മീയതക്ക്:മനുഷ്യ ദൈവങ്ങള്‍,പൂജാരിമാര്‍;
ദൈവത്തിന്:മതങ്ങള്‍,ദേവാലയങ്ങള്‍;
ജോലിക്ക് : ശംബളക്കവറുകള്‍, കഴുത്തിലെ കയറുകള്‍........

സത്യത്തിനു മാത്രം പൊതിയില്ല...!!
സത്യം... അതാര്‍ക്കും വേണ്ടാത്ത,
പൊതിയാത്ത വസ്തു.
മൂല്യമില്ലാത്ത വസ്തു !
കണ്ടാലും,തൊട്ടാലും...
പൊള്ളുന്ന,മാനം‌പോക്കുന്ന,
അയിത്തമാക്കുന്ന സത്യം.

(ജീവിത വിജയത്തിന് -?-ആവശ്യമായ പാഠങ്ങള്‍ അഥവ പാക്കറ്റ് വിജ്ഞാനം.)

17 comments:

ചിത്രകാരന്‍chithrakaran said...

തേക്കിലയില്‍ പൊതിഞ്ഞ
മത്തിക്കു പോലും
ചെറിയൊരു കുലീനത്വമുണ്ട്.
കടലാസില്‍ പൊതിഞ്ഞാല്‍ തറവാടിത്വമായി.
പാക്കറ്റിലാക്കിയാല്‍ ആഢ്യത്വമായി.
വെറും കയ്യില്‍ മലര്‍ത്തിപ്പിടിച്ചു
നടന്നാല്‍...നാണക്കേടായി.
കാക്ക കൊണ്ടോവും മാനം.

നവരുചിയന്‍ said...

നന്നായിരിക്കുന്നു ചിത്രകാരാ വളരെ നന്നായി ..... വരികള്‍ പലപോഴും ചിത്രങ്ങള്‍ പോലെ മനോഹരം

രാജന്‍ വെങ്ങര said...

“സത്യത്തിനു മാത്രം പൊതിയില്ല...!!“
ഞാന്‍ വിയോജിക്കുന്നു..ഒരിടത്തും സത്യം തുറന്നിരിപ്പില്ല.
ഒരു പാടു പൊതിക്കകത്തു ,പൊതിഞ്ഞു പൊതിഞ്ഞാണു സത്യം വച്ചിരിക്കുന്നതു.
സത്യം കണ്ടെത്താന്‍ നമുക്കു എത്ര പൊതികള്‍ അഴിക്കേണ്ടി വരുന്നു!
മറ്റു വരികള്‍‌ നന്നയിട്ടുണ്ടു.ഭാവനയും.
ഭാവുകങ്ങള്‍‌.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അരവണയെക്കുറിച്ചെഴുതിയതു വളരെ നന്നായി.

സത്യം എന്നും മൂടപ്പെട്ടിരിക്കുകയല്ലേ?

മന്‍സുര്‍ said...

പാവം അരവണയെയും വെറുതെ വിടുന്നില്ല നമ്മുടെ നാട്ടുപ്രമാണികള്‍..

ഇനിയിപ്പോ മറ്റൊരു കച്ചവടതന്ത്രങ്ങളുമായി അവര്‍ വിലസും.

ടിന്നായിരുന്നു നല്ലെതെന്നാണ്‌ എന്‍റെ അഭിപ്രായം.

ഈ പോസ്റ്റ്‌ സമയോജിതം

നന്‍മകള്‍ നേരുന്നു

ഭൂമിപുത്രി said...

അരവണയുടെ സത്യംതേടിയ ചിത്രകാരന്‍ എന്നാലും പാറ്റ,എലി,എന്നൊക്കെ ഓര്‍മ്മിപ്പി്ക്കണ്ടായിരുന്നു..
ഭയങ്കരസ്വാദാണേയ് അരവണയക്കു :)

നാടോടി said...

സമയോചിതം

ഏ.ആര്‍. നജീം said...

ചിത്രകാരാ..
നല്ല ചിന്ത, നല്ല വരികള്‍ അത് കൊണ്ട് തന്നെ നല്ല കവിത..

ചിത്രകാരന്‍chithrakaran said...

പ്രിയ രാജന്‍ വെങ്ങര ,
നട്ടുച്ചനേരത്ത് നമ്മുടെ തലക്കു മുകളില്‍ ഒരു സത്യത്തെ കാണാം. കാണാതിരിക്കണമെങ്കില്‍ വീടെന്ന പാക്കറ്റിനകത്ത് നമുക്കു കയറിയിരിക്കാം!

നവരുചിയാന്‍,
സന്തോഷം, നന്ദി.

പ്രിയ,
സത്യം മറക്കപ്പെടുകയാണ്.

മന്‍സൂര്‍,
നന്ദി. :)

ഭൂമീപുത്രി,
അതെ,..സത്യമായും നല്ല സ്വാദാണ്.

നാടോടി,
സന്തോഷം.

നജീം,
വളരെ നന്ദി.

ചിത്രകാരന്‍chithrakaran said...

വീടെന്ന പാക്കറ്റ് ...!!!
യാദൃശ്ചികമായി തോന്നിയ ആശയമാണെങ്കിലും വളരെ ഭംഗി തോന്നുന്നു !!!!!!
മനുഷ്യന്റെ പൊങ്ങച്ചത്തിന്റെ തോതിനനുസരിച്ച്
വലുതാകുന്ന,ആടംഭരധാരിയാകുന്ന വീടെന്ന പാക്കറ്റ്. ഇലപ്പൊതിയാകുന്ന കുടിലുകള്‍...!!!
തേക്കില പൊതിയാകുന്ന... മരച്ചുവടുകള്‍!!!

ചിത്രകാരനെ പ്രചോദിപ്പിച്ച രാജന്‍ വെങ്ങരക്കു നന്ദി.

നാടന്‍ said...

ഇന്നത്തേ (15-dec-07) മലയാള മനോരമയുടെ മുന്‍ താളില്‍, ഈ പോസ്റ്റിനോടൊപ്പം വയ്ക്കാവുന്ന ഒരു ചിത്രവുമുണ്ട്‌. അരവണ, പാത്രത്തില്‍ ഒഴിക്കുന്ന ചിത്രം.

കാവലാന്‍ said...

അരവണ ടിന്നിലാക്കുംബോള്‍
കോടികളൊഴുകും.
പവിത്രതക്ക് ടിന്നും,
പണവും,കരിഞ്ചന്തയും അകംബടി.
പാക്കറ്റാണു മൂല്യം;

എന്തു പ്രതികരണം!?. സാദാരണക്കാരന്റെ വിയര്‍പ്പും ചോരയും കുടിക്കാനിറങ്ങിയിരിക്കുന്ന,സ്വത്വം സ്വാര്‍ത്ഥതയ്ക്കടിയറവച്ച പൂജാരി,രാഷ്ട്രീയ,കച്ചവടച്ചെന്നായ്ക്കള്‍ക്കിടയില്‍ നിന്നു ഭക്തനെ, സ്വാമീ അങ്ങുതന്നെ മുക്തനാക്കണേ.


'പാതിവെന്ത അരി,
ഈച്ച,പാറ്റ,എലിവാല്‍... !!!'


അല്ല! കര്‍മ്മ വിമുഖന്‍ ഭക്തികൊണ്‍ടിതില്‍പരമെന്തു നേടാന്‍?

സി. കെ. ബാബു said...

ചിത്രകാരന്‍,

നല്ല ചിന്തകള്‍. അഭിനന്ദനങ്ങളും ആശംസകളും!

സനാതനന് ‍| sanathanan said...

വളരെ വളരെ ഇഷ്ടപ്പെട്ടു ഈ പോസ്റ്റ്.പ്രത്യേകിച്ചും ആ തലക്കെട്ടില്‍ അരവണക്കും സൌന്ദര്യത്തിനും മുന്നേ മത്തി ചേര്‍ത്തതില്‍

രാജന്‍ വെങ്ങര said...

നട്ടുച്ചനേരത്ത് നമ്മുടെ തലക്കു മുകളില്‍ ഒരു സത്യത്തെ കാണാം. കാണാതിരിക്കണമെങ്കില്‍ വീടെന്ന പാക്കറ്റിനകത്ത് നമുക്കു കയറിയിരിക്കാം!ആ സത്യം അവിടെ തുറന്നു തന്നെയാണു ഇരിക്കുന്നതു.
നാമാണു ആ സത്യത്തെ കാണാതിരിക്കാന്‍ കൂട്ടിനകത്തു കയറുന്നതു, മറിച്ചു സത്യമല്ല.
ചുരുക്കത്തില്‍ നാം കണ്ണടച്ചു ഇരുട്ടാക്കുകയോ, അല്ലെങ്കില്‍ അതിനു മറ്റുള്ളവരെ പ്രേരിപ്പിക്കയൊ,നിര്‍ബന്ധിപ്പിക്കയൊ ആണു.

തുറന്നിരികുമൊരേതു സത്യവും
മറച്ചിടാന്‍ വെമ്പുമീ മര്‍ത്യ കരങ്ങള്‍
അതു വീരഗാഥയാകുമിതു,
മീ കാലവൈഭവം
കലിയുഗം!!

കുറുമാന്‍ said...

ചിത്രകാരാ, വളരെ നന്നായിരിക്കുന്നു.

തേക്കിലയില്‍ പോത്തിറച്ചികൂടി ചേര്‍ക്കാമായിരുന്നു :)

അനാഗതശ്മശ്രു said...

നന്നായിരിക്കുന്നു.

Translate

Followers