Saturday, February 5, 2011

തലശ്ശേരി അണ്ടല്ലൂര്‍ കാവ് ഉത്സവം

2011ലെ അണ്ടല്ലൂര്‍ കാവ് ഉത്സവം ഈ ഫെബ്രുവരിമാസമാണ്. കഴിഞ്ഞവര്‍ഷം ചിത്രകാരന്‍ അണ്ടല്ലൂര്‍ കാവ് ഉത്സവത്തെക്കുറിച്ച് കേട്ടറിഞ്ഞ് നേരില്‍ കാണുകയുണ്ടായി. സന്ദര്‍ശനം രാത്രിയായിരുന്നു. അസാധാരണമായ ഒരു ഉത്സവമായി അനുഭവപ്പെട്ടു. ഏക്കറുകണക്കിനു സ്ഥലത്തായി പരന്നുകിടക്കുന്ന കാവും അതിന്റെ ഉത്സവ പറമ്പുകളും സാമൂഹ്യ ശാസ്ത്രത്തിന്റെ ഭൂതകാലത്തിന്റെ ഒരു ഖനിതന്നെ സൂക്ഷിച്ചു വച്ചിരിക്കുന്നു. ഒരു നാടു മുഴുവന്‍ ഉത്സവത്തിന്റെ ഹൃദയ സ്പന്ദനങ്ങള്‍ക്കനുസരിച്ച് അണിഞ്ഞൊരുങ്ങുകയും
അതിന്റെ ഭാഗമായി നിറഞ്ഞാടുകയും ചെയ്യുന്ന അസാധാരണ ലോകമാണ് അണ്ടല്ലൂര്‍ കാവ് ഉത്സവ സീസണില്‍ സംജാതമാകുന്നത്. ഈ കാലയളവില്‍ ഇവിടങ്ങളിലെ വീടുകളെല്ലാം അണിഞ്ഞൊരുങ്ങും. വീട്ടില്‍ സ്വന്തം പ്ലാവില്‍ ചക്കയുണ്ടായാല്‍ പോലും ആര്‍ക്കും അവ വെട്ടി ഉപയോഗിക്കാന്‍ അധികാരമില്ല. ചക്കവെട്ട് എന്ന ചടങ്ങ് അണ്ടല്ലൂര്‍ കാവ് തറവാട്ടില്‍ നടന്നതിനു ശേഷം മാത്രമേ ജനം ചക്ക വെട്ടുകയുള്ളു. അതുപോലെ ഉത്സവകാലത്ത് കണ്ണൂര്‍ക്കാര്‍ക്ക് ഭക്ഷണത്തില്‍ ഒഴിച്ചുകൂടാനാകാത്ത മത്സ്യം ഒരു വീട്ടിലും പാചകം ചെയ്യുന്നതല്ല. ഉത്സവം തീര്‍ന്ന്, പ്രത്യേക അവകാശാധികാരങ്ങളുള്ള മുക്കുവ സ്ത്രീ അണ്ടല്ലൂര്‍ തറവാട്ടു കാരണവര്‍ക്ക് മത്സ്യം കാഴ്ച്ചവക്കുന്നതുവരെ ആരും മത്സ്യം ഉപയോഗിക്കില്ല. തറവാട് കേന്ദ്രീകൃതമായി കേരളത്തില്‍ നിലവിലുണ്ടായിരുന്ന പ്രാദേശിക ഭരണ ക്രമത്തിന്റെ അവശേഷിക്കുന്ന തെളിവുകൂടിയാണ് അണ്ടല്ലൂര്‍ കാവും ഈ ജന സമൂഹവും.സ്ഥലത്തെ എല്ലാ ജാതി മതസ്തര്‍ക്കും അണ്ടല്ലൂര്‍ കാവിന്റെ ഉത്സവ ചടങ്ങുകളില്‍ തങ്ങളുടേതായ ഉത്തരവാദിത്വങ്ങളും ചുമതലകളും അവകാശങ്ങളുമുണ്ട്.ഇവിടെ കണ്ട തീപന്തങ്ങളുടെ പ്രത്യേകത ആദ്യമായാണ് കാണുന്നത്. കാവിലെ മരങ്ങളുടെ സ്വാഭാവിക വളര്‍ച്ചയും പ്രാധാന്യവും കണ്ടറിയേണ്ടതു തന്നെയാണ്. ഉത്സവകാലത്ത് അണ്ടല്ലൂര്‍ പ്രദേശത്ത് എത്തിപ്പെടുന്നവര്‍ക്ക് ഏതു വീട്ടില്‍ നിന്നും ഒരേയൊരു ഭക്ഷണമായിരിക്കും ലഭിക്കുക.അവില്‍ പഴം തുടങ്ങിയ വിഭവങ്ങളടങ്ങിയ അണ്ടല്ലൂര്‍ കാവിലെ ദൈവത്താറുകളുടെ പ്രസാദം. പഠിക്കപ്പെടേണ്ട ഒട്ടേറെ സാമൂഹ്യശാസ്ത്ര പ്രാധാന്യമുള്ള ഈ കാവിലെ കഴിഞ്ഞ വര്‍ഷത്തെ ഉത്സവ ചിത്രങ്ങള്‍ താഴെ പോസ്റ്റുന്നു. ഈ വര്‍ഷത്തെ ഉത്സവ സമയത്തിനു മുന്‍പുള്ള പകല്‍ ചിത്രങ്ങള്‍ കൂടി താഴെ ചേര്‍ക്കുന്നതാണ്.കാവിനെക്കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കാന്‍ ആ കാഴ്ച്ചകള്‍ കൂടി ഉപകാരപ്പെടും. ചിത്രകാരന്‍ ഒരു ഭക്തനോ വിശ്വാസിയോആയല്ല അണ്ടല്ലൂര്‍ കാവിനെ നോക്കിക്കാണുന്നത്. ബ്രാഹ്മണ ഹിന്ദുമതത്തിന്റെ ആരംഭത്തിനും മുന്‍പുള്ള നമ്മുടെ സമൂഹത്തിന്റെ പ്രാചീന ചരിത്രം അണ്ടല്ലൂര്‍ കാവുപോലുള്ള സ്ഥലങ്ങളില്‍ നിന്നും വേര്‍ത്തിരിച്ചെടുക്കാമെന്ന് പ്രതീക്ഷിക്കാം.
ഇത്രയും ചരിത്ര പ്രാധാന്യമുള്ള അണ്ടല്ലൂര്‍ കാവിലെ ഉത്സവ വിശേഷങ്ങള്‍ മാതൃഭൂമി കലണ്ടറില്‍ ഇല്ലെന്നത്... അത്ഭുതകരമാണ്.പുലയന്‍,ബ്രാഹ്മണന്‍,വണ്ണാന്‍,വണ്ണാത്തി,മുക്കുവന്‍,നായര്‍,മുസ്ലീം,തച്ചന്‍,
വാണിയന്‍,മലയന്‍,കാവുതിയ്യന്‍,കുശവന്‍,മുകയന്‍,തട്ടാന്‍,കൊല്ലന്‍,കണിയാന്‍ തുടങ്ങിയ എല്ലാ ജാതി മതസ്തര്‍ക്കും ഉത്സവ നടത്തിപ്പിന്റെ ചുമതലയുള്ള അണ്ടല്ലൂര്‍ കാവില്‍ തിക്കല്‍ എന്നൊരു ആയോധന പ്രാധാന്യമുള്ള ചടങ്ങുണ്ട്. ബനിയന്‍ പോലുള്ള പ്രത്യേക വേഷം ധരിച്ചാണ് തിക്കിത്തിരക്കാനുള്ള യുവാക്കള്‍ എത്തിച്ചേരുക. തിക്കല്‍ കാണാന്‍ സ്ത്രീകള്‍ക്ക് മാത്രം ഇരിക്കാവുന്ന ഗ്യാലറിപോലുള്ള പന്തല്‍ കാവില്‍ സജ്ജീകരിച്ചിട്ടുണ്ട്. സ്ഥലത്തെ ഒരു തിയ്യ തറവാട്ട് കാവായി തുടര്‍ന്നിരുന്ന അണ്ടല്ലൂര്‍ കാവ് ഇപ്പോള്‍ ഒരു ട്രസ്റ്റിന്റെ ഭരണത്തിന്‍ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്. കാവിന്റെ പുരോഹിതരും സ്ഥാനികരും തിയ്യരാണ്.സ്ഥാനികനായ ഊരാളനെ പാനോളി അച്ഛന്‍ എന്നാണ് വിശേഷിപ്പിക്കുന്നത്.ബ്രാഹ്മണ തന്ത്രി കാവില്‍ കയറിക്കൂടിയിട്ടുണ്ടെന്നതിനാല്‍ കാവിനെ രാമായണ കഥയുമായി ബന്ധിപ്പിച്ച് ഹിന്ദുമതത്തിലേക്ക് വിഴുങ്ങി ലയിപ്പിക്കാനുള്ള കള്ളക്കഥകള്‍ പുരാണങ്ങളായി ഇവിടെ ബ്രാഹ്മണ ഉപജാപങ്ങളിലൂടെ പ്രചരിപ്പിച്ചുതുടങ്ങിയിട്ടുണ്ട്. ഹിന്ദു മതത്തിനും,ബുദ്ധമതത്തിനും മുന്‍പുള്ള മലയന്മാരുടെയും,വണ്ണാന്മാരുടേയും ദൈവസംങ്കല്‍പ്പങ്ങളുടെ ഭാഗമായുള്ള സാംസ്ക്കാരികതയായിരിക്കണം അണ്ടല്ലൂര്‍ കാവില്‍ നാമാവശേഷമാകാതെ നിലനില്‍ക്കുന്നതെന്ന് ചിത്രകാരന്‍ കരുതുന്നു.ഡോക്റ്റര്‍ സഞ്ജീവന്‍ അഴീക്കോട് എഴുതിയ തെയ്യത്തിലെ ജാതിവഴക്കം എന്ന ഗവേഷണഗ്രന്ഥത്തിലെ ഒരു ടേബിള്‍ ഇതോടൊപ്പം ചേര്‍ക്കുന്നു. രാജാക്കന്മാരിലുപരി കേരളം ഭരിച്ചിരുന്ന തറാവാട് വ്യവസ്ഥിതിയിലേക്ക് വെളിച്ചം വീശുന്നതാണ് ജാതി വഴക്കത്തിന്റെ ആ ഡയഗ്രം.
അണ്ടല്ലൂരിന്റെ സാമൂഹ്യ ശാസ്ത്രത്തിലേക്ക് വിരല്‍ ചൂണ്ടുന്ന ഒരു ഡയഗ്രാം


2010ലെ അണ്ടല്ലൂര്‍ കാവ് ഉത്സവപ്പറമ്പ്
പ്രകൃതിയും മനുഷ്യനും ഒരുമിച്ച് ഉത്സവം ആഘോഷിക്കുകയാണ്

ഉത്സവത്തിന്റെ ഭാഗമായുള്ള തിക്കലില്‍ പങ്കെടുക്കുന്ന മൂന്നു ചെറുപ്പക്കാരെ വലതുവശത്തു കാണാം
അണ്ടല്ലൂര്‍ കാവില്‍ മാത്രം കാണപ്പെടുന്ന പ്രത്യേക തരം പന്തങ്ങള്‍ കുളത്തോടു ചേര്‍ന്ന് 
സജ്ജമാക്കി വച്ചിരിക്കുന്നു
ഘോഷയാത്രക്ക് ഉപയോഗിക്കാനുള്ള പന്തങ്ങളില്‍ എണ്ണയൊഴിക്കുന്ന ചെറുപ്പക്കാരന്‍

കുറച്ചൊന്നുമല്ല പന്തങ്ങള്‍ !
ഉത്സവ പറമ്പില്‍ ഓടക്കുഴല്‍ വില്‍ക്കുന്ന കച്ചവടക്കാരന്‍....
ഏത് ഉത്സവത്തിന്റേയും മുഖലക്ഷണങ്ങള്‍.
ഹൈഡ്രജന്‍ നിറച്ച ബലൂണുകള്‍
ഉത്സവ പറമ്പില്‍ കായ്ച്ചു നില്‍ക്കുന്ന ഹൈഡ്രജന്‍ അപ്പിളുകള്‍

2011 ജനുവരി 23 ന് എടുത്ത അണ്ടല്ലൂര്‍ കാവിലെ
പകല്‍ ദൃശ്യങ്ങള്‍ താഴെ കൊടുക്കുന്നു
മെയിന്‍ കാവില്‍ നിന്നും കുറെ അകലെയുള്ള ഉത്സവ തറകള്‍
തെയ്യത്തിന് ഇരിക്കാനുള്ള ഇരിപ്പിടം
വിശാലമായ മൈതാനങ്ങളും പച്ചപ്പുമാണ് കാവിന്റെ ശരീരം

ചമ്പകം എന്ന് കണ്ണൂര്‍ ഭാഗങ്ങളില്‍ വിളിക്കപ്പെടുന്ന കള്ളി മരങ്ങള്‍
ഉത്സവ പറമ്പുനിറയെ നൃത്തം ചെയ്യുകയാണ്.


കള്ളിമരങ്ങളുടെ നൃത്തം ചിത്രകാരനെ എന്നും ആകര്‍ഷിക്കുന്ന പ്രകൃതിയുടെ 
നൈസര്‍ഗ്ഗീക ശില്‍പ്പഭംഗിയാണ്... കണ്ടു നിന്നു പോകും.

ഒരു തുഗ്ലക്ക് പരിഷ്ക്കാരം പോലെ ......
കോണ്‍ക്രീറ്റുകൊണ്ട് അവലക്ഷണ മണ്ഡപം നിര്‍മ്മിച്ചു വച്ചിരിക്കുന്നു.
ഉത്സവ പറമ്പ്

നാഗക്കാവ്
കാവിന്റെ അക്ഷരമാലതന്നെ സര്‍പ്പക്കാവില്‍ നിന്നുമാണ് ഉത്ഭവിക്കുന്നത്.

കുളത്തിനു സുരക്ഷാ ചുറ്റുമതില്‍
കണ്ണൂരിലെ കുളങ്ങള്‍ക്കെല്ലാം അക്കങ്ങള്‍ പിഴക്കാത്ത നിശ്ചിത രൂപഭംഗിയുണ്ട്

കാവിന്റെ കേന്ദ്രഭാഗം
ശ്രീകോവിലെന്ന് പറഞ്ഞ് അപമാനിക്കേണ്ട. ശ്രീകോവിലുകളെല്ലാം ഉത്ഭവിക്കുന്നതിനു മുന്നെയുള്ള 
ദേവസ്ഥാനങ്ങളെക്കുറിച്ച് സങ്കല്‍പ്പങ്ങളാണ് കാവുകളുടേത്
ദൈവത്താറിന്റെ നിലപാടു തറയാണെന്നു തോന്നുന്നു.
രഹസ്യങ്ങളും, മന്ത്രങ്ങളും, തന്ത്രങ്ങളും, സ്വര്‍ണ്ണം പൊതിഞ്ഞ ഭക്തിപ്രകടനവുമില്ലാത്ത
 കാവിന്റെ സ്വതന്ത്രമായ മടിത്തട്ട്
സ്ത്രീകള്‍ക്ക് സുരക്ഷിതമായി ഇരുന്ന് തിക്കല്‍ കാണാവുന്ന പന്തലുപോലുള്ള ചെറിയ ഗ്യാലറികള്‍
 ചുറ്റും ജനം തങ്ങാളുടേ സംഭാവനയായി പണി കഴിപ്പിച്ച് നല്‍കിയിരിക്കുന്നു.

ദൈവ വേഷധാരിക്ക്(തെയ്യത്തിന്) ഇരിക്കാനുള്ള പ്രത്യേക പീഠം
കാവിലെ പരിപാലകരിലൊരാള്‍
കാവിന്റെ ഐശ്വര്യമായ ഒരു നാടന്‍ ചായക്കട. കപ്പ ബാജി ബെസ്റ്റ് !!
ഉത്സവത്തിനുള്ള കുശവരുടെ സമര്‍പ്പണവും കച്ചവടവും ഉദ്ദേശിച്ച് ഉത്സവം തുടങ്ങുന്നതിനു മുന്നേ എത്തിച്ചേര്‍ന്നതാണെന്നു തോന്നുന്നു മണ്‍പാത്രങ്ങള്‍


പ്രവേശന കവാടം.

14 comments:

കൂതറHashimܓ said...

ആദ്യ പടം മനസ്സിലായില്ലാ
ബാക്കി പടംസ് കൊള്ളാം

chithrakaran:ചിത്രകാരന്‍ said...

കൂതറ ഹാഷിം,
പോസ്റ്റ് വായിച്ചാലെ അതു മനസ്സിലാകു.
ഇതൊരു ഭക്തി/വിശ്വാസി പോസ്റ്റല്ല.
സാമൂഹ്യശാസ്ത്ര അന്വേഷണങ്ങളാണിതില്‍.

shaji.k said...

നല്ല വിവരണവും ഫോട്ടോകളും!
എന്താ ബ്ലോഗിനൊരു ഒരു കളര്‍ മാറ്റം, ആകെ ചോപ്പ മയമാണല്ലോ :))

ChethuVasu said...

ബ്ലോഗിന്റെ ലേ ഔട്ട്‌ മാറ്റണം ചിത്രകാരാ ... പ്രത്യേകിച്ചും ടെക്സ്റ്റ്‌ ലേ ഔട്ട്‌ കൂടുതല്‍ വീതിയുള്ളതു സെലക്ട്‌ ചെയ്യണം .. പ്രത്യേകിച്ചും പുതിയ മോനിടരുകള്‍ 16 : 9 (വൈഡ് സ്ക്രീന്‍ ) aspect retio യില്‍ ആണ് എന്നത് കൊണ്ട് .. :-കൂടുതല്‍ വിഡ്ത്ത് ഉള്ള ലേ ഔട്ടുകളാണ് നല്ലതെന്നാണ് എന്റെ അഭിപ്രായം ...

അവര്‍ണന്‍ said...

ഒന്നാന്തരം Photo Travelogue! അഭിനന്ദനങ്ങള്‍. ലബാറിലെ ഉത്സവങ്ങള്‍ വേണ്ടത്ര മാധ്യമ ശ്രദ്ധ ആകര്‍ഷിക്കാറില്ല. നിശ്ചയമായും ചിത്രകാരന്റെ ബ്ലോഗില്‍ കൂടെ ഈ ഉത്സവം കൂടുതല്‍ ജനശ്രദ്ധ ആകര്‍ഷിക്കും. പക്ഷെ എന്നാണ്‌ ഇത്തവണത്തെ അണ്ടല്ലൂര്‍ കാവ് ഉത്സവം (2011) എന്ന് കൂടെ ദയവായി അറിയിക്കുമല്ലോ? അവിടെ എത്തിപ്പെടാനുള്ള യാത്ര നിര്‍ദേശങ്ങളും ഇതില്‍ ദയവായി ചേര്‍ക്കുക. ഒരു വട്ടം കൂടെ നന്ദി ചിത്രകാരന്‍ !

റീനി said...

കള്ളിച്ചെടിയുടെ രൂപഭംഗി കൊള്ളാം, പ്രകൃതിയുടെ വികൃതിപോലെ.

chithrakaran:ചിത്രകാരന്‍ said...

അവര്‍ണ്ണന്‍,
അണ്ടല്ലൂര്‍ കാവ് ഉത്സവം വളരെ അടുത്ത ദിവസങ്ങളിലാണെന്ന് അയല്‍പ്പക്കത്തെ ഒരു കാരണവര്‍
പറയുന്നതുകേട്ടു എന്നല്ലാതെ കൃത്യമായ ദിവസമറിയില്ല.
ഏതാണ്ട് ഒരാഴ്ച്ചക്കകം ആരംഭിക്കുമെന്നു തോന്നുന്നു.
ഉത്സവമില്ലാത്ത സമയത്ത് അവിടെപോകുന്നതാണ്
പഠന താല്‍പ്പര്യങ്ങളുണ്ടെങ്കില്‍ നല്ലത്.
തലശ്ശേരിക്കും കണ്ണൂരിനുമിടയിലുള്ള സ്ഥലമാണ്.രണ്ടു സ്ഥലത്തുനിന്നും അണ്ടല്ലൂരിലേക്ക് ബസ്സുണ്ടാകും. തലശ്ശേരിയാണ് കൂടുതല്‍ അടുത്ത പട്ടണം.തലശ്ശേരിയില്‍ നിന്നും വരുമ്പോള്‍ ബ്രണ്ണന്‍ കോളേജിനു മുന്നിലൂടെയാണു പോകുക.മറ്റു വഴികളുണ്ടോ എന്നറിയില്ല. കണ്ണൂര്‍ യൂണിവേഴ്സിറ്റിയുടെ പാലയാട് കാമ്പസും ഇവിടെയുണ്ട്. തിയ്യതിയെക്കുറിച്ച് വിവരം കിട്ടിയാല്‍ കമന്റിടാം.

ഇതുപോലെത്തന്നെ വളരെ ജനകീയമായതും ബ്രാഹ്മണ്യം ഏതാണ്ട് വിഴുങ്ങിയ അവസ്ഥയിലുള്ളതുമായ പാലോട്ടു കാവുകള്‍ എന്നപേരിലുള്ള തറവാട്ടു കാവുകള്‍ കണ്ണൂരിന്റെ കടല്‍ തീര പ്രദേശമായ അഴിക്കോടും, കീച്ചേരിയിലുമൊക്കെയുണ്ട്. അവിടെ ഇതുവരെ പോകാന്‍ സമയം ലഭിച്ചിട്ടില്ല. പറശ്ശിനിക്കടവ് മുത്തപ്പന്‍ കാവിനേക്കാള്‍ പ്രാധാന്യമര്‍ഹിക്കുന്നതും ചരിത്ര പ്രാധാന്യമുള്ളതുമാണ് അണ്ടല്ലൂര്‍ കാവും, പാലോട്ടു കാവുകളും.പാലോട്ടു കാവുകള്‍ അഞ്ചെണ്ണമുണ്ടെന്നു കേട്ടതുപോലെ തോന്നുന്നു.

Unknown said...

പൂണൂല് കൂടിയേ ഇനി വേണ്ടൂ

Ajith said...

"Avarnan`s" phobia is clearly mirroring out -:) .

chithrakaran:ചിത്രകാരന്‍ said...

അണ്ടല്ലൂര്‍ കാവ് ഉത്സവം ഈ ഫെബ്രുവരി 14 ന് ആരംഭിക്കുന്നു. ഉത്സവം ഒരാഴ്ച്ച നീണ്ടു നില്‍ക്കും.
ഏതാണ്ട് 400 മീറ്റര്‍ ദൂര വ്യത്യാസമുള്ള അണ്ടല്ലൂര്‍ മേലേക്കാവ് താഴെക്കാവ് എന്നിവിടങ്ങളിലാണ് ഉത്സവം നടക്കുന്നത്. മൂന്നു തെയ്യങ്ങളാണുണ്ടാകുക. ദൈവത്താര്‍,അംങ്കക്കാരന്‍,ബാപ്പൂരാന്‍ എന്നീ വേഷങ്ങളാണ് ഉണ്ടായിരിക്കുക. മൂന്നും ഒരു സമയത്ത് കെട്ടിയാടും. കോലം കെട്ടുന്നത് പെരുവണ്ണാന്‍, മുന്നൂറ്റാന്‍ സമുദായക്കാരാണ്.
പാനോളി,തട്ടാലത്ത്,ചന്ദ്രംബേത്ത്,തോട്ടത്തില്‍ എന്നിങ്ങനെയുള്ള നാലു തറവാട്ടുകാരുടെ കൂട്ടായ്മയിലുള്ളതാണ് അണ്ടല്ലൂര്‍ കാവ്.പൌരാണികമായ കാവ് എന്ന കാഴ്ച്ചപ്പാടിനു മാറ്റം വരാതുള്ള അപൂര്‍വ്വം സ്ഥാനമാണ് അണ്ടല്ലൂര്‍ കാവ്. ഇന്ന് വൈകീട്ട് വിശദ വിവരങ്ങള്‍ തേടി അണ്ടല്ലൂരില്‍ പോയിരുന്നു. മടങ്ങുന്ന വഴിക്ക് കണ്ണൂര്‍ അടുത്തുള്ള ചാലയില്‍ 23 വിവിധ തെയ്യങ്ങളടങ്ങിയ ഉത്സവം നടക്കുന്നു.
ഉത്സവം രണ്ടു ദിവസം കാണുമത്രേ.കണ്ണൂരിലെത്തിയിട്ട് 18 വര്‍ഷങ്ങളായെങ്കിലും തെയ്യങ്ങളെ പരിചയം പോര. നാളെ സമയം ലഭിച്ചാല്‍ ഒന്നു പോയി നോക്കണം :)

chithrakaran:ചിത്രകാരന്‍ said...

പുതിയ പോസ്റ്റ്:
അണ്ടല്ലൂര്‍ കാവിനെ ക്ഷേത്രമാക്കുമ്പോള്‍...

NITHYAN said...

പഠനാര്ഹമായ വിഷയം. മലബാറിലെ കാവുകളെക്കുറിച്ച് കൂടുതല് പഠനങ്ങള് നടക്കേണ്ടതുണ്ട്.

suyith said...

കുഭം 1 മുതല്‍ 7 വരെആണ്. മിക്കവറും ഫിബ്രവരി 13 മുതല്‍ 19 വരെ ആണ് ചിലപ്പോള്‍ ഫിബ്രവരി 14 തുടങ്ങാറുണ്ട്. എന്നാല്‍ മലയാള മാസത്തില്‍ മാറ്റം വരില്ലാ

suyith said...

https://youtu.be/LFfsh7mzxeQ