Saturday, May 10, 2008

പിച്ച വാങ്ങുന്ന കാവാലത്തെ നാടകാചാര്യന്‍ !

മാതൃഭൂമി കണ്ണൂര്‍ എഡിഷനില്‍ കലാ-സാഹിത്യ കേരളത്തിനു നാണക്കേടു തോന്നേണ്ട ഒരു വാര്‍ത്തയും ചിത്രവും കണ്ടുകൊണ്ടാണ് ചിത്രകാരന്റെ ഇന്നത്തെ(10-5-08) പ്രഭാതം ആരംഭിച്ചത്. കാവാലം നാരയണ പണിക്കര്‍ക്ക് ഏതൊ ഒരു ബ്രാഹ്മണ്യത്തിന്റെ പാരംബര്യ ഹൈന്ദവന്‍ നംബൂതിരി ജാതിക്കാരന്‍ തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിന്റെ അടുക്കള ചായ്പ്പില്‍ നിന്നും കാവാലം നാരയണപ്പണിക്കര്‍ എന്ന ഉഗ്രപ്രതാപിയായ നാടക വിദഗ്ദന് നാടകാചാര്യ പട്ടംവും, രാജ പ്രതാപത്തിന്റെ ചിഹ്നമായ പട്ടും വളയും എച്ചിലുപോലെ എറിഞ്ഞുകൊടുക്കുന്ന ചിത്രം ദയനീയമായ ഒരു കാഴ്ച്ചയാണ്.
കാവാലം നാരായണപ്പണിക്കര്‍ തന്റെ അടിമത്വത്തിന്റെ വിനീത വിധേയമായ ബോഡി ലാഗ്വേജിന്റെ അകംബടിയോടെ താണു തൊഴുത് പ്രസ്തുത വര്‍ഗ്ഗീയ-ജന്മിത്വ പുരസ്കാരം കൈപ്പറ്റുന്നത് സഹതാപത്തോടെ മാത്രമേ ആത്മാഭിമാനമുള്ളവര്‍ക്ക് കാണാനാകു.
ഒരു കാലത്ത് ഹിന്ദു മതത്തിന്റെ പ്രചരണത്തിനുവേണ്ടി ബുദ്ധമത വിശ്വാസികളായവരെ അംഗീകാരങ്ങളും,പാരിതോഷികങ്ങളും,പദവികളും നല്‍കി സ്വന്തം വരുതിയിലാക്കുകയും,അവരുടെ സാമൂഹ്യ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി ഹിന്ദുമതം എന്ന നീച സംസ്കാരത്തിനു പ്രചാരം കൂട്ടുകയും ചെയ്തിരുന്ന ബ്രാഹ്മണ അജണ്ടയുടെ തുടര്‍ച്ചതന്നെയാണ് കാവാലത്തിനു ലഭിച്ച ബഹുമതി എന്ന ഈ നാണം കെട്ട പരിപാടിയും എന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.

2 comments:

Anonymous said...

പ്രിയ ചിത്രകാരന്,

ഒരു കാവാലത്തുകാരന്‍ എന്ന നിലയില്‍, കാവാലം നാരായണപ്പണിക്കര്‍ എന്ന വ്യക്തിയെ നിര്‍മ്മമതയോടെ വീക്ഷിക്കുന്ന ഒരാള്‍ എന്ന നിലയില്‍, അദ്ദേഹത്തില്‍ നിലനില്‍ക്കുന്ന പ്രതിഭയെ ആദരിക്കുന്ന ഒരാളെന്ന നിലയില്‍, സര്‍വ്വോപരി താങ്കള്‍ പ്രസിദ്ധീകരിച്ച ഈ പത്രവാര്‍ത്തയെയും, താങ്കളുടെ കുറിപ്പിനെയും നിക്ഷ്പക്ഷമായി ശ്രദ്ധിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ചിലതു പറയട്ടെ.

കലയെ ഉപാസിക്കുന്ന ഒരുവന് ‘വിനയം’ എന്നത് ഒരു സിദ്ധിയാണ്. അതു സിദ്ധിയാവണം. അല്ലാത്ത പക്ഷം ഏതു കൊടുമുടി കീഴടക്കിയ മഹാപ്രതിഭയായാലും ദയനീയമായി നിലം പതിക്കും. ആ ചിത്രത്തില്‍ നിന്നും അദ്ദേഹത്തില്‍ എന്നും ദര്‍ശിച്ചിട്ടുള്ള വിനയം മാത്രമേ ഈയുള്ളവനു പഠിച്ചെടുക്കാന്‍ കഴിയൂ. ക്ഷേത്രത്തില്‍ പൂജ ചെയ്ത ഉപഹാരമാണ് അദ്ദേഹം സ്വീകരിക്കുന്നതെന്ന് ആ ചിത്രം കണ്ടാല്‍ തന്നെ നമുക്കു ബോദ്ധ്യമാകും. ക്ഷേത്ര പൂജാരി മറ്റുള്ളവരെ സ്പര്‍ശിക്കരുതെന്നത് താന്ത്രികനിയമമാണ്. അതിന് ശാസ്ത്രീയ അടിസ്ഥാനമുണ്ട്‌. അത് കുളി കഴിഞ്ഞു പൂജക്കെത്തുന്ന ശരിയായ ബ്രാഹ്മണന്‍ (താങ്കള്‍ കരുതുന്നതു പോലെ ബ്രാഹ്മണ്യം ഒരു ജാതിയല്ല അത് അവനവന്‍ ആര്‍ജ്ജിച്ചെടുക്കേണ്ട ഔന്നത്യമാണ്. ജായതേ ശൂദ്രഃ എന്നാണ് ശാസ്ത്രമതം. താങ്കള്‍ക്കും വേണമെങ്കില്‍ ബ്രാഹ്മണന്‍ ആകാം) സ്വന്തം മാതാപിതാക്കളെ പോലും സ്പര്‍ശിക്കാന്‍ പാടില്ല എന്നതാണ് നിയമം. ഒന്നുകൂടി വിശദമാക്കിയാല്‍ സ്വയം ചാര്‍ജ്ജ് ചെയ്യപ്പെട്ടിരിക്കുന്ന നിലയില്‍ പോസിറ്റീവ് എനര്‍ജ്ജി ഉള്‍ക്കൊണ്ടിരിക്കുന്ന ദേഹവും മനസ്സും ഡിസ്ചാര്‍ജ്ജ് ആവാതിരിക്കാന്‍ എന്നു വിശദീകരിക്കാം. (ഇനി അക്കാര്യത്തില്‍ താങ്കള്‍ക്കു സംശയമുണ്ടെങ്കില്‍ ഒരു പ്ലാസ്റ്റിക്ക് കസേരയില്‍ ഒരു വ്യക്തിയെ ഇരുത്തിയിട്ട് അയാളുടെ പുറകില്‍ ഒരു ടവ്വല്‍ കൊണ്ട്‌ അടിച്ചു നോക്കൂ അതിനു ശേഷം അയാളെ തൊട്ടു നോക്കൂ. അതു പോലെ തന്നെ യജ്ഞത്തിനിരിക്കുന്ന ബ്രാഹ്മണന്‍ അതു കഴിഞ്ഞ് ഇറങ്ങി വരുന്ന വഴി അദ്ദേഹത്തിനെയും തൊട്ടു നോക്കൂ അപ്പോഴറിയാം വിവരം അനുഭവിച്ചു മാത്രം മനസ്സിലാക്കുക എന്നപേക്ഷ) ഇക്കാരണങ്ങള്‍ കൊണ്ടാണ് ആ ഉപഹാരം അദ്ദേഹം പ്രകാരം സ്വീകരിച്ചതെന്നതില്‍ സംശയമില്ല.

ക്ലിക്കും,കോക്കസും കളിച്ച് ഒരു പ്രതിഭാസം ആകേണ്ട ഗതികേട് അദ്ദേഹത്തിനില്ല എന്നത് അദ്ദേഹത്തിന്‍റെ സൃഷ്ടികള്‍ ഒന്നെങ്കിലും ശ്രദ്ധിച്ചിരുന്നെങ്കില്‍ താങ്കള്‍ക്കു മനസ്സിലാകുമായിരുന്നു. ഒരു നിരീക്ഷകന്‍ എന്ന നിലയില്‍ പറയട്ടെ, അദ്ദേഹം ഒരു പ്രതിഭാസം തന്നെയാണ്. അതിന് സ്വയം ഒരു പരിവേഷം വീണ്ടുമുണ്ടാക്കാന്‍ മാത്രം അധഃപ്പതനം അദ്ദേഹത്തിനെന്നല്ല, ഒരു കലാകാരനും ഉണ്ടാവുകയുമില്ല തന്നെ. അത് അവരില്‍ അന്തര്‍ലീനമായിരിക്കുന്ന കലയുടെ മഹത്വം കൂടിയാണെന്നത് സവിനയം ഓര്‍മ്മിപ്പിക്കട്ടെ.

കാവാലം നാരായണപ്പണിക്കര്‍ എന്ന വ്യക്തി ആഢ്യനായ ഒരു ബ്രാഹ്മണന്‍റെ ജ്ഞാനിയും, ലോകവിവരവും, ശാസ്ത്രബോധവുമുള്ള മകനാണ്. ശാസ്ത്രാനുസാരിയായി ജീവിക്കുന്ന ഒരു കുടുംബത്തിലെ ഒരു വ്യക്തിയാണദ്ദേഹം. അത് അദ്ദേഹത്തെ ഒരു ശതമാനമെങ്കിലും അടുത്തറിയുന്നവര്‍ക്കെല്ലാം അറിയുന്ന കാര്യമാണ്. അദ്ദേഹത്തില്‍ പ്രകടമായിരിക്കുന്ന വിനയം കെട്ടുകാഴ്ചയായി എനിക്കു തോന്നിയിട്ടില്ല. കാരണം എല്ലായ്പ്പോഴും അദ്ദേഹത്തെ അങ്ങനെയേ കാണാന്‍ കഴിയൂ. തലയെടുപ്പ് കാണിക്കേണ്ടത് സ്വന്തം കര്‍മ്മമേഖലയിലും, പ്രവൃത്തിയിലുമാണ് അതദ്ദേഹം പല ആവര്‍ത്തി തെളിയിച്ചു കഴിഞ്ഞിട്ടുള്ളതുമാണ്.

സ്വന്തം കഴിവിലുള്ള ആത്മവിശ്വാസം ആത്മീയമോ, സാമൂഹികമോ ആയ തലങ്ങളില്‍ പ്രകടിപ്പിക്കുന്നത് ഒരിക്കലും പുരോഗമനമോ, സാമൂഹിക അവബോധത്തിന്‍റെ വിളംബരമോ ആയി കണക്കാക്കാന്‍ എന്തുകൊണ്ടോ അപക്വമായ എന്‍റെ മനസ്സിനു കഴിയുന്നില്ല. അതിന്‍റെ ധാര്‍ഷ്ട്യം എന്നു വിളിക്കാനേ എനിക്കു കഴിയുന്നുള്ളൂ. എന്‍റെ നാടിന്‍റെ അഭിമാനമായ അദ്ദേഹം തന്നില്‍ നിലനില്‍ക്കുന്ന കലയുടെ ഔന്നത്യം, സ്വന്തം സ്വഭാവത്തിലും, പെരുമാറ്റത്തിലും കൂടി പ്രകടമാക്കുന്നു എന്നതില്‍, കാവാലം എന്ന നാടിന്‍റെ നൈര്‍മല്യം ഏറ്റുവാങ്ങി വളര്‍ന്ന, അത് ഇന്നും മനസ്സില്‍ സൂക്ഷിക്കുന്ന എല്ലാ ഗ്രാമീണരോടുമൊപ്പം ഇവനും അഭിമാനിക്കുന്നു, അളവറ്റു സന്തോഷിക്കുന്നു.

Anonymous said...

പ്രിയ ജയകൃഷ്ണന്‍,
താങ്കള്‍ കാവാലത്തോടുള്ള സ്നേഹ ബഹുമാനങ്ങളുടെ ഭൂമികയില്‍ നിന്നുകൊണ്ട്
താങ്കളുടെ അഭിപ്രായവും, വിശ്വാസവും ഭംഗിയായും മാന്യമായും പറഞ്ഞിരിക്കുന്നു.
താങ്കള്‍ പ്രകടിപ്പിച്ച അഭിപ്രായം സമൂഹത്തിലെ
പൊതുധരയുടെ വിശ്വാസത്തിലൂന്നിനില്‍ക്കുന്ന
മാന്യവ്യക്തിയുടെ പ്രതികരണമാണ്.

എന്നാല്‍,
ചിത്രകാരന്റെ അഭിപ്രായം പൊതുധാരയുടെ വിശ്വാസങ്ങളെ മുഴുവനായി നവീകരിക്കണമെന്ന
കാഴ്ച്ചപ്പാടില്‍ നിന്നുമാണ്.
അതുകൊണ്ടുതന്നെ നമ്മുടെ അഭിപ്രായങ്ങളിലെ
അകലം സ്വാഭാവികമാണ്.

ചിത്രകാരന്റെ പോസ്റ്റ് വായിച്ചതിനും,
സംയമനത്തോടെയും സഹിഷ്ണുതയോടെയും
കമന്റെഴുതിയതിനും നന്ദി.
പുതുവര്‍ഷാശംസകള്‍ !!!