Sunday, December 21, 2008

അദ്ധ്വാനത്തിന്റെ മഹത്വമറിയുന്നയാള്‍മലയാളി പൊങ്ങച്ചത്തിന്റെ ലോകത്തിലെ കൊടുമുടിയാണ്. കഷ്ടപ്പാടിന്റേയും, അദ്ധ്വാനത്തിന്റേയും ഗതകാലം അന്യര്‍ അറിയരുതെന്ന് ആശിക്കുന്നവരാണ് നമ്മളില്‍ ഏറിയ പങ്കും. മറ്റൊന്നുമല്ല, ഒരുവന്റെ കഷ്ടപ്പാടിന്റെ ചരിത്രം പിടികിട്ടിയാല്‍ അവന്റെ മേക്കിട്ടുകേറുന്നതും അവന്റെ ഇപ്പോഴത്തെ അഭിവൃദ്ധി അന്യരിലുണ്ടാക്കുന്ന അപകര്‍ഷതയെ നേരിടാന്‍ പഴയ ചരിത്രം സ്ഥാനത്തും അസ്ഥാനത്തും പ്രയോഗിച്ച് ഇടിച്ചുതാഴ്ത്താന്‍ മലയാളിയുടെ സംസ്കാരശൂന്യത സദാ ജാഗരൂകമാണെന്ന് നമുക്കറിയാം. അതുകൊണ്ട്
നമ്മുടെ ഗതകാല ചരിത്രത്തിലെ കഷ്ടപ്പാടിന്റെയും അദ്ധ്വാനത്തിന്റേയും കഥ നാം പുറത്തുപറയാറില്ല.

എന്നാല്‍ ധീരരായ മനുഷ്യര്‍ അങ്ങിനെയല്ല. അവര്‍ക്ക് അസൂയക്കാരന്റെ അപകര്‍ഷതയുടെ ആഴം അറിയാം . അതിലേക്ക് അവരെ തള്ളിയിടാനും കെല്‍പ്പുണ്ടാകും. ഈ ധൈര്യത്തില്‍നിന്നും അവര്‍ തങ്ങളുടെ കഷ്ടപ്പാടിന്റെയും സ്ഥിരോത്സാഹത്തിന്റേയും കഥ പറഞ്ഞുതരുംബോള്‍ വിവേകികള്‍ക്ക്
അതൊരു അനുഭവ ഖനിയാണെന്നാണു തോന്നുക. മാത്രമല്ല, ഇത്തരം ജീവിത വിജയങ്ങളുടെ അനുഭവ സാക്ഷ്യങ്ങല്‍ കൊണ്ടുമാത്രമേ അദ്ധ്വാനത്തിന്റെ വിലയിടിച്ചില്‍ ചെറുക്കാനാകു.
ദേഹാദ്ധ്വാനമുള്ള ജോലി ചെയ്യുന്നതെല്ലാം വിഢികളുടെ ഏര്‍പ്പാടാണെന്ന വിശ്വാസവും, അത്തരം നീച ജോലികള്‍ക്ക് നീച ജാതിപ്പേരുനല്‍കി മനുഷ്യരെ അപമാനിക്കുന്ന സംസ്ക്കാരത്തിന്റെ പിന്മുറക്കാരുമാണ് നമ്മള്‍.
ആ സാഹചര്യത്തില്‍ പയ്യന്നൂര്‍ നഗരസഭാ എഞ്ചിനീയറായി റിട്ടര്‍ ചെയ്ത തബാന്‍ എന്ന കഠിനാദ്ധ്വാനിയും സ്ഥിരോത്സാഹിയുമായ ഒരു മനുഷ്യന്‍ തന്റെ റിട്ടയര്‍മെന്റ് യാത്രയയപ്പിനുള്ള മറുപടി പ്രസംഗത്തില്‍ താന്‍ ഒരു നാലാം ക്ലാസ്സുകാരനായിരുന്നു എന്നും, ഒരു ബീഡിത്തൊഴിലാളിയായിരുന്നു എന്നും പ്രഖ്യാപിക്കുന്നത് ഹൃദയത്തിലെ നന്മയുടെ കുതിച്ചൊഴുകലായിമാത്രമേ ചിത്രകാരനു മനസ്സിലാക്കാനാകു. കാരണം , ഇവിടങ്ങളിലുള്ള ആയിരക്കണക്കിന് ബീഡിത്തൊഴിലാളി കുടുംബങ്ങളെ
ആത്മാഭിമാന പൂരിതമാക്കുന്നതാണ് ആ വെളിപ്പെടുത്തല്‍. സ്ഥിരോത്സാഹിക്ക് ഏതു ജോലിയും, കഷ്ടപ്പാടും ഈശ്വര സാക്ഷാത്ക്കാരമാണെന്ന സന്ദേശം നല്‍കുന്ന തംബാന്മാര്‍ക്കുമാത്രമേ നമ്മുടെ മനസ്സുകളെ അദ്ധ്വാനത്തിന്റെ മഹത്വംകൊണ്ട് ജ്വലിപ്പിക്കാനാകു. എത്ര ധനികരാണെങ്കിലും, നാം ആ ജ്ഞാനദീപം ലഭിക്കുന്നതുവരെ ഭിക്ഷാടകരോ, അടിമകളോ,വീട്ടുപണിക്കാരോ,മുടിയാന്തിരങ്ങളോ ,ദുരഭിമാനികളോ മാത്രമാണ്.

ആ നല്ല മനസ്സിനുമുന്നില്‍ ചിത്രകാരന്റെ പ്രണാമം.

ചിത്രകാരന്‍ മനോരമയുടെ ശ്രീ എന്ന പ്രസിദ്ധീകരണം വെറുതെയൊന്നു മറിച്ചു നോക്കിയപ്പോളാണ് ശ്രീ.തമ്പാനെക്കുറിച്ചുള്ള ശ്രീ. ടി.അജീഷിന്റെ ലേഖനം കണ്ടത്. ലേഖകനും,മനോരമക്കും നന്ദി.

13 comments:

Anonymous said...

ശ്രീ തമ്പാനും അദ്ധേഹത്തിന്റെ സ്ഥിരോല്‍്സാഹത്തിനും മുന്നില്‍ നമിക്കുന്നു .തികച്ചും പ്രോല്‍്സാഹജനകമായ ഒരു അനുഭവക്കുറിപ്പ്.

മാധ്യമങ്ങള്‍ പങ്കിടേണ്ടത് ഇതേ പോലുള്ള കാര്യങ്ങള്‍ ആണ്.എന്നും ദിനപത്രത്തിന്‍റെ മുന്‍പേജില്‍ ഇതുപോലുള്ള ആത്മാര്ഥമായ ഒരു കുറിപ്പെങ്കിലും ഉണ്ടെങ്കില്‍ ഒരുപക്ഷെ നമ്മുടെ ജനതയുടെ മനോഭാവം തന്നെ ഒത്തിരി മാറിപ്പോയേനെ. അല്ലേ?

പങ്കുവച്ചതിനു ചിത്രകാരനും നന്ദി.

Anonymous said...

സത്യം

Anonymous said...

ഇതിവിടെക്കൊണ്ടുവന്നതിനു സന്തോഷം ചിത്രകാരാ.മറുനാടൻ മലയാളികൾ ഇവരെയൊക്കെ അറിയേണ്ടതല്ലേ?

Anonymous said...

ഇതിവിടെ പോസ്റ്റ് ചെയ്തതിനു ചിത്രകാരനു നന്ദി

Anonymous said...

ശ്രീ തമ്പാനും അദ്ദേഹത്തിന്റെ സ്ഥിരോല്‍്സാഹത്തിനും മുന്നില്‍ നമിക്കുന്നു .

ഔദ്യോഗിക ജീവിതം കഴിഞ്ഞ് പടിയിറങ്ങുന്ന വേളയില്‍ മാത്രമാണു് ശ്രീ തമ്പാന്‍ അദ്ദേഹത്തിന്‍റെ പൂര്‍വ്വകാല ദുരന്ത അനുഭവം വെളിവാക്കിയത് എന്ന് എനിക്ക് മനസ്സിലാകുന്നു. അങ്ങനെയേ ആകാനും സാധ്യതയുള്ളു.
നമ്മുടെ ഗതകാല ചരിത്രത്തിലെ കഷ്ടപ്പാടിന്റെയും അദ്ധ്വാനത്തിന്റേയും കഥ നാം പുറത്തുപറയാറില്ല. പറയരുത്.
അതറിഞ്ഞാല്‍ അപഹാസ്യനാവും. സഹതാപത്തിന്‍റെ കണ്ണുകളാകും നിങ്ങളെ വീക്ഷിക്കുന്നത്. ഉയര്‍ന്ന പീഠങ്ങളില്‍ ഇരിക്കുന്ന ഇയാള്‍ പണ്ട് ഇന്നാരായിരുന്നു എന്നറിയുന്നത്, എന്തായാലും കേമത്തമാവില്ല.
റിട്ടയര്‍മെന്റ് യാത്രയയപ്പിനുള്ള മറുപടി പ്രസംഗത്തിലോ , അല്ലെങ്കില്‍ അത്യുന്നത പദവിയിലെത്തിയതിനു ശേഷമോ അവരുടെ തുടക്കവും സംഘര്‍ഷങ്ങളും , മനുഷ്യനു് മാതൃകയാക്കാന്‍ പറഞ്ഞിട്ടുള്ളവരെ ഓര്‍ക്കുന്നു.
ഞാനൊരു തൂപ്പുകാരിയുടെ മകനാണു് എന്ന് വിളിച്ചു പറഞ്ഞിരുന്നു സഖാവ് റ്റി.കെ ദിവാകരന്‍‍.
ഫീസ്സ് കൊടുക്കാത്തവരെ ബെഞ്ചില്‍ കേറ്റി നിര്‍ത്തിയിരുന്നപ്പോള്‍ മാത്രം ഉയര്‍ന്ന് നിന്നു എന്നോര്‍മ്മക്കുറിപ്പെഴുതിയ മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍.
തമ്പാന്മാര്‍ ഒരു പാട് ജീവിച്ചിരിക്കുന്നു ഇപ്പോഴും. തമ്പാന്മാരെപ്പോലെ സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്നവരും, ഇന്നും.!
അറിയപ്പെടാത്ത, അറിയിക്കപ്പെടാത്ത ആ വേദനകള്‍ക്ക് മുന്നിലും എന്‍റെ കൂപ്പ് കൈ.
ഈ പോസ്റ്റിലൂടെ ഇത് വായിക്കാന്‍ സാധിപ്പിച്ചതിന് ചിത്രകാരനും നന്ദി..

Anonymous said...

വളരെ നന്ദി, ഈ ലേഖനം ഇവിടെ ഇട്ടതിന്.

Anonymous said...

ചിത്രകാരാ , ഇതു നന്നായി.

Anonymous said...

ചിലരെങ്കിലും കഴിഞ്ഞകാല കഷ്ടപ്പാടുകളും പ്രയാസങ്ങളും അയവിറക്കാന്‍ ആഗ്രഹിക്കാത്തവരും പരമാവധി മറച്ച് പിടിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. അതില്‍നിന്ന് വ്യത്യസ്തമാണ് തമ്പാന്റെ സമീപനരീതികളെന്ന് മനസ്സിലാക്കാന്‍ കഴിയുന്നു. പരിചയപ്പെടുത്തിയതിന് നന്ദി ചിത്രകാരാ.

Anonymous said...

പ്രിയ ദുഷ്ടാ.., തറവാടി,,,
ഇതു നന്നായി എന്നോ...???
ഏതൊക്കെയോ നന്നായില്ലെന്ന ദ്വനിയുണ്ടല്ലോഷ്ട !!!

തറവാടി ചിത്രകാരന്റെ ബ്ലോഗിലൂടെ തള്ളവിരലിലൂന്നി മാത്രം നടക്കാതെ ...
കാലു മുഴുവനായി(ഉപ്പൂറ്റി നിലത്തു തട്ടിച്ചുകൊണ്ട്)
ചവിട്ടി നേരെ നടക്കണം കെട്ടോ.
ഇല്ലെങ്കില്‍ ...
ബ്ലോഗിന്റെ തറയില്‍ ചിത്രകാരന്‍ കരിഓയില്‍
ഒഴിക്കും ... :)
വീഴ്ച്ച കാണാനുള്ള ഇഷ്ടം കൊണ്ടല്ല,
ഒരു വിര്‍ച്വല്‍ കുസൃതി !

Anonymous said...

കഠിന പ്രയത്നവും സ്ഥിരോല്സാഹവും കൊണ്ട് ഈ നിലയില്‍ എത്തിയ അദ്ദേഹം മറ്റുള്ളവര്‍ക്ക് ഒരു മാതൃക തന്നെ.നന്ദി ചിത്രകാരാ ഇതിവിടെ പകര്‍ത്തിയതിന്.

Anonymous said...

ഹ ഹ പിന്നില്ലാതെ ;)
കമന്‍‌റ്റിലൂടെ പലപ്പോഴും പോസ്റ്റിന്‍‌റ്റെ നിലവാരമല്ല അളക്കുന്നത്,
യോജിപ്പും വിയോജിപ്പുമാണ്. അതുകൊണ്ട് തന്നെ കരി ഓയിലല്ല എന്തൊഴിച്ചാലും ഇഷ്ടമുള്ളത് അതും അല്ലാത്തത് അതും പറയും :)

Anonymous said...

പ്രസക്തമായ ഇത്തരം പോസ്റ്റുകള്‍ ഇനിയും പ്രതീക്ഷിക്കുന്നൂ. വൈക്കം മുഹമ്മദ് ബഷീര്‍ സ്വയം വിലയിരുത്തിയതിങ്ങനെ: "എനിക്ക് പല ജോലികളും അറിയാം, കൂട്ടത്തില്‍ എഴുത്തും."

Anonymous said...

ഈ ലേഖനം വായിച്ചപ്പോള്‍ ഞാന്‍ എന്റെ കണ്ണുകള്‍ നിറഞ്ഞു. ലക്ഷ്യബോധവും സ്തിരോത്സാഹവും നമ്മെ ഉയരങ്ങളിലെത്തിക്കും എന്നതിന്റെ ഉത്തമോദാഹരണം.

നമ്മുടെ സുകുമാരന്‍ മാഷിന്റെ (കെ.പി. സുകുമാരന്‍ അഞ്ചരക്കണ്ടി) ജീവിത കഥയോട് സാമ്യം തോന്നുന്നു.

പത്രങ്ങളുടെ മുന്‍പേജ് കള്ളന്മാര്‍ക്കും, ക്രിമിനലുകള്ക്കും, രാഷ്ട്രിയക്കാര്ക്കും വേണ്ടിയുള്ളതാണല്ലൊ. അവിടെ ഇത്തരം ലേഖനങ്ങള്‍ പ്രതീക്ഷിക്കേണ്ട.