Thursday, October 4, 2007

അതിമനോഹരമായ മരണം !ഒരു മനുഷ്യന്‍ മരിക്കുന്നതിനെ അതിമനോഹരമെന്ന് വിശേഷിപ്പിക്കുന്നത് ക്രൂരതയായി തോന്നാം. തന്റെ ജീവിതത്തിന്റെ അവസാന ശ്വാസംവരെ മാനവികതക്കുവേണ്ടി ഊര്‍ജ്ജ്വസ്വലതയോടെ സംസാരിച്ച എം.എന്‍.വിജയന്‍ മരണത്തെ പുല്‍കിയത് അതിമനോഹരമായാണ്.

ഭാഗ്യവാന്‍ !!!

ഇത്തരം ഒരു മരണം കൊതിപ്പിക്കുന്ന സൌന്ദര്യമുള്ളതാണ്.

ജീവന്റെ അവസാന ശ്വാസംവരെ ഉപയോഗിച്ച് നമുക്കു പറയാനുള്ളതെല്ലാം പറയാനും, ചെയ്യാനുള്ളതെല്ലാം ചെയ്യാനും കഴിയുകയെന്നതുതന്നെയാണ് ജീവിത സായൂജ്യം.

അത്യപൂര്‍വ്വമായ ആ യോഗം വിജയന്‍ മാഷിനു ലഭിച്ചു... ധന്യമാണ് ആ ജീവിതം.


ഇന്നലെ ഉച്ചക്ക് ഏതാണ്ട് 12.30 ന് അപ്രതീക്ഷിതമായും,നാടകീയമായും വിജയന്‍ മാഷ് മരിക്കുന്നത് ടിവിയിലൂടെ കേരളം കണ്ടു. ആ ശരീരത്തില്‍നിന്നും അവസാനത്തെ ജ്വാലയും അക്ഷരങ്ങളായി പൂര്‍ത്തിയായ വാക്കുകളായി വജ്രരൂപം‌പൂണ്ട ആശയങ്ങളായി പുറത്തുവരുന്ന ദൃശ്യം ഒരിക്കലും മറക്കാനാകാത്ത അനുഭവമായി. “ശബ്ദം ബാക്കിയുണ്ടെങ്കില്‍ അതു പുറത്തു പറയണമെന്നു പറഞ്ഞ മഹാനാണ് എം എന്‍ വിജയന്‍" കാരണം നമ്മളെല്ലാം ശബ്ദം എങ്ങിനെ വിഴുങ്ങാം എന്നു പഠിച്ചവരും ,പ്രയോഗിക്കുന്നവരുമായതിനാല്‍ ആ വാക്കുകള്‍ക്ക് ആഴമുള്ള ആന്തരാര്‍ഥമുണ്ട്.


കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന പഴയ മാലാഖയുടെ പൊയ്‌മുഖത്തിനു പിന്നിലെ സ്ഥാപിതതാല്‍പ്പര്യങ്ങളുടെ വര്‍ത്തമാനകാലത്തെ പിശാചിനെ നമുക്കു ചൂണ്ടിക്കാണിച്ചു തരാനാണ് അവസാന നിമിഷങ്ങളില്‍ വിജയന്മാഷ് തന്റെ ജീവശ്വാസം ഉപയോഗിച്ചത് എന്ന വസ്തുത നമ്മുടെ ചിന്തകളേയും, നിലപാടുകളേയും ജ്വലിപ്പിക്കേണ്ടതാണ്.


മരണം ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണെന്നു പറയുന്നത് തികഞ്ഞ പൈങ്കിളിത്തമാകും. (ഒരു ചാനല്‍ അങ്ങിനെ വിശേഷിപ്പിക്കുനതുകണ്ടു). എന്നാല്‍ ജീവിതത്തിന്റെ അവസാന ശ്വാസം വരെ ജീവിതം ഒരു രാഷ്ട്രീയപ്രവര്‍ത്തനമാണെന്ന് ജീവിച്ചു തെളിയിച്ച നമ്മുടെ നാടിന്റെ ദാര്‍ശനിക ആചാര്യന്‍ തന്നെയാണ് വിജയന്‍ മാഷ്. ശ്രീനാരായണ ഗുരുവില്‍ നിന്നും വളര്‍ന്നു നില്‍ക്കുന്ന കേരളത്തിന്റെ വര്‍ത്തമാന മാനവികതയുടെ ഉഗ്ര തേജസ്സാണ് വിജയന്‍ മാഷിന്റെ ഉള്ളടക്കം.


അദ്ദേഹത്തിനു പറ്റിയ ചെറിയൊരു പിശക് വ്യക്തി ബന്ധ്ങ്ങളുടെ പേരില്‍ വഹിച്ച ചില സ്ഥാനമാനങ്ങള്‍ മാത്രമായിരിക്കും. ആ ഗ്രഹണത്തില്‍നിന്നും അദ്ദേഹത്തിനു പുറത്തുവരാനായി എന്നത് അദ്ദേഹത്തിന്റെ സൂര്യതേജസ്സിന്റെ മഹത്വം തന്നെയാണ്. വിജയന്‍ മാഷെപ്പോലുള്ള ഒരു ചിന്തകന്‍ മസിലും,പണപ്പെട്ടിയും താങ്ങി നടക്കുന്ന രാഷ്ട്രീയക്കാരന്റെ പിറകേ നടക്കേണ്ടവനായിരുന്നില്ല. രാഷ്ട്രീയത്തിനു ലക്ഷ്യബോധം നല്‍കാന്‍ പ്രാപ്തനായിരുന്ന അദ്ദേഹത്തെ രാഷ്ട്രീയത്തിനു മുന്നില്‍ നടക്കാന്‍ അനുവദിക്കാനുള്ള സംസ്കാരം ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ക്കുണ്ടായില്ല എന്നതില്‍ ലജ്ജിക്കുക.


ചിത്രകാരന് പിണറായിയുടെ അനുശോചന സന്ദേശം വായിച്ച് ചിരി വന്നു.

“നല്ല കലാലയ അദ്ധ്യാപകനായിരുന്നു അദ്ധേഹം”
......................................................................................................................
ഫോട്ടോ കടപ്പാട്: കേരള കൌമുദി പത്രം 4-10-07


11 comments:

Anonymous said...

ഒരു മനുഷ്യന്‍ മരിക്കുന്നതിനെ അതിമനോഹരമെന്ന് വിശേഷിപ്പിക്കുന്നത് ക്രൂരതയായി തോന്നാം. തന്റെ ജീവിതത്തിന്റെ അവസാന ശ്വാസംവരെ മാനവികതക്കുവേണ്ടി ഊര്‍ജ്ജ്വസ്വലതയോടെ സംസാരിച്ച എം.എന്‍.വിജയന്‍ മരണത്തെ പുല്‍കിയത് അതിമനോഹരമായാണ്.


ഭാഗ്യവാന്‍ !!!


ഇത്തരം ഒരു മരണം കൊതിപ്പിക്കുന്ന സൌന്ദര്യമുള്ളതാണ്.

Anonymous said...

മാഷേ,
ചേകോന്മാരുടെ വീറും ശീലവും ഒന്നും നമ്മുടെ ചോരയില്‍ നിന്ന്‌ ഇറങ്ങില്ല എന്നുണ്ടോ?
ആത്മസന്ദര്‍ശനത്തിനും സുഫുടീകരണത്തിനും ചുരുങ്ങിയ സമയത്തെ മരണക്കിടക്ക ബുദ്ധഭിക്ഷുവായാലോ? കരുണയിലെ നായികയ്ക്ക് കിട്ടിയ ഇടവേള അത്ര മോശമോ?

Anonymous said...

ചിത്രകാരന്‍ പറഞ്ഞതിനോടു യോജിക്കുന്നു.

പതിനെട്ടു വയസ്സിലേ പടുവൃദ്ധരായിപ്പോകുന്ന ഇന്നത്തെ യൌവ്വനങ്ങള്‍ക്കിപ്പുറം വിജയന്‍‌മാഷിനെപ്പോലുള്ളവരുടെ യൌവ്വനം മാത്രമാണു ശുഭാപ്തി പകരുന്നത്.

സുനില്‍ പറഞ്ഞതൊന്നു മലയാളത്തിലാക്കിത്തരാമോ

Anonymous said...

വളരെ നല്ല പോസ്റ്റ് ചിത്രകാരാ.......അനുമോദനങ്ങള്‍.

അദ്ദേഹത്തിനു പറ്റിയ ചെറിയൊരു പിശക് വ്യക്തി ബന്ധ്ങ്ങളുടെ പേരില്‍ വഹിച്ച ചില സ്ഥാനമാനങ്ങള്‍ മാത്രമായിരിക്കും - ഇവിടെ അല്പം വിയോജിപ്പുണ്ട്........പക്ഷെ എഴുതിപോയാല്‍ ചര്‍ച്ചയാകും. ഈ സമയത്ത് ആഗ്രഹിക്കുന്നില്ല എന്നതിനാല്‍ പിന്നീടാകാം.

Anonymous said...

കേരള ശാസ്ത്രസാഹിത്യ പരിഷത്ത് എന്ന പഴയ മാലാഖയുടെ പൊയ്‌മുഖത്തിനു പിന്നിലെ സ്ഥാപിതതാല്‍പ്പര്യങ്ങളുടെ വര്‍ത്തമാനകാലത്തെ പിശാചിനെ ...................

ഒന്നു വിശദീകരിക്കാമോ?

Anonymous said...

പിണറായിയുടെ അനുശോചന സന്ദേശം ന്യൂനോക്തിയാകുന്നത് സാധാരണം.അദ്ദേഹത്തിന് വേണ്ടപ്പെട്ട വല്ല മതനേതാവോ മറ്റോ നിര്യാതരായെങ്കില്‍ കേള്‍ക്കാമായിരുന്നു അനുശോചന വാക്കുകളുടെ കുത്തൊഴുക്ക്.

കരുണാകരന്റെ യഥാര്‍ത്ഥ പിന്‍ഗാമിയാര് എന്നതിന് ഇനി അന്വേഷണത്തിന്റെ ആവശ്യമില്ല.

Anonymous said...

ചിത്രക്കാരാ.....

സമയോചിതമായ പോസ്റ്റ്‌....
മരണത്തിനുമുണ്ടൊരു സൌന്ദര്യം
അപൂര്‍വ്വം ചിലര്‍ക്ക്‌ മാത്രം കിട്ടുന്ന സൌഭാഗ്യം....

ജനിച്ചിരികുബോല്‍ പുകഴ്‌ത്താന്‍ മടിക്കുന്നവര്‍
പുകഴ്‌ത്തുന്നതെന്തിന്‌ മരികുബോല്‍....????

Anonymous said...

മരണം ഇങ്ങനെയായിരിക്കണം എന്ന പോസ്റ്റിലേയ്ക്ക് ലിങ്ക് ചെയ്യുകയാണ്.
സദയം അനുവദിക്കുക.
സ്നേഹത്തോടെ
രജി മാഷ്

Anonymous said...

മരണം കൊണ്ടും മാഷ് എന്തൊക്കെയോ തെളിയിക്കുകയാണ്‍.
നല്ല പോസ്റ്റ്.

Anonymous said...

വിജയന്‍ മാഷിന് ആദരാഞ്ജലികള്‍...വിവാദങ്ങള്‍ ഒഴിവാക്കി അദ്ദേഹത്തിന്റെ ആശയങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ സംവാദം നടത്തട്ടെ...

Anonymous said...

അദ്ധേഹം - തെറ്റ്‌.
അദ്ദേഹം - ശരി

qw_er_ty