Sunday, May 9, 2010

സ്കൂളുകളിലെ വെള്ളാന !

നമ്മുടെ സമൂഹം അറിവുകള്‍ക്കും പുതുമകള്‍ക്കും പുറം തിരിഞ്ഞു നില്‍ക്കുന്ന പ്രാകൃതമായ ഒരു അടിമ കൂട്ടമാണ്.സംശയരോഗവും ദുരഭിമാനവും ചേര്‍ത്തു കുഴച്ചുണ്ടാക്കിയ ബോധമാണ് സമൂഹത്തിന്റെ വൈജ്ഞാനിക സ്വത്ത്. ആകെയുള്ള പ്രതീക്ഷ പണത്തിനുവേണ്ടി എന്തും ചെയ്യാനുള്ള മൂല്യബോധമില്ലായ്മയാണ്. സമൂഹത്തിനകത്തേക്ക് കടക്കാന്‍ ഈ ഒരു താക്കോല്‍ ദ്വാരമേയുള്ളു.അതിലൂടെയാണ് മൈക്രോ സോഫ്റ്റും,ഇന്റലും,സോഫ്റ്റ്വെയര്‍ ഭീമന്മാരും,ലോകബാങ്കും,ലാവ്ലിനും,ജപ്പാന്‍ കുടിവെള്ളവും,ലോക സ്വര്‍ണ്ണഖനി ഉടമകളും,ടീക്കോമും,മദ്യ കംബനികളും,മറ്റ് അന്താരാഷ്ട്ര കച്ചവടക്കാരും ഏജന്‍സികളും നമ്മുടെ സമൂഹത്തില്‍ പ്രവേശിക്കുന്നതും, നമ്മുടെ രാഷ്ട്രീയ നേതാക്കളേയും,ഉദ്ദ്യോഗസ്തന്മാരേയും,എഞ്ചിനീയര്‍മാരേയും നക്കികളും,ഊംബന്മാരും,മലിനബുദ്ധികളുമാക്കിക്കൊണ്ട്,ആത്മാഭിമാനം കെട്ട ജന്തുക്കളാക്കിക്കൊണ്ട് ...സംബന്നരാക്കി,സംതൃപ്തരായി പുറത്തുപോകുന്നത്.ഈ പ്രവര്‍ത്തനം നടക്കുംബോള്‍ താക്കോല്‍ ദ്വാരത്തിലൂടെ സമൂഹത്തിലേക്ക് കുറച്ച് വെളിച്ചമോ ശുദ്ധവായുവോ സാധാരണ ജനങ്ങള്‍ക്ക് ലഭിക്കുന്നതിന്റെ ഭാഗമായി മാത്രമാണ് സമൂഹത്തിന്റെ വികസന പ്രതീക്ഷ നിലകൊള്ളുന്നത്.സ്വന്തം അദ്ധ്വാനത്തിന്റെ തപസ്യയാല്‍ അറിവിന്റെ ഉന്നതശിഖരങ്ങളിലെത്തിയവരും സാംബത്തിക മണ്ഢലങ്ങളില്‍ നിലയുറപ്പിച്ചവരുമായ പ്രവാസികള്‍ അനവധിയുണ്ടെങ്കിലും, രാഷ്ട്രീയക്കാരന്റെ പിച്ചച്ചട്ടിയില്‍ സംഭാവനയിടാനുള്ള പണച്ചാക്കുകളായി മാത്രമേ നമ്മുടെ മാന്യപിടിച്ചുപറിക്കാരായ രാഷ്ട്രീയ മേലാളന്മാര്‍ക്ക് പ്രവാസികളെ മനസ്സിലാക്കാനായിട്ടുള്ളു.കൂട്ടിക്കൊടുപ്പുകാരുടെ രാഷ്ട്രീയബോധം കമ്മീഷനിലപ്പുറം വളരില്ലല്ലോ !

ബ്ലോഗര്‍ പ്രേമന്‍ മാഷുടെ വട്ടേന്‍ തിരുപ്പ് എന്ന ബ്ലോഗില്‍ മോണിറ്ററില്‍ തെളിയാത്ത ഐ.ടി. വിദ്യാഭ്യാസം എന്ന പോസ്റ്റ് വായിച്ചപ്പോളുണ്ടായ ധാര്‍മ്മിക രോക്ഷമാണ് മുകളില്‍ രേഖപ്പെടുത്തിയത്. രാഷ്ട്രീയ-ഭരണ വ്യവസ്ഥയുടെ അറിവില്ലായ്മയുടെ ജാരസന്തതിയായി പിറന്നുവീണ നമ്മുടെ ഐടി വിദ്യാഭ്യാസം അനുഭവിക്കുന്ന അനാഥത്വവും,കെടുകാര്യസ്തതയും,പണകൊള്ളയും വ്യക്തമായി വിവരിക്കുന്ന പ്രേമന്‍ മാഷുടെ ലേഖനം സമൂഹത്തിന്റെ ഭാവിയെയോര്‍ത്ത് ആകുലപ്പെടാന്‍ തക്ക ആത്മാഭിമാനമുള്ളവര്‍ വായിച്ചിരിക്കേണ്ടതാണ്. മൊബൈല്‍ ഫോണ്‍ പോലെ നിസാരമായി ഒരു വാര്‍ത്താവിനിമയ യന്ത്രമായി ഉപയോഗിക്കപ്പെടേണ്ട കംബ്യൂട്ടര്‍ എന്ന ഉപകരണത്തെ, എല്ലാ സ്കൂളുകളിലും ശ്രീകോവില്‍ പണിത് പ്രതിഷ്ഠിച്ച് പൂജിക്കാന്‍ ശാന്തിക്കാരേയും, തന്ത്രികളായി വിദേശ കംബ്യൂട്ടര്‍ നിര്‍മ്മാതാക്കാളേയും, സോഫ്റ്റ്വെയര്‍ കുത്തകകളേയും ഏല്‍പ്പിക്കുന്ന ബുദ്ധിശൂന്യത തിരിച്ചറിയപ്പെടാന്‍ ഇത്തരം ലേഖനങ്ങള്‍ അനവധി എഴുതപ്പെടേണ്ടതും,മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടേണ്ടതുമാണ്.

6 comments:

chithrakaran:ചിത്രകാരന്‍ said...

മൊബൈല്‍ ഫോണ്‍ പോലെ നിസാരമായി ഒരു വാര്‍ത്താവിനിമയ യന്ത്രമായി ഉപയോഗിക്കപ്പെടേണ്ട കംബ്യൂട്ടര്‍ എന്ന ഉപകരണത്തെ, എല്ലാ സ്കൂളുകളിലും ശ്രീകോവില്‍ പണിത് പ്രതിഷ്ഠിച്ച് പൂജിക്കാന്‍ ശാന്തിക്കാരേയും, തന്ത്രികളായി വിദേശ കംബ്യൂട്ടര്‍ നിര്‍മ്മാതാക്കാളേയും, സോഫ്റ്റ്വെയര്‍ കുത്തകകളേയും ഏല്‍പ്പിക്കുന്ന ബുദ്ധിശൂന്യത തിരിച്ചറിയപ്പെടാന്‍ ഇത്തരം ലേഖനങ്ങള്‍ അനവധി എഴുതപ്പെടേണ്ടതും,മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടേണ്ടതുമാണ്.

ജീവി കരിവെള്ളൂർ said...

നന്ദി ചിത്രകാരാ ഇങ്ങനെ ഒരു പോസ്റ്റിനെ പരിചയപ്പെടുത്തിയതിന്

ഒഴാക്കന്‍. said...

കലക്കി !

mukthaRionism said...

അവിടെച്ചെന്നു..
വായിച്ചു..

അതെ
അര്‍ഥവത്തയ പ്രതികരണം..

ചിത്രകാരാ
നന്ദി..

ഇതു
ഐ ടി യുടെ മാത്രം പ്രശ്‌നമാണോ..

സ്കൂള്‍ വിദ്യാഭ്യാസം തന്നെ ആകെ കോഞ്ഞാട്ടയായിക്കിടക്കല്ലെ..
യതിയുടെ
പ്പരിവര്‍ത്തനോന്മുഖ വിദ്യാഭ്യാസമെന്ന പുസ്തകമെങ്കിലും നമ്മുടെ 'അധ്യാപഹയര്‍' വായിച്ചിരുന്നെങ്കില്‍..

Hari | (Maths) said...

പ്രിയ ചിത്രകാരന്,

അവിടെച്ചെന്ന് പ്രേമന്‍ മാഷിന്‍റെ ലേഖനം വായിച്ചു. സ്ക്കൂള്‍ ഐ.ടി മേഖല ഇന്ന് അനുഭവിക്കുന്ന പല പ്രശ്നങ്ങളേയും ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്.

പിന്നെ, ലേഖനം വായിച്ച് എല്ലാ സ്ക്കൂളുകളിലും ഇത്തരമൊരു അവസ്ഥയാണെന്ന് രണ്ടിടത്തേയും വായനക്കാര്‍ തെറ്റിദ്ധരിച്ചോയെന്ന് കമന്റുകള്‍ കാണുമ്പോള്‍ തോന്നിപ്പോകുന്നു. ഒരു കമന്റ് വാഗ്വാദത്തിന് ഞാനില്ലായെന്ന് ആമുഖമായി പറഞ്ഞു കൊണ്ട് ചില വസ്തുതകള്‍ പറയട്ടെ.

ഐ.ടി@സ്ക്കൂളിന്റെ മേല്‍നോട്ടത്തില്‍ ഐ.സി.ടി സ്ക്കീം വഴി സ്ക്കൂളുകള്‍ക്ക് വര്‍ഷം തോറും 1ലക്ഷം രൂപയുടെ കമ്പ്യൂട്ടര്‍, പ്രിന്റര്‍, സ്കാനര്‍, ഹാന്‍ഡിക്യാം, വലിയ ഓഫ്‍ലൈന്‍ യു.പി.എസുകള്‍,... ‍എന്നിവ വിതരണം ചെയ്യുന്നുണ്ട്. മാത്രമല്ല, ഓരോ വര്‍ഷവും 15,000 രൂപ വരെ ചെലവിട്ട് മോണിറ്റര്‍ ഒഴികെയുള്ള കേടായ കമ്പ്യൂട്ടര്‍ ഭാഗങ്ങള്‍ എല്ലാം മാറ്റി നല്‍കുന്നതിനുള്ള ഹാര്‍ഡ് വെയര്‍ ക്ലിനിക്കുകള്‍ സംഘടിപ്പിക്കുന്നതും ഐ.ടി@സ്ക്കൂളാണ്. ഒപ്പം അണ്‍ലിമിറ്റഡ് ഇന്‍റര്‍നെറ്റ് യൂസേജും. ഇതിന് എയ്ഡഡ് സ്ക്കൂളുകള്‍ 33,000 രൂപ ഒറ്റത്തവണ അടച്ചാല്‍ മതി. ഈ സ്ഥാനത്ത് സര്‍ക്കാര്‍ സ്ക്കൂളുകള്‍ ഒന്നും തന്നെ അടക്കേണ്ടതുമില്ല. എന്റെ അറിവില്‍പ്പെട്ടിടത്തോളം നല്ലൊരു ശതമാനം സ്ക്കൂളുകളും കമ്പ്യൂട്ടര്‍ ലാബുകള്‍ മനോഹരമായാണ് സൂക്ഷിച്ചു പോരുന്നത്.

മാത്രമല്ല, സ്തുത്യര്‍ഹമായ സേവനമാണ് ഐടി@സ്ക്കൂള്‍ പ്രൊജക്ടില്‍ നിന്നും ലഭിച്ചു പോരുന്നത്. 2006 മുതല്‍ കേരളസംസ്ഥാനത്തുടനീളം പരിപൂര്‍ണമായി ഐ.ടി പരീക്ഷകള്‍ ലിനക്സിലേക്ക് മാറിക്കഴിഞ്ഞു. ഇന്നിപ്പോള്‍ നമ്മുടെ എല്ലാ ഐ.ടി പരിപാടികളും ലിനക്സ് അധിഷ്ഠിതമായി. ഹയര്‍സെക്കന്ററി തലത്തിലേക്കുള്ള ലിനക്സ് സി.ഡി കസ്റ്റമൈസ് ചെയ്തിരിക്കുന്നത് കേരളത്തിലെ സ്ക്കൂള്‍ അധ്യാപകരാണെന്ന് പറയുമ്പോള്‍ ഐ.ടി അറ്റ് സ്ക്കൂളിന്‍റെ പ്രവര്‍ത്തനമികവിന് തെളിവായി മറ്റ് സര്‍ട്ടിഫിക്കറ്റുകള്‍ സമര്‍പ്പിക്കേണ്ടതില്ലല്ലോ. മൌസ് പിടിക്കാന്‍ അറിയാന്‍പാടില്ലായിരുന്ന ഭൂരിഭാഗം അധ്യാപകരെയും ഈ-ലോകത്തേക്ക് കൊണ്ടുവന്നത് ഐടി@സ്ക്കൂളാണ്. ഞങ്ങള്‍ക്കുള്ള സന്ദര്‍ശകരുടെ എണ്ണം പോലും അതിന് തെളിവാണ്. കുത്തകസോഫ്റ്റ് വെയറുകളെ 2006 ല്‍ പടികടത്തിയിട്ട് പോലും ഇന്നും ആ മാറ്റം പുറം ലോകം അറിഞ്ഞിട്ടില്ലായെന്നത് ഖേദകരമല്ലേ? മാത്രമല്ല, കമ്പ്യൂട്ടര്‍ അധിഷ്ഠിത വിദ്യാഭ്യാസത്തിന്‍റെ ഭാഗമായി 2 വര്‍ഷം മുതല്‍ അധ്യാപകര്‍ അധ്യാപകസഹായിയായി കമ്പ്യൂട്ടറിനെക്കൂടി ഉപയോഗിച്ചു പോരുന്നു. ഗണിതപഠനത്തിനായി ഞങ്ങള്‍ ഗണിതാധ്യാപകര്‍ ഉപയോഗിക്കുന്നത് ഡോ.ജിയോ, കിഗ്, ജിയോജിബ്ര തുടങ്ങിയ ലിനക്സ് സോഫ്റ്റ്‍വെയറുകളാണ്. കമ്പ്യൂട്ടര്‍ പഠനപദ്ധതിയില്ലായിരുന്നെങ്കില്‍ പട്ടിണിപ്പാവങ്ങളായ കുടുംബങ്ങളിലെ കുട്ടികള്‍ക്കടക്കം കമ്പ്യൂട്ടര്‍ കൈകാര്യം ചെയ്യുന്നതിന് സാധിക്കുമായിരുന്നോ എന്നത് കൂടി ചിന്തിക്കുമ്പോള്‍ ചിത്രകാരന്‍റെ കമന്റടക്കം പുനര്‍വിചിന്തനം ചെയ്യപ്പെടേണ്ടതല്ലേ എന്നൊരു സംശയം.

മുഖ്ത്താറിന്‍റെ അധ്യാപകസമൂഹത്തോടുള്ള കാഴ്ചപ്പാടും അടച്ചാക്ഷേപിക്കുന്ന തരത്തിലായിപ്പോയി. കാരണം, അധ്യാപകരില്‍ ഒരു മികച്ചയാളുണ്ടെങ്കില്‍പ്പോലും ഈ കാഴ്ചപ്പാടില്‍ അവരു പോലും 'പഹയരായി'പ്പോയി. ഈ കമന്റിലെ പലതും തിരുത്തപ്പെടേണ്ടതില്ലേ? അക്ഷരത്തിലായും ആശയത്തിലായാലും?

പ്രേമന്‍ മാഷ്‌ said...

പ്രിയ ഹരീ,
ഹയര്‍ സെക്കന്ററിയിലേക്ക് ഒരു ലിനക്സും ഇതുവരെയായി വന്നതറിയില്ല. കൃത്യമായും വിബിയും ആക്സസും ഉപയോഗിച്ച് തയ്യാറാക്കുന്ന സോഫ്റ്റ്‌ വെയറുകള്‍ തന്നെയാണ് അവര്‍ ഉപയോഗിച്ച് പോരുന്നത്. അവ വിന്‍ഡോസിലെ ഓടൂ. ഉദാഹരണമായി നിരന്തര മൂല്യനിര്‍ണയം രേഖപ്പെടുത്താനും അപ്പ്‌ ലോഡ് ചെയ്യാനും ഉള്ള evalpro മുതലായവ.

കമ്പ്യൂട്ടര്‍ സയന്‍സ് ആയാലും അപ്ളിക്കേഷന്‍ ആയാലും എല്ലാം വിന്‍ഡോസ് മയം.

ഗണിതപഠനത്തിനായി എത്ര ഗണിതാധ്യാപകര്‍ ഡോ.ജിയോ, കിഗ്, ജിയോജിബ്ര തുടങ്ങിയ ലിനക്സ് സോഫ്റ്റ്‍വെയറുകള്‍ ഉപയോഗിക്കുന്നു എന്ന് പഠനം നടത്തണം. എന്റെ അനുഭവത്തില്‍ അഞ്ചു ശതമാനത്തില്‍ താഴെ. അതിനെ തീര്‍ച്ചയായും വിലമതിക്കുന്നു. അഞ്ചു അമ്പതെങ്കിലും ആകാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയും എന്ന് ആലോചിക്കണം.

ഇരുനൂറ്റമ്പത് രൂപ പ്രതിവര്‍ഷം ഫീസ്‌ വാങ്ങിയാണ് നാം പാവപ്പെട്ട ഓരോ കുഞ്ഞിന്റെയും കയ്യില്‍ ഇരുപതു മണിക്കൂറില്‍ താഴെ മൌസ് കൊടുത്തത് എന്ന് കൂടി ഓര്‍ക്കണം. ഇപ്പോള്‍ അത് പിന്‍വലിച്ചിട്ടുണ്ടെങ്കിലും മിക്ക സ്കൂളുകളിലും പി ടി എ യുടെ പേരില്‍ ഈ ഫീസ്‌വാങ്ങുന്നുണ്ട്.