Tuesday, January 13, 2009

രവിവര്‍മ്മ - നെല്ലും,പതിരും

സരസ്വതിയുടെ മുലയെണ്ണുന്നതിന്റെ കൂട്ടത്തില്‍ രവിവര്‍മ്മയെ കലണ്ടര്‍ ചിത്രകാരനായി വിശേഷിപ്പിക്കുകയും തുടര്‍ന്ന് കലാചരിത്രത്തില്‍ രവിവര്‍മ്മയുടെ സ്ഥാനത്തെക്കുറിച്ച് വിശദീകരിക്കേണ്ടി വരികയും ചെയ്തതിനെത്തുടര്‍ന്ന് കേരളീയര്‍ക്ക് സുപരിചിതനായ രവിവര്‍മ്മയിലൂടെത്തന്നെ ചിത്രകലയുടെ നെല്ലും,പതിരും തിരിച്ചറിയാനുള്ള ഒരു സൂചന നല്‍കി ഈ വിഷയം അവസാനിപ്പിക്കാന്‍ ശ്രമിക്കുകയാണ്.

നാച്ചുര്‍മാജിക്.കോം എന്ന വെബ്സൈറ്റില്‍ രവിവര്‍മ്മയുടെ 65 ഓയില്‍ പെയിന്റിങ്ങുകളുടെ പടങ്ങള്‍ കാണാവുന്നതാണ്. അതില്‍ അഞ്ചെണ്ണം മാത്രമേ ഒരു ചിത്രകാരനെന്ന നിലയില്‍ സത്യസന്ധത പുലര്‍ത്തുന്നതായി കണ്ടുള്ളു. ആ ചിത്രങ്ങളാണ് മുകളില്‍ കൊടുത്തിരിക്കുന്നത്. ബാക്കിയുള്ള ചിത്രങ്ങള്‍ എല്ലാം തന്നെ വളരെ പ്രശസ്തവും, വന്‍ കാന്‍‌വാസുകള്‍ തന്നെയെന്നാകിലും പൂംബാറ്റ,ബാലരമ,അമര്‍ചിത്രകഥ തുടങ്ങിയ പ്രസിദ്ധീകരണങ്ങളിലെ ചിത്രീകരണങ്ങളോടോ, കലണ്ടര്‍, കോമേഴ്സ്യല്‍ പോര്‍ട്രൈറ്റ് തുടങ്ങിയവയോടോ ചേര്‍ത്തുവക്കാവുന്ന നിലവാരം കുറഞ്ഞ രചനകളാണ്.
രവിവര്‍മ്മ ജീവിച്ചിരുന്നത് റാഫേല്‍,മൈക്കലാഞ്ചലോ,ഡാവിഞ്ചി,റെബ്രാന്റ്....തുടങ്ങിയ ചിത്രകാരന്മാര്‍ക്ക് മുന്‍പുള്ള കാലഘട്ടത്തിലായിരുന്നെങ്കില്‍,അല്ലെങ്കില്‍ അതേ കാലഘട്ടത്തില്‍ തന്നെയോ ആയിരുന്നെങ്കില്‍ മുകളില്‍ പറഞ്ഞതുമുഴുവന്‍ അസാധുവാകുമെന്നു മാത്രമല്ല, കിളിമാനൂര്‍ കൊട്ടാരം ലോകചിത്രകലയുടെ കളിത്തൊട്ടിലായിരുന്നെന്നും രവിവര്‍മ്മ ലോകത്തിലെ തന്നെ മഹാനായ ചിത്രകാരനായിരുന്നു എന്നും
കലാചരിത്രത്തില്‍ എഴുതപ്പെടുമായിരുന്നു !
കാലമാണു താരം.

ഇന്ത്യയില്‍ ഓയില്‍ പെയിന്റിങ്ങ് തുടങ്ങിവച്ചവരിലെ പ്രമുഖനും, അതില്‍ ഏറ്റവും ജനപ്രീതി ലഭിച്ച ചിത്രകാരനുമാണ് രവിവര്‍മ്മ എന്ന കാര്യത്തില്‍ സംശയമില്ല. പക്ഷേ, ആ പ്രചാരം ചിത്രകലയുടെ അളവുകോല്‍ രവിവര്‍മ്മയാണ്
എന്ന ഒരു അന്ധവിശ്വാസം ജനമനസ്സില്‍ രൂഢമൂലമാകാന്‍ കാരണമായി എന്ന വസ്തുതയാണ് രവിവര്‍മ്മ എന്ന ചിത്രകാരനെ പരാമര്‍ശിക്കാന്‍ ഈ ബ്ലോഗെഴുതുന്ന ചിത്രകാരനെ നിര്‍ബന്ധിപ്പിച്ച ഘടകം. അല്ലാതെ, രവിവര്‍മ്മ ധനികരെയാണു വരച്ചതെന്നോ, ദരിദ്രരെ വരച്ചാലെ ചിത്രകല മഹനീയമാകു എന്നിങ്ങനെയുള്ള ധാരണകളൊന്നുമല്ല.

ഇതോടൊന്നിച്ചു കൊടുത്തിരിക്കുന്ന ആദ്യത്തെ മൂന്നും പോര്‍ട്രൈറ്റ് ഇനത്തില്‍പ്പെട്ട ചിത്രങ്ങളാണ്. അവക്കുള്ള പ്രത്യേകത പ്രതിപാദ്യത്തില്‍ കലാകാരന്‍ കൂടുതലായി വെള്ളം ചേര്‍ത്തിട്ടില്ല എന്നതു മാത്രമാണ്.കാലത്തോട് നീതി പുലര്‍ത്തി എന്നു പറയാം. നാലാമത്തെ ചിത്രം പ്രാദേശിക മോഡലുകളെവച്ച് ദയനീയതയേയും, ഉദാരതയേയും ചിത്രീകരിക്കാനുള്ള ശ്രമമാണ്.
ഈ ചിത്രങ്ങളിലെ പ്രകാശത്തെക്കുറിച്ചുള്ള പഠനങ്ങളൊക്കെ കുറെ നൂറ്റാണ്ടുകള്‍ക്കുമുന്‍പുതന്നെ പലരും പരീക്ഷിച്ചു പതിഞ്ഞതായതിനാല്‍ അതിലൊന്നും അതിശയിപ്പിക്കുന്ന മൌലികത അവകാശപ്പെടാനാകില്ല.

തല്‍ക്കാലം ഇത്രമതി.പൊറുക്കിന്‍ ! ചിത്രകാരനിലെ സൌന്ദര്യശാസ്ത്രം വച്ച് എഴുതുന്നതാണ്. എവിടേയും ഗവേഷിച്ചിട്ടില്ല. ഗവേഷിച്ച് എഴുതാനിരുന്നാല്‍ ഈ ചിത്രകാരന്‍ പട്ടിണിയാകും ! :)

3 comments:

Anonymous said...

ചിത്രകലയെ പറ്റി കാര്യമായൊന്നും അറിയല്ല. എങ്കിലും സങ്കേതം പഴയതായതു കൊണ്ട് ചിത്രകാരന്‍ മോശമാകുമോ.. ഡാവിഞ്ചിക്കുമൊക്കെ മുമ്പായിരുന്നു രവിവര്‍മ്മയെങ്കില്‍ എന്നു കൂടി പറയുമ്പോള്‍..

Anonymous said...

:)

Anonymous said...

ഒരു മറുപടി ഈ ലിങ്കില്‍ ഇട്ടിടുണ്ട്
http://russelsteapot.blogspot.com/