Wednesday, May 7, 2008

അക്ഷയതൃതീയക്കുപിന്നിലെ ഭൂതം!

പണവും സ്വര്‍ണ്ണവും സ്വന്തമാക്കുന്നതിലൂടെ സത്യത്തില്‍ ദൈവവും, അതിന്റെ ആത്മാവായ നന്മയും നമ്മുടെ മനസ്സില്‍ നിന്നും പുറത്താക്കപ്പെടുകയാണ് ചെയ്യാറുള്ളത്. സ്വര്‍ണ്ണം നമ്മുടെ ഐശ്വര്യത്തിന്റേയും,സ്നേഹത്തിന്റേയും പ്രതീകമായി പ്രതിഷ്ടിക്കുന്നത് ആരാണെന്നും പൊതുജനത്തിനറിയില്ല. അരാണ് വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ എന്ന് നമ്മുടെ പത്രമാധ്യമങ്ങളും പറയില്ല.
കാരണം ഇന്ത്യന്‍ മാധ്യമലോകത്തിനും,ജ്വല്ലറിവ്യവസായത്തിനും ഉദാരമായി കോടികള്‍ ഒഴുക്കിക്കൊടുക്കുന്ന വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ ചെറിയൊരു പ്രസ്ഥാനമല്ല.

ലോക സ്വര്‍ണ്ണ ഖനി ഉടമകളുടെ സംഘടനയാണ് വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ എന്നറിയുമ്പോഴേ നമ്മെക്കൊണ്ട് അക്ഷരതൃതീയ ആഘോഷിപ്പിച്ച് , നമ്മുടെ ജീവിതം ഐശ്വര്യപൂര്‍ണ്ണമാക്കി കുളിപ്പിച്ചു കിടത്താനുള്ള ഈ പ്രസ്ഥാനത്തിന്റെ ഉത്സാഹത്തിന്റെ കാരണം ചിലര്‍ക്കെങ്കിലും മനസ്സിലാകുകയുള്ളു.

ഇന്ത്യയിലെയും,ഗള്‍ഫിലേയും പല പ്രമുഖ ജ്വല്ലറികള്‍ക്കും തങ്ങളുടെ പരസ്യചിലവിന്റെ 33% സബ്സിഡിയായി- കോടികള്‍ തന്നെ -നല്‍കുന്ന ഈ സംഘടന പൊങ്ങച്ചം മാത്രം കൈമുതലായുള്ള മലയാളിയെക്കൊണ്ട് സ്വര്‍ണ്ണം തീറ്റിച്ചാലും അതിശയപ്പെടാനില്ല.

കേരളത്തിലെ സ്വര്‍ണ്ണക്കടകളുടെ ശൃഘലകള്‍ വ്യാപിപ്പിക്കുന്നതിനു പിന്നിലും, സ്വര്‍ണ്ണം ആന നെറ്റിപ്പട്ടം കെട്ടിയതുപോലെ അണിഞ്ഞാല്‍ മാത്രമേ സ്ത്രീക്ക് അന്തസ്സും കുലമഹിമയും ഉണ്ടാകു എന്ന് വിശ്വാസം പടര്‍ത്തുന്നതിലും നിശബ്ദം പ്രവര്‍ത്തിച്ച വേള്‍ഡ് ഗോള്‍ഡ് കൌണ്‍സിലിനെ നമുക്ക് ,നമ്മുടെ സാമൂഹ്യ ശാസ്ത്രജ്ഞ്ഞര്‍ക്കും,രാഷ്ട്രതന്ത്രജ്ഞര്‍ക്കും,രാഷ്ട്രീയക്കാര്‍ക്കും കാണാനാകാത്തത് കാഴ്ച്ചക്കുറവിന്റെ പ്രശ്നം മാത്രമാണ്.

ഗള്‍ഫ് രാജ്യങ്ങളില്‍ നമ്മുടെ പാവപ്പെട്ട പ്രവാസികള്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന പണത്തിന്റെ പകുതിയും പൊങ്ങച്ചം കാണിക്കാനല്ലാതെ ഒന്നിനും ഉപയോഗിക്കാനാകാത്ത ഈ മഞ്ഞലോഹം തന്ന് വാങ്ങിക്കൊണ്ടുപോകുന്ന സ്വര്‍ണ്ണ ഖനി ഉടമകളെ കാണാനാകില്ല. എന്നാല്‍ അവരുടെ ഏജന്റുമാരാണ് നമ്മുടെ പ്രമുഖ സ്വര്‍ണ്ണക്കടകളെല്ലാം.

24 കാരട്ട് സ്വര്‍ണ്ണത്തെ തങ്കമെന്നാണ് പറയുക. ബിസ്ക്കറ്റുപോലെ പൊട്ടുന്നതിനാല്‍ 24 കാരറ്റില്‍ ആഭരണമുണ്ടാക്കാറില്ല. ഈ തങ്കത്തില്‍നിന്നും 24 ല്‍ 2ഭാഗം മാറ്റി അത്രയും കോപ്പര്‍(ചെമ്പ്)ചേര്‍ക്കുംബോഴാണ് 91.6%സ്വര്‍ണ്ണം അഥവ 22 കാരട്ട് ശുദ്ധ സ്വര്‍ണ്ണം ഉണ്ടാക്കുന്നത്. പൊതുവെ 22 കാരറ്റ് ശുദ്ധ സ്വര്‍ണ്ണവും വളരെ ബലം കുറഞ്ഞതാണ്. അതുകൊണ്ട് ആഭരണമുണ്ടാക്കിയാല്‍ വേഗം പൊട്ടുകയും,ഒടിയുകയും ചെയ്യും.16, 18, 20 കാരറ്റ് ഉപയോഗിക്കേണ്ട കാര്യമേയുള്ളു ആഭരണ നിര്‍മ്മാണത്തിന്. പവന് ആയിരങ്ങളുടെ വിലക്കുറവുമുണ്ടാകും. പക്ഷേ , വേള്‍ഡ് ഗോള്‍ഡ് കൌണ്‍സില്‍ കുറഞ്ഞ കാരട്ടുള്ള സ്വര്‍ണ്ണാഭരണങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നില്ലെന്നു മാത്രമല്ല,നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. കാരണം സ്വര്‍ണ്ണത്തില്‍ ബലത്തിനുവേണ്ടി ചെമ്പോ,വെള്ളിയോ ചേര്‍ത്താണ് കാരട്ടു കുറക്കുക. അപ്പോള്‍ ആഭരണത്തില്‍ അവരുടെ സ്വര്‍ണ്ണത്തിന്റെ അളവു കുറയും. സ്വര്‍ണ്ണത്തിനു വിലയും കുറയും. വേള്‍ഡ് ഗോള്‍ഡ് കൌണ്‍സിലിന് അതു സഹിക്കാനാകില്ല.
(ഇത്രയും പറഞ്ഞതുകൊണ്ട് സ്വര്‍ണ്ണത്തെക്കുറിച്ച് സംശയങ്ങളൊന്നും ചിത്രകാരനോട് ചോദിക്കരുതേ... കുറച്ചുവര്‍ഷങ്ങള്‍ ഒരു ജ്വല്ലറുടെ മാര്‍ക്കറ്റിങ്ങ് കണ്‍സല്‍ട്ടന്റായിരുന്നതുകൊണ്ടുണ്ടായ വിവരമാണ് ഇവിടെ എഴുതിയത്)

നമ്മുടെ അന്ധവിശ്വാസങ്ങളെ പ്രോത്സാഹിപ്പിക്കാനും,അതിനുവേണ്ടി പ്രചരണങ്ങള്‍ പത്രക്കാരെക്കൊണ്ട് എഴുതിക്കാനും ധാരാളം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഇതിനെ അഡ്വെര്‍റ്റോറിയല്‍ എന്നാണ് ഓമനപ്പേരിട്ടു വിളിക്കുന്നത്. ഇന്ത്യയിലെ ഏതു പത്രത്തെവേണമെങ്കിലും പണം കൊടുത്ത് വിലക്കെടുക്കാം. ടൈംസ് ഓഫ് ഇന്ത്യപോലുള്ള പത്രങ്ങളാണ് വായനക്കാരന്റെ വിശ്വാസത്തെ കുത്തക ഭീമന്മാര്‍ക്ക് വ്യഭിചരിക്കാന്‍ സൌകര്യം ചെയ്തുകൊടുക്കുന്നതില്‍ മുന്നിലുള്ളത്.

ഇത്തരം സൌകര്യങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് വേള്‍ഡ് ഗോള്‍ഡ് കൌണ്‍സിലും നമ്മുടെ മനസ്സിലേക്ക് ശ്രീകൃഷ്ണന്റേയും, മഹാലക്ഷ്മിയുടേയും,ശ്രീരാമന്റേയും വേഷം ധരിപ്പിച്ച് തിന്മയുടെയും,പൊങ്ങച്ചങ്ങളുടേയും,പ്രതീകങ്ങളെ വേഷപ്രച്ഛന്നരാക്കി കടത്തിവിടുന്നത്.
ഈ കള്ളത്തരത്തിന്റെ ഒരോ ബ്രാന്‍ഡ് നെയ്മുകള്‍ മാത്രമാണ് അക്ഷയതൃതീയയും,മറ്റു ദൈവീക മുഹൂര്‍ത്ത ദിനങ്ങളും !!!

ഇത്തരം വിഷയങ്ങള്‍ പത്രമാധ്യമങ്ങളിലൂടെ പ്രചരിക്കില്ല എന്നതിനാല്‍, നമ്മള്‍ പരസ്പര സംസാരത്തിലൂടെ കൈമാറുകയേ നിവൃത്തിയുള്ളു.

2 comments:

Unknown said...

കുറച്ചു മുമ്പ് നാട്ടിലെ ഒരു കുത്തക ബാങ്കില്‍ ജോലി ചെയ്തിരുന്ന സുഹ്രത്ത്‌ പറഞ്ഞത് ഓര്‍ക്കുന്നു. അദ്ദേഹം അവിടെ ജോലി ചെയ്യുന്ന സമയത്ത് ബാങ്കും ജുവലറി ഉടമകളും കേരളത്തിലെ പ്രശസ്ത സ്വാമിമാര്‍ക്ക്‌ പണം കൊടുത്ത് അക്ഷയ ത്രിതീയ ദിവസം സ്വര്‍ണം വാങ്ങിയാല്‍ ഐശ്വര്യം ഉണ്ടാവുമെന്ന് പറയിപ്പിച്ചതാണെന്ന്

mini//മിനി said...

ഇതുവരെയില്ലാത്ത ഒരു ഐശ്വര്യം പെട്ടെന്ന് വന്നതിന്റെ പിന്നിലുള്ള കള്ളക്കളി അറിയുന്നവരും, ഒന്നും അറിയാത്തമട്ടിൽ സ്വർണ്ണം വാങ്ങുന്നു. അതാണ് അക്ഷയതൃതീയ.