Monday, January 12, 2009

രവിവര്‍മ്മ എന്ന കൊമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റ് !

രവിവര്‍മ്മയുടെ മഹാലക്ഷ്മി.
ഒരു സര്‍ക്കസ് കലാകാരിയെപ്പോലെ താമരയില്‍
ബാലന്‍സ് ചെയ്തുനില്‍ക്കുന്ന മഹാലക്ഷ്മി.
രണ്ടു വെള്ളാനകളേയും കാണാം.
(ഒരു ശംഘിന്റെ കൊറവേ ഉള്ളു)
രവിവര്‍മ്മയുടെ സരസ്വതി.(നമ്മുടേതും !!!)
വീണയും പിടിച്ച് എത്രദിവസം ഈ മോഡല്‍
പാറപ്പുറത്ത് കുത്തിയിരുന്നുകാണും ?
ചിത്രകാരന്റെ “സരസ്വതിക്ക് എത്ര മുലകളുണ്ട് ‍” എന്ന പോസ്റ്റില്‍ രവിവര്‍മ്മയെ കലണ്ടര്‍ ചിത്രകാരന്‍ എന്നു വിശേഷിപ്പിച്ചതിനോട് വിയോജിച്ചുകൊണ്ട് ആവനാഴി ഒരു കമന്റെഴുതിയിരിക്കുന്നു. അതെക്കുറിച്ചുള്ള ചിത്രകാരന്റെ ചില കാഴ്ച്ചപ്പാടുകള്‍ ചെറുതായി ഒന്നു വിശദീകരിക്കാം. ഇത് ആവനാഴിക്കുള്ള മറുപടിയാണെന്നു ദയവായി കരുതരുത്.
1) സാധാരണ മലയാളിയുടെ ചിത്രകലയെക്കുറിച്ചുള്ള അവബോധം രവിവര്‍മ്മയുടെ ചിത്രങ്ങളുടെ കലണ്ടര്‍ പ്രിന്റുകളോളമേ വരു എന്ന് ചിത്രകാരന്‍ മനസ്സിലാക്കുന്നത്. ചിത്രകലയുടെ തലതൊട്ടപ്പന്‍ നമുക്ക് രവിവര്‍മ്മയാണ്. ചിത്രകലയുടെ പര്യായംമ്പോലും നമുക്കു രവിവര്‍മ്മയാണ്. പാരംബര്യങ്ങളിലുള്ള അമിതമായ ദുരഭിമാനം നിമിത്തം നമുക്ക് ചിത്രകലയും രവിവര്‍മ്മയും തമ്മിലുള്ള അകലം പോലും അറിയാന്‍ കഴിയുന്നില്ല. സത്യത്തില്‍ രവിവര്‍മ്മ ഇന്ത്യന്‍ ചിത്രകലയില്‍ സാധാരണ ഒരു കോമേഴ്സ്യല്‍ ആര്‍ട്ടിസ്റ്റിനപ്പുറം പുതിയതായി ഒന്നും അവതരിപ്പിച്ച ചിത്രകാരനല്ല. പശ്ചാത്യ ചിത്രകലയുടെ ഉപേക്ഷിക്കപ്പെട്ട (കാലികമല്ലാത്തതിനാല്‍) പോര്‍ട്ട്രൈറ്റ് രചനാ സങ്കേതങ്ങളുമായി,
ഇന്ത്യയിലെ രാജാക്കന്മാര്‍ക്കും സില്‍ബന്ധികള്‍ക്കും അവരുടെ മാഹാത്മ്യം ഛായാചിത്രങ്ങളിലൂടെ പകര്‍ത്തിവക്കാന്‍ വേണ്ടി ഓടിനടന്ന അക്കാലത്തെ (ഇന്നത്തെ സാധാ സ്റ്റുഡിയോ ഫോട്ടോഗ്രാഫര്‍മാരെപ്പോലെയുള്ള) ചിത്രമെഴുത്തുകാരായിരുന്നു രവിവര്‍മ്മ സഹോദരങ്ങള്‍. ഇന്ത്യന്‍ കലാചരിത്രത്തിലും രവിവര്‍മ്മക്ക് ആ പ്രാധാന്യമേയുള്ളു. പുരാണങ്ങളും, ദേവിദേവന്മാരും, രാജ കുടുംബാംഗങ്ങളും പ്രതിപാദ്യമായി എന്നതുകൊണ്ടല്ല, മറിച്ച് അദ്ദേഹത്തിന്റെ ചിത്രകലശൈലി ചിത്രകല ചരിത്രവുമായി ഒരിക്കലും ഇണക്കിച്ചേര്‍ക്കാനാകാത്തവിധം പഴഞ്ചനും, പശ്ചാത്യകോമേഴ്സ്യല്‍ പോര്‍ട്രൈറ്റ് രചനാരീതിയുടെ അനുകരണവുമായിരുന്നു. കേവലം ക്രാഫ്റ്റ് മാത്രമായ രവിവര്‍മ്മയുടെ ചിത്രകലയെ സ്വാധീനമുപയോഗിച്ച് ,നമ്മുടെ ആത്മസുഖത്തിനായി കെട്ടിപ്പൊക്കാമെന്നാല്ലാതെ, കലാ ചരിത്രത്തിന്റെ ഏഴയലത്തുപോലും പ്രതിഷ്ഠിക്കാനാകില്ല.

2) രവിവര്‍മ്മയുടെ കൊമേഴ്സ്യല്‍ ചിത്രകലയെ ചിത്രകലയിലെ അതിന്റെ പരിണാമ ചരിത്രവുമായി ബന്ധപ്പെട്ട ഇസങ്ങളുമായൊന്നും ബന്ധപ്പെടുത്തി താരതമ്യം ചെയ്യാതിരിക്കുകയാകും ഉചിതം. രവിവര്‍മ്മയുടെ ചിത്രങ്ങള്‍ ഫിഗറേറ്റീവ് ആണ്; അബ്സ്ട്രാക്റ്റ് അല്ല, ... ശരിയാണ്. അതുകൊണ്ട് അബ്സ്ട്രാക്റ്റ് ചിത്രങ്ങള്‍ക്കെതിരെയുള്ള ഒരു ബദലാണ് രവിവര്‍മ്മ ചിത്രങ്ങള്‍ എന്നൊന്നും പറയാനാകില്ല. കാരണം രവിവര്‍മ്മ ചിത്രങ്ങളെ മൌലിക ചിത്രകലയായിപ്പോലും ലോക ചിത്രകലയുടെ ചരിത്രത്തിന് രേഖപ്പെടുത്താനാകില്ല.
പിന്നെ, ഇതെഴുതുന്ന ചിത്രകാരന്‍ അബ്സ്ട്രാക്റ്റ് ചിത്രകലയുടേയോ, ഫിഗറേറ്റിവ് ചിത്രകലയുടേയോ, മറ്റ് അനേകം ഇസങ്ങളുടേയോ ഒന്നും വക്താവല്ല.(റോമന്റിസം,റിയലിസം,ഇമ്പ്രഷനിസം,ക്യൂബിസം, എക്സ്പ്രഷനിസം,സര്‍‌റിയലിസം,ദാദയിസം,മോഡേണിസം,ഫ്യൂച്ചറിസം..... എന്നിങ്ങനെ ചിത്രകലയില്‍ ഇസങ്ങള്‍ അനവധിയാണ്. ) വിവിധ ഇസങ്ങളെല്ലാം കലാനിരൂപകരോ,ഗവേഷകരോ,ചരിത്രകാരന്മാരോ ചിത്രങ്ങളുടെ രചനാകാലഘട്ടത്തേയും, ചിത്രത്തിലെ കാലിക പ്രസക്തിയേയും, രചനാരീതിയേയുമൊക്കെ വീശകലനം ചെയ്ത് ചിത്രകലയുടെ പരിണാമഘട്ടങ്ങളെ രേഖപ്പെടുത്താനായി പേരുനല്‍കിയതാണ്. അല്ലാതെ, ചിത്രകാരന്മാര്‍ നിലവിലുള്ള ഏതെങ്കിലും ഇസങ്ങള്‍ തിരഞ്ഞെടുത്ത് അതിനനുസരിച്ച് സൃഷ്ടിനടത്തുന്നവരാകാനിടയില്ല.

3) രവിവര്‍മ്മയെ കലണ്ടര്‍ ചിത്രകാരന്‍ എന്നുവിളിക്കുന്നതിലൂടെ , രവിവര്‍മ്മയെ ചിത്രകലയുടെ പര്യായമായി മനസ്സിലാക്കുകയും, മാനിക്കുകയും ചെയ്യുന്ന മലയാളി മനസ്സിനെ തങ്ങളുടെ നിലപാടുകളുടെ പിന്നോക്കാവസ്ഥയെ ഓര്‍മ്മിപ്പിച്ച് പരിഹസിക്കുക എന്നൊരു ഉദ്ദേശമേ ചിത്രകാരനുള്ളു. കുറെ പരിഹാസം കേള്‍ക്കുമ്പോഴെങ്കിലും കണ്ണാടിനോക്കാന്‍ തോന്നുമല്ലോ !
കാരണം, രവിവര്‍മ്മ ചിത്രം വരക്കുന്ന കാലത്തുപോലും അദ്ദേഹത്തിന്റെ ചിത്രങ്ങളും, ചിത്രണരീതിയും,പ്രതിപാദ്യവും നൂറ്റാണ്ടുകള്‍ പഴക്കമുള്ള അറുപഴഞ്ചന്‍ അവബോധത്തോടുകൂടിയുള്ളതായിരുന്നു. സത്യത്തില്‍ രവിവര്‍മ്മയുടെ ചിത്രങ്ങള്‍ക്ക് നമ്മുടെ സാമൂഹ്യ പിന്നോക്കാവസ്ഥയുടെയും, പഴഞ്ചന്‍ ആചാരവിശ്വാസങ്ങളുടേയും , മര്‍ക്കടമുഷ്ടിയുടേയും,വിഢിവിശ്വാസങ്ങളുടേയും, ചിത്രീകരണം എന്ന പ്രാദേശിക ചരിത്ര പ്രാധാന്യമാണുള്ളത്. അതിന് ചിത്രകലയുടെ ചരിത്രത്തിലേക്ക് മൌലീകമായ സംഭാവനനല്‍കാനുള്ള ത്രാണിയൊന്നുമില്ല.
..........................................................
ഇതേക്കുറിച്ച് നല്ലൊരു ലേഖനം സമയമുണ്ടെങ്കില്‍ എഴുതാവുന്നതാണ്. പക്ഷേ, സര്‍വ്വസ്വീകാര്യമായി ഉടുപ്പും ,മേക്കപ്പും അണിയിച്ച് എഴുതാന്‍ നമുക്ക് ബ്ലോഗ് ആവശ്യമില്ലല്ലോ. ബ്ലോഗില്‍ നഗ്നമായ സത്യങ്ങള്‍ക്കുതന്നെ വഴിനടക്കാനുള്ള സ്വാതന്ത്ര്യമുള്ളതിനാല്‍ ചിത്രകാരന്റെ ചിന്തകള്‍ പ്രിന്റ് മീഡിയയുടെ സദാചാരമര്യാദകള്‍ പാലിക്കണമെന്ന് ദയവായി ആരും നിര്‍ബന്ധം പിടിക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. :)
പനി മാറാന്‍ പാരസിറ്റമോള്‍ ഗുളിക ചവച്ചുകഴിക്കണമെന്ന് ആരും പറയില്ല. ചവച്ചുകഴിക്കുന്നവര്‍ ഗുളിക തുപ്പിക്കളയാനും സാധ്യതയുണ്ട്. അത് ഗുളികയുടെ കുഴപ്പംകൊണ്ടല്ല. സംസ്കൃതത്തിന്റേയോ , ഇംഗ്ലീഷിന്റേയോ വാക്കുകള്‍ ഉപയോഗിച്ചാല്‍ നമുക്ക് ഏത് കാഞ്ഞിരക്കുരുവായ യാഥാര്‍ത്ഥ്യത്തേയും
മധുരമിഠായിയി രൂപാന്തരപ്പെടുത്താനാകും. (അല്ലെങ്കില്‍ കഥയിലോ,കവിതയിലോ പൊതിയണം.) സ്ഥിരമായി ഇത്തരം മിഠായി കഴിച്ചുശീലിച്ചാല്‍ അമ്മയുടെ മുലപ്പാലുപോലും ബ്രീസ്റ്റ്മില്‍ക്കാക്കിയതിനു ശേഷമേ നമുക്കു വായില്‍നിന്നും താഴോട്ടിറക്കാന്‍ കഴിയു! ശീലങ്ങളുടെ പ്രശ്നം!!!

23 comments:

തല്ല്‌ കൊള്ളി said...

ഭക്തി-സാഹിത്യകൃതികളിലെ വര്‍ണ്ണന ഒരു സങ്കല്‍പശക്തിയെ ഉണര്‍ത്താന്‍ പര്യാപ്‌തമായേക്കാം എന്നാല്‍ അത്‌ അതുപോലെ റിയലിസ്‌റ്റിക്കായി വരഞ്ഞുവെച്ചാല്‍ പലതിനേയും വിലങ്ങു വെക്കുകയായണ്‌. അതാണിവിടെ സംഭവിച്ചത്‌. ദൈവ സങ്കല്‍പത്തെക്കുറിച്ചാവുമ്പോള്‍ അതിന്റെ പരിമിതിയുടെ ആഴം മനസ്സിലാക്കാന്‍ പലര്‍ക്കും കഴിയാതെ പോവുന്നു. പലരും വികാരം കൊള്ളുന്നതിന്റെ അര്‍ത്ഥമതാണ്‌. ദൈവം എന്നാല്‍ രാമറാവുവും എംജിആറും അണെന്ന്‌ തമിഴ്‌ മക്കള്‍ കരുതിയതുപോലെ ബഹുവര്‍ണ്ണ ശിവകാശി കലണ്ടര്‍ നോക്കി നമ്മുടെ ചില ബൂലോഗബുദ്ധിജീവികളും കുമ്പിടുന്നു. അതിനപ്പുറം ചിത്രകലയെക്കുറിച്ചുള്ള ധാരണ വെച്ചു പുലര്‍ത്തിയിട്ടല്ല ആ പ്രതകരണങ്ങള്‍ ഒന്നും തന്നെ. എന്തിന്‌ സാമൂഹികമായ വശങ്ങളെപ്പോലും ഗൗനിക്കാതെ വികാരപരമായിട്ടാണ്‌ ഇവര്‍ കാര്യങ്ങളെ സമീപിക്കുന്നത്‌. തെരുവില്‍ കുത്തി മരിക്കുന്ന, ബോംബ്‌ വെച്ച്‌ അട്ടഹസിക്കുന്നു വര്‍ഗ്ഗീയവാദികളുടെ മനസ്സ്‌ എങ്ങിനെയാണ്‌ പിറവികൊള്ളുന്നതെന്ന്‌ ഇതു കണ്ടാല്‍ മനസ്സിലാവൂം..

അതോടൊപ്പം ചിത്രകാരന്റെ പ്രതികരണ രീതി ശരിയായതല്ലെ എന്നു തുറന്നു പറയേണ്ടതുണ്ട്‌.
'്‌നഗ്നമായ സത്യങ്ങള്‍ക്ക്‌ വഴി നടക്കാനുള്ള സ്വാതന്ത്ര്യ'മല്ലിത്‌. പറയുന്ന കാര്യങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ ഉള്‍ക്കാള്ളാന്‍ കഴിയണം അതിനു തക്കതാവണം ഭാഷ. 'സദാചാരമര്യാദ' കള്‍ അത്ര മോശപ്പെട്ട കാര്യമൊന്നുമല്ല. അതില്ലായിരുന്നെങ്കില്‍ സമൂഹത്തിന്റെ നിലനില്‍പെന്താകുമായിരുന്നു ? തീവ്രവാദിയായാല്‍ സിംഹളനായേക്കാം ബുദ്ധനാവില്ല. ഇതാണോ കലികാല ബുദ്ധിസം ?

Cheruman said...

ഇപ്പറഞ്ഞതില്‍ ചിത്രകാരന്‍ ഏറിയപങ്കും ശരിയാണ്.
രാജാ രവിവര്‍മ്മയാണ് നമ്മുടെ ഏറ്റവും ഭയങ്കര ചിത്രകാരന്‍ എന്നു പറയുന്നത്, വിജയനെ മറഡോണയോട് ഉപമിക്കുന്നതിന് തുല്യമാണ്.
പോര്‌ട്രെയ്റ്റുകള്‍ വരയ്കുന്നത് ചിത്രകല ആകുമെങ്കിലും ചിത്രകല എന്നത് അത് മാത്രമല്ലല്ലോ.
കലണ്ടര്‍ ചിത്രകാരന്‍ എന്ന വിളിക്ക് തികച്ചും അനുയോജ്യനാണ് രവി വര്‍മ്മ. എത്രയോ മനോഹരമായ കലണ്ടര്‍ ചിത്രങ്ങള്‍ ഉണ്ട്..അതു പോലൊക്കെയേ രവി വര്‍മ്മ ചിത്രങ്ങള്‍ തോന്നിയിട്ടുള്ളൂ.
ഹിന്ദു ദൈവങ്ങളെ സ്ത്രൈണ ഭാവങ്ങളിലും രൂപങ്ങളിലും വരച്ച് വികൃതമാക്കി എന്നൊരു പരാതിയും ഉണ്ട്. തഴമ്പമ്മ് പേശിയും മസിലും ഇല്ലാത്ത കൃസ്ണനും രാമനും പരിഹാസ പാത്രമാകുന്നു.
ഒരു സായിപ്പ് പണ്ട് കൃഷ്ണന്റെ ചിത്രം കണ്ടിട്ട് " ബ്യൂട്ടിഫുള്‍ ലേഡി' എന്ന് പറഞ്ഞിരുന്നു.

ചാണക്യന്‍ said...

മുല വരുത്തി വച്ച വിനകള്‍...:)

Kaippally കൈപ്പള്ളി said...

ചിത്രകാരോൻ പറഞ്ഞ ചില കാര്യങ്ങളോടു് യോജിക്കുന്നു.
നീണ്ട ലേഖനത്തിലുടെ രവിവർമ്മ കലണ്ടർ ചിത്രകാരനാണെന്നും, പുള്ളി അത്രവലിയ കേമൻ ഒന്നുമല്ലേന്നുമുള്ള താങ്കളുടെ അഭിപ്രായമാണെന്നും മനസിലായി.

എങ്ങനെ അല്ല എന്നുകൂടി ഉദാഹരണങ്ങളും, തെളിവുകളും സഹിതം എഴുതിയിരുന്നു എങ്കിൽ ഒരു വെറും അഭിപ്രായം എന്നതിലുപരി ഒരു പഠനം കൂടി ആകുമായിരുന്നു.


ചിത്രങ്ങൾ ചിത്രീകരിക്കാൻ ഒരു പാശ്ചാത്യ ശൈലി അനുകരിച്ചതു കൊണ്ടു മാത്രം രവിവർമ്മ നല്ല ചിത്രകാരനാകാതിരിക്കുന്നില്ല. അങ്ങനെ അനെകം renaisance ചിത്രകാരന്മാരുണ്ടല്ലോ. Marc Chagallന്റേയും Paul Gauguinന്റേയും ശൈലികളും താങ്കളുടെ ശൈലിയും തമ്മിൽ ചില സാംയം ഉണ്ടെന്നു ഞാൻ പറയും. അതു് കലാകാരൻ അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്നതാണു്.

രവിവർമ്മ പ്രസിദ്ധനായതു് അദ്ദേഹത്തിന്റെ ചിത്രങ്ങളുടെ മെച്ചം കൊണ്ടു മാത്രമല്ല എന്നു് ചിത്രങ്ങൾ കണ്ടാൽ മനസിലാകും. രാജകുടുമ്പത്തിലെ അംഗങ്ങളുടെ ചിത്രങ്ങൾ വരച്ചതുകൊണ്ടു തന്നെയാണു് നാം ഇന്നു് അദ്ദേഹത്തെ ഓർക്കുന്നതു തന്നെ. പക്ഷെ സമ്പന്നരുടെ ചിത്രങ്ങൾ വരച്ച യൂറോപ്പ്യൻ ചിത്രകാരന്മാരാണു് അധികവും നാം ഓർക്കുന്നതു്. ഉദാഹരണം. ലിയോണാർഡോ ദ വിഞ്ചി ഇന്നു് അറിയപ്പെടുന്നതു് പണക്കാരിയായ മോണലിസയെ വരച്ച ചിത്രകാരനായിട്ടാണു്. അദ്ദേഹം ഒരു anatomistഉം, aeronautical design engineerഉം mechanical engineerഉം, architectഉം , medical practicionerഉം ആയിരുന്നു എന്ന കാര്യം ആരും ഓർക്കുന്നില്ലല്ലോ. അപ്പോൾ രവിവർമ്മയും അറിയപ്പെടുന്നതു് ആ വിധത്തിൽ തന്നെ.

കാവലാന്‍ said...

പഠിച്ചതൊന്നും മാറ്റിപ്പാടാന്‍ മനസ്സനുവദിക്കുന്നില്ല രവിവര്‍മ്മ കലണ്ടര്‍ ചിത്രകാരനായിരിക്കാം ആഗോളതലത്തില്‍ പാപ്പരനായ ചിത്രകാരനായിരിക്കാം അദ്ധേഹം കേരളത്തിന്റെ ഉന്നതനായ ചിത്രകാരന്‍ തന്നെയാണ് ഇനിയൊരു ഡാവിഞ്ചിയോ,വാന്‍ഗോഗോ ഇവിടെ ജനിക്കുന്നതുവരെയെങ്കിലും.വിജയന്‍ മാറഡോണയല്ലായിരിക്കാം ആവാന്‍ കഴിയുകയുമില്ല.ഇനി കേരളത്തിന് വിജയനെ വേണ്ടാത്ത കാലം വന്നാലും കോലോത്തുമ്പാടത്തിന്റെ ഇതിഹാസത്തില്‍നിന്ന് വിജയന്റെ പേരൊഴിയുകയില്ല ഫുട്ബോള്‍ ചരിത്രത്തില്‍ നിന്ന് 'പെലെ'യുടെ പേരൊഴിയാത്തതു പോലെ.

ഓടോ:പച്ചീര്‍ക്കില്‍ വളയ്ക്കുന്നതപോലെ ചിത്രകരനെ വളച്ചെടുക്കാം എന്നു കരുതുന്നവര്‍ക്കു തെറ്റുപറ്റും.

അനില്‍@ബ്ലോഗ് said...

ഈ പറഞ്ഞത് ന്യാ‍യം.
രവിവര്‍മ്മ ചിത്രങ്ങള്‍ കലയല്ലെന്നും ഒരു ഫോട്ടൊഗ്രാഫര്‍ക്കു ചെയ്യാവുന്ന പണിയേ ഉള്ളൂ എന്നു പറയാന്‍ തുടങ്ങിയിട്ട് കൊല്ലങ്ങളൊരുപാടായി. അതു മനസ്സില്‍ വച്ചു കഴിഞ്ഞ ദിവസം വേറൊരു ബ്ലോഗ്ഗില്‍ ഒരു കമന്റും ഇട്ടിരുന്നു. ഈ പറയപ്പെറ്റുന്ന ഇസങ്ങളോളം തന്നെ മഹത്തരമാണ് പോര്‍ട്രൈറ്റ് രചന എന്നു കരുതുന്നവരും ധാരാളം. ഞാനും അങ്ങിനെ കരുതുന്നു. ഒരു ചിത്രം വരച്ച് അതു “ചക്ക” ആണ് എന്ന് എഴുതിവച്ച് ചക്കയാണെന്ന് ആസ്വാദകനെ ധരിപ്പിക്കേണ്ടുന്ന അവസ്ഥയേക്കാള്‍ ഒട്ടും മോശമല്ല പോര്‍ട്രേറ്റ് രചനയും.
ചിത്രകാരന്റെ പ്രൊഫൈലിലുള്ള ചിത്രം കണ്ടിട്ട് എനിക്ക് തോന്നുന്നതാവില്ല മറ്റൊരാള്‍ക്ക് തോന്നുക. മീന്‍ പിടിക്കാന്‍ തോട്ട കത്തിച്ചിട്ട് അതില്‍ നിന്നും ബീഡി കൊളുത്തുന്ന ഒരാളെയാണ് എനിക്കാ ചിത്രത്തില്‍ കാണാനാവുക. എന്നുകരുതി അതു മോശപ്പെട്ടതാണെന്നു പറയാന്‍ എനിക്കവകാശമില്ല.

“ആധുനിക“ ചിത്രകാരനായ താങ്കള്‍ക്ക് ഒരാളുടെ ഛായാ ചിത്രം വരക്കാനാവുമോ?

നമതു വാഴ്വും കാലം said...

നന്ദി ചിത്രന്‍. അപൂര്‍വ്വമായെങ്കിലും യോജിക്കാനൊരു വിഷയവും ഭാഷയും തന്നതിന്! :-))))എവിടാണേലും അവസാനം ഇച്ചിരി മസിലു ഫിറ്റ് ചെയ്യണമെന്ന് വാശിയുള്ളതു പോലെ :-))))

സ്വര്‍ണ്ണപ്പാത്രത്തില്‍ മൂടിയാലും സത്യം സത്യം തന്നെയാണ്. രവിവര്‍മ്മ ഛായചിത്രകാരന്‍ തന്നെ! പൌരുഷത്തിനു സ്ത്രൈണ സ്വഭാവം നല്‍കിയെന്നതത് എടുത്തുപറയാന്‍ സാധിക്കുമെന്നു തോന്നുന്നു. പക്ഷെ പറയാന്‍ മറന്ന ഒന്നുണ്ട്. ആ ശൈലി അന്ന് നമ്മുടെ നാട്ടില്‍ ഒരു സംഭവമായിരുന്നു. ഒരു മൈല്‍ സ്റ്റോണും. തനതു ചിത്രകലയില്‍ നിന്നും ചുമര്‍ചിത്രങ്ങളില്‍ നിന്നും കോലങ്ങളില്‍ നിന്നും കളമെഴുത്തില്‍ നിന്നും നമ്മുടെ ചിത്രബോധത്തെ അടര്‍ത്തിമാറ്റി വഴിതെറ്റിച്ച നൂതനത. ഗുണമാണോ ദോഷമാണോ എന്നത് ചിന്തവ്യം! കെസിഎസും പിന്നീട് സിഎന്നും കേരളീയതയിലേക്കു തിരികെ വരുന്നതു വരെ, (നമ്പൂതിരി ചിത്രങ്ങളിലെയോ കാനായി ശില്‍പ്പങ്ങളിലെയോ ആനുപാതികമല്ലാത്ത സ്ത്രീശരീരമല്ല കേരളീയത) നില നിന്നതും ഇപ്പോഴും നിലനില്‍ക്കുന്നതുമായ ദോഷങ്ങളുടെ ആദിഹേതു.

തല്ലുകൊള്ളി സാര്‍ കൃത്യമായി കാര്യങ്ങള്‍ പറഞ്ഞിരിക്കുന്നു. ചെറുമാന്‍ അവസാന വാചകത്തിനു നന്ദി. ചിരിപ്പിച്ചു. കൈപ്പളളി വിയോജിക്കാമെങ്കില്‍ വിയോജിപ്പ് രേഖപ്പെടുത്തുന്നു. കാലഗണനയില്‍ അല്ലെങ്കില്‍ ക്രോണോളജിയില്‍ മിസ്റ്റേക്ക്. റബ്ബറില്‍ നിന്നും
ടയറുണ്ടാക്കുന്നതും ടയര്‍ കണ്ടു പിടിക്കുന്നതും വ്യത്യസ്തമാണ്. യൂറോപ്പിലെ പള്ളിയുടെ അട്ടത്ത് രവിവര്‍മ്മയ്ക്കും നാലഞ്ച് നൂറ്റാണ്ടു മുന്‍പു വരഞ്ഞുപോയ ചിത്രങ്ങളുടെ നിലവാരമൊന്നും രവിവര്‍മ്മ ഇന്നൊവേഷനില്ല! പതിവില്ലാത്ത കമന്‍റിനു ഖേദപ്രകടനം. എന്‍റെയും ഇഷ്ടവിഷയമായതുകൊണ്ടുള്ള സ്വാതന്ത്ര്യം!

suraj::സൂരജ് said...

വളരെ രസകരമായ വിഷയം ചിത്രകാരന്‍.
അഭിപ്രായങ്ങളോട് ഏറെക്കുറേ യോജിക്കുന്നു.

എന്നാല്‍ , പ്രിന്റ് മീഡിയാ ശൈലിയിലല്ലെങ്കില്‍ പോലും, ഒരല്‍പ്പം കൂടി വിശദമായ ഒരു പഠനം താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുന്നു; ചരിത്രത്തില്‍ താല്പര്യമുള്ള ഒരു ചിത്രകാരനു മാത്രമേ ഈ വിഷയം പൂര്‍ണമായും വഴങ്ങൂ എന്നതുകൊണ്ട്.

കളമെഴുത്തിന്റെയും ചുവര്‍ ചിത്രങ്ങളുടെയും വ്യവസ്ഥാപിത ക്ലാസിക്കല്‍ ശൈലി പരിചയിച്ച കേരളത്തിലേയ്ക്ക് (ഒരുപക്ഷേ ഇന്ത്യയിലേക്കു തന്നെ) യൂറോപ്യന്‍ റെനസാന്‍സ് കാലത്തിന്റെ റിയലിസ്റ്റിക് ശൈലി കൊണ്ടുവന്നു എന്ന ഒരു ക്രെഡിറ്റ് എങ്കിലും രവിവര്‍മ്മയ്ക്ക് അര്‍ഹതപ്പെട്ടതല്ലേ?

മറാഠാ വേഷവിധാനങ്ങളും ബാലേ നടീനടന്മാരുടെ ശരീരഭാഷയും ആണ് അദ്ദേഹം തന്റെ ചിത്രങ്ങള്‍ക്കുപയോഗപ്പെടുത്തിയത് എന്നതാവാം ആ ചിത്രങ്ങള്‍ക്കുള്ള ഏറ്റവും വലിയ ന്യൂനത. സ്ത്രൈണ ഭാവമുള്ള കൃഷ്ണനും ഇന്ദ്രന്‍സിന്റെ ശരീരമുള്ള രാവണനും നാടക സെറ്റിനെ ഓര്‍മ്മിപ്പിക്കുന്ന കൌരവസഭയുമൊക്കെ അങ്ങനെ രൂപം കൊണ്ടതുതന്നെ. പക്ഷേ അതിനേക്കാളൊക്കെ വലിയ പാതകം ശിവകാശി ടച്ചുള്ള കലണ്ടര്‍ ദേവീദേവന്മാരാണ് എന്നു സമ്മതിക്കുന്നു.

ശ്ലോകങ്ങള്‍ക്കനുസരിച്ച് വരയ്ക്കപ്പെടുന്ന എട്ടുകാലി/ആറുകാലി മ്യൂറല്‍ ദൈവങ്ങള്‍ക്ക് മനുഷ്യക്കോലം കൊടുത്തപ്പോള്‍ വന്ന പരാജയം.
പക്ഷേ ഡാവിഞ്ചി പോലും മുക്തനാണോ അതില്‍ നിന്ന് ? ഇന്ന് നാം കാണുന്ന ഇറ്റാലിയന്‍ മുഖമുള്ള ഫ്രഞ്ചു താടിയും ബുള്‍ഗാന്‍ താടിയുമൊക്കെ വച്ച(?)നീളന്‍ മുടിയും നീലക്കണ്ണുമുള്ള വെളുത്ത ക്രിസ്തുവിന്റെ രൂപം ടിഷനും ഡാവിഞ്ചിയുമൊക്കെ വരച്ചുണ്ടാക്കിയതാണ്. ക്രിസ്തുവിന്റെ കാലത്തെ സമൈറ്റിക് ഗലെലേയന്മാരുടെ ടിപ്പിക്കല്‍ രൂപം ബ്രൌണ്‍ നിറമാര്‍ന്ന കുറുകിയ ജൂതന്റേതായിരുന്നു എന്നാണ് ഫൊറെന്‍സിക് നരവംശശാസ്ത്രക്കാര്‍ ഗണിച്ചെടുത്തത്.

അതുകൊണ്ട് നമുക്ക് ലേറ്റായി കൊണ്ടുവന്ന “റിയലിസ്റ്റിക് വിപ്ലവ“ത്തിന്റെ ആനുകൂല്യമെങ്കിലും കൊടുക്കാം രവിവര്‍മ്മയ്ക്ക് :)

ഓഫ്:

@ അനില്‍ ജീ,
ചിത്രകാരന്റെ പോര്‍ട്രെയിറ്റ് രചനാ പാടവം ഇവിടെയുണ്ട്. ആബ്സ്ട്രാക്റ്റ് ശൈലി സ്വീകരിക്കുന്നവര്‍ക്ക് പടം വരയ്ക്കാനറിഞ്ഞൂടാന്ന് ധരിച്ചേക്കരുതേ :)

വികടശിരോമണി said...

ഹാവൂ...നമത് പറഞ്ഞ സ്ഥിതി തന്നെ എന്റെയും.യോജിക്കാവുന്ന ഭാഷ,വിഷയം-രണ്ടും ഒത്തുവന്നിരിക്കുന്നു.നന്ദി ചിത്രകാരാ...
രവിവർമ്മചിത്രങ്ങളുടെ ചരിത്രപരിസരത്തിൽ പോലും അതിനെ മഹത്തരമെന്നു വിശേഷിപ്പിക്കാനാവില്ല എന്നതു സത്യം തന്നെ.ഫ്യൂഡൽ പ്രഭുത്വമാണ് രവിവർമ്മക്ക് ഇതിഹാസചിത്രകാരന്റെ പരിവേഷം നൽകിയത്.
സൂരജ് പറഞ്ഞതാണു വസ്തുത,ഒട്ടുമിക്ക കൊട്ടിഘോഷിക്കപ്പെട്ട ചിത്രകാരന്മാരും അതിൽ നിന്നു മുക്തരല്ല.
റിയലിസം കൊണ്ട് ഒരു ചരിത്രപരമായ ദിശാവ്യതിയാനം സൃഷ്ടിക്കാനായവരിലും രവിവർമ്മക്കു സ്ഥാനം കിട്ടില്ല.കുറേക്കൂടി വിശദവും സമഗ്രവുമായ ഒരു ലേഖനം താങ്കളിൽ നിന്ന് പ്രതീക്ഷിക്കുന്നു.

ശ്രീഹരി::Sreehari said...

ചിത്രകലയുടെ എ.ബി.സി.ഡി പോലും അറിയില്ലെങ്കിലും എന്റെ അഭിപ്രായം പറയാലോ... രവിവര്‍മ്മച്ചിത്രങ്ങള്‍ക്ക് ബ്യൂട്ടി ഉണ്ട്, ഡെപ്ത് ഇല്ല. ഡെപ്ത് ഉള്ള ചിത്രങ്ങളെ വേണ്ട വിധം ആസ്വദ്ക്കാന്‍ എന്നെ പോലുള്ള ആസ്വാദകര്‍ക്ക് കഴിയേണം എന്നില്ല. എനിക്ക് ബ്യൂട്ടി മാത്രമേ കാണാന്‍ കഴിയൂ :( സ്ത്രൈണഭാവങ്ങളോട് കൂടിയ രാമനേയും കൃഷ്‌ണനെയ്ം വരച്ചത് ചരിത്രപരമായ് ശരിയല്ല. എങ്കിലും അങ്ങനെ വരക്കാന്‍ പാടില്ല എന്നും പറയാന്‍ കഴിയില്ലല്ലോ. അതും ഒരു കാഴ്ചപ്പാട്.

പിന്നെ പോര്‍‌ട്രേയ്റ്റ് വരക്കുന്നത് അത്ര മോശം എന്നു കരുതുന്നില്ല. ഒരു പഴയ കഥ പറയട്ടേ. ഒരു രാജാവ് ചിത്രരചനാമല്‍സരം നടത്തി. ഫൈനല്‍ റൗണ്ട്ല്‍ രണ്ട് ചിത്രങ്ങളായിരുന്നു ഉള്ളത്. ഒന്ന് ഒരു പ്രേതത്തിന്റെ, മറ്റേത് കുതിരയുടെ. സമ്മാനം ലഭിച്ചത് കുതിരയുടേ ചിത്രത്തിന്. കാരണം - കുതിരയെ നമ്മള്‍ എല്ലാം കണ്ട്ട്ടൂണ്ട്. അതിന്റെ ചിത്രത്തില്‍ ഒരു തെറ്റു കണ്ടാല്‍ എളുപ്പം തിര്‍ച്ചറ്യാം സൊ പെര്‍‌ഫക്റ്റ് ആയ് വരക്കണേല്‍ ഇത്തിരി കഴിവു തന്നെ വേണം. പ്രേതത്തിന്റെ ചിത്രം വരയ്ക്കുമ്പോള്‍ ചിത്രകാരന് ഇഷ്‌ടമുള്ള പോലെ ആവാം.
അബ്‌സ്ട്രാക്റ്റ് ചിത്രരചനയ്ക്കും ഇത്തരം ഒരു പോരായമ ഇല്ലേ? ഒരു ബ്രഷ് സ്‌ട്രോക്ക് അങ്ങോട്ടോ ഇങ്ങോട്ടോ ആയ്യാല്‍ ആരും കുറ്റം പറയില്ലല്ലോ?

പറഞ്ഞത് മണ്ടത്തരം ആണെങ്ക്ല്‍ ഈ വിഷയത്ത്ല്‍ ജ്ഞാനം ഇല്ല്ലാത്തത് കൊണ്ട് ആണെന്ന് മനസിലാക്കി ക്ഷമിക്കുക.

കീബോറ്ഡിനെന്തോ കുഴപ്പം. അക്ഷരപിശാചിനെ പൊറുക്കുക.
ഓ.ടോ: ചിത്രകാരന്‍ താങ്കള്‍ക്ക് തേ ഭാഷയ്ല്‍ പ്രതികരിച്ചു കൂടെ എപ്പോഴും? ഒരു അബ്ജിപ്രായം മാത്രം

അനില്‍@ബ്ലോഗ് said...

സൂരജിനോടാണേ..

അബ്സ്ട്രാക്റ്റ് വരക്കാര്‍ മൊത്തമായും പടം വരക്കാനറിയാത്തവരാണെന്ന ധാരണ് ഇല്ല കേട്ടോ. പക്ഷെ അങ്ങിനെ ഉള്ള കുറച്ച് പേരെയെങ്കിലും എനിക്കറിയാം എന്നു മാത്രം.

ലിങ്കിനു നന്ദി.

ആവനാഴി said...

കൂടുതലായി പിന്നെ എഴുതാന്‍ ശ്രമിക്കാം. അനില്‍ ചോദിച്ചു ചിത്രകാരനു പോര്‍ട്രെയ്റ്റ് വരക്കാന്‍ കഴിയുമോ എന്നു. എന്റെ ചോദ്യം എല്ലാ അബ്സ്ട്രാക്റ്റ് ചിത്രകാരന്മാര്‍‍ക്കും ഫിഗറേറ്റീവ് ചിത്രരചന വഴങ്ങുമോ എന്നതാണു.
എന്റെ അഭിപ്രായത്തില്‍ ഒരു നല്ല ഫിഗറേറ്റീവ് ചിത്രകാരനു അബ്സ്ട്രാക്റ്റ് ചിത്രരചന നടത്താന്‍ പ്രയാസമുണ്ടാവുകയില്ല; എന്നാല്‍ എല്ലാ അബ്സ്ട്രാക്റ്റ് ചിത്രകാരന്മാരും ഫിഗറേറ്റീവ് ചിത്രരചനയില്‍ നിപുണന്മാരല്ല. ചിത്രരചനയില്‍ പാടവമില്ലാത്തതിനാല്‍ എന്റെ അഭിപ്രായം തെറ്റാകാം. അറിവുള്ളവര്‍ പറഞ്ഞു തരുമെന്നു കരുതുന്നു.

കുമാരന്‍ said...

.......ഓ.ടോ: ചിത്രകാരന്‍ താങ്കള്‍ക്ക് തേ ഭാഷയ്ല്‍ പ്രതികരിച്ചു കൂടെ എപ്പോഴും? ഒരു അബ്ജിപ്രായം മാത്രം......


athu kalakki....

Sureshkumar Punjhayil said...

:)

Kaippally കൈപ്പള്ളി said...

O.T.
(നിവർത്തിയില്ല ക്ഷമിക്കുമല്ലോ.)

ചിത്രകാര. അഭിപ്രായം പറയുന്നെങ്കിൽ മുകളിൽ Sureshkumar Punjatikootilhaalilakivittil എഴുതിയ പോലെ പറയണം. എത്ര ഗംഭീരമായ abstract ശൈലിയിൽ അഭിപ്രായം പറഞ്ഞിരിക്കുന്നു എന്നു നോക്കു. Harvey Ball പോലും ഇത്രയും മനോഹരമായി smiley പ്രയോഗൊച്ചിട്ടുണ്ടാവില്ല.

ഇദ്ദേഹം എന്റെ പത്തു പതിനഞ്ച് പോസ്റ്റിൽ ഇതുപോലെ abstract അഭിപ്രായങ്ങൾ തൂറിയിട്ടിട്ടുണ്ടു്. ഇനി അതെല്ലാം പോയി കോരി മാറ്റണം.

V.B.Rajan said...

ചിത്രകാരന്‍,

M.F. ഹുസൈന്റെ ചിത്രകലയെ വിമര്ശ്ശിച്ചുകൊണ്ടുള്ള ഒരു മലയാളിയുടെ ഇംഗ്ലീഷ് ബ്ലോഗ്. അദ്ദേഹം ഇന്ത്യന്‍ ദൈവങ്ങളെ നഗ്നരാക്കി എന്നതാണ് ബ്ലോഗറെ വേദനിപ്പിക്കുന്നത്. താങ്കള്‍ക്കു താല്പര്യമുള്ള വിഷയമായിരിക്കുമല്ലോ.

http://protestnudebharatmatha.blogspot.com/

V.B.Rajan said...

ചിത്രകാരന്‍,

M.F. ഹുസൈന്റെ ചിത്രകലയെ വിമര്ശ്ശിച്ചുകൊണ്ടുള്ള ഒരു മലയാളിയുടെ ഇംഗ്ലീഷ് ബ്ലോഗ്. അദ്ദേഹം ഇന്ത്യന്‍ ദൈവങ്ങളെ നഗ്നരാക്കി എന്നതാണ് ബ്ലോഗറെ വേദനിപ്പിക്കുന്നത്. താങ്കള്‍ക്കു താല്പര്യമുള്ള വിഷയമായിരിക്കുമല്ലോ.

http://protestnudebharatmatha.blogspot.com/

cibu cj said...

ചെറുവിയോജിപ്പ്:
രവിവർമ്മയുടെ ഈ രണ്ടുചിത്രങ്ങൾ വച്ചുമാത്രം അഭിപ്രായം പറഞ്ഞാൽ ഇങ്ങനെയൊക്കെ തോന്നും. എന്നാൽ കഥാ സന്ദർഭങ്ങൾ കാണിക്കുന്ന കുറച്ചു നല്ല ചിത്രങ്ങൾ രവിവർമ്മയുടേതായിട്ടുണ്ടല്ലോ. ഉദാഹരണത്തിന്‌ സീതാപഹരണം.

ദേവതമാർക്ക് ഇന്ന്‌ പോപ്പുലറായ വസ്ത്രാലങ്കാരരീതി ചിട്ടപ്പെടുത്തിയതും അദ്ദേഹം തന്നെ.

Madhusudanan Perati said...

കലാമൂല്യത്തേക്കാൾ വിനോദാംശത്തിനും ജനപ്രിയതയ്ക്കും വ്യക്തമായ ഊന്നൽ കൊടുത്തുകൊണ്ട് യൂറോപ്യൻ റൊമാന്റിക് രീതിയിൽ ചിത്രം വരച്ചിരുന്ന ഒരാളായിരുന്നു രവിവറ്മ്മ. അദ്ധേഹം ഒരു തികഞ്ഞ കൊമേഴ്സ്യൽ ആറ്ടിസ്റ്റായിരുന്നു, വരച്ചതിനുശേഷം വിൽ‌പ്പനനടത്താൻ ശ്രമിയ്ക്കുന്ന ശുദ്ധകലാകാരനെ അപേക്ഷിച്ച് പലപ്പോഴും വിൽ‌പ്പന ഉറപ്പിച്ചശേഷം വരച്ചിരുന്ന രീതിക്കാരൻ.ആ രീതിയിൽ ചിത്രകാരന്റെ ആരോപണത്തോട് യോജിയ്ക്കുന്നു.

പ്രാചീനശൈലികൾ(അവയ്ക്ക് അവയുടേതായ വ്യക്തിത്വമുണ്ടായിരുന്നു) മാത്രം നിലനിന്നിരുന്ന ഇന്ത്യൻ ചിത്രകലയിൽ വ്യാപകമായ രീതിയിൽ വൈദേശികരീതികളെ(യെ എന്നാൺ കൃത്യം) അവതരിപ്പിച്ചു എന്നതാൺ രവിവറ്മ്മയുടെ സംഭാവാന. വല്ലാതെ റിച്വലിസ്റ്റിക് ആയി വരച്ചത് തന്നെ വീണ്ടും വീണ്ടും വരച്ച് ബോറടിച്ചുനിന്നിരുന്ന ഇന്ത്യൻ ചിത്രകലയെ അക്കാലത്ത് അദ്ധേഹം ഒന്നു കുലുക്കിയുണറ്ത്തി എന്നാൺ പറയപ്പെടുന്നത്. അതിന്റെ പേരിലാൺ രവിവറ്മ്മ അറിയപ്പെടുന്നത്. കൂടാതെ അദ്ധേഹത്തിന്റെ ചിത്രങ്ങൾക്ക് സാമാന്യജനങ്ങൾക്കിടയിലുണ്ടായിരുന്ന അപാരമായ പോപുലാരിറ്റിയുടെ പേരിലും.

കാലികവും സാമൂഹ്യവുമായ പരിഗണനകളൊന്നുമില്ലാതെ കലാമൂല്യം മാത്രം കണക്കിലെടുത്തുകൊണ്ട് ഇന്ത്യയിൽ വരയ്ക്കപ്പെട്ട മികച്ച പത്തുചിത്രങ്ങൾ തിരഞ്ഞെടുത്താൽ അതിൽ ഒന്നും രവിവറ്മ്മയുടേതുണ്ടാവണമെന്നില്ല. കേരളത്തിൽത്തന്നെ പണിക്കരും കരുണാകരനുമൊക്കെ ഭാവനാവൈഭവത്തിലും സാങ്കേതികതയിലുമൊക്കെ രവിവറ്മ്മയെക്കടന്ന് എത്രയോ പോയി.

സാങ്കേതികമായിട്ട് പ്രത്യേകിച്ച് നോക്കിയാലും ധാരാളം ന്യൂനതകളുള്ള ഒരു ചിത്രകാരനാൺ രവിവറ്മ്മയെന്ന് എനിയ്ക്കു(മാത്രം?) തോന്നിയിട്ടുണ്ട്, ആരും പറഞ്ഞ്കേട്ടിട്ടില്ല. റഫേലിന്റെമാതിരി ഒരു ക്ലിനികൽ ആക്കുറസിയൊന്നും അദ്ധേഹത്തിന്റെ ചിത്രങ്ങൾക്കില്ല. ചിലയിടങ്ങളിൽ അനുപാതങ്ങളിൽ അസുഖകരമായ പിഴവുകളും (ഉള്ള ആളെ നോക്കിവരയ്ക്കുകയല്ലെങ്കിൽ കൃത്യമായ അനുപാതം എന്നൊന്നുണ്ടോ, സുഖകരമായ അനുപാതം മാത്രമല്ലേയുള്ളൂ?) ചിലപ്പോൾ വറ്ണ്ണവിന്യാസങ്ങളിൽ വരുന്ന ആശയക്കുഴപ്പങ്ങളും സൂക്ഷ്മദറ്ശിനി വെച്ച് ഞാങ്കണ്ട്പിടിച്ചിട്ട്ണ്ട്!

ഇതൊക്കെപ്പറയുമ്പോഴും ഒരു സാമൂഹ്യപരിഷ്കറ്ത്താവ് എന്ന നിലയിൽ രവിവറ്മ്മയുടെ സ്ഥാനം ശ്രദ്ധേയമാൺ.ആ നിലയിൽ സാഹിത്യത്തിൽ ടാഗോറും രാഷ്ട്രീയത്തിൽ ഗാന്ധിയും ചെയ്തതാൺ ചിത്രകലയിൽ രവിവറ്മ്മ ചെയ്തിട്ടുള്ളത്. അതുകൊണ്ട്തന്നെയാൺ അദ്ധേഹം ഒരു ഇന്ത്യൻ ഐകണായതും.

(റിയലിസ്റ്റിക്കായിട്ട് 1:1 ആയി വരയ്ക്കുന്നതാൺ മിടുക്ക് എന്നത് ചിത്രകലയെ അറിഞ്ഞുതുടങ്ങുന്ന ആദ്യകാലത്ത് നമുക്കുണ്ടാകാറുള്ള ഒരു തെറ്റിദ്ധാരണയാൺ. പ്രൊപോറ്ഷൻസ്, ലൈറ്റിങ്, പെർസ്പെക്റ്റീവ് തുടങ്ങി ചില അടിസ്ഥാനകാര്യങ്ങൾ മനസ്സിലാക്കിയാൽ ആറുമാസം കൊണ്ട് ആറ്ക്കും വരയ്ക്കാവുന്നതേയുള്ളൂ.

കുറച്ച് വരച്ച് കഴിഞ്ഞാൽ ഇനിയെന്ത് എന്ന ചോദ്യം വരും. അവിടെയാണത്രേ സ്റ്റൈലൈസേഷന്റെ ആരംഭം!)

suraj::സൂരജ് said...

"...രവിവർമ്മയുടെ ഈ രണ്ടുചിത്രങ്ങൾ വച്ചുമാത്രം അഭിപ്രായം പറഞ്ഞാൽ ഇങ്ങനെയൊക്കെ തോന്നും. എന്നാൽ കഥാ സന്ദർഭങ്ങൾ കാണിക്കുന്ന കുറച്ചു നല്ല ചിത്രങ്ങൾ രവിവർമ്മയുടേതായിട്ടുണ്ടല്ലോ. ഉദാഹരണത്തിന്‌ സീതാപഹരണം..."

സിബുച്ചേട്ടാ,

ആ ഉദാഹരണത്തില്‍ (സീതാപഹരണം) തന്നെയുണ്ട് രവിവര്‍മ്മയുടെ രീതികളുടെ സകല ന്യൂനതകളും :
രാവണന്‍ - സാമാന്യം പ്രായമുള്ള മേഘനാദന്റെ അപ്പനാണ് - ആ പടത്തില്‍ ഇരിക്കുന്നത് മെലിഞ്ഞുണങ്ങിയ ഏതോ മറാത്താ നാടകനടനെപ്പോലെയും ! ആക്ഷന്‍ സീനിന്റെ ഉഗ്രന്‍ ഇഫക്റ്റുകള്‍ - മുറിഞ്ഞ ചിറകില്‍ നിന്നും പറക്കുന്ന തൂവലുകള്‍ - ഉണ്ടെങ്കിലും ക്യാപ്ചര്‍ ചെയ്ത മൊമെന്റ് റിയലിസ്റ്റിക്കല്ല : വാള്‍ രാവണന്‍ തലക്ക് മുകളിലേക്കുയര്‍ത്തി വെട്ടാന്‍ തുടങ്ങുന്ന പോസിലും, ചിറക് മുറിഞ്ഞ് വീഴുന്ന നിമിഷത്തിലെ പൊസിഷനിലും ! (അരിഞ്ഞു കഴിഞ്ഞ വാള്‍ താഴ്ന്നിരിക്കണ്ടേ ? രണ്ടാം വെട്ടിനായി വാള്‍ വീണ്ടുമുയര്‍ത്തുന്നതാണെന്ന് ആരാധകര്‍ക്ക് സമാധാനിക്കാം ;) വലതു കൈയ്യില്‍ ഇരിക്കുന്ന വാള് - sword beltന്റെ പൊസിഷന്‍ വലത്തോട്ടും ! അങ്ങനെയങ്ങനെ.... നോക്കിവരുമ്പം ഒത്തിരിയൊണ്ട്. ന്നാലും, നമ്മട രവിവര്‍മ്മയല്ലേ, മ്യൂറല് കണ്ട് കണ്ട് ബോറടിച്ച ജനത്തിന് ഇത്തിരി "സിനിമാറ്റിക്" റിലീഫ് കൊടുത്തതിന്റെ പേരിലെങ്കിലും ക്രെഡിറ്റ് കൊടുക്കാം.

cibu cj said...

സൂരജേ.. അതിനു രവിവർമ്മ വിക്കിപീഡിയയിൽ സാധനം പൊതിഞ്ഞുകെട്ടുകയായിരുന്നില്ലല്ലോ.

ഏതുകാലഘട്ടത്തിലെ എന്തുതരം ആർട്ടാണെങ്കിലും അതിനെ റിയാലിറ്റിയുമായി ഒരു പരിധിയിലപ്പുറം താരതമ്യം ചെയ്യുന്നത് വെറുതെയാണ്‌. ഏത് ആർട്ടും റിയാലിറ്റിയെ കാര്യമായി മൊഡിഫൈ ചെയ്ത് പ്രതിഫലിപ്പിക്കും എന്നേ ഉള്ളൂ. അതുകാണുന്ന അനുവാചകന്‌ ഒരു നിമിഷം അതാണ്‌ റിയാലിറ്റി എന്ന തോന്നലുണ്ടാവുന്നെങ്കിൽ ആ ആർട്ടിസ്റ്റ് വിജയിക്കുന്നു. പ്രതിഫലിപ്പിക്കാനുപയോഗിക്കുന്ന മാർഗങ്ങൾക്കനുസരിച്ച് ഇസങ്ങൾക്ക് പേരുവരുന്നു. എല്ലാ ഇസങ്ങളും എല്ലാവർക്കും ഉള്ളതുമല്ല. ആ മാർഗം പുതിയ ഒന്നാണെങ്കിൽ അയാൾ ജീനിയസായി. അതിനു ചരിത്രപരമായ പ്രാധാന്യമുണ്ടെങ്കിൽ(പുതിയസ്ഥലത്ത്, വേറേ ഒരു സമയത്ത്) അയാൾ ചരിത്രപുരുഷനുമായി - രവിവർമ്മയെ പോലെ.

Inji Pennu said...

ആര്‍ട്ടും റിയാലിറ്റിയും തമ്മില്‍ വലിയ ബന്ധങ്ങളൊന്നുമില്ല. അത് മലയാളം സിനിമയില്‍ കുടുംബകഥകള്‍ വേണമെന്ന് പറയുന്നതുപോലെയേയുള്ളൂ. ആര്‍ട്ട് റിയാലിറ്റിയെ ടച്ച് ചെയ്യുമ്പോഴല്ല ഹിറ്റാവുക. അത് വളരെ തെറ്റായ വായനയാണ്. അങ്ങിനെയെങ്കില്‍ നൃത്തം എന്ന ഫൈന്‍ ആര്‍ട്ട് എങ്ങിനെയാണ് ആസ്വദിക്കുക? റിയാലിറ്റിയില്‍ നിന്ന് ഒരു ഹൈ/വ്യത്യാസമായ തിങ്കിങ്ങ് ആവണം ഫൈന്‍ ആര്‍ട്ട്. ഫൈന്‍ ആര്‍ട്ട് റിയാലിറ്റിയെ പൊലിപ്പിച്ച് കാണിക്കുകയാണ്, അല്ലെങ്കില്‍ മറ്റൊരു രൂപം/ഭാവം കാണിക്കുകയാണ്, അല്ലെങ്കില്‍ ജേര്‍ണലിസ്റ്റുകള്‍ ആര്‍ട്ടിസ്റ്റ് കാറ്റഗറിയില്‍ വന്നുപോവും.

രവി വര്‍മ്മ റിയലിസറ്റായിരുന്നു എന്ന് പറയുമ്പോഴാണ് അതില്‍ കൈകളുടെ പൊസിഷന്‍ അങ്ങിനെയെല്ലാം ഡിസ്കഷന്‍ വരുക. അല്ലെങ്കില്‍ അത് വരില്ല. രവി വര്‍മ്മ അവിടെയുമല്ല ഇവിടെയുമല്ല എങ്കില്‍ ഒക്കെ, പക്ഷെ ഇത് രവിവര്‍മ്മയുടെ ശ്രദ്ധക്കുറവായാണ് വ്യാഖ്യാനിക്കുക അല്ലാതെ വിക്കിയില്‍ വായിക്കുന്നതുപോലെ എന്ന് പറയുന്നത് ഒട്ടും ശരിയല്ല. രവിവര്‍മ്മ ഡെമോക്രറ്റൈസ് ചെയ്തു എന്ന് പറയുന്നത് ശരിയാണ്, റിയലിസത്തിന്റെ പ്രധാന ഉദ്ദേശ്യം തന്നെ ഈ ഡെമോക്രൈറ്റസേഷന്‍ ആയിരുന്നു.

VINAYA N.A said...

വായിക്കാന്‍ രസമുള്ള തര്‍ക്കങ്ങള്‍.രവി വര്‍മ്മയുടെ ത്രീ ഢയമെന്‍ഷന്‍ ചിത്രങ്ങള്‍ നല്‍കിയ വിസ്മയം വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മനസ്സില്‍ ഇന്നും അതുപോലെ നില്‍ക്കുന്നു. ചിന്തിപ്പിക്കുന്ന പോസ്റ്റ് തന്നെയാണ്