Sunday, March 9, 2008

ബ്ലോഗേഴ്സ് അക്കാദമി

നമ്മുടെ സ്വന്തം നാട്ടില്‍,വായനശാല,ക്ലബ്ബ്,സ്കൂള്‍,കോളേജ് , ജോലി സ്ഥലം,തുടങ്ങിയ ഏതെങ്കിലും പ്രവര്‍ത്തന മണ്ഡലങ്ങളോടനുബന്ധിച്ച് കുറഞ്ഞത് രണ്ടോ,മൂന്നോ ബ്ലോഗേഴ്സിന്റെ സഹകരണത്തിലൂടെയെങ്കിലും ഒരു ബ്ലോഗേഴ്സ് അക്കാദമിയോ,അസ്സോസ്സിയേഷനോ,കൂട്ടയ്മയോ, (അല്ലെങ്കില്‍ മറ്റേതെങ്കിലും പേരുകളിലോ) രൂപീകരിച്ച് ബ്ലോഗ് എന്ന മാധ്യമത്തിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവരെ പ്രോത്സാഹിപ്പിച്ചും,സാങ്കേതികമായി സഹായിച്ചും പ്രവര്‍ത്തിക്കുകയാണെങ്കില്‍ ബൂലോകത്തെ ജനകീയതയും,ജന സാന്ദ്രതയും വര്‍ദ്ധിപ്പിക്കാന്‍ അതു കാരണമാകുകയും, ബൂലോകത്തിന് സാമൂഹ്യ-സാംസ്കാരിക രംഗത്ത് ഫലപ്രദമായി സ്വാധീനം ചെലുത്താനും,സമൂഹത്തില്‍ ആശയവിനിമയത്തിന്റെ കുത്തകകളെ നിര്‍വീര്യമാക്കുന്നതിലൂടെ പൊതുജനത്തിന്റെ അഭിപ്രായങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനം കൈവരിക്കുകയും ചെയ്യുന്നതായിരിക്കും.
അഴിമതി,അസമത്വം,അനീതി എന്നിവയെ ചെറുക്കാന്‍ ജനങ്ങള്‍ തന്നെ ഉണര്‍ന്നിരിക്കേണ്ടതും, പ്രവര്‍ത്തിക്കേണ്ടതും അത്യാവശ്യമായതിനാല്‍ ബ്ലോഗിന്റെ വികസനം എത്രയും പെട്ടെന്ന് സാക്ഷാത്ക്കരിക്കപ്പെടേണ്ടത് സാമൂഹ്യമായ ആവശ്യമാണ്.
ഇപ്പോള്‍തന്നെ ധാരാളം മലയാളികള്‍ ബ്ലോഗ് ആരംഭിക്കുന്നുണ്ടെങ്കിലും, മിക്കവരും ഇംഗ്ലീഷില് മാത്രമായോ,നാമമാത്രമായി മലയാളം പോസ്റ്റിട്ട് ബൂലോകത്തിന്റെ പരിചയവലയത്തില്‍ അകപ്പെടാതെയോ ,ഒറ്റപ്പെട്ടോ,ശ്രദ്ധിക്കപ്പെടാതെയോ,(ശ്രദ്ധിക്കപ്പെടാനുള്ള സെറ്റിങ്ങ്സുകള്‍ അറിയാത്തതിനാല്‍ ) ബ്ലോഗ് ഉപേക്ഷിച്ചുപോകുന്നുണ്ട്. ഈ സാങ്കേതിക അലസ്സിപ്പോക്ക് തടയുന്നതിനും, ബ്ലോഗിന്റെ സാധ്യതകള്‍ ക്രിയാത്മകതയുള്ള മലയാളി സുഹൃത്തുക്കളെ പരിചയപ്പെടുത്തുന്നതിനും പ്രാദേശികമായി നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലകളോ,ക്യാംബുകളോ സംഘടിപ്പിക്കുന്നതിലൂടെ സാധിക്കുന്നതാണ്.
പ്രാദേശികമായി നടത്തപ്പെടുന്ന ബ്ലോഗ് ശില്‍പ്പശാലയിലൂടെ പുതുതായി ബ്ലോഗിലേക്കു പ്രവേശിക്കുന്നവര്‍ക്ക് കോമണ്‍സെറ്റിങ്ങ്സ് നേരിട്ട് ചെയ്ത്കാണിച്ചു കൊടുക്കുന്ന സംവിധാനം ഉപയോഗപ്പെടുത്താം എന്നതിനാല്‍ ബാലാരിഷ്ടതകള്‍ പെട്ടെന്നു മറികടക്കാനും ബൂലോകത്ത് ദൈര്യസമേതം പ്രവേശിച്ച് ബൂലോകതിനും,സമൂഹത്തിനും തങ്ങളാലാകുന്ന സംഭാവന നല്‍കാനും അനായാസം സാധിക്കുന്നു എന്നത് കംബ്യൂട്ടര്‍ പരിചയമില്ലാത്തവര്‍ക്കുപോലും ബ്ലോഗ് ഹൃദ്യമായ അനുഭവമാക്കും.
ആകെ ആവശ്യമുള്ളത് കംബ്യൂട്ടര്‍ സംബന്ധിയായ അറിവുള്ള രണ്ടോ മൂന്നോ ബ്ലോഗേഴ്സിന്റെ സാങ്കേതികസഹായത്തോടെ ഒരു സംഘടന രൂപീകരിക്കുക, ശില്‍പ്പശാലയുടെ സ്ഥലവും തിയ്യതിയും നിശ്ചയിക്കുക, ബ്ലോഗ് ശില്‍പ്പശാല സംഘടിപ്പിക്കുന്ന വിവരം പത്രങ്ങളില്‍ പത്രക്കുറിപ്പായി അറിയിക്കുക.ഒരു ഫോണ്‍ നംബര്‍ കൊടുത്ത് പങ്കെടുക്കേണ്ടവര്‍ പേര്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് വ്യവസ്ഥ വെച്ചാല്‍ പങ്കെടുക്കുന്ന ആളുകളുടെ അംഗസംഖ്യയെക്കുറിച്ചും, ഏര്‍പ്പെടുത്തേണ്ട സൌകര്യങ്ങളെക്കുറിച്ചും ഏകദേശ ധാരണ ലഭിക്കും.

കണ്ണൂരില്‍ വളരെ ചെറിയ രീതിയില്‍ ഇങ്ങനെയൊരു ശില്‍പ്പശാല സംഘടിപ്പിക്കാന്‍ ചിത്രകാരന്‍ ആലോചിക്കുന്നുണ്ട്. കണ്ണൂര്‍ ടൌണ്‍ പരിസരങ്ങളിലുള്ള ബ്ലോഗേഴ്സ് ആരെങ്കിലുമുണ്ടെങ്കില്‍ ദയവായി ഈ മെയിലായി മൊബൈല്‍ നംബര്‍ സഹിതം ബന്ധപ്പെടുക.(e-mail : chithrakaran@gmail.com)
പൂര്‍ണ്ണമായും ലാഭേച്ഛയില്ലാതെ സാമൂഹ്യ മനസാക്ഷിയിലേക്ക് എല്ലാത്തരം അഭിപ്രായമുള്ളവരുടേയും കൂട്ടായ്മ ആവശ്യമാണ് എന്ന തിരിച്ചറിവോടെ ,സ്വന്തം ആശയങ്ങളോ, അഭിപ്രായങ്ങളോ,വിശ്വാസങ്ങളോ എന്തുതന്നെയായാലും പരസ്പര ബഹുമാനത്തോടെ ബ്ലോഗേഴ്സിന്റെ എണ്ണം കൂട്ടുക എന്ന ലക്ഷ്യം മാത്രം മുന്നിര്‍ത്തി പ്രവര്‍ത്തിക്കാനാകും എന്ന ഉത്തമവിശ്വാസത്തില്‍ എഴുതിയതാണ്. തുറന്ന മനസ്സൊടെ ബന്ധപ്പെടുക.
സേവന-സഹകരണ സന്നദ്ധതയോടെ....
സസ്നേഹം ,
ചിത്രകാരന്‍

No comments: