Friday, July 17, 2009

മാതൃഭാഷയും വളര്‍ത്തു മൃഗങ്ങളും !!!

വളര്‍ത്തു മൃഗങ്ങള്‍ നേരിടുന്ന അപമാനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. തന്റെ ഉടമയുടെ ഭാഷ മനസ്സിലാക്കുകയും , ഉടമയുടെ ഇഷ്ടാനിഷ്ടങ്ങള്‍ മനസ്സിലാക്കി അതനുസരിക്കുകയും, കഴിയുമെങ്കില്‍ ഉടമയുടെ ഭാഷയില്‍ സംസാരിക്കുകയും ചെയ്യുക എന്നത് വളര്‍ത്തുമൃഗങ്ങളുടെ ജീവിതവൃത്തിയാണ്. മരം വലിക്കാന്‍ ആവശ്യപ്പെട്ടാല്‍ തന്റെ ആന ചിന്തകളൊക്കെ മാറ്റിവച്ച് മരം വലിക്കുകതന്നെവേണം. കൊച്ചമ്മ പനിനീരു തളിക്കാന്‍ പറഞ്ഞാല്‍ പനിനീരു തളിക്കുക. (പനിനീരു തളി ആനേ...!!!:) ഉടമ മാതൃഭാഷയില്‍ കുരക്കാനാവശ്യപ്പെട്ടാല്‍ കുരക്കേണ്ടതും, കുര നിര്‍ത്താന്‍ ആവശ്യപ്പെട്ടാല്‍ കവിഭംഗം നേരിടുമെന്ന വ്യസനമില്ലാതെ കുര പകുതിക്ക് നിര്‍ത്താനും വളര്‍ത്തു മൃഗങ്ങള്‍ കടപ്പെട്ടിരിക്കുന്നു. അല്‍പ്പ ബുദ്ധികളായ വളര്‍ത്തു മൃഗങ്ങള്‍ മാതൃഭാഷയോടുള്ള ആദരവായി യജമാനന്റെ കുരക്കാനുള്ള ആവശ്യത്തെ തെറ്റിദ്ധരിക്കാറുണ്ട്. അടിമത്വത്തിന്റെ സ്വാഭാവികത എന്നേ ആ ചിന്തയെ വിശേഷിപ്പികാനാകു. ഉടമ വളര്‍ത്തു മൃഗത്തോട് കുരക്കാനാവശ്യപ്പെടുത്തുന്നതുപോലും വളര്‍ത്തുപട്ടി തന്റെ വര്‍ഗ്ഗക്കാരനല്ല എന്ന് ഇടക്കിടക്ക് ആ മൃഗത്തെ ഓര്‍മ്മിപ്പിക്കുന്നതിനും, അതോടൊപ്പം ഉടമക്ക് തന്റെ മികച്ച ഉടമ-വര്‍ഗ്ഗബോധത്തില്‍ ആനന്ദിക്കുന്നതിനും കൂടിയാകണം !

വളര്‍ത്തു മൃഗങ്ങളുടെ മാതൃഭാഷാസ്നേഹം എന്നും രണ്ടാം തരമായിരിക്കും. അടിമത്വം കൂടിയ ഇനങ്ങള്‍ക്ക് മാതൃഭാഷ ചിലപ്പോള്‍ ആറാമത്തേയോ ഏഴാമത്തേയോ ഭാഷയായെന്നുമിരിക്കും. ചിലര്‍ക്ക് മാതൃഭാഷയെന്നു കേള്‍ക്കുന്നത് തന്നെ ചമ്മലായിരിക്കും. മൊതലാളിമാരുടെ നല്ല നെയ്യില്‍ പൊരിച്ചെടുത്ത വെളുത്തു തുടുത്ത ഭാഷതന്നെയുള്ളപ്പോള്‍
എന്തിനാണ് കണ്ട അണ്ടനും അടകോടനും സംസാരിക്കുന്ന തറ ഭാഷയായ മാതൃഭാഷയെ സ്നേഹിക്കുന്നത് ?

ഏതൊരു നല്ല അനുസരണയുള്ള വളര്‍ത്തു മൃഗവും ആഗ്രഹിക്കുന്നത് തന്റെ കുരയുടെ ചരിത്രം ഒന്നു മാറികിട്ടിയിരുന്നെങ്കില്‍ എന്നാണ്. അതിനായി കുടുംബാംഗങ്ങളെയെല്ലാം ഉടമയുടെ മാതൃഭാഷയായ ‘തത്തമ്മേ പൂച്ച’ കാണാപ്പാഠം പഠിപ്പിക്കാനായി നെട്ടോട്ടമോടുന്നു ! അച്ഛ്നില്ലാതായെങ്കിലെന്ത് ... അമ്മയില്ലെങ്കിലെന്ത്... വല്ലിവല്ല്യേ ആളുകളുമായല്ലെ സഹവാസം ! ഉടമയുടെ തുപ്പക്കോളാംബിയാകാനുള്ള അടിമയുടെ സൌഭാഗ്യം !!!
അപമാനത്തേയും അഭിമാനത്തേയും കണ്ടാല്‍ തിരിച്ചറിയാനാകാത്ത , ആത്മാ‍ഭിമാനമില്ലാത്തവരുടെ സുന്ദര ലോകം :)

(മലയാളത്തിനും യൂണിവേഴ്സിറ്റി വേണമെന്ന ഒരു പോസ്റ്റ് കണ്ടപ്പോള്‍ ചിത്രകാരന്റെ മനസ്സില്‍ തോന്നിയ ഭ്രാന്തുകള്‍)

5 comments:

ജോണ്‍ ചാക്കോ, പൂങ്കാവ് said...
This comment has been removed by the author.
ജോണ്‍ ചാക്കോ, പൂങ്കാവ് said...

മാതൃഭാഷ സ്നേഹം വെറുതെ പ്രസംഗിക്കാന്‍ കൊള്ളാം. അല്ലാതെ അരി വാങ്ങിക്കാന്‍ ഉള്ള ഗതി ഉണ്ടാക്കാന്‍ മറ്റു ഭാഷകള്‍ ആവശ്യമാണ്.ആരാണീ അവസ്ഥ ഉണ്ടാക്കിയത്.

Vadakkoot said...

അവിടെ മരുന്നിന്‌ പോലും ഒരു വാക്ക്‌ മലയാളത്തിലില്ല :)

മാണിക്യം said...

ഈ അവസ്ഥ വളര്‍ത്തു മൃഗങ്ങള്‍ക്കും ഭാഷക്കും മാത്രമല്ലല്ലൊ ചിത്രകാരാ എല്ലാതുറയിലും
യജമാനറ്റെ ഇഷ്ടം അതല്ലെ എല്ലാവരും അനുഷ്ടിക്കുന്നത് ..

എന്നാലും മാതൃഭാഷയെ മറക്കാനാവില്ല..
നലൊരു അടി കൊണ്ടാല്‍
"എന്റമ്മേ" !!
എന്നു വിളിക്കുമോ അതോ
'ഓ മൈ ഗോഷ്'എന്നോ?

പ്രേമന്‍ മാഷ്‌ said...

മലയാളം യൂണിവേഴ്സിറ്റി എന്ന ആശയം കേരളത്തില് ഏറെ ചര്ച്ച ചെയ്യപ്പെട്ടിരുന്നു. പക്ഷെ കാര്യങ്ങള് എങ്ങുമെത്തിയില്ല. മന്ത്രിയുടെ ഒരു പ്രസ്താവന മാത്രം. ഹയര് സെക്കണ്ടറിയില് പോലും ആരും എടുക്കാത്ത രണ്ടാം ഭാഷ. ഇത് മലയാളത്തിന്റെ മാത്രം ദുര് വിധി.