Sunday, September 25, 2011

പത്ര ഏജന്റുമാരുടെ സമരം നാം ശ്രദ്ധിച്ചുവോ ?

ചരിത്രത്തിലാദ്യമാണെന്നു തോന്നുന്നു, നമ്മുടെ പത്ര ഏജന്റുമാര്‍ 2011 സെപ്തംബര്‍ 3ന് പണിമുടക്കു നടത്തിയിരുന്നു. പ്രസ്തുത സമരം ഒരു പത്രമില്ലാത്ത ദിനം എന്നതിലുപരി നമ്മുടെ മനുഷ്യത്വ രഹിതമായ അല്ലെങ്കില്‍ നന്ദികേടിന്റെ ഓര്‍മ്മപ്പെടുത്തല്‍ ദിനം കൂടിയായിരുന്നു. അതിരാവിലെ നാം ഉണരുമ്പോഴേക്ക് നമ്മുടെ വീട്ടുവാതില്‍ക്കല്‍ നാം ആവശ്യപ്പെട്ട വര്‍ത്തമാനപ്പത്രം സുരക്ഷിതമായി എത്തിക്കുക എന്നത് ഇത്രയും കാലം മുടക്കമില്ലാതെ ചെയ്തുപോന്ന തൊഴിലില്‍ ഏര്‍പ്പെട്ടിരുന്നവര്‍ തങ്ങളുടെ വ്യസനം ആദ്യമായി അറിയിക്കുയാണ് സെപ്തമ്പര്‍ 3ലെ പണിമുടക്കിലൂടെ ചെയ്തത്. ഒരു ദിവസത്തെ പണിമുടക്കിലൂടെ പത്രവിതരണക്കാര്‍ സമൂഹത്തിലെ തങ്ങളുടെ ദയനീയ സാന്നിദ്ധ്യം പ്രഖ്യാപിച്ചിരിക്കുന്നു. ഒരു ദിവസം പത്രം വൈകിയാല്‍ വീട്ടിലെ അടിമയായ വേലക്കാരനെ ശകാരിക്കുന്നതുപോലെ പത്രവിതരണക്കാരനെ കൈകാര്യം ചെയ്യുന്നവര്‍ നമ്മുടെ സമൂഹത്തില്‍ ധാരാളമാണ്. കൂടാതെ തെരുവുപട്ടികളെക്കൊണ്ടും വളര്‍ത്തുപട്ടികളെക്കൊണ്ടും മഴകൊണ്ടും പത്രവിതരണക്കാരേക്കാള്‍  കഷ്ടപ്പെടുന്ന ജനവിഭാഗം വേറെയുണ്ടെന്നു തോന്നുന്നില്ല. എന്നിട്ടും, അവര്‍ നമുക്കുവേണ്ടി എന്തെങ്കിലും സേവനം നല്‍കുന്നതായി നമുക്കു തോന്നുന്നില്ല.

വീട്ടിലെ ദാരിദ്ര്യം കാരണമോ മുതിര്‍ന്ന കുടുമ്പാംഗങ്ങളോടുള്ള അനുസരണയുടെ ഭാഗമായോ  സ്കൂളില്‍ പോകുന്നതിനു മുന്‍പ് ചില കുട്ടികള്‍ നടത്തുന്ന ബാലവേല എന്നോ, പത്രങ്ങളോടുള്ള ബഹുമാനവും, പാരമ്പര്യവും നിമിത്തം ചില വൃദ്ധ ജനങ്ങള്‍ ആചാരം പോലെ അനുഷ്ടിക്കുന്ന ജോലിയെന്നോ പത്രവിതരണത്തെ നിസാരമായി കാണുകയായിരുന്നു നാം. അടുത്തകാലത്തായി മോട്ടോര്‍ സൈക്കിളുകളില്‍ പത്രവിതരണം നടത്തുന്ന പത്ര എജ്ജന്റിന്റെ പരിഷ്ക്കാര നടപടിയെ അഹങ്കാരപ്രകടനമായിപ്പോലും പത്ര വരിക്കാരായ , ജനാധിപത്യ വിശ്വാസികളെന്നു മേനി നടിക്കുന്ന നാം നോക്കിക്കണ്ടിട്ടുണ്ടായിരിക്കാം. പത്ര വിതരണക്കാരായി വീടുകള്‍ തെണ്ടി നടക്കേണ്ടി വരുന്ന കുട്ടികള്‍ സ്കൂളിലെത്തുമ്പോള്‍ എന്തുമാത്രം നമ്മുടെ കുട്ടികളാല്‍ പരിഹസിക്കപ്പെട്ടിരിക്കാനിടയുണ്ട് !  പത്രവിതരണ തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്ന വളരെ ചെറിയ ന്യൂനപക്ഷമായ ഈ മനുഷ്യര്‍ നമ്മുടെ നന്ദികേട് ഇത്രയും കാലം മൌനമായി സഹിക്കുകയായിരുന്നില്ലേ എന്ന് ചിത്രകാരന്‍ ഒരു ഞെട്ടലോടികൂടി ഓര്‍ക്കുകയാണ്. സമൂഹത്തിന്റെ ആ നന്ദികേടിനോടുള്ള ചിത്രകാരന്റെ പശ്ചാത്താപമാണ് ഏറെ വൈകിയാണെങ്കിലും ഈ കുറിപ്പെഴുതാന്‍ കാരണമായിരിക്കുന്നത്.

ഒരു കവറു പാലോ, ഒരു പേക്കു സിഗരറ്റോ, ഒരു ബീവറേജസ് കുപ്പിയോ നമ്മുടെ വീട്ടിലെത്തിക്കാന്‍ അന്യരെ ആശ്രയിക്കുകയാണെങ്കില്‍ പ്രതിഫലം നല്‍കാതെ സാധിക്കില്ല. എന്നാല്‍, വര്‍ത്തമാന പത്രം മാത്രം ഒരു പ്രതിഫലവും നല്‍കാതെയും, മുന്‍‌കൂര്‍ വിലനല്‍കാതെയും നമ്മുടെ വീട്ടു പടിക്കലെത്തുന്നു എന്നത് നാം ഇത്രയും കാലം അനുഭവിച്ച സുഖലോലുപമായ മാടമ്പി സൌകര്യമാണെന്ന് പറയേണ്ടതുണ്ട്.  അടിമത്വവും മാടമ്പിത്വവും അവസാനിച്ചിട്ടും പത്ര വിതരണക്കാര്‍ നമ്മേ സൌജന്യസേവനം നല്‍കി സേവിച്ചുകൊണ്ടിരുന്നത് ജനാധിപത്യത്തിലെ മാടമ്പി സ്ഥാപനമായി നിലനിന്നിരുന്ന പത്രങ്ങളോടുള്ള ഭയഭക്തിബഹുമാനത്തിന്റെ ഫലമായിരുന്നു. വിഷ്വല്‍ മീഡിയയുടെ വരവോടുകൂടി ഇടിഞ്ഞുതുടങ്ങിയ പത്രങ്ങളുടെ വല്യേട്ടന്‍/കാരണവര്‍ സ്ഥാനം ഏജന്റുമാര്‍ക്ക് തങ്ങളുടെ ദയനീയമായ അടിമത്വത്തെക്കുറിച്ചും, തൊഴില്‍ പരമായി സമൂഹം നല്‍കുന്ന നന്ദികെട്ട അന്തസില്ലായ്മയെക്കുറിച്ചും അറിവുണ്ടാകാന്‍ അവസരമുണ്ടാക്കിയിരിക്കുന്നു എന്നു വേണം മനസ്സിലാക്കാന്‍.

സത്യത്തില്‍ ഇങ്ങനെയൊക്കെ സൌജന്യമായി ഒന്നാന്തരം സേവനം ദിവസവും വീട്ടുപടിക്കല്‍ കിട്ടുന്നതുകൊണ്ടുകൂടിയാണ് നമ്മുടെ ജനങ്ങള്‍ വ്യാപകമായി പത്രവരിക്കാരാകാന്‍ തയ്യാറാകുന്നത്. പത്തു ലക്ഷവും ഇരുപതു ലക്ഷവുമൊക്കെ വരിക്കാരുണ്ടെന്ന് മേനിപറഞ്ഞ് നമ്മുടെ മാധ്യമ ശേഷി ജനപ്രജ്ഞയായി അഹങ്കരിക്കുന്നതും മിണ്ടാപ്രാണികളെപ്പോലെ നമ്മേ സേവിച്ചുകൊണ്ടിരുന്ന പത്ര ഏജന്റുമാരും പാവപ്പെട്ട പത്രവിതരണക്കാരും നല്‍കിയ സൌജന്യ സേവനത്തിന്റെ നന്മ നിറഞ്ഞ അടിത്തറ കാരണമായിരുന്നു എന്നു പറയാം. പത്ര വിതരണക്കാര്‍ക്ക് അവരുടെ ജോലിക്കനുസരണമായ പ്രതിഫലവും, ആനുകൂല്യങ്ങളും, അന്തസ്സും നല്‍കാതിരുന്നത്, അവരെ എക്കാലവും അടിമകളാക്കി നിലനില്‍ക്കാം എന്ന പത്രമാധ്യമങ്ങളുടെ മാടമ്പി ധാരണകളുടെ പാരമ്പര്യം കാരണമായിരിക്കണം. ജനങ്ങളുടെ പൊതുബോധത്തെ അടക്കി ഭരിക്കാനായാല്‍ തങ്ങളുടെ മേധാശക്തിക്കുമുകളില്‍ പരുന്തുകള്‍ പറക്കില്ലെന്ന് നമ്മുടെ പത്രക്കാര്‍ ഇപ്പോഴും പകല്‍ക്കിനാവുകാണുന്നുണ്ടാകാം. എന്തായാലും, പത്ര വിതരണവുമായി ബന്ധപ്പെട്ട തൊഴിലില്‍ ഏര്‍പ്പെടുന്ന മനുഷ്യരോട് ഇത്രയും കാലവും, ഇപ്പോഴും പത്രസ്ഥാപനങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കുന്ന ലജ്ജയില്ലാത്ത നരാധമ നിലപാട് അപലപനീയമാണ്. പത്ര സ്ഥാപനങ്ങളെ വിചാരണ ചെയ്യാന്‍ പൊതുജനം മുന്നോട്ടുവരേണ്ടത് സൌജന്യ സേവനത്തിന്റെ പറ്റുകാരെന്ന നിലയില്‍ ജനങ്ങളുടെ ധാര്‍മ്മിക ബാധ്യതയാണെന്ന് തിരിച്ചറിയപ്പെടേണ്ടതുണ്ട്.

ഇതുപോലെ സമൂഹത്തിനു വേണ്ടി അടിമപ്പണിയെടുക്കുന്ന നിരവധി ന്യൂനപക്ഷങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരെ തിരിച്ചറിയേണ്ടതും, അടിമത്വ ബോധത്തില്‍ നിന്നും ഉയര്‍ത്തിക്കൊണ്ടു വരേണ്ടതും നമ്മുടെ സാസ്ക്കാരിക വളര്‍ച്ചയുടെയും മാടമ്പി പാരമ്പര്യത്തിന്റെ നിരാകരണത്തിന്റേയും ഒഴിച്ചുകൂടാനാകാത്ത കര്‍ത്തവ്യമാണ്.

വ്യക്തിപരമായ അസൌകര്യങ്ങള്‍ കാരണം എഴുതാന്‍ താമസിച്ചുപോയ പോസ്റ്റാണിത്. അക്ഷരങ്ങളുമായി ചിത്രകാരനെ ബന്ധപ്പെടുത്തിയ പത്രങ്ങളെയും അതിലെ മനുഷ്യ ജീവിതത്തേയും അക്ഷരങ്ങളെപ്പോലെത്തന്നെ സ്നേഹിക്കുന്നതിനാലാണ് ഈ പോസ്റ്റ്.

11 comments:

Kalam said...

ചിത്രകാരാ..
താങ്കളുടെതായി വായിച്ചതില്‍ ഏറ്റവും നല്ല പോസ്റ്റ്‌.
നാമുണരും മുന്‍പേ പണി തീര്‍ക്കുന്ന ഇവരുടെ അധ്വാനം പലരുടെയും കണ്ണില്‍ പെടാറില്ല. വല്ലപ്പോഴും ദൂരയാത്രക്കായി പുലര്‍ച്ചെ പുറത്തിറങ്ങുമ്പോഴാണ് ഇവരെ കാണാറുള്ളത്‌. കൊച്ചു കുട്ടികള്‍ മുതല്‍ വൃദ്ധന്മാര്‍ വരെ.. പലപ്പോഴും ഒരു ആചാരം പോലെ നടത്തപെടുന്നത്.

ഈ പോസ്റ്റിനു നന്ദി, ഈ കരുതലിനും.
ഒപ്പം ആ നിശബ്ദസേവകരുടെ ആവശ്യങ്ങള്‍ക്ക് ഐക്യധാര്ട്യവും.

Muralee Mukundan , ബിലാത്തിപട്ടണം said...

‘ഇതുപോലെ സമൂഹത്തിനു വേണ്ടി അടിമപ്പണിയെടുക്കുന്ന നിരവധി ന്യൂനപക്ഷങ്ങള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അവരെ തിരിച്ചറിയേണ്ടതും, അടിമത്വ ബോധത്തില്‍ നിന്നും ഉയര്‍ത്തിക്കൊണ്ടു വരേണ്ടതും നമ്മുടെ സാസ്ക്കാരിക വളര്‍ച്ചയുടെയും മാടമ്പി പാരമ്പര്യത്തിന്റെ നിരാകരണത്തിന്റേയും ഒഴിച്ചുകൂടാനാകാത്ത കര്‍ത്തവ്യമാണ്...’

ഇത്തിരി വൈകിയാണെങ്കിലും ഇത്തരം അടിമപ്പണിക്കാരെ ന്യായീകരിച്ച് ഇത്രയെങ്കിലും പ്രതികരിച്ചതിൽ ഭായ് അഭിനന്ദനം അർഹിക്കുന്നൂ...

Njanentelokam said...

ചിത്രകാരന്റെ അറിവിലേക്ക്
ഓരോ മാസവും 10രൂപ സര്‍വീസ്‌ ചാര്‍ജ് ഇനത്തില്‍ ഓരോ വരിക്കാരന്റെ കയ്യില്‍ നിന്നും വാങ്ങുന്ന എജെന്റ്മാരും ഉണ്ട്.
ഈ സമരം ചെയ്തതിന്റെ പേരില്‍ ഒരാളുടെ എജെന്സി മറ്റു കാരണങ്ങള്‍ പറഞ്ഞു നഷ്ടപ്പെട്ടതായും കേട്ടു.ഒറ്റപ്പെട്ട സംഭവമാണോ എന്നറിയില്ല.
അവരുടെ സേവനം അനുസ്മരിച്ചത് നല്ലത്.നല്ല ആള്‍ക്കാര്‍ മാത്രമല്ല ഉള്ളത് എന്നതും ഓര്‍ക്കുന്നു.

Pradeep Narayanan Nair said...

അഭിനന്ദനങ്ങൾ!

ഹ്സ്കൈളിൽ വേനലവധിക്കാലത്തു ഞാനും പത്രമിടാൻ പൊവുമായിരുന്നു. നൂറു പത്രം ക്രുത്യമായി വിതരണം ചെയ്താൽ രണ്ടര രൂപ ദിവസെന തരുമായിരുന്ന പത്രമുത്തശ്ശിയുടെ ഏജന്റ്. പട്ടികളുള്ള വീട്ടിൽ പത്രം കൊണ്ടു പൊകാൻ ഇത്തിരി പേടി ഉണ്ടായിരുന്നു എങ്കിലും സൈക്കിൾ ചവിട്ടി പലപ്പൊഴും രക്ഷ്പെട്ടിരുന്നു. ഇന്നത്തെ പോലെ ഗേറ്റിൽ പി വി സി പൈപ്പു വച്ചു അതിന്റെ ഉള്ളിൽ പത്രം നനയാതെ വക്കുന്ന സൂത്രം ഒന്നും അന്നു കണ്ടിട്ടില്ല.
---
ദുബായിൽ എത്തിയതിനു ശേഷം പത്രം വായന തന്നെ കുറഞ്ഞു. പത്രവിതരണക്കാരുടെ പ്രതിഷെധം ചൂണ്ടിക്കാട്ടുകയും ഈ സന്ദേശം നൽകിയതിനും സല്യുട്ട് !...

ഇ.എ.സജിം തട്ടത്തുമല said...

പത്രത്തിൽ പേരുവച്ചെഴുതുന്നവരെ നമ്മൾ ആദരിക്കും. അവർക്ക് എല്ലാ ആനുകൂല്യങ്ങളും ഉണ്ട്. സർക്കാരിന്റെ സംരക്ഷണമ്പോലും. പക്ഷെ പത്രം വായനക്കാരിലെത്തിക്കുന്ന പത്രവിതരണക്കാന് യാതൊരു വിലയും കല്പിക്കുന്നില്ല. ഇടുന്ന പത്രത്തിനു പണം നലകാത്തതിന്റെ പ്രയാസങ്ങൾ പത്രത്തിലെ എഴുത്തുകാരോ മുതലാളിയോ അല്ല ശരിക്കും അനുഭവിക്കുന്നത്. പാവം ചെറുകീട ഏജന്റന്മാരും വിതരണക്കാരുമാണ്. യതാർത്തത്തിൽ വിജ്ഞാനത്തൊഴിലാളികളാണ് പത്രവിതരണക്കാർ. അവരാണ് അറിവുകളെ നമുക്ക് മുന്നിൽ എത്തിക്കുന്നത്. അവർക്ക് ജേർണലിസ്റ്റുകൾക്ക് നൽകുന്നതിനെക്കാൾ പ്രിഗണന നൽകേണ്ടതാണ്.

മുകിൽ said...

ഈ ഓര്‍മ്മിപ്പിക്കലിനു നന്ദി ചിത്രകാരാ. പതിവായി കാണുന്ന കുഞ്ഞു മുഖങ്ങള്‍ മനസ്സിലേക്കു വന്നു. ഡോറിനു മുന്നില്‍ ശബ്ദത്തോടെ പത്രം ഇട്ടു പോകുന്നവര്‍. ഓര്‍ക്കാറുണ്ട് സ്കൂളില്‍ പോകുന്നതിനു മുമ്പുള്ള പണിയാവും എന്ന്. നോര്‍ത്തിന്‍ഡ്യയില്‍ സ്കൂളില്‍ പോക്കും ഉണ്ടാവില്ല. രണ്ടു റൊട്ടിയാവും പ്രലോഭനം.

ChethuVasu said...

സത്യം !! ആള് കൂടുന്നതിന് മുമ്പുള പ്രഭാത വേളകളില്‍ ആരെക്കാളും മുമ്പ് ഇവര്‍ ഉണരുന്നത് , നമുക്കൊക്കെ വേണ്ടിയാണല്ലോ എന്ന് ഓര്‍മ്മിപ്പിച്ചതിനു നന്ദി ! പണ്ട് വല്ലിടത്തും ഇന്റെര്‍വ്യൂവിണോ ടെസ്റ്റു പരീക്ഷക്കോ കലതെനീട്ടു യാത്ര പോകുമ്പോള്‍ ആണ് ഇവരുടെ ലോകം ശ്രദ്ധയില്‍ പെടുക !
നന്ദി !

ആസാദ്‌ said...

സത്യസന്ധമായ പോസ്റ്റ്‌. സത്യത്തില്‍ അങ്ങിനെ ഒരു വിഭാഗം നമ്മുടെ നാട്ടില്‍ ഉണ്ടെന്നു തന്നെ നമ്മില്‍ പലര്‍ക്കും അറിയില്ല. എപ്പോള്‍ ആളുകള്‍ അറിയണം എങ്കില്‍ സമരം തന്നെ ചെയ്യണം എന്നായിട്ടുണ്ട് എന്ന് തോനുന്നു..

ഷാരോണ്‍ said...

ചിത്രകാരന്‍ മറ്റൊരു കാര്യം കൂടി ആലോചിക്കുക..

ഈ പണം കൊടുക്കേണ്ടത് വരിക്കാരോ അതോ പത്ര മുതലാളിമാരോ?
കാര്യം ഒക്കെ ശെരി തന്നെ..
പത്രം വെറുതെ കൊടുത്താല്‍ പോലും ലാഭമാണ് മനോരമ പോലെ ഉള്ള പത്രങ്ങള്‍ക്ക്.
വീട്ടു വാതില്‍ക്കല്‍ പത്രം എത്തിക്കാന്‍ എന്ന പേരില്‍ കൂടിയാണ് നമ്മള്‍ പത്രത്തിനു പണം കൊടുക്കുന്നത്.
വരിക്കാരെ കൂടി കൂട്ടി പത്ര മുതലാളിമാര്‍ക്കെതിരെ തിരിഞ്ഞാല്‍ അതിനു ഒരു രസമുണ്ട്.

നാളെ അമേരിക്കയില്‍ കാണും പോലെ വഴിവക്കിലൊക്കെ പേപ്പര്‍ വെണ്ടിംഗ് മെഷിന്‍ വെക്കും.
അതിനു വല്യ താമസം ഒന്നുമില്ല.

roshan kakkur said...

Malayalam adikkan ariyill.......valare nalla post... ethrayo kalangalkku munne cheyyendathayirunnu.....Thanks

ഇ.എ.സജിം തട്ടത്തുമല said...

“വര്‍ത്തമാന പത്രം മാത്രം ഒരു പ്രതിഫലവും നല്‍കാതെയും, മുന്‍‌കൂര്‍ വിലനല്‍കാതെയും നമ്മുടെ വീട്ടു പടിക്കലെത്തുന്നു എന്നത് നാം ഇത്രയും കാലം അനുഭവിച്ച സുഖലോലുപമായ മാടമ്പി സൌകര്യമാണെന്ന് പറയേണ്ടതുണ്ട്.“