Monday, January 7, 2013

സര്‍ക്കാര്‍ ജീവനക്കാര്‍ പെരുച്ചാഴികളോ ?

ഇന്നത്തെ പത്രം വായിച്ചുവോ ? (7.1.2013) സര്‍ക്കാര്‍ ജീവനക്കാര്‍ പ്രഖ്യാപിച്ച സമരത്തിന്റെ അപ്രസക്തി തുറന്നുകാട്ടാനാണെങ്കിലും, പത്രത്തില്‍ കേരള ഗവണ്മെന്റിന്റെ ഒരു വര്‍ഷത്തെ വരവു ചിലവു കണക്കുകള്‍ സംക്ഷിപ്തമായി പരസ്യപ്പെടുത്തിയിട്ടുണ്ട്.  2011-2012 സാമ്പത്തിക വര്‍ഷത്തില്‍ സര്‍ക്കാര്‍ വരുമാനമായ 29197 കോടി രൂപയില്‍ 23537 കോടിയും ചിലവഴിച്ചത് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും കൊടുക്കാനാണെന്ന് കാണുന്നു !! അതായത് സര്‍ക്കാര്‍ വരുമാനത്തിന്റെ 81% വും ജനസംഖ്യയുടെ 3%ത്തിനു താഴെ മാത്രമായ സര്‍ക്കാര്‍ ജീവനക്കാര്‍ ഒറ്റക്കു തിന്നുതീര്‍ക്കുമ്പോള്‍ ബാക്കി വരുന്ന കേവലം 19% വരുമാനത്തില്‍ നിന്നും മന്ത്രി, എം.എല്‍ . എ., മറ്റു വെള്ളാനകള്‍ എന്നിവരുടെ എസ്കോര്‍ട്ട്, ഉദ്ഘാടനം, തറക്കല്ലിടല്‍ , പ്രസംഗിച്ചു നാടു തെണ്ടല്‍ , ടി.എ., ഡി.എ. സര്‍ക്കാരിന്റെ കടവും പലിശയുമടക്കല്‍  തുടങ്ങിയ ജീവല്‍ പ്രശ്നങ്ങളെല്ലാം കഴിഞ്ഞിട്ടു വേണം വല്ല പാലമോ, സ്കൂളൊ, റോഡോ, ആശുപത്രിയോ, കളിസ്ഥലമോ മൊത്തം ജനങ്ങള്‍ക്കായി നിര്‍മ്മിച്ചു നല്‍കാന്‍ .

രാഷ്ട്രീയക്കാരുടെ ചക്കരക്കുടത്തില്‍ കയ്യിട്ടുമാന്തല്‍ നമുക്ക് വേറെ ചര്‍ച്ചചെയ്യാം.  കേരളത്തിലെ മൂന്നേക്കാല്‍ കോടിയിലേറെവരുന്ന ജനങ്ങള്‍ നല്‍കുന്ന നികുതിപ്പണത്തിന്റെ സിംഹഭാഗവും തിന്നുതീര്‍ക്കുന്നത് ഉത്പ്പാദനക്ഷമമോ ക്രിയാത്മകമോ അല്ലാത്ത വെറും ന്യൂനപക്ഷമായ 3%ല്‍ താഴെവരുന്ന  സര്‍ക്കാര്‍ ജീവനക്കാരാണെന്ന സത്യം ഭയാനകമായ നമ്മുടെ സാമൂഹ്യ വിപത്തിലേക്കാണ് അല്ലെങ്കില്‍ സാമൂഹ്യ അസമത്വത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. എന്തായാലും സര്‍ക്കാര്‍ ജീവനക്കാര്‍ വിളവു തിന്നുന്ന വേലികളായി നമ്മുടെ സമൂഹത്തിന്റെ വരുമാനം മുഴുവന്‍ നിയമവിധേയമായി ഒറ്റക്കു തിന്നുതീക്കാന്‍ തുടങ്ങിയത് കഴിഞ്ഞവര്‍ഷം മുതലല്ല. എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സര്‍ക്കാര്‍ ജീവനക്കാര്‍ നടത്തുന്ന -ഫലത്തില്‍ - ഖജനാവു കൊള്ളയടിക്കുന്ന ഈ വ്യവസ്ഥിതിയുണ്ടാക്കി നിലനിര്‍ത്തുന്നതില്‍ പങ്കുണ്ട്. സര്‍ക്കാര്‍ ജീവനക്കാരെ പ്രീണിപ്പിച്ച് നിര്‍ത്തുന്നതിലൂടെ മാത്രമേ അധികാരത്തിന്റെയും പൊതുമുതലിന്റേയും സുഗമമായ പങ്കുവെപ്പ്  സാധ്യമാകു എന്ന് ആര്‍ക്കാണറിയാത്തത് !

സര്‍ക്കാര്‍ പത്ര പരസ്യത്തിലെ പ്രസക്ത ഭാഗം

ഫലത്തില്‍ പെരുച്ചാഴികള്‍
സര്‍ക്കാര്‍ ജീവനക്കാര്‍ തൊഴിലാളികളല്ലേ, അവര്‍ക്ക് നല്ല ശംബളവും ആനുകൂല്യങ്ങളും നല്‍കേണ്ടത് ഏതൊരു സമൂഹത്തിന്റേയും സര്‍ക്കാരിന്റേയും ധാര്‍മ്മിക ബാധ്യതയും മാനുഷിക കാഴ്ച്ചപ്പാടിന്റെ ഭാഗവുമല്ലേ എന്ന് കൂലിപ്പണിയേടുക്കുന്ന കണാരേട്ടനും ഓട്ടോ റിക്ഷ ഓടിക്കുന്ന ജമാലിക്കയും ബീഡി തേറുക്കുന്ന പ്രസന്നേച്ചിയും വരെ നിരവധി ന്യയങ്ങള്‍ നിരത്തി ചോദിക്കും. കാരണം, “തൊഴിലാളി വര്‍ഗ്ഗത്തിന്റെ” അവകാശങ്ങള്‍ക്കു വേണ്ടി തൂപ്പുകാരി തൊട്ട് ഐ.എ.എസ്സുകാരന്‍ വരെ നമ്മുടെ നാട്ടില്‍ ഒറ്റക്കെട്ടാണ്. സര്‍ക്കാര്‍ റേഷന്‍ കടകളിലൂടെ നീണ്ട ക്യൂകളുടെ അറ്റത്തു വിതരണം ചെയ്യുന്ന ബിപീ‌‌എല്‍ പിച്ചയായ രണ്ടു രൂപയുടെ അരി വാങ്ങിയുണ്ണുന്നവര്‍പോലും സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശംബളവര്‍ദ്ധനയുണ്ടാകട്ടെ എന്നേ ആഗ്രഹിക്കു. കാരണം, നമ്മുടെ മൈന്‍ഡ് സെറ്റ് അങ്ങിനെയാണ്. നമ്മള്‍ ഉണ്ടില്ലെങ്കിലും ബ്രാഹ്മണരെ ഊട്ടണമെന്ന് നിര്‍ബന്ധമുള്ള അസ്സല്‍ വിഢികളുടെ നാടാണ്. പണ്ട് തിരുവിതാംകൂര്‍ രാജാക്കന്മാര്‍ നൂറിലേരെ പേരുകളില്‍ ചുമത്തിയിരുന്ന ക്രൂരമായ കൊള്ള നികുതികള്‍ ജനങ്ങളില്‍ നിന്നും പിരിച്ചെടുത്തിരുന്നത് അന്നത്തെ സര്‍ക്കാര്‍ ജീവനക്കാരായ പട്ടന്മാരെ തീറ്റിപ്പോറ്റാനും, ആയിരക്കണക്കിനു വരുന്ന ബ്രാഹ്മണര്‍ക്ക് ദിവസവും അന്നദാനം നടത്താനും, മുറജപം, ഹിരണ്യഗര്‍ഭം, തുലാപുരുഷദാനം  തുടങ്ങിയ ചടങ്ങുകളില്‍ ആയിരക്കണക്കിനു ബ്രാഹ്മണരെ തൃപ്തിപ്പെടുത്താനുമായി  സ്വര്‍ണ്ണം ദാനം ചെയ്യുന്നതിനുമായിരുന്നല്ലോ. ഇന്ന് ബ്രാഹ്മണര്‍ക്കു പകരം സര്‍ക്കാര്‍ ഗുമസ്തന്മാരും രാഷ്ട്രീയ പാര്‍ട്ടികളും നമ്മുടെ നികുതിപ്പണത്തിന്റെ അംഗീകൃത അവകാശികളായിരിക്കുന്നു !!

ആക്രാന്തം ശമിക്കുന്നില്ല !
ശമ്പളവും, പെന്‍ഷനും , പിന്നെ പലിശയും കൂടി നല്‍കണമെങ്കില്‍ 2981 കോടി രൂപ ഒരോ വര്‍ഷം കൂടുതലായി ജനങ്ങളുടെ പിച്ചച്ചട്ടിയില്‍ നിന്നും അധിക നികുതിയിനത്തില്‍ കണ്ടെത്തിയാലെ ഗവണ്മെന്റിന് പെരുച്ചാഴികളോടുള്ള ധാര്‍മ്മിക ബാധ്യത തീര്‍ക്കാനാകു എന്നാണ് സര്‍ക്കാര്‍ പരസ്യത്തിലെ വസ്തുതകള്‍ വെളിപ്പെടുത്തുന്നത്. അതിനിടക്കാണിപ്പോള്‍ പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ നഷ്ടപ്പെടാതിരിക്കാനുള്ള ജീവനക്കാരുടെ “അവകാശ സമര” പ്രഖ്യാപനം !!! ഇവര്‍ക്ക് ഏതു കോത്താഴത്തെ അവകാശമാണ് ഇനി ജനങ്ങളില്‍ നിന്നും പിടിച്ചെടുക്കാനുള്ളത് ? ഗള്‍ഫിലെ മരുഭൂമിയില്‍ വറുത്തെടുക്കുന്ന പ്രവാസി മലയാളികളുടെ ചിലവില്‍ മൂന്നുനേരം ഉണ്ണാന്‍ മാത്രം പ്രാപ്തിയുണ്ടായിരിക്കുന്ന മലയാളിക്ക് ഏതാണ്ട് ഉപയോഗശൂന്യമായ സേവനദാതാക്കളായ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അമേരിക്കയിലോ ഗള്‍ഫിലോ ലഭിക്കുന്ന മികച്ച വേതനവും ആനുകൂല്യങ്ങളും ചോദിക്കാന്‍ എന്ത് ന്യായമാണുള്ളത് ? കഴിയില്ലെങ്കില്‍ രാജിവച്ചു പോടെ എന്നു പറയേണ്ടതിനു പകരം, ഇവരെയൊക്കെ പ്രീണിപ്പിച്ച് പൊതുമുതല്‍ കൊള്ളയടിക്കാനുള്ള പുതിയ അധികാരാവകാശങ്ങള്‍ നല്‍കാനുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ ശീലം എതിര്‍ക്കപ്പെടേണ്ടതുണ്ട്.

പെന്‍ഷനും ശമ്പളവും കുറക്കണം

കേരളത്തിലെ പരിധസ്ഥിതിയില്‍ ഒരാള്‍ക്ക് തന്റെ റിട്ടയര്‍മെന്റ് ജീവിതം നയിക്കാന്‍ ഒരു 4000 രൂപയിലധികമൊന്നും ആവശ്യമില്ല, എന്നിരിക്കെ കനത്ത പെന്‍ഷന്‍ വാങ്ങിയാണ് നമ്മുടെ ഏറെക്കുറെ പ്രയോജന രഹിതരായ പെന്‍ഷന്‍കാര്‍ പ്രമാണികളായി വിലസുന്നത്. അതുപോലെത്തന്നെ 6000 രൂപയിലധികം ശമ്പളം ലഭിക്കേണ്ട മലമറിക്കുന്ന ജോലിയൊന്നും ആവറേജ് സര്‍ക്കാരുദ്ധ്യൊഗസ്ഥനെക്കൊണ്ട് ചെയ്യിക്കാനാകില്ല. സമൂഹത്തിനാവശ്യമായ ഒരു ശാസ്ത്ര-സാമൂഹ്യ- സാംസ്ക്കാരിക പരിഹാരമൊന്നും സ്വയം വികസിപ്പിക്കാന്‍ ശേഷിയില്ലാത്ത നമ്മുടെ യൂണിവേഴ്സിറ്റി പ്രഫസ്ര്മാര്‍ക്കും മറ്റും ഒഴിവു സമയങ്ങളില്‍ ഹോട്ടലുകളില്‍ പാത്രം കഴുകാനുള്ള അധിക വരുമാന ജോലികളില്‍ ഇടപെടാന്‍ തോന്നുന്ന വിധത്തിലുള്ള കുറഞ്ഞ ശമ്പളം മാത്രം കൊടുക്കുന്ന ഒരു വ്യവസ്ഥിതി നടപ്പാക്കേണ്ടിയിരിക്കുന്നു. അതായത് ഫലത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം നാലിലൊന്നായെങ്കിലും നിജപ്പെടുത്താതിരിക്കുന്നത് പൊതുജനം വിഢികളും രാഷ്ട്രീയ ബോധമില്ലാത്തവരുമായ അടിമകളായി തുടരാന്‍ ഇടവരുത്തുന്നുണ്ട്.

ശമ്പളം കുറക്കുന്നതിന്റെ പ്രയോജനങ്ങള്‍

നിലവില്‍ 40000 രൂപ ശമ്പളം വാങ്ങുന്ന ഒരു സര്‍ക്കാറുദ്ധ്യോഗസ്ഥന്‍ ജനങ്ങളുടെ ചിലവില്‍ സമൂഹത്തില്‍ ഉപജീവിക്കുന്ന ഒരു പാരസൈറ്റാണെന്നാണ് ചിത്രകാര മതം ! കഴിവുള്ള വ്യക്തിയാണെങ്കില്‍ 10000 ആയി ശമ്പളം കുറച്ചാല്‍ അയാള്‍ പ്രവര്‍ത്തന യോഗ്യമായേക്കും. കാരണം, അര്‍ഹതയില്ലാത്ത പണവും അധികാരാവകാശങ്ങളും നല്‍കുന്ന അലസത അയാളെ വിട്ടൊഴിയേണ്ടതാണ്. ഇങ്ങനെ ലാഭിക്കുന്ന 30000 രൂപയില്‍ 10000 രൂപ ശമ്പളത്തില്‍ ഒരു കഴിവുറ്റ പുതിയ ജീവനക്കാരനെ കൂടി നിയമിച്ച് ജനങ്ങളെ അറ്റന്റു ചെയ്യാന്‍ ആളില്ലാത്ത സര്‍ക്കാര്‍ ഓഫീസുകള്‍ ജന സേവന കേന്ദ്രാങ്ങളാക്കാനും, ശേഷിച്ച 20000 രൂപ കുളവും, കായലും, മാലിന്യമുക്തമാക്കാനും, ഗതാഗതയോഗ്യമാക്കാനും, ശുദ്ധജല പദ്ധതികള്‍ നടപ്പിലാക്കാനും നാടിന്റെ മറ്റു വികസന പദ്ധതികള്‍ക്കും നീക്കിവക്കാനുമാകുന്നു. അതായത് സര്‍ക്കാര്‍ ജീവനക്കാരുടേ എല്ലാവരുടേയും ശമ്പളം നാലിലൊന്നായി കുറക്കുന്നതിലൂടെ ഉപയോഗശൂന്യരും ജനസേവനത്തില്‍ താല്‍പ്പര്യമില്ലാത്തവരുമായ ധനമോഹികാളെ ജനസേവന കേന്ദ്രങ്ങളില്‍ നിന്നും പാലായനം ചെയ്യാന്‍ പ്രേരിപ്പിക്കാനും, ജനാധിപത്യത്തിലും, ജന സേവനത്തിലും താല്‍പ്പര്യമുള്ള ഇരട്ടി പുതിയ പബ്ലിക്ക് സര്‍വന്റ്സിനെ സര്‍വ്വീസില്‍ കൊണ്ടു വരാനും കഴിയും. ഇത് ഇപ്പോഴുള്ള സര്‍ക്കാര്‍ ഉദ്ദ്യ്പ്പ്ഗസ്ഥന്മാരുടെ എണ്ണം ഇരട്ടിയാക്കുകയും അത്രയും പുതിയ തൊഴിലന്വേഷകര്‍ക്ക് സര്‍ക്കാര്‍ തൊഴിലും അധികാര സ്ഥാനങ്ങളിലുള്ള പ്രാതിനിധ്യം നല്‍കാനും കാരണമാകും.

സര്‍ക്കാര്‍ ജോലി സേവനമാക്കുക

പണം കൊണ്ട് നല്ലൊരു ജീവനക്കാരന്റെ ആത്മാര്‍ത്ഥത നേടാനാകില്ല. നമുക്കറിയാം മനുഷ്യ ദൈവങ്ങളുടെ കക്കൂസു കഴുകാനും, ചോറും കറിയും വക്കാനും രണ്ടു മൂന്നു പി എച്ച് ഡി യുള്ള മനുഷ്യസ്നേഹികള്‍ ക്യൂ നില്‍ക്കുന്ന നാടാണ് നമ്മുടേത്. കന്യാസ്ത്രീ മഠങ്ങളും, മിഷനറി സ്ഥാപനങ്ങളും വേശ്യാലയങ്ങളായും കൊലക്കളങ്ങളായും  കുപ്രസിദ്ധി നേടുന്നതിനു മുന്‍പ്  ജന സേവനം ഭാഗ്യമായികണ്ട് ഒട്ടേറെ നല്ല മനുഷ്യര്‍ പ്രതിഫലമില്ലാതെ അവിടങ്ങളില്‍ സേവനമനുഷ്ടിച്ചിരുന്നു. സര്‍ക്കാര്‍ ജോലി ജനങ്ങളെ സേവിക്കാനുള്ള അവസരമാണെന്നും, അതിന് 500 രൂപ മാത്രം മാസ ശമ്പളം (അതും സമയത്തിനു കിട്ടാതെ) സ്വീകരിച്ചുകൊണ്ട് ആദിവാസികളുടേയും മറ്റും മക്കളെ പഠിപ്പിച്ച്  ശമ്പളത്തിനായി മാസക്കണക്കായുള്ള ശമ്പള കുടിശിഖക്ക് പട്ടണത്തിലെ എ.ഇ.ഒ.ഓഫീസുകള്‍ കയറിയിറങ്ങി,  അധ്യാപകരായി നരകയാതനയനുഭവിക്കുന്നവര്‍ നമുക്കിടയില്‍ത്തന്നെയുണ്ട്. സംഘടിതരല്ലാത്തതിന്റെ പേരിലും സമൂഹത്തിന്‍ലെ ഏറ്റവും പാവപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടിയുള്ള സ്ഥാപനാങ്ങളിലായതിനാലും “തൊഴിലാളി  വര്‍ഗ്ഗ” ന്യായങ്ങള്‍ വിളമ്പുന്ന വിശുദ്ധ പാര്‍ട്ടി പട്ടികളൊന്നും അവര്‍ക്കു വേണ്ടി കുരക്കാറില്ല. അതുകൊണ്ടുതന്നെ, ഇത്തിക്കണ്ണികളായ ഇപ്പോഴത്തെ സര്‍ക്കാര്‍ ജീവനക്കാരില്‍ ഭൂരിപക്ഷത്തിന്റേയും ശമ്പളം അനര്‍ഹമാണ്. സര്‍ക്കാര്‍ ജോലി സ്വീകരിക്കുന്നവര്‍ ഇതൊരു പൊതു ജന സേവനത്തിനുള്ള അവസരമാണെന്ന് കരുതുന്നവരായിരിക്കണം. അവര്‍ക്ക് പണത്തോട് അഭിനിവേശം തോന്നുമ്പോള്‍ വല്ല കച്ചവടമോ വ്യവസായമോ സ്വകാര്യ മേഖല ജോലിയോ തിരഞ്ഞെടുക്കാന്‍ സ്വയം നിര്‍ബന്ധിതരാകുകയും പൊതു ജന സഹായ കേന്ദ്രങ്ങളായ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്നും ഇവര്‍ നിഷ്ക്രമിക്കേണ്ടതും പൊതുജന താല്‍പ്പര്യമായി നാം മനസ്സിലാക്കേണ്ടതുണ്ട്. അതിന്റെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം കുറക്കുക എന്ന് അടിയന്തിര ആവശ്യം നേടിയെടുക്കാനായി ഒരു രാഷ്ട്രീയ സാംസ്ക്കാരിക പ്രസ്ഥാനം തന്നെ ഉയര്‍ന്നു വന്നാല്‍ നിലവിലുള്ള നമ്മുടെ സാമൂഹ്യ ജീര്‍ണ്ണതകളെ മറികടക്കാന്‍ ആ വിപ്ലവത്തിനായേക്കുമെന്ന്  പ്രതീക്ഷിക്കുന്നു... സാവധാനം മതി :))


10 comments:

chithrakaran:ചിത്രകാരന്‍ said...

സര്‍ക്കാര്‍ ജോലി ജനങ്ങളെ സേവിക്കാനുള്ള അവസരമാണെന്നും, അതിന് 500 രൂപ മാത്രം മാസ ശമ്പളം (അതും സമയത്തിനു കിട്ടാതെ) സ്വീകരിച്ചുകൊണ്ട് ആദിവാസികളുടേയും മറ്റും മക്കളെ പഠിപ്പിച്ച് ശമ്പളത്തിനായി... മാസക്കണക്കായുള്ള ശമ്പള കുടിശിഖക്ക് പട്ടണത്തിലെ എ.ഇ.ഒ.ഓഫീസുകള്‍ കയറിയിറങ്ങി, അധ്യാപകരായി നരകയാതനയനുഭവിക്കുന്നവര്‍ നമുക്കിടയില്‍ത്തന്നെയുണ്ട്. സംഘടിതരല്ലാത്തതിന്റെ പേരിലും സമൂഹത്തിന്‍ലെ ഏറ്റവും പാവപ്പെട്ട മനുഷ്യര്‍ക്ക് വേണ്ടിയുള്ള സ്ഥാപനാങ്ങളിലായതിനാലും “തൊഴിലാളി വര്‍ഗ്ഗ” ന്യായങ്ങള്‍ വിളമ്പുന്ന വിശുദ്ധ പാര്‍ട്ടി പട്ടികളൊന്നും അവര്‍ക്കു വേണ്ടി കുരക്കാറില്ല.

mini//മിനി said...

അടുത്തവീട്ടിൽ ഒരു തൊഴിലാളിയുണ്ട്. ദിവസക്കൂലി 800 രൂപ മാത്രം വാങ്ങുന്നവൻ,, അതും ഭക്ഷണചെലവ് കഴിച്ച്,,,

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

കേരളത്തില്‍ ഇപ്പോള്‍ മാസം 4000 രൂപക്ക് കഴിഞ്ഞുകൂടാം എന്നുള്ള ചിത്രകാരന്‍റെ കണ്ടുപിടുത്തം കൊള്ളം . കൂലിവേലക്കാരന് ദിവസം 800 രൂപ കൊടുക്കുന്നതിനോട് ചിത്രകാരന് വിരോദം ഇല്ലല്ലോ അത് പോലെ തന്നെ അല്ലെ ഒരു സര്‍ക്കാര്‍ ജോലിക്കാരനും . കൂളിവേലക്കാരന്റെ വേതനം മാസാമാസം കൂടാം പക്ഷെ സര്‍ക്കാര്‍ ജോലിക്കാരന്റെ കൂലി ഏത്ര നാള്‍ കഴിഞ്ഞാലും 10000 രൂപയില്‍ തന്നെ നില്‍ക്കണം എന്നുള്ള ചിന്ത അപലപനീയം തന്നെ . ഇത്രക് അന്ധമായ വിരോദം വരാന്‍ ചിത്രകാരന്‌ എന്തെങ്കിലും കാരണം ഉണ്ടാവാം അല്ലെ ......, 3% വരുന്ന സര്‍ക്കാര്‍ ജോലികാരും അവരുടെ കുടുംബവും ആശ്രിതരും 4000 രൂപയില്‍ ഒതുങ്ങി ജീവിക്കാന്‍ ഇതിനാല്‍ ചിത്രകാരന്‍ ഉത്തരവായിരിക്കുന്നു ... പര്‍ ..

ഞാന്‍ ഒരു സര്‍ക്കാര്‍ ജോലിക്കരനല്ല കേട്ടോ ചിത്രകാരാ എങ്കിലും ഇത്ര വിരോധം ഇല്ല അവരോട് :)

niDheEsH kRisHnaN @ ~അമൃതംഗമയ~ said...

http://workersforum.blogspot.in/2013/01/blog-post_4467.html

ഇതൂടെ ഒന്ന് വായിക്കൂ

Aneesh chandran said...

സമരവുമായി ഈ പറഞ്ഞതിന് നേരിയ ബന്ധം കാണുന്നുണ്ട് പക്ഷെ സമരം എന്തിനു അതുകൂടി പറയാമായിരുന്നു ഇവിടെ..

Shiju Sasidharan said...

ഇന്നത്തെ മനോരമയില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തിനെതിരെ ഒരു പരസ്യമുണ്ട് അതില്‍ പറയുന്നത് പ്രകാരം കേരളത്തിന്റെ തനതു വരുമാനാത്തിന്റെ 80% ശമ്പളവും പെന്‍ഷനും കൊടുക്കാനാണ്‌ ഉപയോഗിക്കുന്നത് എന്നാണ്‌. ഇത് വായിക്കുന്നവര്‍ എല്ലാം കരുതുക കേരളത്തില്‍ പിന്നെ 20% തുക മാത്രമെ ശമ്പളവും പെന്‍ഷനും കൊടുത്തു കഴിഞ്ഞ് ബാക്കിയുള്ളൂ എന്നുമാണ്‌. തനതു വരുമാനമാകട്ടെ29197 കോടി മാത്രവും . 2012-2013 ലെ ബജറ്റില്‍ നിന്ന് കേരളത്തിന്റെ വരുമാനം താഴേക്കൊടുത്തിരിക്കുന്നു. അത് 48141 കോടി എന്നും കാണുന്നു. അപ്പോല്‍ സര്‍ക്കാരിന്റെ തനതു വരുമാനത്തിന്‌ പുറത്തും സര്‍ക്കാരിന്‌ വരവുണ്ട് എന്നതാണ്‌ സത്യം
by
kiran thomas
shared from fb

https://www.facebook.com/photo.php?fbid=10200172358182080&set=a.2466777999214.2135673.1545212085&type=1

asdfasdf asfdasdf said...

കൊള്ളാം... ഒരു സാധാ സിമന്റ് പണിക്കാരന് ഒരു ദിവസത്തെ കൂലി 650 രൂപ .. ഒരു മാസം 25 ദിവസം പണിതാല്‍ തന്നെ 16500 രൂപ .. സര്‍ക്കാര്‍ എല്‍.ഡി. ക്ലെര്കിനു ഇതില്‍ കൂടുതല്‍ കിട്ടുന്നുണ്ടോ ?

സുജനിക said...

കഴിവുള്ള വ്യക്തിയാണെങ്കില്‍ 10000 ആയി ശമ്പളം കുറച്ചാല്‍ അയാള്‍ പ്രവര്‍ത്തന യോഗ്യമായേക്കും. കാരണം, അര്‍ഹതയില്ലാത്ത പണവും അധികാരാവകാശങ്ങളും നല്‍കുന്ന അലസത അയാളെ വിട്ടൊഴിയേണ്ടതാണ്.... ജനം ചിന്തിക്കുന്നത് ഇങ്ങനെയൊക്കെത്തന്നെ.

vettathan said...

അവരിപ്പോള്‍ സമരം ചെയ്യുന്നത് ഭാവിയില്‍ നിയമിക്കപ്പെടുന്നവരെ പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍ നിന്നു ഒഴിവാക്കാനാണ്.എന്തൊരു സഹോദരസ്നേഹം. ഇവരുടെ ഓഫീസുകളില്‍ എന്തെങ്കിലും കാര്യം സാധിക്കാനായി ഒന്നു പോയി നോക്കൂ.അപ്പോള്‍ കാണാം യഥാര്‍ത്ഥ സഹോദര സ്നേഹം.

Muralee Mukundan , ബിലാത്തിപട്ടണം said...

ആക്രാന്തം ശമിക്കുന്നില്ല !