Saturday, January 17, 2009

സെപ്റ്റിക് ടാങ്കിലെ പ്രപഞ്ചസങ്കല്‍പ്പം !!!

ശ്രീ.വി.ബി.രാജന്‍ ചിത്രകാരന്റെ പോസ്റ്റിലെഴുതിയ കമന്റു വായിച്ചു. അദ്ദേഹം നല്‍കിയിരിക്കുന്ന ലിങ്കിലെ രാഹുല്‍ ഈശ്വറിന്റെ ഇംഗ്ലീഷ് ബ്ലോഗ് മാസങ്ങള്‍ക്കുമുന്‍പുതന്നെ ചിത്രകാരന്‍ വായിക്കുകയും, കമന്റു ഭരണിയില്‍ അതേക്കുറിച്ച് പോസ്റ്റെഴുതുകയും ചെയ്തിരുന്നു എന്നാണ് ഓര്‍മ്മ.
രാഹുല്‍ ഈശ്വറിന്റെ പൊസ്റ്റിലെ സങ്കുചിതത്വത്തെക്കുറിച്ച് ചെറിയൊരു കുറിപ്പുകൂടി എഴുതുന്നു.

രാഹുല്‍ ഈശ്വര്‍ വിലപിക്കുന്നത് എം.എഫ്.ഹുസൈന്‍ ഇന്ത്യയുടെ സാംസ്കാരിക പാരംബര്യം തകര്‍ത്തു തരിപ്പണമാക്കുന്നു എന്നാണ്. സരസ്വതിയേയും, സീതയേയും, ഭാരതാംബയേയും തുണിയില്ലാതെ വരച്ചാല്‍ ഇന്ത്യന്‍ സംസ്ക്കാരം തകര്‍ന്നുവിഴുമെന്ന് വിശ്വസിക്കുന്നത് സാംസ്കാരിക ജീര്‍ണ്ണതകൊണ്ടാണ്.

നൂറു കോടിയിലേറെ വരുന്ന ഇന്ത്യക്കാരുടെ സംസ്കാരം കേവലം ഒരു ഹുസൈന്‍ തന്റെ ബ്രഷുകൊണ്ട് ഇല്ലാതാക്കുന്നുണ്ടെങ്കില്‍ അത് നിലനില്‍ക്കാന്‍ അര്‍ഹതയില്ലാത്ത സംസ്ക്കാരമാണ്. തുമ്മിയാല്‍ തെറിക്കുന്ന മൂക്കെന്നും പറയും. രാമന്‍ സീതയെ ഭോഗിക്കുന്ന ചിത്രം എന്ന് രാഹുല്‍ വിശേഷിപ്പിക്കുന്ന ഹുസൈന്റെ ചിത്രം കാണുന്നതോടെ ഇന്ത്യക്കാരന്റെ മനസ്സിലെ സദാചാരബോധവും,സംസ്ക്കാരവും വീണുടയുമെന്ന് കരുതുന്നത് മൌഢ്യമാണ്.

പിന്നെ, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ സംസ്കാരം ഉടച്ചുവാര്‍ക്കേണ്ടതുതന്നെയല്ലേ ? പുനര്‍നിര്‍മ്മിക്കപ്പെടാത്ത സംസ്കാരത്തെ എന്തിനുകൊള്ളാം ? വളര്‍ച്ച നഷ്ടപ്പെട്ട സംസ്ക്കാരത്തെ തുണിയഴിച്ച് ഒരു സംഭോഗത്തിനു പ്രാപ്തമാക്കുന്ന കലാകാരനെ ആദരിക്കാനുള്ള സഹിഷ്ണുത നമ്മുടെ സംസ്കാരത്തിനില്ലെന്നതാണ് സത്യം. ആ സത്യത്തെക്കുറിച്ച് ജ്ഞാനമുള്ള ചിന്തകനായ ചിത്രകാരന്‍ തന്റെ ജീവനും,സ്വത്തിനും എതിരെയുണ്ടായേക്കാവുന്ന ഭീഷണിപോലും തൃണവല്‍ക്കരിച്ചുകൊണ്ട്
പ്രധിവിധിയായി നല്‍കുന്ന സാമൂഹ്യ ഉദ്ദാരണ ഔഷധമാണ് ഹുസൈന്റെ ചിത്രങ്ങള്‍.
ബുദ്ധിജീവികളും പ്രബുദ്ധരെന്നും അവകാശപ്പെടുന്നവര്‍ക്കുപോലും ഇതൊന്നും മനസ്സിലാക്കാന്‍ മനസ്സിനകത്തെ വര്‍ഗ്ഗീയ പക്ഷ ചിന്തകള്‍ കാരണം കഴിയുന്നില്ലെന്നത് അവരുടെ പരിമിതി.
ഈ പരിമിതി നല്‍കുന്ന ഇരുട്ടില്‍ നിന്നാണ് മോഡി ഭക്തന്മാര്‍
ഹുസൈന്റെ ചിത്രകലക്കെതിരെ ആയുധമണീയുന്നത്. അത് ന്യായമാണെന്നു തോന്നുന്ന ഏതു മനുഷ്യനും പ്രാകൃതനും,പിന്തിരിപ്പനുമാണെന്ന് ചിത്രകാരന്‍ പറയുന്നു.

സമുദ്രത്തെ നോക്കുക.
പുഴകളും, കാറ്റും, ശീതജല പ്രവാഹവും,ഉഷ്ണജലപ്രവാഹവും, നിരന്തരം തിരമാലകളാല്‍ ഓരോ നിമിഷവും നവീകരിക്കപ്പെടുന്ന സമുദ്രം! തിരമാലകളെ ഫ്രീസ് ചെയ്യണമെന്ന് ആരെങ്കിലും പറയുമോ? കടലിനെ അടച്ചുവച്ച് സംരക്ഷിക്കണമെന്ന് ആരും പറയില്ല. വര്‍ഗ്ഗീയതയുടെ ചെറിയ ടാങ്കുകളെ മാത്രമെ അടച്ച് വക്കാനാകു.

ഒരു സമൂഹത്തിന് സംസ്ക്കാരികമായി വളരുന്നതിന് ഒരു സമുദ്രത്തെയെങ്കിലും മനസ്സിലാവാഹിക്കാന്‍ ശേഷിയുള്ള കലാകാരനും, സാഹിത്യകാരനും, ശാസ്ത്രജ്ഞനും സമൂഹത്തില്‍ ഉണ്ടായിരിക്കണം. കാരണം അവര്‍ ചട്ടപ്പടിയല്ലാതെ ചിന്തിക്കാന്‍ ശേഷിയുള്ളവരാണ്. മാറ്റങ്ങളാണ് അവരുടെ ജീവിതം തന്നെ! അവരാണ് സമൂഹത്തെ ഉടച്ചുവാര്‍ക്കുന്നവര്‍. നവീകരിക്കുന്നവര്‍. അവരെ നാടുകടത്തുന്നവര്‍ ഏതു ദൈവത്തിന്റേ പേരില്‍ നടത്തുന്ന ആഹ്വാനമായാലും അത് മാനവികമല്ല, ദൈവീകമല്ല. പുരോഗമനാത്മകമല്ല.
ഏതു വര്‍ഗ്ഗീയ വാദിയും തന്റെ കക്കൂസ് ടാങ്കിനെ സംസ്കാരമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ചിന്താശേഷി കുറഞ്ഞ മനുഷ്യനാണ്. ഇംഗ്ലീഷ് പറയാനും എഴുതാനും അറിയുമെന്നതല്ല ചിന്താശേഷിയുടെ അളവുകോല്‍. കൂട്ടിക്കൊടുപ്പിനു കിട്ടുന്ന കമ്മീഷന്‍ തുക/ശംബളത്തിന്റെ വലിപ്പമല്ല ബുദ്ധിശക്തിയുടെ തെളിവ്.
കക്കൂസ് ടാങ്ക് നമ്മോട് ആവശ്യപ്പെടുന്നത് അതിന്റെ മൂടി തുറക്കരുതെന്നാണ്.
ചാതുര്‍വര്‍ണ്ണ്യപ്രകാരമുള്ള
ജീവികളുടെ ഒരു ആവാസ വ്യവസ്തതന്നെ കക്കൂസ് ടാങ്കിനകത്തുണ്ട്. എട്ടുകാലി ദൈവങ്ങളും, ബ്രാഹ്മണവിഷം പേറുന്ന തേളുകളും, പാറ്റകളും , തേരട്ടകളും,ശൂദ്രരായ പുഴുസമൂഹവും, അനേകകോടി സൂക്ഷ്മജീവികളും ,ഭക്തിസാന്ദ്രമായതും ദൈവീകമെന്ന് കക്കൂസിലെ ജീവസമൂഹം ഒന്നാകെ വിശ്വസിക്കുകയും, മത പണ്ഡിതര്‍ സാക്ഷ്യപ്പെടുത്തുന്നതുമായ സനാതനസംസ്കാരത്തിന്റെ പവിത്രമായ സുഗന്ധവും അതിനകത്ത് സംരക്ഷിക്കപ്പെട്ടിരിക്കുന്നു. സത്യത്തില്‍ ആ ലോകം അവിടത്തെ ആവാസവ്യവസ്ഥിതിയെയും, ജനങ്ങളേയും സംബന്ധിച്ച് സ്വര്‍ഗ്ഗതുല്യമായ ഗോഡ്‌സ് ഓണ്‍ കണ്ട്രിയാണ് !

ദൈവങ്ങള്‍ക്ക് ജന്മം നല്‍കാന്‍ ശേഷിയുള്ള കലാകാരന്മാരും,ശാസ്ത്രജ്ഞരും നിരന്തരം നവീകരിക്കുന്ന ലോകം വേണമോ, അതോ ദൈവങ്ങള്‍ക്ക് അടിമപ്പെടാന്‍ ആഹ്വാനം നല്‍കുന്ന മതങ്ങളുടെ സ്ലാബിട്ടുമൂടിയ പൌരോഹിത്യ ലോകംവേണമോ എന്നത് ചിന്താശേഷിയുള്ള മനുഷ്യര്‍ തീരുമാനിക്കേണ്ട വിഷയമാണ്.
എന്തായാലും, ലോകം മാനവികമായി വളരെയധികം പുരോഗമിച്ചതിനാല്‍ മതവര്‍ഗ്ഗീയതയുടെ സ്ലാബുകളുടെ സുരക്ഷിതത്വത്തിനുള്ളില്‍ ഏറെക്കാലം മഹനീയ ദുര്‍ഗന്ധസംസ്കാര സമൂഹമായി കഴിഞ്ഞുകൂടാമെന്ന് ആരും സ്വപ്നം കാണാതിരിക്കുകയാണ് ഉചിതം.

വര്‍ഗീയതകളുടെ ,ജാതിയതകളുടെ, വിഭാഗീയതകളുടെ സെപ്റ്റിക്ക് ടാങ്ക് എന്നെങ്കിലും പൊളിക്കപ്പെടുകതന്നെചെയ്യും.
എങ്ങനെ പൊളിക്കണമെന്ന് ചിന്താശേഷിയുളള മനുഷ്യരാണ് തീരുമാനിക്കുക. കീടങ്ങളല്ല !

18 comments:

Anonymous said...

വായിച്ചു. സെപ്റ്റിക് ടാങ്ക് ഉപമയോട് യോജിപ്പ്. സമുദ്രത്തെ മനസ്സിലാക്കിക്കൊണ്ടുള്ള കലാപ്രവര്‍ത്തനമാണോ എം എഫ് ഹുസൈന്‍ നടത്തുന്നത് എന്ന കാര്യത്തില്‍ സംശയമുണ്ട്. ഒരു വെറ്ററന്‍ ശില്പാ ഷെട്ടിയല്ലേ അദ്ദേഹം.

Anonymous said...

അസഹിഷ്ണുത അതാണ്‌ നമ്മുടെ ശാപം... ഖജുരാഹോയിലെ ശില്പങ്ങള്‍ സംസ്കാരം തെറിപ്പിച്ചോ...??
കലയെ കലയായി കാണാന്‍ കഴിയാത്തവര്‍ കലാകാരന്‍റെ ആവിഷ്കാര സ്വാതന്ത്ര്യത്തിലാണ് മഴു വെക്കുന്നത് ...

Anonymous said...

"സരസ്വതിയേയും, സീതയേയും, ഭാരതാംബയേയും തുണിയില്ലാതെ വരച്ചാല്‍ ഇന്ത്യന്‍ സംസ്ക്കാരം തകര്‍ന്നുവിഴുമെന്ന് വിശ്വസിക്കുന്നത് സാംസ്കാരിക ജീര്‍ണ്ണതകൊണ്ടാണ്."

എന്നിട്ടു വേണം നമ്മുടെ ചുവന്ന തെരുവകളിലും, പാശ്ചാത്യനാടുകളിലും നില്‍ക്കുന്ന വേശ്യകളെ പോലെ അവരെ പ്രതിഷ്ഠിക്കാന്‍...
അത്‌ സാമുഹികജീര്‍ണ്ണതയുടെ അടയാളം അവുമോ ചിത്രകാരാ..


"വളര്‍ച്ച നഷ്ടപ്പെട്ട സംസ്ക്കാരത്തെ തുണിയഴിച്ച് ഒരു സംഭോഗത്തിനു പ്രാപ്തമാക്കുന്ന കലാകാരനെ ആദരിക്കാനുള്ള സഹിഷ്ണുത നമ്മുടെ സംസ്കാരത്തിനില്ലെന്നതാണ് സത്യം."

ഏതൊക്കെ സംസ്കാരങ്ങളേയാണ്‌ സംഭോഗിക്കാനായി തുണിയഴിച്ച്‌ നിറുത്തേണ്ടത്‌? പൗരസ്ത്യവും പാശ്ചാത്യവുമാണോ? തനത്‌ സംസ്കാരത്തിന്റെ ആഴങ്ങളിലേക്കാണ്‌ നാം ഊളിയിടേണ്ടത്‌... അല്ലാതെ, തുണിയഴിച്ച്‌ കാണിച്ച്‌ വ്യഭിചാരത്തിന്‌ ആരേയും ക്ഷണിക്കാനല്ല...

സമുദ്രത്തിന്‌ ഏറെ ആഴമുള്ളതുപോലെ സംസ്കാരത്തിനും ഏറെ ആഴമുണ്ട്‌, ബാഹ്യമായ തുണിയുരിയലാണ്‌ ആഴം ദര്‍ശിക്കാനുള്ള മാര്‍ഗ്ഗം എന്നതില്‍ തന്നെ ചിന്ത ഒരുപാട്‌ ചുരുങ്ങിപോകുന്നു ചിത്രകാരാ...


"വര്‍ഗീയതകളുടെ ,ജാതിയതകളുടെ, വിഭാഗീയതകളുടെ സെപ്റ്റിക്ക് ടാങ്ക് എന്നെങ്കിലും പൊളിക്കപ്പെടുകതന്നെചെയ്യും."

അതേ, അതാണ്‌ സത്യം...

"എങ്ങനെ പൊളിക്കണമെന്ന് ചിന്താശേഷിയുളള മനുഷ്യരാണ് തീരുമാനിക്കുക. കീടങ്ങളല്ല !"

അതായത്‌,നേര്‍ചിന്തയുള്ളവര്‍, ബുദ്ധി ഭോഗാസ്ക്തിയാല്‍ മലിനമാകാത്തവര്‍.
അല്ലാതെ, തുണിയുരിഞ്ഞാല്‍ എല്ലാ സത്യവും ദര്‍ശിക്കാം എന്ന് കരുതുന്ന കീടങ്ങളല്ല...

Anonymous said...

നന്നായിരിക്കുന്നു ചിത്രകാരാ........ഒത്തിരി ആശംസകള്‍ ഈ മറയില്ലാത്ത തുറന്നെഴുതിനു....

Anonymous said...

:)

Anonymous said...

നല്ല തലക്കെട്ടും ചിന്തകളും.

"ഏതു വര്‍ഗ്ഗീയ വാദിയും തന്റെ കക്കൂസ് ടാങ്കിനെ സംസ്കാരമാണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്ന ചിന്താശേഷി കുറഞ്ഞ മനുഷ്യനാണ്." അത് വളരെ ഇഷ്ടപ്പെട്ടു.:-)

Anonymous said...

അനവരതം നവീകരിക്കപ്പെടാത്ത സമൂഹം സെപ്റ്റിക് ടാങ്കിന് സമാനമാണ്. സംസ്ക്കാരം എന്നത് അതാത് കാലത്ത് അതാത് ജനത പുനര്‍നിര്‍മ്മിക്കുന്നതാണ്.പഴയതില്‍ നിന്ന് ശ്രേഷ്ടമായത് മാത്രം അരിച്ചെടുത്ത് മലിനമായത് നീക്കം ചെയ്യുകയും നവീനങ്ങളായ മൂല്യങ്ങള്‍ ചേര്‍ത്ത് സമ്പുഷ്ടമാക്കുകയുമാണ് ചിന്തിക്കുന്ന ജീവിയെന്ന നിലയില്‍ മനുഷ്യന്‍ ചെയ്യേണ്ടത്.

ചിത്രകാരന്റെ നിരീക്ഷണങ്ങള്‍ ആരെയെങ്കിലും വിറളി പിടിപ്പിക്കുന്നുണ്ടെങ്കില്‍ അത് മനസ്സിന്റെ വാതായനങ്ങള്‍ അടച്ചിട്ടത് കൊണ്ടാണ്.

ചിത്രകാരന് അഭിവാദനങ്ങള്‍!

Anonymous said...

എം എഫ് ഹുസൈൻ എന്ന കലാകാരനെ അംഗീകരിക്കാം. അദ്ദേഹം വരച്ച ചിത്രങ്ങൾ ചില വിശ്വാസികൾക്ക് അപമാനമായി തോന്നിയതിൽ തെറ്റൊന്നും തോന്നുന്നില്ല. വിശ്വാസികൾക്കും പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. അവർ അന്ഥവിശ്വാസികൾ ആയതുകൊണ്ടു് അവർക്ക് പ്രതികരിക്കാനുള്ള സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിട്ടില്ല.

ഇന്ത്യയിലെ പുരാണ കഥകളിലെ കഥാപാത്രങ്ങളെ മാത്രമെ വരക്കൂ എന്നു് ഹുസൈൻ ശപഥം എടുത്തിട്ടുണ്ടു് എന്നാണു് തോന്നുന്നതു്. ഇന്നുവരെ അദ്ദേഹം വേറെ ഒരു മതങ്ങളിലും നിന്നുള്ള കഥാപാത്രങ്ങളെ വരച്ചു കണ്ടിട്ടില്ല.

ദുബൈയിൽ താമസിക്കുന്ന എം. എഫ്. ഹുസൈൻ എന്തുകൊണ്ടു് ഏതെങ്കിലും ഇസ്ലാമിക ചരിത്ര പുരുഷന്മാരെയോ, വിശിഷ്ട സ്ത്രീ കഥാപാത്രങ്ങളെയോ വരക്കുന്നില്ല എന്ന ചോദ്യത്തിനു ഉത്തരം ഇതുവരെ കിട്ടിയില്ല.

എല്ലാ കഥാപത്രങ്ങളെയും , (ഹിന്ദു, മുസ്ലീം, ക്രിസ്ത്യൻ, സീഖ, ജൈൻ, പാർസി, ഇനി വേറെ എന്തെങ്കിലും ഉണ്ടെങ്കിൽ അതും) വരക്കാൻ ഉള്ള് ധൈര്യവും ഉണ്ടാകണം. അല്ലെങ്കിൽ രാഹുല്‍ ഈശ്വറിനെ പോലുള്ള അന്ഥവിശ്വാസികൾ പിറുപിറുക്കും.

O.T.
ചിത്രകാരന്റെ ലേഖനങ്ങൾ ഉന്നിനൊന്നു മെച്ചപ്പെട്ടു വരുന്നു. ഭാഷയും ഒരുപാടു് മാറിപ്പോയി.

Anonymous said...

"ഒരു കോടിയിലേറെ വരുന്ന ഇന്ത്യക്കാരുടെ സംസ്കാരം കേവലം ഒരു ഹുസൈന് തന്റെ ബ്രഷുകൊണ്ട് ഇല്ലാതാക്കുന്നുണ്ടെങ്കില് അത് നിലനില്ക്കാന്‍ അര്ഹതയില്ലാത്ത സംസ്ക്കാരമാണ്."...

ചിത്രകാരാ...

hats off to you

"പിന്നെ, മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ നമ്മുടെ സംസ്കാരം ഉടച്ചുവാര്‍ക്കേണ്ടതുതന്നെയല്ലേ ? പുനര്‍നിര്‍മ്മിക്കപ്പെടാത്ത സംസ്കാരത്തെ എന്തിനുകൊള്ളാം ?"

ഒന്നിനും കൊള്ളില്ല..........

ഒരു പിടി ആശംസകള്‍ പാര്‍സല്‍ ആയി അയച്ചിട്ടുണ്ട്. കിട്ടിയാല്‍ അറിയിക്കുക.

Anonymous said...

കെ.പി.എസിന്റെ വാക്കുകള്‍ കടമെടുക്കുന്നു.
"അനവരതം നവീകരിക്കപ്പെടാത്ത സമൂഹം സെപ്റ്റിക് ടാങ്കിന് സമാനമാണ്. സംസ്ക്കാരം എന്നത് അതാത് കാലത്ത് അതാത് ജനത പുനര്‍നിര്‍മ്മിക്കുന്നതാണ്.പഴയതില്‍ നിന്ന് ശ്രേഷ്ടമായത് മാത്രം അരിച്ചെടുത്ത് മലിനമായത് നീക്കം ചെയ്യുകയും നവീനങ്ങളായ മൂല്യങ്ങള്‍ ചേര്‍ത്ത് സമ്പുഷ്ടമാക്കുകയുമാണ് ചിന്തിക്കുന്ന ജീവിയെന്ന നിലയില്‍ മനുഷ്യന്‍ ചെയ്യേണ്ടത്.
"

Anonymous said...

വര്‍ഗീയതകളുടെ ,ജാതിയതകളുടെ, വിഭാഗീയതകളുടെ സെപ്റ്റിക്ക് ടാങ്ക് എന്നെങ്കിലും പൊളിക്കപ്പെടുകതന്നെചെയ്യും.
എങ്ങനെ പൊളിക്കണമെന്ന് ചിന്താശേഷിയുളള മനുഷ്യരാണ് തീരുമാനിക്കുക. കീടങ്ങളല്ല...


ചിത്രകാരാ........നന്നായിരിക്കുന്നു ........... ആശംസകള്‍

Anonymous said...

മറ്റെല്ലാതിനോടും യോജിപ്പുണ്ടെങ്കിലും എം എഫ് ഹുസ്സൈന്റെ രചനാകൗശലത്തെക്കുറിച്ചു പറയാതിരിക്കാനാവുന്നില്ല.

ആമാശയാര്‍ത്ഥം ചിലജീവികള്‍ പരാന്നഭോജികളാകുന്നതിനെ അംഗീകരിക്കാം,ആശയ ദാരിദ്ര്യത്താല്‍ അന്യനെ അവഹേളിക്കുന്നതിനെ കല എന്നു തന്നെ വിളിക്കണോ?.ഒരു പക്ഷേ ഭാരതാംബ,സരസ്വതി,രാമന്‍,സീത എന്നീ സങ്കല്പ്പങ്ങള്‍ ഭാരതത്തിലില്ലായിരുന്നെങ്കില്‍ എം എഫ് ഹുസ്സൈന്‍ എന്ന വിഖ്യാത ചിത്രകാരന്‍ മുംബൈയിലെ ഏതെങ്കിലും ട്രെയിനിന്റെ മൂന്നാം ക്ലാസ് കമ്പാര്‍ട്ടുമെന്റിലോ മൂത്രപ്പുരച്ചുവരുകളിലോ ആശയവിശ്ലേഷണം നടത്തി ജീവിച്ചേനെ.ലോകമൊട്ടാകെ ലൈംഗീകത പാപമായിരുന്നകാലത്ത് അതിനെക്കുറിച്ച് പഠിക്കുകയും രചനകളും ശില്പ്പങ്ങളും തയാറാക്കുകയും ആരാധനാലയങ്ങളില്‍ വരെ അതെല്ലാം പ്രതിഷ്ഠിക്കുകയും ചെയ്തിരുന്ന ഒരു ജനതയുടെ പിന്‍ഗാമികളെ അവരുടെ ആരാധ്യവ്യക്തിത്വങ്ങളെ/വീക്ഷണങ്ങളെ അവഹേളിച്ച് ഇതര വിഭാഗങ്ങളുടെ പ്രസാദത്താല്‍ ക്ഷിപ്രപ്രസിദ്ധനാകുക എന്ന കുരുട്ടു ബുദ്ധിയാണ് അദ്ധേഹത്തിന്റെ പെയിന്റിംഗ് ബ്രഷുചലിപ്പിച്ച വികാരം.(ആ വരകള്‍ക്കെതിരെ പ്രതികരിച്ചവരെ പ്രലോഭിപ്പിച്ചത് ഭരണസിംഹാസനാരോഹണത്തിനു ബലി നല്‍കാന്‍ ഒരു ഇരയെ കൂടി കിട്ടിയതിനാലാകാം)
തുമ്മിയാല്‍ തെറിച്ചു പോകുന്ന ആശയങ്ങളെപ്പോലെ/മതങ്ങളെപ്പോലല്ല സംസ്കാരങ്ങള്‍ അതുകൊണ്ടു തന്നെയാവണം ഹൈന്ദവം എന്നതിനെ ഒരു കൊടിയുടെ കീഴില്‍ കെട്ടി ജയിക്കാന്‍ ശ്രമിക്കുന്നവരോ മൂക്കുകയറിട്ടുമെരുക്കി ഉഴവുകാളയാക്കാന്‍ ശ്രമിക്കുന്നവരോ ഇപ്പൊഴും വിജയം കാണാത്തത്.

Anonymous said...

ചിത്രകാരാ,യോജിക്കാവുന്ന ആവിഷ്കാരതലത്തിലേക്ക് താങ്കളെത്തുന്നതിൽ സന്തോഷം.

Anonymous said...

കൊള്ളാം......ഇങ്ങനത്തെ പോസ്റ്റുകള്‍ വല്ലപ്പോളും മാത്രമാണ്‌ കാണാന്‍ കിട്ടുന്നത്....അഭിനന്ദനങ്ങള്‍.........
എവിടുന്നു കിട്ടി ഇതൊക്കെ?

എന്‍റെ പേജ് കണ്ടിട്ടുണ്ടോ?

Anonymous said...

എം എഫ് ഹുസൈൻ, ഇന്ത്യന്‍ ചിത്രകലയുടെ പൃതൃര്‍ രൂപം, തൊണ്ണൂറുവയസ്സിലെത്തി നില്‍ക്കുന്ന കലാപ്രതിഭാസം, അദ്ദേഹം വരച്ചൂ എന്നാരോപിക്കപ്പെടുന്ന ചിത്രങ്ങള്‍ വച്ചുമാത്രം വിലയിരുത്ത്പ്പെടേണ്ട വ്യക്തിയല്ല.ഹിന്ദു ദൈവങ്ങളെ തുടര്‍ച്ചയായി ആക്ഷേപിക്കാറുള്ള ‘ചിത്രകാരന്‍‘,ഹിന്ദുദൈവങ്ങളെ നഗ്നമായി ചിത്രീകരിച്ചു എന്നതുകൊണ്ടാണോ ഹുസൈനെ പ്രതി-കലാ(പ)കാരനായി കാണുന്നത്..?!
കഴിഞ്ഞ പതിറ്റാണ്ടായിട്ട് ഇന്ത്യയില്‍ ഉയര്‍ന്നുവന്നിട്ടുള്ള കലാവ്യവസായത്തിലെ ഏറ്റവും ഉയര്‍ന്നമൂല്യമുള്ള ചരക്കായ ഹുസൈന്‍ ആധുനിക ഇന്ത്യന്‍ ചിത്രകലയെ പ്രതിനിധീകരിക്കുന്നു എന്നു കരുതുന്നതു വങ്കത്തരമായിരിക്കും.വിരസാവര്‍ത്തന (Mannerism)രൂപരേഖാ ശൈലി കൈമുതലാക്കിയ അദ്ദേഹം സ്വയം അനുകരിക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍.

ഉയെര്‍ത്തെഴുന്നേറ്റ വര്‍ഗ്ഗീയ-മതമൌലിക ശക്തികള്‍ പ്രധാനമായും ഉന്നം വെയ്ക്കുന്നത് കലാകാരന്മാരേയും എഴുത്തുകാരേയുമാണ്.തുടക്കത്തിലേ അടിച്ചമര്‍ത്തി വിധേയത്തം നേടിയെടുന്നതിലൂടെ ആധിപത്യം സ്ഥപിക്കലാണ് അവരുടെ ലക്ഷ്യം.സാധാരണജനങ്ങളെ അവരില്‍നിന്നകറ്റി സ്വന്തം പക്ഷത്ത് ആള്‍ബലം ഉണ്ടാക്കുക എന്ന ഗൂഡ ലക്ഷ്യം.
‘ഭാരത് രത്ന‘ ഹുസൈനു കൊടുക്കണമെന്ന് വാദിച്ച ശശി തരൂരിനെതിരെ ദേശീയഗാനത്തെ ആക്ഷേപിച്ചു എന്നരോപിച്ച് കേസുകൊടുത്തിരിയ്ക്കുകയാണ് ഈ തീവ്രവാദലോബി..!?

Anonymous said...

Dear Chitrakara...I wanted to communicate to you. Appozhanu M.V.Devan Sir ne prasamsikkumnna blog kandathu.

2 things

1) Indiayil 1 crore janangalalla..100 crore aanu

2) Mathrubhumi Weekly 2 weeks back, interview with M.V.Devan..

Devan sir changed his stand and now speaks against MF Hussain. Please read.

And Dear Devan, I understand the anger in ur mind, I understand the historic context. Please leave it. Forget and forgive. I have requested earlier too. dayavayi andhamaya virodhangal vittukalayu Chitrakara. Athalle Kala, athalle Kalakaran. Marakkanum Porukkanum ulla hridayavum, manavikathayum, kanivum.

Dear Sir, I again request you to leave those hatreds. take care. May all Gods (irrespective of caste)Bless You. Jai Hind

Anonymous said...

പ്രിയ രാഹുല്‍ ഈശ്വര്‍,
നൂറു കോടി ഒരു കോടിയായി എഴുതിയത്
ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.
തെറ്റു കാണിച്ചു തന്നതില്‍ നന്ദി.

നഗ്ന സത്യത്തെ ഈശ്വരനായി
ഹൃദയത്തില്‍ ആവാഹിക്കുന്നതില്‍
ആനന്ദമനുഭവിക്കുന്ന ചിത്രകാരന്‍.
ആ തലത്തിലേക്ക് ക്ഷണിക്കുന്നു.
തത്വമസിയുടെ അര്‍ത്ഥപൂര്‍ണ്ണിമയില്‍.
ദൈവീകതയുടെ,സ്നേഹത്തിന്റെ സംഗമവേദി.

സസ്നേഹം.

Ajith said...

KP sukumarettan's comment
അനവരതം നവീകരിക്കപ്പെടാത്ത സമൂഹം സെപ്റ്റിക് ടാങ്കിന് സമാനമാണ്. സംസ്ക്കാരം എന്നത് അതാത് കാലത്ത് അതാത് ജനത പുനര്‍നിര്‍മ്മിക്കുന്നതാണ്.പഴയതില്‍ നിന്ന് ശ്രേഷ്ടമായത് മാത്രം അരിച്ചെടുത്ത് മലിനമായത് നീക്കം ചെയ്യുകയും നവീനങ്ങളായ മൂല്യങ്ങള്‍ ചേര്‍ത്ത് സമ്പുഷ്ടമാക്കുകയുമാണ് ചിന്തിക്കുന്ന ജീവിയെന്ന നിലയില്‍ മനുഷ്യന്‍ ചെയ്യേണ്ടത്.

nothing can be stated in a better way than this.