Monday, April 28, 2008

ഭൂമിയില്‍ വേരൂന്നുന്ന ബൂലോകം !!!

ബൂലോകം എന്ന മലയാളിയുടെ ആശയവിനിമയത്തിന്റെ ഭാവിയിലെ കൊടുമുടിക്ക് ഭൂമിയില്‍ വേരുണ്ടാകണമെന്ന് ഉറച്ചു വിശ്വസിച്ചതിന്റെ അനന്തര ഫലമാണ് കേരള ബ്ലോഗ് അക്കാദമി എന്ന ബ്ലോഗ് പ്രചരണ വേദിക്ക് ജന്മം നല്‍കാന്‍ കാരണമായത്.

നിലവിലുള്ള പ്രിന്റ്-ദൃശ്യ-ശ്രവ്യ മാധ്യമങ്ങളുടെ ആശയ പ്രതിഫലന ശേഷി ബ്ലോഗ് എന്ന മാധ്യമത്തിന്റെ ശേഷിയുമായി താരതമ്യം ചെയ്യുബോള്‍ വളരെ നിസ്സാരമാണ്. ഇതു തിരിച്ചറിഞ്ഞതുകൊണ്ടുകൂടിയാണ് പരംബരാഗത മാധ്യമങ്ങള്‍ തങ്ങളുടെ മാധ്യമങ്ങളെ ബ്ലോഗും ഇന്റര്‍നെട്ടുമായി കൂട്ടിയിണക്കുന്ന മാര്‍ഗ്ഗത്തില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നത്. എന്നാല്‍ ബ്ലോഗ് നമ്മുടെ ഉദാസീനതകൊണ്ടോ, അറിവില്ലായ്മകൊണ്ടോ വേണ്ടവിധം പ്രചരിപ്പിക്കപ്പെടാതെ, ഒരു വിനോദമോ, ഹൈട്ടെക്ക് തമാശപറയാനുള്ള ഇടമോ മാത്രമായി ചിത്രീകരിക്കപ്പെട്ട് പാര്‍ശ്വ്വല്‍ക്കരിക്കപ്പെട്ടുകിടക്കുന്നത് നമ്മുടെ സമൂഹത്തിന്റെ വളര്‍ച്ചക്കുറവിനിടയാക്കുമെന്ന വസ്തുത കണക്കിലെടുക്കേണ്ടതുണ്ട്.

ബ്ലോഗിനോളം ശക്തമായ ഒരായുധം നമ്മുടെ ഒരു മൌസ് ക്ലിക്ക് അകലത്തിലിരുന്നിട്ടും, നാം നിരാലംഭരും,പ്രതികരണ ശേഷിയില്ലാത്ത കഴുതകളുമായി തുടരാന്‍ തീരുമാനിക്കുന്നത് മൌഢ്യമാണ്.
ഇന്നത്തെ ബൂലോകത്തിന് സമൂഹത്തില്‍ ചെറുതായി ശ്രദ്ധ നേടാന്‍ കഴിയുന്നുണ്ടെങ്കിലും, ഒരു സമൂഹ ഇച്ഛാശക്തിയുടെ പ്രതിഫലന വേദിയായി വളരാനായിട്ടില്ല എന്നത് അഭ്യസ്ത വിദ്യരായ കേരളീയരെ സംബന്ധിച്ച് നാണക്കേടുണ്ടാകേണ്ട കാര്യമാണ്. കൂടുതല്‍ എഴുത്തുകാരും, വായനക്കാരും ബ്ലോഗില്‍ എത്തുന്നതോടെ മാത്രമേ ബ്ലോഗ് പൊതുജന ജിഹ്വയായി സമൂഹം അംഗീകരിക്കുകയും, വിലമതിക്കുകയും ചെയ്യു. അല്ലാത്ത കാലത്തോളം കേവലം ചായക്കടയിലെയും, ബാര്‍ബര്‍ ഷോപ്പിലേയും,കള്ളു ഷാപ്പിലേയും ചര്‍ച്ചയോളമേ ബ്ലോഗിനു സാധ്യതയുണ്ടാകു. ഇത്രയും കാലം അതുതന്നെയായിരുന്നു നമ്മുടെ വിലനിലവാരം !

മറ്റെല്ലാ മാധ്യമങ്ങളുടേയും ശക്തി അതിലെ അഭിപ്രായങ്ങള്‍ എത്രപേര്‍ കാണുന്നു, കേള്‍ക്കുന്നു, വായിക്കുന്നു എന്നതിനെ ആശ്രയിച്ചുതന്നെയാണിരിക്കുന്നത്. ബ്ലോഗിനും ആ റീച്ച് ബാധമാണ്. എന്നാല്‍, അത്തരം മാധ്യമങ്ങളെ കടത്തിവെട്ടുന്ന ചില സൂപ്പറ് പ്രത്യേകതകള്‍കൂടി ബ്ലോഗിനുണ്ട്. അതിലൊന്ന് വേഗതയാണ്. ഒരു നിമിഷംകൊണ്ട് ലോകത്തെംബാടും പ്രസരിക്കപ്പെടാനുള്ള അത്ഭുതശക്തി ബ്ലോഗിനുമാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളു. മറ്റൊന്ന് സ്ഥലപരമായ അതിരുകള്‍ , ഭേദഭാവങ്ങള്‍, സൃഷ്ടിയുടെ രൂപങ്ങളോടുള്ള സ്വന്തം പരിമിതി എന്നിവയൊന്നും ബ്ലോഗിനെ ബാധിക്കുന്നില്ലെന്ന സര്‍വ്വലൌകീകതയാണ് ഈ മാധ്യമത്തിന്റെ ആത്മാവായി നില്‍ക്കുന്നത്.

എന്തായാലും ഈ പ്രത്യേകതകള്‍ ബ്ലോഗിനെ സര്‍വ്വശക്തമായ നാളെയുടെ മാധ്യമമായി നില്‍ക്കുംബോള്‍ അത് എത്രയും പെട്ടെന്ന് ജനങ്ങളുടെ കയ്യിലെത്തിച്ച് നമ്മുടെ സമൂഹത്തെ പുനരുദ്ധരിക്കേണ്ടതും, ശക്തരാക്കേണ്ടതും അവരുടെ വിയര്‍പ്പിന്റെ ഫലംകോണ്ട് വളരാന്‍ ഭാഗ്യം ലഭിച്ച അഭ്യസ്തവിദ്യരായ യുവത്വത്തിന്റെ കര്‍ത്തവ്യമാണെന്ന് നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.
സത്യമായും, ഇതൊരു നവോദ്ധാനത്തിന്റെ നാന്ദിയായിത്തന്നെ കാണേണ്ടിയിരിക്കുന്നു. കാരണം , ഈ വളര്‍ച്ചയില്‍ എല്ലാവര്‍ക്കും തുല്യ അവസരമായതിനാല്‍ ഇവിടെ ആര്‍ക്കും ഒന്നും നഷ്ടപ്പെടുന്നില്ല. കിട്ടാനുള്ളതോ... ആത്മാഭിമാനത്തിന്റെ പുതിയൊരു ലോകവും.
ചിത്രകാരന്റെ അമിത പ്രതീക്ഷകളാകാതിരിക്കട്ടെ ഈ ബൂലോക സ്വപ്നം !
.......................................................
കോഴിക്കോട് വച്ച് 27-04-08 ന് നടത്തിയ മലയാളം ബ്ലോഗ് ശില്‍പ്പശാല ബൂലോകത്തെ ഭൂമിയില്‍ നട്ടു നനച്ചു വളര്‍ത്താനുള്ള ചരിത്രപ്രധാനമായ ഒരു സന്ദര്‍ഭവും, അതില്‍ ഭാഗഭാക്കാകാനുള്ള ഭാഗ്യമായും, നിമിത്തമായും , ചുമതലയായും ആത്മസംതൃപ്തിയോടെ നമുക്ക് ഓര്‍ക്കാം. ഇതിന്റെ തുടര്‍ ചലനങ്ങള്‍ സാംസ്കാരിക കേരളത്തില്‍ നിന്നും പ്രതിധ്വനിക്കാതിരിക്കില്ല.
ബൂലോകത്തെ വ്യക്തിപരമായി ഒരു മാനിയയായി കൊണ്ടു നടന്ന നിലവിലുള്ള പല ബ്ലോഗേഴ്സിനും തങ്ങളുടെ ലഹരിയുടെ കെട്ട് വിട്ട് ഭൂമിയില്‍ കാലൂന്നാനുള്ള അവസരം കൂടിയാണ് ഈ ശില്‍പ്പശാലയുടെ വിജയം സൂചിപ്പിക്കുന്നത്.
കോഴിക്കോടിന്റെ നന്മ നിറഞ്ഞ മണ്ണില്‍ ഒരു നടീല്‍ കര്‍മ്മം !
തെറി വിളിക്കുന്നവനെന്നു ചീത്തപ്പേരുള്ള ചിത്രകാരന്‍ എന്ന ഒരു വിമത വ്യക്തിക്കുപോലും
സംഘടനാശേഷി നല്‍കുന്ന,ആസൂത്രണ സാധ്യത നല്‍കുന്ന അതുല്യ പ്രതിഭാസംതന്നെയാണ് ബ്ലൊഗെന്നതിന്റെ ഉത്തമോദാഹരണം തന്നെയാണ് ശില്‍പ്പശാലയുടെ വിജയം.

17 comments:

ചിത്രകാരന്‍chithrakaran said...

ബൂലോകം എന്ന മലയാളിയുടെ ആശയവിനിമയത്തിന്റെ ഭാവിയിലെ കൊടുമുടിക്ക് ഭൂമിയില്‍ വേരുണ്ടാകണമെന്ന് ഉറച്ചു വിശ്വസിച്ചതിന്റെ അനന്തര ഫലമാണ് കേരള ബ്ലോഗ് അക്കാദമി എന്ന ബ്ലോഗ് പ്രചരണ വേദിക്ക് ജന്മം നല്‍കാന്‍ കാരണമായത്.

യാരിദ്‌|~|Yarid said...

നിലവിലുള്ള എല്ലാ മാധ്യമങ്ങളില്‍ നിന്നും ബ്ലോഗിംഗിനെ വ്യത്യസ്തമാക്കുന്നതു അതിന്റെ ആശയപ്രചരണരീതിയാണ്‍. ഒരു സിസ്റ്റവും അതിന്റെ കൂട്ടത്തില്‍ ഒരു ഇന്റര്‍നെറ്റ് കണക്ഷനുമുണ്ടെങ്കില്‍ ആര്‍ക്കും ബ്ലോഗ് ചെയ്യാം. മുഖ്യധാരാ മാധ്യമങ്ങളില്‍ കണ്ടു വരുന്ന പൂഴ്ത്തിവെപ്പും, വാര്‍ത്തകളെ വളച്ചൊടിക്കലുമൊന്നുമില്ലാതെ തന്നെ സ്വതന്ത്രമായി എന്തിനെയും വസ്തുനിഷ്ടമായൊ അല്ലാതെയൊ തന്നെ ജനങ്ങളുടെ അടുത്തേക്ക് എത്തിക്കുക എന്ന ധര്‍മ്മമാണ്‍ ബ്ലോഗിന്റേത്, അതു കൊണ്ട് തന്നെ വരും കാലത്ത് ബ്ലോഗിനുള്ള ജനസ്വീകാര്യത കൂടുതലായിരിക്കുകയും ചെയ്യും. ഇത്തരത്തിലുള്ള സംരംഭങ്ങള്‍ ആ സ്വീകാര്യത വര്‍ദ്ധിപ്പിക്കുന്നതില്‍ മുഖ്യപങ്കു വഹിക്കുകയും ചെയ്യും. ..

ഏറനാടന്‍ said...

ചിത്രകാരന്‍ പറയേണ്ടത് പറയേണ്ടവിധം പറയാനുള്ള നേരത്തുതന്നെ പറഞ്ഞിരിക്കുന്നു. ഭാവുകങ്ങള്‍ കൂട്ടുകാരാ..

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അഭിനന്ദനങ്ങള്‍

Inji Pennu said...

‘ഒരു നിമിഷംകൊണ്ട് ലോകത്തെംബാടും പ്രസരിക്കപ്പെടാനുള്ള അത്ഭുതശക്തി ബ്ലോഗിനുമാത്രമേ ഇപ്പോള്‍ ലഭ്യമായിട്ടുള്ളു.’

ഇത് ബ്ലോഗിനു മാത്രമല്ല ചിത്രകാരാ, ഇന്റര്‍നെറ്റില്‍ പബ്ലിഷ് ചെയ്യുന്ന മുഖ്യധാരാ പത്രങ്ങളുള്‍പ്പടെ എന്തിനും ഇത് സാധ്യമാണല്ലോ. യാരിദ് പറഞ്ഞതുപോലെ ആരുടേയും പൂഴ്ത്തിവെപ്പില്ലാതെ സ്വതന്ത്രമായി ഇടപെടാം എന്നൊരു മാധ്യമം ആണ് ഇതിന്റെ പ്രത്യേകത, അതും അധികം ടെക്നിക്കല്‍ ആവാതെ തന്നെ. സാധാരണക്കാരന്റെ ശബ്ദം മുഴങ്ങികേള്‍ക്കാന്‍ ഇതിലും നല്ലൊരു മാധ്യമം ഇല്ല.

നല്ല കുറിപ്പ്. ബ്ലോഗ് ചര്‍ച്ചകളെല്ലാം തറനിലവാരമാണെന്ന് അഭിപ്രായം ഇല്ലെങ്കിലും ഏറെക്കുറെ ശരിയാണ് താനും. ഇംഗ്ലിഷ് ബ്ലോഗില്‍ കാണുന്ന നിലവാ‍രത്തിന്റെ പകുതിപോലും ആയിട്ടില്ല എന്നുള്ള വസ്തുത ശരിയാണ്. അത് ചിത്രകാരന്‍ പറഞ്ഞതുപോലെ ടെക്കിക്കാരുടെ ബാഹുല്യവും ഒരു കാരണമാണ്. സമൂഹത്തിലെ വിവിധതുറയില്‍ നിന്നുള്ളവര്‍ വന്നാല്‍ ഇതിനൊരു പരിഹാരമാവും എന്ന് വിശ്വസിക്കുന്നു.

ശിവ said...

ഈ വിവരണത്തിന് അഭിനന്ദങ്ങളും ആശംസകളും...

ശിവ.

Santhosh | പൊന്നമ്പലം said...

Well said.

മറ്റു മാധ്യമം ഏതായാല്ലും... നാലു കൈകള്‍ മാറി മറിഞ്ഞ് കത്രിക വച്ചതിനു ശേഷം മാത്രമേ ലേഖനം പുറം ലോകം കാണുകയുള്ളൂ. സ്ഥാപിത താല്പര്യവും കച്ചവട സാധ്യതയും അവിടെ കണക്കാക്കപ്പെടുന്നു. ബ്ലോഗിന് ഈ ലിമിറ്റേഷന്‍സ് ഒന്നും തന്നെ ഇല്ല എന്നത് തന്നെയാണ് ഏറ്റവും വലിയ പ്രത്യേകത.

നല്ല ലേഖനം...

അപ്പു said...

ചിത്രകാരാ. അഭിനന്ദനങ്ങള്‍.

Sujith Bhakthan T R said...

നമുക്ക് പത്തനംതിട്ടയില്‍ ഒരു ബ്ലോഗ് മീറ്റ് സംഘടിപ്പിക്കണ്ടേ?

Sujith Bhakthan T R said...

ബ്ലോഗ് എന്നതുകൊണ്ട് പല പല ഉപയോഗങ്ങളുണ്ട്. നാം മലയാളികള്‍ മലയാള ബൂലോഗത്തില്‍ മാത്രം കറങ്ങിതിരിഞ്ഞു നടക്കാതെ പേരിനെങ്കിലും അല്‍പ്പസ്വല്‍പ്പം മറ്റുഭാഷാ ബ്ലോഗുകള്‍ പോയി വായിച്ചുനോക്കുക അത്യാവശ്യമാണ്‌. മറ്റുള്ളവ കാണുമ്പോള്‍ നമ്മുടേ ബ്ലോഗുകളുടെ നിലവാരവും മറ്റും സ്വയമേവ അളക്കുവാന്‍ കഴിയും. പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനങ്ങള്‍.

സനാതനന് ‍| sanathanan said...

തീര്‍ച്ചയായും ഭൂമിയില്‍ വേരില്ലാതെ പോയാല്‍ കുളത്തിലെ പായലിനൊപ്പമേ ഉണ്ടാകൂ ഏത് മാധ്യമത്തിനും ആയുസ്സ്.അതിന് കരുത്തും കാര്യശേഷിയും ഉണ്ടാകണമെങ്കില്‍ അത് ഈ ഭാഷയില്‍ വ്യവഹരിക്കുന്ന മനുഷ്യര്‍ ജീവിക്കുന്ന മണ്ണില്‍ ഇറങ്ങി നില്‍ക്കണം.അതിനു വേണ്ട കൈത്താങ്ങു നല്‍കുന്നതില്‍ നിങ്ങളൊക്കെ ചെയ്യുന്ന സംഭാവന ഭാവിയില്‍ സ്മരിക്കപ്പെടുകതന്നെ ചെയ്യും

അന്യന്‍ said...

ബൂലോകം ഭൂലോകത്തില്‍ വേരൂന്നുന്നുവെന്നതില്‍ അന്യന്‍ ആര്‍മാദിക്കുന്നു...കാരണം...അഞ്ചുപൈസ മുടക്കാതെ- പകര്‍പ്പവകാശത്തിന്റെ പൊല്ലാപ്പുകളില്ലാതെ- പ്രസിദ്ധീകരണത്തിനായി ഒരു മേലാളന്‍മാരുടെയും കാലുപിടിക്കാതെ കൊണ്ടു നടക്കാവുന്ന ഏറ്റവും നല്ല 'ആശയപ്രചരണോപാധി'. അതാണ്‌...ബ്ലോഗ്‌....ആവിഷ്കരണത്തിനുള്ള മാധ്യമം സ്വതന്ത്രമാവുമ്പോള്‍ ആശയങ്ങളുടെയും അഭിപ്രായങ്ങളുടെയും സ്വാതന്ത്ര്യത്തിനും പരിധികളില്ലാതെ വരും. അതു തന്നെയാണ്‌ ബ്ലോഗിന്റെ വിജയവും...

ശില്‍പശാലകള്‍
ബുലോകത്തിന്റെ
യശസ്സ്‌ വര്‍ധിപ്പിക്കട്ടെ...

വെറുതെ വീട്ടില്‍ ചടഞ്ഞിരിക്കുന്ന വീട്ടമ്മമാര്‍ക്ക്‌(കംപ്യൂട്ടര്‍- ഇന്റര്‍നെറ്റ്‌ സൗകര്യമുള്ള) വിരസതയില്‍ നിന്നും മോചനം നേടുവാനും, ചാറ്റിംഗ്‌ ഒലിപ്പികളായി മാത്രം മാറിപ്പോയ പയ്യന്‍മാര്‍ക്കും പയ്യത്തികള്‍ക്കും ദിശാബോധം വരുവാനും, ഇരുത്തംവന്ന കൂട്ടുകാര്‍ക്ക്‌ തങ്ങളുടെ മനസ്സിലുള്ള ആശയം മാലോകരെ അറിയിക്കുന്നതിനും ബ്ലോഗ്‌ വഴിയൊരുക്കുന്നുവെന്നത്‌ ഒരു പുതിയ കാര്യമല്ലല്ലോ...

കാപ്പിലാന്‍ said...

നല്ല കുറിപ്പ് .അഭിനന്ദങ്ങള്‍ ..

Joker said...

ശ്രീ,ചിത്രകാരന്‍, നന്ദി ഈ പോസ്റ്റിന്.ആകാശത്തിന്റെ അനന്തതയില്‍ പറന്നു നടക്കുന്ന അക്ഷരങ്ങളില്‍ ഉടക്കി നിന്നിരുന്ന അക്ഷരക്കൂട്ടങ്ങള്‍ പറന്ന് ഭൂമിയിലെ ബ്ലോഗ് മീറ്റുകളില്‍ ചേക്കേറുന്നുവല്ലെ.നല്ലത് തന്നെ.

ഇംഗ്ലീഷ് ബ്ലോഗുകളില്‍ ഉള്ള പകുതി നിലവാരം പോലും മലയാള ബ്ലോഗുകളില്‍ ഇല്ല എന്ന് ഒരു കമന്റ് കണ്ടു.അതിന് ആരാണാവോ ഉത്തരവാദി.ഈ നിലവാരത്തിന്റെ സൂചിക എന്താണെന്ന് കൂടി പറഞ്ഞാല്‍ ആ ടൈപ്പ് ബ്ലോഗുകള്‍ തുടങ്ങാനായി ഒരു ഫ്രേം ഉണ്ടാക്കാമായിരുന്നു.ഇങ്ങനെ പറയുന്നതിലൊന്നും യാതൊരു അര്‍ഥവുമില്ല എന്നാണ് എന്റെ അഭിപ്രായം.ആളുകള്‍ക്ക് അവര്‍ക്ക് ഇഷ്ടമുള്ളത് എഴുതാം അതില്‍ കാര്യമുണ്ടാവാം ഇല്ലാതിരിക്കാം.എല്ലാം പ്രത്യയ ശാസ്ത്രപരവും ഗൌരവവും ആവണമെന്നില്ല.ആ ചെറുതല്ലാത്ത ജാനാധിപത്യ സ്വഭാവമാണ് ഈ ബ്ലോഗ് എന്ന സങ്കേതത്തിന്റെ പ്രത്യേകത.നിലവാരമില്ല നിലവാരമില്ല എന്ന സ്ഥിരം ഡയലോഗുകള്‍ വിവരമുണ്ടെന്ന് നടിക്കുന്ന ഒരു കൂട്ടം കപട ബുജികളുടേതാണ്.അതില്‍ മാറ്റമൊന്നും ഉണ്ടാവാന്‍ പോകുന്നില്ല.

അല്ലെങ്കിലും ഇവിടെ ഇംഗ്ലീഷാണല്ലോ എല്ലാം,ഇംഗ്ലീഷിലായാല്‍ എല്ലാം നിലവാരത്തിലെത്തി.

ഷബീര്‍ || shabeer said...

പ്രിയ ചിത്രകാരന് ,തങളുടെ അഭിപ്രായത്തിനോട് ഞാന്‍ യോജിക്കുന്നു...വ്യക്തിപരമായ നമ്മുടെ പ്രതിഷേധങള്‍ അറിയിക്കാന്‍ ബ്ലോഗിനെ പോയേ മറ്റൊരു വേദിയുമില്ല .....

മാവേലി കേരളം said...

ചിത്രകാരാ അഭിപ്ര്യായങ്ങളോടു നൂറു ശതമാനവും യോജിക്കുന്നു. ഭൂമിയിലുള്ള ഭൂരിപക്ഷങ്ങള്‍ക്കും ബ്ലോഗ് പ്രാപ്തമാകുമ്പോള്‍ അല്ലെങ്കില്‍ ബ്ലോഗിലെ ആശയങ്ങള്‍ അവരെ ഉത്തേജിപ്പിക്കുന്ന അവസ്ഥ വരു‍മ്പോള്‍ മാത്രമേ അത് ഒരു നവോധാന ഉപാധിയായി എന്നു ആശിക്കാന്‍ കഴിയൂ. ആ നിലയിലേക്ക് ഇന്നത്തെ മലയാളം ബ്ലോഗു വളരേണ്ടിയിരീക്കുന്നു.

അതായത് സാധാരണക്കാരന് ഇന്നു ബ്ലോഗ് വളരെ വിലകൂടീയ ഒരു മദ്ധ്യമമാണ്‍് എന്നുള്ളതു നിരാകരിക്കാനാവില്ല. അതുകോണ്ട് അവര്‍ എന്റെര്‍ടീയിന്മെന്റിനു വേണ്ടിയോ ഗോസിപ്പിനു വേണ്ടിയോ ബ്ലോഗ് ഉപയോഗിക്കില്ല. എന്നാല്‍ പ്രത്യേകമായി എന്തെങ്കിലും ബ്ലോഗില്‍ നിന്നു കിട്ടും/അറിയാന്‍ കഴിയും എന്നറിഞ്ഞാല്‍ അവര്‍ ബ്ലോഗിലേക്കു വരും. അതിന് ഇന്നത്തെ നിലയില്‍ മലയാളം ബ്ലോഗുകള്‍ക്കു കഴിയുമോ എന്നു ചീന്തിക്കേണ്ടിയിരിക്കുന്നു.

ബ്ലോഗിനെ ജനമദ്ധ്യത്തിലേക്കിറക്കിക്കൊണ്ടു വരണമെങ്കില്‍ ഇന്നത്തെ ബ്ലോഗിന്റെ രീതീ മാറണമോ? അതോ ഇതുപോലെ ഥുടര്‍ന്നാല്‍ മതിയോ എന്നു ചിന്തിക്കേണ്ടിയിരിക്കുന്നു.

പരംബരാഗത മീഡിയയുടെ ആശയ പ്രതിഫലനശേഷി ബ്ലൊഗിന്റേതുമായി തരതമ്യപ്പെടുത്തുമ്പോള്‍ നിസാരമാണ് എന്നു ചിത്രകാരന്‍ എഴുതിയതു വളരെ ശരിയാണ്. പ്രിന്റു മീഡിയയില്‍ വരുന്ന ലേഖനങ്ങളെ ബ്ലോഗിലെ എത്ര ലേഖനങ്ങളുമായി താരതമ്യപ്പെടുത്താന്‍ കഴിയും?

പക്ഷെ കേരളത്തിലെ സാധാരണജനങ്ങളുടെ ഭാവിയെ സാരമായി നിര്‍ണയിക്കുന്ന പല വര്‍ത്തകളും (ഉദ്.അടുത്തകാലത്തുണ്ടായ ഒബിസി ക്രീമിലെയല്‍ എക്ലൂഷന്‍, ഏകജാല വിദ്യാഭ്യാസ പ്രവേശനം)‍ കെരളത്തിലെ ഈ പരമ്പരാഗത പത്രങ്ങള്‍ മനപൂര്‍വം ജനങ്ങളുടെ ഇടയിലേക്കു കോണ്ടു വരുന്നില്ല.

മുതലാളിത്തത്തിന്റെ, ജനകീയമല്ലാത്ത കൊര്‍പറേറ്റു ബോഡികളുടെ അനീതിയില്‍, വിലക്കയറ്റത്തില്‍ അതു പോലെ അനേക പ്രശ്നങ്ങളില്‍ നട്ടം തീരീയുന്ന ജനത്തിന് ഒരു ആല്‍റ്റെര്‍നറ്റിവ് ‍ ചിന്ത കൊടുകുക ആ നിലയിലേക്കു ബ്ലോഗിനെ മാറ്റിയെടുക്കാന്‍ എങ്ങനെ കഴിയും എന്നാലോചികുകയാണ്‍് അതു ജനമദ്ധ്യത്തില്‍ പ്രതിഷ്ഠനേടാന്‍ സഹായിക്കുക എന്നാണ്‍് എന്റെ ചീന്ത.‍

അരുണ്‍കുമാര്‍ | Arunkumar said...

good one...

Translate

Followers