Wednesday, October 10, 2018

ശബരിമല ധര്‍മ്മ ശാസ്താവ് പൂര്‍ണ്ണമായും ബുദ്ധന്‍ തന്നെ !എട്ടാം നൂറ്റാണ്ടുവരെ കേരളത്തിലെ മുഴുവന് മലയാളികളുടെയും സാംസ്കാരികതയേയും ധാര്മ്മികതയേയും ആത്മീയതയേയും സമഗ്രമായി സ്വാധീനിച്ചുകൊണ്ട് ജാതി-മത ഭേദവിചാരങ്ങള് ഇല്ലാതെ 'മാവേലി രാജ്യമായി' നമ്മെ നിലനിര്ത്തിയ പ്രബുദ്ധതയുടെ കാരണം ബുദ്ധ ധര്മ്മത്തിന് കേരളീയരില് ഉണ്ടായിരുന്ന ആഴത്തിലുള്ള സ്വാധീനം തന്നെയാണ്.

ശാസ്താവ് എന്ന അയ്യപ്പന്റെ വിശേഷണത്തെ എല്ലാ ആധികാരിക നിഘണ്ടുകളിലും ബുദ്ധന്റെ പര്യായമായാണ് രേഖപ്പെടുത്തിയിരിക്കുന്നത് എന്ന് കാണാവുന്നതാണ്.

അയ്യാ, അയ്യന്, അയ്യനാര്, അയ്യപ്പൻ എന്നീ ദൈവ സങ്കൽപ്പങ്ങളെല്ലാം 2300 വര്ഷങ്ങള്ക്കു മുൻപ് ബുദ്ധ ധര്മ്മത്തെ ഏഷ്യൻ വൻകരയിലാകമാനം സ്വപ്രയത്നത്താൽ പ്രചരിപ്പിച്ച സര്വ്വ ശക്തനും ഇന്ത്യാ ഉപഭൂഖണ്ഡത്തിന്റെ ചക്രവർത്തിയുമായിരുന്ന അശോകന്റെ ബോധിസത്വ സങ്കൽപ്പം കൂടി സ്വാംശീകരിച്ച ആപല് ബാന്ധവനും ഗ്രാമ-രാജ്യ രക്ഷകനുമായ ബൌദ്ധ ധര്മ്മ പരികല്പ്പന തന്നെയാണ്.

ഈ അയ്യനാര് ദൈവ സങ്കല്പ്പം ശ്രീലങ്കയില് ബുദ്ധധര്മ്മത്തിന്റെ ഭാഗമായി തന്നെ ഇന്നും ആരാധിക്കപ്പെടുന്നുണ്ട്. ഗ്രാമ രക്ഷാ ദൈവമായി തമിഴ് നാട്ടിലും അയ്യനാര് കള്ട്ട് വ്യാപക പ്രചാരം നേടിയിട്ടുണ്ട്.

ശബരിമല ഭക്തരുടെ ശരണം വിളിയായ "സ്വാമി ശരണം അയ്യപ്പ, അയ്യപ്പ ശരണം സ്വാമിയെ " എന്നത് "ബുദ്ധം ശരണം ഗച്ചാമി, ധര്മ്മം ശരണം ഗച്ചാമി" എന്ന ബൌദ്ധരുടെ ശരണ മന്ത്രങ്ങള് തന്നെയാണെന്നതും ഓര്ക്കേണ്ടതാണ്. അയ്യപ്പനല്ലാതെ, ശരണം വിളിച്ച് വിശ്വാസികള് ധര്മ്മ സ്ഥാനം പൂകുന്ന മറ്റൊരിടമില്ല.

കേരളം ജാതി-മത ഭ്രാന്താലയമാണെന്നു വിവേകാനന്ദന് വിശേഷിപ്പിക്കുന്ന കാലത്തുപോലും ജാതി-മത ഭേദമെന്യേ മലയാളിക്ക് പ്രവേശനം ഉണ്ടായിരുന്ന കേരളത്തിലെ ഒരേയൊരു പൊന്നംബലമാണ് ശബരിമല സന്നിധാനം.

നാല്പ്പത്തൊന്നു ദിവസത്തെ മണ്ഡല മാസ കലാചരണം, ബൗദ്ധ സത്യങ്ങളുടെ പതിനെട്ടാം പടി ചവിട്ടൽ, സന്നിധാനത്തിലേക്ക് വൃതമനുഷ്ടിച്ച് എത്തുന്ന ഭക്തനെയും ദൈവത്തിന്റെ പര്യായമായി കണ്ട് "സ്വാമി" എന്ന് പരസ്പ്പരം സംബോധന ചെയ്യുന്ന "തത്വമസി" എന്ന സ്വയം ദൈവാംശമാകുന്ന പ്രബുദ്ധതയുടെ വിവേചന രാഹിത്യത്തിലേക്കുള്ള ബോധവികാസം നേടൽ എന്നിവ എല്ലാം ശാസ്താവിന്റെ ബുദ്ധ പാരമ്പര്യത്തിന്റെ പ്രത്യേകത കൊണ്ടു മാത്രമാണ്. "തത്വമസി" എന്നതിന് നിയ്യും ഞാനും ഏകമായ ദൈവത്തിന്റെ ഭാഗമായതിനാൽ നാമെല്ലാം ദൈവം തന്നെയാണെന്ന ബോധ വികാസമാണ്. അതായത് പ്രബുദ്ധത തന്നെയാണ്. ആ തിരിച്ചറിവിലേക്ക് എത്തിച്ചേരാനുള്ള ബൌദ്ധ ധര്മ്മത്തിന്റെ 18 സ്റെപ്പുകളാണ് പതിനെട്ടാം പടി എന്ന കല്പ്പനക്ക് പിന്നിലുള്ളത്.

1931 ല് പ്രസിദ്ധീകരിച്ച തിരുവിതാംകൂര് സെന്സസ് റിപ്പോര്ട്ടില് പോലും ശബരിമല ശസ്തവിനെ ബുദ്ധനെന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

കേരളത്തിൽ ക്ഷേത്ര പ്രവേശനത്തിനു അസവര്ണ്ണരായ ഹിന്ദുക്കള്ക്ക് (പിന്നോക്ക-ദളിത്‌ വിഭാഗങ്ങളായ പുലയന്, അരയന്, തിയ്യ/ഈഴവ, ആശാരി,കുറവന്,..തുടങ്ങിയ ബൌദ്ധ പാരമ്പര്യമുള്ള ഇന്നത്തെ സമുദായങ്ങള്) സവര്ണ്ണ ക്ഷേത്രങ്ങളില് വിലക്ക് ഉണ്ടായിരുന്നപ്പോഴും ശബരിമലയില് അവരോടൊപ്പം മുസ്ലീംങ്ങൾക്കും കൃസ്ത്യാനികള്ക്കും വരെ ക്ഷേത്ര ദർശനം വിലക്കുകളില്ലാതെ സാധ്യമായിരുന്നു. ബൌദ്ധ വിദ്ധ്യാലയങ്ങലായിരുന്ന പഴയകാല കുടി പള്ളിക്കൂടങ്ങളിലും, വഞ്ചി പോലുള്ള ബൌദ്ധ യൂനിവേഴ്സിറ്റികളിലും, ബൌദ്ധ ആരാധനാലയങ്ങളിലും എല്ലാ ജാതി-മതസ്ഥര്ക്കും വിവേചനമില്ലാതെ പ്രവേശനം സാധ്യമായിരുന്നു. അതെ സമയം ബ്രാഹ്മണ പൌരോഹിത്യം ബുദ്ധരില് നിന്നും എട്ടാം നൂറ്റാണ്ട് മുതല്‍‍ പിടിച്ചടക്കിയ സവര്ണ്ണ ക്ഷേത്രങ്ങളുടെ മുന്നിലൂടെയുള്ള പൊതു റോഡിലൂടെ വഴി നടക്കാനുള്ള അവകാശം പോലും അസവർണ്ണ ഹിന്ദുക്കളായ ബൌദ്ധര്ക്ക് ബ്രാഹ്മണ പൌരോഹിത്യവും സവര്ണ്ണ നായര് ഗുണ്ടകളും നിരോധിച്ചിരുന്നു എന്ന ഒരു ചരിത്രം നമുക്കു അറിയാവുന്നതാണ്.

ശബരിമല ശാസ്താ ക്ഷേത്രത്തെ ബൌദ്ധ പഗോഡ എന്ന് വിശേഷിപ്പിക്കുന്ന പൂര്വ്വകാല ചിത്രങ്ങള് കണ്ടിട്ടുണ്ട്. ക്രൂരവും മനുഷ്യത്വ വിരുദ്ധവുമായിരുന്ന ജാത്യാചാരങ്ങള് കാരണം മറ്റെല്ലാ ബ്രാഹ്മണാധിപത്യ ക്ഷേത്രങ്ങളും ജീര്ണ്ണിച്ച് ദാരിദ്ര്യത്തില് കഴിഞ്ഞിരുന്ന കാലത്ത് ജാതി പിശാചിന്റെ പിടിയിലമാരാതെ കൊടും കാട്ടില് നിലനിന്ന ശബരിമല ശാസ്താ സന്നിധാനത്തിലെക്കുള്ള സ്വാമി ഭക്തരായ പിന്നോക്ക ജനതയുടെ ഒഴുക്ക് കണ്ടു ഭ്രമിച്ചു പോയ അത്യാഗ്രഹികളായ ബ്രാഹ്മണ പൌരോഹിത്യം സമീപകാലത്ത് തല്ലിപ്പടച്ച് ഉണ്ടാക്കിയ ബാലിശമായ പുലിപ്പാല് കഥകളും 'മണികണ്ഠ കഥകളും' സ്വന്തം രാജ്യം പോലുമില്ലാത്ത കുടിയേറ്റക്കാരായ പന്തളം രാജവംശത്തെ ശാസ്താവിന്റെ ഉടമസ്ഥ സ്ഥാനത്തിലേക്ക് ഉയര്ത്താനായുള്ള പൗരോഹിത്യ ഗൂഢാലോചനയുടെ തന്ത്രം മാത്രമായിരുന്നു എന്ന് കാണാം.

ശബരിമല ശാസ്താവിന്റെ പ്രതിഷ്ഠ കഴിഞ്ഞ നൂറ്റമ്പത് കൊല്ലത്തിനിടക്ക് കുറഞ്ഞത് മൂന്നോ നാലോ പ്രാവശ്യമെങ്കിലും വിഗ്രഹം തകര്ത്തോ ക്ഷേത്രം അഗ്നിക്കിരയാക്കിയോ പൌരോഹിത്യമോ വാടക ഗുണ്ടകളാലോ ചരിത്ര തെളിവുകള് നശിപ്പിച്ച് പുനപ്രതിഷ്ഠകളിലൂടെ വിഗ്രഹത്തിന്റെയും ചുവർ ശിൽപ്പങ്ങളുടെയും ബൗദ്ധ സദൃശ്യവും പാരമ്പര്യ തെളിവുകളും ഉന്മൂലനം ചെയ്തിട്ടുണ്ട്. ഇപ്പോഴും ആ ശ്രമങ്ങള് തുടരുകയും ചെയ്യുന്നുണ്ട്. ബുദ്ധന്റെ ഭദ്രാസന രൂപത്തിലുള്ള ബോധിസത്വ വിഗ്രഹമായിരുന്നു ആദ്യകാലത്തെ ശബരിമല ശാസ്താവിനുണ്ടായിരുന്നത്. ഇന്ത്യയിലെ മറ്റു ചില ഭദ്രാസന ശാസ്താ വിഗ്രഹങ്ങളെ ബ്രാഹ്മണ്യ പൗരോഹിത്യ ഹിംസയുടെയും ക്രൂരതയുടെയും ക്വട്ടേഷൻ ദൈവമായ നരസിംഹമൂർത്തിയായി പോലും അപനിർമ്മിച്ചതിന്റെ ധാരാളം തെളിവുകൾ ഉണ്ട്.

സവര്ണ്ണ ഹിന്ദു മതത്തിന്റെ ദൈവമാക്കുന്നതിനും ബ്രാഹ്മണ താന്ത്രികതയിലേക്ക് ശാസ്താവിനെ ഇണക്കി ചേര്ക്കുന്നതിനുമായി മോഹിനീ രൂപം പൂണ്ട മഹാവിഷ്ണുവിന്റെ സൌന്ദര്യത്തില് വശീകരിക്കപ്പെട്ട മഹേശ്വരനായ ശിവഭാഗവാനുമായുണ്ടായ പുരുഷ-പുരുഷ (സ്വവർഗ്ഗ) സംഭോഗത്തിലുണ്ടായതാണ് മണികണ്ഠൻ എന്ന അശ്ലീല കഥവരെ പുരാണമായി ബ്രാഹ്മണര് കെട്ടി ചമച്ചമച്ചുണ്ടാക്കിയിട്ടുണ്ട്. സ്വവർഗ്ഗ ഭോഗികൾക്കു പിറന്ന ഈ ദിവ്യശിശുവിനെ പന്തളം രാജാവിനെക്കൊണ്ട് എടുത്തു വളര്ത്തിച്ച് ബ്രാഹ്മണര്ക്ക് ഈ കള്ളക്കഥയിൽ നേരിട്ട് പങ്കില്ലെന്നും അവർ ഭാവിച്ചു !!

സത്യത്തിൽ ബൌദ്ധ-ജൈന ആരാധനാലയങ്ങളിലും വിഹാരങ്ങളിലും കുമിഞ്ഞുകൂടിയ സമ്പത്തില് മാത്രം കണ്ണുനട്ട് നമ്മുടെ ആരാധനാലയങ്ങളിലെക്ക് ഇഴഞ്ഞു കയറിയ വൈദിക ബ്രാഹ്മണ്യത്തെ വര്ത്തമാന കാലത്തും നാം ചരിത്രം അറിയാതെ തലയിൽ ചുമക്കുകയാണ്.

വൈദിക ബ്രാഹ്മണര്ക്ക് വേദങ്ങള് ഉരുക്കഴിച്ച് മന്ത്രവാദം നടത്തി ധനികരെയും രാജാക്കന്മാരെയും കബളിപ്പിച്ച് ധനം സ്വന്തമാക്കുക എന്ന ജീവിതവൃത്തിയാണുണ്ടായിരുന്നത്. അവരുടെ ദൈവങ്ങള് ശിവനും, കൃഷ്ണനും, അയ്യപ്പനും, കാളിയും, ദുര്ഗ്ഗയും,.... ഒന്നുമായിരുന്നില്ല.

ഇന്ദ്രന് അഗ്നി, സൂര്യന്, വായു, വെള്ളം തുടങ്ങിയ പ്രകൃതി ശക്തികളെ ആരാധിക്കുകയും ആ പ്രകൃതി ശക്തികളെ നിയന്ത്രിക്കാനുള്ള മന്ത്രങ്ങൾ അറിയുന്നവരെന്ന പേരില് ജനങ്ങളെ കബളിപ്പിച്ച് ഉപജീവിക്കുകയും ചെയ്തിരുന്ന വെറും ദുർമന്ത്രവാദികളുടെ കൂട്ടമായിരുന്നു വൈദിക ബ്രാഹ്മണര്.

സ്ഥിരം അമ്പലങ്ങളും പള്ളിക്കൂടങ്ങളും കാവുകളും, വിഹാരങ്ങളും, ചയ്ത്യങ്ങളും, പഗോടകളും എല്ലാം ബൌദ്ധ-ജൈന ധര്മ്മങ്ങളുടെ സംഭാവനയാണ്.
വൈദിക ബ്രാഹ്മണ്യം മന്ത്രവാദ ഹോമങ്ങളും യാഗ യജ്ഞാങ്ങളുമാണ് ദൈവങ്ങളെ പ്രസാദിപ്പിക്കാനായി നടത്തിയിരുന്നത്. അവര്ക്ക് വിഗ്രഹാരാധന സമ്പ്രദായം ഉണ്ടായിരുന്നില്ല. യാഗ യജ്ഞങ്ങള് നടത്തിയ ശേഷം അതിനായി കെട്ടി ഉയര്ത്തിയ പർണ്ണശാലകള് അഗ്നിക്കിരയാക്കി പുരോഹിത സാന്നിദ്ധ്യമില്ലാതെ ദൈവ സാക്ഷാത്ക്കാരം മനുഷ്യനു സാധ്യമല്ലെന്ന ന്യായത്തിലധിഷ്ഠിതവും ആരാധനയുടെ കുത്തക തങ്ങളുടേ വംശീയ അധികാരവും അധീശത്വവുമായി നിലനിര്ത്തിയിരുന്നവരാണ് വൈദിക ബ്രാഹ്മണ്യം.

യാഗ-യജ്ഞങ്ങളില് ദേവപ്രീതിക്കായി അര്പ്പിക്കപ്പെടുന്ന പശുക്കളെയും കുതിരകളെയും കൊന്നു തിന്ന് ഏമ്പക്കം വിട്ടിരുന്ന മാംസാഹാരികളായിരുന്ന ബ്രാഹ്മണ പാരമ്പര്യം അഹിംസയിലും കരുണയിലും അധിഷ്ടിതമായ ബുദ്ധധര്മ്മത്തിന്റെ പ്രചാരത്താല് ഒറ്റപ്പെട്ടതിനെ തുടര്ന്നുണ്ടായ അതിജീവന കൗശലത്തിന്റെ ഭാഗമായാണ് വൈദിക ബ്രാഹ്മണ്യം ബുദ്ധ ധർമ്മത്തെ നക്കിക്കൊല്ലുന്ന പൗരോഹിത്യ താന്ത്രികതയിലേക്ക് കൂറുമാറുന്നത്. ബൌദ്ധ ജൈന വിഹാരങ്ങളിലെക്കുള്ള വിദ്യർത്ഥികളായി നുഴഞ്ഞു കടക്കാൻ തുടങ്ങുന്നതിലൂടെയാണ് കാലഹരണപ്പെട്ടിരുന്ന വൈദിക ബ്രാഹ്മണ്യം സാമൂഹ്യ മേധാവിത്വത്തിലേക്കുള്ള വളർച്ച നേടുന്നത്.

അതായത് ബൗദ്ധ ഭിക്ഷുക്കളായി തല മുണ്ഡനം ചെയ്ത്, പൂണൂൽ ധരിക്കാതെ ബുദ്ധനെ ശരണം പ്രാപിച്ച വിദ്യാർത്ഥികളായി, ബൗദ്ധ പള്ളിക്കൂടങ്ങളിലും വിശ്വവിദ്യാലയങ്ങളിലും ചേർന്ന് ആചാര്യ - ഭട്ട സ്ഥാനമാനങ്ങൾ കൈവശമാക്കിയതിനു ശേഷമാണ് കുമരില ഭട്ടനും ശങ്കരാചാര്യരുമെല്ലാം ബൗദ്ധരെ ( ക്ഷത്രിയർ എന്ന് ബ്രാഹ്മണ്യം വിശേഷിപ്പിക്കുന്നതെല്ലാം ബൗദ്ധരെയാണ്. വൈശ്യരായി വർണ്ണശ്രമത്തിൽ ഉൾച്ചേർക്കാൻ ശ്രമിച്ചത് ജൈനരേയുമാണ് എന്ന് നിരീക്ഷിക്കാം.) കൊന്നൊടുക്കാനും തർക്കത്തിൽ തോൽപ്പിച്ച് ചാതുർവർണ്യ മതം സ്ഥാപിക്കാനുമായി ഇറങ്ങിത്തിരിക്കുന്നത്.

തന്ത്രപരമായ കൂടുമാറ്റത്തിലൂടെ ലഭിച്ച ഈ ബൗദ്ധ സ്വാധീനം നിമിത്തമാണ് പശുവിനെ കൊന്നു തിന്നിരുന്ന ബ്രാഹ്മണര് ജന സ്വാധീനം നേടാനായി സസ്യാഹാരികളായി തീരുന്നതുപോലും.

ചതുർ വർണ്യ ജാതീയത പ്രചരിപ്പിച്ചു ഇന്ത്യയൊട്ടുക്ക് ദിഗ്വിജയത്തിലെര്പ്പെട്ട ശങ്കരാചാര്യർ, കുമരില ഭട്ടൻ, (പരശുരാമൻ എന്ന അവതാര പുരുഷനായ മിത്ത് ഉൾപ്പെടെ ) ..... തുടങ്ങിയ ബൌദ്ധധര്മ്മ ശത്രുക്കളായ ബ്രാഹ്മണ പണ്ഡിത നേതൃത്വം എട്ടാം നൂറ്റാണ്ടിലെ കേരളത്തിന്റെ തലസ്ഥാനമായ കൊടുങ്ങല്ലൂരിലെ (കൊടും + കൊല + ഊര്)
പുലയ/ചെറുമ രാജ്യാധിപനായ ചേരമാന് പെരുമാളിന്റെ രാജഗുരുക്കന്മാരായ ബൌദ്ധ ഭട്ടന്മാരെ ( ചരിത്രത്തെ പ്രതീകാത്മകമാക്കി നിര്മ്മിച്ച പുരാണങ്ങളിലെ മവേലിയെയും ശുക്രാചാര്യരെയും ഓര്ക്കുക.) പാണ്ഡിത്യ തര്ക്കത്തില് തോല്പ്പിച്ചു നേടിയ അധികാരത്തില്,
അറിവിന്റെയും കാരുണ്യത്തിന്റെയും സ്നേഹ നിധികളായിരുന്ന ബൌദ്ധ ഗുരുക്കന്മാരെയെല്ലാം തലയരിഞ്ഞും നാവരിഞ്ഞും ഇല്ലാതാക്കി എന്നാണു ചരിത്ര സൂചനകള്. ചേരമാന് പെരുമാളിന്റെ ബന്ധുക്കളും അടിസ്ഥാന ജനവിഭാഗവുമായിരുന്ന കാര്ഷകരായ പുലയരെ സ്വന്തം ഭൂമിയില് അവകാശമില്ലാത്തവരായ അടിമകളായ കാര്ഷിക തൊഴിലാളികലായും ചവിട്ടി താഴ്ത്തി.

ധീരരും ധര്മ്മിഷ്ടരുമായ ബൌദ്ധ ഭട്ടന്മാര് കൊല്ലപ്പെട്ടാലും സത്യ-ധർമ്മത്തിനോ സ്വന്തം വാക്കിൽ നിന്നോ വ്യതിചലിക്കാത്തവരായതിനാൽ , ആയിരക്കണക്കിന് വരുന്ന ബൌദ്ധ ഗുരു പരമ്പര തന്നെ ബ്രാഹ്മണ്യ അധിനിവേശത്തില് സംഭവിച്ച തോല്വി അംഗീകരിച്ചു തലയരിയപ്പെടാനും നാവറുക്കപ്പെടാനും നിരായുധരായി നിന്നുകൊടുത്തിരിക്കണം. അതിന്റെ പരിണതഫലമാണ് കേരളത്തിന്റെ വിസ്മൃതമാക്കപ്പെട്ട ബൌദ്ധ പാരമ്പര്യവും, ആത്മീയ നേതൃത്വം നഷ്ട്ടപ്പെട്ട കേരളത്തിന്റെ 80 ശതമാനത്തോളം വരുന്ന പിന്നോക്ക ദളിത അസവര്ണ്ണരും, മുസ്ലീം - കൃസ്ത്യൻ ജന സമൂഹവും. സത്യത്തില് കേരളത്തിലെ അസവര്ണര് ബുദ്ധധര്മ്മ സാന്നിദ്ധ്യത്തിന്റെ തെളിവായി വിലയിരുത്തപ്പെടേണ്ട ബൗദ്ധ പാരമ്പര്യത്തിന്റെ ധാര്മ്മിക സക്തിയാണ്. നവോത്ഥാന പ്രസ്ഥാനങ്ങളില് അവരുടെ നേതൃത്വം മികച്ച സംഭാവന നല്കിയതിന്റെ കാരണവും ആ പ്രബ്ദ്ധത തന്നെയാണ്. നമ്മുടെ പഴം ചൊല്ലുകളില് പിന്നോക്ക സമൂഹമായ അസവർണ്ണരെ (ഈഴവരെ പോലുള്ള സവർണരല്ലാത്ത സമുദായത്തിലുള്ളവരെ ) വളരാന് അനുവദിക്കരുതെന്നും കൊല്ലണമെന്നും കഴുവേറ്റണമെന്നും കൊത്തണമെന്നുമൊക്കെയുള്ള ആചാരങ്ങള് പോലും നിലനിന്നതായി കാണാം.

കേരള ബ്രാഹ്മണരായ നമ്പൂതിരി /ഭട്ടതിരി തുടങ്ങിയ മലയാള ബ്രാഹ്മണരെ കുറിച്ചുള്ള എന്റെ നിഗമനങ്ങൾ കൂടി രേഖപ്പെടുത്തി ഈ കുറിപ്പ് അവസാനിപ്പിക്കാം.

കേരളത്തിലെ മലയാളി ബ്രാഹ്മണരായ നമ്പൂതിരിമാര്‍‍ മാത്രമല്ല, കേരളത്തിലെ എല്ലാ ജാതി മതസ്ഥരും അടിസ്ഥാനപരമായി പുലയരുമായി രക്തബന്ധമുള്ള മലയാളന്മാര് തന്നെയാണ്. അല്ലാതുള്ള ജാതീയ വംശീയ ദുരഭിമാനങ്ങളെല്ലാം വ്യാജ നിര്മ്മിതികളും പൊങ്ങച്ച നാട്യങ്ങളും സ്വയംകൃത അജ്ഞതയും അല്പ്പത്തരങ്ങളുമാണെന്നെ കരുതെണ്ടാതുള്ള്.

കേരളത്തിലെ മലയാളി ബ്രാഹ്മണര് സത്യത്തില്
എട്ടാം നൂറ്റാണ്ടിലെ ബൌദ്ധ പള്ളിക്കൂടങ്ങളിലെ വിദ്ധ്യാര് ത്ഥികളായിരുന്ന ബുദ്ധ ഭിക്ഷുക്കള്‍‍ തന്നെയാണ്. അവരില് നിന്നും സവര്ണ്ണ വൈദിക ബ്രാഹ്മണ പൌരോഹിത്യ സ്ഥാനത്തേക്ക് ബലംപ്രയോഗിച്ച് ചേര്ക്കപ്പെട്ടവരുടെ പിന് തലമുറയാണ് നമ്പൂതിരിമാര് എന്ന് കരുതാനെ തരമുള്ളു.

എട്ടാം നൂറ്റാണ്ടിലെ സവര്ണ്ണ ബ്രാഹ്മണ പന്ധിതരുടെ മേധാവിത്വത്തെ തുടര്ന്ന് ബൌദ്ധ ഭിക്ഷുക്കല്ക്കിടയിലെ ധർമ്മ നിഷ്ഠയുള്ള ഗുരുശ്രേഷ്ഠരെല്ലാം കൊല്ലപ്പെടുകയോ ആത്മത്യാഗത്തിന് തയ്യാറാകുകയോ ചെയ്യുമ്പോൾ അവശേഷിക്കുന്ന വിദ്യാർത്ഥികളെ വൈദിക ബ്രാഹ്മണ പണ്ഡിതരുടെ ആശ്രിതത്വം അംഗീകരിച്ച് ബുദ്ധ മാർഗ്ഗത്തില് നിന്നും പിന് 'തിരിപ്പിക്കാന് ഇടയുണ്ട്.

ബൗദ്ധ ഭട്ടന്മാർ 'തിരി'ഞ്ഞ് ഭട്ട'തിരി'മാരും, അക്കാലത്തെ ധനികരും സമ്പന്നരുമായിരുന്ന അരയന്മാരായ 'നമ്പു' ക്കൾ (തുഴ എന്നര്ഥം) 'തിരി'ഞ്ഞ് നമ്പൂതിരിമാരും ഉണ്ടായി എന്നു വേണം അനുമാനിക്കാൻ .

അതേസമയം, പുതുതായി അധികാരം സ്ഥാപിച്ച വൈദിക ബ്രാഹ്മണ പണ്ഡിതന്മാരോട് ചേർന്നു നിൽക്കാതെ കളരി ഗുരുക്കന്മാരായിരുന്ന ബൗദ്ധ തറവാട്ടു കാരണവന്മാരോട് കൂറു കാണിച്ച ബൗദ്ധ വിദ്ധ്യാർത്ഥികളെ സമൂഹത്തിന്റെ അടിതട്ടിലേക്ക് ചവിട്ടിത്താഴ്ത്തിയതിനുള്ള ഉദാഹരണമാണ് അക്കാലത്തെ അമ്പലങ്ങളിലെ 'ഭട്ട'സ്ഥാനമുള്ള പുരോഹിതരും കാർമ്മികരുമായിരുന്ന ബൗദ്ധ വിദ്യാർത്ഥികളെ 'അംബല ഭട്ടന്മാർ ' എന്ന പേരിൽ ക്ഷൗരവൃത്തി കുലത്തൊഴിലാക്കിയവരായുള്ള ജാതി ലേബൽ നൽകിയത്.

ഇവരിൽ നിന്നുതന്നെ നമ്പൂതിരി പക്ഷത്തെ സവർണ്ണ പക്ഷത്തേക്ക് നിർബന്ധിച്ച് അടിമകളാക്കപ്പെട്ട ജാതിയെ വിളക്കിത്തല നായർ എന്ന ബ്രാഹ്മണ പക്ഷ ക്ഷൗരക്കാരനായും മുസ്ലീം വിഭാഗത്തിലെത്തിയ ബൗദ്ധ അംബല ഭട്ടൻ ഒസ്സാൻ എന്ന വിഭാഗമായും രൂപപ്പെട്ടു എന്നും കരുതണം. ഫലത്തിൽ ഇവരും മലയാളി ബ്രാഹ്മണനുള്ള അതേ സാമൂഹ്യ അന്തസ്സിന് അർഹരാണെന്ന് വ്യക്തമാണ്.

പ്രത്യേക അറിയിപ്പ്:

ഈ പോസ്റ്റില് പറഞ്ഞിരിക്കുന്ന വസ്തുതകള് എന്റെ വായിച്ചരിവുകളില് നിന്നും സ്വന്തം അനുഭവങ്ങളില് നിന്നും ചിന്താ ശേഷിയില് നിന്നും ഉളവായ ചരിത്ര ബോധം മാത്രമാണ്. ഇവ ശരിയായിക്കൊള്ളണമെന്നില്ല.

വായനക്കാര് സ്വന്തം ചിന്താ ശേഷി ഉപയോഗിച്ചു
സ്വന്തം ഉത്തരവാദിത്വത്തില് വായിക്കേണ്ടതാണ്. എന്റെ ചരിത്ര ധാരണകളെ തിരുത്താന് സഹായിക്കുന്ന അറിവുകളും തെളിവുകളും ഈ വിഷയത്തില് വായനക്കാരില് നിന്നും ലഭിക്കുമെന്നു പ്രതീക്ഷിക്കട്ടെ.

ഒരു വിധത്തിലുള്ള തര്ക്കങ്ങളിലും താല്പ്പര്യമില്ലാത്തതിനാല് സംഘി കമന്റുകള്ക്ക് മറുപടി പ്രതീക്ഷിക്കരുത്. അറിവ് ആരെയും കീഴടക്കാനോ ജയിക്കാനോ ഉള്ളതല്ല. നല്ലൊരു സമൂഹ നിര്മ്മിതിക്കായി മാനവികമായി പങ്കു വെക്കാനുള്ളതാണ്.

"ശബരിമല അയ്യപ്പന്"

ഇതോടൊപ്പം ചേര്ത്തിരിക്കുന്ന ചിത്രം 25 വര്ഷങ്ങള്ക്കു മുന്പ്‌ (1993) ഞാന് വരച്ച "ശബരിമല അയ്യപ്പന്"എന്ന ഓയില് പെയിന്റിങ്ങാണ്. ( 2016ൽ പ്രസിദ്ധീകരിച്ച എന്റെ ചിത്രങ്ങളുടെ സമാഹാരമായ 'അമണ' എന്ന പുസ്തകത്തിലെ 35 സാമൂഹ്യ ചരിത്ര ചിത്രങ്ങളിൽ ഒന്നാണ് ശബരിമല അയ്യപ്പൻ.)
"Sabarimala Ayyappan" oil painting (1993)

- Chithrakaran T Murali T
10-10-2018

No comments: