Thursday, October 25, 2018

കൊടും കൊല്ലൂര്‍ 8 C.Ad കൊടുങ്ങല്ലൂര്‍ Kodum Kollur painting 2017


ഇത് കൊടുങ്ങല്ലൂർ ഭഗവതി ക്ഷേത്രത്തെക്കുറിച്ചുള്ള ചിത്രമാണ്. 1200 വർഷം മുൻപ് കേരളത്തിന്റെ തലസ്ഥാനമായിരുന്ന മുസരിസ് പട്ടണം (മുച്ചിറി പട്ടണം) എങ്ങിനെ കൊടും + കൊല + ഊരായ കൊടുങ്ങല്ലൂരായി എന്നു അന്വേഷിച്ചറിയുന്ന ചിത്രം!
ഇന്നും കൊടുങ്ങല്ലൂർ അമ്പലത്തിലെ ഉത്സവമായ കാവുതീണ്ടൽ ദിവസം ക്ഷേത്രം സന്ദർശിക്കുന്ന ഏതു സത്യാന്വേഷിക്കും ഈ ചിത്രത്തേക്കാൾ ഭീഭത്സമായ അളവിൽ 1200 വർഷം മുമ്പ് ബ്രാഹ്മണ കാർമ്മികത്വത്തിൽ നടത്തിയ നരാധമ ഹിംസ നേരിൽ കണ്ടു ബോധ്യപ്പെടാവുന്ന വിധം അവിടെ ധാരാളം അനുഷ്ഠാനങ്ങളും പ്രതീകാത്മക തെളിവുകളും ലഭ്യമാണ്. വേണ്ടത് സത്യാഭിമുഖ്യം മാത്രമാണ്.
കിഴക്കേ നടയിലെ ആൽത്തറയിൽ സിംഹാസനാരൂഢനായി (ഒരു മര കസേര ചുവന്ന പട്ടുതുണികൊണ്ട് പുതച്ചത് ) കൊടുങ്ങല്ലൂർ രാജവംശ പരമ്പര്യാവകാശിയായ വൃദ്ധൻ അമ്പലം തല്ലിപ്പൊളിക്കാനും എറിഞ്ഞു തകർക്കാനും അനുവാദം നൽകുന്ന ചടങ്ങ് (കാവുതീണ്ടൽ ) നമുക്ക് നേരിൽ കാണാനാകും. കോവിലകത്തെ കുടുംബത്തിലെ പ്രമാണികളെല്ലാം രാജാവിനു പിന്നിൽ അണിനിരന്ന് നടത്തുന്ന ഫാഷൻ ഷോയും സപ്ലിമെന്റായി ദർശിക്കാം. ഒരു മണിക്കൂറെങ്കിലും ഈ കലാ പരിപാടി തുടരാറുണ്ട്.
രാജാവിന്റെ ആജ്ഞ ലഭിച്ചാലുടൻ വടിയും ശൂലവും വാളും കയ്യിലേന്തിയ വെളിച്ചപ്പാടന്മാരും പ്രകൃത ഭക്തജനങ്ങളും അമ്പലത്തിലെ പ്രതിഷ്ഠയായ ഭഗവതിയെ (കണ്ണകി / കാളി) കേട്ടലറക്കുന്ന ലൈംഗീകതയുമായി ബന്ധപ്പെട്ട മുട്ടൻ തെറികൾ വിളിച്ചു കൂവിക്കൊണ്ട്‌ ക്ഷേത്രത്തെ വടികൊണ്ട്‌ അടിച്ചും കല്ലെറിഞ്ഞും (ഇപ്പോൾ തേങ്ങയാണ് കല്ല്. അടിയും ഏറും കൊള്ളുന്ന മേൽക്കൂര ഇരുമ്പ് ഗ്രിൽസ് കൊണ്ട് ഇപ്പോൾ സംരക്ഷിച്ചിട്ടുണ്ട്. എത്ര വേണമെങ്കിലും അടിക്കാം, എറിയാം.) ഒരു സൈന്യം പോലെ സത്രീ പുരുഷന്മാരായ ഗോത്ര ജനങ്ങളെ ( ദളിത്- ശൂദ്ര-നായർ ) ഉപയോഗിച്ചു അമ്പലത്തെ ആക്രമിക്കുന്ന ചടങ്ങാണിത്. രാജാവിന്റെ നേരിട്ടുള്ള സാന്നിദ്ധ്യം തന്നെ ഈ ചടങ്ങ് ബ്രാഹ്മണ്യം ആചാരപ്പെടുത്തി അടിച്ചേൽപ്പിച്ചതാണെന്നതിന്റെ തെളിവാണ്.
ഈ ചടങ്ങ് നടക്കുന്നതിനു മുമ്പ് ക്ഷേത്രത്തിനു ചുറ്റും കൊടുങ്ങല്ലൂരിലെ തെരുവിലൂടെയുമൊക്കെ ഒരു പ്രദക്ഷിണം നടത്തുന്നത് നല്ലതാണ്. അമ്പലത്തിന്റെ പ്രവേശന ഭാഗങ്ങളിലും ആൽ മരങ്ങളിലും മതിലുകളിലും വ്യത്യസ്ത ഉയരങ്ങളിലും വലിപ്പത്തിലുമുള്ള തലയില്ലാത്ത മനുഷ്യ ശരീരങ്ങളുടെ പ്രതീകമായ കൊടികൾ മനുഷ്യരെ തൂക്കിക്കൊന്നു പ്രദർശിപ്പിക്കുന്ന ബ്രാഹ്മണ ആചാരമായ ചിത്രവധം അഥവ കൊലപാതക പ്രദർശനം കാണാനാകും.
മലയാളി ബ്രാഹ്മണർ ഏതൊരു മലയാളിയെയും പോലെ ബൗദ്ധ പാരമ്പര്യമുള്ളവർ തന്നെയാണ്. ബൗദ്ധ ഭിക്ഷുക്കളുടെ വേഷമണിഞ്ഞ് ദിഗ് വിജയം നടത്തിവന്ന കുമരില ഭട്ടന്മാരും ശങ്കരാചാര്യന്മാരുമടക്കമുള്ള പുറത്തു നിന്നുള്ള ബ്രാഹ്മണ സവർണമത പ്രചാരകരുടെ ഹിംസാത്മക കുടില തന്ത്രങ്ങൾക്കു മുന്നിൽ പിടിച്ചു നിൽക്കാനാകാതെ ബൗദ്ധ ഗുരുക്കൾക്കെല്ലാം മരണം വരിക്കേണ്ടി വന്നപ്പോൾ ബൗദ്ധ ഗുരുക്കന്മാരുടെ പള്ളിക്കൂടങ്ങളിലെയും വഞ്ചി എന്ന യൂണിവേഴ്സിറ്റിയിലെയും ബൗദ്ധ വിദ്യാർത്ഥികളെ സവർണ്ണ മതത്തിലേക്ക് ആഗിരണം ചെയ്തതിന്റെ ഫലമാണ് മലയാള ബ്രാഹ്മണർ അഥവ നമ്പൂതിരിമാർ ഉണ്ടാകുന്നത്.
അതു കൊണ്ടു തന്നെ കൊടുങ്ങല്ലൂരിൽ പരദേശ ബ്രാഹ്മണ മന്ത്രവാദികൾ നടത്തിയ എല്ലാ ഹിംസാത്മക ചടങ്ങുകളും സമൂഹത്തിന്റെ എതിർപ്പില്ലാതെ പ്രതീകാത്മകമായി ചരിത്രം സൂക്ഷിക്കാനുള്ള ഒരു വകതിരിവ് നമ്പൂതിരിമാർ താന്ത്രികതയെന്ന പേരിൽ നടപ്പാക്കിയിട്ടുണ്ട്. സത്യം അറിയുന്നവർക്ക് എല്ലാം അറിയാം. അറിയാത്തവരെ ഒന്നും അറിയിക്കുകയുമില്ല. അതാണ് തന്ത്രം !
ഉത്സവത്തിനു മുമ്പുള്ള ദിവസങ്ങളിൽ തന്നെ കൊടുങ്ങല്ലൂർ അമ്പലത്തിലേക്ക് വിവിധ ദേശങ്ങളിൽ നിന്നും ധാരാളം 'ശവ ഘോഷയാത്ര' കൾ നടക്കുന്നത് കാണാനാകും. പത്തോ ഇരുപതോ ഭക്തരുടെ സംഘങ്ങളായി ചെറുതും വലുതുമായ തലയില്ലാത്ത ശവശരീരങ്ങൾ അമ്പലം അലങ്കരിക്കാനായി ഭക്തജനങ്ങളുടെ ചുമലിലേറി ഒഴുകി വരുന്നതിന്റെ പ്രതീകാത്മക ഘോഷയാത്രയാണ് നടക്കുക. ദേവിയെക്കുറിച്ചുള്ള അശ്ലീല തെറിപ്പാട്ടുകൾ ഉച്ചത്തിൽ പാടിക്കൊണ്ട് സ്ത്രീ പുരുഷന്മാർ സംഘം സംഘമായി തെരുവിലൂടെ നടന്നു നീങ്ങുന്ന ചിത്രം വൈദിക ബ്രാഹ്മണ്യം കേരള ജനതയോടു ചെയ്ത കൊടും ഹിംസയുടെ കഥകൾ എണ്ണിയെണ്ണി പറയുന്നതാണ്.
ഇതിനു പുറമെയാണ് അമ്പലത്തിന്റെ വടക്കേ നടയിൽ ഭക്തജനങ്ങൾ സമർപ്പിക്കുന്ന ചുവന്ന പട്ടിന്റെ കൂമ്പാരം. പണ്ടുകാലത്ത് നരബലി വൻതോതിൽ നടന്നിരുന്നു എന്നും വർത്തമാനകാലത്ത് അത് അപ്രായോഗികമായതിനാൽ കോഴിയെ അറുക്കുന്ന പ്രതീകാത്മകതയിലേക്കും ചുവന്ന പട്ടു സമർപ്പിക്കുന്ന വഴിപാടിലേക്കും അതുവഴി മാറി എന്നും മനസ്സിലാക്കാം.
കേരള ബ്രാഹ്മണർ തങ്ങളിലേക്ക് ഈ കൊടും ഹിംസയുടെ ചുണ്ടുവിരൽ നീളാതിരിക്കാനായി വിദഗ്ദമായി ഇവിടത്തെ പൗരോഹിത്യവൃത്തിയിൽ നിന്നും അകന്നു നിൽക്കുന്നു. കർണ്ണാടകത്തിൽ നിന്നും ഇറക്കുമതി ചെയ്യപ്പെട്ട പുരോഹിതരെയാണ് ഇവിടെ നിയോഗിച്ചിരിക്കുന്നത്.
വെറും വിഗ്രഹ ദർശന ശീലവുമായി കൊടുങ്ങല്ലൂർ അമ്പലത്തിൽ പോകുന്നവർക്ക് ഇതൊന്നും കാണാനോ അറിയാനോ കഴിയില്ല എന്നു പറയട്ടെ! സത്യമാണ് ഈശ്വരനെന്നും, സത്യാന്വേഷണമാണ് ഈശ്വര സാക്ഷാത്കാരത്തിനുള്ള മാർഗ്ഗമെന്നും തിരിച്ചറിവു നേടിയവർക്കേ പുരോഗതിയുള്ളു. അല്ലാത്തവർ ആർക്കും അടിമപ്പെടുത്താവുന്ന ഭക്തരായ ഗുണ്ടാസംഘങ്ങൾ മാത്രമാണെന്ന് സമാന്യബുദ്ധിയുള്ള ആർക്കും കൊടുങ്ങല്ലൂർ കാവുതീണ്ടൽ എന്ന പ്രതീകാത്മക യുദ്ധം കണ്ടാൽ ബോധ്യമാകും.
ശബരിമലയിലും ആവർത്തിക്കപ്പെടുന്നത് ബ്രാഹ്മണ പൗരോഹിത്യ വംശീയ അധികാര തന്ത്രങ്ങളുടെ താന്ത്രിക ആചാരങ്ങളുടെ പുകമറയിട്ട പ്രകൃത സവർണ്ണ യുദ്ധം തന്നെയാണ് . കൊടുങ്ങല്ലൂരിന്റെ ബ്രാഹ്മണ അധിനിവേശ ചരിത്രം അന്വേഷിച്ചറിയാൻ പോലും ശ്രമിക്കാത്ത സമൂഹത്തിന് കാലം നൽകുന്ന ശിക്ഷ! ചരിത്രത്തിൽ നിന്നും പഠിക്കാതിരുന്നാൽ ദുരന്തങ്ങളും അടിമത്വവും ആവർത്തിച്ചുകൊണ്ടിരിക്കും.
ഇതോടൊപ്പം ചേർത്തിരിക്കുന്ന കൊടുങ്ങല്ലൂർ എന്ന ചിത്രം 2017ൽ വരച്ചതാണ്.
- ചിത്രകാരൻ ടി. മുരളി
- Chithrakaran T Murali T
25-10-2018
https://m.facebook.com/chithrakaran/

1 comment:

Muralee Mukundan , ബിലാത്തിപട്ടണം said...

വെറും വിഗ്രഹ ദർശന ശീലവുമായി കൊടുങ്ങല്ലൂർ അമ്പലത്തിൽ പോകുന്നവർക്ക് ഇതൊന്നും കാണാനോ അറിയാനോ കഴിയില്ല എന്നു പറയട്ടെ! സത്യമാണ് ഈശ്വരനെന്നും, സത്യാന്വേഷണമാണ് ഈശ്വര സാക്ഷാത്കാരത്തിനുള്ള മാർഗ്ഗമെന്നും തിരിച്ചറിവു നേടിയവർക്കേ പുരോഗതിയുള്ളു. അല്ലാത്തവർ ആർക്കും അടിമപ്പെടുത്താവുന്ന ഭക്തരായ ഗുണ്ടാസംഘങ്ങൾ മാത്രമാണെന്ന് സമാന്യബുദ്ധിയുള്ള ആർക്കും കൊടുങ്ങല്ലൂർ കാവുതീണ്ടൽ എന്ന പ്രതീകാത്മക യുദ്ധം കണ്ടാൽ ബോധ്യമാകും.