Sunday, November 4, 2018

ശൂദ്രന്മാരുടെ (നായർ ) നെയ്‌ക്കിണ്ടിവക്കല്‍ ആചാരംശൂദ്രന്മാരുടെ (നായർ )
നെയ്‌ക്കിണ്ടിവക്കല്‍
ഏതാണ്ട് 100 കൊല്ലം മുന്‍പുവരെ കേരളത്തിലെ ശൂദ്രന്മാർ (നായന്മാര്‍) അനുഷ്ടിച്ചിരുന്ന ഒരു ചടാങ്ങാണ് നെയ്ക്കിണ്ടിവക്കല്‍. ആ ചടങ്ങിന്റെ ചരിത്ര സാഹചര്യം താഴെ വിവരിക്കാം.
..............................
മുന്നറിയിപ്പ്: ജാതിയതയിലും ബാലിശ ദൈവ സങ്കൽപ്പങ്ങളിലും സംഘപരിവാര ബ്രാഹ്മണ മന്ത്രവാദ പൗരോഹിത്യ വംശീയ രാഷ്ടീയ ഭക്തി/ അടിമത്വത്തിലും വിശ്വസിക്കുന്നവർ സ്വന്തം ഉത്തരവാദിത്വത്തിൽ മാത്രമേ ഈ പോസ്റ്റ് വായിക്കാൻ പാടുള്ളു.
.................................
കേരളത്തിലെ ശൂദ്രർക്ക് / നായന്മാര്‍ക്ക് നമ്പൂതിരിയില്ലാതെ ഒരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും പണ്ടുകാലത്ത് സാധിക്കുമായിരുന്നില്ല. നമ്പൂതിരിമാരുടെ അടിമകളായിരിക്കുക എന്നത് അവരുടെ അഭിമാനകരമായ ജീവിത ലക്ഷ്യം തന്നെയായിരുന്നു.
നമ്പൂതിരിമാര്‍ തങ്ങളുടെ വീട്ടുജോലിക്കും സംബന്ധം എന്ന സൗജന്യ വേശ്യാ സേവനത്തിനും വീട്ടു കാവലിനും നാട്ടിൽ ബ്രാഹ്മണ മേധാവിത്വം എന്ന സവർണ്ണ സാമൂഹ്യ വ്യവസ്ഥിതി നിലനിർത്തുന്നതിനായുള്ള മാടമ്പി - ഗുണ്ടാ പ്രവർത്തനം നടത്തുന്നതിനുമായി സൃഷ്ടിച്ച അടിമകളായ ഭൃത്യ/ ദാസ്യ ജനങ്ങളാണ് വാസ്തവത്തില്‍ ശൂദ്രർ / നായന്മാര്‍ എന്ന പേരില്‍ ചരിത്രത്തിൽ അറിയപ്പെടുന്നത്.
മലയാള ബ്രാഹ്മണർ:
ഭട്ടതിരി, നമ്പൂതിരി
1200 വർഷം മുമ്പ് അഥവ എട്ടാം നൂറ്റാണ്ടിൽ കേരളത്തിലെ ബൗദ്ധ ധർമ്മത്തിൽ വിശ്വസിച്ചിരുന്ന പ്രബുദ്ധവും സമ്പന്നവുമായ ജനസമൂഹത്തിന്റെ (ഇന്നത്തെ ദളിത് പിന്നോക്ക ജനങ്ങളുടെ ) പുലയ വംശ രാജാവായിരുന്ന കൊടുങ്ങല്ലൂരിലെ ചേരമാൻ പെരുമാളിന്റെ ബൗദ്ധ രാജഗുരുക്കന്മാരെ (ബൗദ്ധ ഭട്ടന്മാരെ) പാണ്ഡിത്യ തർക്കത്തിൽ തോൽപ്പിച്ച ബൗദ്ധ വേഷം ധരിച്ച പരദേശികളായ വൈദിക ബ്രാഹ്മണരാണ് കേരളത്തിൽ ആദ്യമായി സവർണ്ണ മേധാവിത്വം സ്ഥാപിക്കുന്നതും മലയാള ബ്രാഹ്മണരായി നമ്പൂതിരിമാരെയും ( ബൗദ്ധ അരയൻ /നമ്പു + തിരിഞ്ഞത്), ഭട്ടതിരിമാരെയും (ബൗദ്ധ ചേകവ ഭട്ടൻ + തിരിഞ്ഞത്) സവർണ്ണ വ്യവസ്ഥിതിയുടെ അധിപതികളാക്കുന്നത്.
കേരളീയനായിരുന്നെന്ന് പറയപ്പെടുന്നതും ബൗദ്ധ വേഷ പ്രച്ഛന്നനായി (തല മുണ്ഡനം ചെയ്തതും പൂണൂൽ ധരിക്കാത്തതുമായ ബൗദ്ധ ഭട്ടവേഷത്തിൽ) ഇന്ത്യയൊട്ടുക്ക് പാണ്ഡിത്യ ദിഗ്വിജയം നടത്തിയ ഒരു കാലടിക്കാരൻ ശ്രീ ശങ്കരാചാര്യരായിരുന്നു സവർണ്ണ അധിനിവേശത്തിന്റെ കാർമ്മികൻ എന്നും പറയപ്പെടുന്നുണ്ട്. കാരണം, ബ്രഹ്മണാചാരങ്ങൾ ജീവിതരീതി, സവർണ്ണ സാമൂഹ്യ ആചാരങ്ങൾ എന്നിവ ക്രമപ്പെടുത്തുന്ന (മനുസ്മൃതി പോലുള്ള ) 'ശങ്കര സ്മൃതി 'യാണത്രേ മലയാള ബ്രാഹ്മണരുടെ സാമൂഹ്യാചാരങ്ങളുടെ അടിസ്ഥാന പ്രമാണം.
മലയാള ബ്രാഹ്മണാധിപത്യവും
മക്കക്കു പോകുന്ന ചേരമാൻ പെരുമാളും
പാണ്ഡിത്യ തർക്കമത്സരത്തിന്റെ ബ്രാഹ്മണ നിബന്ധനകൾ പ്രകാരം രാജാവായ ചേരമാൻ പെരുമാൾ തന്റെ ബൗദ്ധ ഗുരുക്കന്മാരുടെയും / ഭട്ടന്മാരുടെയും ശിക്ഷ്യഗണങ്ങളുടെയും നവോ തലയോ ഛേദിച്ചു നൽകണമെന്ന വാഗ്ദാനം പാലിച്ച് അതിന്റെ മനോവ്യഥ താങ്ങാനാകാതെ ഭരണമുപേക്ഷിച്ച് മക്കത്തേക്ക് യാത്രയായി എന്നാണ് പറയപ്പെടുന്നത്.
അതിന്റെ സ്മാരകമായി, ഒരു ബുദ്ധ പള്ളിയുടെ തനി സ്വരൂപത്തിൽ കൊടുങ്ങല്ലൂർ ചേരമാൻ പെരുമാൾ മുസ്ലീം പള്ളി അടുത്ത കാലം വരെ നിലനിന്നിരുന്നു. ( പുരാതന ബൗദ്ധ പള്ളിയുടെ മിനിയേച്ചർ രൂപം അവിടത്തെ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്. )സമീപകാലത്ത് പഴയ ബൗദ്ധ പള്ളിയുടെ അകത്തളം ഒഴിച്ചുള്ള ഭാഗങ്ങളെല്ലാം പൊളിച്ച് കോൺക്രീറ്റാക്കിയെങ്കിലും പുരാതനമായ ബൗദ്ധ പള്ളിയുടെ പീഠവും ധ്യാന മണ്ഡപവും കേടുകൂടാതെ ഇന്നും സംരക്ഷിക്കപ്പെടുന്നുണ്ട്.
മാത്രമല്ല, പള്ളിക്കു മുന്നിലായി റോഡ് സൈഡിൽ നേർച്ചപ്പണം സമർപ്പിക്കാനുള്ള ഒരു ഭണ്ഡാരവും കാണാം. ഇവിടെ ബൗദ്ധ ആരാധനാലയങ്ങളിൽ കാർമ്മിക ആവശ്യങ്ങൾക്കായി പണം സ്വീകരിക്കുന്നതിനും പൊതുഭരണത്തിനും ഉപയോഗിക്കുന്ന ഭണ്ഡാരം എന്ന പഴയ മലയാളം വാക്കു തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത്. അല്ലാതെ നേർച്ചപ്പെട്ടി എന്നല്ല !
മലയാള ശൂദ്രൻ / നായർ
കേരളം നമ്പൂതിരി ഗ്രാമങ്ങളായി പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി നമ്പൂതിരിമാരുടെ ഗ്രാമ / ഗൃഹ പരിപാലനത്തിനും സുരക്ഷക്കുമായി തിരഞ്ഞെടുക്കപ്പെട്ട പറയ-പാണ സമുദായങ്ങളിൽ നിന്നുള്ള അടിമകളാണ് ശൂദ്രൻ എന്ന സവർണ്ണ ദാസ്യവൃത്തിയിലേക്ക് ഉൾച്ചേർക്കപ്പെടുന്നത്.
കാരണം, കേരളത്തിന്റെ കൃഷിയിടങ്ങളായ 'പുല 'ങ്ങളുടെ ഉടമകളായിരുന്ന 'പുലയർ ' ചേരമാൻ പെരുമാളിന്റെ സ്വന്തം വംശീയ ജനതയായതിനാൽ നിഷ്ഠൂരമായ അടിമത്വത്തിലേക്ക് ചവിട്ടിത്താഴ്ത്തപ്പെടുകയും തങ്ങളുടെ ഉടമസ്തതയിലായിരുന്ന കൃഷിയിടങ്ങളിലെ അടിമകളായ കൃഷിപ്പണിക്കാരായി അവർ അപമാനിക്കപ്പെടുകയും ചെയ്യുന്നുണ്ട്.
ആ അധികാര-അവകാശ വിടവിലേക്കാണ് പ്രാദേശിക ജനതയിലെ തന്നെ ബ്രാഹ്മണർക്ക് വിശ്വസിക്കാവുന്ന ഭൃത്യരായി, പറയ-പാണ സമുദായങ്ങളിൽ നിന്നുള്ള അടിമകളെ ബ്രാഹ്മണ്യം ശൂദ്രവൃത്തിയിലേക്ക് അഥവ ശൂദ്രജാതിക്കാരാക്കി സവർണ്ണ ജാതീയതയുടെ അടിത്തട്ടുകാരായി നിയോഗിക്കുന്നത് എന്നതുകൂടി ശ്രദ്ധിക്കണം.
ഓരോ നമ്പൂതിരി ഇല്ലത്തോടും ചേര്‍ന്ന് നിശ്ചിത എണ്ണം നായര്‍ വീടുകള്‍ ഉണ്ടായിരിക്കണമെന്നത് പണ്ടുകാലത്ത് നിര്‍ബന്ധമുള്ള കാര്യമാണ്. കാരണം, നമ്പൂതിരി ഗൃഹങ്ങളിലെ എല്ലാ ജോലിയും ചെയ്യേണ്ടത് നായരുടെ കർത്തവ്യമാണ്.
കൂടാതെ നമ്പൂതിരിയോ അന്തര്‍ജ്ജനമോ ഇല്ലത്തിനു പുറത്തിറങ്ങുകയാണെങ്കില്‍ ബൗദ്ധ പാരമ്പര്യമുള്ള അന്യ സമുദായ ജനങ്ങളെ കാണാതേയും, അവരുമായുള്ള അയിത്താചാരപ്രകാരമുള്ള ദൂരം നിശ്ചയിച്ചും, വിളിച്ചു കൂവിയും ഒച്ച വെച്ചും അയിത്ത ദൂരം അളന്നും മുന്നിലും പിന്നിലുമായി ഇല്ലത്തെ അടിമകളായ നായന്മാര്‍ ഒരു യജമാന ഭക്തിയുള്ള നായ കണക്കെ ഓടിക്കൊണ്ടിരിക്കുക തന്നെ വേണം.
ഇങ്ങനെ ദൈവത്തിന്റെ സൂക്ഷിപ്പുകാരായ നമ്പൂതിരിമാരുടെ ആശ്രിതരായി വട്ടം ചുറ്റി കളിക്കുന്നത് ഒരു അംഗീകാരവും, ഭാഗ്യവും, സുകൃതവുമായാണ് നായര്‍ കരുതുക. ഈ വക ജോലികള്‍ക്കൊന്നും കൂലിപോലും ചോദിക്കാനുള്ള വിവരമോ വിദ്യാഭ്യാസമോ അന്നവര്‍ക്കുണ്ടായിരുന്നില്ല.
അക്ഷരം പഠിക്കാത്തവരായതിനാൽ 'നാണോം മാനോം' ഇല്ലാത്തവർ എന്നൊരു അജ്ഞതയുടെ അലങ്കാര വിശേഷണവും കൂടി പണ്ട് അവർക്കുണ്ടായിരുന്നു. ' 'നാനോം മോനോം ' എന്നത് അക്കാലത്ത് ബൗദ്ധർ (ഇന്നത്തെ പിന്നോക്ക ജനതയുടെ പൂർവ്വികർ ) ഉപയോഗിച്ചിരുന്ന അക്ഷരമാലയുടെ പേരായിരുന്നു. അതായത് നമ്പൂതിരിയുടെ കീഴിലുള്ള അടിമത്വം നായര്‍ക്ക് അഭിമാനകരമായി തീർന്നത് വിദ്യാഭ്യാസ നിഷേധത്തിൽ കൂടിയാണെന്ന് സാരം.
ശൂദ്രന്മാരുടെ ( നായന്മാരുടെ )
നെയ്ക്കിണ്ടി വെക്കൽ
നംബൂതിരിമാര്‍ തങ്ങളുടെ മൂത്ത ആണ്‍മക്കള്‍ക്ക് (അച്ഛന്‍ നമ്പൂതിരി) മാത്രമേ സ്വസമുദായത്തില്‍ നിന്നും വിവാഹം അനുവദിച്ചിരുന്നുള്ളു എന്നതിനാലും, ഇളയ സഹോദരങ്ങള്‍ക്ക് (അഫ്ഫന്‍ നമ്പൂതിരിമാര്‍)അന്യ ശൂദ്ര (നായര്‍), അമ്പലവാസി ജാതികളുമായി മാത്രമേ സംബന്ധം അനുവധിച്ചിരുന്നുള്ളു എന്നതിനാലും നമ്പൂതിരി ഗൃഹങ്ങള്‍ വംശവര്‍ദ്ധനവില്ലാതിരിക്കയും ആശ്രിതരായ നായര്‍ ഗൃഹങ്ങളിൽ അംഗസംഖ്യ പെറ്റു പെരുകുകയും, സംബന്ധ വൈശിക സേവനങ്ങളിലൂടെയുള്ള വരുമാനങ്ങളിലൂടെയും സാംബത്തികമായി പുരോഗതിപ്രാപിക്കുകയും ചെയ്തതിനെത്തുടര്‍ന്ന് തങ്ങളുടെ ഉടമസ്തരായ നമ്പൂതിരിഗൃഹങ്ങളില്‍ നിന്നും പിരിഞ്ഞു താമസിക്കാനും തുടങ്ങിയതിനാല്‍ കാലക്രമത്തില്‍ പലര്‍ക്കും തങ്ങളുടെ ഉടമകളായ നമ്പൂരന്മാര്‍ ആരാണെന്ന് നിശ്ചയമില്ലാത്ത അവസ്ഥ സംജാതമായി എന്നാണ് ഒരു വാദം.
നമ്പൂതിരിമാരെ പിരിഞ്ഞുള്ള ഈ അകൽച്ച ശൂദ്രരിൽ കടുത്ത അരക്ഷിതാവസ്ഥ സൃഷ്ടിച്ചു എന്നാണു കാണിപ്പയ്യൂർ ശങ്കരൻ നമ്പൂതിരിപ്പാട് പറയുന്നത്.
ഇതിനൊരു പരിഹാരമായി ഇത്തരം സാംബത്തിക ഭദ്രത നേടിയ നായര്‍ കുടുംബങ്ങള്‍ തങ്ങളുടെ ഉടമകളായി ഏതെങ്കിലും നമ്പൂതിരി കുടുംബങ്ങളെ കണ്ടെത്തുകയാണു ചെയ്തിരുന്നത്. ഇങ്ങനെ കണ്ടെത്തുന്ന നംബൂതിരി കുടുബവുമായി വീണ്ടും സ്വയം അടിമപ്പെടുന്നതിനായി നടത്തിവന്ന ചടങ്ങാണ് നായന്മാരുടെ നെയ്‌ക്കിണ്ടി വെക്കല്‍.
നെയ്ക്കിണ്ടിവക്കല്‍ ചടങ്ങിന്റെ ഭാഗമായി നായര്‍ കുടുംബം കുഞ്ഞുകുട്ടികള്‍ മുതല്‍ മൂത്ത സ്ത്രീകളും പുരുഷന്മാരും വരെ നമ്പൂതിരി ഇല്ലത്തില്‍ ചെന്ന് സദ്യനടത്തണം. ഇല്ലത്തിനകത്തും പുറത്തുമുള്ള അന്തര്‍ജ്ജനങ്ങള്‍ക്കും, നമ്പൂതിരിമാര്‍ക്കും,കുട്ടികള്‍ക്കും നായര്‍ കുടുംബത്തിലെ ഏല്ലാവരും പ്രത്യേകം തിരുമുല്‍കാഴ്ച്ച സമര്‍പ്പിക്കണം.
പ്രായം തികഞ്ഞ നായര്‍ സ്ത്രീകളും പുരുഷന്മാരും ഓരോ ഓട്ടുകിണ്ടിയില്‍ നെയ് നിറച്ച് കാഴ്ച്ചവക്കും. ഇല്ലത്തിന്റെ നടുമുറ്റത്തുവച്ച് നിറപറയും നിലവിളക്കും വച്ച് ചില കര്‍മ്മങ്ങള്‍കൂടി ചെയ്യും. അന്നുമുതല്‍ ആ നായന്മാര്‍ നമ്പൂതിരി ഗൃഹത്തിലെ അടിയാന്മാരായി കണക്കാക്കപ്പെടും.
ഇങ്ങനെയാണ് നമ്പൂതിരി അടിമത്വത്തില്‍ നിന്നും ഊര്‍ന്നു പോയ നായന്മാര്‍ തങ്ങളുടെ അഭിമാനകരമായ അടിമത്വത്തിലേക്ക് നെയ്‌ക്കിണ്ടിവച്ച് തിരിച്ചുവന്നിരുന്നത്.
നെയ്ക്കിണ്ടി വെക്കൽ ചടങ്ങിന് കാരണമാകാൻ ഒരു ശൂദ്ര /നായർ കുടുംബം നമ്പൂതിരി കടുംബത്തിൽ നിന്നും വിട്ടു പോകുകയും അതിനെത്തുടർന്ന് അവർക്ക് ജീവിതത്തിൽ പ്രശ്നങ്ങൾ/ അനർത്ഥങ്ങൾ സംഭവിക്കുകയും ജ്യോതിഷപ്രശ്ന വിധിയിൽ ബ്രാഹ്മണ ദാസ്യവൃത്തിയിൽ നിന്നും അകന്നു പോയതുകൊണ്ടാണെന്ന് കണ്ടു പിടിച്ചതിന്റെ ഭാഗമായാണ് പരിഹാരമായി നെയ്ക്കിണ്ടി വെക്കലിലൂടെ ശൂദ്രർ വീണ്ടും ബ്രാഹ്മണ അടിമത്വത്തിലേക്ക് തിരിച്ചു വന്നിരുന്നത് എന്ന് കാണിപ്പയ്യൂർ അഭിപ്രായപ്പെടുന്നുണ്ട്. പക്ഷേ അപൂർവ്വമായി അതു സംഭവിക്കാമെങ്കിലും പൂർണ്ണമായി വിശ്വസിക്കാനാകാത്തതാണ് ആ പ്രസ്താവന.
കരണം, ബ്രാഹ്മണ ദാസ്യ നുകത്തിനകത്തു കയറിയാൽ അതിനകത്തു നിന്നും പുറത്തു കടക്കാൻ ശൂദ്രർക്കല്ല, മറ്റു ഏത് യജമാന ഭക്തിയുള്ള സമുദായക്കാർക്കു പോലും സാധിക്കുന്നതല്ല എന്നതു തന്നെ !
അതിനു തെളിവാണ് താഴെ പറയുന്ന കുറച്ചു മുന്തിയ ശൂദ്രന്മാരായവരുടെ സവർണ്ണ സാന്നിദ്ധ്യം !
അമ്പല വാസികൾ, പിള്ള, പണിക്കർ , കുറുപ്പ് , മേനോൻ, നമ്പ്യാർ, തറവാടി നായർ, ... തുടങ്ങിയ 'തൃശങ്കുവിലെ ' ആഢ്യ ശൂദ്രന്മാർ (നായന്മാർ) മുകളിൽ വിവരിച്ച തരം അടിമ ശൂദ്രരല്ല എന്നാണ് എന്റെ നിരീക്ഷണം. അതേക്കുറിച്ച് മറ്റൊരു പോസ്റ്റിൽ പ്രതിപാദിക്കാം.
ശൂദ്രരുടെ (നായന്മാരുടെ ) നെയ്ക്കിണ്ടി വെക്കുന്ന ചടങ്ങിനെക്കുറിച്ച് ബ്രാഹ്മണ സ്രോതസിൽ നിന്നും നേരിട്ടറിയാൻ കാണിപ്പയ്യൂർ ശങ്കരൻ നമ്പൂരിപ്പാടിന്റെ 'നായന്മാരുടെ പൂർവ്വ ചരിത്രം' എന്ന പുസ്തകം നോക്കുക. (ഒന്നാം ഭാഗം, പേജ്: 48. പ്രസാധകർ: പഞ്ചാംഗം പുസ്തകശാല, കുന്ദംകുളം).
ഇതോടൊപ്പം ചേർത്തിരിക്കുന്നത് എന്റെ ഒരു ക്രയോൺ റഫ് ഡ്രോയിംങ്ങ് ആണ്.
- ചിത്രകാരൻ ടി. മുരളി
- Chithrakaran T Murali T
04-11-2018
https://m.facebook.com/chithrakaran/

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

കേരള ചരിത്രത്തിൽ നിന്നും ചില സത്യമായ പകർത്തെഴുത്തുകൾ ..