Wednesday, June 16, 2010

ഓടപ്പൂവും ... കൊട്ടിയൂര്‍ ഉത്സവവും

1993ല്‍ കണ്ണൂരിലേക്ക് താമസമായപ്പോളാണ് ആദ്യമായി വിചിത്രമായ ഓടപ്പൂ എന്ന വാക്കു കേള്‍ക്കുന്നത്.ഓടത്തണ്ട് തല്ലിച്ചതച്ച് വെളുത്ത നാരാക്കി അപ്പൂപ്പന്‍ താടിയെപ്പോലെ രൂപപ്പെടുത്തിയെടുക്കുന്ന വിദ്യയാണ് ഓടപ്പൂ നിര്‍മ്മാണം. കൊട്ടിയൂരിലെ ആദിവാസികളുടെ ഒരു കരകൌശല വസ്തു ! ഇപ്പോള്‍ ഓടപ്പൂവ്വുണ്ടാക്കുന്നവര്‍ ആദിവാസികളൊന്നുമല്ലെന്നാണ് തോന്നുന്നത്. ശിവേട്ടന്റെ (ശിവ ഭഗവാന്റെ... എന്നും ഭക്തന്മാര്‍ പറയും !)അമ്മായി അപ്പന്‍,ശ്രീ.ശ്രീ.ശ്രീ.ദക്ഷന്റെ വെളുത്ത താടിരോമങ്ങളാണ് ഈ ഓടപ്പൂവ്വിനെക്കൊണ്ട് പ്രതീകവല്‍ക്കരിക്കുന്നത് എന്നാണ് ഇവിടത്തെ ഭക്തന്മാരുടെ വിശ്വാസം.
കാട്ടിനകത്തുള്ള അക്കരെ കൊട്ടിയൂരിലെ പുഴയോരത്താണ് ശ്രീ.ശ്രീ.ശ്രീ.ദക്ഷന്‍ തന്റെ പുന്നാര മോളായ സതീദേവിയുടെ കെട്ട്യോനും മഹേശ്വരനുമായ ശിവേട്ടനെ ക്ഷണിക്കാതെ ദക്ഷയാഗം സംഘടിപ്പിച്ചതെന്നും,ഭര്‍ത്താവിനെ ക്ഷണിക്കാത്തതിനാല്‍ അപമാനിതയായ സത്യേച്ചി ഇവിടെ ജീവത്യാഗം ചെയ്തുകൊണ്ട് സ്വന്തം അച്ഛനോട് പ്രതിഷേധിച്ചെന്നും, സത്യേച്ചിയുടെ മരണവാര്‍ത്തയറിഞ്ഞ ശിവേട്ടന്‍ തന്റെ ഗുണ്ടാപടയെ വിട്ട് യാഗം നടത്തിക്കൊണ്ടിരുന്ന ദക്ഷനേയും ബ്രാഹ്മണരെയും വധിച്ച് അവറ്റകളുടെ താടിയും മുടിയും വീടിന്റെ പൂമുഖത്ത് കെട്ടിത്തൂക്കാനായി ഭക്തന്മാര്‍ക്ക് നല്‍കി... എന്നൊക്കെയാണ് ബ്രാഹ്മണന്റെ പതിവ് കള്ളക്കഥകളായ പുരാണ ഐതിഹ്യങ്ങളില്‍ പറഞ്ഞ് പ്രചരിപ്പിച്ചിരിക്കുന്നത്.ആദിവാസികളുടെ ആരാധന സ്ഥാനമായിരുന്ന അക്കരെ കൊട്ടിയൂര്‍ അവിടത്തെ വിചിത്രമായ രീതിയിലുള്ള ആരാധനാരീതികള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ ബ്രാഹ്മണ ഹിന്ദുമതം ഇവിടെ ഇപ്പോള്‍ അധീശത്വം സ്ഥാപിച്ചതായിരിക്കണം.സമൂഹത്തിലെ എല്ലാ ജാതി ഇനങ്ങള്‍ക്കും ഇവിടെ പ്രത്യേകമായ അവകാശങ്ങളും ചുമതലകളുമൊക്കെയുണ്ട്.വിവിധ ജാതിക്കാരായ സ്ഥാനികള്‍ക്ക് പ്രത്യേകം പ്രത്യേകം താല്‍ക്കാലിക നെടുംബുരകളും(ഷെഡ്)മറ്റും ഉത്സവകാലത്ത് കെട്ടിപ്പൊക്കിയിരിക്കും.ഒരു ഉയര്‍ന്ന തറയും അതിനു ചുറ്റുമുള്ള ചളിവെള്ളം ഒഴുകുന്ന തോടുപോലുള്ള നടപ്പാതയുമടങ്ങിയതാണ് ഇവിടത്തെ ശ്രീകോവില്‍ ! ഇതിനു ചുറ്റുമാണ് സ്ഥാനികളുടെ ഷെഡുകള്‍.അതിനു ചുറ്റും ഓടക്കാടുകളും കാട്ടുമരങ്ങളും. ഏതായാലും ദക്ഷന്റെ താടിരോമങ്ങളുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന ഓടപ്പൂക്കളില്ലാതെ കൊട്ടിയൂര്‍ ഭക്തന്മാര്‍ വീട്ടില്‍ പോകില്ല. ഇവിടങ്ങളിലെ വീടുകളുടെ പൂമുഖങ്ങളില്‍ ഒരു വര്‍ഷക്കാലം ഓടപ്പൂ തൂങ്ങിക്കിടക്കും.കാറുകളിലും, ബസ്സുകളിലുമെല്ലാം ഓടപ്പൂ തൂക്കിയിടും.
അക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തേയും ഇക്കരെ കൊട്ടിയൂര്‍ ക്ഷേത്രത്തേയും രണ്ടുവശത്താക്കി കടന്നുപോകുന്ന റോഡിനിരുവശവും ഓടപ്പൂ വില്‍ക്കുന്ന താല്‍ക്കാലിക സ്റ്റാളുകളാണ്. ഓടപ്പൂ വില്‍പ്പന പരിഷ്ക്കാരികള്‍ ഏറ്റെടുത്തതു കാരണമാകാം എവിടേയും ഓടപ്പൂവ്വിന്റെ സ്രഷ്ടാക്കളായ ആദിവാസികളെ കണ്ടില്ല. മാത്രമല്ല ഓടപ്പൂക്കള്‍ക്ക് നല്ല വിലയുമുണ്ട്. 20, 30, 40, 50... എന്നിങ്ങനെ.

ഓടപ്പൂ സ്വന്തം വീട്ടിലേക്ക് മാത്രം വാങ്ങിയാല്‍ പോരല്ലോ...അയല്‍പ്പക്കക്കാര്‍ക്കും, ബന്ധുക്കള്‍ക്കുമൊക്കെ ഓടപ്പൂ കോടുക്കണ്ടേ...??!!
ഭക്തിയും വിശ്വാസവും ചെറുപ്പക്കാരുടെ നട്ടെല്ലായി മാറിയിരിക്കുന്നത് പുരോഗമന പ്രസ്ഥാനങ്ങള്‍ അറിഞ്ഞില്ല.
ഓടപ്പൂവിനായി തിരക്കുകൂട്ടുന്ന യുവത്വം.

സ്റ്റാളിനകത്തിരുന്ന് ഓടപ്പൂ നിര്‍മ്മിക്കുന്ന ചെറുപ്പക്കാര്‍.
തല്ലിച്ചതച്ച് ഓടപ്പൂവ്വാക്കാന്‍ തയ്യാറാക്കിയ ഓടത്തണ്ടുകള്‍ കാണാം.
ഓടക്കുറ്റിയുടെ തണ്ട് പരമാവധി ചെത്തിക്കളഞ്ഞ്, ഒന്നു പുറം മറിച്ചാല്‍ ഓടപ്പൂവായി.
ഇക്കരെ കൊട്ടിയൂര്‍ ശിവ ക്ഷേത്രത്തിലെ സന്ദര്‍ശനം
കഴിഞ്ഞ് ഭക്തര്‍ അക്കരെ കൊട്ടിയൂരിലേക്ക് പോകുകയാണ്.
ഉത്സവക്കാലത്ത് ഇക്കരെ കൊട്ടിയൂരില്‍ ശിവേട്ടന്‍ ഉണ്ടാകില്ലെന്നാണ് വിശ്വാസം.
ശിവേട്ടന്‍ കാട്ടിനകത്ത് സ്ഥിതിചെയ്യുന്ന അക്കരെ കൊട്ടിയൂരിലായിരിക്കുമത്രേ!!!
ശിവേട്ടന്‍ ഇല്ലെങ്കിലും, ബ്രാഹ്മണര്‍ക്കും, ദേവസ്വത്തിനും തിന്നു തീര്‍ക്കാനുള്ള കാണിക്കയിടാനും
നല്ലൊരു കാവിനുള്ളില്‍ സ്ഥിതിചെയ്യുന്ന ക്ഷേത്രം വലം വക്കാനും ഭക്തര്‍ക്ക് സമയക്കുറവൊന്നുമില്ല.
അക്കരെ കൊട്ടിയൂരിലേക്കുള്ള വഴികള്‍... പുഴയുടെ കൈവഴികള്‍ കടന്നും, കുളിച്ച് ഈറനുടുത്തും...
ഭക്തര്‍ കല്ലുകളുരച്ച് ഉണ്ടാക്കുന്ന ചാന്തുകൊണ്ട് നെറ്റിയില്‍ കുറിതൊടാനുള്ള ശ്രമവും നടത്തുന്നുണ്ട്.
കിലോമീറ്ററുകള്‍ നീളുന്ന വളഞ്ഞുപുളഞ്ഞ ക്യുവിന്റെ ചെറിയൊരു ഭാഗമാണ് ദൂരെ കാണുന്നത്.
ബാവാലി പുഴയിലെ തീര്‍ഥസ്ഥാനത്ത് മുങ്ങിക്കുളിക്കാനുള്ള ഭക്തന്മാരുടെ പെടാപ്പാടുകള്‍ !!!
മഴയത്ത് കുടചൂടി... ഒന്നു കുളിക്കാനായി ക്യൂ നില്‍ക്കുന്ന പംബര ഭക്തന്മാര്‍ !!!
പാലത്തിനു മുകളിലും കുളിക്കാനുള്ള ക്യൂ മഴകൊണ്ട്... കുടചൂടി... തുടരുന്നു !
പാലവും കഴിഞ്ഞ് കുളിക്കാനുള്ള ക്യൂ താഴോട്ട് ഒഴുകുകയാണ്.
അവസാനം ... കുളിപ്പുരയെത്തി. പുഴയുടെ ഓരത്തായി
നീല പ്ലാസ്റ്റിക് ടാര്‍പ്പോളിന്‍ കൊണ്ട് മറച്ചു കെട്ടിയിരിക്കുന്നതാണ്
കുളീപ്പുര. പാവം പുഴ ഇത്ര നീണ്ടു നിവര്‍ന്ന് ഒഴുകിയിട്ടും
ആ നീല ടാര്‍പ്പോളിനകത്തുവച്ച് കുളിച്ചാലേ
ഭക്തര്‍ക്ക് മോക്ഷം കിട്ടു.
(അവിടത്തെ സ്ത്രീകളുടെ കുളിസീന്‍ കാണാനുള്ള ആകാംക്ഷയാണ് പുരുഷ കേസരികളെ
ഇത്രയും ക്ഷമാപൂര്‍വ്വം നീണ്ട ക്യൂ നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന ഘടകമെന്നും ശ്രുതിയുണ്ട്)
അത്രയധികം ക്യൂ നില്‍ക്കാതെ പുതിയ പാലത്തിലൂടെ അക്കരെ കൊട്ടിയൂരിലെത്താനും വഴിയുണ്ട്.
ഹൈന്ദവ വര്‍ഗ്ഗീയ ഭരണക്കാര്‍ ഈ കാട്ടില്‍ ചെരിപ്പ് വിലക്കിയിട്ടുണ്ട്.
ഇവര്‍ ചിത്രകാരന്റെ രണ്ട് അയല്‍പ്പക്കക്കാരാണ്. അശോകേട്ടനും, ഭാസ്ക്കരന്‍ മേസ്തിരിയും.
ഒരു നായര്‍ സ്ഥാനികരുടെ ഷെഡ്. ഇതുപോലുള്ള ധാരാളം ഷെഡുകള്‍
വിവിധ ജാതിക്കാര്‍ക്കായി ചുറ്റും കാണാം.
ആ പുകയുന്ന ഓലപ്പുരയാണ് ശിവേട്ടന്റെ താല്‍ക്കാലികമായുള്ള ശ്രീകോവില്‍.
ആ മണ്‍ തിട്ടക്ക് താഴെയുള്ള
ചളിവെള്ളത്തിലൂടെയാണ് ഭക്തര്‍ പ്രതിക്ഷണം വച്ചുകൊണ്ടിരിക്കുന്നത്.
ഇടതുവശത്തുള്ള ചായ്പ്പില്‍ ഭക്തര്‍ക്ക് പ്രസാദമെന്നപേരില്‍
എന്തൊ തോണ്ടിയെറിഞ്ഞുകൊടുക്കുന്നുണ്ട്.
സത്യത്തില്‍ ഇതൊരു ആള്‍ക്കൂട്ടമാണ്.
സാമൂഹ്യജീവിയായ മനുഷ്യന്റെ കൂട്ടം കൂടാനുള്ള ജന്മവാസന.
എല്ലാ ഉത്സവങ്ങളുടേയും ആഘോഷങ്ങളുടേയും ആത്മാവ് അതുതന്നെയായിരിക്കണം.

നമ്മളും ഒരിക്കല്‍ ആദിവാസികളായിരുന്നെന്നും, ആ വേരുകളെ നമിക്കുന്നത് നമ്മളില്‍ മനുഷ്യസ്നേഹവും നന്മയും ജനിപ്പിക്കുമെന്നും ഈ ഭക്തര്‍ക്കിടയില്‍ ആരെങ്കിലും ചിന്തിക്കുന്നുണ്ടായിരിക്കുമോ ശിവേട്ട ...!!!
കുഞ്ഞുകുട്ടി പരാധീനങ്ങളുമായി... പ്രകൃതിയുടെ മടിത്തട്ടില്‍ ഒരു ഉത്സവക്കാലത്ത്...
കാട്ടിനകത്തെക്ക് കനത്ത ആള്‍ക്കൂട്ടത്തിന്റെ വിരുന്ന് വരവുതന്നെയാണ് കൊട്ടിയൂര്‍ ഉത്സവം.

23 comments:

ഒഴാക്കന്‍. said...

ഓടപ്പൂ........പ്പൂ

SAJAN S said...

നല്ല ഫോട്ടോസ്....
ആശംസകള്‍ ....നന്ദി...

chithrakaran:ചിത്രകാരന്‍ said...

അങ്ങനെ... ചിത്രകാരനും കൊട്ടിയൂര്‍ ഉത്സവത്തിന്റെ
പുറം തൊലിയിലൂടെ ഒരു തീര്‍ത്ഥയാത്രനടത്തി... ചെറുപ്പഴിക്കാതെ... ഷര്‍ട്ടൂരാതെ...
2010 ജൂണ്‍ 13 ന് ഞായ്യറാഴ്ച.
തെളിവിനായി കുറച്ച് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യുന്നു !

ബിനോയ്//HariNav said...

"..നമ്മളും ഒരിക്കല്‍ ആദിവാസികളായിരുന്നെന്നും, ആ വേരുകളെ നമിക്കുന്നത് നമ്മളില്‍ മനുഷ്യസ്നേഹവും നന്മയും ജനിപ്പിക്കുമെന്നും ഈ ഭക്തര്‍ക്കിടയില്‍ ആരെങ്കിലും ചിന്തിക്കുന്നുണ്ടായിരിക്കുമോ ശിവേട്ട ...!!!"

:))))

പാവപ്പെട്ടവൻ said...

ഉല്‍സവങ്ങള്‍ കാര്‍ഷികവൃത്തിയുടെ സംസ്കാരങ്ങളില്‍ നിന്നാണ് ഉണ്ടായത് .ഈ കൂട്ടം ചേരല്‍ പുതിയ ജീവിതസന്ദര്‍ഭങ്ങളെ പാകമാക്കാന്‍ വേണ്ടിയുള്ള ആത്മ സമര്‍പ്പണം കൂടിയാണ് .എന്നാല്‍ മതത്തിന്റെയും വിശ്വാസത്തിന്റെയും നിലനില്‍പ്പുകള്‍ക്ക് വേണ്ടി സ്വാര്‍ത്ഥരായ, സാമൂഹ്യരോഗികളായ വിഭാഗങ്ങള്‍ തിരിഞ്ഞ മനുഷ്യര്‍ അതിനെ ദുരുദ്ദേശ്യപ്രചാരത്തിലൂടെ തെറ്റുധരിപ്പിച്ച് ഭക്തിയുടെ ആചാരങ്ങള്‍ ആക്കി മാറ്റി .

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ചിത്രങ്ങൾക്ക് നന്ദി.. ആദ്യമായിട്ടാണു ഓടപ്പൂവിനെക്കുറിച്ചു കേൾക്കുന്നത്. ഒരെണ്ണം എനിക്കും വാങ്ങിയേരെ...

:)

Unknown said...

ഹ ഹ ... ഞാന്‍ ഇത് വരെയായി കൊട്ടിയൂരില്‍ പോയിട്ടില്ല. യുക്തിവാദം തലയ്ക്ക് പിടിച്ചതില്‍ പിന്നെ അമ്പലങ്ങളില്‍ ഒന്നും പോകാറില്ലായിരുന്നു. ഇപ്പോള്‍ മക്കളുടെ തൃപ്തിക്ക് വേണ്ടി വീണ്ടും ചില അമ്പലങ്ങളില്‍ പോക്ക് തുടങ്ങിയിട്ടുണ്ട്. അമ്പലങ്ങളിലേക്കുള്ള പോക്കിന് എന്തെങ്കിലും പ്രത്യേകതയുണ്ടെന്ന് ഇപ്പോഴും തോന്നിയിട്ടില്ല. പോയാലും പോയില്ലെങ്കിലും ഒന്നും വരാനില്ല. മനുഷ്യന്‍ എന്തൊക്കെയോ കാട്ടിക്കൂട്ടുന്നു. അതില്‍ പെട്ടതായേ അമ്പലപ്പോക്കും എന്നേ ഇപ്പോഴും എനിക്ക് തോന്നുന്നുള്ളൂ. പോയത്കൊണ്ട് ആള്‍ക്കൂട്ടത്തില്‍ ഞെങ്ങിഞെരുങ്ങുന്നതിന്റെ ഒരു പ്രയാസം അനുഭവിക്കാമെന്ന് മാത്രം.

അമ്പലങ്ങളില്‍ നടക്കുന്ന പൂജകള്‍ , വഴിപാട് , ദര്‍ശനം ഇത്യാദി ചടങ്ങുകള്‍ പണ്ട് കുട്ടികള്‍ മണ്ണപ്പം ചുട്ടുകളിക്കുന്ന ബാലലീലകള്‍ക്ക് സമാനമായി മുതിര്‍ന്നവരുടെ കളികള്‍ എന്നാണ് എനിക്കിപ്പോഴും തോന്നുന്നത്. ഇങ്ങനെയൊക്കെ വേണം എന്ന് ബന്ധപ്പെട്ട ഒരു ദൈവവും ആരോടും പറഞ്ഞുകൊടുത്തതായി അറിവില്ല. മറ്റുള്ളവര്‍ ചെയ്യുന്നത് നോക്കി എല്ലാവരും ചെയ്യുന്നു എന്ന് മാത്രം. ആളുകള്‍ക്ക് ഇപ്പോള്‍ ആവശ്യങ്ങള്‍ ഒന്നും തികയുന്നില്ല. എന്ത് കിട്ടിയാലും ദുര പിന്നെയും ബാക്കി. അത്കൊണ്ടാണ് അമ്പലപ്പോക്ക് ഇങ്ങനെ കൂടിപ്പോയത്. ഞാന്‍ പോയില്ലെങ്കില്‍ എനിക്ക് എന്തെങ്കിലും കുറഞ്ഞുപോകുമോ എന്ന പേടി. ദൈവം ഒന്നാണെങ്കില്‍ , അത് സര്‍വ്വവ്യാപിയാണെങ്കില്‍ , ഞാനിരിക്കുന്നിടത്തും ഉണ്ടാവുമല്ലോ ഇങ്ങനെ ഓരോ സ്ഥലത്ത് അലഞ്ഞ് നടന്ന് വിചിത്രങ്ങളായ ക്രിയകള്‍ ചെയ്ത് പ്രസാദിപ്പിക്കേണ്ട കാര്യമില്ലല്ലോ എന്ന സാമാന്യയുക്തൊയൊന്നും ആരെയും അലട്ടുന്നില്ല. അത്രയ്ക്കാണ് ആര്‍ത്തിയുടെ , ദുരയുടെ, ആസക്തിയുടെ കടുപ്പം.

യഥാര്‍ഥത്തില്‍ ദൈവവിശ്വാസവും ഭക്തിയും , ആത്മീയതയും ഒക്കെ മനുഷ്യര്‍ക്ക് ഒരുതരം ശാന്തിയും സമാധാനവും തരേണ്ടതായിരുന്നു. പക്ഷെ ഇന്ന് മനുഷ്യരുടെ മനസ്സില്‍ ആത്മീയതയില്ല. ഒടുക്കത്തെ സ്വാര്‍ത്ഥത ഭക്തിയാണെന്ന് തെറ്റിദ്ധരിക്കുകയാണ്. അല്ലെങ്കില്‍ സ്വാര്‍ത്ഥതാനിവൃത്തിക്ക് ഭക്തിയും അമ്പലപ്പോക്കും വഴിപാടും അനിവാര്യമാണെന്ന് കരുതുന്നു. ഇത്തരം വെറി പിടിച്ച സ്വാര്‍ത്ഥഭക്തികൊണ്ട് ആരും ഒന്നും നേടുന്നില്ല. അത്കൊണ്ടാണ് പിന്നെയും പിന്നെയും അമ്പലങ്ങള്‍ തോറും അലയുന്നത്. മനസ്സിലെ ആര്‍ത്തിയ്ക്ക് ലേശം പരിധി വെച്ചാല്‍ കുറഞ്ഞ പക്ഷം ഒരു അമ്പലത്തില്‍ പോയി ഒന്ന് തൊഴുതാല്‍ മതി. കൈക്കൂലി ഒന്നും കൊടുക്കേണ്ട ആവശ്യമില്ല. ചുരുക്കത്തില്‍ ഇന്ന് കാണുന്ന ഭക്തി, അമ്പലങ്ങളിലെ ആള്‍ത്തിരക്ക് ഒക്കെ എന്താണ് തനിക്ക് വേണ്ടതെന്ന് അറിയാതെ വെപ്രാളപ്പെട്ട് പരക്കം പായുന്ന ആധുനികമനുഷ്യന്റെ നട്ടപ്പിരാന്തുകളാണ്.

Unknown said...

ഈ നട്ടപ്പിരാന്തുകള്‍ നല്ല കച്ചവടസാധ്യതകള്‍ തുറന്ന് കൊടുത്തിട്ടുണ്ട്, നല്ല തൊഴില്‍ മേഖലയും. അതില്‍ പെട്ട ഒന്നാണ് ഈ ഓടപ്പൂവ് നിര്‍മ്മാണവും വില്പനയും. പണ്ടൊക്കെ എന്റെ മുത്തശ്ശി എല്ലാ വര്‍ഷവും കൊട്ടിയൂരില്‍ പോയി ഓടപ്പൂവ് കൊണ്ടു വരാറുണ്ടായിരുന്നു. അത് വീടിന്റെ ഇറയത്ത് വാരിയില്‍ തൂക്കിയിടാറുമുണ്ടായിരുന്നു. ഞാന്‍ ഭക്ത്യാദരപൂര്‍വ്വം മാത്രമേ അതിനെ നോക്കിയിരുന്നുള്ളൂ. അന്നൊക്കെ ഞാന്‍ കൊട്ടിയൂരില്‍ പോകാന്‍ “നിരീച്ചു” എന്നാണ് ആള്‍ക്കാര്‍ പറയാറ്. അങ്ങനെ നിരീച്ചാല്‍ പോയിരിക്കണം. അല്ലെങ്കില്‍ പ്രത്യാഘാതങ്ങള്‍ സഹിക്കണം എന്ന് ഭയപ്പെട്ടിരുന്നു. ഈ “നിരീക്കല്‍ ”മനസ്സില്‍ നടക്കുന്ന സംഭവമായതിനാല്‍ മുത്തശ്ശി എപ്പോഴാണ് നിരീക്കുന്നത് എന്ന് ഞാനറിഞ്ഞിരുന്നില്ല. ഒരു സുപ്രഭാതത്തില്‍ മുത്തശ്ശിയും കുറെ അയല്‍ക്കാരും കൊട്ടിയൂരിലേക്ക് പോകും. പിറ്റേന്ന് ഓടപ്പൂക്കളുമായാണ് വരിക. ഇന്നിപ്പോള്‍ ചിത്രകാരന്‍ എടുത്ത ഫോട്ടോ കണ്ടപ്പോള്‍ , ഇതിലുള്ള ഓടപ്പൂവിന്റെ നാരുകള്‍ സില്‍ക്ക് നൂല്‍ പോലെയാണ് കാണുന്നത്. കൈ കൊണ്ട് ഓടത്തണ്ട് തല്ലിയാല്‍ നാരുകള്‍ക്ക് ഇത്ര നേര്‍മ്മയും ഫിനിഷിങ്ങും കാണില്ല. അപ്പോള്‍ ഓടപ്പൂ തല്ലല്‍ യന്ത്രവല്‍ക്കൃതമാക്കിക്കാണും. അല്ലെങ്കിലും കൈകൊണ്ട് തല്ലി ഇക്കാലത്ത് എത്ര ഭക്തന്മാര്‍ക്ക് ഇപ്പൂവ് കൊടുക്കാനാ.

അങ്ങനെ ഭക്തി എന്ന് പറയുന്ന ഈ അഭിനവ ആക്രാന്തം ഇന്ന് നല്ലൊരു വ്യാപാരമേഖലയാണ്. പണം കൂടുന്ന മുറയ്ക്ക് ഇതൊക്കെ കൂടുകയേയുള്ളൂ. നടക്കട്ടെ. എന്റെ മക്കളും ഈ പാതയില്‍ തന്നെയാണ്. ഞാന്‍ അവരെ വിലക്കുന്നില്ല. എന്തിന് വിലക്കണം? നാടോടുമ്പോള്‍ വേറെ എവിടേയ്ക്കാണ് എനിക്കവരെ നയിക്കാന്‍ കഴിയുക. എനിക്ക് ജീവിയ്ക്കണമെങ്കില്‍ ഒരു ദൈവത്തിന്റെയും ആ‍വശ്യമില്ലായിരുന്നു. കാരണം ഈ ജീവിതം ഞാന്‍ ചോദിച്ചു വാങ്ങിയതല്ല. പിന്നെനിക്കെന്തിന് ആരുടെയെങ്കിലും ഔദാര്യം? ജീവിയ്ക്കുന്നത്കൊണ്ട് ചില്ലറ ആവശ്യങ്ങളുമുണ്ടായിരുന്നു. എനിക്ക് നിവൃത്തി ചെയ്യാന്‍ കഴിയുന്ന ആവശ്യങ്ങളേ എനിക്കുണ്ടായിരുന്നുള്ളൂ. അത്കൊണ്ട് ആവശ്യനിവര്‍ത്തിക്കായി എവിടെയും അലയേണ്ടി വന്നിട്ടില്ല. ഇപ്പോള്‍ ആള്‍ക്കൂട്ടത്തിന്റെ ഭാഗമായി മക്കളും അമ്പലങ്ങളില്‍ പോകുമ്പോള്‍ ഞാനും ചിലപ്പോള്‍ കൂടെ പോകുന്നു. അവിടങ്ങളിലെ ചടങ്ങുകള്‍ കുട്ടിക്കളി കാണുന്ന പോലെ സാകൂതം വീക്ഷിക്കുന്നു. അവിടെ എത്തിപ്പെടുന്ന ഭക്തരെ സഹതാപത്തോടെ നോക്കുന്നു, ഇവരുടെ സങ്കടങ്ങള്‍ തീര്‍ത്തുകൊടുക്കാന്‍ യാഥാര്‍ഥത്തില്‍ ഒരു ശക്തിയുണ്ടെങ്കില്‍ എത്ര നന്നായിരുന്നു എന്ത് ചിന്തിക്കുന്നു. ആര്‍ത്തിപ്പണ്ടാരങ്ങള്‍ മാത്രമല്ല നിത്യജീവിതത്തിന്റെ ദുരിതങ്ങള്‍ പേറുന്ന ഒട്ടേറെ പേരും അവിടെ വരുന്നുണ്ടല്ലൊ. അവരുടെ ദുരിതങ്ങള്‍ എങ്ങനെ തീരും എന്ന് ഞാന്‍ ദു:ഖിക്കുകയും ചെയ്യുന്നു.

അങ്ങനെ ചിത്രകാരന്‍ കൊട്ടിയൂരിലെത്തി. സത്യത്തില്‍ എനിക്ക് ആദ്യം അമ്പരപ്പാണ് തോന്നിയത്. വായിച്ച് തീര്‍ന്നപ്പോഴാണ് അയല്‍പ്പക്കക്കാരുടെ കൂടെ ഒരു സൌഹൃദയാത്ര നടത്തുകയായിരുന്നു എന്ന് മനസ്സിലായത്. ഏതായാലും പോസ്റ്റ് വായിച്ച് ഫോട്ടോകളും കണ്ടപ്പോള്‍ ശരിക്കും കൊട്ടിയൂരില്‍ എത്തിയ പ്രതീതിയാണുണ്ടായത്. കമന്റ് എഴുതിത്തുടങ്ങിയപ്പോള്‍ ബെര്‍ളിതോമസ്സിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അല്പം വികാരാധീനനായി പോയി. അതാണ് ഇത് പോസ്റ്റിനേക്കാളും നീണ്ടുപോയത്. സാരമില്ല, നമ്മുടെ ചിത്രകാരനല്ലെ അല്പം സ്വാതന്ത്ര്യം എടുക്കാം.

Joker said...

ഈ ഉത്സവത്തിന്റെ പിന്നിലെ യഥാര്‍ത്ത ചരിത്രം അറിയാന്‍ ആഗ്രഹമുണ്ടായിരുന്നു. കഥകളോക്കെ പിന്നീട് വന്നതായിരിക്കണം.

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

അതായത് ജോക്കറേ,“യഥാർത്ഥ കഥ “ ദെന്താണെന്നു വച്ചാല്,

കൊട്ടിയൂരില്ലേ, ദതൊരു ബുദ്ധിസ്റ്റ് ടെമ്പിളാർന്നേ.. ഗോത്ര ജനതയുടെ സ്വത്വബോധത്തിന്റെ ഔന്നത്യമാർന്ന ഒരു പ്രഭവകേന്ദ്രാർന്നു ലതു. ലപ്പോഴാണു ബ്രാഹ്മണ്യ പൌരോഹത്യ വിഷജന്തുക്കൾക്ക് ബോധോധയമുണ്ടായേ. ഹമ്പടാ!!! അത്രക്കായോ..നേരേ ശങ്കരാചാര്യരേം കൂട്ടീ അവിടത്തെ ഗോത്രജനതയെ പീഡിപ്പിച്ച് ലതിന്റെ അഭ്യുദയകാംക്ഷികളായി ലവരെ സംരക്ഷിച്ചു കൊണ്ടിരുന്ന സി.മി, പോപ്പുലർഫ്രണ്ട് തൊടങ്ങ്യ മാനവികപ്രസ്ഥാനങ്ങളെ അടിച്ചോടിച്ച് ബ്രാഹ്മണ്യഭരണം സ്ഥാപിച്ചു. ചരിത്രപൊത്തകത്തിൽ ഉണ്ട്

..ഇനിപ്പോ, കസബിനേം അഫ്സലിക്കായേം മുൻ നിർത്തി ഒരു ഗോത്രവിമോചന വിപ്ലവം തന്നെ മ്മക്ക് ചംഘടിപ്പിച്ച് കളയാം.. എന്നാലേ ഈ ഹിന്ദു വിഷജന്തുക്കൾ പഠിക്കൂ..

ബിജു ചന്ദ്രന്‍ said...

നല്ല ചിത്രങ്ങള്‍ ... ചിത്രകാരന് നന്ദി. പ്രവീണ്‍ തമാശിച്ചത് പോലെയല്ലെങ്കിലും ഇത് വല്ല ഗോത്ര ദൈവത്തിന്റെ കാവോ മറ്റോ ആവാനാണ് സാധ്യത.(?) ദക്ഷന്റെയും താടിയുടെയും കഥയൊക്കെ ബ്രാഹ്മണ സൃഷ്ടി തന്നെ. കൂടുതല്‍ അറിയുന്ന ആരെങ്കിലും പറഞ്ഞു തരൂ...

കുട്ടന്‍ said...
This comment has been removed by a blog administrator.
കുട്ടന്‍ said...
This comment has been removed by a blog administrator.
കൂതറHashimܓ said...

ഉത്സവത്തിന്‍ നല്ല കലക്ഷന്‍...!!
അടുത്തതിന് ഹാജര്‍

Unknown said...

നല്ല ചിത്രങ്ങള്‍, നല്ല താടികള്‍.
സാധാരണയായി തുടക്കം ഇങ്ങനെയൊക്കെത്തന്നെയാണ് - സുഹൃത്തുക്കളോട് ചേര്‍ന്ന് വെറുതെയൊരു കമ്പനിക്കായി കൂടെ പോകുക... :-) ഭാവുകങ്ങള്‍.

shaji.k said...

നല്ല തീര്‍ഥാടന വിവരണം.നല്ല ഫോട്ടോകള്‍.നന്നായിട്ടുണ്ട് ചിത്രകാരാ.

Prasanna Raghavan said...

ഭക്തിയേക്കുറിച്ചു സുകുമരന്‍ മാഷ് എഴിതിയതു വായിച്ചപ്പോഴാണ് ഓര്‍ത്തത്, ഞാന്‍ നട്ടില്‍ വരുമ്പോള്‍ എന്റെ അഛന്‍ പറയുമായിരുന്ന ഒരു കാര്യമൂണ്ട്,,നീ അവളെ പോലെയാകരുത്’. അവളെന്നു പറഞ്ഞാല്‍ എന്റ് അനിയത്തി. നാട്ടില്‍ വന്നു കഴിഞ്ഞാല്‍ പിന്നെ വണ്ടിയെ കറങ്ങലാണ്. ഭക്തി റ്റൂര്‍ ഡയറക്റ്റര്‍ എന്റെ നാത്തൂനാണ്. ഒടുവില്‍ ഇവിടൊക്കെ നടന്ന്. കാലേലൊന്നു ചൊറിഞ്ഞുപൊട്ടിയാല്‍ പരിഹാരം, അമ്പതിനായിരത്തിന്റെ പൂജ:)

ഇപ്പോഴും ഞാന്‍ നാട്ടില്‍ എത്തുമ്പോള്‍,എന്റെ നാത്തൂന്‍ ആകാംക്ഷയോടെ, കേര്‍ളത്തില്‍ ഏറ്റവും പുതുതായി രജിസ്റ്റര്‍ ചെയ്ത ഭക്തി റ്റൂറിസ്റ്റ് കേന്ദ്ര വിവരങ്ങളുമായി വരാറൂണ്ട്. ഞാന്‍ സ്നേഹത്തൊടെ പറയും, അനിയത്തി വരുന്നുണ്ട് എന്ന്.
എന്റ് അഛന്‍ മരിച്ചു പോയി, എങ്കിലും ഞാന്‍ അദ്ദേഹം പറഞ്ഞത് ഒരിക്കലും മറക്കില്ല.

ചിത്രകാരാ ആ സ്ഥലങ്ങള്‍ക്കൊക്കെ നല്ല ഭംഗി. ആ താടികള്‍ക്കും. ചിത്രങ്ങള്‍ ഒരു പുരതന ജനതയെ കുറിച്ചുള്ള ചിന്തകള്‍ മനസിലുണ്ടാക്കി.

Unknown said...

അക്കരെക്കൊട്ടിയൂരപ്പനെത്തൊഴുതാലേ ഇക്കരെയമ്മയെ കാണാവൂ. മുറയൊന്നും തെറ്റിച്ചില്ലല്ലോ അല്ലേ :)

ബയാന്‍ said...

ഓടപ്പൂവ് കണ്ടിട്ട് നാളേറെയായി. നല്ല അനുഭവം.

Anil cheleri kumaran said...

കണ്ടൊ,, അവിടെ കൊണ്ടെത്തിച്ചില്ലേ.. ആരാ പറഞ്ഞേ ദൈവമില്ലാന്ന്?

ശ്രീജിത് കൊണ്ടോട്ടി. said...

ഞാനും രണ്ടു തവണ കൊട്ടിയൂരില്‍ പോയിട്ടുണ്ട്. കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്‌.. അന്ന് അവിടെ ഇത്ര മാത്രം തിരക്കൊന്നും കണ്ടില്ല. ഭക്തി തലക്ക് പിടിച്ച ആയിരങ്ങള്‍.. എന്റമ്മോ!! ശംഭോ മഹാദേവ!!!

elora said...

നല്ല ചിത്രങ്ങള്‍ , അറിഞ്ഞോ, അറിയാതെയോ ചിത്രകാരന്‍ ത്നനെന്റെ ഭാഷ മയപെടുത്തി ,,

Unknown said...

25-6-2012 ഒരു സുഹൃത്തിന്റെ കല്ല്യാണമായിരുന്നു ഇന്ന്, (അമ്പലത്തിൽ നിന്ന 1.5km മാത്രം അകലം).

സ്ത്രീജനങ്ങളുടെ വരവ് ഇന്നലത്തെകൊണ്ട് കഴിഞ്ഞിരുന്നു, അതോണ്ട് തിരക്കില്ലാതെ കൊട്ടിയൂരമ്പലത്തിലെ ഉത്സവവും കണ്ടു :)