Sunday, April 20, 2008

തിരുമാന്താംകാവ് പത്താം പൂരം

സ്വന്തം അദ്ധ്വാന ഫലമായ അമ്മയുടെ സ‌മൃദ്ധിയില്‍നിന്നും പുഴയുടെ അക്കരെയിലേക്ക് 60 അടി അയിത്തം പറഞ്ഞ് ബ്രഹ്മണര്‍ തങ്ങളെ പുറത്താക്കിയെങ്കിലും വള്ളുവനാടിന്റെ ഐശ്വര്യത്തിന്റെ കാരണക്കാരായ ഈ പുലയരുടെ കാളകള്‍ക്ക് തിരുമാന്താം കുന്നിലമ്മ അമ്മയല്ലാതാകുമോ ? അമ്മയുടെ പൂരഘോഷത്തിന് അപമാനത്തിന്റെ കണ്ണീരുകുടിച്ചാണെങ്കിലും സര്‍വ്വ ഐശ്വര്യങ്ങളും നേര്‍ന്നുകൊണ്ട് അവര്‍ പുഴയുടെ ഇക്കരെ നൂറ്റാണ്ടുകള്‍ക്കുശേഷവും തങ്ങളുടെ ആചാരവും, ബന്ധവും,കടപ്പാടും തെറ്റിക്കാതെ അണിഞ്ഞൊരുങ്ങിനില്‍ക്കുന്നു. പട്ടികജാതിക്കാര്‍ മനുഷ്യരാണെന്ന് നമുക്ക് ഇപ്പോഴും തോന്നിത്തുടങ്ങിയിട്ടില്ലാത്തതിനാല്‍ ക്ഷേത്രനടത്തിപ്പുകാര്‍ ഈ കളകള്‍ക്കും കറുത്തമനുഷ്യര്‍ക്കും അംബലത്തിന്റെ മുറ്റത്ത് അന്തസ്സര്‍ന്ന ആദരവുനല്‍കാന്‍ ഇതുവരെ മനസ്സുവച്ചിട്ടില്ല. മനസ്സു വികസിക്കാഞ്ഞാല്‍ ഭയമുണ്ടാകുമെന്നല്ലാതെ ഒന്നും മനസ്സിലാകില്ലല്ലോ.

ഇന്നത്തെ പട്ടികജാതിക്കാരായ പുലയരുടെ(ചെറുമക്കള്‍) പുരാതനകാലത്തെ ദേശത്തിന്റെ കാവും, അവരുടെ തലവന്‍ വള്ളുവക്കോനാതിരിയുടെ കുലദൈവവുമായിരുന്ന തിരുമാന്താംകുന്ന് കാവില്‍ ഇന്ന് (20-4-2008) വള്ളുവനാടിന്റെ ദേശീയോത്സവമായ പൂരത്തിന്റെ പത്താം ദിവസം ആഘോഷിക്കുകയാണ്. പത്താം പൂരം എന്നുപറയും.
കുന്നിന്റെ മുകളിലുള്ള കാവിനു താഴെ ഭാരതപ്പുഴയുടെ കൈവഴികളിലൊന്നായ പുഴയില്‍ കുളിപ്പിക്കാനായി തിരുമാന്ദാംകുന്നിലമ്മയെ പരിവാരസമേതം കൊണ്ടുപോയപ്പോള്‍ .... അമ്മ കുളികഴിഞ്ഞു വരുന്നതുകാണാന്‍ സ്ഥലപിടിച്ചു കാത്തുനില്‍ക്കുന്ന വള്ളുവനാട്ടുകാര്‍.


ബ്രാഹ്മണരുടെ അധിനിവേശത്തോടെ കാവിനകത്തു കയറാനും, അമ്മയെ നേരില്‍ കാണാനും അവകാശം നഷ്ടപ്പെട്ട ദൈവങ്ങളുടെ തെയ്യക്കോലധാരികള്‍ പുഴക്കക്കരെനിന്നും അമ്മയെ ഒരു നോക്കുകാണാന്‍ കുളിപ്പുരയിലേക്ക് കണ്ണും നട്ട് അപകര്‍ഷതയുടെ കൈപ്പുനീര്‍ കുടിച്ചുകൊണ്ട് കാത്തുനില്‍ക്കുന്നു. ബ്രാഹ്മണര്‍ തിരുമാന്ദാംകാവു പിടിച്ചടക്കി, വള്ളുവക്കോനാതിരിയെ കട്ടുമുടിപ്പിച്ചതിനു ശേഷം കാവ് അംബലമാക്കി പ്രഖ്യാപിച്ചുകൊണ്ടുള്ള കള്ളക്കഥകളായി ഐതിഹ്യങ്ങള്‍ രചിച്ചപ്പോള്‍ ഈ തെയ്യങ്ങള്‍ക്ക് തങ്ങളുടെ ദൈവീകത നഷ്ടപ്പെടുകയും, ഇവരെ പൂതങ്ങളായി ചവിട്ടിതാഴ്ത്തുകയും ചെയ്തിരിക്കുന്നു.ബ്രാഹ്മണര്‍ക്കു മാത്രം പ്രവേശനമുള്ള കുളിപ്പുര: മാറുമറക്കാതെ നല്ല അന്തസ്സുള്ള മത്തങ്ങാമുലകള്‍ അഭിമാനപൂര്‍വ്വം പുറത്തുകാണിച്ച് ഏതൊരു ചെറുമിയെപ്പൊലെയും നന്മയുടെയും,മൂല്യങ്ങളുടെയും നിറകുടമായിരിക്കുന്ന തിരുമാന്താം കാവിലമ്മയെ കുളിപ്പിക്കുന്നത് കാണാതിരിക്കാന്‍ ദേവസ്വം ഭാരവാഹികളും, ബ്രാഹ്മണരുന്കൂടി പനംബുകൊണ്ട് കുളിപ്പുര മറച്ചുകെട്ടിയിരിക്കുന്നു.ദേവിയുടെ കുളിസീനുകള്‍ പാപ്പരാസികള്‍ പത്രമാധ്യമങ്ങളിട്ട് മാനം കെടുത്താതിരിക്കാന്‍ മാനം എന്തെന്നറിയാതവരുടെ പരിഹാരങ്ങളോ, അതോ പണ്ട് ശാന്തിക്കാരന്‍ അമ്മയുടെ തിരുവാഭരണങ്ങള്‍ കുളിപ്പുരയിലെ കയത്തില്‍ നൂലുകെട്ടി താഴ്ത്തി അല്‍പ്പാല്‍പ്പമായി അപഹരിച്ചതുപോലെയുള്ള വല്ല കണ്‍കെട്ടുവിദ്യയോ? അതോ പുഴയിലെ ഹോസ്പിറ്റല്‍ വേസ്റ്റില്‍ കാലുകുത്താതെ നീരാട്ട് നടത്താനുള്ള തന്ത്രിമാരുടെ തന്ത്രമോ?

പുഴക്കക്കരെ നിന്നും കുളിക്കുംബോഴെങ്കിലും, അമ്മയെ കാണാന്‍ നില്‍ക്കുന്ന തെയ്യങ്ങളുടെ അയിത്തമോ,അതോ ശാപമോ ... എന്താണ് പുഴവെള്ളമായി കെട്ടിക്കിടക്കുന്നത്? കേരളത്തിലെ ആശുപത്രി നഗരമായ പെരിന്തല്‍മണ്ണയിലെ സൂപ്പര്‍ സ്പേഷാലിറ്റി ഹോസ്പിറ്റലുകളായ അല്‍ ഷിഫായിലേയും,മൌലാനയിലേയും ആശുപത്രി വേസ്റ്റിനാല്‍ അണുസംബന്നമായ, ഈച്ചയര്‍ക്കുന്ന ഈ കൊഴുത്ത ദ്രവത്തിലാണ് തിരുമാന്താം കുന്നിലമ്മ ബ്രഹ്മണരോടൊപ്പം നീരാട്ടുനടത്തുന്നത്. വള്ളുവക്കോനാതിരിയുടെ കാലത്ത് നിര്‍മ്മിക്കപ്പെട്ട കൊത്തിയെടുത്ത കല്ലുകൊണ്ടു നിര്‍മ്മിക്കപ്പെട്ട കല്ലുപാലമാണ് ഇപ്പോള്‍ സ്റ്റീലുകൊണ്ടുള്ള റീലിങ്ങ് പിടിപ്പിച്ച നിലയില്‍ ചിത്രത്തില്‍ കാണുന്നത്.

അയിത്തമില്ലാത്ത കുടകള്‍ :പാണനും,പറയനും മാത്രമേ ബ്രാഹ്മണര്‍ അയിത്തം കല്‍പ്പിച്ചിട്ടുള്ളു. കുടക്ക് അയിത്തമില്ലെന്നുമാത്രമല്ല, പവിത്രമായ ആചാരങ്ങള്‍ക്കും, തന്റെ ഭാര്യയെ അന്യരില്‍നിന്നും മറച്ചുപിടിക്കുന്നതിനും ആ പാവം മനുഷ്യപുത്രന്മാരുടെ ഓലക്കുട വേണമായിരുന്നു. പുഴയില്‍ ഒലിച്ചുവന്ന അമ്മ ഒരു പാറയില്‍ പിടിച്ചുതൂങ്ങിനില്‍ക്കുന്നതുകണ്ട് ആ വഴി വന്ന പന്തലക്കോട് നംബൂതിരി ദേവിക്ക് പന്തലിട്ട് കൊടുത്ത് സ്വയം പന്തലിട്ട നംബൂതിരി എന്ന നിലയില്‍ പന്തലക്കോട് നംബൂതിരിയായി എന്നിങ്ങനെയുള്ള കള്ളക്കഥകള്‍ ഐതിഹ്യമായി രചിച്ച് പുലയരുടെ അമ്മയെ പുലയരില്‍ നിന്നും അകറ്റി സ്വന്തമാക്കിയ ബ്രാഹ്മണ്യത്തിന്റെ മനുഷ്യത്വഹീനമായ കുടിലകൌശലങ്ങളുടെ സത്യങ്ങള്‍ ആര്‍ക്കുവേണം.ദീപസ്തംഭം മഹാശ്ചര്യം, നമുക്കും കിട്ടണം പണം !!! ജനം അതേ പറയു.അധികാരത്തിനൊപ്പം,പണത്തിനൊപ്പം!


രാജ കുടുംബത്തിന്റെ വിശ്രമ മന്ദിരം: പൂരം കാണാന്‍ വരുന്ന രാജകുടുബത്തിലെ ബ്രാഹ്മണ ദാസന്മാര്‍ക്ക് അമ്മയെ കാത്തുനില്‍ക്കാനുള്ള കെട്ടിടം.ബ്രാഹ്മണാധിപത്യത്തോടെ ഭീരുക്കളായ ഒരുകൂട്ടം ആചാരങ്ങളുടെ അവകാശികള്‍മാത്രമായ രാജകുടുംബാംഗങ്ങളെ പൊലിപ്പിക്കാനുള്ള ജീര്‍ണ്ണിച്ച പ്രതാപ ചിഹ്നം !

അമ്മ നീരാട്ടു നടത്തിവരുന്നതുവരെ ബോറടിമാറ്റാന്‍ പനമ്പട്ടയുടെ സ്വാദുനോക്കുന്ന പാവം കാട്ടുജീവികള്‍. ഹിന്ദു മതത്തിന്റെ പൊങ്ങച്ചത്തിന്റെ ഭാരം ചുമക്കാന്‍ ശാപം ലഭിച്ച ഗജവീരന്മാര്‍. ആത്മീയതയും,ദൈവീകതയും ആര്‍ഭാടത്തിന്റെ നിഴല്‍ മാത്രമാണെന്ന് ഉദ്ഘോഷിക്കുന്ന ബ്രാഹ്മണ ഹിന്ദുമതത്തിന്റെ അടിമകളായ പാവം മൃഗങ്ങള്‍ !

തിരുമാന്താം കുന്നിനുമുകളില്‍ ഇപ്പോഴും നശിപ്പിക്കാതെ സംരക്ഷിച്ചുസ്സ്,നിര്‍ത്തിയിരിക്കുന്ന സര്‍പ്പക്കാവ്. കാവിന്റെ പടിഞ്ഞാറു ഭാഗം. ഈ പന്തലിനകത്ത് ദേവി വന്നടിഞ്ഞു എന്ന കള്ളക്കഥയിലെ പാറയാണുള്ളത്.
ക്ഷേത്രപാലന്‍ എന്ന മറ്റൊരു പ്രതിഷ്ടയില്‍ മേല്‍ക്കൂരമുട്ടിനില്‍ക്കുന്ന വലിയൊരു പാറയാണുള്ളത്. കൂടാതെ ബ്രഹ്മരക്സ്, നാഗദൈവങ്ങള്‍ എന്നിവയുടെ ചെറിയ കോവിലുകളുമുണ്ട്. മുഖ്യ ശ്രീകോവില്‍ പൂര്‍ണ്ണമായും ബ്രാഹ്മണ ഹിന്ദു ആരാധനാരീതിയില്‍ പണികഴിപ്പിക്കപ്പെട്ട അംബലമാണ്. അതിന്റെ ചുവരില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുവര്‍ചിത്രങ്ങളുമുണ്ടായിരുന്നു. ഏതാണ്ട് പത്തിരുപത് വര്‍ഷം മുന്‍പ് ക്ഷേത്ര കമ്മിറ്റിയില്‍ വൃത്തിബോധം കൂടിയപ്പോള്‍ മങ്ങിയ ചുവചിത്രങ്ങള്‍കുമുകളില്‍ ഇനാമല്‍ പെയിന്റടിച്ചു എന്നു കേട്ടിരുന്നു. സത്യമെന്താണെന്നറിഞ്ഞുകൂട.

തിരുമാന്താം കാവിന്റെ ക്ലോസപ്പ് ചിത്രം.ക്ഷേത്രകമ്മിറ്റിയിലെ പരിഷ്ക്കാരികള്‍ പൂരം പ്രമാണിച്ച് കാവിനെ ക്ഷൌരം ചെയ്ത് ഭംഗിയാക്കിയിരിക്കുന്നു. മൊട്ടയടിപ്പിക്കാതിരുന്നാല്‍ ഭാഗ്യം.
ബ്രഹ്മരക്ഷസ്സിന്റെ ഉപക്ഷേത്രം. കാവിന്റെ വടക്കുകിഴക്കേ മൂലയില്‍ ശാന്തമായി ബ്രാഹ്മണ്യത്തിന്റെ ഭണ്ഡാരപ്പെട്ടിക്കു കാവലിരിക്കാന്‍ നിയോഗിക്കപ്പെട്ട ഹിന്ദുമതത്തിന്റെ മതിലിനകത്തുനില്‍ക്കാത്ത ഒരു ദൈവം.
ക്ഷേത്രപാലന്‍ എന്നു പുതിയ ബ്രാഹ്മണ പേരുമായി നില്‍ക്കുന്ന ഏതോ കുട്ടിച്ചാത്തന്റേയോ മറ്റോ പുരാതന പ്രതിഷ്ടയായിരിക്കണം ഇവിടെയുള്ള മേല്‍ക്കൂര മുട്ടുന്ന പാറക്കല്ല്. അംബലം വികസിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകോണ്ട് സ്വയം വളര്‍ന്ന കല്ലാണ് ഇതിലുള്ളത് എന്ന് ബ്രാഹ്മണന്റെ കുനിഷ്ടുബുദ്ധിയുടെ എച്ചിലുണ്ടുനടക്കുന്ന സ്വര്‍ണ്ണ പ്രശ്നക്കാരോ മറ്റോ കള്ളക്കഥയുണ്ടാക്കി പ്രചരിപ്പിച്ച ഐതിഹ്യത്തിന്റെ പൊലിമയില്‍ ഒരു സംഭവമാകുന്നു കാട്ടുമൃഗത്തെപ്പോലെ കൂട്ടിലടക്കപ്പെട്ട ഈ ദൈവം. പാവം ഒന്നു കാറ്റും മഴയും കൊണ്ടിട്ട് എത്ര നൂറ്റാണ്ടായിക്കാണും !


13 comments:

Anonymous said...

ഇന്നത്തെ പട്ടികജാതിക്കാരായ പുലയരുടെ(ചെറുമക്കള്‍) ദേശത്തിന്റെ കാവും, അവരുടെ തലവന്‍ വള്ളുവക്കോനാതിരിയുടെ കുലദൈവവുമായിരുന്ന തിരുമാന്താം കാവില്‍ ഇന്ന് (20-4-2008) വള്ളുവനാടിന്റെ ദേശീയോത്സവമായ പൂരത്തിന്റെ പത്താം ദിവസം ആഘോഷിക്കുകയാണ്. പത്താം പൂരം എന്നുപറയും.

ചിത്രകാരന്റെ കാഴ്ച്ചപ്പാടിലൂടെ തിരുമാന്താംകുന്നിലെ കവിനേയും തിരുമാന്താംകാവിലമ്മയേയും കണ്ടുനോക്കുക.ഇന്നു രാവിലെ പത്തരക്ക് എടുത്ത പടങ്ങളാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

Anonymous said...

നന്ദി ചിത്രകാരാ. ആദ്യമായാണ് ഇതൊക്കെ കാണുന്നത്.

ചിത്രകാരന്റെ രോഷം വാക്കുകളില്‍ കാണാം..

Anonymous said...

ചിത്രകാരന്‍,
ചിത്രങ്ങളെക്കാള്‍ വിവരണം ഇഷ്ടപ്പെട്ടു. ചരിത്രം പറയുമ്പോള്‍ ലജ്ജിക്കാതെ തരമില്ല.

Anonymous said...

ചിത്രകാരന്‍,

മറ്റാരിലും ആശ്രയിക്കാനില്ലാത്തവര്‍ ദൈവത്തില്‍ ആശ്രയിക്കുന്നു. കേരളത്തില്‍ മാറേണ്ട കാര്യങ്ങള്‍ ഏറെയാണു്. മാറുകയും ചെയ്യും. മലയാളി‍ ജന്മനാ മണ്ടനല്ലല്ലോ. നൂറ്റാണ്ടുകളിലൂടെ വളര്‍ത്തി മണ്ടന്മാരാക്കിയവരെ തിരുത്താനും സമയമെടുക്കും.

ചിത്രങ്ങള്‍ക്കു് നന്ദി.

Anonymous said...

ചിത്രകാരന്‍ കുറേ ദിവസങ്ങളായി ഇവിടെ ഇല്ലായിരുന്നോ?

ഈ പോസ്റ്റും, അതിലെ വിവരണങ്ങളും, ചിത്രങ്ങളും ഇഷ്ടപ്പെട്ടു. ഇടയ്ക്കിടെ വന്നുകയറിയ ചിത്രകാരന്റെ രോഷപ്രകടനങ്ങള്‍ “കഥ”വായനയില്‍ തടസ്സം വരുത്തി എന്നു പറയാതെവയ്യ. ഫോട്ടോകളും അവയോടൊപ്പമുള്ള വിവരണങ്ങളും വായിക്കാന്‍ എന്തോ ഒരു ആകാംഷ എനിക്കുള്ളതിനാലാവും അങ്ങനെ തോന്നിയത്. പോസ്റ്റിനു നന്ദി.

Anonymous said...

കാരസ്കരത്തിന്‍ കുരു പാലിലിട്ടാല്‍.....

Anonymous said...

നല്ല പോസ്റ്റ് !
ജാതീപ്പേരു കൂടെ ചെര്‍ക്കുന്നതിനെ പറ്റിയുള്ള പൊസ്റ്റും വായിച്ചു.. നന്നായിരിക്കുന്നു. ആദ്യമായാണു ഇവീടെ വരുന്നത്. ബ്ലോഗ് ഇഷ്ടപ്പെട്ടു.

Anonymous said...

ഇവിടെ നോക്കുക
http://anooptiruvalla.blogspot.com/2008/04/blog-post_22.html
ഇനി ഏതു വിശ്വസിക്കും

Anonymous said...

" അംബലം വികസിപ്പിക്കണം എന്ന് ആവശ്യപ്പെട്ടുകോണ്ട് സ്വയം വളര്‍ന്ന കല്ലാണ് ഇതിലുള്ളത് എന്ന് ബ്രാഹ്മണന്റെ കുനിഷ്ടുബുദ്ധിയുടെ എച്ചിലുണ്ടുനടക്കുന്ന സ്വര്‍ണ്ണ പ്രശ്നക്കാരോ മറ്റോ കള്ളക്കഥയുണ്ടാക്കി പ്രചരിപ്പിച്ച ഐതിഹ്യത്തിന്റെ പൊലിമയില്‍ ഒരു സംഭവമാകുന്നു കാട്ടുമൃഗത്തെപ്പോലെ കൂട്ടിലടക്കപ്പെട്ട ഈ ദൈവം. പാവം ഒന്നു കാറ്റും മഴയും കൊണ്ടിട്ട് എത്ര നൂറ്റാണ്ടായിക്കാണും !"

അതെ ദൈവത്തെയും മനുഷ്യന്‍ തന്റെ സൗകര്യത്തിന്‌ വേണ്ടി കൂട്ടിലടയ്ക്കുന്നു...
പലപ്പോഴും ശ്രീകോവിലെന്ന ജയില്‍ സൃഷ്ടിച്ച്‌ ആ ചൈതന്യത്തെ നാല്‌ ചുവരുകള്‍ക്കുള്ളിലാക്കുന്നു....

ചിത്രകാരന്റെ അമര്‍ഷം ഉചിതം തന്നെ

Anonymous said...

ചിത്രകാരന്‍,

ഇങ്ങിനെയൊക്കെയാണ് കാവുകള്‍ അമ്പലങ്ങളാകുന്നതും, ഗ്രാമസഭകള്‍ തദ്ദേശസ്വയംഭരണങ്ങളാകുന്നതും, കുടിപ്പള്ളിക്കൂടങ്ങള്‍ സ്കൂളുകളാകുന്നതും, അങ്ങിനെയങ്ങിനെ, തദ്ദേശീയരായ ചെറുമക്കളെ മാറ്റിനിര്‍ത്തി, ഇന്റര്‍നാഷണല്‍, അക്കാഡമിക്ക്, ടെമ്പിള്‍, സ്മാര്‍ട്ട് സിറ്റികളുമൊക്കെയുണ്ടാകുന്നതും.

താങ്കളുടെ പൂരക്കാഴ്ച ഗംഭീരമായിരിക്കുന്നു.

അഭിവാദ്യങ്ങളോടെ

Anonymous said...

വിക്ഞാനപ്രദം. നന്ദി ചിത്രകാരാ..

Anonymous said...

ചിത്രകാരാ ,
വിജ്ഞാന പ്രദമായ പോസ്റ്റ് ആയിരുന്നു
രോഷത്തില്‍ ഞാനും പങ്കു ചേരുന്നു
ഇതൊക്കെ മാറി വരും എന്ന് നമുക്കു പ്രതീക്ഷിക്കാം മാറ്റുവിന്‍ ചട്ടങ്ങളെ എന്നാന്നെല്ലോ

Anonymous said...

നാടന്‍ കലാരൂപങ്ങള്‍ എന്‍റെയൊരു ദൌര്‍ബല്യമാണ്‌.
പ്രത്യേകിച്ച് "പറയന്‍ കാളിയും മൂക്കന്‍ ചാത്തനും .