Monday, December 26, 2011

കണ്ണൂരിലെ മാപ്പിളമാര്‍

കണ്ണൂരിലെ മുസ്ലീങ്ങളെ ചിത്രകാരന്‍ കാണാന്‍ തുടങ്ങിയിട്ട് ഏതാണ്ട് 18 വര്‍ഷമേ ആയിട്ടുള്ളു. അതിനു മുന്‍പ് മലപ്പുറം ജില്ലയിലെ മുസ്ലീം ജീവിതത്തെക്കുറിച്ചുള്ള സാമാന്യബോധമാണ് മലയാളികളായ മാപ്പിളമാരെക്കുറിച്ച് ചിത്രകാരന്‍ മുന്‍ വിധിയായി വച്ചുപുലര്‍ത്തിയിരുന്നത്.

കണ്ണൂരിലെ മുസ്ലീങ്ങളെ അടുത്തറിയാനുള്ള , അടുത്തിടപഴകാനുള്ള സാഹചര്യം അടുത്തകാലംവരെ (ഏഴു വര്‍ഷം മുന്‍പ് കണ്ണൂരില്‍ വീടുവച്ച് താമസിക്കുന്നതുവരെ) ഉണ്ടായിരുന്നുമില്ല. അതുകൊണ്ടുതന്നെ, മലപ്പുറത്തെ നാടന്‍ മാപ്പിളമാരോളം മഹത്വം കണ്ണൂരിലെ പൊതുവെ പൂര്‍വ്വികമായി സമ്പന്നരായ മാപ്പിളമാരോട് തോന്നിയിരുന്നില്ല. അതിനുള്ള പ്രത്യേക കാരണം കണ്ണൂരിലെ മാപ്പിളമാരെക്കുറിച്ച് ഇവിടത്തെ സാധാരണ ജനങ്ങളില്‍ നിന്നും ലഭിച്ച ടിപ്പു സുല്‍ത്താന്റെ കാലത്ത് ഹിന്ദുമതത്തില്‍ നിന്നും നിര്‍ബന്ധപൂര്‍വ്വം ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട നംബ്യാര്‍(കണ്ണൂരിലെ നായരെ നമ്പ്യാരെന്നാണു വിളിക്കുക.) കുടുംബങ്ങളാണ് സമ്പന്നരായ കണ്ണൂരിലെ മുസ്ലീങ്ങളെന്ന അറിവായിരുന്നു.

ഇവിടത്തെ മുസ്ലീങ്ങളുടെ സാമ്പത്തിക മേധാവിത്വത്തിനു കാരണം സവര്‍ണ്ണ പാരമ്പര്യമാണെന്ന ഹൈന്ദവ പൈതൃക വാദം പൊതുവെ അംഗീകരിക്കപ്പെട്ടതും, അറക്കല്‍ മുസ്ലീം രാജ കുടുംബവുമായി ചിറക്കല്‍ കോവിലകത്തെ കുളത്തില്‍ വീണ ഒരു പെണ്ണ് പുടവ സ്വീകരിച്ച ഐതിഹ്യ സമാനമായ ജനപ്രിയ പൈങ്കിളികഥയുടെ പൊതു ബോധവും , അതുകൂടാതെ നായന്മാരെപ്പോലെ കണ്ണൂരിലെ മുസ്ലീങ്ങള്‍ പിന്തുടരുന്ന മരുമക്കത്തായത്തെക്കുറിച്ചുള്ള അറിവും മാപ്പിളമാരെ ടിപ്പു സുല്‍ത്താന്റെ മത പരിവര്‍ത്തന കഥയുമായി ദൃഢമായി കൂട്ടിക്കെട്ടാനാണ് തെളിവു നല്‍കിയിരുന്നത്. സത്യത്തില്‍ കണ്ണൂരിലെ നമ്പ്യാന്മാരും നായനാര്‍മാരും ഇവിടത്തെ മുസ്ലീങ്ങളോളം സമ്പന്ന പൈതൃകമുള്ളവരല്ല എന്ന യാഥാര്‍ത്ഥ്യം പോലും ഈ മുന്‍ വിധിയില്‍ അകപ്പെടാതിരിക്കാന്‍ സഹായിച്ചില്ല. കണ്ണൂരിലെ പ്രതാപികളായ തിയ്യന്മാരും, വന്‍പിച്ച നഗരസ്വത്തുക്കള്‍ക്ക് ഉടമകളായിരുന്ന ഗുജറാത്തികളും കഴിഞ്ഞ് നാലാം സ്ഥാനം മാത്രമേ സമ്പത്തിന്റെ കാര്യത്തില്‍ കണ്ണൂര്‍ നഗരപ്രദേശത്ത് സവര്‍ണ്ണര്‍ക്കുണ്ടായിരുന്നുള്ളു. എന്നിട്ടും പഴയ സവര്‍ണ്ണ പാരമ്പര്യത്തിന്റെ ഇസ്ലാമീകരിച്ച പതിപ്പയി കണ്ണൂര്‍ മാപ്പിളമാരെ തെറ്റിദ്ധരിച്ചു പോയി !

ഈ ധാരണ പിശകാണ് 2011 ഡിസംബര്‍ 12 മുതല്‍ 17 വരെ ശ്രീകണ്ഠപുരത്ത് കേരള സര്‍ക്കാരിന്റെ ആര്‍ക്കീവ്സ് ഡിപ്പാര്‍ട്ടുമെന്റ് നടത്തിയ പുരാരേഖ പ്രദര്‍ശനം കണ്ടതോടെ മാറ്റത്തിനു വിധേയമായതെന്നു പറയാം.(മുസ്ലീങ്ങളുടെ സത്യത്തിലുള്ള ചരിത്രം അഭിമാനകരമാണ്)
അവിടെ കണ്ട ചരിത്ര രേഖകളില്‍ പോര്‍ച്ചുഗീസുകാരോട് കണ്ണൂരിന്റെ കാര്യങ്ങള്‍ ആശയ വിനിമയം ചെയ്യുന്നത് അറക്കല്‍ രാജ വംശത്തിന്റെ ആലി രാജാവാണ് എന്നത് ശ്രദ്ധയില്‍പ്പെട്ടു. കോലത്തു പഴമ എന്ന എം.പി.കുമാരന്‍ മാസ്റ്ററുടെ ചരിത്ര ഗവേഷണ പുസ്തകത്തില്‍(ശ്രീമൂലവാസം, ധര്‍മ്മടം അണ്ടല്ലൂര്‍ കാവ് ?) “ഒരു മുസ്ലീം രാജ വംശത്തിന്റെ പിറവി” എന്ന അദ്ധ്യായം അലസമായി വായിച്ചതിന്റെ ഒര്‍മ്മകളില്‍ നിന്നും തീ പുകയാന്‍ ഈ ചരിത്ര രേഖ കാരണമായെന്നു പറയാം. തുടര്‍ന്നു വീണ്ടും കുമാരന്‍ മാസ്റ്ററുടെ കോലത്തു പഴമ വായിക്കാനും, അതേക്കുറിച്ച് കൂടുതലറിയാനും നടത്തിയ ശ്രമത്തിന്റെ ഭാഗമായി പി.ശെല്‍‌വരാജ് എഴുതി തിരുവനന്തപുരം ചിന്താ പബ്ലിഷേഴ്സ് പ്രസിദ്ധീകരിച്ച(2010 സെപ്തംബര്‍) അണ്ടല്ലൂര്‍ കാവ് എന്ന പുസ്തകം വായിക്കാനുമിടയായപ്പോള്‍ കണ്ണൂരിലെ മാപ്പിളമാരുടെ ഐതിഹാസികമായ ചരിത്രം മുന്നില്‍ തെളിഞ്ഞു തുടങ്ങി.

“അണ്ടല്ലൂര്‍ കാവ്- സങ്കര സംസ്കൃതിയുറ്റെ ചരിത്ര സാക്ഷ്യം” എന്ന 
പി.സെല്‍‌വരാജിന്റെ പുസ്തകം.ചിന്താപബ്ലിഷേഴ്സ്, തിരുവനന്തപുരം.(2010)

“ധര്‍മ്മടം വെന്തത് കോയ അറീല്ല”
കപ്പല്‍ നിര്‍മ്മാണ ശാലകളുടേയും, പാണ്ഡികശാലകളുടേയും, പള്ളികളുടേയും, വിദ്യാലയങ്ങളുടെയും,മുസ്ലീം വാണിജ്യ പ്രമുഖരുടേയും പതിനാറാം നൂറ്റാണ്ടിലെ സമ്പന്ന ആസ്ഥാനമായിരുന്ന ധര്‍മ്മടം എന്ന വിശാലമായ തുരുത്ത്  കോലത്തിരി രാജാവിന്റെ കൊട്ടേഷന്‍-ആജ്ഞാനുസരണം പോര്‍ച്ചുഗീസുകാര്‍ കൊള്ളിവച്ച് നശിപ്പിച്ചത് ആ സമയത്ത് ഹജ്ജിനു പോയിരുന്ന കോയ (രാജാവിനു വേണ്ടി നികുതി പിരിച്ചിരുന്ന മുസ്ലീം ഭരണാധികാരിയായിരുന്ന കേയി) അറിഞ്ഞിരുന്നില്ല എന്നതിന്റെ പെരില്‍ പ്രചരിച്ച പഴംചൊല്ലാണ് “ധര്‍മ്മടം വെന്തത് കോയ അറീല്ല”എന്നത്. സ്വന്തം രാജ്യത്തിന്റെ ഭാഗമായ വലിയൊരു ഭൂപ്രദേശത്തെ നശിപ്പിക്കാന്‍ ഉത്തരവിടാന്‍  കോലത്തിരിരാജാവിനെ പ്രെരിപ്പിച്ചത് സ്വന്തം വീടുകള്‍ക്കു തന്നെ തീവച്ചുകൊണ്ട് ജനങ്ങള്‍ കോലത്തിരിക്കെതിരെ നടത്തിയ ഒരു കലാപമായിരുന്നു. കോലത്തു നാടിന്റെ കപ്പല്‍ പടനായകനായിരുന്ന വലിയ ഹസ്സനെന്ന ധീരനായ ഒരു മുസ്ലീം നാവികനെ പോര്‍ച്ചുഗീസുകാരെ പ്രീണിപ്പിക്കാനായി കോലത്തിരി പറങ്കികള്‍ക്ക് പിടിച്ചു കൊടുക്കുകയും (1524 സെപ്തംബര്‍ 24ന്) കണ്ണൂര്‍ കോട്ടയില്‍ വച്ച് 1525 ജനുവരി മാസം ഹസ്സനെ തൂക്കിക്കൊല്ലുകയും ചെയ്തതിനെത്തുടര്‍ന്ന് കോലത്തിരിയുടെ വഞ്ചനക്കെതിരെ ജനങ്ങള്‍ നടത്തിയ കലാപം നിയന്ത്രണാതീതമാകുകയാണുണ്ടായത്. ഈ കലാപത്തെ നേരിടാനാണ് ദുര്‍ബലനായിരുന്ന കോലത്തിരി പറങ്കികളുടെ സഹായത്തോടെ കോടീശ്വരന്മാരായിരുന്ന മുസ്ലീം കച്ചവട സമൂഹത്തെ നശിപ്പിക്കാന്‍ കുടില ബുദ്ധി പ്രയൊഗിക്കുകയും, കണ്ണൂരിലെ ജനങ്ങളാല്‍ തിരസ്ക്കരിക്കപ്പെട്ട് ചരിത്രത്തിന്റെ മൂലയിലേക്ക് സ്വയം പിന്‍ വലിയാന്‍ ഇടയായതും. 1527 ല്‍ കോലത്തിരിയുടെ മരണശേഷം കണ്ണൂരിനെ വിദേശ ശക്തികള്‍ക്കു മുന്നില്‍ പ്രതിനിധീകരിക്കുന്നത് മുസ്ലീം യോദ്ധാക്കളാണ്. പതിനാറാം നൂറ്റാണ്ടിന്റെ അന്ത്യമാകുമ്പോഴേക്കും കണ്ണൂരിന്റെ എല്ലാ അധികാരങ്ങളും കോലത്തിരി ആലി രാജാക്കന്മാര്‍ക്ക് മുന്നില്‍ അടിയറവെക്കേണ്ടിവന്നു എന്നാണു ചരിത്രം.

ഏതാണ്ട് 500 കൊല്ലക്കാലത്തെ ഐതിഹാസികമായ ഈ ചരിത്രവസ്തുതകളെ തമസ്ക്കരിക്കാനാണ് പതിവുപോലെ ബ്രാഹ്മണരുടേ ഏറാന്‍-മൂളികളായ സവര്‍ണ്ണ ചരിത്രകാരന്മാര്‍ ഐതിഹ്യ കഥകള്‍ പടച്ചുണ്ടാക്കി മാപ്പിളമാരെ വെടക്കാക്കി, തങ്ങളുടെ ആശ്രിത മുദ്രകുത്തി , സവര്‍ണ്ണ പാരമ്പര്യ തൊഴുത്തിലേക്ക് കെട്ടുന്നത്.പതിനെട്ടാം നൂറ്റാണ്ടിലെ ടിപ്പു സുല്‍ത്താന്റെ(ടിപ്പു സുല്‍ത്താന്റെ വിക്കി ലിങ്ക്) നിര്‍ബന്ധിത മത പരിവര്‍ത്തനത്തിനു വിധേയരായ നായന്മാരാണ് കണ്ണൂരിലെ മുസ്ലീങ്ങള്‍ എന്ന വാദവും കള്ളക്കഥകളുടെ മൊത്ത വിതരണക്കാരില്‍ നിന്നും പ്രചരിച്ച സവര്‍ണ്ണ കുടിലതയുള്ള അസൂയ കഥതന്നെ !!

13 comments:

ശിഖണ്ഡി said...

നല്ല വിവരണം
ക്രിസ്തുമസ്സ് പുതുവത്സരാശംസകള്‍

Cv Thankappan said...

ചരിത്രവിഷയങ്ങള്‍ നന്നാകുന്നുണ്ട്!
നവവത്സരാശംസകളോടെ,
സി.വി.തങ്കപ്പന്‍

Muralee Mukundan , ബിലാത്തിപട്ടണം said...

പല ചരിത്രസത്യങ്ങളും മനസ്സിലാക്കി കേട്ടൊ ഭായ്

സുബൈദ said...

നാണം മറക്കാന്‍ നാണിക്കുന്നവര്‍ (മൂന്നാം ഭാഗം)
ഈ പോസ്റ്റ്‌ അറിയിക്കാനുള്ള ശ്രമം
ലിങ്ക് ഇട്ടതു താല്‍പര്യമില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

അവര്‍ണന്‍ said...

താങ്കളെ കണ്ണൂരിലെ ഏതോ മാപ്പിള പെണ്ണ് ലവ് ജിഹാദില്‍ പെടുത്തി മതം മാറ്റുമോ എന്നാണെനിക്കു സംശയം !

സാംജി ചെട്ടിക്കാട് said...

ചരിത്രത്തോട് നീതി പുലര്‍ത്തുന്ന വിവരണം ...ഇനിയും പ്രതീക്ഷിക്കുന്നു

അവര്‍ണന്‍ said...

ലൗ ജിഹാദ്’ :കുമ്പസാരിക്കാന്‍ നേരമില്ലാത്തവര്‍ തിരുത്തട്ടെ .

ഓക്കേ കോട്ടക്കൽ said...

ഇതൊരു വറൈറ്റി ബ്ലോഗ്‌ ആണല്ലോ...

ഗൗരിനാഥന്‍ said...

ഇങ്ങനെ ഒരു ചരിത്രം ആദ്യായിട്ടു കേല്‍ക്കാണ്..പുതിയ അറിവിനു നന്ദി..

നിന്റപ്പൻ said...

മതം മാറിയ നായന്മാരല്ല, നസ്രാണികളാണ് മാപ്പിളമാർ. ടിപ്പു സുൽത്താൻ പടയോട്ടം നടത്തിയ നാട്ടിലൊക്കെ മാപ്പിളമാർ മുസ്ലീങ്ങളാണ്, അല്ലാത്തിടത്തൊക്കെ ക്രിസ്ത്യാനികളും.. എന്താ ശരിയല്ലേ? ഈ നസ്രാണികളാകട്ടെ നായന്മാരെ വരെ തൊട്ടുകൂടാത്തവരായി കണക്കാക്കിയിരുന്നു... എന്താ തെളിവു വേണോ?

സുബൈദ said...

പച്ചക്കുതിരപ്പുറമേറിയ യുക്തിവാദി

താങ്കളെ അറിയിക്കുന്നതിനു വേണ്ടിയിട്ട ലിങ്ക് താല്‍പര്യമില്ലെങ്കില്‍ ദയവു ചെയ്തു ഡിലിറ്റ് ചെയ്യുക.

ഏതെങ്കിലും തരത്തിലുള്ള വിഷമമുണ്ടാക്കിയെങ്കില്‍ ക്ഷമിക്കുമല്ലോ

Sajjad said...

:)

സുബൈദ said...

പെണ്ണിനെയിത്രക്കടിച്ചമര്‍ത്തുന്ന കൂട്ടര്‍ ഭൂമി മലയാളത്തിലുണ്ടല്ലോ...!!

ഈ ലിങ്ക് ഇവിടെ ചേര്‍ത്തതില്‍ താല്‍പര്യമില്ലെങ്കില്‍ ഡിലിറ്റ് ചെയ്യുമല്ലോ