Wednesday, October 3, 2007

മാതൃഭൂമി ഊതി വലുതാക്കുന്ന ബൂലോകം?


മാത്രുഭൂമി പത്രം കഴിഞ്ഞവര്‍ഷം ഇതേ കാലത്തു പ്രസിദ്ധീകരിച്ച സണ്‍‌ഡേ സപ്ലിമെന്റിലെ ലേഖനം വായിച്ചാണ് അന്നു തന്നെ ഒരു ബ്ലൊഗ് ഉണ്ടാക്കി ചിത്രകാരന്‍ ഈ ബൂലോകത്ത് എത്തിപ്പെട്ടത്. ഇപ്പോള്‍ മാത്രുഭൂമി ആഴ്ച്ചപ്പതിപ്പും ബ്ലൊഗുകളെക്കുറിച്ച് ഒരു കവര്‍ സ്റ്റോറി പ്രസിദ്ധീകരിച്ചുകൊണ്ട് ബ്ലൊഗ് എന്ന ജനാധിപത്യ മാധ്യമത്തിന് കനത്ത പ്രോത്സാഹനം നല്‍കിയിരിക്കുന്നു.

വിശാലമനസ്കനുമായുള്ള ഓണ്‍ലൈന്‍ ഇന്റര്‍വ്യുവും, അദ്ദേഹത്തിന്റെ തന്നെ ഒരു സാബിള്‍ ബ്ലൊഗ്കഥയും പുറമെ വി.കെ ആദര്‍ശ് എന്ന ബ്ലൊഗറുടെ ബ്ലൊഗിനെക്കുറിച്ചുള്ള ലേഖനവും,അദ്ദേഹം തന്നെ എഴുതിയ ബ്ലൊഗ് തുടങ്ങാനുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളടങ്ങിയ കുറിപ്പും വളരെ പ്രാധാന്യത്തോടെ ധാരാളം ഇലസ്ട്രേഷനുകള്‍ സഹിതം പ്രസിദ്ധീകരിച്ചിരിക്കുന്നു.
മാത്രുഭൂമി ആഴ്ച്ചപ്പതിപ്പിന്റെ മുഖച്ചിത്രവും ബ്ലൊഗുതന്നെ. ഇത്രയും പ്രാധാന്യം ബ്ലൊഗിനു മാതൃഭൂമി നല്‍കുംബോള്‍ ബ്ലൊഗിന്റെ വികസന സാദ്ധ്യതയാണ് വ്യക്തമാകുന്നത്. ആ ദീര്‍ഘദര്‍ശിത്വത്തിനു നന്ദി പറയുക. (വിശാല മനസ്കന്റെ കഥയൊഴിച്ച് -സെപ്തംബര്‍ 16ന്റെഓര്‍മ്മ...-മറ്റെല്ലാം നോക്കുകയല്ലാതെ,വായിക്കാന്‍ ചിത്രകാരന്റെ ക്ഷമ അനുവദിച്ചില്ലെന്നും,അതേക്കുറിച്ചുള്ള കമന്റുകള്‍ക്ക് മറുപടിപറയാന്‍ ബാധ്യതയില്ലെന്നും മുങ്കൂര്‍ ജാമ്യമെടുത്തിരിക്കുന്നു)

ഈ ആഴ്ച്ചയിലെ (2007ഒക്ടോബര്‍7)മാത്രുഭൂമി വീക്കിലി വായിക്കാത്തവര്‍ വായിക്കുക.

അച്ചടി മാധ്യമ രംഗത്തിന് ബ്ലൊഗ് വെല്ലുവിളിയാകുന്നു എന്ന വെളിപാടുകള്‍
മാത്രുഭൂമി കവര്‍പ്പേജുമുതല്‍ ഉള്‍പ്പേജില്‍ വരെ വാരി വിതറിയിരിക്കുന്നു. നമ്മുടെ ബ്ലൊഗ്ഗേഴ്സിന്റെ മിഥ്യാധാരണകളും അമിത പ്രതീക്ഷകളും വെല്ലുവിളിയായി കവിഞ്ഞൊഴുകുന്നുണ്ടായിരിക്കുമെങ്കിലും അച്ചടി രംഗത്തിന് ഒരു വെല്ലുവിളി ബ്ലൊഗില്‍ നിന്നും ഉണ്ടാകുമെന്ന് ചിത്രകാരന്‍ കരുതുന്നില്ല.(അങ്ങനെ ഒരു ഭയം ഉണ്ടായിരുന്നെങ്കില്‍ കൂടുതല്‍പേരെ ബ്ലൊഗിലേക്ക് പരിചയപ്പെടുത്തിക്കൊണ്ട് ഒരു നഷ്ടക്കച്ചവടത്തിന് മാതൃഭൂമി മുതിരില്ലല്ലോ!) സത്യം പുലരുന്നതിനായി നിലവിലുള്ള മാധ്യമങ്ങളെക്കാള്‍ ബ്ലൊഗിന് ഉണര്‍ന്നിരിക്കാന്‍ കഴിയുമെന്നാല്ലാതെ സത്യത്തിന്റെ വഴിയില്‍ സഞ്ചരിക്കുന്ന ആര്‍ക്കും വെല്ലുവിളി ഉയര്‍ത്താന്‍ ബ്ലൊഗിനാകില്ലെന്നുതന്നെ ചിത്രകാരന്‍ ഉറച്ചു വിശ്വസിക്കുന്നു.

മാത്രുഭൂമി വീക്കിലിയില്‍ മുഖച്ചിത്രമായിവന്ന ആര്‍ട്ടിസ്റ്റ് മുരളീധരന്റെ ചിത്രം ചിലബ്ലൊഗ്ഗേഴ്സ് ഉയര്‍ത്തിക്കാണിക്കുന്ന വെല്ലുവിളിയെ നീരസത്തോടെ പരിഹസിക്കുന്ന ഒന്നാണെന്ന് ശ്രദ്ധിച്ചു നോക്കിയാല്‍ മനസ്സിലാകും. സ്വന്തം ആസനത്തില്‍നിന്നും കിളിര്‍ത്തുവന്ന ചെംബരത്തി തറയില്‍ പച്ചനിറമായി ഒഴുകിപ്പരന്ന് ആ പച്ചപ്പില്‍നിന്നും പൂവ്വും ഇലയുമായി ഉയിര്‍ത്തേണീറ്റ് തന്റെ സ്രഷ്ടാവായ ബ്ലൊഗ്ഗറുടെ നാസാരന്ധ്രങ്ങള്‍ക്ക് സുഗന്ധാനുഭൂതിനല്‍കുന്ന വിരേചനകൃത്യം മാത്രമാണ് ബ്ലൊഗെന്ന് ധ്വനിപ്പിക്കുന്ന കഴിവുറ്റ ആ ചിത്രകാരന്‍ ... തന്റെ മനസ്സിലെ പരിഹാസവിഷം ഭാവനയില്‍ ചേര്‍ത്ത് പ്രിന്റു മീഡിയയോട് കൂറു പ്രഖ്യാപിക്കുന്നത് ചിത്രകാരന്റെ മാത്രം തോന്നലാകട്ടെ എന്ന് ആശിക്കട്ടെ!!!!! ഹ ഹ ഹ ഹ ഹ ......

ആര്‍ക്കുവേണം ഇനി പത്രാധിപരേ എന്ന വാചകത്തിലെ പുച്ഛരസം ബ്ലൊഗിനിട്ടൊരു കുത്തുതന്നെയല്ലേ?
പത്രാധിപരെ പത്ര ഉടമക്കു വേണ്ടാതെ വരില്ല... എന്നുത്തരം.
ബ്ലൊഗറെക്കൊണ്ട് എന്തായാലും പത്രം നടത്താനാകില്ലല്ലോ!

മാത്രുഭൂമിക്കും, ബൂലോകത്തെ പുതിയ കൂട്ടുകാര്‍ക്കു പരിചയപ്പെടുത്താന്‍ സഹായിക്കുന്ന ബ്ലൊഗ് സുഹൃത്തുക്കള്‍ക്കും ബ്ലൊഗറെന്നനിലയില്‍ ചിത്രകാരന്‍ നന്ദി പറയുന്നു.
.............................................................................................................
ഇന്നലെ (10-10-07)മാത്രുഭൂമി ആഴ്ച്ചപ്പതിപ്പ് അലസമായി മറിച്ചുനോക്കുന്നതിനിടയില്‍ ... അതാകിടക്കുന്നു രണ്ടു ബ്ലോഗ് രചനകള്‍ കൂടി !!!
കുറുഞ്ഞി ഓണ്‍ ലൈനിലെ ജോസഫ് അഗസ്റ്റിന്റെ കൊട്ടുവടി നിര്‍മ്മാണ രഹസ്യത്തെക്കുറിച്ചുള്ള ചാരായനിരോധനമെന്ന കണ്ടുപിടിത്തം എന്ന അതീവ രസകരമായ പോസ്റ്റും,വണ്‍ സ്വാളോയുടെ മാര്‍ക്കേസിന്റെ മലയാളി പിതാവ് വിജ്ഞാനപ്രദമായ പൊസ്റ്റും.
ഈ രണ്ടു പോസ്റ്റും ചിത്രകാരന്‍ വീക്കിലിയില്‍ കാണാതിരുന്നത് കഷ്ടമായി തോന്നുന്നു. മറ്റു മൂന്നു ലേഖനങ്ങള്‍ തന്നെ വളരെ കൂടുതലായി തോന്നിയതിനാല്‍ ഇനിയും ബ്ലൊഗ് സൃഷ്ടികള്‍ ഉണ്ടാകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല.ഇനി ഇതൊന്നും കൂടാതെ മറ്റുവല്ലതും ആ ലക്കത്തില്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക. സത്യമായും ചിത്രകാരന്റെ ശ്രദ്ധക്കുറവുകോണ്ടാണ്.

No comments: