Friday, November 2, 2018

'മഹത്വമുള്ള കഴുവേറി' അഥവാ 'ചിത്രവധം' Chithravadham Great Kazhuveri'മഹത്വമുള്ള കഴുവേറി'
അഥവാ 'ചിത്രവധം'
1000 വർഷം മുമ്പുവരെ ബുദ്ധ ധർമ്മ വിശ്വാസികളും പ്രബുദ്ധ പാരമ്പര്യമുള്ളവരുമായിരുന്ന ദളിത്‌-പിന്നോക്ക സമുദായങ്ങളെ ( പുലയര്‍, അരയര്‍, ആശാരി, തട്ടാന്‍, നാടാര്‍, ഈഴവര് ‍/ തിയ്യര്‍, പണിക്കര്‍, വാണിയര്, ശാലിയര്, എഴുത്തച്ഛന്‍‍.. തുടങ്ങിയ കേരളത്തിലെ അസവർണ്ണ സമുദായങ്ങൾ ) സാമൂഹ്യമായും സാംസ്ക്കാരികമായും സാമ്പത്തികമായും തകര്ക്കുക എന്ന ഉദ്ദേശത്തോടെ ക്രൂരമായ ഉന്മൂലന തന്ത്രങ്ങള്‍ ബ്രാഹ്മണ പൌരോഹിത്യം അക്കാലത്തെ 'പാവ' രാജാക്കന്മാരായിരുന്ന ശൂദ്ര(നായര്‍ )ഭരണാധികാരികളെക്കൊണ്ട് നടപ്പിലാക്കിയിരുന്നു എന്നു കാണാം.
പണ്ടുകാലത്ത് രാജ്യം ഭരിക്കുന്ന രാജാക്കന്മാര്‍ പോലും ശൂദ്രന്‍ ആയതിനാല്‍ അവര്‍ക്ക് വിദ്യാഭ്യാസം ബ്രാഹ്മണര്‍ നിഷിദ്ധമാക്കിയിരുന്നു. സ്വന്തം ഭരണ സംവിധാനത്തില് ‍ ഒരു ഓഫീസ് ക്ലര്‍ക്കിനെപ്പോലും സ്വന്തം സമുദായമായ ശൂദ്രരില്‍‍ (നായരില്‍) നിന്നും നിയമിക്കാന് നമ്മുടെ ‍ ശൂദ്ര രാജാക്കന്മാര്‍ക്ക് കഴിയുമായിരുന്നില്ല. അക്ഷരാഭ്യാസം ആവശ്യമുള്ള ജോലികളെല്ലാം തമിഴ് ബ്രാഹ്മണരെ ഇറക്കുമതി ചെയ്താണ് നിര്‍വ്വഹിച്ചിരുന്നത്.
എന്നാല്‍, അക്കാലത്തുതന്നെ ബൌദ്ധപാരംബര്യമുള്ള പിന്നോക്ക സമുദായങ്ങളില്‍ സ്വന്തമായി പള്ളിക്കൂടങ്ങളും, ചേകവന്മാരായ ഗുരുക്കന്മാരുടെ കളരികളും ഉള്ളവരും ഗണിത വിദ്യയും ആയുർവേദത്തിൽ അഗ്രഗണ്യരായ (കൊട്ടാരം വൈദ്യന്മാര്‍ അടക്കം) വൈദ്യന്മാരും സംസ്കൃതമടക്കമുള്ള വിഷയങ്ങളില്‍ പ്രാഗല്‍ഭ്യവുമുള്ളവരും ഉണ്ടായിരുന്നു. എന്നാല്‍ ജനസംഖ്യയില്‍ ഭൂരിപക്ഷക്കാരായ ബൌദ്ധരെ സ്വന്തം രാജ്യത്തെ സാധാരണ പൌരന്മാരായി പോലും കാണാന്‍ ഭരണകൂടവും ബ്രാഹ്മണരും തയ്യാറായിരുന്നില്ല. പകരം അവര്‍ കൊല്ലപെടെണ്ടാവര്‍ ആണെന്നാണ്‌ അക്കാലത്തെ ഭരണകൂടത്തിന്റെ വിശ്വാസം. ബുദ്ധനോടും ബൗദ്ധ വിശ്വാസികളോടും സവര്‍ണ്ണ ബ്രാഹ്മണ മതത്തിന്‍റെ വംശീയ വൈരം എത്രത്തോളമുണ്ട് എന്നതിന്‍റെ ഉദാഹരണമായി ഇതിനെ കാണാം. ‍
വിദ്യാഭ്യാസമുള്ള ബൌദ്ധ പാരംബര്യക്കാരെ പൊതു നിരത്തില്‍ പോലും ഇറങ്ങി നടക്കാന്‍ അവകാശമില്ലാത്തവരായി പ്രഖ്യാപിക്കുകയും , തീണ്ടൽ, തൊടീൽ, അയിത്തം തുടങ്ങിയ മനുഷ്യത്വ വിരുദ്ധ സാമൂഹ്യ നിയമങ്ങളും അനാചാരങ്ങളും അടിച്ചെല്‍പ്പിക്കുകയും അത് ലംഘിക്കുന്നവരെ നിര്‍ദയം കൊന്നുകളയുകയും ചെയ്യുക എന്നത് അക്കാലത്ത് ഭരണ സംവിധാനത്തിന്‍റെ ജാഗ്രതയോടെയുള്ള ദിനചര്യയുടെ ഭാഗവുമായിരുന്നു.
ബൌദ്ധരെ നിരന്തരം എന്തെങ്കിലും കുറ്റമാരോപിച്ച് കൊന്നുകളയാതിരുന്നാല്‍ ബ്രാഹ്മണാധിപത്യ സമൂഹത്തിനു അത് ഭീഷണിയാകും എന്നത് നിശ്ചയമാണ്. ശൂദ്രന്‍ (നായര്‍) ബൌദ്ധരെ ശത്രുവായി കാണാതിരുന്നാല് അവര്‍ തമ്മിലുള്ള സ്ഥിര സംസര്‍ഗ്ഗത്താല്‍‍ ശൂദ്രർക്ക് വിലക്കപ്പെട്ട വിദ്യാഭ്യാസം പിന്നോക്ക സമുദായമായ ബൌദ്ധരില്‍ നിന്നും ശൂദ്രരിലേക്കും വ്യാപിക്കുമെന്നും, ബ്രാഹ്മണ പൌരോഹിത്യത്തിന്‍റെ അടിത്തറ തകരുമെന്നും, അടിമത്വത്തില്‍ നിന്നും ശൂദ്രര്‍‍ (നായന്മാര്‍) സ്വാതന്ത്ര്യം നേടുമെന്നും ബ്രാഹ്മണ പൌരോഹിത്യം അക്കാലത്ത് ഭയന്നിരുന്നു.
അങ്ങനെയുള്ള ഒരു സാമൂഹ്യ വ്യവസ്ഥിയുടെ ഭാഗമായി മാത്രമേ 'കഴുവേറ്റല്‍', 'ചിത്രവധം' തുടങ്ങിയ ബ്രാഹ്മണ ശിക്ഷാരീതികളായ ആചാരങ്ങളെ കാണാനാകു. അക്കാലത്ത് ഭൂരിപക്ഷ ജനത ആയിരുന്നിട്ടു പോലും പിന്നോക്ക സമുദായക്കാരനായ (ബൌധര്‍) ഒരു സമര്‍ത്ഥനായ യുവാവിനെ കണ്ടാല്‍ അയാള്‍ നിശ്ചയമായും താമസംവിനാ കഴുവേറ്റപ്പെടും എന്ന് ആര്‍ക്കും മനസ്സില്‍ ഉറപ്പിക്കാം എന്ന് സാരം.
കഴുവേറ്റൽ അഥവ ചിത്രവധം പലവിധത്തിൽ തിരുവിതാംകൂറിൽ നിലവിലുണ്ടായിരുന്നു. സവർണ്ണ ബ്രാഹ്മണ ക്ഷേത്രങ്ങളിൽ ഉത്സവം കൊടിയേറ്റ് നടത്തുന്നതിനു മുമ്പ് നിർബന്ധമായും ദേവപ്രീതിക്കായി നടത്തേണ്ടിയിരുന്ന പരിപാവനമായ ചടങ്ങായാണ് കഴുവേറ്റൽ ആചാരപ്പെടുത്തി ആർഭാടപൂർവ്വം കൊണ്ടാടിയിരുന്നത്. "കൊടിയേറ്റിനു മുന്‍പ് കഴുവേറ്റ് " എന്നൊരു പഴമൊഴി തന്നെയുണ്ട്‌. അതിന്‍റെ വിശദീകരണമായി കൊടുത്തിരിക്കുന്നത് നോക്കുക: "വൈക്കം പെരും തൃക്കോവിലില്‍ പണ്ട് ഉത്സവം കൊടിയേറുന്നതിനു മുന്‍പ് നരബലി നടത്തിയിരുന്നുവത്രേ. പിന്നീട് മനുഷ്യന് പകരം കോഴിയെ മതിയെന്ന് വച്ചു. " ( No. 4490 പഴഞ്ചൊൽ പ്രപഞ്ചം - പ്രൊഫസർ. പി.സി. കര്‍ത്താ .പേജ് 276).
എട്ടാം നൂറ്റാണ്ടു മുതൽ ബൌദ്ധരില്‍ നിന്നും ജൈനരില്‍ നിന്നും വൈദിക ബ്രാഹ്മണർ ചതിയിലൂടെയും തന്ത്രങ്ങളിലൂടെയും പിടിച്ചെടുത്തതാണ് കേരളത്തിലെ മിക്കവാറും എല്ലാ പ്രമുഖ അമ്പലങ്ങളും. നമ്മുടെ എല്ലാ അമ്പലങ്ങളിലും ബുദ്ധനു ബോധോദയം ലഭിച്ച്ചതുകാരണം പരിപാവനമായ വൃക്ഷമായി കരുതപ്പെടുന്ന ബോധി വൃക്ഷം, അഥവാ അരയാല്‍ അംബല മുറ്റത്ത് ആദരണീയമായ നിലയില്‍ പരിപാലിക്കപ്പെടുന്നത് കാണാവുന്നതാണ്. അരിയആല്‍‍/ അരയാല്‍ ബുദ്ധന്‍റെ പ്രതീകമായി ലോകമെങ്ങും ആരാധിക്കപ്പെടുന്ന വൃക്ഷമാണ്. വൈദിക ബ്രാഹ്മണര്‍ക്ക് അരയാലുമായി ബന്ധമൊന്നുമില്ല. തങ്ങള്‍ കയ്യേറിയ ബൌദ്ധ അമ്പലത്തിലെ ഒരു വൃക്ഷം എന്ന നിലയിലും, അതിന്റെ ചുവട്ടില്‍ ഗണപതിയുടെ ഓപ്പന്‍ എയര്‍ പ്രതിഷ്ഠ പതിവുണ്ടെന്നതിനാലും ബ്രാഹ്മണര്‍ അരയാലിനു മുന്നില്‍ ചില ഗോഷ്ടികലെല്ലാം കാണിച്ചു ഭക്തരെ വിഡ്ഢികളാക്കാരുണ്ട് എന്ന് മാത്രം. (ഗണപതി ശിരചേദം ചെയ്യപ്പെട്ട ബുദ്ധനാണെന്നു സ്ഥാപിക്കുന്ന ചിത്രവും വിശദീകരണവും ഉള്ളതിനാല്‍ ഇവിടെ ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നില്ല.)
ഇങ്ങനെ ബൌദ്ധരില്‍ നിന്നും പിടിച്ചെടുത്ത അമ്പലങ്ങളില്‍ ഉത്സവത്തിന് പ്രാധാന്യം കൂട്ടാനായി ഇന്നത്തെ പിന്നോക്കക്കാരായ ബൌദ്ധപാരംബര്യമുള്ളവരെ തലയറുത്ത് ഉടല്‍ ക്ഷേത്ര കൊടിമരത്തില്‍ കെട്ടിത്തൂക്കുന്ന ഏര്‍പ്പാടുണ്ടായിരുന്നു എന്ന് കരുതാനുള്ള തെളിവുകള് ഇപ്പോഴും പ്രതീകാത്മകമായി നിലവിൽ ഉണ്ട്. ‍ ക്ഷേത്രത്തിലെ തലയില്ലാത്ത മനുഷ്യ ശരീരത്തോട് സാദൃശ്യമുള്ള കൊടിക്കൂറയും, കേവലം തുണികൊണ്ടുള്ള ഒരു കൊടി കെട്ടിത്തൂക്കാനായി സ്ഥാപിച്ചിരിക്കുന്ന പനയോളം വണ്ണമുള്ള കൊടിമരവും പഴയ ക്രൂരതകളുടെ ഭാരമേറിയ കഥ ശക്തമായി വിളിച്ചു പറയുന്നുണ്ട്.
മാത്രമല്ല, ബൌദ്ധരില്‍ നിന്നും പിടിച്ചെടുത്ത ക്ഷേത്രങ്ങളായതിനാല്‍ ബുദ്ധര്‍ അവിടേക്ക് വീണ്ടും തിരിച്ചു പ്രവേശിക്കാതിരിക്കാനായി "കഴുവേറ്റി കല്ലുകള്‍" എന്നൊരു കരിങ്കല്‍ ശില്‍പ്പവും ബ്രാഹ്മണ്യം ഏര്‍പ്പെടുത്തിയിരുന്നതായി കേരളത്തിലെ പല പഴയ ക്ഷേത്രങ്ങളിലും കാണാം. (അതെക്കുറിച്ച് ചിത്രവും വിശദീകരണവും വേറെ ഉണ്ട് എന്നതിനാല്‍ കൂടുതല്‍ ഇവിടെ എഴുതുന്നില്ല.)
ഇതിനു പുറമേയാണ് പാതയോരങ്ങളിലും അങ്ങാടികളിലും നരഹത്യയുടെ എക്സിബിഷൻ എന്നർത്ഥമുള്ള 'ചിത്രവധം' അഥവ 'കഴുവേറ്റൽ', 'ഉഴച്ചു കൊല്ലൽ' തുടങ്ങിയ പേരുകളിൽ നടത്തിയിരുന്നത്. ജനങ്ങളെ ഭയപ്പെടുത്തി കൂടുതൽ അടിമ ബോധമുള്ളവരാക്കാനും /അനുസരണയുള്ളവരാക്കാനും അധികാര വർഗ്ഗമായ ശൂദ്രരെ (നായരെ) ദുരഭിമാനം കൊണ്ട് ഗർവ്വിഷ്ടരാക്കാനും ഹിംസയെ മഹത്വവൽക്കരിക്കാനുമായുള്ള ക്രൂരമായ മനുഷ്യവധങ്ങളുടെ പ്രദര്‍ശനങ്ങള്‍ !
മനുഷ്യനെ ജീവനോടെ ഇരുമ്പു കുന്തത്തിൽ കുത്തി നിർത്തുക എന്നതാണ് ഈ വധത്തിന്റെ രീതി. ജനങ്ങൾക്കുള്ള ഒരു കാഴ്ച്ച വസ്തുവായി രണ്ടോ മൂന്നോ ദിവസം ഭക്ഷണമോ വെള്ളമോ കൊടുക്കാതെ നരകിപ്പിച്ചു കൊല്ലുകയാണു ചെയ്യുക. 'ഉഴച്ചു കൊല്ലൽ ' എന്ന വിശേഷണം അതുകൊണ്ടാണ്. ആരും ദയ തോന്നിപ്പോലും ഒരിറ്റുവെള്ളം കഴുവേറ്റപ്പെട്ട മനുഷ്യന് കൊടുക്കാൻ ധൈര്യപ്പെടില്ല. രാജഭരണം നിർമ്മിക്കുന്ന കൂട്ടക്കൊല ആകാവുന്ന മരണ ഭയത്താൽ ബന്ധുക്കൾ പോലും ഇരയുടെ അടുത്തു ചെല്ലില്ല,...ശരീരം പച്ചയായി കൊത്തിത്തിന്നുകയോ കടിച്ചുകീറുകയോ ചെയ്യുന്ന ക്ഷുദ്രജന്തുക്കളല്ലാതെ !
കൊലപാതകത്തെ പ്രദർശന വസ്തുവായി ആസ്വദിക്കുന്ന ഈ കൊലപാതക രീതി ബ്രാഹ്മണികമായ ശാസ്ത്ര- മനുസ്മൃതി പ്രകാരമാണ് ധർമ്മരാജയുടെ (1758- 1798) കാലത്ത് തിരുവിതാംകൂറിൽ നടപ്പാക്കിയിരുന്നത്. അതുകൊണ്ടാണ് സംസ്കൃത വാക്കായ 'ചിത്രവധം' എന്ന പേര് ഉപയോഗിക്കപ്പെടാൻ കാരണം. ( തിരുവിതാംകൂര്‍രാജഭരണം സമീപ കാലത്ത് ഉപയോഗിച്ചിരുന്ന ആറടി ഉയരമുള്ള ചിത്രവധ കൂട് എന്നൊരു ആധുനിക ഇരുമ്പ് കൂട് കന്യാകുമാരി ജില്ലയിലുള്ള പത്മനാഭപുരം കൊട്ടാരത്തില്‍ പുരാവസ്തു വകുപ്പ് പ്രദര്സിപ്പിച്ചിട്ടുണ്ട്.)
കൊല്ലം പട്ടണത്തിൽ ലക്ഷ്മി നടയിൽ ഇത്തരം ഒരു ചിത്രവധം നടന്നതിന്റെ വിവരണം ബർത്തലോമ്യ രേഖപ്പെടുത്തിയിട്ടുണ്ട്.( കേരള ചരിത്ര പഠനങ്ങൾ - വേലായുധൻ പണിക്കാശ്ശേരി - പേജ് 32, 33). മൂന്നു തേങ്ങ മോഷ്ടിച്ചു എന്ന ആരോപണം അടിസ്ഥാനമാക്കിയുള്ള നീതി നിർവ്വഹണം എന്ന രീതിയിലാണ് കൊല നടപ്പാക്കിയതത്രേ ! ആറു ബ്രാഹ്മണ വൈദികർ ചേർന്ന് സ്മൃതികളെയും ധർമ്മ സൂത്രങ്ങളെയും ആധാരമാക്കിയാണ് ഒരു ഈഴവനെ അവിടെ കഴുവേറ്റാൻ വിധിച്ചത്. ( രാജഭരണ കാലത്തെ എല്ലാ കഴുമരങ്ങളും അസവർണ്ണർക്ക് വേണ്ടി ഉള്ളതായതിനാല്‍ ''കഴുവേറി' എന്ന വിശേഷണം ബൌദ്ധരുടെ പര്യായമായി പോലും അക്കാലത്ത് ഉപയോഗിച്ചിരിക്കണം.)
ഈ ശിക്ഷാരീതി സവർണ്ണ ഹിന്ദുക്കൾക്ക് (ശൂദ്രര്‍ക്ക്/നായന്മാര്‍ക്ക് ) ബാധകമായിരുന്നില്ല. ബൗദ്ധ പാരമ്പര്യമുള്ളതിനാൽ ബ്രാഹ്മണരുടെ ശത്രുതക്ക് പാത്രീഭവിച്ചിരുന്നതും ക്ഷേത്രപ്രവേശനവും വഴി നടക്കൽ അവകാശവും സ്വന്തം ഇഷ്ടപ്രകാരം വസ്ത്രം പോലും ധരിക്കാനുള്ള അവകാശം ഇല്ലാതിരുന്നവരുമായ അരയര്‍, ആശാരി, ഈഴവർ, നാടാർ/ചാന്നാര്‍ ... തുടങ്ങിയ അസവർണ്ണ ഹിന്ദുക്കളെയായിരുന്നു ചിത്രവധത്തിനു വിധേയരാക്കിയിരുന്നത്.
തെക്കൻ കേരളത്തിലെ ചില ക്ഷേത്രങ്ങളിൽ ആഘോഷപൂർവ്വം കൊണ്ടാടുന്ന 'ഗരുഢ തൂക്കം' ഉത്സവങ്ങൾ പണ്ടുകാലത്ത് അവർണ്ണരെ ചിത്രവധം നടത്തി നാടുനീളെ പ്രദർശിപ്പിച്ചു കൊണ്ടിരുന്ന ആചാരത്തിന്റെ അവശിഷ്ടമാണ്. കായലുകളില്‍ തോണികളിലും, മര ചക്ര കൈവണ്ടി വാഹനങ്ങളില്‍ കയറ്റിയ തെങ്ങ് കവുങ്ങ് തടികളില്‍ നാലും ആറും എട്ടും ശവ ശരീരങ്ങള്‍ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി പ്രദര്‍ശിപ്പിച്ചിരുന്നതിന്റെ സൂചനകള്‍ ഗരുഡന്‍ തൂക്കങ്ങളിൽ കാണാനാകുന്നുണ്ട്. 
ബ്രിട്ടീഷ് ഭരണകാലത്ത് ചിത്രവധം സാധ്യമാകാതായപ്പോള്‍ പ്രതീകാത്മകമായി വ്രതം നോറ്റ് തൂക്കിലേറാൻ ചാവേറുകൾ നിയോഗിക്കപ്പെട്ടെന്നു മാത്രം !
2016 ലെ (Jan- Feb) ചിത്രകാരന്റെ ആദ്യ ചിത്രമാണിത്.
ഫേസ്ബുക്ക് പേജിലെ Feb 1 ആദ്യ പോസ്റ്റ് ലിങ്ക്:
https://m.facebook.com/story.php?story_fbid=1077862095577448&substory_index=0&id=374272179269780
My painting of Jan - Feb 2016
A painting named 'Great Kazhuveri'/ 'Chithra vadham'. Based on the real history of kazhuvetal or chithravadham which was usual in Travancore in the 18th century under the reign (1758- 1798) of Karthika Thirural Rama Varma who was also called Dharma Raja, because of his strict obedience towards the brahmin's racist laws like manu smurithi, Sankara smruthi etc.
- ചിത്രകാരൻ ടി. മുരളി
- Chithrakaran T Murali T
02-11-2018
https://m.facebook.com/chithrakaran/

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

ബ്രിട്ടീഷ് ഭരണകാലത്ത് ചിത്രവധം സാധ്യമാകാതായപ്പോള്‍ പ്രതീകാത്മകമായി വ്രതം നോറ്റ് തൂക്കിലേറാൻ ചാവേറുകൾ നിയോഗിക്കപ്പെട്ടെന്നു മാത്രം !