Monday, November 7, 2011

ആദമിന്റെ മകന്‍ അബു

ആങ്ങനെ...  ചിത്രകാരനും ആദമിന്റെ മകന്‍ അബു എന്ന മലയാ‍ള സിനിമ കണ്ടു. പതിവുപോലെ, ചിത്രകാരന്റെ അനിയന്‍ മധു “ആദമിന്റെ മകന്‍ അബു”വിനെക്കുറിച്ചുള്ള നല്ല അഭിപ്രായത്തോടെ സി.ഡി. ഏല്‍പ്പിച്ചപ്പോള്‍ കാണാന്‍ നിര്‍ബന്ധിതനായതാണ്.

കിടിലോല്‍ക്കിടിലമായ ഒരു കഥയോ കട്ടിയുള്ളൊരു പ്രമേയമോ ഇല്ലെങ്കില്‍ പോലും സിനിമയുടെ ഹൃദ്യമായ ജീവിതാഭിമുഖ്യവും, സത്യസന്ധതയും, സുതര്യതയും, ലാളിത്യവും അതിമനോഹരമായി അവതരിപ്പിച്ചിരിക്കുന്ന സിനിമയായി ആദമിന്റെ മകന്‍ അബു വേറിട്ടുനില്‍ക്കുന്നുണ്ട്. സത്യത്തില്‍ ആദമിന്റെ മകന്‍ അബു നമ്മുടെ നാടിന്റെ സിനിമയാണ്, മലയാളിയുടെ സിനിമയാണ്, നമ്മുടെ ജീവിതത്തിന്റെ സിനിമയാണ്. അതിഭാവുകത്വത്തിന്റേയും, അബദ്ധജടിലമായ വിശ്വാസങ്ങളുടേയും, ഉപരിവര്‍ഗ്ഗ മാടമ്പിത്വത്തിന്റേയും ബാലിശമായ പ്രമേയങ്ങളില്‍ കൂത്താടുന്ന മലയാള സിനിമക്ക് പേരുദോഷത്തില്‍ നിന്നും രക്ഷപ്പെടാനുള്ള ശരിയായ വഴി കാണിക്കുന്ന സിനിമയായി “ആദമിന്റെ മകന്‍ അബു”വിനെ കാണേണ്ടിവരും.

മലയാള മാടമ്പി സിനിമയിലെ സ്ഥിരം വിഢികളും, തല്ലുകൊള്ളികളും, അധികപ്രസംഗികളും, ഗോഷ്ടികള്‍കൊണ്ടു ഭാവാഭിനയം നടത്തി കാലക്ഷേപം നടത്തുന്നവരുമായിരുന്ന സലീം കുമാറിനേയും, സുരാജ് വെഞ്ഞാറമൂടിനേയും, കലാഭവന്‍ മണിയേയുമൊക്കെ അനാവശ്യമായി വായതുറപ്പിക്കാതെയും, സ്വന്തം  രോമം പോലും അനാവശ്യമായി ചലിപ്പിക്കാന്‍ അവസരം കൊടുക്കാതെയും സംവിധായകന്‍ സലീം അഹമ്മദ് ശക്തമായ ഇച്ഛാശക്തിയോടെ കഥാപാത്രങ്ങളെ ലാളിത്യത്തോടെ വരച്ചുകാണിച്ചിരിക്കുന്നു.

ഒരു അത്തറുവില്‍പ്പനക്കാരന്റെ പരമ്പരാഗത വാര്‍പ്പുമാതൃകക്ക് അനുരൂപനായ നടന്‍ സലീം കുമാറിന്റെ ബാഹ്യപ്രകൃതിയെ തിരഞ്ഞെടുക്കുന്നതിലൂടെത്തന്നെ സംവിധായകന്‍ തന്റെ ചലച്ചിത്രഭാഷയുടെ വ്യാകരണബോധം പ്രകടമാക്കുന്നുണ്ട്. ആ കഥാപാത്രത്തില്‍ ആവാഹിക്കപ്പെടുന്ന നന്മയും, ഭക്തിയും, സത്യസന്ധതയും, ധാര്‍മ്മികതയും, സഹദര്‍മ്മിണിയോടുള്ള പ്രേമവും ... ഏതൊരു ഇസ്ലാം മതവിശ്വാസിക്കും ഏറ്റവും മഹത്തരമെന്ന് അനുഭവപ്പെടുന്ന ഹജ്ജ് ചെയ്യാനുള്ള ആഗ്രഹവും ഹൃദ്യമായി ആസ്വാദകന്റെകൂടി അനുഭവമാക്കുന്നതില്‍ ചലച്ചിത്രകാരന്‍ വിജയിച്ചിട്ടുണ്ട്. ഹജ്ജു ചെയ്യാനുള്ള തങ്ങളുടെ അദമ്യമായ ആഗ്രഹത്തിനു തടസ്സം നേരിടുമ്പോള്‍, ഏറ്റവും ദരിദ്രമായ സാഹചര്യത്തിലുള്ള ഏറ്റവും നന്മനിറഞ്ഞ മനുഷ്യര്‍ക്കുമാത്രം അനുഭവപ്പെടുന്ന ഈശ്വരനെക്കരുതി സമാധാനിക്കാനുള്ള ശേഷികൊണ്ട്  സാധാരണ ജീവിതത്തിന്റെ കര്‍ത്തവ്യബോധത്തിലേക്ക് തിരിച്ചുവരുന്ന ആദമിന്റെ മകന്‍ അബു അസാധാരണമായ പഴയ സ്കൂള്‍ പാഠപുസ്തകത്തിലെ അബുവിന്റെ പാരമ്പര്യം ഉദ്ഘോഷിക്കുകയാണെന്ന് പറയാം. 

മലബാറിലെ പ്രൈവറ്റ് ബസ്സുകളില്‍ കാണപ്പെടുന്ന വ്യത്യസ്ഥമതക്കാരായ ദൈവങ്ങളുടെ ഫോട്ടോ-സമ്മേളനം പോലുള്ള മതസൌഹാര്‍ദ്ദതുല്യതാബോധം കണിശമായി പാലിക്കാന്‍ സലീം അഹമ്മദ് ഈ ചിത്രത്തില്‍ ശ്രദ്ധിച്ചിട്ടുണ്ട്. അതുമാത്രമല്ല, വ്യത്യസ്തമതക്കാരായ കഥാപാത്രങ്ങളുടെ കൊടുക്കല്‍ വാങ്ങലുകള്‍ അതീവ ലോലമായതും മതാതീതവുമായ മാനുഷിക ബന്ധങ്ങള്‍ കൊണ്ട് ഇണക്കി ചേര്‍ക്കുന്ന കാര്യത്തിലും വിജയിച്ചിരിക്കുന്നു. ആദമിന്റെ മകന്‍ അബുവിന് ആകെ കലഹിക്കേണ്ടി വന്ന ചരിത്രമുള്ളത് അയല്‍പ്പക്കക്കാരനായ വഴക്കാളി സലീമുമായാണ്. അതുതന്നെ,  മനുഷ്യസ്നേഹത്തിന്റെ മറ്റൊരു രുചിഭേദമായി പരിവര്‍ത്തനം ചെയ്തെടുക്കുന്നതിലും സംവിധായകന്‍ മനസ്സുവക്കുമ്പോള്‍ സിനിമ മൊത്തത്തില്‍ ഒരു സ്നേഹകാവ്യമായിത്തീരുന്നുണ്ട്.

കാതല്‍ നഷ്ടപ്പെട്ട പൊള്ളയായ പ്ലാവെന്ന രൂപകത്തില്‍ തട്ടി തകര്‍ന്നുവീണ ഹജ്ജ് സ്വപ്നത്തെ യാഥാര്‍ത്ഥ്യബോധത്തോടെ അഭിമുഖീകരിക്കാനും, അകക്കാമ്പുള്ള ഒരു യാഥാര്‍ത്ഥ്യമായി വീണ്ടും നട്ടുനനച്ചു വളര്‍ത്താനുള്ള ഒരു തിരുത്തി എഴുത്തായും ചിത്രം അവസാനിക്കുമ്പോള്‍ സാമൂഹ്യ പ്രതിബദ്ധതയുള്ള ഒരു സാംസ്ക്കാരിക-രാഷ്ട്രീയ പ്രവര്‍ത്തനമായി “ആദമിന്റെ മകന്‍ അബു” എന്ന കലാസൃഷ്ടി മാറുന്നുണ്ട്. ഭൌതീക വളര്‍ച്ചയാല്‍ ഇളകിമറിയുന്നതും, സാംസ്ക്കാരികമായോ രാഷ്ട്രീയമായോ ഈടുറ്റ അടിത്തറകളൊന്നും ഇല്ലാത്തതുമായ ഒരു സമൂഹത്തെ അതിന്റെ ശക്തിദൌര്‍ബല്യങ്ങളെ മനസ്സിലാക്കിയ കലാകാരന്‍ അഭിമാനകരമായ തങ്ങളുടെ ജീവിത നൈര്‍മല്യത്തിലേക്കും, സൌന്ദര്യത്തിലേക്കും വിളിച്ചുണര്‍ത്തുകയാണ് ഈ സിനിമയിലൂടെ. 

തെളിച്ചുപറയണോ വേണ്ടയോ എന്നൊരു സംശയത്തോടെയുള്ള പ്രമേയത്തില്‍ സംവിധായകന്‍ സലീം അഹമ്മദ് പറഞ്ഞതിലേറെ കാര്യങ്ങള്‍ പറയാതെ ഒളിപ്പിച്ചുവച്ചിട്ടില്ലേ എന്ന ശങ്കയാണ്  ഈ സിനിമ ചിത്രകാരനിലുളവാക്കിയത്. ചിത്രത്തില്‍ ഉടനീളം അദൃശ്യ സാന്നിദ്ധ്യമായി അബുവിന്റെ ഏകമകന്‍ സത്താര്‍ നീണ്ടു നിവര്‍ന്ന് കിടക്കുന്നത് ഒരുപക്ഷേ ഭാവിയില്‍ നടക്കാനിരിക്കുന്ന ഈ സിനിമയെക്കുറിച്ചുള്ള ചര്‍ച്ചകളിലൂടെയും നിരൂപണങ്ങളിലൂടെയും പുറത്തുവരാ‍നിരിക്കുന്നതേയുള്ളു.
അബുവിന്റെ മകന്‍ സത്താര്‍ ആരാണ് ? അയാള്‍ സംബാദിക്കുന്ന പണം ഹലാലാകാനിടയില്ലെന്ന് അബു കരുതുന്നത് എന്തുകൊണ്ടായിരിക്കും ? നട്ടുനനച്ചു വളര്‍ത്തിയ വീട്ടുമുറ്റത്തെ പ്ലാവ് ജീവിതത്തിലെ ഏറ്റവും ധന്യമായ ലക്ഷ്യത്തിന് ഉപകരിക്കാതെ... പൊള്ളയായി തീര്‍ന്നതും, പൊള്ളയായ പ്ലാവിനെ സത്താറിന്റെ സാന്നിദ്ധ്യമായി ധ്വനിപ്പിക്കുന്നതിനും പിന്നില്‍ സവിധായകന്‍ സൃഷ്ടിപരമായി അനുഭവിക്കുന്ന പറയാനാകാത്ത വിങ്ങല്‍ എന്തായിരിക്കുമെന്നൊക്കെ സമൂഹത്തിന്റെ ആത്മ പരിശോധനക്കും, വായനകള്‍ക്കും, ചര്‍ച്ചകള്‍ക്കും വിഷയമാകേണ്ടതുണ്ട്. ആദമിന്റെ മകന്‍ അബുവിന്റെ പ്രതിപാദ്യം സിനിമയില്‍ ഇല്ലെന്നുതന്നെ പറ്യാം. അത് സിനിമയില്‍ നിന്നും പുറത്തേക്ക് ഒഴുകി വര്‍ത്തമാനമായി നമ്മുടെ ജീവിതത്തിനിടയില്‍ നിറഞ്ഞുകിടക്കുന്നു. സത്യമായും, ഇതാണ് മലയാള സിനിമയുടെ അഭിമാനകരമായ മുഖം.

വല്ല അസ്വാഭാവികതയും വന്നിട്ടുണ്ടെങ്കില്‍ അത് അസ്സനാര്‍ ഹാജിയുടെ പരിസരങ്ങളില്‍ മാത്രം.
രാമന്‍ നായരുടെ ചായക്കടകള്‍ മാത്രം കണ്ട് മടുത്ത മലയാള സിനിമക്ക് ഹോട്ടല്‍ ബദരിയയും കേരളത്തിലുണ്ടെന്ന് അടയാളപ്പെടുത്തിയ സിനിമ.
സുരാജ് വെഞ്ഞാറമൂടിന്റെ ഒരു കഥാപാത്രത്തെ ആദ്യമായി കാണാനായി.
ദിവ്യന്മാര്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമായതിനാല്‍ സഹിക്കാം.
ഇത്ര മനോഹരമായും സത്യസന്ധമായും ലാളിത്യത്തോടെയും കലാസംവിധാനം ചെയ്യാം.
നമ്മുടെ ഭാഗ്യമായ പ്രകൃതിയും, ഗ്രാമ്യ സൌന്ദര്യവും നമുക്കു തിരിച്ചറിയാന്‍ ...
കോഴിക്കോട് ഒരു ബസ്സ് സ്റ്റാന്റുണ്ടെന്ന് പറഞ്ഞാല്‍ സിനിമ മോശമാകില്ല.
ഒരു കച്ചവട സ്ഥാപനത്തിന്റെ പരസ്യപ്പലക കണ്ടാലും കുഴപ്പമില്ല. നല്ലൊരു സിനിമയുണ്ടായല്ലോ... ഭാഗ്യം.
മനുഷ്യ ദൈവങ്ങളും മന്ത്രവാദവും കേരളത്തിലെ മുസ്ലീങ്ങള്‍ക്കിടയിലും നിലനില്‍ക്കുന്ന യാഥാര്‍ത്ഥ്യമാണ്. നബിയുടെ തലനാരിഴയെ പ്രതിഷ്ടയാക്കാനുള്ള ശ്രമവും അതിന്റെ അനുബന്ധമാണ്.
പാപ്പിനിശ്ശേരിക്കടുത്ത് ഇങ്ങനെയൊരു കാട്ടിലെപ്പള്ളിയുണ്ടെന്ന് അറിഞ്ഞിരുന്നില്ല... നന്ദി.
ആരും അഭിനയിക്കാത്ത സിനിമ.
ജീവിതം തന്നെ സിനിമ ! സറീന വഹാബ്
ആയിശുമ്മ
വീട്ടില്‍ പോലീസ് തിരഞ്ഞു വന്നാല്‍ ആരും പേടിക്കും
ങ്ങളെ തെരഞ്ഞ് പോലീസ് വന്നിനി
നാടന്‍ പോലീസ് സ്റ്റേഷന്‍
ഉസ്താദിന്റെ മയ്യത്ത് സാധ്യതകളുള്ള സ്വത്താണ്
മതങ്ങള്‍ക്ക് സ്ഥാനമില്ലാത്ത ഊടും പാവും പോലുള്ള ബന്ധം..
അയല്‍പ്പക്ക ലഹള നമ്മുടെ ജീവിതത്തിന്റെ ഭാഗമാണ്
സമൂഹത്തിന്റെ നല്ല ചിത്രങ്ങള്‍...

16 comments:

chithrakaran:ചിത്രകാരന്‍ said...

ആദമിന്റെ മകന്‍ അബു എന്ന സിനിമ കണ്ടപ്പോള്‍ അത് മലയാള സിനിമയിലെ ഏറ്റവും ശോഭനമായ ഒരു വഴിത്തിരിവാണെന്ന് തോന്നിയതുകൊണ്ട് മനസ്സില്‍ അപ്പോള്‍ തോന്നിയ ചില കാര്യങ്ങള്‍ കുത്തിക്കുറിച്ച് വച്ചതാണ്. അച്ചടക്ക രഹിതമായ ഈ കുറിപ്പ് ഒരു നിരൂപണമാണെന്നൊന്നും തെറ്റിദ്ധരിക്കരുത് :)

ഒരു യാത്രികന്‍ said...

നന്നായി ഈ കുറിപ്പ്. ഞാനും കണ്ടിരുന്നു സിനിമ. ഇഷ്ടമാവുകയും ചെയ്തു.........സസ്നേഹം

ഡോ.ആര്‍ .കെ.തിരൂര്‍ II Dr.R.K.Tirur said...

ഇഷ്ടപ്പെട്ടു.. സിനിമയും ഈ ലേഖനവും..

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ സിനിമയുടെ ഒരു സ്ലൈഡ് ഷോ കാണിച്ചുകൊണ്ടുൾല നല്ലൊരു വിശകലമായി മാറി കേട്ടൊ ഭായ് ഈ കുറിപ്പുകൾ..

Pradeep Narayanan Nair said...

ഈ സിനിമ വളരെ ഇഷ്ടപ്പെട്ടൂ.
ഇന്നു മഴവിൽ മനൊരമയിൽ ഉണ്ടായിരുന്നു.
ചിത്രങ്ങളോടെയുള്ള വിശകലനം നന്നായി.

വെള്ളി രേഖ said...

ആദാമിന്റെ മകൻ അബു തിയേറ്ററിൽ പോയി കാണാൻ കഴിഞ്ഞില്ല. ഇന്ന് ടിവിയിൽ കാണാൻ കഴിഞ്ഞു. സലീം കുമാറിനു മികച്ച നടൻ എന്ന അംഗീകാ‍രം കിട്ടിയതുകൊണ്ടു മാത്രമല്ല മറ്റു പലകാരണങ്ങളാലും മലയാളത്തിലെ എറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് അബു എന്ന് വിലയിരുത്താവുന്നതാണ്. വിശ്വാസത്തെ ഒരു മൂല്യവ്യവസ്ഥയായിട്ടാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത് ഒരു ആചാരമോ അനുഷ്ഠാനമോ ആയിട്ടല്ല. ചിത്രത്തിന്റെ ഒരു സന്ദേശം അതാണ്.

വിശ്വാസിയായ ദർദ്രനും ധനികനും തമ്മിൽ ഭൌതിക ജീവിതത്തിൽ മാത്രമല്ല ആത്മീയ ജീവിതത്തിലും വലിയ അസമത്വം നിലനിൽക്കുന്നു എന്നും ചിത്രം ധ്വനിപ്പിക്കുന്നുണ്ട്. ഭൌതിക ജീവിതനേട്ടങ്ങൾ മാത്രമല്ല അത്മീയ അഭിലാഷങ്ങളുടെ സാക്ഷാത്ക്കാരത്തിനും സാമ്പത്തികം ഒരു ഘടകം തന്നെയാണെന്ന് ചിത്രം വ്യക്തമാക്കുന്നു. അസമത്വവും ദാരിദ്ര്യവും അവസാനിപ്പിച്ച് ഭൂമിയിൽ സ്വർഗ്ഗം സൃഷ്ടിച്ചുകൊണ്ടുമാത്രമേ പരലോകത്തിലെ സ്വർഗ്ഗം കാംക്ഷിക്കുന്നവർക്ക് അത് കൈവരിക്കാൻ കഴിയൂ എന്നും വായിച്ചെടുക്കാവുന്നതാണ്.
ചിത്രത്തിന്റെ അവസാനം അബു ഭാര്യയോട് പറയുന്നു “ഒരു പക്ഷേ അല്ലാഹുവിനു നമ്മൾ മരം മുറിച്ചു വിറ്റത് ഇഷ്ടപ്പെട്ടുകാണില്ല. അതിനും ജീവനുണ്ടല്ലോ”. ദൈവഹിതം മനുഷ്യൻ പ്രകൃതിയുമായി ഇണങ്ങി ജീവിക്കാനാണ്. വിറ്റുപോയ പശുവിനേയും കുട്ടിയേയും തിരികെ വാങ്ങാൻ അവർ തീരുമാനിക്കുന്നുണ്ട്. ഒരു പ്ലാവിൻ തൈ നട്ടുകൊണ്ട്, മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ജൈവബന്ധത്തെ സൂചിപ്പിച്ചുകൊണ്ട്, ശുഭാപ്തി വിശ്വാസവും പ്രതീക്ഷയും നൽകി ചിത്രം അവസാനിക്കുന്നു. ഈ രംഗം കണ്ടപ്പോൾ എനിക്ക് ബഷീറിന്റെ “ഭൂമിയുടെ അവകാശികൾ” ഓർമ്മവന്നു.

അക്ബർടൂറുകാർക്ക് കൊടുത്ത ബ്രാൻ ഡ് ഇമേജ് ഒഴിവാക്കേണ്ടതായിരുന്നു. അതുപോലെ ഉസ്താദെന്ന കഥാപാത്രവും ഒരു അധിക പറ്റായി തോന്നി.
ഡോ.ബി.ഇക്ബാൽ

binoj joseph said...

ആദാമിന്റെ മകന്‍ അബു എന്ന സിനിമയെക്കുറിച്ചോര്‍ക്കുമ്പോള്‍ ഏറ്റവും ദുഖം അത് തിയറ്റിറില്‍ പോയി കാണാന്‍ കഴിഞ്ഞൈല്ലല്ലൊ എന്നതാണ്. എന്തു ചെയ്യാം വിദേശ തിയറ്ററുകളില്‍ വരുന്ന മലയാള സിനിമ പോക്കിരി, ചട്ടമ്പി ,മാടമ്പി ജനുസില്‍ പെടുന്നവ മാത്രമായിപോയി. സിനിമയെ പറ്റി പറയുകയാണെങ്കില്‍ ഞാന്‍ കണ്ട സിനിമകളില്‍ ഏറ്റവും മികച്ച ക്ലൈമാക്സുകളിലൊന്നു ഈ സിനിമയുടേതാണ്. മികച്ചതാക്കേണ്ടിയിരുന്ന രണ്ടു സീനുകളില്‍ സുരാജ് പരാജയപ്പെട്ടു . ഉസ്താദ് എന്ന കാരക്ടര്‍ സിനിമയില്‍ മലയാള സിനിമയില്‍ പ്രത്യേകിച്ചും പുതുമയാണെന്നിരുന്നാലും പ്രേക്ഷകനിലേക്ക് സമ്വേദനം ചെയ്യുന്നതില്‍ പരാജയപ്പേട്ടു അതിനു കാരണങള്‍ പലതും ഉണ്ട്. സത്യത്തില്‍ അത് തമ്പി ആന്റണി എന്ന നടനാണ് എന്ന് മനസ്സിലാക്കിയത് ക്റെഡിറ്റ് വായിച്ചപ്പോളാണ്.ചിത്രകാരനോട് ഞാനും യോജിക്കുന്നു പലതും സിനിമയില്‍ മറവു ചെയ്യപ്പെട്ടിരിക്കുകയാണ് ക്ലൈമാക്സ് സീനില്‍ പലതും വ്യക്തമാവുന്നെങ്കിലും അതിലേറെ സിനിമയില്‍ നിന്നും മനസിലാക്കാന്‍ പ്രേക്ഷകനോട് സലിം അഹമ്മദ് ആവശ്യപ്പെടുന്നു എന്നു തോന്നി. അതിനാല്‍ തന്നെ ഒന്നിലേറെ തവണ കാണണ്ട സിനിമയാണിത്. അതു പോലെ മികച്ച ഒരു നിരൂപകന്റെ തലച്ചോറും ഈ സിനിമ ആവശ്യപ്പെടുന്നു ......

ഈ സിനിമയെ പറ്റി മികച്ചത് എന്നു പറയാവുന്ന ഒരു നിരൂപണം ഇതുവരെയും വായിക്കാന്‍ അവസരം ഉണ്ടായിട്ടില്ല. പലരും അക്ബര്‍ ട്രാവല്‍സിന്റെ ബോര്‍ഡിനെപറ്റിയൊക്കെ എഴുതുന്നത് എന്തിനാണെന്നു മനസ്സിലാവുന്നില്ല. സലിം അഹമ്മദ് അവിടെ ഒരിക്കല്‍ ജോലി ചെയ്തിരുന്നു എന്ന് ഒരു അഭിമുഖത്തില്‍നിന്നും മനസ്സിലായ്. സിനിമയെ പറ്റിയുള്ള സംസാരത്തില്‍ അക്ബര്‍ ട്രാവല്‍സ് കടന്നു വരുന്നതും നല്ല സിനിമക്കുവേണ്ടി വാകീറി കരയുന്ന കപടമലയാളി പ്രേക്ഷകന്‍ ഈ സിനിമയെ തിയറ്ററില്‍ തഴഞ്ഞതും നിരാശപ്പെടുത്തുന്നു.
http://dassantelokam.blogspot.com/

Unknown said...

ചിത്രകാരാ നന്നായി. ഈ സിനിമയിലേ എല്ലാ സീനുകളേയും തൊട്ടെഴുതി.

ഷാരോണ്‍ said...

കാരൂരിന്റെയും മറ്റും ചെറുകഥകള്‍ വായിക്കുന്ന പ്രതീതിയാണ് ഈ സിനിമ കാണുമ്പോള്‍.
ആര്‍ട്ട്‌ ഡയറക്ഷന്‍ എടുത്ത് പറയേണ്ടിയിരിക്കുന്നു.

ചാർ‌വാകൻ‌ said...

ആദ്യ ദിവസം തന്നെ കണ്ടിരുന്നു.എല്ലാം പടച്ചോന്റെ നിശ്ചയം എന്ന് സമാധാനിക്കുന്ന,കീഴാള ജീവിത വീക്ഷണമുള്ള-അതിന്റെ ശരീരഭാഷ അസാമാന്യമായി അവതരിപ്പിക്കുന്നു,സലിം കുമാർ-കാലഹരണപ്പെട്ട വ്യക്തിത്വങ്ങളിലൂടെയാണോ ഒരു ജനസമുദായത്തിന്റെ അതിജീവനം..?അത്തറു വില്പനയും,കുടനന്നാക്കലുമായി കഴിയുന്ന പഴയ രണ്ടു സുഹൃത്തുക്കളുടെ സംഭാ‍ഷണം ശ്രദ്ധിക്കുക.മറ്റെല്ലാവരോടും സ്നേഹത്തോടെ പെരുമാറുന്ന അബു,മകൻ സത്താറിന്റെ പേരുകേൾക്കുന്നതുതന്നെ ശുണ്ഠിവരുന്നതെന്തേ..?

ചാർ‌വാകൻ‌ said...

ചുമ്മാ കണ്ടോണ്ടിരിക്കാവുന്ന സിനിമ.

lijeesh k said...

ചിത്രകാരന്‍..,
നല്ല ദര്‍ശനം
ആശംസകള്‍

നൗഷാദ് അകമ്പാടം said...

ചിത്രകാരാ..ഈ സിനിമയെക്കുറിച്ച് ഹൃദ്യമായി പറഞ്ഞു..
ചില ഭാഗങ്ങളിലേക്ക് പുതിയ ചിന്ത ഉണര്‍ത്താനുമായി..
ഒപ്പം ചിത്രങ്ങള്‍ക്ക് അടിക്കുറിപ്പായി ചേര്‍ത്തതും
വള്രെ നന്നായ് എന്ന് പറയട്ടെ!

ശ്രീജിത് കൊണ്ടോട്ടി. said...

നല്ലൊരു സിനിമ..

പ്രതികരണൻ said...

സിനിമ കണ്ടില്ല. എങ്കിലും, വസ്തുനിഷ്ഠമായ, പക്വമായ നിരൂപണം.

നന്ദന said...

നല്ല സിനിമ