Wednesday, December 24, 2014

കൊച്ചി ബിനാലെ - ആദ്യ ദര്‍ശനം

ഇന്നലെ കൊച്ചി ബിനാലെ കാണാന്‍ പോയി.
ഡി. പ്രദീപ്കുമാറിന്‍റെ പുസ്തക പ്രകാശന ചടങ്ങുകൂടി ഉണ്ടായിരുന്നതിനാല്‍ ബിനാലെ ആസ്പിന്‍വാളി ലേതുമാത്രമേ കണ്ടുള്ളു.  അതുകൊണ്ടുതന്നെ, കലാകാരന്മാരുടെ പേരുകള്‍ നോക്കാനോ, കലാ സൃഷ്ടികളെക്കുറിച്ചു കൂടുതല്‍ ആഴത്തിലിറങ്ങാനോ സാധിച്ചിട്ടില്ല. അടുത്ത ഒന്നോ രണ്ടോ സന്ദര്‍ശനത്തിലൂടെ മാത്രമേ ബിനാലെയുടെ വ്യക്തമായ ഒരു ചിത്രം മനസ്സില്‍ രൂപപ്പെടു.

എങ്കിലും ഒന്നു പറയാം, കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മികച്ച ഉള്ളടക്കമാണ് ഈ വര്‍ഷം ബിനാലെ നല്‍കുന്നത്.  വാസ്തവത്തില്‍ നമ്മുടെ ചിത്രങ്ങളെക്കുറിച്ചുള്ള മുന്‍ വിധികളുടെ അഹങ്കാരത്തില്‍ താഴെക്കൊടുത്ത ചിത്രത്തിനടുത്തു ചെന്നാല്‍, അവിടെ ചിത്രം ഇല്ലെന്നു തന്നെ പറയേണ്ടിവരും. പക്ഷേ, അവിടെ ചിത്രമുണ്ടെന്നും, കലാകാരന്റെ മനസ്സ് നിങ്ങളെ അതു കാണാന്‍ ക്ഷണിക്കുന്നുണ്ടെന്നും സ്പോട്ട് ലൈറ്റുകള്‍ സൌമ്യമായി പറയുന്നതു നിങ്ങള്‍ക്കു ശ്രദ്ധക്കാന്‍ ശേഷിയുണ്ടെങ്കില്‍ അവിടെയൊരു ചിത്രം കൃത്യതയോടെയും സൂഷ്മതയോടെയും താള നിബദ്ധമായും വരച്ചുവച്ചിരിക്കുന്നതായി നിങ്ങള്‍ക്കു കാണാനാകും. നിറങ്ങളും രൂപങ്ങളും കൊണ്ടുള്ള പ്രകടമായ താണ്ഡവങ്ങളും വര്‍ണ്ണ മിശ്രണത്തിന്റെ ഐന്ദ്രജാലമായ ക്രാഫ്റ്റോ ആവശ്യപ്പെടുന്ന വിശപ്പാര്‍ന്ന കണ്ണുകളുമായി ഈ ചിത്രത്തിനു മുന്നില്‍ ചെന്നാല്‍ നിങ്ങള്‍ക്കുമുന്നില്‍ ആ ചിത്ര ദേവത പ്രത്യക്ഷപ്പെടില്ല.
നിങ്ങളുടെ മനസ്സില്‍ സൌമ്യമായ, അത്യന്തം മൃദുലമായ ഒരു ഇടമുണ്ടെങ്കില്‍, ആ ഇടത്തിന്റെ സംവേദനശേഷികൊണ്ടു മാത്രമേ ആ ചിത്രം അനുഭവിച്ചറിയാന്‍ സാധിക്കു. ഇവിടെ ആര്‍ട്ടിസ്റ്റ് ആശയങ്ങള്‍ കൊണ്ട് ഒടിമറിയാനോ വിഭ്രമിപ്പിക്കാനോ അവകാസവാദങ്ങളുയര്‍ത്തി അലോസരപ്പെടുത്താനോ വരുന്നില്ല.

മുകളില്‍ കൊടുത്ത ചിത്ര വായന  ചിത്രകാരന്റേതു (എന്റേതു) മാത്രമായ ആസ്വാദനമാണ്. ആ ചിത്രം കണ്ടപ്പോഴുണ്ടായ   സന്തോഷം അനിര്‍വചനീയമാണ്. കാരണം, നമ്മുടെ മനസ്സിലെ വളരെ ആഴത്തിലുള്ളതോ, ഉയരത്തിലുള്ളതോ ആയ മനസ്സിലെ ഭൂഭാഗങ്ങള്‍ നമുക്ക് സ്വയം കണ്ടെത്താന്‍ ക്രിയാത്മക ശേഷിയുള്ളവര്‍ നമ്മേ സഹായിച്ചെന്നിരിക്കും.

മറ്റൊരു കാര്യം, കൊച്ചി ബിനാലെയിലെ പല പ്രതിഷ്ഠാനങ്ങളും (ഇന്‍സ്റ്റാളേഷന്‍) കല എന്താണെന്ന നമ്മുടെ അറിവുകളെത്തന്നെ ഉടച്ചു വാര്‍ക്കുന്നതാണ്. അറിവിന്റേയും അനുഭവങ്ങളുടെയും വിനിമയവേദി.  ശാസ്ത്രമേത്, സാഹിത്യമേത്, സംഗീതമേത്, ചിത്രകലയും ശില്‍പ്പകലയുമേത് എന്നൊക്കെ വേര്‍ത്തിരിച്ചറിയാനാകാത്തവിധം മനസ്സും വിജ്ഞാനവും തമ്മിലുള്ള ഒരു പാരസ്പര്യത്തിന്റെ അല്ലെങ്കില്‍ ഒരു അനുരണനത്തിന്റെ ആത്മസുഖാനുഭൂതിയായി കല അനുഭവ പ്രപഞ്ചമാകുന്നതിന്റെ ചെറിയൊരു തുടക്കമാക്കാനെങ്കിലും ബിനാലെ നിമിത്തമാകുന്നുണ്ടെന്നു പറയാം.


മുകളില്‍ കൊടുത്ത ചിത്രകാരന്റെ ആസ്വാദനം വായിച്ച്  ആനയാണ്, ചേനയാണ്, തേങ്ങാക്കുലയാണ് എന്നെല്ലാം പ്രതീക്ഷിച്ച് ബിനാലെ കാണാന്‍പോയി ധനനഷ്ടവും മാനഹാനിയും സംഭവിക്കുന്നവരുടെ കഷ്ട-നഷ്ടങ്ങളില്‍ ചിത്രകാരനു പങ്കില്ലെന്ന് അറിയിച്ചുകൊള്ളുന്നു. സ്വന്തം മനസ്സ് തരളമാക്കാന്‍, ആര്‍ദ്രമാക്കാന്‍, മൃദുലമാക്കാന്‍, അത്യന്തം സംവേദക്ഷമമാക്കാന്‍, അപരന്റെ മനസ്സിനേയും, അനുഭവങ്ങളേയും ഉള്‍ക്കൊള്ളാവുന്നവിധം നമ്മുടെ മനസ്സു പാകപ്പെടുത്താന്‍ ... എന്നിങ്ങനെയുള്ള സ്വയം നിര്‍മ്മാണത്തിനു ശ്രമിക്കുന്നതിന്റെ ഭാഗമായാണ് കലാസൃഷ്ടികളെ നാം സമീപിക്കേണ്ടത്. അല്ലാതെ, കലയുടെ വര്‍ണ്ണഭംഗി കൊള്ളാലോ, രൂപഭംഗികണ്ട് ഉദ്ദരിക്കാലോ, തഞ്ചത്തില്‍ കിട്ടിയാല്‍ കലയെ കയറിപ്പിടിക്കാമല്ലോ എന്ന ഉദ്ദേശത്തില്‍ കലയെ മാത്രമല്ല ഒരു കൊലയേയും കണ്ടുകൂട എന്നുകൂടി ഓര്‍മ്മിപ്പിക്കട്ടെ :)

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

കൊച്ചി ബിനാലെയിലെ പല പ്രതിഷ്ഠാനങ്ങളും (ഇന്‍സ്റ്റാളേഷന്‍) കല എന്താണെന്ന നമ്മുടെ അറിവുകളെത്തന്നെ ഉടച്ചു വാര്‍ക്കുന്നതാണ്. അറിവിന്റേയും അനുഭവങ്ങളുടെയും വിനിമയവേദി. ശാസ്ത്രമേത്, സാഹിത്യമേത്, സംഗീതമേത്, ചിത്രകലയും ശില്‍പ്പകലയുമേത് എന്നൊക്കെ വേര്‍ത്തിരിച്ചറിയാനാകാത്തവിധം മനസ്സും വിജ്ഞാനവും തമ്മിലുള്ള ഒരു പാരസ്പര്യത്തിന്റെ അല്ലെങ്കില്‍ ഒരു അനുരണനത്തിന്റെ ആത്മസുഖാനുഭൂതിയായി കല അനുഭവ പ്രപഞ്ചമാകുന്നതിന്റെ ചെറിയൊരു തുടക്കമാക്കാനെങ്കിലും ബിനാലെ നിമിത്തമാകുന്നുണ്ടെന്നു പറയാം.