Monday, August 13, 2012

രാമായണമാസത്തിലെ ചിത്രം !

കര്‍ക്കിടകമാണ്, രാമായണമാസമാണ് , രാമായണം വായിച്ചിരിക്കണം, കഴിയുമെങ്കില്‍ രാമനെക്കുറിച്ച് ഒരു ചിത്രം വരച്ചിരിക്കണം എന്നൊക്കെ ഓര്‍മ്മയില്ലാഞ്ഞിട്ടല്ല. സമയക്കുറവും അക്രിലിക് കളറുകളുടെ സാങ്കേതികതയോട് ഇണങ്ങാന്‍ വിമുഖത കാണിക്കുന്ന മാനസികാവസ്ഥയും എല്ലാം കാരണം രാമനെ ധ്യാനിക്കാന്‍ ആഗ്രഹിക്കുന്നതുപോലെ കഴിയുന്നില്ല.
കര്‍ക്കിടക മാസം തീരാന്‍ ഇനി രണ്ടു ദിവസം കൂടിയേ ഉള്ളു എന്ന ചിന്ത കലശലായപ്പോള്‍ ഒരു ഞായറാഴ്ച്ച മുഴുവനായി രാമ ധ്യാനത്തില്‍ നിമഗ്നനായിരുന്നു. എന്നിട്ടും തീര്‍ന്നില്ല. അവിടേയും ഇവിടെയുമെല്ലാം ബ്രഷ് എത്തി നോക്കാത്ത പാച്ചുകള്‍ ! തേച്ചതും മായ്ച്ചതുമായ പാടുകള്‍ ... ഈ ക്രാഫ്റ്റിനെക്കൊണ്ട് തോറ്റു !!

ജന്തുക്കള്‍(ഹിന്ദുക്കള്‍ എന്ന് സംസ്കൃതം:) രാമായണമാസം ആചരിക്കുന്ന വേളയില്‍ രാമനെക്കുറിച്ചുതന്നെയാകട്ടെ അടുത്ത ചിത്രം എന്ന് തീരുമാനിച്ച്, വര തുടങ്ങി. ശ്രീരാമേട്ടന്‍ ശംബൂകനെന്നൊരു  സവര്‍ണ്ണനായ ശൂദ്രനെ ബ്രാഹ്മണരുടെ ക്വട്ടേഷന്‍ സ്വീകരിച്ച് കൊന്നതായി എവിടെയോ വായിച്ച ഒരു ഓര്‍മ്മയുണ്ട്. തലകീഴായി മരത്തില്‍ തൂങ്ങിക്കിടന്നോ മറ്റോ തപസനുഷ്ടിക്കുകയായിരുന്ന നിരായുധനായ ശംബൂകനെ കൊല്ലുക എന്നത് അനീതിയല്ലെന്നും, കൊന്നത് ധര്‍മ്മമാണെന്നും ഇന്നത്തെ ആകാശവാണി(കണ്ണൂര്‍) സുപ്രഭാതം പരിപാടിയില്‍ പോലും ഒരു ഭക്തി പ്രചാരകന്‍ പ്രഭാഷിക്കുന്നതു കേട്ടു. രാവണനെപ്പോലെ സമസ്ത ലൊകവും പിടിച്ചടക്കാന്‍ സാധ്യതയുള്ള ഒരു ഭീകരനായി ശബൂകനെ വിശേഷിപ്പിച്ച് , ലേബലൊട്ടിച്ച് ദുഷ്ടനാക്കിയാണ് ബ്രാഹ്മണര്‍ ശമ്പൂകനെ വധിക്കാനുള്ള ക്വട്ടേഷന്‍ ശ്രീരാമനെ ഏല്‍പ്പിച്ചിരിക്കുക.
പ്രത്യേകിച്ചും, രാവണ നിഗ്രഹത്തിനായി തല്ലിപ്പടച്ചുണ്ടാക്കിയ ഷണ്ഡനും വിഢിയുമായ ഒരു കഥാപാത്രമായ ശ്രീരാമന്‍ ശമ്പൂകന്മാരെ കൊന്നുടുക്കിയില്ലെങ്കിലെ അതിശയപ്പെടാനുള്ളു.

ശ്രീ രാമ അവതാരത്തിന്റെ ഉദ്ദേശം തന്നെ രാവണ നിഗ്രഹമാണ്. ഇന്ത്യയില്‍ ജാതി അധിഷ്ടിതമായ ചാതുര്‍ വര്‍ണ്ണ്യമതം (സവര്‍ണ്ണ ഹിന്ദു മതം) പ്രചരിപ്പിച്ചുകൊണ്ടിരുന്ന ബ്രാഹ്മണര്‍ക്ക് ശ്രീലങ്കയില്‍ പ്രപല ശക്തിയായി നിലനിന്നിരുന്ന ബൌദ്ധ രാജാക്കന്മാരുടെ ഭരണം നശിപ്പിക്കാനാകാതെ വന്നപ്പോള്‍ പ്രതീകാത്മകമായി കോലം കത്തിക്കുന്നതുപോലെ ബൌദ്ധ ഭരണത്തെ ഉന്മൂലനം ചെയ്യുന്ന കഥ രാമായണമായി ... രാവണ നിഗ്രഹമായി നിര്‍മ്മിക്കേണ്ടി വന്നു എന്നു കരുതണം. അതിനായി അക്കാലത്ത് ഇന്ത്യയില്‍ പ്രചാരത്തിലുണ്ടായിരുന്ന നാടോടിക്കഥകള്‍ ചേര്‍ത്തുണ്ടാക്കിയ കൂട്ടുകറിയായിരിക്കണം രാമായണം.  ബ്രാഹ്മണര്‍ക്ക് ഭീഷണിയാകുന്ന ചിന്താശീലവും, പ്രവര്‍ത്തനങ്ങളില്‍ ഊര്‍ജ്ജ്യസ്വലതയുമുള്ള മനുഷ്യരെ കൊന്നൊടുക്കാനുള്ള ഒരു ക്വട്ടേഷന്‍ സംഘമായെ രാമായണത്തിലെ ശ്രീരാമനേയും വാനരന്മാരായി വിശേഷിപ്പിക്കപ്പെടുന്ന ശൂദ്രന്മാരേയും കാണാനാകുന്നുള്ളു. രാമായണത്തെ ആദി കാവ്യമാക്കുന്നതിനും, വാത്മീകിയെ ആദി കവിയാക്കുന്നതിനും ബ്രാഹ്മണര്‍ ഇന്ത്യയുടെ പഴയകാല കാവ്യങ്ങളെല്ലാം ക്ഷേത്രങ്ങളിലെ അടുപ്പിലിട്ടു കത്തിച്ചു കളഞ്ഞോ അതോ തൃക്കുന്നാപുഴയിലൊഴുക്കി നശിപ്പിച്ചൊ ആവോ ?? ഏതായാലും ഒരു 1400 വര്‍ഷം പോലും പഴക്കമില്ലാത്ത ആദികാവ്യം (?) ഒരു ഷണ്ഢനും, ഭീരുവും, വിഢിയും, വഞ്ചകനും, വാടക കൊലപാതകിയുമായ ശ്രീരാമനെയാണ് അവതരിപ്പിക്കുന്നതായി കാണുന്നത്. വാത്മീകി രാമായണവും, ആദ്ധ്യാത്മരാമായണവും, മറ്റ് കാക്കത്തൊള്ളായിരം രാമായണവുമെല്ലാം കാവ്യ ഭംഗിയേറിയതാണ് എന്ന ശാഠ്യം അംഗീകരിച്ചാല്‍ തന്നെ, ശ്രീരാമന്‍ എന്ന കൊട്ടേഷന്‍ കൊലയാളിയും, വഞ്ചകനും മാതൃകാപുരുഷനും ധര്‍മ്മിഷ്ഠനുമായിരുന്നെന്ന് വിശ്വസിക്കണമെന്ന രാമായണ ന്യായം ഒരു സമൂഹത്തിന്റെ ധാര്‍മ്മികബോധത്തെ മൊത്തത്തില്‍ വിഷലിപ്തമാക്കുന്ന വാദമായിത്തീരും. 133 കോടി ഇന്ത്യയുടെ ഇന്നത്തെ ബുദ്ധി മാന്ദ്യം പോലും ശ്രീരാമന്‍ എന്ന തെറ്റായ മാതൃകാപുരുഷന്റെ വിഗ്രഹവല്‍ക്കരണത്തിന്റെ സ്വാധീന ഫലം കൂടിയാണെന്ന് ചിത്രകാരന്‍ വിശ്വസിക്കുന്നു.
ഇതോടൊപ്പം ചിത്രകാരന്റെ ജൂലൈ ആഗസ്ത് മാസത്തെ പെയിന്റിങിലെ ഒരു  ഡിറ്റൈല്‍ മൊബൈല്‍ ചിത്രം കൂടി ചേര്‍ക്കുന്നു. ചിത്രം അപൂര്‍ണ്ണമാണ്. രണ്ടു ദിവസത്തിനകം മുഴുവന്‍ ചിത്രം പോസ്റ്റ് ചെയ്യാനാകുമെന്ന് കരുതുന്നു. പക്ഷേ, അതോടൊപ്പം അശേഷം വിവരണം ഉണ്ടായിരിക്കുന്നതല്ല.

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

വരികളിക്കാൾ കൂടുതൽ വരകളിൽ കൂടി രാമനെ ആവാഹിച്ചിരിത്തിയിരിക്കുകയാണല്ലോ ചിത്രകാരൻ ഇവിടെ..!